മാധവി
രചന: സജി തൈപ്പറമ്പ്
ഭരതൻ മരിക്കുമ്പോൾ, വിലാസിനി അഞ്ചാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു.
അവരുടെ മൂത്ത മകളാണ് പതിനാറ് വയസ്സുള്ള മാധവി ,അവളെക്കാൾ നാല് വയസ്സിനിളയ രാഗിണിയെ പ്രസവിച്ചതിന് ശേഷം ,വിലാസിനി ഇരട്ടക്കുട്ടികളെ പ്രസവിച്ചെങ്കിലും അവർക്ക് ആയുസ്സ് വളരെ കുറവായിരുന്നു
പിന്നീട് ഒരാൺകുട്ടിക്കായി കൊതിയോടെ കാത്തിരുന്നെങ്കിലും, വിലാസിനി ഗർഭം ധരിക്കാൻ വീണ്ടും പന്ത്രണ്ട് വർഷത്തോളമാണ്, കാത്തിരിക്കേണ്ടി വന്നത് .
ആ പ്രസവത്തോടെ വിലാസിനിയും മരണമടഞ്ഞപ്പോൾ രാഗിണിയെയും ,ചോരമണം മാറാത്ത പിഞ്ച് കുഞ്ഞിനെയും നോക്കേണ്ട ചുമതല മാധവിക്കായി.
മൂന്ന് പെൺകുട്ടികളെ ഏറ്റെടുത്താലുണ്ടാകുന്ന ഭീമമായ സാമ്പത്തിക ചിലവോർത്ത അവരുടെ ബന്ധുക്കൾ വിലാസിനിയുടെ മരണത്തോടെ മൂകമായ ആ വീട്ടിൽ നിന്നും പതിയെ പിന്മാറി.
പ്രസവമെടുത്ത വയറ്റാട്ടി ശാരദ , കുഞ്ഞിനെ എണ്ണ തേപ്പിക്കാനും, കുളിപ്പിക്കാനും, കരിമഷിയെഴുതാനുമൊക്കെ പഠിപ്പിച്ച് കൊടുത്തിട്ട്, യാത്ര പോലും ചോദിക്കാതെ ഒരു ദിവസം അവിടം വിട്ട് പോയപ്പോൾ, ആദ്യമൊന്ന് പകച്ചെങ്കിലും, ഇത് തൻ്റെ കടമയാണെന്ന് മനസ്സിലാക്കിയ മാധവി ,തൻ്റെ അനുജത്തിമാർക്കായി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
പഠിക്കാൻ വലിയ ബുദ്ധിയൊന്നുമില്ലാതിരുന്ന മാധവി ഒൻപതാം ക്ളാസ്സിൽ വച്ച് പഠിപ്പവസാനിച്ച് അമ്മയോടൊപ്പം പാടത്തെ പണിക്ക് പോകുമായിരുന്നു,
ഒരു തൊഴിലറിയാവുന്നത് കൊണ്ട് തൻ്റെ അനുജത്തിമാരെ വളർത്താൻ മാധവിക്ക് ബുദ്ധിമുട്ടൊന്ന്മുണ്ടായില്ല
എട്ടാം ക്ളാസ്സിൽ പഠിക്കുന്ന രാഗിണിയെ സ്കൂളിലയച്ചിട്ട് കൈക്കുഞ്ഞായ പാറുക്കുട്ടിയെയും കൊണ്ടാണ്, എന്നും മാധവി പണിക്ക് പോയിക്കൊണ്ടിരുന്നത്
പാടവരമ്പത്തെ തൈ തെങ്ങിൻ്റെ തണലത്ത് തഴപ്പായ വിരിച്ച് പാറുക്കുട്ടിയെ കിടത്തിയിട്ട്, ഞാറുനടാനും കളപറിക്കാനുമൊക്കെ അവൾ നേരെ ചെളിയിലേക്കിറങ്ങും
ഇടയ്ക്ക് പാറുക്കുട്ടി വിശന്ന് കരയുമ്പോൾ തിളപ്പിച്ചാറ്റി കുപ്പിയിൽ കൊണ്ട് വന്ന പശുവിൻ പാല് കൊടുത്ത്, അവളെ വീണ്ടും ഉറക്കുന്ന മാധവി ,ഉച്ചയ്ക്ക് പുഴുങ്ങിയ കപ്പയും മുളകിടിച്ചതും കഴിച്ച്, വിശപ്പടക്കുമായിരുന്നു .
ഇതിനിടയിൽ രാഗിണി വയസ്സറിയിച്ചപ്പോൾ, മാധവി ഒന്ന് പകച്ചെങ്കിലും, ആ സമയത്ത് അമ്മ തനിക്ക് ചെയ്ത് തന്ന കാര്യങ്ങൾ ഓർമ്മിച്ചെടുത്ത് അനുജത്തിയെ അവൾ പരിചരിച്ചു.
വൈകുന്നേരം കിട്ടിയ കൂലിയിൽ നിന്നും, ചന്തയിൽ പോയി നേന്ത്രക്കായയും കോഴിമുട്ടയും വാങ്ങി, രാഗിണിക്ക് പുഴുങ്ങി കൊടുക്കാനും അവൾ ശ്രദ്ധിച്ചു.
പിന്നീട് കാലം കടന്ന് പോയി.
രാഗിണി വളർന്ന് പത്തൊൻപതിലെത്തി , പാറുക്കുട്ടിയെ അപ്പോൾ ഒന്നാം ക്ളാസ്സിൽ ചേർത്തിരുന്നു.
മാധവിയോടൊപ്പം പാടത്ത് പണി ചെയ്യുന്ന ജാനകിക്ക്, അവളെ ഒത്തിരി ഇഷ്ടമായിരുന്നു ,
ചെറുപ്രായത്തിൽ തന്നെ ഒരു വലിയ ഉത്തരവാദിത്വമേറ്റെടുക്കുകയും, അനുജത്തിമാരെ പൊന്ന് പോലെ നോക്കുകയും ചെയ്തിട്ട് , ഇത് വരെ ഒരാളെ കൊണ്ട് പോലും, മോശമെന്ന് പറയിക്കാതെ ,അച്ചടക്കത്തോടെ ജീവിക്കുന്ന മാധവിയെ ,ജാനകി തൻ്റെ മകൻ രഘുവിന് വേണ്ടി കല്യാണമാലോചിച്ചു.
ചേച്ചിക്കെന്നോടൊന്നും തോന്നരുത്, ഞാനെൻ്റെ ജീവിതം നോക്കിപ്പോയാൽ ,എൻ്റെ അനുജത്തിമാർ വഴിയാധാരമാകും, എന്നെക്കാൾ സുന്ദരിയും സൽസ്വഭാവിയുമാണ്, എൻ്റെ അനുജത്തി രാഗിണി ,എന്നെക്കാൾ രഘുവിന് ചേരുന്നത് അവളാണ്, വിരോധമില്ലെങ്കിൽ… രാഗിണിയെ രഘുവിന് കെട്ടിച്ച് കൊടുക്കാൻ എനിക്ക് സമ്മതമാണ്
ഞാനകിക്കും, അവരുടെ തീരുമാനത്തോട് യോജിപ്പായിരുന്നു.
അമ്മയുടെ പഴയ ആഭരണങ്ങൾക്കൊപ്പം, തൻ്റെ സമ്പാദ്യം കൊണ്ട് വാങ്ങിയ കുറച്ച് പൊന്ന് കൂടി അണിയിച്ച്, അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ച്, ലളിതമായ രീതിയിൽ അമ്പലത്തിൽ വച്ച്, രാഗിണിയെ രഘുവിൻ്റെ കൈയ്യിലേല്പിച്ചു.
അനുജത്തി സുമംഗലിയായി അവളുടെ പുരുഷനോടൊപ്പം പാടവരമ്പിലൂടെ നടന്ന് പോകുന്നത് കണ്ടപ്പോൾ ,സന്തോഷം കൊണ്ടോ, സങ്കടം കൊണ്ടോ മാധവിയുടെ കണ്ണ് നിറഞ്ഞു.
ദിവസങ്ങളും, മാസങ്ങളും പിന്നെയും കടന്ന് പോയി.
ഗർഭിണിയായ രാഗിണിയെയും കൊണ്ട്, ഒരു ദിവസം രഘു മാധവിയുടെ വീട്ടിലേക്ക് വന്നു.
ചേച്ചിയോടൊപ്പം കുറച്ച് ദിവസം നില്ക്കണമെന്ന് അനുജത്തിക്കൊരു പൂതി
രഘു ചിരിച്ച് കൊണ്ട് പറഞ്ഞു.
അത് കേട്ട് മാധവിക്ക് ഒത്തിരി സന്തോഷമായി.
തൻ്റെ അനുജത്തി, പുതിയ ജീവിതം കിട്ടിയപ്പോൾ തന്നെ മറന്നിട്ടില്ല.
പക്ഷേ, അത്താഴം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ്, എന്തിനാണ് അനുജത്തി സ്നേഹം പ്രകടിപ്പിച്ചതെന്നറിഞ്ഞ മാധവി ഞെട്ടിയത്.
ചേച്ചീ… ഈ വീടിൻ്റെ ആധാരം ബാങ്കിൽ പണയം വച്ചാൽ, രഘുവേട്ടന് ഒരു ട്രാക്ടർ എടുക്കുവാനുള്ള ലോൺ കിട്ടും, അത് ചേച്ചിയോട് പറയാനാണ് ഞങ്ങള് സത്യത്തിൽ വന്നത്
രാഗിണി.. നിനക്കറിയാമല്ലോ? എൻ്റെയിത് വരെയുള്ള സമ്പാദ്യവും അമ്മയുടെ ആഭരണങ്ങളുമെല്ലാം തന്നിട്ടാണ് നിൻ്റെ വിവാഹം നടത്തിയത് , ഇനി പാറുക്കുട്ടിക്കും, എനിക്കും തലചായ്ക്കാനാണെങ്കിലും, അവള് പ്രായമാകുമ്പോൾ അവളുടെ വിവാഹാവശ്യത്തിനാണെങ്കിലും ആകെയുള്ളത്, ഈ പൊരയും പറമ്പുമാണ് ,അതെങ്ങനാ ഞാൻ നിനക്ക് പത്തിരുപത് വർഷത്തേയ്ക്ക് പണയം വാക്കാൻ തരുന്നത്
അത് കേട്ടതും, രാഗിണിയുടെ മുഖം കടന്നല് കുത്തിയത് പോലെയായി, അവൾക്ക് താൻ പറഞ്ഞതിഷ്ടമായില്ലെന്ന്, ചോറ് കുഴച്ചത് ബാക്കിയാക്കി , കൈ കഴുകി എഴുന്നേറ്റപ്പോൾ മാധവിക്ക് മനസ്സിലായി.
പുറത്ത് ബീഡി വലിച്ച് കൊണ്ടിരുന്ന രഘു, ഭാര്യയുടെ പുറകെ മുറിയിലേക്ക് കയറി കതകടച്ചപ്പോൾ ,മാധവി എച്ചില് പാത്രങ്ങളടുത്ത് മോറിവയ്ക്കാൻ പോയി .
പുറത്ത് കട്ടപിടിച്ച ഇരുട്ടായിരുന്നു , ആകാശത്ത് ഒറ്റ നക്ഷത്രം പോലുമില്ല ,വയലേലകളെ തഴുകി വന്ന ഈറൻ കാറ്റ്, മാധവിയെ തഴുകികടന്ന് പോയി .
പാറുക്കുട്ടി, നിലത്ത് വിരിച്ച തഴപ്പായയിൽ കിടന്ന്, നേരത്തെ ഉറക്കമായിരുന്നു, നല്ല ക്ഷീണമുണ്ടായിരുന്നത് കൊണ്ട് മാധവിയും അവളോടൊപ്പം കയറി കിടന്നു ,പെട്ടെന്ന് തന്നെ മയങ്ങിപ്പോയി.
രാവിൻ്റെ ഏതോ യാമത്തിൽ, തൻ്റെ ശരീരത്തിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയ മാധവി ,ഞെട്ടിയെഴുന്നേറ്റു.
കിടന്നുറങ്ങുന്ന പാറുക്കുട്ടിയെ കൂടാതെ, തൻ്റെയടുത്ത് ഒരാളിരിക്കുന്നത് പുറത്തെ മിന്നലിൻ്റ വെളിച്ചത്തിൽ അവ്യക്തമായി അവൾ കണ്ടു.
ആരാ ..
ഭയം മൂലം അടഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.
ഞാനാ രഘുവാ ,രാഗിണി നല്ല ഉറക്കമാണ് ,അവളിനി രാവിലെയെ ഉണരൂ, എനിക്ക് അവളെക്കാളിഷ്ടം നിന്നെയായിരുന്നു ,പക്ഷേ അമ്മയുടെ നിർബന്ധപ്രകാരമാണ് ഞാനവളെ താലി കെട്ടിയത്, എനിക്ക് നിന്നോടുള്ള ഇഷ്ടം ഇപ്പോഴും കുറഞ്ഞിട്ടില്ല
അതും പറഞ്ഞ്, രഘു അവളെ ഇടത് കൈ കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിച്ചു.
ഛീ .. വിടെടാ… നീയെന്ത് വിചാരിച്ച്? അനുജത്തിയെ താലി കെട്ടിയിട്ട്, ചേട്ടത്തിയെക്കൂടി അനുഭവിക്കാമെന്നോ?ആ പൂതി നിൻ്റെ മനസ്സിൽ വച്ചാൽ മതി ,ഇറങ്ങിപ്പോടാ.. എൻ്റെ വീട്ടീന്ന്…
മാധവി അലറുകയായിരുന്നു.
ശബ്ദം കേട്ട് രാഗിണി ഇറങ്ങി വന്ന്, മുറിയിലെ ലൈറ്റിട്ടു.
നിങ്ങളെന്താ ഇവിടെ ?
അവൾ ജിജ്ഞാസയോടെ രഘുവിനോട് ചോദിച്ചു.
നിൻ്റെ ചേച്ചി എന്നെ വന്ന് വിളിച്ചപ്പോൾ ,ഞാൻ കരുതിയത് ആധാരം തരാനായിരിക്കുമെന്നാണ്, പക്ഷേ മുറിയിൽ കയറ്റി ലൈറ്റ് ഓഫ് ചെയ്തപ്പോഴല്ലേ, നിൻ്റെ ചേച്ചിയുടെ ഉള്ളിലിരിപ്പ് എന്താണെന്ന് എനിക്ക് മനസ്സിലായത്, ദേഷ്യം വന്നപ്പോൾ ഞാൻ കൈ വലിച്ചൊന്ന് കൊടുത്തു, അതിൻ്റെ അലർച്ചയാണ് നീ കേട്ടത്
എടാ…
അത് കേട്ട് സങ്കടവും ദേഷ്യവും കൊണ്ട് മാധവി രഘുവിൻ്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.
വിട്, എൻ്റെ ഭർത്താവിനെ നിങ്ങൾക്ക് വേണമായിരുന്നെങ്കിൽ, എന്തിനാണെന്നെ ഇതിനിടയിലേക്ക് വലിച്ചിട്ടത്, നിങ്ങളെപ്പോലൊരു അഴുക്ക് സ്ത്രീയെ ആണല്ലോ, ഞാനിത്രനാളും ചേച്ചിയെന്ന് വിളിച്ച് നടന്നത്, ത്ഫൂ..
അവൾ മാധവിയുടെ മുഖത്ത് കാർക്കിച്ച് തുപ്പി.
മോളേ.. ഞാൻ പറയുന്നതൊന്ന് കേൾക്ക്
മാധവി പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.
എനിക്കൊന്നും കേൾക്കേണ്ട, നിങ്ങളിങ്ങോട്ട് വരുന്നുണ്ടോ? ഇനി ഒരു നിമിഷം ഇവിടെ നില്ക്കണ്ട..
രഘുവിനെയും കൊണ്ട്, രാഗിണി ഇരുളിലേക്കിറങ്ങി നടക്കുന്നത് കണ്ട്, മാധവി തളർന്നിരുന്നു.
അപ്പോഴും ഒന്നുമറിയാതെ പാറുക്കുട്ടി നല്ല ഉറക്കത്തിലായിരുന്നു
നിഷ്കളങ്കമായ അവളുടെ മുഖത്ത് നോക്കിയപ്പോൾ മാധവിയുടെ ഉള്ള് പിന്നെയും നീറി.
പെട്ടെന്നാണ്, പുറത്ത് കൊള്ളിയാനോടൊപ്പം ഉഗ്രശബ്ദത്തിൽ ഇടിവെട്ടിയത് .
പാറുക്കുട്ടി ഞെട്ടിയുണർന്ന് കരച്ചിലോടെ അടുത്തിരുന്ന മാധവിയുടെ മടിയിലേക്ക് ചാടിക്കയറി ,അവളെ കെട്ടിപ്പിടിച്ചു.
അമ്മേ എനിക്ക് പേടിയാകുന്നമ്മേ …
അവൾ പേടിച്ച് കരഞ്ഞപ്പോൾ മാധവി അവളെ മാറോട് ചേർത്ത് പിടിച്ചു.
മോള് പേടിക്കേണ്ട, അമ്മയില്ലേ ?എൻ്റെ മോൾക്ക് കൂട്ടായിട്ട്,
മാധവി അവളുടെ നെറ്റിയിൽ അരുമയായി തഴുകി.
വലുതാകുമ്പോൾ നീയും ഈ ചേച്ചിയമ്മയെ വേദനിപ്പിക്കുമോ മോളേ ..?നീയും കൂടി എന്നെ തള്ളിപ്പറഞ്ഞാൽ പിന്നെ, ഞാനീ ഭൂമിയിലുണ്ടാവില്ല, സത്യം..
സങ്കടം അണപൊട്ടി വന്ന മാധവി, മനസ്സ് കൊണ്ട് കരഞ്ഞു.