കൽവിളക്ക്
രചന: സന്തോഷ് അപ്പുക്കുട്ടൻ
“കാമുകിയുടെ കല്യാണത്തിന് പോകുമ്പോഴെങ്കിലും നല്ലൊരു വേഷത്തിൽ വന്നുകൂടെ വിഷ്ണൂ?”
കാറിലിരുന്നു അർജുൻ അത് പറഞ്ഞപ്പോൾ സുഹൃത്തുക്കൾ പൊട്ടിച്ചിരിച്ചു.
വിഷ്ണു ഒരു നിമിഷം നീരസത്തോടെ അർജുനെ നോക്കി തൻ്റെ മുഖമൊന്നു അമർത്തി തുടച്ചു പുറത്തേക്ക് നോക്കി.
കാറ്റിലൊഴുകി വന്ന ഒരു മഴത്തുള്ളി അവൻ്റെ കണ്ണിൽ തങ്ങിനിന്നു.
ഓരോ ദൃശ്യങ്ങളെയും പിന്നിലാക്കി കൊണ്ട് കുതിച്ചു പോകുന്ന കാറിനു പുറത്തെ കാഴ്ചകളെയും നോക്കി അവനിരുന്നു.
കോരിച്ചൊരിയുന്ന മഴയിൽ പുഴ കലങ്ങിയൊഴുകുന്നുണ്ട്!
കുറച്ചു ദൂരെയായി, പുഴക്കു നടുവിലായി ഒരു പച്ചതുരുത്ത് അവ്യക്തമായി കാണുന്നുണ്ട്.
ആ തുരുത്തിൽ നിന്ന് മുകളിലേക്ക് ഒരുപറ്റം പക്ഷികൾ ചിറകടിച്ചുയരുന്നുണ്ട്.
“വിഷ്ണൂ എനിക്ക് തുമ്പിയെ പിടിച്ചു തരോ?”
കാലങ്ങൾക്കപ്പുറത്ത് നിന്ന് ഒരു ഫ്രോക്ക്ക്കാരി പെൺക്കുട്ടി, അന്തരീക്ഷത്തിൽ പറക്കുന്ന തുമ്പികളെയും നോക്കി പറയുന്നത് ചെവിയിൽ മുഴങ്ങിയപ്പോൾ, അവൻ്റെ കണ്ണുകൾ മുന്നിൽ പോകുന്ന കാറിൻ്റെ പിൻഗ്ലാസിലേക്ക് നീണ്ടു.
ദിയ വെഡ്സ് രാജീവ്…
മഴ നനഞ്ഞ ദിയയുടെ ഫോട്ടോയിലേക്ക് അവൻ നോക്കിയിരുന്നു.
മുല്ലപ്പൂ ചൂടി,മനോഹരമായി ചിരിച്ചു നിൽക്കുന്ന ദിയയെ കണ്ടപ്പോൾ മനസ്സിൽ അറിയാതെ ഒരു കരച്ചിൽ മുളപൊട്ടി.
കുട്ടിക്കാലം തൊട്ടേ കൂടെ കൂടിയവൾ….
ഓർമ്മകൾ മലവെള്ളം പോലെ മനസ്സിലേക്ക് കുത്തിയൊഴുകുവാൻ തുടങ്ങിയതോടെ അവൻ കണ്ണ് തുടച്ചു റിയർവ്യൂ മിററിലൂടെ നോക്കി…..
നിരനിരയായി വരുന്ന കല്യാണ കാറുകൾ ….
അതിനു പിന്നാലെ അലങ്കരിച്ച ബസ്സുകൾ!
മഴയിലൂടെ പാലത്തിൽ കൂടി കടന്നു വരുന്ന ആ മനോഹരമായ വാഹന ദൃശ്യം നോക്കി അവൻ പതിയെ പുഞ്ചിരിച്ചു.
ഒരുപാട് രാത്രികളിൽ തൻ്റെ ഉറക്കം കളഞ്ഞ മനോഹരദൃശ്യം!
മനസ്സിൽ മോഹങ്ങൾ കൂടുകൂട്ടാൻ തുടങ്ങിയ കാലം തൊട്ടേ ആരുമറിയാതെ മനസ്സിലും ഹൃദയത്തിലും ചേർത്തു നിർത്തിയവൾ ഇന്ന് മറ്റൊരാളുടേതാകുന്നു.
“ചേട്ടാ ഇവൻ്റെ മുഖം ഒന്നു എടുത്തേ! ബാക്ക് ഗ്രൗണ്ടിൽ കലങ്ങിയൊഴുകുന്ന പുഴയും വേണം”
വിൻഡോയിൽ കൂടി തല പുറത്തേക്കിട്ട് വീഡിയോ എടുക്കുന്നവനെ നോക്കി അരുൺ അത് പറഞ്ഞപ്പോൾ, ദേഷ്യത്തോടെ പിൻതിരിഞ്ഞ വിഷ്ണു കണ്ടത് ബാക്ക് സീറ്റിലിരുന്നു മദ്യപിക്കുന്ന തൻ്റെ സുഹൃത്തുക്കളെ ആയിരുന്നു.
“അർജുൻ നമ്മൾ പോകുന്നത് ഓഡിറ്റോറിയത്തിലേക്കല്ല അമ്പലത്തിലേക്കാണ്”
വിഷ്ണുവിൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കണ്ടപ്പോൾ, അരുൺ അവൻ്റെ തോളിൽ തട്ടി.
“താലിക്കെട്ട് കാണാൻ ഞങ്ങൾ അമ്പലത്തിലേക്ക് വരുന്നില്ല”
വിഷ്ണു ഒന്നും മനസ്സിലാകാതെ അരുണിനെ നോക്കി.
“നല്ല കുട്ടികളായി വന്നേനെ ഞങ്ങൾ. ഏതോ രാജീവൻ്റെ സ്ഥാനത്ത് നീ ആയിരുന്നു താലികെട്ടുകയാണെങ്കിൽ
പറഞ്ഞു തീർന്നതും അരുൺ മദ്യ ഗ്ലാസ് വായിലേക്ക് കമഴ്ത്തി.
വിഷ്ണുവും,ദിയയും ആദ്യമായി കോളേജിൽ വന്നപ്പോൾ കിട്ടിയ ഫ്രണ്ട്സുകളാണ് അരുണും, അർജുവും.
വിഷ്ണുവിനോടൊപ്പം എന്തിനും, ഏതിനും കട്ടക്ക് നിൽക്കുന്നവർ…..
അവർ, വിഷ്ണുവിനോട് ഒരുപാട് പറഞ്ഞതാണ് ദിയയോടുള്ള പ്രണയം വെളിപ്പെടുത്താൻ…..
അല്ലെങ്കിൽ അവർ അവളോടു പറഞ്ഞു കൊള്ളാമെന്ന് ….
പക്ഷേ വിഷ്ണു ഒന്നിനും സമ്മതിച്ചില്ല…
ഉള്ളിലെ പ്രണയത്തിനെ നിഷ്പ്രഭമാക്കുന്ന ഒരുപാട് കടപ്പാടുണ്ട് അവളുടെ അച്ഛനുമമ്മയോടും വിഷ്ണുവിന്
കോരിച്ചൊരിയുന്ന ഒരു തുലാമാസത്തിൽ വിഷ്ണുവിനെയും, അമ്മയെയും തനിച്ചാക്കി. തിരിച്ചു വരാത്ത ലോകത്തേക്ക് അവൻ്റെ അച്ചൻ പോയപ്പോൾ വാത്സല്യത്തോടെ ചേർത്തു പിടിച്ചത് പ്രഭാകരനെന്ന അവളുടെ അച്ഛനായിരുന്നു….
അച്ഛൻ ഓടിച്ചിരുന്ന കാറിൻ്റെ കീ വിഷ്ണുവിന് കൊടുത്തിട്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ എപ്പോഴും അവൻ്റെ മനസ്സിൽ ഉയരാറുണ്ട്!
” നിൻ്റെ അച്ഛൻ എനിക്ക് വെറുമൊരു ഡ്രൈവറല്ല. എൻ്റെ ചങ്ങാതി
കൂടിയാണ്. ഇനി അച്ചൻ ഓടിച്ചിരുന്ന കാർ നീ ഓടിച്ചോളൂ”
കാറിൻ്റെ ലൈസൻസ് എടുക്കാത്ത വിഷ്ണു അമ്പരന്നു നിൽക്കെ അയാൾ അവനെ ചേർത്തു പിടിച്ചു.
“എത്രയും പെട്ടെന്ന് ലൈസൻസ് എടുക്കണം. കോളേജിൽ പോയിട്ട് ബാക്കി സമയമുണ്ടെങ്കിൽ നിനക്ക് ടാക്സിയായി ഓടിക്കാം! അതിൽ നിന്നുള്ള ഒരു വരുമാനവും എനിക്കു വേണ്ട. എല്ലാം നിങ്ങൾക്കുള്ളതാണ് “
ദാരിദ്ര്യത്തിൽ മുങ്ങി കൊണ്ടിരിക്കുന്ന വീടിനെ കരകയറ്റാൻ മുഴുവൻ സമയ ഡ്രൈവർ ആയപ്പോൾ, നഷ്ടപ്പെടുത്തിയത് തൻ്റെ നിറമുള്ള കോളേജ് ജീവിതമായിരുന്നു.
ദിയയുമായി ഒന്നിച്ച് കോളേജിലേക്ക് പോയിരുന്ന ആ നല്ല നാളുകളായിരുന്നു.
ഓർമ്മകൾ കണ്ണീരായി നിറയുമ്പോൾ, അവൻ പതിയെ മുഖം പുറത്തെ മഴയിലേക്ക് ചേർത്തു വെച്ചു.
വീഡിയോഗ്രാഫറെ കയറ്റിയ കാർ, ദിയയുടെ കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ, അവരുടെ കണ്ണുകൾ ഒരു നിമിഷം തമ്മിലൊന്നിടഞ്ഞു.
മഴതുള്ളികൾക്കപ്പുറത്ത്, ഒരു പനിനീർ പുഷ്പം പോലെ സുന്ദരിയായ അവളെ നോക്കി അവനൊന്നു പുഞ്ചിരിച്ചു.
തിരിച്ചു കിട്ടിയ അവളുടെ പുഞ്ചിരിയിയ്ക്ക്, മഴയിലുദിച്ച മഴവില്ലിൻ്റെ ഭംഗിയുണ്ടായിരുന്നു.
“നഷ്ട സ്വർഗ്ഗങ്ങളെ നിങ്ങളെനിക്ക് “
കാറിൻ്റെ പിൻസീറ്റിൽ നിന്നു മ ദ്യത്തിൻ്റെ മണമുള്ള ഒരു വിരഹഗാനത്തിൻ്റെ ആദ്യ വരികൾ ഉയർന്നപ്പോൾ വിഷ്ണു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി.
” അരുൺ ഉള്ളിലൊരു ഇഷ്ടമുണ്ടായിരുന്നു എനിക്കവളോട്. അല്ലാതെ നിങ്ങൾ കരുതുന്നതു പോലെ അസ്ഥിയിൽ പിടിച്ച ഒരു പ്രണയവും ഇല്ലായിരുന്നു.”
വിഷ്ണു അങ്ങിനെ പറഞ്ഞപ്പോൾ അരുൺ മ ദ്യഗ്ലാസ് വായിലേക്ക് കമഴ്ത്തി അവനെ നോക്കി വിഷാദമായൊന്നു ചിരിച്ചു.
“നീ വെറും ജോക്കർ ആണെടാ, മനസ്സ് മാനം പോലെ കരയുമ്പോഴും പുഞ്ചിരി മുഖത്തൊട്ടിച്ച് നിൽക്കുന്ന വെറും ജോക്കർ”
“നിരാശനായി ഇരിക്കുന്ന കാമുകനെ ഇങ്ങിനെയാണോ സ്നേഹിതരായ നിങ്ങൾ ആശ്വസിപ്പിക്കേണ്ടത്. ഒരു ഗ്ലാസ് അവനും കൊട്”
വീഡിയോ ഗ്രാഫർ തല അകത്തേക്കിട്ട് അവരെ നോക്കി ചോദിച്ചു.
” ഒന്നും കൊടുത്തിട്ട് കാര്യമില്ല ചേട്ടാ! അവൾടെ അച്ഛനോടും, അമ്മയോടും അത്രയ്ക്ക് മുടിഞ്ഞ കടപ്പാടാ അവന്….
അല്ലെങ്കിൽ സ്വന്തം ജീവൻ പറിഞ്ഞു പോകുമ്പോഴും ഇങ്ങിനെ നിഷ്ക്കു ആയി ഇരിക്കുമോ ഈ മാങ്ങാത്തൊലിയൻ “
അർജുൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.
“അതെ എനിക്ക് കടപ്പാടുണ്ട്. മരണം കൊണ്ടു പോലും വീട്ടാൻ പറ്റാത്ത കടപ്പാട്…
പിന്നെ നിങ്ങൾ ഈ പറയുന്ന പ്രണയം അവൾക്കു കൂടി തോന്നണം. അല്ലാതെ “
പറഞ്ഞത് മുഴുമിപ്പിക്കാനാകാതെ പുറത്തേക്ക് നോക്കിയ വിഷ്ണു, ഒപ്പത്തിനാപ്പം വരുന്ന കാറിലിരുന്നു തന്നെ നോക്കുന്ന ദിയയെ കണ്ടു.
മഴത്തുള്ളികൾ ആ മുഖത്ത് പതിയുന്നുണ്ട്…
തന്നെ ഉറ്റുനോക്കുന്ന അവൾ ഒരു നിമിഷം മുകളിലേക്ക് മിഴി ഉയർത്തുകയും, പിന്നെ തന്നെ നോക്കുന്നതും അവൻ കണ്ടു.
തങ്ങൾക്കിടയിയിൽ വീഴുന്ന മഴത്തുള്ളികൾ പ്രണയമാണോ, വിരഹമാണോ പാടുന്നതെന്നറിയാതെ അവർ പരസ്പരം നോക്കിയിരുന്നു.
തന്നോട് ഒരിക്കലും പറയാത്ത പ്രണയം അവളുടെ മനസ്സിൽ ഉണ്ടായിരുന്നുവോ?
“എനിക്ക് എൻ്റെതായ ഇഷ്ടങ്ങൾ ഇല്ല വിഷ്ണൂ. എൻ്റെ അച്ഛനും അമ്മയ്ക്കും എന്താണോ ഇഷ്ടം, അതു തന്നെയാണ് എൻ്റെ ഇഷ്ടവും. അതിൽ നിന്ന് ഒരു കടുക് മണി പോലും മാറില്ല “
ഒരിക്കൽ അവളുടെ ഉള്ള് അറിയുന്നതിനു വേണ്ടി, നിനക്ക് വല്ല പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു.
ദിയയുടെ ആ ഉറച്ച വാക്ക് കേട്ടപ്പോൾ, ഉള്ളിലെ മോഹത്തിനെ മണ്ണിട്ടു മൂടി, ആരാധനയോടെ അവളെ നോക്കിയിരുന്നു പോയി അവൻ.
ഓർമ്മകളിൽ തളർന്നു പോയ വിഷ്ണു സീറ്റിൽ ചാരിയിരുന്നു പതിയെ കണ്ണടച്ചു.
“മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും തെളിയുകയാണല്ലോ ആ മുഖം ൻ്റെ കൃഷ്ണാ “
മനസ്സിൽ മന്ത്രിച്ചു കൊണ്ടിരിക്കുമ്പോൾ, മുല്ലപ്പൂവിൻ്റെ സുഗന്ധം പൊടുന്നനെ വിഷ്ണുവിൻ്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചു കയറിയതും, അവൻപൊടുന്നനെ കണ്ണ് തുറന്നു.
പടിഞ്ഞാറെ നടയിലെത്തിയന്ന് മനസ്സിലാക്കിയ അവൻ ചങ്ങാതികളെ നോക്കി.
“നീ പേടിക്കണ്ടാ കുടിച്ചിട്ടു ഞങ്ങൾ ക്ഷേത്രത്തിലേക്ക് വരുന്നില്ല. നീ ഒരു കാര്യം ചെയ്യ്.ഇവിടെ ഇറങ്ങിയിട്ട് കിഴക്കേ നടയിലേക്ക് നടന്നോളൂ”
വിഷ്ണു സംശയത്തോടെ വീഡിയോഗ്രാഫറെ നോക്കി.
” മുഹൂർത്തത്തിന് ഇനി മുക്കാൽ മണിക്കൂർ കൂടി സമയമുണ്ട്. അതിനു മുൻപേ ഞാൻ അവിടെ എത്തിക്കോളാം. രാവിലെ ഒന്നും കഴിച്ചിട്ടില്ല ഭായ്”
ഫോട്ടോഗ്രാഫർ പറഞ്ഞു തീർന്നതും, കാർമുന്നോട്ടെടുത്തപ്പോൾ വിഷ്ണു പതിയെ കിഴക്കേ നടയിലേക്ക് നടന്നു.
ചെറിയ ചാറ്റൽ മഴയിലൂടെ, ഇരു വശത്തെ കടകളെയും നോക്കി, നിരത്തിവെച്ചിരിക്കുന്ന പൂക്കൾക്കിടയിലൂടെ നടക്കുമ്പോൾ, ഓർമ്മകൾ വീണ്ടും മനസ്സിലേക്കിരച്ചു കയറുന്നതവനറിഞ്ഞു.
കടകളിൽ നിന്നുയരുന്ന, കർണ്ണാനന്ദകരമായ ഭക്തിഗാനങ്ങൾക്കൊപ്പം പതിയെ മൂളി നടക്കുമ്പോൾ പിന്നിലൊരു പാദസരത്തിൻ്റെ കിലുക്കത്തോടൊപ്പം, ഒരു ചോദ്യവും ഉയരുന്നതുപോലെ തോന്നി അവന്.
” ഇത് എന്തൊരു നടത്താ വിഷ്ണൂ… പിന്നിൽ ഒരാൾ ഉണ്ടെന്നു പോലും അറിയാതെ “
മഴ നനഞ്ഞ് കിടക്കുന്ന കരിങ്കൽ പാളി കൊണ്ടുണ്ടാക്കിയ തറയിൽ പട്ടുപാവാട തട്ടാതിരിക്കാൻ വേണ്ടി ഒരു കൈ കൊണ്ട് ഉയർത്തി പിടിച്ച് വിഷ്ണുവിനൊടൊപ്പമെത്താൻ ശ്രമിക്കുന്ന ദിയയുടെ പരിഭവമായിരുന്നു അത്!
മുല്ലപ്പൂ ചൂടിയ അവളുടെ മുടിയിഴകളിൽ ചാറൽ മഴ വീണലിയുന്നതും നോക്കി അവൻ പുഞ്ചിരിച്ചു.
“കുറച്ച് നേരം ഓഡിറ്റോറിയത്തിലിരുന്നു സംഗീതാർച്ചന കണ്ട് നമ്മൾക്ക് തിരിച്ചു പോയാലോ?”
അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ ദേഷ്യത്തോടെ നോക്കി.
“നീ ഡസ്പ് ആകണ്ട വിഷ്ണൂ. ഞാനില്ല ഇന്ന് കോളേജിലേക്ക്. ആ മലകയറാൻ വയ്യ “
അവളുടെ വാക്ക് കേട്ട് എത്രയെത്ര ദിവസം കോളേജിലേക്ക് പോകാതെ, ഈ ക്ഷേത്രനടയിൽ കറങ്ങി വീട്ടിലേക്ക് തിരിച്ചുപോയിട്ടുണ്ട്.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവളോടൊപ്പം അങ്ങിനെ എത്രയെത്ര നൃത്തനൃത്യങ്ങൾ കണ്ടിട്ടുണ്ട്…..
അവളുടെ വാക്ക് എതിർക്കാതെ അവളോടൊപ്പം നിന്നാൽ, ബ്രാഹ്മിൺസ് ഹോട്ടലിലെ മസാലദോശയും, ഉഴുന്ന് വടയുമാണ് തനിക്കുള്ള പ്രതിഫലം
ഓർമ്മകളെ വകഞ്ഞു മാറ്റി ആദ്യമായി കാണുന്ന വഴിത്താരയിലെന്ന പോലെ വിഷ്ണു മുൻപോട്ടു നോക്കി നടന്നു.
പൊടുന്നനെ വിഷ്ണുവിൻ്റെ മൊബൈൽ അടിച്ചതും, ദിയയുടെ അച്ഛൻ്റെ കോൾ കണ്ടതും, അവൻ പെട്ടെന്ന് കാതോരം ചേർത്തു.
“മോനെ, ദക്ഷിണ കൊടുക്കാൻ വേണ്ടി വെറ്റിലയും അടക്കയും വാങ്ങാൻ മറന്നു. മോൻ എത്രയും പെട്ടെന്ന് അതും വാങ്ങി വാ “
വെറ്റിലക്കടയും തിരഞ്ഞ്, ആ ക്ഷേത്ര നഗരിയിലൂടെ അവൻ മഴയും കൊണ്ട് ഓടി നടന്നു.
വെറ്റിലയും കൊണ്ട് കിഴക്കേ നടയിലേ വിവാഹമണ്ഡപത്തിലേക്ക് ഓടിയെത്തുമ്പോൾ, അവിടം മുഴുവൻ ജനസമുദ്രമായിരുന്നു.
തിങ്ങിനിൽക്കുന്ന ജനക്കൂട്ടത്തിൻ്റെ തിരക്കിലൂടെ, മുല്ലപ്പൂവിയർപ്പിൻ്റെ ഗന്ധവുമേറ്റ്, പട്ടുവസ്ത്രങ്ങളുടെ തിളക്കത്തിലൂടെ ദിയയെ അന്വേഷിച്ച് അവൻ ഓരോ മണ്ഡപത്തിലേക്കും നടന്നു…
ഒടുവിൽ അവരെ കാണാതായപ്പോൾ അവൻ ഓഡിറ്റോറിയത്തിൻ്റെ ഒരു അരികിൽ വന്നിരുന്നു….
വർഷങ്ങൾക്കു മുൻപ് അവനും, ദിയയും ഇരുന്നിരുന്ന സ്ഥലത്ത്…
ഒരുപാട് കഥകൾ പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ച സ്ഥലം!
ഒടുവിൽ, ഒരിക്കലും കാണാത്ത മോനിഷയെ പറ്റി പറഞ്ഞ് കരഞ്ഞ സ്ഥലം!
അവൻ പതിയെ ആ തറയിൽ വിരലോടിച്ചു കൊണ്ടിരിക്കെ പുറകിൽ നിന്ന് ആരോ തോണ്ടുന്നതു പോലെ തോന്നിയപ്പോൾ തിരിഞ്ഞു നോക്കി.
ഇരുനിറത്തിൽ ഒരു ആൺകുട്ടി മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ കാട്ടി പുഞ്ചിരിച്ചു കൊണ്ട് വിവാഹമണ്ഡപത്തിനു നേർക്ക് കൈ ചൂണ്ടിയപ്പോൾ, അവൻ അങ്ങോട്ടേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച!
സർവാഭരണവിഭൂഷിതയായി, മുല്ലപ്പൂ കൊണ്ട് മുടിയിഴകൾ മുഴുവൻ അലങ്കരിച്ച്, ദിയ!
വെറ്റിലയും പിടിച്ച് അവൻ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി കൊണ്ട് മണ്ഡപത്തിനു നേർക്ക് നടക്കുമ്പോൾ, പഴയ ഓർമ്മകൾ എല്ലാം പതിയെ ആവിയായി തീരുന്നത് അവനറിഞ്ഞു.
ഓടി ചെന്ന് വെറ്റില ദിയയുടെ അച്ഛൻ്റെ കൈയ്യിൽ കൊടുത്തതും, അവൻ ദിയയെ കെട്ടാൻ നിൽക്കുന്ന ചെക്കനെ ഒന്ന് പാളി നോക്കി.
സുന്ദരൻ….
ദിയയ്ക്ക് എന്തുകൊണ്ടും യോജിച്ചവൻ….
അവർക്ക് മനസ്സാലെ ആശംസകൾ അർപ്പിച്ച് അവൻ മണ്ഡപത്തിൽ നിന്നു ഇറങ്ങവെ , ദിയയുടെ അച്ഛൻ അവൻ്റെ കൈ പിടിച്ചു.
“മോൻ വേഗം ഓഡിറ്റോറിയത്തിലേക്ക് ചെന്ന് എല്ലാം ശരിയായോന്നു നോക്ക്.
താലികെട്ട് കഴിഞ്ഞ് ആൾക്കാർ നേരെ അങ്ങോട്ടേക്കാണ് വരുന്നത് “
ദിയയുടെ അച്ഛൻ പറഞ്ഞപ്പോൾ സമ്മതത്തോടെ തലയാട്ടി അവൻ ആൾക്കൂട്ടത്തിലൂടെ പുറത്തേക്ക് നടന്നു.
തിരിഞ്ഞു തിരിഞ്ഞു നോക്കി പോകുന്ന അവൻ്റെ കണ്ണുകൾ, ഒരു നിമിഷം ദിയയുടെ മിഴികളുമായി കൂട്ടിമുട്ടി.
അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതു പോലെ തോന്നി അവന്.
കുട്ടിക്കാലം തൊട്ടേ എല്ലാറ്റിനും കൂടെ നിന്നവൻ, ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാതെ പോകുന്നതിൻ്റെ വിഷമമാണ് അതെന്നു അവനു മനസ്സിലായി.
അവൻ ഒരു നിമിഷം അവിടെ തന്നെ നിന്ന്, പതിയെ മണ്ഡപത്തിനടുത്തേക്ക് നടന്നു.
സന്തോഷ കണ്ണീരിലോടെ അവരുടെ താലികെട്ട് കണ്ടതും, അവൻ പതിയെ ക്ഷേത്രനടയിലേക്ക് നടന്നു.
ഭഗവാൻ്റെ മുന്നിൽ നിന്ന് കൈകൂപ്പി നിമിഷങ്ങളോളം മനമുരുകി പ്രാർത്ഥിക്കുമ്പോൾ, തോളിൽ ഒരു കൈ വീണതും അവൻ തിരിഞ്ഞു നോക്കി!
കല്യാണവേഷത്തിൽ, തൻ്റെ താലിയും അണിഞ്ഞ് നിൽക്കുന്ന ദിയയെ അവൻ കണ്ണീരോടെ നോക്കി.
” എന്താ ഇത്രയും ഭഗവാനോട് പറയാനുള്ളത് വിഷ്ണൂ? “
ദിയയുടെ ചോദ്യം കേട്ടതും, തലമുടിയിൽ പറ്റി ചേർന്നിരിക്കുന്ന കുങ്കുമം അവൻ പതിയെ തട്ടികൊണ്ട് അവളുടെ കണ്ണുകളിലേക്ക് പ്രണയാർദ്രമായി നോക്കി.
“ഞാനാരാണെന്നു മനസ്സിലായോ ദിയയ്ക്ക്?”
” ൻ്റെ കെട്ട്യോൻ… ഇതെന്താ ഇപ്പോ ഇങ്ങിനെ ഒരു ചോദ്യം?”
അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അവൻ നിന്നു.
“എല്ലാം എനിക്കിപ്പോൾ ഓർമ്മയുണ്ട് വിഷ്ണു ..രണ്ട് വർഷം മുൻപ് ഈ നടയിൽ വെച്ച് രാജീവ് എന്നെ താലികെട്ടിയതും, രാജീവിൻ്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ വാടക ഗുണ്ടകൾ രാജീവിനെ വാൾകൊണ്ടു വെട്ടി വീഴ്ത്തിയതും, ഞാൻ തല കറങ്ങി ടാർ റോഡിൽ വീണതും “
ഒരു കണ്ണീർ തുള്ളിയുടെ അകമ്പടി പോലും ഇല്ലാതെ അവൾ എല്ലാം ഓർത്തു പറയുന്നത് കേട്ടപ്പോൾ അവന് അത്ഭുതം തോന്നി.
“നിനക്കൊരു ദു:ഖവുമില്ലേ ആ മരണത്തിൽ?”
അവൻ്റെ ചോദ്യം കേട്ടപ്പോൾ, അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു…
“എന്തിനു ദു:ഖിക്കണം! വാളെടുത്തവൻ വാളാൽ.. അത് പ്രകൃതി നിയമമാണ്. അവരെ ഒരു ദൈവം പോലും രക്ഷിക്കില്ല”
അവൾ ഒരു നിമിഷം നിർത്തി ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഭഗവാനെ നോക്കി കണ്ണടച്ചു പ്രാർത്ഥിച്ചു.
പ്രാർത്ഥനയ്ക്ക് ഒടുവിൽ അവൾ കണ്ണു തുറന്നു വിഷ്ണുവിനെ നോക്കി.
“റോഡിൽ തലയിടിച്ചു വീഴും മുൻപെ കൊലയാളികളിലൊരുവൻ്റെ വാക്ക് എൻ്റെ ചെവിയിൽ വന്നലച്ചിരുന്നു… “
ദിയയുടെ സംസാരം കേട്ടപ്പോൾ വിഷ്ണു അവളെ ചോദ്യഭാവത്തിൽ നോക്കി.
“ഇവനെ ഇപ്പോൾ ഞങ്ങളുടെ കൈയിൽ കിട്ടിയത് പെങ്ങളുടെ ഭാഗ്യമാണെന്ന്. അല്ലെങ്കിൽ പെങ്ങളെയും ഈ നായ ആർക്കെങ്കിലും വിറ്റു കളഞ്ഞേനെ എന്ന് “
ഒരു നിമിഷം നിർത്തി അവൾ അവനെ കണ്ണീരോടെ നോക്കി.
“ഈ രണ്ട് വർഷക്കാലം ഞാൻ ബോധാബോധങ്ങളിലൂടെ സഞ്ചരിച്ചതിനെ കുറിച്ചോർത്ത് ഒരു ദുഃഖവുമില്ലേ വിഷ്ണൂന്?”
കണ്ണീരോടെയുള്ള അവളുടെ ചോദ്യം കേട്ട്, തങ്ങൾക്കു പിന്നിൽ നിൽക്കുന്ന, കല്യാണം കൂടാൻ വന്നവരെ മറന്ന് അവൻ അവളുടെ തിരുനെറ്റിയിൽ ചുണ്ടുകള മർത്തി!
അവൻ്റെ സന്തോഷ കണ്ണീർ അവളുടെ ശിരസ്സിനെ തണുപ്പിക്കുമ്പോൾ, അവൻ്റെ ഉള്ളിൽ ഒരൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ ….
ഇനിയൊരിക്കലും അബോധാവസ്ഥയുടെ ആഴങ്ങളിലേക്ക് തൻ്റെ പാതി പതിക്കല്ലെയെന്നുള്ള മനസ്സുരുകിയ പ്രാർത്ഥന!