മോഹം…
രചന: സന്തോഷ് അപ്പുക്കുട്ടൻ
ദേശീയപാതയുടെ അരികിലുള്ള പെട്ടികടയുടെ മുന്നിൽ പോലീസ് ജീപ്പ് ശക്തിയോടെ ബ്രേക്കിട്ടതും, തൊട്ടരികെയുള്ള തിയ്യേറ്ററിലേക്ക് മാറ്റിനിക്ക് വന്ന ആൾക്കാർ പരിഭ്രമത്തോടെ അങ്ങോട്ടേക്ക് ഓടി ചെന്നു
ജീപ്പിൽ നിന്ന് കുറച്ചു പോലീസുകാർ ചാടിയിറങ്ങി തട്ടുകടയിലുണ്ടായിരുന്ന സാധനങ്ങളൊക്കെ ആക്രോശത്തോടെ തട്ടിത്തെറിപ്പിക്കുമ്പോൾ വിശാലാക്ഷിയും, മകൾ ഇന്ദുവും ഒരു ഞെട്ടലോടെ അത് നോക്കി നിന്നു.
വിശാലാക്ഷിയുടെ ഭർത്താവ് നടത്തിയിരുന്നതാണ് തിയേറ്ററിനു മുന്നിലുള്ള ആ പെട്ടികട.
ഭർത്താവിൻ്റെ പെട്ടെന്നുള്ള മരണത്തോടെ വിശാലാക്ഷി നടത്തി കൊണ്ടിരുന്ന ആ പെട്ടി കടയിൽ അമ്മയെ സഹായിക്കാൻ, കോളേജില്ലാത്ത ദിവസങ്ങളിൽ ഏകമകൾ ആയ ഇന്ദു, വരാറുണ്ട്.
ബീഡിയും, സിഗററ്റും, വറുത്ത കപ്പലണ്ടിയും, ചായയും, ചെറിയ കടി പല ഹാരങ്ങളും മാത്രമുള്ള ആ ചെറിയ പെട്ടികട അവരുടെ ജീവിക്കാനുള്ള വരുമാനമാർഗമാണ്’
അതാണ് ഒരു നിമിഷം കൊണ്ട് കാക്കിയിട്ട നീതി പാലകർ പൂക്കളം പോലെ നിലത്തു വിതറിയിരിക്കുന്നത്.
ഈ രംഗം കണ്ട് സങ്കടം നിറഞ്ഞ് സംസാരിക്കാൻ കഴിയാതെ വിശാലാക്ഷി അടുത്ത് കണ്ട കസേരയിലമർന്നതും, ദേഷ്യം കൊണ്ട് ഇന്ദുവിൻ്റെ കണ്ണിൽ തീ തിളച്ചു.
“എന്തൊരു പോക്രിത്തരമാണ് സാറെ നിങ്ങളീ കാണിക്കുന്നത്? രണ്ട് പെണ്ണുങ്ങൾ മാത്രമുള്ള കടയിൽ വന്നാണോ ഇമ്മാതിരി ചെറ്റത്തരം കാണിക്കുന്നത്?”
ഇന്ദു പറഞ്ഞു തീർന്നതും എസ്.ഐ. കോപത്തോടെ അവൾക്കരികിൽ വന്നു അവളെയൊന്നു ചുഴിഞ്ഞു നോക്കി.
“പിടകോഴി കൂവുന്നോടീ …******മോളെ?”
“വീട്ടിൽ ഭാര്യയെയും, മക്കളെയും വിളിക്കുന്ന ചെല്ലപേര് എന്നെ വിളിച്ചാലുണ്ടല്ലോ?”
എസ്.ഐയുടെ തെറി കേട്ടതും ഇന്ദുവിൻ്റെ ചുണ്ടുകൾ കോപം കൊണ്ട് വിറച്ചു.
” അവൾടെ ഒരു ശീലാവതി ചമയൽ… എ ഫിലിം കളിക്കുന്ന ഒരു തിയ്യേറ്ററിൻ്റെ മുന്നിൽ, പെട്ടികടയുടെ മറവിൽ ആണുങ്ങളെ വശീകരിക്കലല്ലേ നിൻ്റെ ജോലി?”
മിഠായി പാത്രം തുറന്ന് കൈയിട്ട് ഒരു മിഠായി എടുത്ത് വായിലിട്ട് മീശ പിരിച്ചു കൊണ്ട് അയാൾ ഒരു അശ്ളീല ചുവയോടെ അവളെ നോക്കി ചിരിച്ചു.
“സാറേ…. സാറിൻ്റെ കുടുംബത്ത് നടക്കുന്നതു പോലെ എല്ലാ കുടുംബത്തിലും നടക്കില്ലാട്ടോ:..പട്ടിണി ആണെങ്കിലും അന്തസ്സോടെ തന്നെയാണ് ഞാൻ എൻ്റെ മകളെ വളർത്തിയിട്ടുള്ളത് “
സ്വന്തം മകളെ പറഞ്ഞത് കേട്ട, പെറ്റവയറിൻ്റെ രോഷപ്രകടനമായിരുന്നു അത്.
മെലിഞ്ഞുണങ്ങിയ ആ സ്ത്രീയുടെ നിറം മങ്ങിയ കണ്ണുകളിൽ കനൽ തെളിഞ്ഞു.
ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് വീട്ടിൽ കിടക്കുന്നവരെ പറഞ്ഞപ്പോൾ എസ്.ഐക്ക് അടിമുടി വിറച്ചു.
“നീ എന്തു പറഞ്ഞെടീ മുതുക്കി തള്ളേ… “
എസ്.ഐ. അവരെ തല്ലാനോങ്ങിയതും, അതുവരെ രംഗം കണ്ടു നിന്നിരുന്ന ദീപു അവർക്കിടയിലേക്ക് കയറിനിന്നു.
” അതു വേണ്ടാ സാർ… അവർ ഒരു പെണ്ണാണ് ..അതും കൂടാതെ അവർ പ്രായമായ ഒരു സ്ത്രീയാണ് “
പറഞ്ഞതും ദീപു അയാളുടെ നെയിം പ്ലേറ്റിലേക്ക് കണ്ണോടിച്ചു പതിയെ മന്ത്രിച്ചു.
എസ്.ഐ. നകുലൻ!
കൂട്ടം കൂടി നിന്നിരുന്നവർ ആകാംക്ഷയോടെ അവർക്കരികിലേക്ക് പതിയെ അടുത്തു .
നീല ജീൻസും, വെള്ള ബനിയനും ധരിച്ചിരുന്ന ദീപുവിനെ അവർ ആരാധനയോടെ നോക്കി നിന്നു.
” നല്ല പേര് ആണല്ലോ സാർ, ഇത്രയ്ക്കും കലിയോടെ ഈ പെട്ടികട തകർക്കാൻ എന്താണ് ഇവരുടെ പേരിലുള്ള കുറ്റം?”
ചോദിച്ചു കൊണ്ട് ദീപു ചുറ്റും നോക്കിയതും, കട തല്ലി തകർക്കാൻ ആവേശം പൂണ്ടിരുന്ന സി.പി.ഒമാർ ആറി തണുത്ത് ഒരു വശത്തേക്ക് ഒതുങ്ങി നിന്നു.
” ദേശീയപാതയോരത്തെ അനധികൃതമായ കച്ചവടം… അല്ല അതൊക്കെ ചോദിക്കാൻ നീ ആരാ?”
“ഞാൻ ഈ ഇന്ത്യാ മഹാരാജ്യത്തിലെ ഒരു പൗരൻ… എന്താ എനിക്കു കാര്യമെന്തെന്ന് അന്വേഷിക്കാൻ പാടില്ലേ? പാടും സാർ… കാരണം സാർ കഴിക്കുന്ന ഭക്ഷണത്തിലും ചിലപ്പോൾ ഞാൻ കൊടുക്കുന്ന നികുതിയുടെ അംശമുണ്ടാകും”
ദീപുവിൻ്റെ വാക്ക് കേട്ടതും എസ്.ഐ. ഉത്തരം പറയാൻ കഴിയാതെ ഉറഞ്ഞുപോയി.
പൊടുന്നനെ ദീപു ഇന്ദുവിന് നേരെ തിരിഞ്ഞു.
“ഈ കട ഇവിടെ നിന്നു മാറ്റാൻ ഇവർ പറഞ്ഞിട്ടുണ്ടോ? അതോ വല്ല നോട്ടീസും കൈപറ്റിയിട്ടുണ്ടോ?”
“ആരും ഒന്നും പറഞ്ഞിട്ടില്ല സാർ…”
ഇന്ദു കണ്ണീരോടെ പറഞ്ഞപ്പോൾ ദീപു എസ്.ഐ.ക്കു നേരെ തിരിഞ്ഞു.
“കേട്ടല്ലോ എസ്.ഐ. സാറേ… പിന്നെന്തിനാണ് നിങ്ങൾ ഈ അതിക്രമം കാട്ടിയത്?”
ദീപുവിൻ്റെ ചോദ്യം കേട്ടതും എസ്.ഐ. ഉത്തരമില്ലാതെ നിന്നു.
” കാക്കിയിട്ടെന്നു കരുതി ഈ പാവം പെണ്ണുങ്ങളോടു കാണിക്കുന്നതു പോലെ നല്ല ആൺപിള്ളേരോട് മുട്ടാൻ നിൽക്കരുത്. വലിച്ചുവാരി റോഡിലിട്ടു ഉരച്ചുകളയും അവർ “
ദീപുവിൻ്റെ സംസാരം കേട്ട് മനസ്സിൽ കോപം തിളക്കുന്നുണ്ടെങ്കിലും ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നകുലൻ.
ഇത്രയ്ക്കും പവർഫുൾ ആയി സംസാരിക്കുന്ന ഇവൻ നിസാരകാരനല്ലായെന്ന് നകുലന് തോന്നി.
കൂടെ വന്ന പോലീസുകാർ ഈയാംപാറ്റകളെ പോലെ ഒരു വശത്ത് നിൽക്കുന്നത് കണ്ടപ്പോൾ, ഈ സംഭവത്തിൽ താൻ മാത്രം കുറ്റക്കാരനാവുമെന്ന് അയാൾ ഭയന്നു.
എസ്.ഐ.സംശയത്തോടെ ദീപുവിനെ, അയാൾ അറിയാതെ ശ്രദ്ധിക്കുകയായിരുന്നു.
ആറടിയോളം പൊക്കം … ക്ലീൻ ഷേവ്…
വെള്ള ബനിയനുള്ളിൽ മുഴച്ചു നിൽക്കുന്ന മസിൽസ്.
എസ്.ഐ. നകുലൻ്റെ മനസ്സിൽ സംശയത്തിൻ്റെ വെള്ളിടി മുഴങ്ങുമ്പോൾ.
ദീപു തൻ്റെ ചുറ്റും കൂടി നിൽക്കുന്ന ജനങ്ങളെ നോക്കി കൈവീശി കാണിയ്ക്കുകയായിരുന്നു
” സിനിമ തുടങ്ങാൻ നേരമയി…. എല്ലാവരും ചെന്ന് തിയേറ്ററിൽ കയറ്”
” ഇവിടെ കാണുന്ന ഈ സീനിൻ്റെ അത്രയ്ക്കുള്ള സീനൊന്നും ആ സിനിമയിൽ ഇല്ല സാറെ.”
അതും പറഞ്ഞ് ആൾക്കാർ സിനിമാതിയ്യേറ്ററിലേക്ക് പോകാതെ അവിടെ തന്നെ തമ്പടിച്ചു നിന്നു.
അതു കേട്ടപ്പോൾ ഒരു ചിരിയോടെ ദീപു, ഇന്ദുവിനെ നോക്കി.
” കുട്ടി ഇങ്ങോട്ട് വന്നേ… “
ദീപു പറഞ്ഞപ്പോൾ അവൾ അയാൾക്കു പിന്നിലായ് ഒരൊഴിഞ്ഞ സ്ഥലത്തേക്ക് നടന്നു,
” കുട്ടിയുടെ പേര് എന്താ?”
“ഇന്ദു “
” കുട്ടിക്ക് അമ്മ മാത്രമേയുള്ളൂ”
ദീപു ചോദിച്ചതും, അച്ചൻ്റെ ഓർമ്മയിൽ അവളുടെ കണ്ണുനിറഞ്ഞു.
” അച്ഛൻ മരിച്ചിട്ട് ഇപ്പോൾ ഒരു ആറ് മാസം കഴിഞ്ഞിരിക്കുന്നു.”
ദീപു ഇന്ദുവുമായി സംസാരിക്കുന്നത് കണ്ട എസ്.ഐ. നകുലൻ സംശയത്തോടെ സി.പി.ഒ,മാരെ നോക്കി.
അവരുടെ മുഖത്തും ഭീതിയുടെ നിഴൽ കണ്ട നകുലനിൽ അപായസൂചനകൾ ഉടലെടുത്തു.
മനസ്സിൽ പേടി തേരട്ടയെ പോലെ ഇഴയാൻ തുടങ്ങിയപ്പോൾ അയാൾ ഇന്ദുവുമായി സംസാരിക്കുന്ന ദീപുവിനെ നോക്കി.
അവർ എന്തോ കാര്യമായ സംസാരത്തിലാണെന്ന് കണ്ട നകുലൻ ആശ്വാസത്തിനായ് ഒരു സിഗററ്റ് എടുത്ത് തീ കൊളുത്തി ചുണ്ടിൽ വെച്ചു.
ഈ പിശാച് ആരാണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ?
മനസ്സിൽ ഭീതിയോടെ മന്ത്രിച്ച് അയാൾ ദീപുവിനെ നോക്കി.
ഐ.ഡി.യും ചോദിക്കാൻ പറ്റാത്ത അവസ്ഥയായി…
എത്രയെത്ര അന്വേഷണ ഏജൻസികളാണ് ഇപ്പോൾ ഉള്ളത്?
അതിലൊരുത്തനാണെങ്കിൽ പെട്ടു പോയി…
ഇന്ദുവുമായുള്ള സംസാരത്തിനു ശേഷം, ദീപു അടുത്തേക്ക് വരുന്നത് കണ്ട നകുലൻ സിഗററ്റ് ദൂരേക്ക് എറിഞ്ഞു.
ദീപു അടുത്തുവന്നു അയാളെ ഒന്നു ഇരുത്തി നോക്കി.
“നീതി സംരക്ഷിക്കേണ്ട നിങ്ങൾ ചെയ്ത നീതികേട് എന്തൊക്കെ ആണെന്ന് അറിയാമോ?”
ദീപുവിൻ്റെ ഉയർന്ന ശബ്ദം കേട്ടതും നകുലൻ്റ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു.
” അനാവശ്യമായി ഒരു കട തല്ലിതകർക്കുക.അതിലെ സാധനങ്ങൾ വലിച്ചെറിയുക, ഒരു യുവതിയെ തെറി പറയുക, പ്രായമായ സ്ത്രീയെ തല്ലാൻ ചെല്ലുക.. ഇതൊക്കെ മതി നിങ്ങൾക്ക് ജോലി പോകാൻ… വനിതാ കമ്മീഷനൊക്കെ ഇടപെട്ടാൽ അറിയാമല്ലോ? സസ്പെൻഷൻ എന്നുള്ളത് ഡിസ്മിസൽ ആകാനും തരമുണ്ട് “
ഉത്തരം പറയാൻ കഴിയാതെ നകുലൻ മുഖം കുനിച്ചു നിന്നു.
“നകുലൻസാറേ നിങ്ങൾ ചെയ്ത എല്ലാ വൃത്തികേടുകളും ഈ മൊബൈലിലുണ്ട്.’..ഇത് ഞാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് വിട്ടാലുള്ള നിങ്ങൾടെ -ഒരു അവസ്ഥ
ദീപുവിൻ്റെ പരിഹാസത്തോടെയുള്ള ചിരി കണ്ടതും നകുലൻ അയാളെ ദയനീയമായി നോക്കി.
” ഒരു തെറ്റുപറ്റി പോയി.ഇത് ഇവിടം അവസാനിപ്പിക്കാം ഞാൻ… സർവീസിൽ നിന്ന് വിരമിക്കാൻ ഇനി അധികം നാളില്ല.. അതിനുളളിൽ എന്തെങ്കിലും കേസ് വന്നാൽ “
” അപ്പോൾ എല്ലാം അറിയാം നകുലൻ സാറിന്… എന്നിട്ടാണോടാ സ്വന്തം മകളുടെ പ്രായം പോലും ഇല്ലാത്ത പെണ്ണിനെ കൂടെ കിടക്കാൻ വിളിച്ചത്… അവൾ സമ്മതിക്കാതായപ്പോൾ ആ ദേഷ്യത്തിന് അവരുടെ കട തല്ലി തകർക്കുക .. ഇതാണോ പോലീസിൻ്റെ നീതി.”
ദീപുവിൻ്റെ ചോദ്യം കേട്ടതും നകുലൻ വിളറി വെളുത്തു.
“തനിക്കു ഒരു കുടുംബമുള്ളതുകൊണ്ട് ഞാൻ ഒന്നും ചെയ്യുന്നില്ല പക്ഷേ താൻ ആ അമ്മയോടും മകളോടും മാപ്പു പറയണം… അതുപോലെ ആ വാരിവലിച്ചിട്ടിരിക്കുന്ന സാധനങ്ങളൊക്കെ എടുത്ത് എങ്ങിനെ ഇരുന്നോ അങ്ങിനെ വെക്കണം”
ദീപുവിൻ്റെ സംസാരം കേട്ടപ്പോൾ നകുലൻ തലയാട്ടി, പി.സി.ഒമാർക്ക് നിർദേശം കൊടുത്തു.
” പോലീസ് മൂത്ത് എസ്.ഐ ആയതാണോ?”
ദീപുവിൻ്റെ ചോദ്യം കേട്ടതും നകുലൻ ചോദ്യഭാവത്തോടെ തല ഉയർത്തി.
” അല്ല.തൻ്റെ പേടി കണ്ടപ്പോൾ ചോദിച്ചതാണ്
വാരി വലിച്ചിട്ട സാധനങ്ങൾ അതേ പോലെ എടുത്ത് വെച്ച് സി.പി.ഒ-മാർ ജീപ്പിനടുത്തേക്ക് വരുമ്പോഴെക്കും, നകുലൻ ആരും കാണാതെ ഇന്ദുവിനോടും, അമ്മയോടും മാപ്പു പറഞ്ഞിരുന്നു.
“സാർ ആരാണ്?”
അടുത്ത് വന്ന് എസ്.ഐ ചോദിച്ചപ്പോൾ ദീപു ഒരു പുഞ്ചിരിയോടെ അയാളെ നോക്കി.
” എൻ്റെ ജാതകകുറിപ്പ് വേണോ നകുലൻ സാറിന്? കെട്ടിക്കാൻ പ്രായമായ മോൾ ഉണ്ടെങ്കിൽ എനിക്ക് തരുന്നത് കൊണ്ട് കുഴപ്പമില്ലാട്ടോ “
ദീപു ചിരിച്ചു കൊണ്ട് പറഞ്ഞതും, നകുലൻ ഒരു ചമ്മിയ ചിരിയോടെ ജീപ്പിൽ കയറി ഓടിച്ചു പോയി.
“നിങ്ങളെ ഞാൻ വീട്ടിലാക്കി തരാം”
പേടിയോടെ നിൽക്കുന്ന ഇന്ദുവിനെയും, അമ്മയെയും നോക്കി പറഞ്ഞു കൊണ്ട്, ദീപു ഒരു ഓട്ടോറിക്ഷക്ക് കൈകാണിച്ചു.
അവർ ഓട്ടോയിൽ കയറിയപ്പോഴെക്കും, കാലം തെറ്റി വന്ന മഴ പെയ്തു തുടങ്ങിയിരുന്നു.
“എനിക്കും മോനെ പോലെ ഒരു മോനുണ്ടായിരുന്നു… ജീവിച്ചിരിക്കാണാങ്കിൽ മോൻ്റ അതേ പ്രായം… അഞ്ചാം വയസ്സിൽ ഒരു പനി വന്നതാ “
അതും പറഞ്ഞ് ആ അമ്മ വിതുമ്പിയപ്പോൾ ദീപു അവരുടെ തോളിലൂടെ കൈ ഇട്ടു.
” അതോർത്ത് അമ്മ വിഷമിക്കണ്ട. ആ മോനായി എന്നെ കണ്ടാൽ മതി”
ദീപു പറഞ്ഞപ്പോൾ ആ അമ്മ സന്തോഷത്തോടെ അവൻ്റെ കവിളിൽ പരതി.
കുറച്ചു ദൂരം ചെന്ന് ഒരു ചരൽ റോഡിൽ ഓട്ടോ നിന്നതും ഇന്ദു ദീപുവിനെ നോക്കി.
“ഇവിടന്നങ്ങോട്ട് പാടവരമ്പിലൂടെ നടക്കണം… അവിടെയാ വീട്”
ഓട്ടോയുടെ പുറത്തിറങ്ങി ഡ്രൈവർക്ക് പൈസ കൊടുത്ത് ദീപു -അവർക്ക് പിന്നാലെ പാടവരമ്പിലൂടെ നടന്നു.
മഴയ്ക്ക് ശക്തി കൂടിയപ്പോൾ അവർ നടത്തത്തിന് സ്പീഡ് കൂട്ടിയെങ്കിലും, വീട്ടിലെത്തുമ്പോൾ അവർ ആകെ നനഞ്ഞു കുതിർന്നിരുന്നു.
” ആ ജീൻസും ബനിയനും തന്നാൽ ഇസ്തിരിയിട്ട് ഉണക്കി തരാം”
വീട്ടിലെത്തിയ ഇന്ദു ഒരു ലുങ്കിയും ഷർട്ടും ദീപുവിന് നീട്ടി പറഞ്ഞപ്പോൾ, അവൻ മനസ്സില്ലാ മനസ്സോടെ ജീൻസും, ബനിയനും അഴിച്ച് അവൾക്ക് കൊടുത്തു.
ദീപു ഒരു സിഗററ്റ് കത്തിച്ച് പുറത്തെ മഴയിലേക്കും നോക്കി നിന്നു.
അമ്മ അടുക്കളയിൽ തനിക്കായ് എന്തോ ഉണ്ടാക്കുന്ന -തിരക്കിലാണെന്ന് കണ്ട ദീപു പതിയെ അങ്ങോട്ടേയ്ക്ക് നടന്നതും മുന്നിൽ ഇന്ദുവിനെ കണ്ട് അവൻ ഒന്നു പുഞ്ചിരിച്ചു.
” ഒരു കാര്യം എനിക്ക് പറയാനുണ്ട് “
ഇന്ദു അവൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും അവൻ തല ഉയർത്തി എന്താണെന്ന് ആംഗ്യത്തോടെ ചോദിച്ചു.
“അമ്മ മോനായിട്ടു കണ്ടോട്ടെ… പക്ഷേ എനിക്ക് ആങ്ങളയായി കാണാൻ പറ്റില്ല “
അവൾ പരിഭവത്തോടെ പറഞ്ഞതും അവൻ അവളെ ഞെട്ടലോടെ നോക്കി.
” ആങ്ങളയായാൽ എന്നും ഒന്നിച്ചു നിൽക്കാൻ കഴിയില്ലല്ലോ? കല്യാണം കഴിച്ച് വേറെ പോകില്ലേ?”
അവൾ പറഞ്ഞതും, പെട്ടെന്ന് അവനെ കെട്ടിപ്പിടിച്ചു.
“എനിക്ക് എന്നും ഈ നെഞ്ചിൽ ഇങ്ങിനെ പതിഞ്ഞു കിടക്കണം… “
പ്രാവ് കുറുകുന്നതു പോലെയുള്ള ശബ്ദം കേട്ടതും അവൻ അവളെ പൊടുന്നനെ നെഞ്ചിൽ നിന്നു പിടിച്ചു മാറ്റി.
“നിനക്ക് ഭ്രാന്തായോ?”
ദീപു ദേഷ്യത്തോടെ ചോദിച്ചതും അവൾ പുഞ്ചിരിയോടെ അവൻ്റെ കണ്ണിലേക്ക് നോക്കി.
” ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ് കഥകളിലും, സിനിമയിലും മാത്രമല്ല .ജീവിതത്തിലും ഉണ്ടാകും ….”
” ഉണ്ടാകും…. പക്ഷേ എൻ്റെ പൊസിഷൻ അറിയാതെ നീ “
ചോദ്യം പൂർത്തിയാക്കും മുൻപ് അവൾ അവൻ്റെ വായ് പൊത്തി.
” പൊസിഷൻ അറിയാം മാഷേ… ചിലപ്പോൾ സിറ്റി പൊലീസ് ഓഫ് കമ്മീഷണർ, മറ്റു ചിലപ്പോൾ ജില്ലാകളക്ടർ, വേറെ ചില സമയങ്ങളിൽ ഐ.എഫ്.എസ്…’ഇങ്ങിറെ ഒരുപാട് പൊസിഷൻ”
ഇന്ദു പറയുന്നതും കേട്ട് ഞെട്ടിത്തെറിച്ചു നിന്ന അവനു മുന്നിലേക്ക് അവൾ ഒരു കൂട്ടം ഐഡി കാർഡുകളും, നെയിം പ്ലേറ്റുകളും നീട്ടി.
“ഇതൊക്കെ ഇസ്തിരിയിടാൻ ജീൻസ് എടുത്തപ്പോൾ പോക്കറ്റിൽ നിന്നും കിട്ടിയതാണ് “
ഒന്നും പറയാൻ കഴിയാതെ അവൻ പതിയെ പൂമുഖത്തേക്ക് നടന്ന് ചെന്ന്, രാത്രി മഴയിലേക്കും നോക്കി നിന്നു.
” ഒരു കള്ളൻ്റെ മകനായി ജനിച്ച കാരണം, എല്ലായിടത്തു നിന്നും പരിഹാസമേറ്റു വാങ്ങിയ ഒരു ബാല്യകാല മുണ്ടായിരുന്നു എനിക്ക് “
അവൻ്റെ ശബ്ദം ഇടറുന്നത് കണ്ടപ്പോൾ ഇന്ദു അവൻ്റെ നെഞ്ചോരം ചേർന്നു നിന്നു.
“നന്നായി പഠിച്ചിരുന്ന ഞാൻ, സ്വന്തം കൂട്ടുകാർ കള്ളൻ്റെ മകനേ എന്ന് പരിഹസിക്കുന്നത് കേട്ട് സ്കൂളിൽ നിന്ന് പടിയിറങ്ങുമ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എൻ്റെ സ്വപ്നങ്ങളായിരുന്നു… “
അവൻ ഒരു നിമിഷം നിർത്തി നിറഞ്ഞു പെയ്യുന്ന മഴയിലേക്ക് നോക്കി പതിയെ ചിരിച്ചു.
” കുട്ടികാലത്ത് നിനക്ക് ആരാകണമെന്ന് ടീച്ചർ ചോദിക്കുമ്പോൾ ഞാൻ അഭിമാനത്തോടെ പറയുന്നത് പോലീസ് ആകണമെന്നാണ് “
അവൻ ഒരു സിഗററ്റിന് തീ കൊളുത്തി പുകയെടുത്ത് പുറത്തെ മഴയിലേക്ക് ഊതി വിട്ടു
” ആ സ്വപ്നം ചങ്ങാതിമാരുടെ കളിയാക്കലിൽ തകർന്നപ്പോൾ ഞാൻ നിരാശപ്പെട്ടില്ല… പകരം എല്ലാം നേടുകയായിരുന്നു. ഇപ്പോൾ ഞാൻ ചിലപ്പോൾ കളക്ടറാണ് മറ്റു ചിലപ്പോർ ഡി.സി.പിയാണ്…അങ്ങിനെ പല വേഷത്തിൽ. പക്ഷേ നിൻ്റെ ഭാഷയിൽ പറഞ്ഞാൽ ആൾമാറാട്ടക്കാരൻ “
കത്തി തീർന്ന സിഗററ്റ് പുറത്തെ മഴയിലേക്ക് വലിച്ചെറിഞ്ഞ് ദീപു, ഇന്ദുവിനെ നോക്കി ചിരിച്ചു.
“എൻ്റെ പൊസിഷൻ അറിഞ്ഞപ്പോൾ എന്തു തോന്നുന്നു?”
അവൻ ചോദിച്ചതും അവൾ പുഞ്ചിരിയോടെ അവൻ്റെ നെഞ്ചിലേക്ക് ചാരി നിന്നു ആ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി.
” ഇപ്പോഴും ഉള്ളിൽ തോന്നിയ സ്നേഹം കൂടിയന്നല്ലാതെ ഒരിഞ്ച് പോലും കുറഞ്ഞിട്ടില്ല… അത് എന്നും അങ്ങിനെ തന്നെ ആയിരിക്കും. പക്ഷേ ഒരു അപേക്ഷയുണ്ട് “
ഇന്ദു പറഞ്ഞതും ദീപു ആകാംക്ഷയോടെ അവളെ നോക്കി.
“ഇനി പലപല പോസ്റ്റുകൾ വേണ്ട. രണ്ട് പോസ്റ്റ് മാത്രം മതി….”
അവൻ്റെ നെഞ്ചിൽ നഖം കൊണ്ട് പോറി അവൾ ലജ്ജയോടെ അവൻ്റെ മുഖത്തേക്ക് നോക്കി.
:”അമ്മയുടെ മകൻ എന്ന ഒന്നാമത്തെ പോസ്റ്റ്…. പിന്നെ… പിന്നെ എൻ്റെ ഭർത്താവ് എന്ന രണ്ടാമത്തെ പോസ്റ്റ് “
പറഞ്ഞു തീർന്നതും അവൻ്റെ നെഞ്ചിൽ ഒരു ഉമ്മ കൊടുത്തിട്ട് അവൾ അമ്മ കേൾക്കാൻ വിളിച്ചു പറഞ്ഞു.
“അമ്മാ…. അമ്മയുടെ മോൻ നാളെ തൊട്ട് ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്…അതുകൊണ്ട് അരി കൂടുതലിടാൻ മറക്കണ്ട “
” അപ്പോ ഇന്നോ?”
അവൻ കുസൃതിയോടെ ചോദിച്ചപ്പോൾ, അവൾ അവൻ്റെ മൂക്ക് പിടിച്ചു ഉലച്ചു.
” ഇന്ന് നമ്മൾക്ക് വ്രതമെടുക്കാം.എനിക്ക് നല്ലൊരു ഭർത്താവിനെ കിട്ടാൻ പോകുന്നതിനും, മാഷ്ക്ക് നല്ലൊരു ഭാര്യയെ കിട്ടാൻ പോകുന്നതിനുമുള്ള വ്രതം!”
പറഞ്ഞു തിർന്നതും അവനെയും പിടിച്ച് അവൾ മഴയിലേക്കിറങ്ങി…
ദീപുവിൻ്റെ ചുംബനങ്ങൾ ഇന്ദുവിനെ പുളകം കൊള്ളിച്ചുകൊണ്ടിക്കുമ്പോൾ വേനൽമഴ അവർക്കു മുകളിൽ പ്രണയമഴയായി പെയ്തിറങ്ങുന്നുണ്ടായിരുന്നു..
ശുഭം.