രചന: Abdul Raheem
അവളെയും കൊണ്ട് വീട്ടിലെത്തിയ ഞാൻ ഉപ്പയോട് കാര്യങ്ങൾ വിശദീകരിച്ചു.
ഉപ്പാ…എന്റെ വിവാഹം കഴിഞ്ഞു. പ്രതീക്ഷിച്ചപോലെ തന്നെ ഉപ്പ കരണം നോക്കി ഒരു അടിയായിരുന്നു. മേലാൽ എന്റെ മുമ്പിൽ കണ്ടുപോകരുത്…
കുടുംബത്തെ പറയിപ്പിക്കാനായിട്ട് ജനിച്ച ഒരു സന്തതി, നിനക്ക് അവളെ മാത്രമേ കിട്ടിയൊള്ളോ…ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്…ഇനി എനിക്ക് ഇങ്ങനെ ഒരു മകനില്ല…എന്നും പറഞ്ഞ് ഞങ്ങളെ വീട്ടിൽ നിന്നും ഇറക്കിവിട്ടു.
ബന്ധുവീടുകളിലും കൂട്ടുകാരുടെ വീടുകളിലുമെല്ലാം സഹായമഭ്യർത്ഥിച്ചുകൊണ്ട് ഞാൻ കയറി ഇറങ്ങി. നിനക്ക് വേണമെങ്കിൽ ഇവിടെ കിടക്കാം എന്നും പക്ഷെ അവളെ ഈ വീട്ടിൽ കയറ്റിലെന്നും അവർ എന്നോട് പറഞ്ഞു.
ജീവിതാന്ത്യം വരെ എന്തിനും ഏതിനും കൂടെയുണ്ടാകുമെന്ന് വാക്ക് കൊടുത്ത് കൂടെ കൂട്ടിയ അവളെ ഉപേക്ഷിച്ച് എനിക്ക് ഇവിടെ തനിയെ കിടക്കേണ്ട എന്നും പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ നിന്നെല്ലാം ഇറങ്ങി.
പോകുന്ന വഴിയിൽ നിന്നെല്ലാം ഒരുപാട് പരിഹാസ്യ വാക്കുകളും നോട്ടങ്ങളും ഞങ്ങൾക്ക് നേരിടേണ്ടി വന്നു. ഒരു വേശ്യയുടെ മകളായി ജനിച്ചു എന്നതാണ് അവൾ ചെയ്ത തെറ്റ്, അവളുടെ ഉമ്മയെ നോക്കിക്കാണുന്നതിലും മോശമായാണ് സമൂഹം അവളെ നോക്കിക്കണ്ടിരുന്നത്.
ഇതാണ് എന്റെ ഉപ്പ എന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കാൻ അങ്ങനെ ഒരാൾ ഇല്ലാത്തതിനാലും അമ്മ വേശ്യാവൃത്തിയിലൂടെ ജീവിതം കഴിച്ചുകൂട്ടുന്നതിനാലും അവളോട് എങ്ങനെ വേണമെങ്കിലും പെരുമാറാം എന്ന ചിന്തയിലേക്ക് സമൂഹം വളർന്നു.
ഒരു യാത്രക്കിടയിൽ വെച്ചാണ് ഞാൻ അവളെ പരിചയപ്പെടുന്നത്. കോളേജ് വിട്ട് വരുന്ന അവളെ കൂട്ടത്തിൽ ഒരുത്തൻ കേറിപ്പിടിക്കാൻ ശ്രമിക്കുന്നതും ബാക്കിയുള്ളവർ അവളോട് മോശമായി പെരുമാറുന്നതും കണ്ടപ്പോൾ ഞാൻ അതിൽ കയറി ഇടപെട്ടു. അവളെക്കേറി പിടിക്കാൻ ശ്രമിച്ചവനെ ചെറുതായൊന്നു കൈകാര്യം ചെയ്തു.
അക്രമികളിൽ നിന്നും അവളെ സംരക്ഷിച്ചതിന് ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ അവിടെ നിന്നും നടന്നകന്നു. അവിടെ വെച്ചാണ് അവൾ ആരാണെന്ന് എന്റെ കൂട്ടുകാരനിലൂടെ ഞാൻ തിരിച്ചറിയുന്നത്.
ആ കൂട്ടി ആരാന്ന് നിനക്കറിയോ…?
ഇല്ല…ആരാ…?
അത് ആ മറ്റേ സൈനാത്താടെ….
ഏത്…ആ വേശ്യയുടെ മോളോ…?
അതേടാ…അവൻ അവളുടെ കഥ പറയാൻ തുടങ്ങി…
സൈനാത്ത വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരു മകളുടെ അമ്മയാണ്, വേശ്യാവൃത്തിക്കിടയിൽ ആർക്കോ ഉണ്ടായ അവളുടെ സന്തതി, പക്ഷെ ആ കുട്ടി ഒരു പാവമാണ്, സൈനാത്ത ചെയ്യുന്നതിന്റെയൊക്കെ അനന്തര ഫലം പാവം ആ കുട്ടിയാണ് അനുഭവിക്കുന്നത്.
കാണുന്നവരെല്ലാം അവളെ പരിഹസിക്കും, ചിലരെല്ലാം വളരെ മോശമായി പെരുമാറും, അവൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ…
അവൻ അവസാനം പറഞ്ഞ ആ വാക്കുകൾ “അവൾക്ക് വേണ്ടി ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ” എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
ഒരു തെറ്റും ചെയ്യാത്ത അവളെ എന്തിന് വേണ്ടിയാണ് ഈ സമൂഹം വേട്ടയാടുന്നത് എന്ന് ഞാൻ ചിന്തിച്ചു. അവൾക്ക് ചോദിക്കാനും പറയാനും ആളുണ്ടെങ്കിൽ ഈ പരിഹാസ്യങ്ങളൊന്നും അവൾ നേരിടേണ്ടി വരില്ലെന്ന് ഞാൻ മനസ്സിലാക്കി.
തൊട്ടടുത്ത ദിവസം അവൾ കോളേജ് വിട്ട് വരുന്ന വഴിയിൽ ഞാൻ അവൾക്ക് വേണ്ടി കാത്തിരുന്നു. ഇനിയങ്ങോട്ട് തനിച്ചാണെന്നുള്ള ചിന്ത വേണ്ടെന്നും എന്തിനും ഏതിനും കൂടെയുണ്ടാകുമെന്നും ഞാൻ അവൾക്ക് വാക്ക് കൊടുത്തു. മറ്റാരുടെയും സമ്മതമില്ലെങ്കിലും അവളുടെ പൂർണ്ണ സമ്മതത്തോടെ ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി.
റെജിസ്റ്റർ മേരേജ് ചെയ്ത് അവളെ എന്റെ കൂടെ കൂട്ടി താമസിപ്പിച്ചു. അവളെ പരിഹസിക്കുന്ന സമൂഹത്തിനു മുന്നിൽ ഞാൻ അവൾക്ക് സംരക്ഷണം നൽകി, ശക്തമായ ഭാഷയിലൂടെ അവരുടെ പരിഹാസങ്ങൾക്ക് ഞാൻ മറുപടി കൊടുത്തു.
ആദ്യമൊക്കെ എനിക്കും ഇതിന്റെ പേരിൽ കുറച്ചു പ്രശ്നങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഓരോ ദിവസങ്ങൾ കഴിയും തോറും സമൂഹത്തിന്റെ തെറ്റിദ്ധാരണ മാറിത്തുടങ്ങി. അങ്ങനെ അങ്ങനെ വർഷങ്ങൾക്കിപ്പുറം അന്ന് പരിഹസിച്ചവരും ആട്ടിയോടിച്ചവരും എന്നെ ചേർത്ത് നിര്തിക്കൊണ്ട് പറഞ്ഞു…
നീ അന്ന് ചെയ്തതാണ് ശരി…
(തമിഴ്നാട് സ്വദേശി അജിത്തിന്റെ ജീവിത ഞാൻ എന്റേതാക്കി എഴുതി)