വര്‍ണ്ണക്കാഴ്ച്ചകള്‍
രചന: ദിപി ഡിജു
നേരം വെളുത്തിട്ടില്ല. ട്രെയിന്‍ സ്റ്റേഷനിലേക്ക് അടുത്തു തുടങ്ങി. കൊണ്ടു വന്ന ബാഗും സാധനങ്ങളും അടുക്കി പെറുക്കി വയ്ക്കവേ എല്ലാം ഉണ്ടല്ലോ എന്നു ഒരിക്കല്‍ കൂടി അവള്‍ ഉറപ്പു വരുത്തി. ഒരു വര്‍ഷത്തെ ചെന്നൈ വാസത്തിനുശേഷം തിരിച്ചു വരുകയാണ് നാട്ടിലേക്ക്.
ട്രെയിനില്‍ നിന്ന് സ്റ്റേഷനിലേക്ക് കാലുകള്‍ ഉറപ്പിക്കുമ്പോള്‍ അവളുടെ കാഴ്ച്ച അശ്രുകണങ്ങള്‍ മറയ്ക്കുന്നുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് തന്നെ യാത്രയയ്ക്കാന്‍ വന്ന മാതാപിതാക്കളുടെ കണ്ണില്‍ കണ്ട അവളെ കുറിച്ചുള്ള അഭിമാനം അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
ദൂരെ നിന്നു കൈ വീശി കാണിക്കുന്ന അമ്മയേയും വല്ല്യമ്മാവനേയും നോക്കി മങ്ങിയ ഒരു പുഞ്ചിരി നല്‍കിയശേഷം അവള്‍ പെട്ടികള്‍ ഓരോന്നായി ട്രെയിനിനു വെളിയിലേക്ക് ഇറക്കി വച്ചു.
‘അച്ഛനെവിടെ അമ്മേ…???’
അവള്‍ ചുറ്റും കണ്ണോടിച്ചു.
‘മോളു വാ… നമുക്ക് എല്ലാം പറയാന്‍ സമയം ധാരാളം ഉണ്ടല്ലോ…’
വല്ല്യമ്മാവന്‍ കൈയ്യില്‍ നിന്നും പെട്ടി വാങ്ങുമ്പോള്‍ അമ്മ നേര്‍മ്മയായി അവളുടെ നെറുകയില്‍ ഒന്നു തലോടി.
‘അച്ഛാ… ഞാന്‍ ഒറ്റയ്ക്ക് വന്നോളാം… അധികം ലഗ്ഗേജ്ജ് ഒന്നുമില്ലല്ലോ…!!!’
‘ഹേയ്… അതൊന്നും ശരിയാവില്ല… ഞാന്‍ കൊണ്ടു വന്നോളാം…’
ജോലി കിട്ടിയ ശേഷം ആദ്യമായി നാട്ടില്‍ വന്നപ്പോള്‍ അവളെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ട് പോകുവാന്‍ അച്ഛനു ഉണ്ടായിരുന്ന ആ ഉത്സാഹം അവള്‍ ഒരു നിമിഷം ഓര്‍ത്തു പോയി. അന്ന് ട്രാവലര്‍ ബസ്സില്‍ നിന്ന് ഇറങ്ങിയതും സ്കൂട്ടര്‍ അരികില്‍ ഒതുക്കി വച്ചു ഓടി വന്ന് ഇരുകവിളിലും അച്ഛന്‍റെ സ്നേഹമുദ്രണം പതിപ്പിച്ചു അഭിമാനത്തോടെ അവളെ ചേര്‍ത്തു നിര്‍ത്തിയിരുന്നു. ആ കവിളില്‍ അവള്‍ സ്പര്‍ശിച്ചു. അച്ഛന്‍റെ ചുണ്ടുകളുടെ സ്നേഹച്ചൂട് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.
വീട്ടിലേയ്ക്ക് ഉള്ള വഴിയില്‍ ഉടനീളം എല്ലാവരും നിശബ്ദരായിരുന്നു.
‘എന്നാലും എന്താണ് എന്നെ കൂട്ടാന്‍ അച്ഛന്‍ വരാതിരുന്നത്…???’
മനസ്സില്‍ നൂറു വട്ടം ചോദിച്ചെങ്കിലും, എന്തോ… വാക്കുകള്‍ അണ്ണാക്കില്‍ ഒട്ടിപോയതു പോലെ തോന്നി.
‘വീട്ടിലേയ്ക്ക് ദൂരം കൂടി വരുകയാണോ…??? എന്താ എത്തിപ്പെടാത്തത്…??? അച്ഛനെ കാണാന്‍ വല്ലാത്ത കൊതി തോന്നുന്നു…’
അവള്‍ പുറത്തേയ്ക്ക് മിഴികള്‍ പായിച്ചു. നേരം പുലര്‍ന്നു തുടങ്ങി. അരുണന്‍റെ ശോഭയാര്‍ന്ന സുവര്‍ണ്ണവര്‍ണ്ണകിരണങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റ് ഭീമന്മാര്‍ക്കിടയിലൂടെ ഇടയ്ക്കിടയ്ക്ക് മുഖത്ത് വന്നു പതിക്കുന്നു. അവയില്‍ പലതിലും പതിപ്പിച്ചിരിക്കുന്ന ചില്ലുജാലകങ്ങളിലൂടെ കാണുന്ന പ്രതിരൂപങ്ങള്‍, വണ്ടി മുന്നോട്ടു പായും തോറും ചലിക്കുന്ന ചിത്രങ്ങളായി അനുഭവപ്പെടുന്നു. ആയിരം വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കുന്ന മായാപ്രപഞ്ചം പോലെ.
വല്ല്യച്ഛന്‍റെ കാര്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ഓര്‍മ്മകള്‍ മനസ്സിലേയ്ക്ക് അരിച്ചിറങ്ങി തുടങ്ങി.
അച്ഛന്‍… അമ്മയോട് സ്നേഹം ഉണ്ടെങ്കിലും അച്ഛനോടുള്ള അടുപ്പം ഒരു പടി മുന്നില്‍ ആയിരുന്നു… എന്നും….
ഒരുപാടു കഷ്ടപാടുകള്‍ കടന്നു വന്ന ഒരുവനായിരുന്നു അച്ഛന്‍. പഠിക്കാന്‍ കഴിവുണ്ടായിട്ടും സാമ്പത്തികപരാധീനതകള്‍ വിലങ്ങുതടി ആയപ്പോള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഒട്ടനേകം ഹതഭാഗ്യരില്‍ ഒരാള്‍. ബഹുമുഖപ്രതിഭ ആയിരുന്നിട്ടും ഒരിടത്തും സ്വന്തം മുഖമുദ്ര പതിപ്പിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയ ഒരു ജന്മം.
വലിയ നിലയില്‍ അല്ലെങ്കിലും മെച്ചപ്പെട്ട ഒരു അവസ്ഥയില്‍ എത്തിയപ്പോഴും ഇല്ലായ്മകള്‍ അറിയിച്ചു തന്നെയാണ് അയാള്‍ മക്കളെ വളര്‍ത്തിയത്. തനിക്ക് സാധിക്കാതെ പോയ ഓരോ കാര്യങ്ങളും മക്കള്‍ എത്തിപ്പിടിക്കുന്നതു കാണുമ്പോള്‍ ലോകം കൈക്കുമ്പിളിലാക്കിയ സന്തോഷം അനുഭവിച്ചിരുന്ന ഒരു പാവം ജന്മം. അതായിരുന്നു അച്ഛന്‍.
പഠനത്തില്‍ അച്ഛനെ പോലെ തന്നെ അവളും മുന്‍പന്തിയില്‍ ആയിരുന്നു. അച്ഛന്‍റെ അത്രയല്ലെങ്കിലും കലാസാഹിത്യരംഗങ്ങളിലും അവള്‍ കഴിവു തെളിയിച്ചിരുന്നു. ഓരോ സമ്മാനങ്ങള്‍ ലഭിക്കുമ്പോഴും അതിനേക്കാള്‍ വിലയുണ്ടായിരുന്നു അവള്‍ക്ക് അച്ഛന്‍റെ കണ്ണുകളില്‍ കാണുന്ന ആ തിളക്കത്തിന്. അതു കാണാന്‍ വേണ്ടി അവള്‍ വാശിയോടെ പഠിച്ചു. വിജയങ്ങള്‍ പലതും വാരികൂട്ടി.
ഡിഗ്രി പരീക്ഷയില്‍ റാങ്ക് നേടിയതിനോടൊപ്പം ഇരട്ടി മധുരം നല്‍കുന്നതായിരുന്നു ക്യാംപസ് പ്ലേയ്സ്മെന്‍റ് വഴി ലഭിച്ച ചെന്നൈയിലെ ജോലി. ഇന്ത്യയിലെ തന്നെ ഐ ടി ഭീമനായ സ്ഥാപനത്തില്‍ അവള്‍ക്ക് ജോലി ലഭിച്ചു എന്നത് ആ കുടുംബത്തില്‍ ഉള്ളവരെയെല്ലാം ആനന്ദസാഗരത്തില്‍ ആറാടിക്കാന്‍ പോന്ന വാര്‍ത്ത ആയിരുന്നു.
യുവതയുടെ കഴിവുകളെ ഊറ്റിയെടുത്തു ഒപ്പം അവരുടെ ഭാവിയെ അനിശ്ചിതത്ത്വത്തില്‍ ആക്കുന്ന കുത്തക കമ്പനികളുടെ ഉള്ളുകള്ളികളെക്കുറിച്ച് ധാരണയില്ലാതെ അവര്‍ ആര്‍ത്തുല്ലസിച്ചു. എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ഒരു നല്ല നാളെയെ സ്വപ്നം കണ്ടു കൊണ്ട് അവള്‍ പുറപ്പെട്ടു.
തികച്ചും അപരിചിതമായ ആ സ്ഥലത്തും മറ്റുള്ളവരുമായി വളരെ പെട്ടെന്ന് ഇണങ്ങുന്ന അവളുടെ പ്രകൃതം കൊണ്ട് അവള്‍ക്ക് ഒത്തിരി സുഹൃത്തുക്കളെ ലഭിച്ചിരുന്നു.
‘മോളെ, മോള്‍ക്ക് റാങ്ക് കിട്ടിയതില്‍ അഭിനന്ദിക്കാന്‍ പഞ്ചായത്ത് ഒരു മീറ്റിങ്ങ് വിളിച്ചു കൂട്ടിയിട്ടുണ്ട്… പക്ഷേ മോള്‍ക്ക് വരാന്‍ പറ്റില്ലല്ലോ…???’
‘അതിനെന്താ അച്ഛാ… അച്ഛന്‍ പോയാല്‍ മതി… ഞാന്‍ പോകുന്നതും അച്ഛന്‍ പോകുന്നതും ഒരു പോലെ തന്നെയല്ലേ…???’
അവളുടെ ആ വാക്കുകള്‍ അച്ഛനു നല്‍കിയ ഉത്സാഹം അയാളുടെ പിന്നീടുള്ള വാക്കുകളില്‍ പ്രകടമായിരുന്നു.
‘അച്ഛന്‍ അടിച്ചു കസറുവായിരുന്നു… എന്താ ഒരു പുളുവടി…???മൈക്ക് കയ്യില്‍ കിട്ടിയാല്‍ ഇങ്ങനെയുണ്ടോ മനുഷ്യര്‍…?? ലോകത്തു വേറെ എവിടെയും ഇല്ലാത്ത ഒരു അച്ഛനും മകളും…’
‘അയ്യോടി ഞാന്‍ എന്തു പുളുവാ അടിച്ചേ… പിന്നെ ഞങ്ങള്‍ അച്ഛനും മകളും ലോകത്തു വേറെ ഇല്ലാത്തതു തന്നെയാ… അല്ലേടീ മോളെ…???’
ഫോണിലൂടെയുള്ള അച്ഛന്‍റെയും അമ്മയുടെയും സംസാരം കേട്ട് അന്ന് അവള്‍ തലയറുന്നു ചിരിച്ചു.
ട്രെയ്നിങ്ങ് കഴിഞ്ഞു ഒരുപാടു നാള്‍ ആയിട്ടും അവളേയും മറ്റു അനവധി കുട്ടികളേയും ഒരു പ്രോജക്റ്റിന്‍റേയും ഭാഗം ആക്കിയിരുന്നില്ല. അതിന്‍റെ കാരണം എന്തെന്നു മനസ്സിലാക്കാന്‍ അധികം വൈകേണ്ടി വന്നില്ല. ഏകദ്ദേശം രണ്ടായിരത്തോളം പേര്‍ക്ക് ഒരുമിച്ച് ഈ-മെയില്‍ വഴി അറിയിപ്പു വന്നു. പ്രോജക്ട് ഇല്ലാത്തതിനാല്‍ ഒരു മാസത്തിനുള്ളില്‍ കമ്പനിയില്‍ നിന്നു പിരിഞ്ഞു പോകണം.
നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം ചില്ലുകൊട്ടാരം പോലെ ഒരു നിമിഷം കൊണ്ട് തകര്‍ന്നു പോകുന്നതു പോലെ തോന്നി.സത്യാവസ്ഥ എന്താണ് എന്ന അന്വേഷണം ഞെട്ടിക്കുന്ന വസ്തുതകളിലേയ്ക്ക് ആണ് വിരല്‍ ചൂണ്ടിയത്.
അവര്‍ക്ക് ആവശ്യം ഓരോ ഉദ്യോഗാര്‍ത്ഥിയുടെ കൈകളില്‍ നിന്നും ഈടാക്കുന്ന ‘ബോണ്‍ട് എമൗണ്‍ഡ്’ എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന, സാധാരണക്കാരെ സംബന്ധിച്ചു ഭീമമായ തുക ആയിരുന്നു. പൊടിപ്പും തൊങ്ങലും വച്ച് നല്‍കുന്ന അവരുടെ വാഗ്ദാനങ്ങളില്‍ അകപ്പെട്ടു പോകുന്ന യുവത്വം ചെന്നുപെട്ടിരുന്നത് മുഖംമൂടി അണിഞ്ഞ ചതികൂമ്പാരങ്ങളിലേയ്ക്ക് ആയിരുന്നു.
ഓരോ തവണയും ഇതു പോലെ ജോലി ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും ഈടാക്കുന്ന ഈ സംഖ്യ പലതുള്ളി പെരുവെള്ളം പോലെ ആകുമ്പോള്‍ അവര്‍ അത് മറ്റു ബിസിനസ്സ് ആവശ്യങ്ങളില്‍ മുതല്‍മുടക്കായി ഉപയോഗപ്പെടുത്തും. ഇടയില്‍ ആയിരമോ രണ്ടായിരമോ പേരെ ആ കാശ് തിരികെ കൊടുത്തു പറഞ്ഞയക്കുമ്പോള്‍ അവരുടെ ന്യായവാദം കാശ് തിരികെ തന്നല്ലോ എന്നതാകും. അപ്പോഴേക്കും അടുത്ത ബാച്ച് ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചിരിക്കും.
ഒരു എക്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പോലും നല്‍കാതെ അവര്‍ പറഞ്ഞു വിടുന്ന ഈ ബിരുദധാരികള്‍ക്ക് മറ്റൊരു ജോലി ലഭിക്കാന്‍ ഒത്തിരി കഷ്ടപ്പെടേണ്ടി വരും. ബിരുദത്തിനുശേഷം തുടര്‍പഠനം എന്നു മനസ്സില്‍ കരുതിയിരുന്ന പല വിദ്യാര്‍ഥികളും ഇത്രയും നല്ലൊരു ജോലി കിട്ടുമ്പോള്‍ അത് വേണ്ടെന്ന് വയ്ക്കില്ല. കാരണം അവരുടെ വാഗ്ദാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയിലെ ഉന്നതവിദ്യാഭ്യാസവും ഉണ്ടാകും. അതും കൂടി ജോലിയോടൊപ്പം നഷ്ടപ്പെടുമ്പോള്‍ പകുതിയിലധികം യുവാക്കള്‍ പിന്നീട് പഠനം തുടരാനും വിമുഖത കാട്ടും.
ചുരുക്കത്തില്‍ പഠനവും സ്വപ്നങ്ങളും പാതി വഴിയില്‍ തകര്‍ത്തെറിയുന്ന വെള്ളപൂശിയ കുഴിമാടങ്ങളില്‍ അവര്‍ ചെന്നു പതിക്കുന്നു.
‘മോളെ, ചെന്നൈയില്‍ തന്നെ വേറെ ജോലി കിട്ടുമോ എന്നു നീ ഒന്നു ശ്രമിച്ചു നോക്കൂ….’
ജോലി നഷ്ടമാകാന്‍ പോകുന്നു എന്ന ഈ മെയില്‍ ലഭിച്ചപ്പോള്‍ അച്ഛന്‍ വിളിച്ചു പറഞ്ഞത് കേട്ട് അവള്‍ ഒരു ജോലിക്കായി അവിടെ ഒത്തിരി അലഞ്ഞു. ജോലി പരിചയം കാട്ടുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അവള്‍ തഴയപ്പെട്ടു. സാമ്പത്തികമാന്ദ്യവും വിലങ്ങുതടിയായി.
‘മോളെ ജോലി കിട്ടിയില്ലെങ്കിലും നിനക്ക് അവിടെ തന്നെ നിന്നുകൂടെ…? ചിലവിനുള്ള കാശ് എങ്ങനെയെങ്കിലും അയച്ചു തരാം… ഇവിടെ പഞ്ചായത്തിലെ സ്വീകരണചടങ്ങ് കഴിഞ്ഞിട്ടു മാസങ്ങള്‍ ആയുള്ളൂ… ഞാന്‍ അവിടെ എത്ര അഭിമാനത്തോടെ നിന്നതാണ്… നീ ഇപ്പോള്‍ തിരിച്ചു വന്നാല്‍… അത് വല്ലാത്ത നാണക്കേടാകും എനിക്ക്…’
‘അച്ഛന്‍റെ നാവില്‍ നിന്നു തന്നെയാണോ ഞാനീ കേള്‍ക്കുന്നത്…??? എന്‍റെ ഭാഗത്ത് എന്തു തെറ്റു ഉണ്ടായിട്ടാണ് അച്ഛാ…??? ഇതു വരെ അഭിമാനിക്കാന്‍ അല്ലാതെ ഞാന്‍ ഒരു അവസരം ഉണ്ടാക്കിയിട്ടുണ്ടോ…??? ഇപ്പോള്‍ എനിക്ക് നിങ്ങളുടെ ചേര്‍ത്തു നിര്‍ത്തല്‍ വേണ്ട ഈ വേളയില്‍…???’
ഒത്തിരി ചോദ്യങ്ങള്‍ മനസ്സില്‍ നിറഞ്ഞെങ്കിലും അവള്‍ ഒരു മൂളലില്‍ എല്ലാം ഒതുക്കി. ജീവന്‍ നഷ്ടപ്പെടുന്നതു പോലെ തോന്നി. എന്തിനുവേണ്ടിയാണ് ഇങ്ങനെ ജീവിക്കുന്നത് എന്നു പോലും ചിന്തകള്‍ വളര്‍ന്നു. ഒരു മാസം എങ്ങനെയൊക്കെയോ തള്ളി നീക്കി.
‘മോളെ, നീ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തോളൂ…. അച്ഛന്‍ പറഞ്ഞു അവളോട് തിരിച്ചു വരാന്‍ പറയാന്‍…’
‘എന്താനാണ് അമ്മേ ഇപ്പോള്‍ ഇങ്ങനെ…??? അങ്ങോട്ടു തിരികെ വന്നാല്‍ അച്ഛനു…’
മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. വിങ്ങി പൊട്ടിപോയി.
‘മോളെ, അത്… അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു… മോള്‍ക്ക് അറിയാല്ലോ ഒത്തിരി കഷ്ടപ്പെട്ടും ലാളിച്ചും വളര്‍ത്തിയതാണ് അച്ഛന്‍ തന്‍റെ സഹോദരങ്ങളെ… പക്ഷേ അവര്‍ ഒരവസരത്തില്‍ അച്ഛനെ തള്ളിപ്പറഞ്ഞു അന്ന്… അച്ഛനു അത് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു… ആ സങ്കടത്തില്‍ അന്ന് ഒത്തിരി കുടിച്ചു… പിന്നെ മോളെ കുറിച്ചോര്‍ത്തുള്ള സങ്കടവും… അങ്ങനെ അറിയാതെ പറഞ്ഞു പോയതാണ്…’
‘എത്ര സങ്കടം ആണേലും അമ്മേ… ഒരാളുടെ നാവില്‍ നിന്നു പുറപ്പെടുന്ന വാക്കുകള്‍, കേള്‍ക്കുന്ന ആളെ എത്ര മുറിവേല്‍പ്പിക്കും എന്നു അച്ഛന്‍ എന്തേ മറന്നു പോയത്…???’
‘മോളു തല്‍ക്കാലം അതൊക്കെ മറന്നേക്കൂ… അടുത്ത ട്രെയിന്‍ തന്നെ ബുക്ക് ചെയ്തു നാട്ടിലേക്ക് പോരൂ…’
എത്ര വിഷമാവസ്ഥയില്‍ ഉള്ളപ്പോള്‍ പറഞ്ഞ വാക്കുകള്‍ ആണെങ്കിലും അത് ഇപ്പോഴും മനസ്സിനെ പോറി ആ വേദനയില്‍ ആ വാക്കുകള്‍ ആത്മനിര്‍വൃതി അടയുന്നതു പോലെ തോന്നുന്നു.
‘മോളു, ഇത് എന്ത് ആലോചിച്ചിരിക്കുവാണ്…??? വീടെത്തി… ഇറങ്ങുന്നില്ലേ…???’
വല്ല്യച്ഛന്‍റെ ശബ്ദമാണ് ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.
ബാഗും തൂക്കി അകത്തേക്ക് കടക്കുമ്പോള്‍ കണ്ടു അച്ഛന്‍റെ മുറിയില്‍ ഒരു നിഴലനക്കം. അങ്ങോട്ടു പോകാന്‍ ഒരുങ്ങിയപ്പോള്‍ അമ്മ തടഞ്ഞു.
‘പോയി കുളിച്ചിട്ടു വാ…’
കുളിച്ചു വരുമ്പോഴേക്കും അമ്മ ഭക്ഷണം വിളമ്പിയിട്ടുണ്ട്. കഴിക്കാന്‍ നില്‍ക്കാതെ നേരെ അച്ഛന്‍റെ മുറിയിലേക്ക് ചെന്നു. അവിടെ ചെന്നപ്പോള്‍ കാഴ്ച്ച മങ്ങുന്നതു പോലെ തോന്നി. കരഞ്ഞു വാടി തളര്‍ന്ന് അച്ഛന്‍.
‘ഒരു പക്ഷെ… ഞാന്‍ ഈ അവസ്ഥയില്‍ തിരിച്ചു വന്നതിന്‍റെ നാണക്കേടാകുമോ…???’
ആദ്യം ചിന്തകള്‍ സഞ്ചരിച്ചത് ആ വഴിക്കാണ്.
അവളെ കണ്ടതും പൊട്ടിക്കരഞ്ഞു കൊണ്ട് അച്ഛന്‍ അവളെ കെട്ടിപിടിച്ചു.
‘എന്‍റെ പൊന്നുമോളെ, നീ എന്നോട് ക്ഷമിക്കണം… ഞാന്‍… ഞാന്‍ അന്ന് നിന്നോട്… അറിയാതെ പറഞ്ഞു പോയതാണ്… നിനക്ക് വിഷമം ആയീന്നു അറിയാം… അച്ഛനു അതു കൊണ്ടു നിന്‍റെ മുന്നില്‍ വരാന്‍ പോലും…’
അവള്‍ അച്ഛന്‍റെ ചുണ്ടിനു മുകളില്‍ വിരല്‍ വച്ചു.
‘സാരമില്ല അച്ഛാ… എന്‍റെ അച്ഛന്‍ അല്ലേ…???’
‘എന്‍റെ കുഞ്ഞ് ഏതു അവസ്ഥയില്‍ ആയാലും അവളെ ഞാന്‍ ഒരിക്കലും വിട്ടു കളയില്ല… അങ്ങനെ പറയാന്‍ പാടില്ലാര്‍ന്നു… ദാ… ഇങ്ങനെ ചേര്‍ത്തു തന്നെ നിര്‍ത്തും… എന്നും എന്‍റെ കുഞ്ഞിനെ….’
അയാള്‍ അവളെ മാറോടണച്ചു.
‘എത്രയൊക്കെ മറക്കാന്‍ ശ്രമിച്ചാലും ആ കുത്തിപ്പറിക്കുന്ന വാക്കുകള്‍ ഇപ്പോഴും മനസ്സിലേയ്ക്ക് വരും… പക്ഷേ ആ വാക്കുകള്‍ തന്നെയല്ലെ എന്നില്‍ വാശി വളര്‍ത്തിയതും… ഇന്നീ നിലയില്‍ ഞാന്‍ എത്തിയതും…!!!’
അവള്‍ ഒന്നുകൂടി ആ കസേരയിലേയ്ക്ക് ചാരി ഇരുന്നു.
അന്ന് ആ വാശിയില്‍ തന്നെയാണ് കൊച്ചു കൊച്ചു ജോലികളിലൂടെ ആരെയും ബുദ്ധിമുട്ടിക്കാതെ പഠനം തുടര്‍ന്നതും, പതിയെ ബിസ്സിനസ്സ് രംഗത്തേയ്ക്ക് കാലെടുത്തു കുത്തിയതും, ഇന്ന് അനേകര്‍ക്ക് ജോലി നല്‍കുന്ന ഒരു ബിസ്സിനസ്സ് സംരംഭക ആയതും.
‘നീ ഇപ്പോള്‍ തിരിച്ചു വന്നാല്‍… അത് വല്ലാത്ത നാണക്കേടാകും എനിക്ക്…’
പരാജയങ്ങള്‍ നേരിടുമ്പോള്‍ ഡയറിയില്‍ ഒത്തിരിവട്ടം എഴുതിച്ചേര്‍ത്ത ആ വാക്കുകള്‍ വീണ്ടും വായിച്ചു നോക്കും. ആ പരാജയത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അത് വല്ലാത്ത ഒരു ശക്തി നല്‍കും.
ചിലപ്പോഴൊക്കെ അവള്‍ ചിന്തിക്കും ആ സാഹചര്യത്തില്‍ ആ വാക്കുകള്‍ നല്‍കിയ ആഘാതം അവളെ ഒത്തിരി നാള്‍ വിഷാധാവസ്ഥയിലേയ്ക്ക് നയിച്ചെങ്കിലും അവള്‍ക്ക് അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാനും തിരിച്ചു വരാനും സാധിച്ചു. അതിനു കഴിയാത്ത എത്രയോ പേര്‍…???
ഒരു താങ്ങു പ്രതീക്ഷിക്കുന്ന അവസരങ്ങളില്‍ ഉറ്റവരുടെ, ‘അറിയാതെ നാവില്‍ നിന്നു വീണുപോകുന്ന വാക്കുകളില്‍’ തളര്‍ന്നു ജീവിതം നഷ്ടപ്പെട്ടു പോകുന്നവര്‍! നിലയില്ലാ കായത്തിലേയ്ക്ക് വീണു പോകുന്നവര്‍!
‘മോളെ…’
‘നീയറിഞ്ഞോ…??? നിന്‍റെ പഴയ കമ്പനി വിപണിയില്‍ തകര്‍ന്നടിഞ്ഞു കൂപ്പുകുത്തി… എത്ര യുവാക്കളുടെ കണ്ണുനീര്‍ ഉള്ളതാണ്… അങ്ങനെ തന്നെയല്ലേ വരുള്ളൂ… അവര്‍ അതിന്‍റെ ഓഹരി വില്‍ക്കാന്‍ വച്ചിരിക്കുവാണെന്ന്… നോക്കുന്നോ…???’
‘അയ്യോ… വേണ്ടായെ… നമ്മുക്ക് ഉള്ളതു കൊണ്ട് ഓണം പോലെ…’
അച്ഛനും മകളും ചേര്‍ന്നു നിന്നു പുഞ്ചിരിക്കുമ്പോഴും ആ വാക്കുകള്‍ അവളുടെ ഉള്ളിലേയ്ക്ക് ഓടി വന്നു.
‘നീ ഇപ്പോള്‍ തിരിച്ചു വന്നാല്‍… അത് വല്ലാത്ത നാണക്കേടാകും എനിക്ക്…’
അവള്‍ അച്ഛനെ ഒന്നുകൂടി ഇറുകെ കെട്ടിപിടിച്ചു.
(Based on a true Story)