ഇടംകണ്ണിട്ട് നോക്കി വാങ്ങാനായി കൈ നീട്ടാൻ നോക്കിയപ്പോൾ എത്ര ശ്രമിച്ചിട്ടും കൈ പുറത്തേക്ക് വന്നില്ല…

മിത്ര

രചന: നിഹാരിക നീനു

“മമ്മാ, വീ ഹാവ് എ ഗസ്റ്റ് “

എന്നയാൾ പറഞ്ഞപ്പോൾ പേടിച്ചരണ്ട കണ്ണോടെ അവൾ ആജാന ബാഹുവായ അയാളുടെ പുറകിലേക്കൊളിച്ചു…

ഒരു പൊട്ടിത്തെറിയോ ചീത്ത വിളിയോ പ്രതീക്ഷിച്ച അവളെ നിരാശപ്പെടുത്തിയെന്നവണ്ണം അവർ ചാരുകസേരയിൽ ഇരുന്ന് ചുരുട്ടിൻ്റെ പുക വലിച്ച് കൊണ്ടേ ഇരുന്നു, യാതൊരു ഭാവ വ്യത്യാസവും കൂടാതെ തന്നെ ..

അത് കണ്ട് തെല്ലൊന്നമ്പരന്ന് അവൾ അയാളുടെ പുറകേ ഓടി,

അയാൾ അപ്പഴേക്ക് വീട്ടിനുളളിലേക്ക് നടന്നു കയറിയിരുന്നു,

വീടെന്ന് പറയാമോ എന്നറിയില്ല ,

ഒരു സാധനം പോലും നേരെ ഇരിക്കുന്നുണ്ടായിരുന്നില്ല അവിടെ,

ആൾ താമസം ഇല്ലാത്ത ഒരു തുരുത്ത് പോലെ തോന്നിച്ചു അവിടം,

വലിച്ചു വാരിയിട്ട ഇംഗ്ലീഷ് പത്രങ്ങളുടെയും മാഗസിനുകളുടെയും കൂട്ടത്തിൽ നിന്ന് ഏതൊക്കെയോ നോക്കിപ്പെറുക്കിയെടുത്തു അയാൾ….

ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഒരു മുറിയിലേക്ക് കയറി പോയി,

എന്തു വേണം എന്നറിയാതെ അവൾ അവിടെ തന്നെ നിന്നു..

വീണു മറിഞ്ഞ് കിടക്കുന്ന ടീപ്പോയ് നേരെ വച്ച്, അടുത്തു തന്നെ വീണു കിടന്നിരുന്ന മാറ്റ് വിരിച്ച് അവിടെ കണ്ട ഫ്ലവർ വേസ് എടുത്ത് അതിൻ്റെ മുകളിൽ വച്ചു വെറുതേ….

എന്തോ താറുമാറായി കിടക്കുന്നതിൻ്റെ നടുവിൽ അതിന് മാത്രം ഭംഗി തോന്നി,
ചിലപ്പോഴൊക്കെ തോറ്റ് പോയാലും മനസിൽ നാമ്പിടാറുള്ള പ്രതീക്ഷകൾ പോലെ,

ഇത്തിരി നേരം കൂടെ അവിടെ നിന്നു… അകത്തേക്ക് പോയ അയാളെയോ ഉമ്മറത്തിരിക്കുന്ന

അയാൾ

“മമ്മ”

എന്ന് സംബോധന ചെയ്തവരേയോ കാണാതെ,

“അവിടെ ബാത്ത് റൂമുണ്ട്, ഇതാ ഈ ചളിയായതെല്ലാം മാറ്റിയിട്ടോ എന്ന് പറഞ്ഞ് എന്തോ ഒരു തുണി അവൾക്കായി നൽകി..

ഒന്ന് മടിച്ചെങ്കിലും കൈ നീട്ടിയവൾ അത് വാങ്ങി,

മെല്ലെ ബാത്ത് റൂമിലേക്ക് നീങ്ങി…

ഒരു പ്ലാസ്റ്റിക് കപ്പല്ലാതെ അവിടം ശൂന്യമായിരുന്നു, ഉപയോഗമില്ലാത്തിടം പോലെ…

പിച്ചള ടാപ്പ് കഷ്ടപ്പെട്ട് തുറക്കാൻ ശ്രമിച്ചു…

ഒന്ന് മടിച്ച് നിന്ന് പിന്നെ ഒഴുക്കോടെ വെള്ളം ഒഴുകാൻ തുടങ്ങി…

അവൾ മെല്ലെ കപ്പിൽ വെള്ളം നിറച്ച് തലയിലൂടെ ഒഴിച്ചു ..

തലയെ തണുപ്പിച്ച് വെള്ളം ദേഹത്തേക്കൊഴുകിയെത്തി…….

അണിഞ്ഞപ്പോഴാണ് അയാൾ തന്നത് അയാളുടെ തന്നെ ഒരു ജുബ്ബയായിരുന്നു എന്ന് മനസിലായത് …

അതിനവളുടെ കണം കാൽ വരെ നീളമുണ്ടായിരുന്നു, അവളുടെ കൈകൾക്ക് അതിൻ്റെ കൈയ്യുടെ പാതി വരെ മാത്രമേ നീളമുണ്ടായിരുന്നുള്ളു..

അതിട്ടപ്പോൾ എന്തോ ജാള്യത പോലെ,

ദാവണിയും മറ്റും പുറത്ത് കണ്ട ഒരിടത്ത് ഉണങ്ങനായി വിരിച്ചിട്ടു….

എത്ര കയറ്റി വച്ചിട്ടും ഇറങ്ങി വരുന്ന കൈകൾ അവളിൽ അസ്വസ്ഥത സൃഷ്ടിച്ചു..

മടിച്ച് വീടിനകത്തേക്ക് കയറിയപ്പോൾ അയാളെ കണ്ടു ….

സങ്കോചത്തോടെ ഡ്രസ്സിൻ്റെ മുന്നിലും പുറകിലും പിടിച്ച് വലിച്ച് അവൾ നിന്നു..

അയാൾ അവളെ ശ്രദ്ധിക്കുന്നത് കൂടെയില്ലായിരുന്നു അപ്പോൾ….

” ദിസ് ഈസ് ഫോർ യൂ”

എന്ന് പറഞ്ഞ് ഒരു പൊതിയെടുത്ത് അവളുടെ നേരേ നീട്ടി…

ഇടംകണ്ണിട്ട് നോക്കി വാങ്ങാനായി കൈ നീട്ടാൻ നോക്കിയപ്പോൾ എത്ര ശ്രമിച്ചിട്ടും കൈ പുറത്തേക്ക് വന്നില്ല….

വെപ്രാളത്തോടെ കൂടുതൽ ശ്രമിക്കും തോറും തീരെ പറ്റാത്ത പോലെ….

പെട്ടെന്നയാൾ അവളുടെ അടുത്തേക്ക് ചെന്നു ….തൊട്ടടുത്തേക്ക്, വെറും ഒരു നിശ്വാസത്തിനപ്പുറത്തേക്ക്..

ഉമിനീരിറക്കി അവൾ അയാളെ നോക്കി,

മെല്ലെ ഇരു കൈകളും ചുരുട്ടി വച്ച് കൊടുത്ത് തിരികെ പോയി…

ശ്വാസം വലിച്ചു വിട്ടവൾ നേരേ നിന്നു..

അവൾക്കായി നീക്കിവച്ച ഭക്ഷണ പൊതികളെ കൂടാതെ മറ്റു രണ്ടെണ്ണത്തിൽ ഒന്നുമായി അയാൾ പുറത്തിരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് ചെന്നു…

” മമ്മാ ഫുഡ് “

എന്ന് പറഞ്ഞ് കൈകഴുകിച്ച് ആഭക്ഷണ പൊതിയിൽ കൈ വച്ച് കൊടുത്തപ്പോൾ ഒരു പാവയെ പോലെ അവരത് കഴിച്ചു തുടങ്ങി , യാതൊരു ഭാവഭേദവും കൂടാതെ ..

അയാൾ തിരികെ വന്നപ്പോഴേക്ക് രണ്ട് പ്ലേറ്റുകൾ നിരത്തി അവൾ ..

” വേണ്ട …. എൻ്റെ ഫുഡ് മറ്റാരും സേർവ് ചെയ്യുന്നത് എനിക്കിഷ്ടല്ല …. “

എന്നു പറഞ്ഞ് സ്വയം മറ്റൊരു പാത്രത്തിലേക്ക് പകർന്ന്

കഴിക്കാൻ തുടങ്ങി ..സ്പൂൺ ഇടതു കൈയ്യിൽ പിടിച്ച് …

ഒരു പുച്ഛച്ചിരിയോടെ ഇടം കൈ കൊണ്ട് കഴിക്കുന്നത് ഒന്ന് നോക്കിയവൾ സ്വന്തം ഭക്ഷണം കയ്യിലെടുത്തു…

“നിനക്ക് എവിടെയാ പോണ്ടേ എന്ന് വച്ചാൽ കൊണ്ടാക്കാൻ ഞാൻ ഒരു ജെൻ്റിൽമാനെ ഏൽപ്പിച്ചിട്ടുണ്ട് ….. ഹീ വിൽ ഡ്രോപ് യൂ സേഫ് ലി.. “

ഒന്നു നോക്കുക കൂടി ചെയ്യാതെ അവനത് പറഞ്ഞ് എണീച്ച് പോയി…

വൈകിട്ട് അവൻ വന്നപ്പോൾ വീടാകെ മാറിയിരുന്നു ..

എല്ലാം അടുക്കി പെറുക്കി അത്രമേൽ മനോഹരമായി..

എന്തോ ആഹാരത്തിൻ്റെ സുഗന്ധവും,

അവൻ വേഗം അടുക്കളയിലേക്ക് ചെന്നു ..

ഒരു കസേരയിൽ മമ്മയെ ഇരുത്തി മമ്മയോട് എന്തൊക്കെയോ പറഞ്ഞ് പാചകം ചെയ്യുകയാണ് അവൾ,

മമ്മ ചിരിക്കുന്നുണ്ട്.. അത്ഭുതം തോന്നി…പപ്പ പോയതിൽ പിന്നെ, വർഷങ്ങളായി ഒരു ഭാവവുമില്ലായിരുന്നു ആ മുഖത്ത്..

അങ്ങോട്ട് കയറി ചെന്നയാൾ ചോദിച്ചു

“റോണി വന്നില്ലേ?”

“എന്താ?”

“നിന്നെ കൊണ്ടാക്കാൻ റോണിയോട് പറഞ്ഞിട്ടാണല്ലോ ഞാൻ പോയത്?”

“ഉം … വന്നിരുന്നു”

ഒട്ടും ശ്രമിക്കാതെ നിസാരമട്ടിൽ അവൾ മറുപടി പറഞ്ഞു….

” ദെൻ, ?”

ഒന്നും മനസിലാവാതെ അയാൾ ഒന്നുകൂടി അവളിലേക്ക് ചേർന്ന് നിന്നു..

” ദെൻ, ഞാൻ പറഞ്ഞു ഞാൻ വരുന്നില്ലെന്ന്…”

“വാട്ട്???”

രണ്ടു കയ്യും മലർത്തി ചോദിക്കുന്നവനോട് അവൾ കുറുമ്പോടെ പറഞ്ഞു.. “ഇപ്പോ പോകാൻ മനസില്ല എന്ന് .. കുറച്ച് നാളവളിവിടെ കാണും എന്ന്.. “

“സീ ലേഡി… ആരും വരാത്ത സ്ഥലത്ത് നിങ്ങളെ കുറേ റൗഡീസ് ഫോളോ ചെയ്യുന്നത് കണ്ടപ്പോ കയറ്റീതാ , നിങ്ങൾ കൈ കാണിച്ചപ്പോൾ … “

“ഹാ … അതെ, അല്ലെന്ന് ഞാൻ പറഞ്ഞോ?”

” ബട്ട് ലേഡി….”

“അതേ എനിക്കൊരു പേരുണ്ട് ട്ടോ……

“”തുളസി””

അതും പറഞ്ഞ് മമ്മയെ എണീപ്പിച്ച് അവൾ അകത്തേക്ക് നടന്നു..

എന്തോ അയാൾക്ക് ഭയം തോന്നി..

ഓടിച്ചെന്ന് മമ്മയെ അവളിൽ നിന്ന് വിടുവിച്ച് മുറിയിൽ കൊണ്ട് ചെന്നാക്കി …

” എന്താ നിൻ്റെ ഉദ്ദേശം …??”

എന്തൊക്കെയോ വീണ്ടും തുടച്ച് വൃത്തിയാക്കി വക്കുന്നവളോട് ചോദിച്ചു…

“എന്ത് “

“നീയെന്താ പോവാഞ്ഞത് .. “

“അത് … എനിക്കിത്തിരി കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് ടോംസ്”

“എന്താ എന്താ നീയെന്നെ വിളിച്ചത്..??”

“അത് …”

“ഇതവൾക്ക് മാത്രം വിളിക്കാൻ അവകാശപ്പെട്ട വിളിയാ.. പിന്നെ നീ ..നിനക്കെങ്ങനെ .. “

” മിത്രയുടെ ടോംസിനെ ഞാനും അങ്ങനെ വിളിക്കട്ടെ ….??”

“മിത്ര… മിത്ര… എങ്ങനെ…..?? നിനക്ക്..??”

” കണ്ടിട്ടില്ലടോ… കാണണം… അതിനായാ വന്നത്..”

അത് കേട്ട് ചുവന്ന കണ്ണുകൾ കൂർപ്പിച്ച് അയാൾ അവളെ നോക്കി…

“എങ്ങനെ എങ്ങനെ അറിയാം മിത്രയെ “

“നേരിട്ട് പരിചയം ഇല്ല ട്ടോ..!

” പിന്നെ.”

“ഹാ! പറയാടോ താൻ ധൃതി വക്കാതെ… കോളേജിൽ അഡ്മിഷൻ കിട്ടിയതിനോടൊപ്പം

കോളേജിനടുത്ത് ഒരാൻറിയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റായി അക്കമഡേഷനും ശരിയായിരുന്നു ..

ചെന്നപ്പോഴേ പറഞ്ഞിരുന്നു അവിടെ മുന്നെ നിന്ന വായാടി പെണ്ണിനെ പറ്റി

മിത്ര….

പഠിക്കാൻ മിടുക്കിയായിട്ട് കൂടി പാതിയിൽ പOനം നിർത്തിയവളെ പറ്റി..

അവളുടെ ചില സാധനങ്ങൾ മുറിയിൽ ഉണ്ടെന്ന് പറഞ്ഞിരുന്നു ആൻറി…

അതെല്ലാം ഒരു കാർഡ് ബോർഡ് പെട്ടിയിൽ നിറക്കുമ്പോഴാ അതിലൊരു ഡയറി കണ്ടത്..

അവളുടെ ഫെലിക്സ് തോമസ് എന്ന ടോംസിനെ പറ്റി.. “”

“എന്താ … എന്താ നീയറിഞ്ഞത്…”

“ഹാ പറയാടോ … അതിന് ആദ്യം മിത്രയെ കാണണം എനിക്ക്…. എന്നിട്ട് ഒരു സോറി കൂടെ പറയണം… പേഴ്സണൽ ഡയറി തുറന്ന് വായിച്ചതിന് …”

“ആദ്യം അതിലെന്താ ന്ന് പറ എന്നിട്ട് കാണാം മിത്രയെ … “

അവളാ ഡയറിയിലെ അവസാന വരികൾ ഓർത്തെടുത്തു…

“”””അമ്മ കൂടി നഷ്ടപ്പെട്ടപ്പോൾ ഞാൻ ഈ ലോകത്ത് തനിച്ചായി……ടോംസ് …നീയില്ലായിരുന്നെങ്കിൽ…. നിൻ്റെ പ്രണയമില്ലാതിരുന്നെങ്കിൽ എന്നേ ഞാൻ അമ്മയുടെ ലോകത്തേക്ക് പോയേനേ…..അയാൾ… അയാളെന്നെ കൊല്ലും മുമ്പ് ഞാൻ വരുവാ ടോംസ് നിൻ്റടുക്കലേക്ക് … നിൻ്റെ പ്രണയത്തിലലിയാൻ… “

അത്രയും അവൾ പറഞ്ഞ് നിർത്തി..

” മനോഹരമായ പ്രണയം …. രണ്ടാനച്ഛനെ പേടിച്ച് ദൂരെ പഠിക്കാൻ വന്ന ഒരു പാവം മിത്രയും.. അവളുടെ സീനിയർ ഫെലിക്സ് തോമസും തമ്മിലുള്ള അഗാധ പ്രണയത്തിൻ്റെ ജീവൻ തുടിക്കുന്ന വാക്കുകൾ, അത്രമേൽ ആവേശത്തോടെയാ ഞാനത് വായിച്ചത് ടോംസ് …

നീചനായ ഒരുവനുമായി അവളുടെ വിവാഹം ഉറപ്പിച്ചപ്പോൾ രക്ഷപ്പെടാനായി വന്നില്ലേ അവൾ…

അതു വരെയേ അതിലുള്ളൂ…

പിന്നെ എന്തുണ്ടായി ടോംസ് …”

ഒന്ന് ദീർഘനിശ്വാസമെടുത്ത്

“എനിക്കറിയില്ല “

എന്ന് പറഞ്ഞയാൾ നടന്നു നീങ്ങിയപ്പോൾ പുറകിൽ നിന്ന് ആ വിളി കേട്ടു …

” ടോംസ് ” എന്ന് …മിത്രയുടെ ശബ്ദം,

ഭയത്തോടെ തിരിഞ്ഞപ്പോൾ തുളസിയുടെ സ്ഥാനത്ത് മിത്ര…” ചതിച്ചില്ലേ ടോംസ് നീയെന്നെ ….. എൻ്റെ പ്രാണനേക്കാൾ വിശ്വാസമായിരുന്നു നിന്നെ എനിക്ക് … പക്ഷെ അയാൾക്ക് നീയെന്നെ ഒറ്റിക്കൊടുത്തില്ലേ …??”

“മിത്രാ …”

അതൊരു കരച്ചിലായിരുന്നു ..

“എൻ്റെ മമ്മയെ കൊല്ലുന്നു പറഞ്ഞപ്പോൾ ”

അന്ന് നീ അയാൾക്കെന്നെ കൈമാറിയപ്പോൾ മരിച്ചിരുന്നു മിത്ര….

പിന്നീട് മിത്രയെ അയാൾ പി ച്ചിച്ചീന്തുമ്പോൾ ജീവനുള്ള ശവം മാത്രമായിരുന്നു ഞാൻ……

ഒടുവിൽ കഴുത്തിൽ അയാളുടെ കാലമർത്തി അവസാന ശ്വാസത്തിനായി പിടയുമ്പോഴും കണ്ണിൽ നിൻ്റെ യാ ചതി മാത്രമേ ഞാൻ കണ്ടുള്ളു ടോംസ് ….അവരാരും ഇന്നില്ല ടോംസ്,ബാക്കി വച്ചില്ല മിത്ര…..ഇനി , ഇനി നീ യാ …

” മിത്രാ …. എന്നെ കൊല്ലല്ലേ എന്നു പറഞ്ഞ് പുറത്തേക്കോടുമ്പോൾ അവളും പുറകേ ചെന്നിരുന്നു…

റെയിവേ ട്രാക്കിൽ ഒരു ചൂളം വിളിയോടെ ട്രെയിൻ വരുമ്പോൾ അതിന് മുന്നിലേക്ക് ചാടുമ്പോഴും അയാളുടെ തൊട്ടു പുറകിൽ അവളുണ്ടായിരുന്നു …

ദേ…. ഇപ്പോ നിങ്ങളുടെയും….

Scroll to Top