മസാലദോശ
രചന: സന്തോഷ് അപ്പുക്കുട്ടൻ
“വേണ്ടാത്ത പണിക്ക് നിക്കണ്ടായെന്ന് എത്ര വട്ടം പറഞ്ഞതാ ഞാൻ “
മുനിസിപ്പാലിറ്റി സൈറൻ മുഴങ്ങുന്നതു പോലെ സുസ്മേര അലറിയപ്പോൾ , പോണോരും, വരുന്നോരും അവൾക്കു ചുറ്റും കൂടി.
“സുസ്മേരാ നീയൊന്നു അടങ്ങ്…. ഒരു കൈയബദ്ധം പറ്റീതാ “
“ഇതിനെ കൈയബദ്ധമാണെന്നാണോ പറയാ?”
സുസ്മേരയുടെ ഉലയിൽ കാച്ചിയതു പോലെയുള്ള ചോദ്യം കേട്ട് വിഷ്ണു ചുറ്റും കൂടി നിൽക്കുന്നവരെ നോക്കി ഒരു ചമ്മിയ ചിരി പാസ്സാക്കി.
” കഴിഞ്ഞതിനെ പറ്റി ഇനി പറഞ്ഞിട്ടു കാര്യമുണ്ടോ?ഇനി ഞാൻ ശ്രദ്ധിച്ചോളാം”
ദയനീയമായ വിഷ്ണുവിൻ്റെ സംസാരം കേട്ടപ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ വീൽചെയറിൽ ചാരികിടന്നു.
” എല്ലാം ഉണ്ടാക്കി വെച്ചതിനു ശേഷം, ഇനി ഞാൻ ശ്രദ്ധിച്ചോളാമെന്ന്
എല്ലാ അവൻമാരും പറയുന്നതാ”
പതിയെ അവളുടെ വീൽചെയർ ഉരുട്ടി വിഷ്ണു മുന്നോട്ടു പോകുമ്പോഴാണ് വഴി തടഞ്ഞെന്ന പോലെ നിന്ന് ഒരു സ്ലീവ്ലെസ്ക്കാരിയുടെ രോഷപ്രകടനം.
“എന്താണടോ താൻ ഈ കൊച്ചിനെ ചെയ്തത്?”
ആ ചോദ്യം മൈൻഡ് ചെയ്യാതെ പോകുന്ന വിഷ്ണുവിൻ്റെ കൈയ്യിൽ പിടുത്തമിട്ടു സ്ലീവ്.ലെസ്ക്കാരി.
” പറഞ്ഞിട്ടു പോയാൽ മതി താൻ…. ഇവിടെ സ്ത്രീകൾക്ക് ചോദിക്കാനും പറയാനും ആളുണ്ട് “
പുളിയനുറുമ്പ് കടിച്ചതു പോല, വിടാതെ നിൽക്കുന്ന ആ പെണ്ണിൻ്റെ കാതിലേക്ക് വിഷ്ണു പതിയെ ചുണ്ടുകൾ അടുപ്പിച്ചു.
“ഇതാണ് ഞാൻ ചെയ്തത്.. ഈ പ്രവൃത്തി ഏത് സെക്ഷനിൽ പെടും?”
വിഷ്ണുവിൻ്റെ വാചകം കേട്ടതും, അവരുടെ മുഖം വിളറി വെളുത്ത് വെള്ളില പോലെയായി.
വിയർപ്പു ചാലൊഴുകി മുഖത്തെ പുട്ടിയടർന്നു വീഴുമ്പോഴും, അവരുടെ ചമ്മിയകണ്ണിണകൾ സുസ്മേരയുടെ അടിവയറിലേക്ക് നീണ്ടതും അവർ പതിയെ മന്ത്രിച്ചു.
“ഇതിൻ്റെയൊക്കെ വയറിൽമേൽ ഗർഭിണി എന്ന് എഴുതിവെക്കണം”
“എന്താ മാഡം ഇയാൾ ഈ സ്ത്രീയോടു ചെയ്തത്?”
സ്ലീവ് ലെസ്കാരിയുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ ചോദ്യം കേട്ടതും അവർ, അവളെ തടിച്ച കണ്ണടയ്ക്കുള്ളിലൂടെ നോക്കി കണ്ണുരുട്ടി.
“എൻ്റെ കിളി പാറി പോയി. ഇനി നിൻ്റെ കിളികളെ കൂടി കൂടു തുറന്നു വിടണോ?”
മാഡം പറഞ്ഞതു മനസ്സിലാവാതെ പെൺകുട്ടി ,വിഷ്ണുവിനെയും, സുസ്മേരയെയും ഒന്നു നോക്കി, നടന്നു തുടങ്ങിയ മാഡത്തിനു പിന്നാലെ ഓടി.
” അത് ആ പെണ്ണും പിള്ളക്ക് കിട്ടേണ്ടത് തന്നെയായിരുന്നു. അല്ലെങ്കിൽ വീൽചെയറിലിരുത്തി കൊണ്ടു പോകുന്നത് കണ്ടാൽ മനസ്സിലാക്കി കൂടെ അവർ തമ്മിൽ വല്യ പ്രശ്നങ്ങളൊന്നുമില്ലായെന്ന് “
” വലിഞ്ഞുകയറി ആളാകാൻ നോക്കീതാ ..കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനമായി കാണും”
മാഡത്തിനു കിട്ടിയ ഫൈവ് കോഴ്സ് ഡിന്നർ കണ്ട്, ഈ പന്തിയിൽ ഭക്ഷണം കഴിക്കുന്നത് നല്ലതല്ലായെന്നു തോന്നിയ ചുറ്റും കൂടിയവർ പതിയെ പിരിഞ്ഞകന്നു.
“എനിക്കു പേടിയാവുന്നു വിഷ്ണുവേട്ടാ “
പൂക്കുല പോലെ വിറയ്ക്കുന്ന കൈ കൊണ്ട് വിഷ്ണുവിനെ പിടിച്ച് അവൾ, അവൻ്റെ കണ്ണിലേക്ക് ദയനീയതയോടെ നോക്കി.
“മോൾ പേടിക്കണ്ട… എല്ലാ സ്ത്രീകളും ഇതുപോലെ തന്നെയല്ലേ?”
വിഷ്ണുവിൻ്റെ ചോദ്യം കേട്ടതും, അവൾ അവനെ നോക്കി പതിയെ തലയാട്ടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നത് കണ്ട അവൻ്റെ ഉള്ളം പിടഞ്ഞു.
പ്രസവമെന്നു കേൾക്കുന്നതേ അവൾക്കു പേടിയാണു….
അവളുടെ കൂട്ടുകാരി പ്രസവത്തിൽ മരിച്ചതിനു ശേഷം ആ ഓർമയിൽ അവൾ പല രാത്രികളിലും ഞെട്ടിയുണരാറുണ്ട്.
അവളുടെ മനസ്സ് ഒന്നു ശക്തിയാർജ്ജിക്കുന്നതു വരെ കാത്തിരിക്കുകയായിരുന്നു.!
പക്ഷേ അതിനിടയിൽ എപ്പോഴോ?
” മോൾ പേടിക്കണ്ട ട്ടോ .. സുഖപ്രസവത്തിനു വേണ്ടി ചേട്ടൻ വഴിപാടുകൾ നേർന്നിട്ടുണ്ട് “
വിഷ്ണു പറഞ്ഞപ്പോൾ സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ അവൾ, അവനെ നോക്കി പതിയെ മന്ത്രിച്ചു.
” പറയാൻ മറന്നു വിഷ്ണു ചേട്ടാ… എന്തൊക്കെ വഴിപാടുകൾ കഴിക്കണമെന്ന് ഞാൻ എഴുതി വെച്ചിട്ടുണ്ട് “
പറഞ്ഞതും അവൾ നൈറ്റിയുടെ പോക്കറ്റിൽ നിന്ന് ഒരു കടലാസ് തുണ്ടെടുത്ത് അവനു നേരെ നീട്ടി.
അവൻ പതിയെ ആ കടലാസ് തുണ്ടിലൂടെ കണ്ണോടിച്ചു.
ഗുരുവായൂരിൽ ശയനപ്രദക്ഷിണം….
കെട്ടുനിറച്ച് ശബരിമലയിൽ പോകുക….
ലിസ്റ്റ് കണ്ടതോടെ അവളെ ഒരു പുഞ്ചിരിയോടെ നോക്കി അവൻ.
” ഇത്രയുള്ളൂ? “
“എഴുതി കൊണ്ടിരിക്കുമ്പോൾ പേനയിലെ മഷി തീർന്നതാ വിഷ്ണുവേട്ടാ “
അവൾ പറഞ്ഞതും കേട്ട് അന്തം വിട്ട അവൻ ഒരു നിമിഷം അവളുടെ കവിളിൽ ചുംബിച്ചു.
“ഇതൊക്കെ നിസാരം. ഞാൻ പേടിച്ചിരുന്നത് പൂയത്തിന് നാവിൽ ശൂലം തറക്കുന്ന വഴിപാട് നേരുമെന്നായിരുന്നു “
” ആക്കിയതാണ് അല്ലേ?”
അവളുടെ പതിഞ്ഞ ചോദ്യം കേട്ട് അവൻ, അവളുടെ മുടിയിഴകളിൽ പതിയെ തലോടി.
“എനിക്ക് വേണ്ടി ഇതും കൂടി ചെയ്യാൻ കഴിയില്ലെങ്കിൽ വേണ്ട… ഞാൻ പ്രസവിക്കുന്ന മോൻ, വളർന്നു വലുതായാൽ ഞാൻ അവനെ കൊണ്ട് ചെയ്യിപ്പിച്ചോളാം”
പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി അവളത് പറയുമ്പോൾ, അവളുടെ മനസ്സിനകത്ത് സങ്കടമഴ ആർത്തലച്ചു പെയ്യുന്നുണ്ടെന്ന് അവന് മനസ്സിലായി.
വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്തവളാണ് …..
എന്നിട്ടും അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും നിറവേറ്റി, കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല….
തിരക്കില്ലെങ്കിടും, തിരക്ക് അനുഭവിച്ച്, കൂട്ടുക്കാരോടൊത്ത് സന്തോഷത്തോടെ കറങ്ങി നടക്കുമ്പോൾ, വീട്ടിലിരിക്കുന്ന അവൾക്ക് താൻ മാത്രമുള്ളുവെന്ന് അവൻ മനപൂർവ്വം മറന്നു…..
ജോലി കഴിഞ്ഞു വരുന്ന അവനെ കണ്ടാൽ ചായയും കൊണ്ട് ഉമ്മറപ്പടിയിലേത്തുന്ന അവൾക്കായി ഒരിക്കലും എണ്ണ പലഹാരങ്ങൾ കരുതിയിരുന്നില്ല’……
മഴയും കൊണ്ട് നനഞ്ഞു വരുമ്പോൾ, സ്നേഹത്തോടെ ശകാരിച്ച് തല തുവർത്തി തരുമ്പോൾ ആ കവിളിൽ പതിയെയൊരു ചൂടുള്ള ചുംബനം കൊടുക്കാൻ പോലും മറന്നു പോയിരുന്നു…..
ചെയ്തു കൊടുക്കാൻ കഴിയുന്ന കാര്യമായിട്ടും അതൊന്നും ചെയ്യാതിരുന്നതിൽ വിഷ്ണുവിന് കുറ്റബോധം തോന്നി തുടങ്ങി.
കണ്ണ് പെയ്യുമെന്ന് തോന്നിയ നിമിഷം അവൻ ആകാശം പെയ്യുന്നത് നോക്കിയിരുന്നു.
ഒന്നും ചെയ്തു കൊടുക്കാത്തതിൽ അവളിതുവരെ അനിഷ്ടം പ്രകടിപ്പിച്ചിരുന്നില്ലെന്ന് അവൻ സങ്കടത്തോടെ ഓർത്തു.
വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല സുസ്മേരയ്ക്ക് ….
രാത്രി മഴയിലൂടെ ഒരു ബൈക്ക് യാത്ര……
തട്ടുകടയിൽ നിന്ന് ചൂടുള്ള പൊറോട്ടയും, ബീഫും…..
ഇത്രമാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ …
എന്നിട്ടും…..
“എന്തേ ആലോചിക്കുന്നത് വിഷ്ണുവേട്ടാ?”
സുസ്മേരയുടെ ചോദ്യം കേട്ടപ്പോൾ അവൻ ഒന്നുമില്ലായെന്ന് തലയാട്ടിയപ്പോൾ, രണ്ടിറ്റ് കണ്ണീർ തുള്ളികൾ അവൾക്കു മേൽ ചിതറി വീണു.
“അയ്യേ! വിഷ്ണുവേട്ടൻ കരയേ…പ്രസവിക്കാൻ എനിക്കൊരു പേടിയുമില്ലാട്ടോ… അത് ഞാൻ വെറുതെ ഒരു ഡ്രാമ കളിച്ചതാ …”
പറഞ്ഞു തീരും മുൻപെ അവൾ പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി പതിയെ കണ്ണു തുടച്ചു ..
ഇത്രയും പേടിയുണ്ടായിരുന്നിട്ടും, താനൊന്നു സങ്കടപ്പെട്ടപ്പോൾ, അവൾ എത്രമാത്രം വേദനിക്കുന്നുവെന്ന് അവനറിഞ്ഞ നിമിഷം, ഒന്നു പൊട്ടി കരയണമെന്നു തോന്നി അവന്…
അവളുടെ കാര്യങ്ങൾ ഒന്നും ചിന്തിക്കാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുമ്പോൾ അതാണ് എല്ലാമെന്ന് ചിന്തിച്ചിരുന്ന താൻ എത്ര മാത്രം വിഡ്ഡിയായിരുന്നുവെന്ന് അവൻ തിരിച്ചറിഞ്ഞ നിമിഷം….
ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ, നിറഞ്ഞ കണ്ണീരോടെ അവൻ പതിയെ ആ വീൽചെയർ ഉരുട്ടി തുടങ്ങി.
” മക്കളിതെങ്ങോട്ടാ…?”
തൊട്ടരികിൽ നിന്നും ശബ്ദമുയർന്നപ്പോൾ കണ്ണു തുടച്ചുകൊണ്ട് അവൻ തിരിഞ്ഞു നോക്കി.
സുസ്മേരയുടെ അമ്മ!
വീട്ടിൽ നിന്ന് വരുന്ന വഴിയാണ്.
” ഇവളെ ലേബർ റൂമിലേക്ക് കൊണ്ടുപോകാണ് അമ്മേ
” ലേബർ റൂമിലേക്ക് കൊണ്ടുവരാൻ നഴ്സ്മാർ പറഞ്ഞോ?”
അമ്മയുടെ ചോദ്യം കേട്ടതും അവൻ ഇല്ലെന്ന് തലയാട്ടി.
“മോൾക്ക് വേദന വന്നോ?”
അമ്മയുടെ ചോദ്യം കേട്ടപ്പോൾ സുസ്മേര പതിഞ്ഞ ചിരിയോടെ വിഷ്ണുവിനെ നോക്കി.
“എനിക്ക് വേദന ഒന്നും വന്നിട്ടില്ല അമ്മേ…. പക്ഷേ ഈ വിഷ്ണുവേട്ടന് പേടി…നഴ്സ്മാർ എൻ്റെ കാര്യം മറന്നു പോയിട്ടുണ്ടാവുമെന്ന് പറഞ്ഞ്, ഈ വീൽചെയറിലിരുത്തി ലേബർ റൂമിലേക്ക് എന്നെ കൊണ്ടുവരുവാണ് “
ഇതുവരെ പേടിയോടെ നിന്നിരുന്ന സുസ്മേര ഇപ്പോൾ എത്ര സന്തോഷത്തിലാണ് സംസാരിക്കുന്നത്…..
ഉള്ളിലെ പേടി തനിക്കു വേണ്ടി അവൾ മാറ്റി വെച്ചിരിക്കുകയാണെന്ന് മനസ്സിലായ അവൻ കണ്ണീർ നിറഞ്ഞ ഒരു പുഞ്ചിരിയോടെ അമ്മയെ നോക്കി.
“മോൻ വിഷമിക്കണ്ട ട്ടോ.. സമയമായാൽ നഴ്സ് വന്ന് പറഞ്ഞോളും.,,, ഇപ്പോൾ റൂമിലേക്ക് തന്നെ മടങ്ങിപ്പോകാം”
തിരിച്ചു റൂമിലേക്ക് വീൽചെയർ ഉരുട്ടിയ അവൻ എന്തോ ഓർത്ത്, അമ്മയെ നോക്കി.
” റൂമിലേക്ക് അമ്മ ഇവളെ കൊണ്ടു പോ…. ഞാനിപ്പം വരാം “
അതും പറഞ്ഞ് വരാന്തയിലൂടെ ഓടുന്ന വിഷ്ണുവിനെ കണ്ട് സുസ്മേരയും, അമ്മയും കാര്യമറിയാതെ പരസ്പരം നോക്കി.
നിറഞ്ഞു പെയ്യുന്ന മഴയിലൂടെ അവൻ, ഹോസ്പിറ്റൽ ഗേറ്റിൻ്റെ അരികിലുള്ള ഹോട്ടലിലേക്ക് ഓടി…
ജനനിബിഡമായ ആ ഹോട്ടലിൽ നിന്ന് മൂന്നാല് മസാല ദോശയും വാങ്ങി അവൻ സന്തോഷത്തോടെ തിരിച്ചു വന്നപ്പോൾ റൂം ശൂന്യമായിരുന്നു.
അവൻ അങ്കലാപ്പോടെ ബാത്ത് റൂം തുറന്നു നോക്കിയെങ്കിലും അവിടം അവൾ ഇല്ലായിരുന്നു.
റൂം പൂട്ടാതെ ഇവർ എങ്ങോട്ട് പോയതെന്നറിയാതെ വിഷമിച്ച അവൻ വരാന്തയിലൂടെ കുറച്ചു നേരം അന്വേഷിച്ചു നടന്ന തിനു ശേഷം, ഏതോ ഓർമ്മയിൽ ലേബർറൂമിനടുത്തേക്ക് ഓടി.
ലേബർ റൂമിനു മുന്നിൽ അമ്മയെ കണ്ടതും, സമാധാനത്തോടെ അവൻ ഓട്ടം നിർത്തി, പതിയെ അവർക്കരികിലേക്ക് നടന്നു.
“മോനെന്താ കിതയ്ക്കുന്നത്?”
അമ്മയുടെ ചോദ്യത്തിന് ഉത്തരം പറയാതെ അവൻ തിരക്കിയത് സുസ്മേരയെ ആയിരുന്നു.
“മോൻ അങ്ങോട്ട് തിരിഞ്ഞ വഴിയ്ക്ക് തന്നെ മോൾക്ക് വേദന വന്നു…നഴ്സിനോട് പറഞ്ഞപ്പോൾ അവരാണ് ഇങ്ങോട്ട് കൊണ്ടുവന്നത് “
അമ്മയുടെ വാക്ക് കേട്ടപ്പോൾ അവൻ വിഷമത്തോടെ ഇരുമ്പ് ഗ്രില്ലിനപ്പുറത്തെ വരാന്തയിലേക്ക് നോക്കി.
വീർത്തവയറും താങ്ങി നടക്കുന്നവർക്കിടയിൽ സുസ്മേരയെ അവൻ കണ്ണീരോടെ തിരഞ്ഞു.
“ചിലപ്പോൾ റൂമിലേക്ക് കയറ്റിയിട്ടുണ്ടാവും അല്ലേ അമ്മേ ?”
സുസ്മേരയെ വരാന്തയിൽ കാണാതായപ്പോൾ അവൻ സങ്കടത്തോടെ അമ്മയെ നോക്കി ചോദിച്ചു.
തലയാട്ടി കൊണ്ടു തിരിഞ്ഞ അമ്മ, അവൻ്റെ കൈയിലിരിക്കുന്ന പൊതി കണ്ടതും ചോദ്യഭാവത്തോടെ അവനെ നോക്കി.
” മസാലദോശയാണ് “
ചമ്മലോടെയാണ് അവൻ പറഞ്ഞിരുന്നതെങ്കിലും അവൻ്റെ മനസ്സ് കരഞ്ഞിരുന്നു.
പലവട്ടം പറഞ്ഞിരുന്നതാണെങ്കിലും എപ്പോഴും മറക്കുകയാണ് പതിവ്.
ജോലിയും കഴിഞ്ഞ്, കൂട്ടുകാരോടൊപ്പം ഒന്നു ബാറിൽ കയറി ഫോമാവുമ്പോൾ കൊടുത്ത വാഗ്ദാനങ്ങൾ മറക്കുകയാണ് അവൻ്റെ പതിവ്.
വീട്ടിലെത്തുന്ന വിഷ്ണുവിനരികിലേക്ക് ആശയോടെ ഓടിയെത്തുന്ന അവളെ കാണുമ്പോഴാണ് വാങ്ങാൻ മറന്നു പോയ സാധനങ്ങളെ കുറിച്ച് അവൻ ഓർക്കുന്നത് തന്നെ ….
എന്നാലും പരിഭവമില്ലാതെ, പരാതിയില്ലാതെ അവനെ ചേർത്തു പിടിക്കും അവൾ
” ഇപ്പോൾ അവൾക്ക് മസാലദോശ കഴിക്കാൻ കഴിയില്ലല്ലോ മോനെ? ആശിക്കുന്ന നേരത്താണ് അതു ചെയ്തു കൊടുക്കേണ്ടത്.. അതിനു കഴിഞ്ഞില്ലെങ്കിൽ അതോർത്ത് മനസ്സ് നീറും
അമ്മ പറഞ്ഞപ്പോൾ അവൻ തലയും കുനിച്ചു നിന്നു.
“ഒരു പെണ്ണായ എനിക്ക് അത് നല്ലവണ്ണം അറിയം… അത് പോട്ടെ മോനെ… അമ്മ ഇവിടെ നിൽക്കാം മോൻ വിഷമിക്കാതെ അവിടെ പോയി ഇരിക്ക് “
അടുത്ത് കണ്ട കസേരകളുടെ നിരയിലേക്ക് ചൂണ്ടി അമ്മ പറഞ്ഞപ്പോൾ അവൻ പതിയെ അങ്ങോട്ടേക്ക് നടന്നു.
കസേരയിലിരുന്നു അവൻ പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കിയിരുന്നു…
പെട്ടെന്ന് പെയ്തു തോർന്ന മഴ കണ്ടപ്പോൾ, അവളെയാണ് ഓർമ്മ വന്നത്?
തന്നോടുള്ള സങ്കടമയാലും, ദേഷ്യമായാലും പെട്ടെന്ന് ആ മനസ്സിൽ നിന്ന് അലിഞ്ഞു പോകും….
ഓരോന്നും ഓർക്കുമ്പോൾ കണ്ണുനീറുന്നതു പോലെ അവന് തോന്നി.
തൻ്റെ മടിയിൽ വെച്ചിരിക്കുന്ന മസാല ദോശയുടെ പൊതിയിലേക്ക് അവൻ ഉറ്റുനോക്കി….
ഈ മസാല ദോശയ്ക്ക് വേണ്ടിയാണ്, താൻ വരുന്നതും കാത്ത് പ്രതീക്ഷയോടെ അവൾ കാത്തിരുന്നത്!
ചൂട് നഷ്ടപ്പെട്ടുകൊണ്ടിരുന്ന മസാല ദോശ വേസ്റ്റ്ബിന്നിൽ നിക്ഷേപിച്ച് അവൻ കണ്ണീരോടെ ചാറൽ മഴയിലൂടെ പുറത്തേക്ക് നടന്നു.
ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ, കണ്ണീരിങ്ങനെ മഴ തുള്ളിയിൽ അലിയിക്കേണ്ടി വരുമെന്ന വലിയൊരു തിരിച്ചറിവ് അവൻ നേടിയ നിമിഷമായിരുന്നു അത്.
“ചേട്ടനെന്താ ആലോചിക്കുന്നത്?”
സുസ്മേരയുടെ ചോദ്യം കേട്ടതും ഓർമ്മകളിൽ നിന്നുണർന്ന അവൻ കണ്ടത് മസാല ദോശയുമായി മല്ലയുദ്ധം നടത്തുന്ന ഭാര്യയെയായിരുന്നു…..
ഇരട്ട കുട്ടികളായ മക്കളെ രണ്ട് തോളിലുമിട്ട് വിഷ്ണു സുസ്മേരയുടെ വീർത്തിരിക്കുന്ന വയറിലേക്ക് നോക്കുന്നത് കണ്ട , അവൾ എന്താണെന്ന് തലയുയർത്തി ആംഗ്യ ഭാഷയിൽ ചോദിച്ചപ്പോൾ അവൻ ചിരിയോടെ തലയാട്ടി.
തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ കണ്ടതും, അവൾ ലജ്ജയോടെ തല താഴ്ത്തുമ്പോൾ, നഷ്ടപ്പെടുത്തിയ നല്ല ദിനങ്ങളെ, സന്തോഷത്താൽ വീണ്ടെടുക്കാനുള്ള ശ്രമത്തിൻ്റെ വിജയലഹരിയിലായിരുന്ന അവൻ പതിയെ മന്ത്രിച്ചു
” പ്രണയവും, ജീവിതവും എപ്പോഴും പൈങ്കിളി തന്നെയാണ് ….. “
ശുഭം….