പിന്നീട് ബോധം വന്നപ്പോൾ കൂട്ടത്തിലൊരുവൻ ഈ ഗാനം സ്റ്റാറ്റസിലൂടെ കാണുന്നുണ്ടായിരുന്നു..

(ഇതെന്റെ 18- മത്തെ കഥയാണ് .ശടേന്ന് പറയും മുന്നേ നിങ്ങൾക്കിത് വായിക്കാം..അഭിപ്രായം പറയണേ ❤️)

*വാനിലെ രാത്രി *

രചന: RJ SAJIN

സുബോധത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അവളുടെ തു ടകളിൽ രോമം നിറഞ്ഞ ഒരു കൈ അമരുന്നുണ്ടായിരുന്നു .

ഒന്നുറക്കെ നിലവിളിക്കാൻ പോലും കഴിയാത്ത രീതിയിൽ വായിൽ തുണി കെട്ടി വെച്ചിരുന്ന അവസ്ഥയായിരുന്നു .

കണ്ണ് മുറുക്കെ കെട്ടിയിരുന്നതുകൊണ്ട് കണ്ണീർ പോലും മുന്നോട്ട് കുതിക്കാൻ ഭയന്നു .

അതെ ഇപ്പോഴും വാനിൽ തന്നെയാണ് .അപ്പുറത്തും ഇപ്പുറത്തും ആളുണ്ട് .

അപ്പോഴേക്കും അവൾ വേദനയോടെ കാര്യങ്ങളോർത്തെടുക്കാൻ തുടങ്ങിയിരുന്നു .

ജോലിചെയ്യുന്ന മെഡിക്കൽ സ്റ്റോറിൽ നിന്നിറങ്ങാൻ അൽപ്പം താമസിച്ചതിനാൽ കടയുടെ തൊട്ടുമുന്നിലൂടെ പോകുന്ന ബസ് കിട്ടിയില്ല .നേരമിരുട്ടിയതിനാൽ
പിന്നെ ഓട്ടോ പിടിക്കാനുള്ള ധൃതിപിടിച്ചുള്ള നടപ്പായിരുന്നു .

വിജനമായ വഴിയിലൂടെ വാട്സാപ്പിലെ സ്റ്റാറ്റസും കണ്ട് ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുന്നേരമാണ് രണ്ടു കൈകൾ വന്നു വായപൊത്തിയതും പിന്നാലെ വന്ന വാനിൽ പിടിച്ചു കയറ്റിയതും .

പറ്റാവുന്നത്ര നിലവിളിക്കാനും രക്ഷപ്പെടാനും വാനിൽ കയറ്റും മുന്നേ നോക്കി . മൂന്നുപേരെ തടുക്കാനുള്ള ആരോഗ്യസ്ഥിതിയില്ലാത്തതുകൊണ്ട് ശ്രമം പരാജയമായിരുന്നു .ഇരുട്ടായതുകൊണ്ട്തന്നെ ആരുടേയും മുഖവും വ്യകതമായിരുന്നില്ല .

വാനിൽ കയറ്റിയയുടൻ തന്റെ ഫോൺ വലിച്ചെറിയുകയും മുഖത്താഞ്ഞടിക്കുകയും കയ്യിൽ ഇൻജെക്ഷൻ വെയ്ക്കുകയും ചെയ്തു .പിന്നീട് ചെവിയിൽ നിന്നൊരു മൂളൽ മാത്രമായിരുന്നു .

കയ്യും കണ്ണും വായയും തുണിവെച്ചു കെട്ടുന്നവരെ മാത്രമേ ബോധമുണ്ടായിരുന്നുള്ളൂ .

ഇപ്പോൾ എവിടെയാണെന്നോ എത്ര നേരം വണ്ടിക്കുള്ളിൽ ഇരിക്കുവാണെന്നോ ഒരു പിടുത്തമില്ലാത്ത അവസ്ഥ .

അടുത്തിരിക്കുന്നവന്റെ കൈ തട്ടിമാറ്റി അവന്റെ മുഖത്തു കാർക്കിച്ചു തുപ്പണം എന്നുണ്ട് .

തന്റെ നിസ്സഹായ അവസ്ഥയെ ഓർത്തു അവൾ പല്ലുകൾ കടിച്ചമർത്തി .

മരണമാണ് മുന്നിൽ .

ജീവൻതിരിച്ചുകിട്ടിയാലോ …സമൂഹത്തിന്റെ സഹതാപം കൊണ്ടുള്ള ഒറ്റപ്പെടൽ .

പണത്തിനോ സ്വർണ്ണത്തിനോ ആയിരുന്നേൽ അതെടുത്തിട്ട് ഇവർക്കെന്നെ ഉപേക്ഷിക്കാമായിരുന്നു .

അവരുടെ ലക്‌ഷ്യം 22 വർഷം പഴക്കമുള്ള എന്റെ ശരീരമാണ് ..

അതിൽ അവരുടെ ആഗ്രഹങ്ങൾ നടത്തി എന്റെ സ്വകാര്യ ഭാ ഗങ്ങളിൽ ക ത്തിയും ഇ രുമ്പു ദ ണ്ഡും കയറ്റി എന്നെ കൊ ന്ന് ക ത്തിച്ചുകളയണം ..

വണ്ടിയിലുള്ള പെട്രോൾ മണം തനിക്കിതുതന്നെയാണ് സംഭവിക്കാൻപോകുന്നതെന്ന് അവളെ ഓർമ്മിപ്പിച്ചു .

നാളത്തെ പുലരിയിൽ എന്റെ വീട്ടുകാരും നാട്ടുകാരും ഞാൻ കത്തിയമർന്നത് അറിയും .

രണ്ടുനാൾ ജസ്റ്റിസ് ഫോർ കൃപ സാമൂഹ്യമാധ്യമങ്ങളിൽ കൊണ്ടാടി ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്തം പ്രകടിപ്പിക്കും .

പിടിക്കപ്പെട്ടാലും വേണ്ടത്ര തെളിവുകളില്ലാത്തതുകൊണ്ട് പ്രതികൾ രക്ഷപ്പെട്ടുവരും .

കാത്തിരുന്നു ശമ്പളം കിട്ടിയ ദിവസമായിരുന്നു ഇന്ന് . ഇന്നേവരെ അച്ഛനും അമ്മയ്ക്കും എന്റെ ശമ്പളത്തീന്ന് ഒന്നും വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല .

വീട്ട് ചിലവും കഴിഞ്ഞ്‌ അതിനെവിടെന്നാ പണം .

എന്റെ വരവും കാത്ത് അവരിപ്പോൾ ഉമ്മറത്തിരിപ്പായിരിക്കും .

എന്നും അടികൂടാറുള്ളത് അത്രേം സ്നേഹമുള്ളതുകൊണ്ടാണെന്ന് അനിയനോട് ഞാനെങ്ങനെയിനി പറയും ..

എന്നെ മാത്രം സ്നേഹിച്ചു എന്റെയൊരു മറുപടിക്കായി കാത്തിരിക്കുന്ന വിനീതിനെ എനിക്കും തിരിച്ച് ഇഷ്ടമാണെന്ന് പറയാൻ പറ്റിയില്ലല്ലോ ….

നെഞ്ചിൽ പടപടാ ഇടിക്കുന്ന ശബ്ദം അവളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും ഓർമ്മിപ്പിച്ചു .

തൊട്ടടുത്തിടരിക്കുന്നവൻ തന്റെ കുപ്പായത്തിനുള്ളിലൂടെ കൈകൊണ്ടിഴഞ് ശരീരത്തെ നുള്ളി നോവിപ്പിക്കുന്നുണ്ട് .

കണ്ണിൽ നിന്നുവരുന്ന കണ്ണീരിനു തൊട്ടുമുന്നിലെ തുണിയെ അറിയില്ലല്ലോ ..

രണ്ട് ദിവസം മുന്നേ വന്ന പീ രീഡ്സ് സമ്മാനിച്ച വയറുവേദനപോലും ഇതിനുമുന്നിൽ ഒന്നുമല്ലാതായി നിൽക്കുന്ന അവസ്ഥ .

മറ്റൊരുവൻ ഫോണിലൂടെ സ്റ്റാറ്റസെന്തോ കണ്ടിരിക്കുന്നു . പിടയുന്ന വേദനയിലും അവളുടെ ഇഷ്ടഗാനങ്ങൾ ചെവിയിൽ മുഴങ്ങുന്നുണ്ട് .

അവളുടൻ മനസ്സിൽ എണ്ണിത്തുടങ്ങി .

ഒന്ന് രണ്ട് മൂന്നു …..

ഇനി ആയുസ്സ് എത്ര നിമിഷം …

പെട്ടെന്നായിരുന്നു വണ്ടി ബ്രേക്കിട്ടത് .

തൊട്ടു മുന്നിൽ പോലീസുണ്ടെന്ന് കൂട്ടത്തിലൊരുവൻ പറഞ്ഞപ്പോൾ എവിടെന്നോ വന്ന പ്രതീക്ഷയിൽ സർവ്വ ശക്തിയുമെടുത്തവൾ നിലവിളിക്കാൻ തുടങ്ങി .

വെറുപ്പോടെ കണ്ടിരുന്ന പോലീസിനെ അവൾക്കപ്പോൾ രക്ഷകന്റെ സ്ഥാനമായിരുന്നു .

പക്ഷെ എവിടെനിന്ന് ഒച്ച കേൾക്കാൻ ….അവർ പതിയെ മുന്നോട്ട് പോകാൻ ശ്രമിച്ചു .കാരണം പോലീസ് ബൈക്ക് മാത്രമായിരുന്നു ചെക്ക് ചെയ്തുകൊണ്ടിരുന്നത് .

വണ്ടി മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ പ്രതീക്ഷകൾക്ക് അന്ത്യം വീണിട്ടവൾ അബോധാവസ്ഥയിലേക്ക് വീണ്ടും മടങ്ങിക്കൊണ്ടിരുന്നു .

“ഏയ്യ്‌ ….വണ്ടിയൊന്ന് നിർത്ത് .”

കൂട്ടത്തിലെയൊരു പോലീസ്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞത് തിളച്ചുനിന്ന അവളുടെ മനസ്സിൽ ഒരുതുള്ളി വെള്ളം വീണ പ്രതീതി നൽകി .

വെള്ള നിറത്തിലുള്ള വാനായിരുന്നു ഇതെന്ന് മനസ്സിലാക്കാൻ അപ്പോളേക്കും അവൾക്ക് കഴിഞ്ഞിരുന്നു .

കാരണം വാനിനുള്ളിലേക്ക് പിടിച്ചു കയറ്റാൻ നോക്കുന്ന ബലപ്രയോഗത്തിനിടെ ബാഗിൽ നിന്നും കയ്യിൽ കിട്ടിയ കൺമഷിയുപയോഗിച്ച് ഡോറിനു പുറത്തായി അവൾ അറഞ്ചൊം പുറഞ്ചൊം വരച്ചിരുന്നു .

വെള്ളവാനായതുകൊണ്ട് ഒരുപക്ഷേ പോലീസുകാരൻ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കണം .

പിടിക്കപ്പെടുമെന്നുറപ്പായതിനാൽ അവർ പോലീസിനെ വെട്ടിച്ചു വണ്ടിയെടുത്തു മുന്നോട്ട് കുതിച്ചു .

പോലിസ് ഉടൻ വാനിനെ പിന്തുടരുകയും ചെയ്തു .

മറ്റൊരു വഴിയില്ലാതെ വന്നപ്പോഴേക്കും അവളെ വഴിയിൽ ഉപേക്ഷിച്ചു അവർ കടന്നുകളഞ്ഞു .

സിസിടിവി പോലുമില്ലാത്ത സ്ഥലത്തുനിന്നാണ് ഇവളെ പൊക്കിയത് .വണ്ടിയിൽ നമ്പർ പ്‌ളേറ്റ് മാറ്റിയാ ഒട്ടിച്ചതും .കൂടാതെ അവളുടെ മാനംഭയന്നു അവൾ കേസിനുംപോകില്ല ..

അതായിരുന്നു അവളെ ഉപേക്ഷിച്ചുപോകാൻ അവരിലുണ്ടായ ചേതോവികാരം .

ചെറുബോധം മാത്രമേ ഉള്ളിലുള്ളൂ എങ്കിലുമവൾ റോഡിൽ നിന്നെഴുന്നേറ്റ് കയ്യിലെ കെട്ട് കഷ്ടപ്പെട്ടഴിച്ചിട്ട് മാറിക്കിടന്ന കുപ്പായം നേരെയാക്കി .

അവളുടെ ചുണ്ടുകളപ്പോഴും എന്തോ മന്ത്രിച്ചുകൊണ്ടിരുന്നു .

പാഞ്ഞുവന്ന പോലീസ് അവിടെയെത്തുകയും അവളെ ജീപ്പിൽ കയറ്റുകയും ചെയ്തു .

പോലീസുകാരി കുടിക്കാനുള്ള വെള്ളമവൾക്ക് നൽകിയപ്പോളും അവളങ്ങനെ ചുണ്ടനക്കിക്കൊണ്ടിരുന്നു .

ആയിരത്തി ഒരുന്നൂറ്റി മുപ്പത്തിയഞ്ചു ,…മുപ്പത്തിയാറ് …

അവർ ആരാ എന്താന്നൊക്കെ വനിതാ പോലീസുകാർ ചോദിച്ചപ്പോഴും അവളിങ്ങനെ എണ്ണിക്കൊണ്ടിരുന്നു .

ഉള്ളിലേറ്റ ഭയം അവളുടെ മാനസികനിലയെ തെറ്റിച്ചിരുന്നു .

കൂടെയുള്ള വനിതാ പോലീസുകാർ അവളെ ചേർത്തുപിടിച്ച് ആശ്വപ്പിച്ചു .

തന്റെ കണ്ണീർ തുടച്ച ശേഷം അവൾ എണ്ണൽ നിർത്തി.

ശ്വാസമൊന്നെടുത്തിട്ട് അടുത്തിരുന്ന പോലീസുകാരിയോട് സമയം ചോദിച്ചു ..

“9 മണിയായി .”

നെറ്റി ചുളിച്ച് പിന്നിലോട്ട് നോക്കി മറുപടി കൊടുത്തത് സബ് ഇൻസ്പെക്ടറായിരുന്നു .

“ഈ 1200 എന്നത് എത്ര മിനുട്ടുകളാ …”

തൊട്ടടുത്തനിമിഷം തന്നെ അടുത്ത ചോദ്യം അവൾ ഉന്നയിച്ചു .

ഒന്നാലോചിച്ചശേഷം 20 മിനുട്ടെന്ന് തൊട്ടടുത്തിരിക്കുന്ന പോലീസുകാരി പറഞ്ഞു.

ഇപ്പോഴുള്ള സമയത്തിൽനിന്നും അതുകുറച്ചാൽ 8.40 അല്ലെ ?

അബോധാവസ്ഥയിലാണ് അവളിപ്പോഴുമെന്ന് ഡ്രൈവർ പിറുപിറുത്തു .

അപ്പോഴേക്കും വണ്ടി സ്റ്റേഷനിലെത്തി .

അവളുടെ കുടുംബം നിറകണ്ണുകളുമായി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു .
അവരെ വീണ്ടും കണ്ട സന്തോഷത്തെ ആലിംഗനത്തോടെ അവൾ വരവേറ്റു .

കണ്ണുകൾ ഒരുപാട്കണ്ണീരിനു സാക്ഷിയായ നിമിഷങ്ങളായിരുന്നു അവ .

ചേച്ചി എന്ന് വിളിച്ചു അനിയൻ കരഞ്ഞപ്പോൾ അവന്റെയുള്ളിലെ സ്നേഹത്തെയോർത്ത് അവളിൽ സന്തോഷമുണ്ടായി .

ഇനി വിനീതിനെ വിളിക്കണം…പാവം എന്നെ വിളിച്ചിട്ട് കിട്ടാത്തതിനാൽ അവൻ അന്യനാട്ടിൽ കിടന്ന് വിഷമിക്കുന്നുണ്ടാകും .

അമ്മയുടെ ഫോൺ വാങ്ങിയശേഷം അവിടെ നിന്നും മാറി അവൾ വിനീതിനെ വിളിച്ചു .

ബെല്ലടിക്കുന്നേരം അവളുടെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു .

അവന്റെ പ്രതികരണമെന്തായിരിക്കുമെന്ന് അവളെ അലട്ടിക്കൊണ്ടിരുന്നു .

അവനോട് ഒന്നും ഒളിക്കാൻ പാടില്ലെന്ന് മനസ്സ് അവളോട് മന്ത്രിച്ചു .

അപ്പോഴേക്കും അവൻ ഫോണെടുക്കുകയും സംഭവിച്ചതെല്ലാം ഒരു മടിയോടെ അവൾ തുറന്നുപറയുകയും ചെയ്തു .

മൂന്നാലുപേർ തൊട്ട ശരീരത്തിനുടമയായ എന്നെ അവനിനി എങ്ങനെയായിരിക്കും കാണുക …അവളുടെ മനസ്സിൽ അതുമാത്രമായിരുന്നു .

പക്ഷെ അവന്റെ മറുപടി അവളെ ഞെട്ടിച്ചു .

“നീ നന്നായൊന്ന് കുളിച്ചാൽ ആ അഴുക്ക്‌ മാറും …ഈ മാനമെന്നൊക്കെ പറയുന്നത് വെറും മണ്ണാങ്കട്ടയാണ് . നിന്നെ എനിക്ക് ഇഷ്ടമാണ് ….അതെന്നും അങ്ങനെ തന്നെ ….നീ നിനക്ക് സംഭവിച്ചത് ധൈര്യമായി പോലീസിനോട് പറയ്..നീ വിഷമിക്കേണ്ടതില്ല …നിന്നെ വേദനിപ്പിച്ചവർ നിയമത്തിനു മുന്നിൽ വരണം, ആളുകൾ അറിഞ്ഞാൽ എന്തുണ്ടാകുമെന്നൊന്നും നീ ചിന്തിക്കേണ്ട …ഞാനുണ്ട് കൂടെ .”

ഒരിടിവെട്ടോടുകൂടിയുള്ള മഴപോലായിരുന്നു അവന്റെ വാക്കുകൾ അവളുടെ മനസ്സിൽ കോരച്ചൊരിഞ്ഞത്‌ .

പഴഞ്ചനാ എന്ന് വിളിച്ചവനെ എത്രതവണ കളിയാക്കിയതാ ..പക്ഷെ ഇന്നവന്റെ മനസ്സിന്റെ വലിപ്പം അവളിൽ പ്രണയത്തിന്റെയും ബഹുമാനത്തിന്റെയും വിത്തുകൾ കുന്നോളം പാകി .

അവന്റെ വാക്കുകൾ സമ്മാനിച്ച ആശ്വാസത്തിലും ധൈര്യത്തിലും അവൾ സബ് ഇൻസ്‌പെക്ടറുടെ അടുത്ത് ചെന്നു .

“അവർ ആരാണെന്നോ എന്താണെന്നോ ഉള്ള എന്തേലും തെളിവ് മോളുടെ കയ്യിലുണ്ടോ …എന്താണ് സംഭവിച്ചത് …”

ഇൻസ്‌പെക്ടറെ ഞെട്ടിച്ചുകൊണ്ടായിരുന്നു അടുത്തമറുപടി അവളിൽ നിന്നും വന്നത് .

“സർ ….

8.40 നു എന്റെ വണ്ടിയിലുണ്ടായിരുന്ന ഒരുവൻ കണ്ട സ്റ്റാറ്റസ് ഞാൻ ഇന്ന് കണ്ടിരുന്നു .”

ഒന്നും മനസ്സിലാകാതെ ചുറ്റുമുള്ള പോലീസുകാർ അവളെ തന്നെ സൂക്ഷിച്ചു നോക്കി.

“ആരുടെ ?”

മുന്നിലിരുന്ന സബ് ഇൻസ്പെക്റ്റർ വളരെ ഗൗരവത്തോടെ അവളോട് ചോദിച്ചു .

“ഞാൻ ജോലിക്ക് നിൽക്കുന്ന മെഡിക്കൽസ്റ്റോറിന്റെ ഉടമയായ ആന്റിയുടെ .

ആന്റി മെഡിക്കൽസ്റ്റോറിലിരുന്നു പാടിയൊരു പാട്ടായിരുന്നു സ്റ്റാറ്റസായി ഇട്ടിരുന്നത്……അതും കണ്ട് നടന്നു വന്നപ്പോഴാണ് ഇവർ എന്നെ പിടിച്ച് വണ്ടിയിൽ കയറ്റിയത് . വൈകാതെയെന്റെ ബോധം പോയി . പിന്നീട് ബോധം വന്നപ്പോൾ കൂട്ടത്തിലൊരുവൻ ഈ ഗാനം സ്റ്റാറ്റസിലൂടെ കാണുന്നുണ്ടായിരുന്നു . സമയം അറിയാത്തതുകൊണ്ട് അന്നേരം തൊട്ട് ഞാൻ എണ്ണിത്തുടങ്ങിയതാ …അതേത് സമയമെന്നറിയാനാ വണ്ടിക്കുള്ളിൽ വെച്ചു ഞാൻ സമയം തിരക്കിയത്”

അവൾ വിക്കി വിക്കി ഇത്രയും പറഞ്ഞൊപ്പിച്ചപ്പോഴാണ് പൊലീസിന് കാര്യം പിടികിട്ടിയത് .

8.40നു മെഡിക്കൽ സ്റ്റോറുടമയുടെ സ്റ്റാറ്റസ് കണ്ടയാളാണ് വാനിലുണ്ടായിരുന്നത്

ശരിക്കുമൊരു ബുദ്ധിശാലിയായ പെൺകുട്ടിയാണ് കൃപയെന്ന് അവർ മനസ്സിലാക്കിയതോട്കൂടി പിന്നീടുള്ള ചോദ്യങ്ങൾ അത്രത്തോളം ബഹുമാനത്തോടെയായിരുന്നു .

ആരുടേയും കണ്ണുകളിൽ സഹതാപം കണ്ടില്ല .

പോലീസ് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഒരു മടിയില്ലാതെ അവൾ തന്റേടത്തോടെ മറുപടി നൽകി .

തുടർന്നുള്ള അന്വേഷണത്തിൽ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടയാളെ അവർ കണ്ടുപിടിച്ചു .

ആ സ്ഥലത്ത് മൊബൈൽ ഷോപ്പിട്ടിട്ടിക്കുന്ന ആന്റിയുടെ അകന്ന ബന്ധുകൂടിയായ ഷിബു .

അവൾ പ്രണയം നിരസിച്ചതിന്റെ പകപോക്കൽ ആയിരുന്നു അവന്റെ ലക്‌ഷ്യം .

അന്ന് രാത്രിതന്നെ പ്രതികളെ അവരുടെ വീടുകളിൽനിന്നും കണ്ടുപിടിച്ചതിൽ അവൾ ഉള്ളുകൊണ്ട് ഒരുപാട് സന്തോഷിച്ചു .

ഇതിവിടെ അവസാനിക്കില്ല .

എന്റെ അനുവാദമില്ലാതെ എന്നെ തൊട്ടവന് കടുത്ത ശിക്ഷ കിട്ടിയേ തീരൂ എന്ന വാശി മാത്രമായിരുന്നു അവളുടെ ജ്വലിക്കുന്ന മനസ്സ് നിറച്ചും .

❤️

ആർ ജെ സജിൻ കാട്ടാക്കട