എന്നു മുതൽക്കാണ് തൻ്റെ മനസ്സിൽ നിർമ്മലേച്ചിക്കു മറ്റൊരു ഭാവം കൈവന്നത്. വിനു ഓർത്തു…

നിർമ്മലേച്ചി

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

പ്രഭാതം…മഴപ്പെയ്ത്തു തുടരുകയായിരുന്നു.

ഭൂമിയിലെ സകല ചരാചരങ്ങളോടും വൈഷമ്യം ഉദ്ഘോഷിച്ചാണ് മാരിയുടെ കനത്ത നിപാതം. കിടപ്പുമുറിയുടെ ജനവാതിൽ പാതി തുറന്ന് വിനു പുറത്തേക്കു മിഴികൾ പായിച്ചു. കനത്ത മഴച്ചരടുകളിൽ തട്ടിത്തടഞ്ഞ് നിരങ്ങി നീങ്ങിയ കാഴ്ച്ച, അങ്ങേ വേലിക്കപ്പുറത്തേ മൺകൂനയിൽ പതിഞ്ഞു നിന്നു. ഇന്നലേ അവിടെയെല്ലാം, എള്ളു മുളച്ചുപൊന്തിയിരുന്നു. ഇന്ന്, അവയെ പേമാരി സമൂലം പിഴുതെറിഞ്ഞിരിക്കുന്നു. പച്ചപ്പട്ട നെടുകെ കീറി അതിൻമേൽ കുത്തിവച്ച മൺകുടം വീണുടഞ്ഞു പോയിരിക്കുന്നു.

ജനലഴികളിൽ മുഖം ചേർത്തു നിൽക്കേ വിനുവിനു കോരിയേറ്റി. ദേഹം കിടുകിടുത്തു. എട്ടു പകലുകൾ മാത്രം പ്രായമുള്ള മൺകൂനയിൽ മഴയുടെ ആസുരത ശക്തി പ്രാപിക്കുന്നു. എത്രയും വേഗം തുടച്ചു മാറ്റാൻ മഴ തീരുമാനിച്ചിട്ടുണ്ടാകും. അതു മഴ മാത്രമല്ല, മുടിയഴിച്ചുലഞ്ഞാടുന്ന ഏതോ പ്രതികാര രുദ്രയെന്നു അവനു തോന്നി. ഇത് നിർമ്മലേച്ചിയാണോ….

പൊടുന്നനേ, വൃക്ഷ ശിഖരങ്ങളെ ചുഴറ്റിയുലച്ചു കൊണ്ടൊരു കാറ്റു വീശി. വേലിക്കലേ നാട്ടുമാവിൽ നിന്നും, ഒരു ശിഖരമടർന്നു നിലം പതിച്ചു. ചിതറിയ പച്ചിലച്ചാർത്തുകൾക്കിടയിൽ, തകർന്നു തരിപ്പണമായ ഒരു പക്ഷിക്കൂടു ചിതറിക്കിടന്നു. പറക്കമുറ്റാ പക്ഷിക്കുഞ്ഞുങ്ങൾ മഴയിൽ മുങ്ങിച്ചത്തു. അവയുടെ പ്രാണപരാക്രമങ്ങൾ, വീണ്ടും നിർമ്മലചേച്ചിയെ കൺമുന്നിൽ വിരുന്നെത്തിച്ചു.

ആറു വർഷം മുൻപൊരു തിരുവോണപ്പുലരിയിലാണ് നിർമ്മലേച്ചി അയൽവീട്ടിലെത്തുന്നത്. അയൽപക്കത്തേ ബാലൻ എന്നു വിളിക്കുന്ന ബാലകൃഷ്ണേട്ടൻ്റെ ഒപ്പം ഒളിച്ചോടി വന്നതാണ്. കൂലിപ്പണിക്കാരനായ ബാലേട്ടൻ അസ്സലായി ഓണക്കളിപ്പാട്ടുകൾ പാടും. ഓണക്കാലത്ത്, ഒത്തിരിയിടങ്ങളിൽ ഓണക്കളിക്കു പോകാറുമുണ്ട്. ബാലേട്ടൻ്റെ പാട്ടുകളായിരിക്കാം, ഒത്തിരി ദൂരെയുള്ള നിർമ്മലചേച്ചിയുടെ കരളിൽ പ്രണയത്തിൻ്റെ ഊഞ്ഞാൽ ചലനങ്ങളൊരുക്കിയത്.

ഡിഗ്രി കഴിഞ്ഞ്, നാട്ടിലൊരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻ്റായി ജോലി നോക്കുന്ന കാലം. നിർമ്മലേച്ചി അയൽവീട്ടുകാരുമായി വളരേ വേഗം സൗഹൃദം സ്ഥാപിച്ചു. നല്ല വിദ്യാഭ്യാസമുള്ളവരായിരുന്നു. ബാലേട്ടൻ്റെ ഓണഗാനങ്ങളുടെ സൗകുമാര്യം മ ദ്യത്തിൽ മുങ്ങുമ്പോൾ മുഴുത്ത അ ശ്ലീലമാകുന്നത് വളരേ വേദനയോടെയാണ് ചേച്ചി നോക്കിക്കണ്ടത്. ബാലൻ ചേട്ടൻ്റെ അമ്മ വളരേക്കാലം മുൻപേ മരിച്ചു പോയതാണ്. ഒരു വിഭാര്യൻ്റെ സകല അസഹിഷ്ണുതകളും ബാലേട്ടൻ്റെ അച്ഛനുണ്ടായിരുന്നു.

ബാലേട്ടൻ അമിതമായി മ ദ്യപിച്ച് ജോലിക്കു പോകാതെ കുഴഞ്ഞു വീഴുന്ന പകലുകളിൽ,ഭർതൃപിതാവിൻ്റെ മിഴികളിൽ കാ മം നുര കുത്തുമ്പോൾ, നിർമ്മലേച്ചി ഈ വീടു തേടിയെത്താറുണ്ട്.

അമ്മയായിരുന്നു ചേച്ചിയുടെ കൂട്ട്…അച്ഛൻ നാട്ടിലെ ജോലികൾക്കു പോകുകയും, താൻ ഓഫീസിൽ പോകുകയും ചെയ്താൽ അമ്മയും നിർമ്മലേച്ചിയും ഒരുപാടു നേരം വർത്തമാനം പറഞ്ഞിരിക്കും.

അമ്മയിൽ നിന്നാണ് ചേച്ചിയെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. നല്ല വിദ്യാഭ്യാസമുള്ള, തരക്കേടില്ലാത്ത കുടുംബത്തിൽ പിറന്ന ചേച്ചിക്ക് അപസ്മാരത്തിൻ്റെ ദീനമുണ്ടായിരുന്നത്രേ… വല്ലപ്പോഴും മാത്രമേ അസുഖം വരാറുള്ളുവെങ്കിലും, വീട്ടുകാരും ബന്ധുക്കളുമെല്ലാം അതിൽ ഏറെ അസ്വസ്ഥരായിരുന്നു.

ആയിടക്കാണ് ബാലൻചേട്ടൻ, ചേച്ചിയുടെ കരളിൽ ഓണപ്പാട്ടുകളാൽ പ്രണയം നിറച്ചത്. രോഗമൊന്നും ഏട്ടനു വിഷയമല്ലായിരുന്നു. മ ദ്യം മാത്രമായിരുന്നു, ഏട്ടൻ്റെ എക്കാലത്തേയും വലിയ വിഷമം.

ആറു വർഷങ്ങൾ എത്ര പൊടുന്നനേയാണ് കടന്നു പോയത്. ആറു വർഷങ്ങൾ കൊണ്ട് ബാലേട്ടൻ അറുപതുകാരനേക്കാൾ ദുർബ്ബലനായി. ചേറ്റിൽ വിളഞ്ഞ ചെന്താമര പോലെ നിർമ്മലേച്ചി ശോഭിച്ചു നിന്നു. കാലം, അവർക്കു മക്കളേ നൽകിയിരുന്നില്ല.

എന്നു മുതൽക്കാണ് തൻ്റെ മനസ്സിൽ നിർമ്മലേച്ചിക്കു മറ്റൊരു ഭാവം കൈവന്നത്.
വിനു ഓർത്തു. സായന്തനങ്ങളിൽ അമ്മയോടു നാട്ടുവിശേഷവും, മടങ്ങും വഴി തന്നോടു ജോലിക്കാര്യങ്ങളും തിരക്കുന്ന ചേച്ചിയുടെ കൊഴുപ്പുകളിലേക്കു മിഴികൾ സഞ്ചരിക്കാൻ തുടങ്ങിയത് എന്നു മുതലെന്നു തീർച്ചയില്ല. ഒരു പക്ഷേ, ഒരത്താഴപട്ടിണിക്കാരിയുടെ വിശപ്പു മാറ്റാനുള്ള ആർജ്ജവം തനിക്കുണ്ടെന്ന തോന്നലിൻ്റെ അഹങ്കാരമായിരുന്നിരിക്കാം….

ഒമ്പതു ദിവസങ്ങൾക്കു മുൻപ് ഒരു ഞായർപ്പകൽ…

“ചേച്ച്യേയ്…..” എന്ന് അമ്മയെ നീട്ടി വിളിച്ചാണ് നിർമ്മലേച്ചി അടുക്കളപ്പുറത്തേക്കു വന്നത്. അച്ഛനു കുറേ കാലമായി നിലയ്ക്കാത്ത വയറുവേദനയുണ്ട്. അത് താലൂക്ക് ആശുപത്രിയിൽ കാണിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്കു റഫർ ചെയ്തു. അമ്മയും അച്ഛനും രാവിലെ പോയതാണ്. നാൽപ്പതു കിലോമീറ്ററിലധികമുണ്ട് മെഡിക്കൽ കോളേജിലേക്ക്…എപ്പോൾ മടങ്ങുമെന്ന് ആർക്കറിയാം. പോകും മുൻപേ, നിർമ്മലേച്ചിയോടു പറയാൻ അമ്മ ഒരുങ്ങിയതാണ്. അന്നേരം, ബാലേട്ടൻ്റെ മ ദ്യപാനശേഷമുള്ള താണ്ഡവം അരങ്ങേറുന്ന നേരമായിരുന്നു.

“വിനൂ…..അവർ പോയത് ഞാനറിഞ്ഞില്ല…ഇന്ന്, രാവിലെ മുതൽ അവിടെ എന്തായിരുന്നു പുകില്….ഭക്ഷണവും, പാത്രങ്ങളുമെല്ലാം തകർത്തു കളഞ്ഞു.തല്ല്, എനിക്ക് ഇപ്പോൾ ശീലമായി…എൻ്റെ ഡിഗ്രിയുടെ സർട്ടിഫിക്കറ്റുകൾ, ഓട്ടോഗ്രാഫുകൾ എല്ലാം അയാൾ തീയിട്ടു.ഞാനിപ്പോൾ വെറും വട്ടപ്പൂജ്യമായിരിക്കുന്നു.ഒന്നും സ്വന്തമായില്ലാത്ത പാഴ്ജന്മം…”

പൊടുന്നനേ ചേച്ചി കുഴഞ്ഞു വീണു.താങ്ങിപ്പിടിച്ചു അടുക്കളയിൽ കിടത്തി. ചേച്ചിയൊന്നു പിടഞ്ഞടിച്ചു. വായിൽ നിന്നും നുരയും പതയും വന്നു. കണ്ണുകൾ പുറകോട്ടു മറിഞ്ഞു. ബോധഹീനയായി….

ഒത്തിരി നേരം കഴിഞ്ഞാന്ന്, ചേച്ചി മിഴികൾ തുറന്നത്…ഉലഞ്ഞ വസ്ത്രങ്ങളും, ചിതറിയ മുടിയും നേരെയാക്കി അവർ എഴുന്നേൽക്കാൻ ശ്രമിച്ചു.

“വിനൂ…..”

ചേച്ചിയുടെ താഴ്ന്ന ശബ്ദത്തിനു വജ്രത്തിൻ്റെ തീഷ്ണതയുണ്ടായിരുന്നു. മുഖത്തു നോക്കാൻ കഴിഞ്ഞില്ല. വസ്ത്രങ്ങൾ നേരെയിട്ട്, മുറിഞ്ഞു തിണർത്ത കീഴ്ച്ചുണ്ട് തുടച്ച് നടന്നു പോകുമ്പോൾ അവർ ആരോടെന്നില്ലാതെ പിറുപിറുത്തു.

“വിനൂ….നീയെൻ്റെ നഷ്ടങ്ങൾ പൂർണ്ണമാക്കി…”

ചേച്ചി നടന്നു മറയുന്നതും നോക്കി ശിലാപ്രതിമ പോലെയിരിക്കാനേ സാധിച്ചുള്ളൂ…കുറ്റബോധത്തിൻ്റെ ഉമിത്തീ നെഞ്ചിനെ പൊള്ളിയുരുക്കിക്കൊണ്ടിരുന്നു.

പിറ്റേന്ന്….ബാലൻ ചേട്ടൻ്റെ അലർച്ചയാണ് നാടിനെ ഉണർത്തിയത്. ആ ദുർബ്ബലമായ വീടിൻ്റെ ഏതോ കഴുക്കോലിൽ നിർമ്മലേച്ചിയുടെ ഉടൽ തൂങ്ങി നിന്നു.കാറ്റിൽ അതു പതുക്കെയുലഞ്ഞു.

മഴ ഇരമ്പിയാർത്തു. വാതിൽക്കൽ അമ്മ തട്ടി വിളിക്കുന്നുണ്ട്…

” വിനൂ…. കാപ്പി”

മെല്ലെയെഴുന്നേറ്റ് വാതിൽക്കലേക്കു നടക്കുമ്പോൾ, അപ്പുറത്തേ തൊടിയിലെ മൺകൂനയേ മഴ തുടച്ചു നീക്കിയിരുന്നു. വെള്ളം ഉയർന്നു പൊങ്ങുവാൻ തുടങ്ങി. സർവ്വം മുടിക്കുന്ന മഹാപ്രളയമായി മാറാൻ……കലി തീരേ തച്ചു തകർക്കാൻ…..