നിലാവുദിക്കുമ്പോൾ
രചന: സന്തോഷ് അപ്പുക്കുട്ടൻ
” നിങ്ങളുടെ ബിസിനസ് പാർട്ട്ണർ അർജ്ജുൻ്റെ മകൻ അഖിലേഷ് കൊലചെയ്യപ്പെട്ട കേസിൽ നിങ്ങളുടെ ഡ്രൈവർ ജസ്റ്റിനെ ചോദ്യം ചെയ്യാനാണ് ഞങ്ങൾ വന്നിരിക്കുന്നത് “
തുറന്നിട്ട ഗേറ്റിലൂടെ കുതിച്ചെത്തിയ പോലീസ് ജീപ്പ്, പൂമംഗലം തറവാടിൻ്റെ മുറ്റത്ത് പൊടി പറത്തികൊണ്ട് നിന്നതും, എസ്.ഐ.സൈമൺ ചാടിയിറങ്ങി കർക്കശമായ ശബ്ദത്തോടെ പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ കൃഷ്ണദാസ് എസ്.ഐയേയും, പോലീസ് ജീപ്പിലേക്കും മാറി മാറി നോക്കി.
ഗ്രാമത്തിലെ പേരുകേട്ട തറവാട്ടിലേക്ക് കുതിച്ചു വരുന്ന പോലീസ് ജീപ്പ് കണ്ട്, ഗ്രാമവാസികൾ ഓരോരുത്തരായി ആകാംക്ഷഭരിതരായി അങ്ങോട്ടേക്ക് ഓടിയടുത്തു.
ഇന്നലെ രാത്രി ക്രൂരമായ ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിച്ച ആ ഗ്രാമത്തിൽ, നേരം പുലരുമ്പോഴെക്കും ഒരു പോലീസ്ജീപ്പ് കൃഷ്ണദാസിൻ്റെ വീട്ടിലേക്ക് പാഞ്ഞു വരുന്നത് കണ്ട് ഗ്രാമവാസികളിൽ സംശയം നിറഞ്ഞു.
ജീപ്പിനരികിലേക്ക് ഓടിയടുക്കുന്ന ജനങ്ങളെ ഒന്നു തിരിഞ്ഞു നോക്കികൊണ്ട്, എസ്.ഐ തൻ്റെ കൈയ്യിൽ തൂവാലയിൽ പൊതിഞ്ഞുവെച്ചിരുന്ന പേഴ്സ് കൃഷ്ണദാസിനു നേരെ നീട്ടി.
“കൊല നടന്ന വീട്ടിൽ നിന്നു കണ്ടെടുത്ത പേഴ്സ് ആണ് ഇത്. ഈ പേഴ്സ് നിങ്ങളുടെ കാർ ഡ്രൈവർ ജസ്റ്റിൻ്റെത് ആണ്. അതിൽ സംശയമൊന്നും ഇല്ലല്ലോ?”
തനിക്കു നേരെ ചൂണ്ടി കാണിച്ച പേഴ്സിലേക്ക് കൃഷ്ണദാസ് കുറച്ചു നേരം നോക്കി നിന്നു.
” ഇത് ജസ്റ്റിൻ്റെ പേഴ്സ് തന്നെയാണ് “
കൃഷ്ണദാസിൻ്റെ പതർച്ച ബാധിച്ച വാക്കുകൾ കേട്ടതും, ജീപ്പിലുണ്ടായിരുന്ന പോലീസുക്കാർ പൊടുന്നനെ പുറത്തേക്ക് ചാടിയിറങ്ങി.
“ഈ ജസ്റ്റിൻ ഇപ്പോൾ എവിടെയുണ്ട്?”
എസ്.ഐ. ചോദിച്ചതും, കൃഷ്ണദാസ് കുറച്ചപ്പുറത്തുള്ള തൻ്റെ ഔട്ട്ഹൗസിലേക്ക് നോക്കി.
” അവൻ ആ ഔട്ട്ഹൗസിലുണ്ട്. ഇന്നലെ വൈകീട്ട് അഖിലേഷിൻ്റെയും, ദീപ്തിയുടെയും ഒപ്പം ബാംഗ്ലൂരിൽ പഠിക്കുന്ന സുഹൃത്തുക്കളെ റെയിൽവേ സ്റ്റേഷനിൽ ഡ്രോപ് ചെയ്ത് അർദ്ധരാത്രിയോടെയാണ് അവൻ മടങ്ങി വന്നതെന്ന് തോന്നുന്നു. ആ നേരത്ത് കാറിൻ്റെ ശബ്ദം കേട്ടിരുന്നു ഞാൻ “
കൃഷ്ണദാസിൻ്റെ സംസാരം കേട്ടതും എസ്.ഐ സൈമൺ സംശയത്തോടെ പുരികമുയർത്തി.
“ഇന്നലെ കാലത്ത്, അഖിലേഷിൻ്റെയും, ദീപ്തിയുടെയും കൂടെ ബാംഗ്ലൂർ ഉള്ള രണ്ട് ഫ്രണ്ട്സുകൾ വന്നിരുന്നു. ജസ്റ്റിൻ അവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിക് ചെയ്ത് അഖിലേഷിൻ്റെ വീട്ടിലേയ്ക്ക് പോകും വഴി എൻ്റെ മകൾ ദീപ്തി ഇവിടെ ഇറങ്ങുകയും ചെയ്തു. പിന്നെ പത്തു മണിക്കാണ് അവൾ അഖിലേഷിൻ്റെ വീട്ടിലേക്ക് പോയത്.. അവിടുത്തെ ആഘോഷമൊക്കെ കഴിഞ്ഞതിനു ശേഷം വൈകീട്ട് തന്നെ ജസ്റ്റിൻ അവരെ റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തിരുന്നു.”
“അപ്പോൾ അഖിലേഷിൻ്റെ വീട്ടിൽ ഉണ്ടായിരുന്ന നിങ്ങളുടെ മകൾ ദീപ്തി ?”
എസ്.ഐയുടെ ചോദ്യം കേട്ടപ്പോൾ കൃഷ്ണദാസ് ഒന്നു പതറി.
” അവരെ റെയിൽവേ സ്റ്റേഷനിലേക്ക് ജസ്റ്റിൻ കൂട്ടികൊണ്ടു പോയതിനു ശേഷം കുറച്ചു സമയം കഴിഞ്ഞ് അവൾ വീട്ടിലേക്കു വന്നു.. നല്ല ക്ഷീണമുണ്ടെന്നും,കുറച്ചുനേരം ഒന്നു റെസ്റ്റ് എടുക്കട്ടെയെന്നും പറഞ്ഞ് അവൾ മുറിയിലേക്ക് കയറി പോകുകയും ചെയ്തു.അതിനു ശേഷം കുറച്ചു കഴിഞ്ഞ് അഖിലേഷിൻ്റെ ഫോൺ വന്നിരുന്നു, ദീപ്തി ഇവിടെ എത്തിയോ എന്നറിയാൻ. പിന്നെയാണ് അഖിലേഷിൻ്റെ…. “
കൃഷ്ണദാസിൻ്റെ ഗദ്ഗദത്തോടെയുള്ള സംസാരം പൂർത്തിയാകും മുൻപെ ,എസ്.ഐയും, മറ്റുള്ള പോലീസുക്കാരും ഔട്ട് ഹൗസിനു നേർക്ക് കുതിച്ചു.
എസ്.ഐ ഔട്ട്ഹൗസിൻ്റെ വാതിലിൽ മുട്ടുന്നതിനു മുൻപേ ജസ്റ്റിൻ മുറിയിൽ നിന്നു പുറത്തിറങ്ങി വന്നതും, മുന്നിൽ നിൽക്കുന്ന പോലീസുക്കാരെ കണ്ട് അയാൾ അമ്പരപ്പോടെ നോക്കി.
ഉറക്കക്ഷീണത്താൽ കലങ്ങി ചുവന്നിരുന്ന കണ്ണുകൾ പതിയെ തുടച്ചിട്ട് അയാൾ, ചുറ്റും കൂടി നിൽക്കുന്ന ജനങ്ങളെ നോക്കിയതിനു ശേഷം, കൈയിൽ പിടിച്ചിരുന്ന ഷർട്ട് ദേഹത്ത് അണിഞ്ഞു.
“എന്താ സാർ പ്രശ്നം?”
ജസ്റ്റിൻ്റെ ചോദ്യം കേട്ടതും എസ്.ഐ അവനെ സൂക്ഷിച്ചു നോക്കി.
“കുറച്ചപ്പുറത്തുള്ള അഖിലേഷ് എന്ന പയ്യൻ ഇന്നലെ രാത്രി കൊല ചെയ്യപ്പെട്ടത് അറിയോ നിനക്ക്?”
എസ്.ഐയുടെ ചോദ്യം കേട്ടതും, ജസ്റ്റിൻ പതർച്ചയോടെ കൃഷ്ണദാസിനെ നോക്കി.
” അറിയാം… അഖിലേഷിനെ ആരോ ഇന്നലെ രാത്രി കൊലപ്പെടുത്തിയെന്നും, നമ്മൾക്കൊന്നു അവിടേയ്ക്ക് പോകണമെന്നും മുതലാളി ഇപ്പോൾ വിളിച്ചു പറഞ്ഞതേയുള്ളൂ. അങ്ങോട്ട് പോകാൻ ഇറങ്ങിയതാണ് ഞാനിപ്പോൾ”
” ഇന്നലെ നീ അവിടെ പോയിട്ടില്ലായിരുന്നോ?”
എസ്.ഐ അവനോട് ചോദിക്കുമ്പോൾ, അവർക്കു പിന്നിൽ ആകാംക്ഷയോടെ ഒരു ജനസാഗരമുയർന്നു തുടങ്ങിയിരുന്നു.
” പോയിരുന്നു.ഇന്നലെ രാവിലെ പത്ത് മണിക്ക് മുതലാളിയുടെ മകൾ ദീപ്തി അഖിലേഷിൻ്റെ വീട് വരെ ഒന്നു കൊണ്ടു ചെന്നു വിടണമെന്ന് പറഞ്ഞപ്പോൾ, ഞാൻ കാറ് എടുത്ത് ദീപ്തിയുമായി അങ്ങോട്ടേക്ക് പോയിട്ടുണ്ടായിരുന്നു.
ജസ്റ്റിൻ്റെ മറുപടി കേട്ടതും എസ്.ഐ സൈമൺ സംശയത്തോടെ കൃഷ്ണദാസിനെ നോക്കി.
“ദീപ്തിയും,അഖിലേഷുംബാംഗ്ലൂർ ഒന്നിച്ചു പഠിക്കുന്നവരാണ്.. കോഴ്സ് കഴിഞ്ഞാൽ അവരുടെ കല്യാണം നടത്താമെന്നും തീരുമാനിച്ചിരുന്നതുമാണ്.ബാംഗ്ലൂർ നിന്ന് കൂടെ വന്ന കൂട്ടുക്കാർക്ക് എന്തെങ്കിലും ഫുഡ് വെച്ചു കൊടുക്കണമെന്നും പറഞ്ഞിട്ടാണ് എൻ്റെ മകൾ, ജസ്റ്റിൻ്റെ കാറിൽ അങ്ങോട്ടേക്ക് പോയത്.. “
” അപ്പോൾ അഖിലേഷിൻ്റെ വീട്ടിൽ ആരുമില്ലേ?”
“ഇല്ല.. അഖിലേഷിൻ്റെ അച്ഛനും, അമ്മയും ദുബായിലുള്ള അഖിലേഷിൻ്റെ ചേട്ടൻ്റെ അടുത്തേക്ക് ഒരു മാസത്തെ വിസിറ്റിങ്ങിന് പോയിരിയ്ക്കുകയായിരുന്നു.. പിന്നെ ആകെ അവിടെയുള്ളത്, രാത്രിയിലെ കാവലിനു വരുന്ന ഒരു അയൽവാസി മാത്രമാണ്.
കൃഷ്ണദാസിൻ്റെ സംസാരം കേട്ടതോടെ എസ്.ഐ സൈമൺ ആലോചനയോടെ പതിയെ-തലയാട്ടി.
” ആ അയൽവാസിയാണ് സ്റ്റേഷനിലേക്ക് വിളിച്ച് ഇങ്ങിനെയൊരു കൊലപാതകം നടന്ന കാര്യം പറയുന്നത്.. ടൗണിലുള്ള തിയേറ്ററിൽ നിന്ന് സെക്കൻ്റ്ഷോ കഴിഞ്ഞു വന്നപ്പോഴാണ് ഗേറ്റും, വീടും തുറന്നു കിടക്കുന്നതും, വീടിൻ്റെ ഡൈനിംഗ് റൂമിൽ അഖിലേഷ് മരിച്ചു കിടക്കുന്നതും അയാൾ കണ്ടത് “
അത്രയും പറഞ്ഞ് എസ്.ഐ ജസ്റ്റിനു നേർക്ക് തിരിഞ്ഞു.
“പിന്നെ നീ ദീപ്തിയെ അവിടെയെത്തിച്ചതിനു ശേഷമുള്ള കാര്യങ്ങൾ പറ?”
എസ്.ഐയുടെ പരുക്കൻ ചോദ്യം കേട്ടപ്പോൾ ജസ്റ്റിൻ ഓർമ്മയിൽ ഒന്നു തിരഞ്ഞു.
“ദീപ്തിയെ ഞാൻ അവിടെയെത്തിച്ചതും, അവൾ വീടിൻ്റെ അകത്തേക്ക് ഓടി കയറി പോയി.. ഒരു അഞ്ചു മിനിറ്റിനു ശേഷം അകത്ത് നിന്ന് അഖിലേഷ് വന്നിട്ട്, ജസ്റ്റിൻ ഇപ്പോൾ പൊയ്ക്കോ.. ഇനി ഞാൻ വിളിച്ചിട്ടു വന്നാ മതിയെന്നും, വരുമ്പോൾ ഒരു ബോട്ടിൽ മദ്യം വാങ്ങണമെന്നും പറഞ്ഞു..
“എന്നിട്ട് എപ്പോഴാണ് അഖിലേഷ് നിന്നെ വിളിച്ചത്?
“ഒരു അഞ്ചരയോടെയാണ് അഖിലേഷ് എത്രയും പെട്ടെന്ന് രണ്ട് കൂട്ടുകാരെയും റെയിൽവേ സ്റ്റേഷനിൽ വിടണമെന്ന് പറഞ്ഞ് എന്നെ വിളിച്ചത്… ഞാൻ മദ്യവും വാങ്ങി വന്നപ്പോൾ, കൂട്ടുകാരെ എൻ്റെ കാറിലേക്ക് കയറ്റിയ അഖിലേഷ് നീ ഇവരെ എത്രയും പെട്ടെന്ന് സ്റ്റേഷനിലേക്ക് എത്തിക്കണമെന്ന് പറഞ്ഞു… മടങ്ങി വരുന്ന സമയം ദീപ്തിയെ വീട്ടിലേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞു.. പക്ഷേ ഞാൻ അവരെ ട്രെയിൻ കയറ്റി വിട്ട് എട്ടരയ്ക്ക് അഖിലേഷിൻ്റെ വീട്ടിൽ എത്തി ദീപ്തിയെ അന്വേഷിച്ചപ്പോൾ, നേരം വൈകുന്നതു കൊണ്ട് അവൾ വീട്ടിലേക്ക് നടന്നു പോയെന്നാണ് അഖിലേഷ് പറഞ്ഞത്.. ഇതാണ് നടന്ന സംഭവം.. ഇതിൽ കൂടുതൽ എനിക്ക് ഒന്നും അറിയില്ല “
ജസ്റ്റിൻ പറഞ്ഞു നിർത്തി എസ്.ഐയെ നോക്കിയപ്പോൾ അയാൾ ശരിയെന്ന മട്ടിൽ പതിയെ തലയിളക്കി.
” അപ്പോൾ നീ അഖിലേഷിൻ്റെ വീടിനുള്ളിലേക്ക് കയറിയില്ലായെന്നാണ് പറയുന്നത്? അവൻ്റെ മരണത്തിൽ നിനക്കൊരു പങ്കുമില്ലായെന്നും.. അല്ലേ?”
“അതേ സാർ…. “
ജസ്റ്റിൻ പറഞ്ഞുതീരും മുൻപെ എസ്.ഐയുടെ കൈപ്പത്തി അവൻ്റെ കവിളിൽ വീണു.
“നുണ പറയുന്നോടാ റാസ്ക്കൽ.. നീ ആ വീടിനകത്ത് കടക്കാതെ പിന്നെ എങ്ങിനാടാ നിൻ്റെ പേഴ്സ് അവിടുത്തെ കിച്ചനിൽ കിടന്നിരുന്നത്?”
തൂവാലയിൽ പൊതിഞ്ഞിരുന്ന പേഴ്സ് എടുത്ത് കാണിച്ചു എസ്.ഐ ജസ്റ്റിനെ നോക്കി അലറി.
“സത്യം സത്യമായി പറഞ്ഞോ അല്ലെങ്കീ നിൻ്റെ കാര്യം അധോഗതിയാ മോനേ.. കഴിഞ്ഞ രാത്രി തന്നെ നിന്നെ പറ്റി എല്ലാം അന്വേഷിച്ചറിഞ്ഞിട്ടാണ് ഞങ്ങൾ ഇവിടേയ്ക്കു വന്നിട്ടുള്ളത്…”
എസ്.ഐയുടെ ആ സംസാരം കേട്ടതും ജസ്റ്റിൻ തലകുനിച്ചു…
” രാത്രി എട്ടരയ്ക്ക് നീ അഖിലേഷിൻ്റെ വീട്ടിൽ എത്തിയെന്നു പറയുന്നു. ഇവിടെ നീ എത്തിയത് അർദ്ധരാത്രിയിലാണെന്ന് നിൻ്റെ മുതലാളി പറഞ്ഞു. അതിനർത്ഥം രാത്രി എട്ടരയ്ക്ക് അഖിലേഷിൻ്റെ വീട്ടിൽ എത്തിയ നീ ഏകദേശം രാത്രി പന്ത്രണ്ട് മണി വരെ അവിടെ കഴിച്ചുകൂട്ടിയെന്നാണ്.. എന്തിനു വേണ്ടി ആയിരുന്നു അത്രയും സമയം നീ അവിടെ ചിലവഴിച്ചത്?”
എസ്.ഐ.സൈമണിൻ്റെ കൂർത്ത ചോദ്യം കേട്ടതും, അവൻ വിയർത്തു തുടങ്ങി.
ചിലന്തിവല പോലെയുള്ള ചിന്തകളുടെ നിമിഷങ്ങൾക്കൊടുവിൽ,അവൻ നിസഹായതയോടെ മുഖം പതിയെ ഉയർത്തി,ആകാംക്ഷയോടെ നിൽക്കുന്ന ജനകൂട്ടത്തെയൊന്നു നോക്കി.
ഒടുവിൽ അവൻ്റെ നിറഞ്ഞ കണ്ണുകൾ എസ്.ഐ.യുടെ നേർക്ക് തിരിഞ്ഞു, ആ ചുണ്ടുകൾ പതിയെ വിടർന്നു.
” ഞാൻ തന്നെയാണ് അഖിലേഷിനെ കൊന്നത്…”
ജസ്റ്റിൻ്റെ വാക്കുകൾ കേട്ടതും, എല്ലാം കേട്ടുകൊണ്ട് നിന്നിരുന്ന ദീപ്തിയിൽ നിന്ന് ഒരു പൊട്ടികരച്ചിലുയർന്നു.
ജസ്റ്റിൻ ദീപ്തിയെ ഒന്നു നോക്കിയതിനു ശേഷം കൃഷ്ണദാസിൻ്റെ നേർക്ക് നോട്ടമയച്ചു.
” ഞാനാണ് അഖിലേഷിനെ കൊന്നത് മുതലാളീ… കാരണം അവനാണ് മുതലാളിയുടെ മകളെ കല്യാണം കഴിക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോഴുണ്ടായ ദേഷ്യത്തിന്..”
ജസ്റ്റിൻ്റെ വാക്കുകൾ കേട്ടതും, കോപാക്രാന്തനായ കൃഷ്ണദാസ് അവൻ്റെ കോളറിൽ പിടിച്ചുലച്ചു.
“നീ എന്താ പറഞ്ഞത് നായെ.. അഖിലേഷിനെ കൊന്നതു നീയാണെന്നോ?
കൃഷ്ണദാസിൻ്റെ ഉറക്കെയുള്ള ചോദ്യം കേട്ടതും ജസ്റ്റിൻ വിറച്ചു.
” അതെ മുതലാളി ഞാൻ തന്നെയാണ് അവനെ കൊന്നത്.. കാരണം ദീപ്തിയെ മറ്റൊരാൾ സ്വന്തമാക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു.. അത്രയേറെ ഇഷ്ടമായിരുന്നു എനിക്ക് അവളെ “
ജസ്റ്റിൻ പറഞ്ഞത് കേട്ട് പൊട്ടി കരഞ്ഞുകൊണ്ടിരുന്ന ദീപ്തിയെ ചേർത്തു പിടിച്ചു കൊണ്ട് സുഗന്ധി അവൻ്റെ മുന്നിലേക്ക് വന്നു.
“എൻ്റെ മോളുടെ കണ്ണീർ വീഴ്ത്തിയ നീ ഒരു കാലത്തും ഗതി പിടിക്കില്ലടാ ദുഷ്ടാ.. പാലു തന്ന കൈക്കു തന്നെ കൊത്തിയല്ലോ നീ? “
സുഗന്ധിയുടെ ശാപവാക്കുകൾക്ക് കാതോർക്കാതെ ജസ്റ്റിൻ പതിയെ ദീപ്തിയുടെ അരികിലേക്ക് നടന്നു വന്നു.
“സോറി ദീപ്തി… എന്നെ ഒരു ഡ്രൈവറായി നിൻ്റെ അച്ഛൻ ഈ വീട്ടിലക്കു കൊണ്ടുവന്ന കാലം തൊട്ടേ നീയെൻ്റെ മനസ്സിലുണ്ടായിരുന്നു. ഉള്ളിലെ പ്രണയം തുറന്നു പറയാൻ പേടിയായിരുന്നു. ആ നീ മറ്റൊരാളുമായി… “
ഗദ്ഗദത്തോടെ പറയുന്ന ജസ്റ്റിൻ്റെ വാക്കുകൾ മുഴുവൻ കേൾക്കാൻ നിൽക്കാതെ അവൾ ഒരു പൊട്ടികരച്ചിലോടെ വീട്ടിലേക്ക് ഓടി കയറി.
ദീപ്തി ഓടി പോകുന്നതും നോക്കി രണ്ട് നിമിഷം നിന്ന ജസ്റ്റിൻ പതിയെ എസ്.ഐ.യുടെ നേർക്ക് തിരിഞ്ഞു.
” ആ വിഷമത്തിലും, ദേഷ്യത്തിലും അങ്ങിനെ ചെയ്തെങ്കിലും, പിന്നെയാണ് എനിക്ക് കുറ്റബോധം തോന്നിയതും പ്രണയം ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ലെന്ന് മനസ്സിലായതും… പക്ഷേ അത് മനസ്സിലാക്കുമ്പോഴേക്കും നേരം വൈകിയിരുന്നു “
ജസ്റ്റിൻ പറയുന്നത് നിർത്തി എസ്.ഐയെ നോക്കി.
” എനിക്ക് ഒരു ആഗ്രഹമുണ്ട്.. അഖിലേഷിൻ്റെ മുഖം ഒന്നു കാണണം.. പോസ്റ്റ്മോർട്ടം കഴിഞ്ഞ് കൊണ്ടുവരാൻ ഇനി അധികം സമയമില്ലല്ലോ? അതുവരെ എന്നെ അറസ്റ്റ് ചെയ്യാതിരുന്നൂടേ?”
ജസ്റ്റിൻ്റെ ചോദ്യം കേട്ടതും എസ്.ഐ. അവൻ്റെ ചെകിട്ടത്ത് ഒന്നു പൊട്ടിച്ചു.
” ഒരു പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടി, അടുത്തറിയാവുന്ന ഒരു പയ്യനെ കൊന്നിട്ട് ഇപ്പോൾ അവൻ്റെ സെൻ്റി.. നടക്കടാ ജീപ്പിലോട്ട്.. ബാക്കിയൊക്കെ സ്റ്റേഷനിൽ ചെന്നിട്ട് പറഞ്ഞു തരാം”
പറയുന്നതിനോടൊപ്പം എസ്.ഐ അവൻ്റെ മുഖത്തേക്ക് ക്രൂരമായി നോക്കി കൊണ്ടു കൈയിൽ വിലങ്ങ് അണിയിച്ചു.
“നല്ലൊരു ചെക്കനായിരുന്നു അഖിലേഷ്.. ഈ നാട്ടിൽ ഇത്ര സൈലൻ്റ് ആയ ഒരു പയ്യനെ കാണാൻ കിട്ടില്ല. ആ പാവത്തിനെ കൊന്ന ഇവനെയൊന്നും വെറുതെ വിടരുത് സാറേ… “
ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ പറഞ്ഞതും, ആദ്യത്തെ കല്ല് ജസ്റ്റിൻ്റെ ശരീരത്തിലേക്ക് പതിച്ചതും ഓരേ നിമിഷമായിരുന്നു.
പൊടുന്നനെ ആൾകൂട്ടമിളകികൊണ്ട് ജസ്റ്റിനു നേരെ പാഞ്ഞു വന്നപ്പോൾ, പോലീസ് പണിപെട്ടു കൊണ്ട് അവന് രക്ഷാകവചമൊരുക്കി.
വിലങ്ങണിയിച്ചു കൊണ്ടു പോകുന്ന ജസ്റ്റിൻ്റെ മുന്നിലേക്കായി കൃഷ്ണദാസ് കയറി നിന്നു പകയോടെ അവനെ നോക്കി.
“എൻ്റെ മോളെ സ്വന്തമാക്കാനാണ് നീ അഖിലേഷിനെ കൊന്നതെങ്കിൽ, നീ ഇനി ഈ ഭൂമിയിൽ രണ്ടു കാലിൽ നടക്കണ്ട…”
വിലങ്ങണിഞ്ഞിരുന്ന ജസ്റ്റിനെ ക്രൂദ്ധനായി നോക്കികൊണ്ട് കൃഷ്ണദാസ് എസ്.ഐയുടെ നേർക്ക് നോട്ടമയച്ചു.
“ഇനി പുറത്തു വന്നാൽ രണ്ടു കാലിൽ നടക്കാനാവാത്ത വിധം തല്ലി ചതച്ചേക്കണം സാറെ ഇവനെ….”
കൃഷ്ണദാസിൻ്റെ വാക്കുകൾ കേട്ടതും എസ്.ഐ അയാളെ നോക്കി പതിയെ തലയാട്ടി.
“നശിച്ചുപോകും ദുഷ്ടാ നീ.. അഖിലേഷ്മോനെ കൊന്നിട്ട് എങ്ങിനെയാടാ ഒരു തരി പതർച്ചയുമില്ലാതെ ഇവിടെ താമസിക്കാൻ നിനക്ക് കഴിഞ്ഞത്?”
ഒരു കരച്ചിലോടെ ഓടി വന്ന സുഗന്ധി ജസ്റ്റിൻ്റെ രണ്ടു തോളിലും പിടിച്ചു കുലുക്കി.
“ഞാൻ അന്നേരം തന്നെ നിങ്ങളോട് പറഞ്ഞില്ലേ ഇവനെയൊന്നും ജോലിക്ക് വെക്കേണ്ടാന്ന് .. ഇവൻ്റെ മുഖം തന്നെ ഒരു കൊലയാളിയുടേതു പോലെയെന്ന്.. അതിനു നിങ്ങൾ സമ്മതിച്ചോ.. ഇപ്പം എന്തായി?”
കൃഷ്ണദാസിനെ നോക്കി സുഗന്ധി അലർച്ചയോടെ ചോദിച്ചതും, അയാൾ ഒന്നും പറയാതെ മുഖം കുനിച്ചു.
” ഒരുത്തനെ കാർ ഡ്രൈവറായി ജോലിക്കു നിർത്തുമ്പോൾ, അവനെ പറ്റി നന്നായി അന്വേഷിക്കണ്ടേ കൃഷ്ണദാസ്..അതും ഒരു പെൺകുട്ടിയുള്ള വീട്ടിൽ, തൊട്ടരികെയുള്ള ഔട്ട്ഹൗസിൽ എല്ലാ കാര്യങ്ങൾക്കും സ്വാതന്ത്ര്യം കൊടുത്തു കൊണ്ട് താമസിപ്പിക്കുമ്പോൾ.. “
എസ്.ഐയുടെ ചോദ്യം കേട്ടപ്പോൾ കൃഷ്ണദാസ് അയാളെ നോക്കി പതിയെ തലയാട്ടി.
“സാർ പറഞ്ഞതാണ് ശരി..ഇവനെ പറ്റി അന്വേഷിക്കാതെ ജോലി കൊടുത്തത് എൻ്റെ തെറ്റു തന്നെയാണ്.. ഇവൻ്റെ അപ്പൻ വർഗ്ഗീസ് ഇവന് ഒരു ജോലി കൊടുക്കണമെന്ന് കരഞ്ഞു പറഞ്ഞ് കാൽ പിടിച്ചപ്പോൾ പിന്നെ ഞാനൊന്നും ആഴത്തിൽ അന്വേഷിക്കാൻ നിന്നില്ല.. എൻ്റെ തോട്ടം പണ്ടുമുതലേ നോക്കുന്നത് വർഗ്ഗീസ് ആയിരുന്നു..അയാളൊരു പാവമായിരുന്നു. “
” അതാണ് പ്രശ്നം കൃഷ്ണദാസ്… മക്കളെ നേർവഴിക്ക് നടത്താൻ വേണ്ടി അച്ഛൻമാർ ശ്രമിക്കും. അങ്ങിനെയാണ് അയാൾ തൻ്റെ കാൽ പിടിച്ചത് … സ്വന്തം തൊഴിലാളിയോടുള്ള സ്നേഹം കൊണ്ട് കൃഷ്ണദാസ് ജോലിയും കൊടുത്തു. ഇപ്പം പണി കൊടുത്ത തനിക്ക് തന്നെ എട്ടിൻ്റെ പണി കിട്ടിയില്ലേ?അതാണ് ഇവറ്റകളുടെ ഗുണം. ഈ അട്ടകളെ പിടിച്ചു മെത്തയിലിട്ടിട്ടു കാര്യമില്ല കൃഷ്ണദാസ്.. അവ പിന്നെയും പൊട്ടകുളം അന്വേഷിച്ചു പോകും”
എല്ലാംകേട്ട് ഒരക്ഷരം മറുപടി പറയാതെ കുനിഞ്ഞു നിൽക്കുന്ന ജസ്റ്റിൻ്റെ മുഖം കൈകൊണ്ട് ഉയർത്തി എസ്.ഐ സൈമൺ അവനെ അടിമുടിയൊന്നു നോക്കി.
” അഖിലേഷിൻ്റെ വീട്ടിൽ നിന്ന് ഇവൻ്റെ പേഴ്സ് കിട്ടിയപ്പോൾ തന്നെ ഇവനെ പറ്റി കൂടുതൽ അന്വേഷിച്ചു. അപ്പോഴാണ് ഇവൻ്റെ തനിനിറം അറിയുന്നത്.. ക്വട്ടേഷൻ, ക ഞ്ചാവ് കച്ചവടം, കി ഡ്നാപ്പിങ്. എന്നു വേണ്ട എല്ലാ ചെറ്റത്തരവും ഇവന് ഉണ്ടായിരുന്നു. അതിനൊക്കെ പല തവണ അകത്തായിട്ടുമുണ്ട് … “
എസ്.ഐ. സൈമൺ പറയുന്നതിനിടയിൽ കൃഷ്ണദാസിൽ നിന്ന് നോട്ടം മാറ്റി ചുറ്റും നോക്കി.
ഒരു കൊലപാതകിയെ അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നത് കാണാൻ തിടുക്കം കൂട്ടുന്നവരുടെ തിരക്ക്.
“ദീപ്തിയെ ഒന്നു വിളിക്കാമോ കൃഷ്ണദാസ്.. കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് “
എസ്.ഐ പറഞ്ഞതും, കൃഷ്ണദാസ്, ഭാര്യയായ സുഗന്ധിയെ നോക്കിയതും അവൾ വീട്ടിലേക്ക് നടന്നു.
അഞ്ച് നിമിഷങ്ങൾക്കകം ദീപ്തിയുമായി, സുഗന്ധി ആൾകൂട്ടത്തിനെ വകഞ്ഞു മാറ്റി കൊണ്ട് എസ്.ഐ.ക്കു മുന്നിലായ് വന്നു നിന്നു.
ഒരു പഴന്തുണികെട്ടു പോലെ നിൽക്കുന്ന ദീപ്തിയെ എസ്.ഐ. ഒരു നിമിഷം നോക്കി നിന്നു.
“ദീപ്തിയും, കൊല്ലപ്പെട്ട അഖിലേഷും പ്രണയത്തിലായിരുന്നോ?”
എസ്.ഐ.യുടെ ചോദ്യം കേട്ടപ്പോൾ ദീപ്തി ഒരു നിമിഷം അച്ഛനെയും, അമ്മയെയും നോക്കി.
” അതേ. രണ്ടു വീട്ടുക്കാരും അറിഞ്ഞുള്ള പ്രണയമായിരുന്നു.. കോഴ്സ് പൂർത്തിയായാൽ ഞങ്ങളുടെ വിവാഹം നടത്താമെന്ന് അച്ഛനും, അങ്കിളും തീരുമാനിച്ചിരുന്നതാണ് “
പതിയെ പറഞ്ഞു കൊണ്ട് ദീപ്തി നിറഞ്ഞ കണ്ണുകളോടെ ജസ്റ്റിനെ നോക്കി.
” ഇതിനിടയിൽ ഇവൻ ഇങ്ങിനെയൊരു കടുംകൈ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല”
ദീപ്തി ഗദ്ഗദത്തോടെ പറഞ്ഞുകൊണ്ട് എസ്.ഐയെ നോക്കി.
“ഇന്നലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്നതിനു ശേഷമുള്ള സംഭവങ്ങൾ ഒന്നു വിവരിക്കാൻ പറ്റോ ദീപ്തിക്ക്?”
എസ്.ഐ സൈമൺ ചോദിച്ചതും, ദീപ്തി സമ്മതഭാവത്തോടെ തലയാട്ടി.
“ബാംഗ്ലൂരിൽ നിന്നു വന്ന ഫ്രണ്ട്സുകൾ അഖിലേഷിൻ്റെ വീട്ടിൽ പോകും വഴിയ്ക്ക്,ഞാൻ കാറിൽ നിന്നിറങ്ങി നേരെ എൻ്റെ വീട്ടിലേക്ക് ആണ് വന്നത്. ഒന്നു ഫ്രെഷ് ആകാൻ വേണ്ടി. പിന്നെ ഒരു പത്തു മണിയായപ്പോൾ ഞാൻ ഇവനോടൊപ്പമാണ് അഖിലേഷിൻ്റെ വീട്ടിൽ പോയത് “
” അന്നേരം ഇവൻ ഇത്രയും അപകടകാരിയാണെന്ന് തിരിച്ചറിഞ്ഞില്ല ദീപ്തി.. അല്ലേ?”
എസ്.ഐ ജസ്റ്റിനെ നോക്കി പല്ലു ഞെരിച്ചു കൊണ്ട് ചോദിച്ചപ്പോൾ, ദീപ്തി പതിയെ തലയാട്ടി.
” അറിയില്ലായിരുന്നു.. അഖിലേഷിൻ്റെ വീട്ടിൽ എത്തുമ്പോഴും, ആഘോഷമൊക്കെ കഴിഞ്ഞ് ഞങ്ങളുടെ സുഹൃത്തുക്കളെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു പോകുമ്പോഴും ഇവൻ്റെ മുഖത്ത് വിഷാദഭാവമുണ്ടായിരുന്നു അത് ഇങ്ങിനെ ഒരു സംഭവം മനസ്സിൽ ഉള്ളതുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല”
ദീപ്തി പറഞ്ഞു കഴിഞ്ഞതും, എസ്.ഐ ബാക്കി നടന്ന സംഭവങ്ങൾ അറിയാൻ വേണ്ടി ജസ്റ്റിനെ നോക്കി..
” ദീപ്തിയുടെ കൂട്ടുകാരെ ട്രെയിൻ കയറ്റി മടങ്ങി വന്നതിനു ശേഷമാണ് ഞാൻ അഖിലേഷിനെ കൊന്നത്.. കയർ കഴുത്തിൽ വരിഞ്ഞുമുറുക്കി… “
പറഞ്ഞുതീരും മുൻപെ കൃഷ്ണദാസിൻ്റെ കൈത്തലം ശക്തിയോടെ ജസ്റ്റിൻ്റെ കവിളിലമർന്നു.
“ബാസ്റ്റഡ് “
അടി കിട്ടിയ കവിൾതടം തലോടികൊണ്ട് ജസ്റ്റിൻ നിർവികാരതയോടെ ദീപ്തിയെ നോക്കിയതും, അവൾ ഒരു പൊട്ടി കരച്ചിലോടെ മുഖം കുനിച്ചു.
“ബാക്കിയുള്ള ചോദ്യങ്ങളൊക്കെ ഞങ്ങൾ ഇവനെ സ്റ്റേഷനിലെത്തിച്ച് ചോദിക്കേണ്ട രീതിയിൽ ചോദിച്ചോളാം കൃഷ്ണദാസ്…”
അത്രയും പറഞ്ഞ് എസ്. ഐ ജസ്റ്റിനെ ജീപ്പിലേക്ക് കയറ്റുമ്പോൾ കൂട്ടം കൂടി നിന്നവർ അവനെ ശപിക്കുന്നുണ്ടായിരുന്നു.
“കേസ് കോടതിയിലെത്തിയാൽ നല്ലൊരു വക്കീലിനെ വെച്ച് ഇവനു വേണ്ടി വാദിക്കണം ഡാഡീ.. ശിക്ഷ അധികം നീട്ടാതെ എത്രയും പെട്ടെന്ന് ഇവനെ പുറത്തിറക്കി എൻ്റെ മുന്നിലെത്തിക്കണം. വെറും തടവ് കൊണ്ട് തീരുന്നതല്ല ഇവൻ ചെയ്ത ക്രൂരത.”
ദീപ്തിയുടെ സങ്കടത്തോടെയുള്ള സംസാരമുയർന്നതും, എസ്.ഐ.സൈമൺ കൃഷ്ണദാസിനെ നോക്കി.
“എനിക്ക് മകനായും, മകളായും ഇവൾ ഒറ്റ ഒരുത്തിയേ ഉള്ളൂ. എത്ര പണം ചിലവാക്കിയാണെങ്കിലും അവളുടെ ആഗ്രഹം ഞാൻ നടത്തും… അതിന് സാറിൻ്റെ സഹായം എനിക്ക് വേണം”
കൃഷ്ണദാസ് പതിയെ എസ്.ഐ സൈമണിൻ്റെ ചെവിയിൽ പറഞ്ഞതും അയാൾ പുഞ്ചിരിയോടെ തലയാട്ടി.
ജസ്റ്റിനെ കയറ്റിയ ജീപ്പ് പൂമംഗലം തറവാട്ടിൻ്റെ ഗേറ്റ് കടക്കുന്നത് വരെ അവൻ, വീടിൻ്റെ പടിയിൽ ഒരു ശില പോലെ നിൽക്കുന്ന ദീപ്തിയെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു.
പൊടുന്നനെ ആകാശകോണിൽ ഒരു ഇടി മുഴങ്ങിയതും, പുൽപരപ്പിൽ മലർന്നു കിടന്നിരുന്ന ജസ്റ്റിൻ നീണ്ട ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്ന് ആകാശത്തേക്കു നോക്കി…
കഴിഞ്ഞ കാലം പോലെ കറുത്തിരുണ്ട മേഘങ്ങൾ ആകാശത്ത് വട്ടംചുറ്റുന്നുണ്ട്…
റൗണ്ടിനു ചുറ്റും ടാറിട്ട നിരത്തിലൂടെ കുതിച്ചും ,കിതച്ചും പോകുന്ന വാഹനങ്ങളെ ഒന്നു നോക്കിയതിനു ശേഷം അവൻ വീണ്ടും കണ്ണടച്ചു കിടന്നു.
കുട്ടികാലം തൊട്ടേ ഈ പുൽപരപ്പിൽ മലർന്നുകിടക്കുന്നത് ഒരു ശീലമാണ്..
സങ്കടം വന്നാലും, സന്തോഷം വന്നാലും ഇവിടെ വന്ന് ആകാശത്തേക്ക് നോക്കി വെറുതെ മലർന്ന് കിടക്കും..
നഗരത്തിൻ്റെ ഇരുണ്ട ലോകത്തിലേക്ക് ഇറങ്ങിയപ്പോഴും അതിനൊരു മുടക്കമുണ്ടായിട്ടില്ല..
പിന്നെ എല്ലാ ദിനചര്യകൾ മാറിയതും, നഗരത്തിലെ കറുത്ത കൂട്ടുകെട്ട് മറന്നതും, കൃഷ്ണദാസ് മുതലാളിയുടെ ഡ്രൈവറായി ജോലിക്ക് കയറിയപ്പോഴാണ്..
അപ്പൻ്റെ സ്വപ്നത്തിലുള്ള മകനായി ജീവിക്കണമെന്ന് തീരുമാനിച്ചപ്പോഴാണ്.
എല്ലാം സ്വപ്നങ്ങൾ മാത്രമായി അവശേഷിപ്പിച്ച ഭൂതകാലത്തിനെ ഓർത്ത് അവൻ വിഷാദത്തോടെ ഒന്നു ചിരിച്ചു.
വർഷങ്ങൾ നീണ്ട തടവുജീവിതം….
ഇന്ന്,നീണ്ട കാലത്തെ ജയിൽശിക്ഷ കഴിഞ്ഞപ്പോഴും, ആദ്യമെത്തണമെന്ന് തോന്നിയത് ഇടയ്ക്കെപ്പോഴോ മറന്നു പോയ ഈ പുൽപരപ്പിലേക്കാണ്..
കൂറ്റൻ ആൽമരത്തിൻ്റെ ശിഖരങ്ങളിൽ കാറ്റിനോടൊപ്പം തത്തികളിക്കുന്ന ആലിലകളുടെ മർമ്മരം കേട്ടു അവൻ കണ്ണടച്ചു കിടക്കവെ, മഴതുള്ളികൾ അവൻ്റെ മുഖത്തേക്കു വീണു തുടങ്ങിയിരുന്നു.
മുഖത്തു വീഴുന്ന മഴതുള്ളികൾ മനസ്സിലെ ചൂടിനെ പതിയെ ശമിപ്പിക്കുന്നുണ്ടെന്നറിഞ്ഞ അവൻ ഒരു പുഞ്ചിരിയോടെ കണ്ണടച്ചു കിടന്നു.
പൊടുന്നനെ മുഖത്ത് വീണുകൊണ്ടിരുന്ന മഴതുള്ളികൾ നിലച്ചപ്പോൾ അവൻ പെട്ടെന്ന് കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് തന്നെ നോക്കി നിന്ന് പുഞ്ചിരി തൂകുന്ന ഒരു മുഖമായിരുന്നു.
തൻ്റെ ശിരസ്സിനു മുകളിൽ നീലവർണ കുടയും നിവർത്തി നിൽക്കുന്ന ദീപ്തിയെ കണ്ടതും, ജസ്റ്റിൻ അമ്പരപ്പോടെ പുൽതകിടിയിൽ നിന്നും എഴുന്നേറ്റു.
“ശിക്ഷ കഴിഞ്ഞു വരുന്ന കുഞ്ഞാടിനെ കാത്ത് ഇതുവരെ ജസ്റ്റിൻ്റെ വീട്ടിലിരിക്കുകയായിരുന്നു ഞാൻ. ഈ സമയം വരെ കാണാതായപ്പോൾ, ഇവിടെ ചിലപ്പോൾ ഉണ്ടാകുമെന്ന് വർഗ്ഗീസ് ചേട്ടൻ ആണ് പറഞ്ഞത് “
ദീപ്തി പറഞ്ഞതും, അവൻ അവളെ വല്ലായ്മയോടെ നോക്കി.
“വർഗ്ഗീസ് ചേട്ടൻ വന്നിട്ടില്ല.. ചേട്ടനും, ലൂസി ചേച്ചിയും കൂടി മുടിയനായ പുത്രൻ വരുന്നതും കാത്ത്, വിഭവ സമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കുകയാണ് വീട്ടിൽ… അല്ലെങ്കിലും അവർ ഇവിടേയ്ക്ക് വരേണ്ട ആവശ്യമില്ലല്ലോ? കൺനിറയെ കാണേണ്ടവരും, ഇത്രകാലമുള്ള കഥകൾ പറയേണ്ടവരും നമ്മൾ തമ്മിൽ അല്ലേ?”
ദീപ്തി, ജസ്റ്റിൻ്റെ അരികിൽ ചേർന്നു നിന്നു പറഞ്ഞതും, അവൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി.
“ഇനി ഇവിടെ കിടന്ന് മഴ നനഞ്ഞ്, കണ്ണീരൊഴുക്കാതെ വീട്ടിലേക്ക് വാ.. അവർ അവിടെ ജസ്റ്റിനെ കാത്തിരിക്കുകയാണ്.. കൂടെ ഞാനുമുണ്ട് “
ദീപ്തിയുടെ സംസാരം കേട്ടതും, ജസ്റ്റിൻ അവളെ സംശയത്തോടെ നോക്കി.
“വയസ്സുകാലത്ത് തുണയാകേണ്ട മകൻ ജയിലിലായതിൻ്റെ വിഷമം അറിയിക്കാതെ വയസ്സായ വർഗ്ഗീസ് ചേട്ടനെയും, ലൂസി ചേച്ചിയെയും നോക്കുകയാണ് ഇപ്പോൾ എൻ്റെ ഡ്യൂട്ടി. അതിനു വേണ്ടി ഇടയ്ക്കിടെ വന്ന് ഞാൻ ജസ്റ്റിൻ്റെ വീട്ടിൽ വന്നു താമസിക്കാറുണ്ട്.”
അത്രയും പറഞ്ഞ് ദീപ്തി ജസ്റ്റിൻ്റെ നേർക്കു കൈ നീട്ടിയതും, അവൻ്റെ കൈ യാന്ത്രികമായി അവളുടെ കൈയിൽ പിടുത്തമിട്ടു.
നിവർത്തി പിടിച്ച വർണകുടയിൽ ദീപ്തിയുടെ ചാരെ ചേർന്നു നടക്കുമ്പോൾ ജസ്റ്റിൻ, കുടയ്ക്കു മുകളിൽ വീഴുന്ന മഴ തുള്ളികളുടെ സംഗീതം ശ്രദ്ധിക്കുകയായിരുന്നു.
“നീ ഇതുവരെ കല്യാണം കഴിച്ചില്ലേ ദീപ്തി ?”
നിമിഷങ്ങൾക്കു ശേഷം ജസ്റ്റിൻ്റെ ചോദ്യമുയർന്നതും ദീപ്തി അവനെ രൂക്ഷമായൊന്നു നോക്കി.
“പ്രാണനെ പോലെ സ്നേഹിച്ചവനും, കൂട്ടുക്കാരും കൂടി മയ ക്കുമരുന്നിൻ്റെ ല ഹരിയിൽ ഒരു പെണ്ണിനെ പിച്ചിചീന്തിയപ്പോൾ, മനസ്സ് തകർന്ന അവളെ ആശ്വസിപ്പിക്കുകയും, കൂടെ ചേർത്തു നിർത്തുകയും ചെയ്ത നിന്നെക്കാളും യോഗ്യത എന്നെ കെട്ടാൻ മറ്റുള്ളോർക്കുണ്ടോ?”
ദീപ്തിയുടെ ചോദ്യം കേട്ടതും, ജസ്റ്റിൻ ഉത്തരമില്ലാതെ അവളെ തന്നെ നോക്കി നിന്നു.
” ഒന്നു നന്നായി കുളിച്ചാൽ ശരീരത്തിലെ അഴുക്കൊക്കെ മാറുമെന്ന് പറഞ്ഞ് നീയാണ് എന്നെ സമാധാനിപ്പിച്ചത്.. ഇവിടം നടന്ന കാര്യങ്ങൾ ഇവിടെ തന്നെ കുഴിച്ചുമൂടണമെന്നും, പുറം ലോകത്ത് ആരും ഈ കാര്യം അറിയരുതെന്നും നീയാണ് എന്നെ പറഞ്ഞ് പഠിപ്പിച്ചത്..”
പറയുന്നത് നിർത്തി ദീപ്തി നിറയുന്ന കണ്ണുകൾ തുടച്ചു.
“അല്ലെങ്കിലും മനസ്സറിഞ്ഞ് പ്രണയിച്ചവനും, സ്വന്തം കൂട്ടുക്കാരും നിർദ്ദയമായി പിച്ചിചീന്തിയെന്ന്
പറഞ്ഞാൽ ആരാണ് വിശ്വസിക്കുക? പിന്നെ നാട്ടിൻ സൽപേരുമായി നടക്കുന്ന, എന്നെ വിവാഹം ചെയ്യാനിരുന്ന അഖിലേഷിനെ ആരാണ് കുറ്റവാളിയായി കാണുക.. മയക്കുമരുന്നിൻ്റെ ലഹരിയിലാണ് ഈ ക്രൂര കൃത്യം നടത്തിയതെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുകയുമില്ല…”
“ദീപ്തീ… “
ജസ്റ്റിൻ പതിയെ വിളിച്ചതും, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി.
“പേടിക്കണ്ട ജസ്റ്റിൻ.. അന്നു തകർന്നു പോയ പെൺകുട്ടിയല്ല ഞാനിപ്പോൾ.. അന്നത്തെ മുറിവുകളൊക്കെ ഞാൻ എന്നേ മറന്നു. നീ തന്ന ഊർജ്ജത്തിൽ തീ പോലെ ജ്വലിക്കുന്ന ഒരു പെൺകുട്ടിയാണ് ഞാനിപ്പോൾ.. ആളിയുയർന്ന ആ അഗ്നിയിൽ അഖിലേഷിനെ കൂടാതെ മറ്റു രണ്ടു പേരെയും ഞാൻ ചുട്ടു ഭസ്മമാക്കി.. “
ദീപ്തിയുടെ ഉറച്ച ശബ്ദമുയർന്നതും, ജസ്റ്റിൻ അവളെ സംശയത്തോടെ നോക്കി.
” അതെ ജസ്റ്റിൻ..ജസ്റ്റിൻ്റെ അറസ്റ്റിനു ശേഷം, ഞാൻ ഒരിക്കൽ കൂടി ബാംഗ്ലൂരിലേക്ക് പോയി, എന്നെ നശിപ്പിച്ച ആ മറ്റു രണ്ടു പേരെ തേടി. വേട്ടക്കാരനോട് വിധേയത്വപ്പെട്ട ഇരയായി, എന്നെ പിച്ചിചീന്തിയ അവർക്കു മുന്നിൽ ഞാൻ അഭിനയിച്ചു.. ആ അഭിനയവും, ഒരു കുപ്പി മദ്യവും, ഒരു തുള്ളി വിഷവും മതിയായിരുന്നു, എൻ്റെ പകയുടെ കഥ പറഞ്ഞു തീർത്ത്, ഒരു തെളിവുമില്ലാതെ അവരെ ഈ ഭൂമിയിൽ നിന്നു ഒരു നിമിഷം കൊണ്ട് പറഞ്ഞയക്കാൻ…. “
നിസാരമായി പറയുന്ന ദീപ്തിയെ അവൻ അത്ഭുതം കലർന്ന അമ്പരപ്പോടെ നോക്കിയതും, ഒരു പുഞ്ചിരിയോടെ അവൾ അവൻ്റെ തോളിലേക്കു ചാഞ്ഞു.
” കൂടെ നിൽക്കാനും കുറ്റമേൽക്കാനും ചങ്കൂറ്റമുള്ള ഒരാണ് ചങ്കായി ഒപ്പമുള്ളപ്പോൾ എന്നെ പോലെയുള്ളവർക്ക് ഇതൊക്കെ നിസാരമല്ലേ ജസ്റ്റിൻ?.. അല്ലെങ്കിലും മനസ്സിനെ അത്രമേൽ മുറിവേൽപ്പിച്ചവരോട് ക്ഷമിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതല്ലേ…?”
വർണകുട ആകാശത്തിലൊന്നു വീശി മഴതുള്ളികളെ തെറിപ്പിച്ചു അവൾ പ്രണയത്തോടെ ജസ്റ്റിനെയൊന്നു നോക്കി.
” ആത്മഹത്യ ചെയ്യാൻ പേടിയുള്ള എനിക്ക് പിന്നെ ചെയ്യാൻ പറ്റുന്നത് ആ മൂന്നു പേരെയും നിശബ്ദമായി ഈ ലോകത്തു നിന്നു പറഞ്ഞയക്കുക എന്നതായിരുന്നു.. അതൊരു പേടിയുമില്ലാതെ, കൈവിറയ്ക്കാതെ ഞാൻ ചെയ്തു… എനിക്കും സമാധാനം.. അവർക്കും സമാധാനം.. “
ദീപ്തി പറയുന്നത് പാതിയിൽ നിർത്തി ജസ്റ്റിനെയൊന്നു ചെരിഞ്ഞു നോക്കി.
“ജസ്റ്റിന് ഞാൻ പറഞ്ഞ കാര്യത്തിൽ വല്ല സംശയവുമുണ്ടോ?”
ദീപ്തിയുടെ സന്തോഷം നിറഞ്ഞ ചോദ്യം കേട്ടതും, ജസ്റ്റിൻ അവളെ അഭിമാനത്തോടെ ചേർത്തു പിടിച്ചുകൊണ്ട് ചുണ്ട് അവളുടെ ചെവിയോരം ചേർത്തു.
” എനിക്ക് എന്തിനാ നിന്നെ സംശയം ദീപ്തീ? അല്ലെങ്കിലും ക്രൂരമായ ബ ലാത്സംഗത്തിനിരയായി തളർന്ന്, തകർന്ന് വീട്ടിലേക്ക് പോയതിനു ശേഷം, പക ഊതിയുരുക്കി തിരിച്ച് വന്ന് വേട്ടക്കാരുടെ നേതാവിനെ ഒരു മുഴം കയറിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയവൾക്ക് ഇതല്ല.. ഇതിനുമപ്പുറം ചെയ്യാൻ കഴിവും, കരുത്തുമുണ്ടെന്ന് ഞാൻ വർഷങ്ങൾക്കു മുൻപ് തിരിച്ചറിഞ്ഞതല്ലേ?”
ജസ്റ്റിൻ പറയുമ്പോൾ, അവൻ്റെ മനസ്സിലേക്ക് വർഷങ്ങൾക്കു മുൻപുള്ള ആ രാത്രി ഓർമ്മ വന്നു.
അഖിലേഷിൻ്റെ കൂട്ടുകാരെ ട്രെയിൻ കയറ്റി വിട്ട ശേഷം, ദീപ്തിയെ പിക്ക് ചെയ്യാൻ വന്ന ആ രാത്രിയിലെ അഖിലേഷിൻ്റെ വീട്ടിലെ ഭീകരമായ ദൃശ്യം ഇപ്പോഴും മനസ്സിലുണ്ട്..
അഖിലേഷിനെ കഴുത്തിൽ കയർ മുറുക്കി കൊന്നിട്ട്, തൊട്ടരികെ, അപ്പോഴും പകയsങ്ങാതെ ഇരിക്കുന്ന ദീപ്തിയുടെ മുഖം..
നടന്ന കഥയൊക്കെ അവൾ നിർവികാരതയോടെ പറഞ്ഞപ്പോഴാണ്, താൻ അഖിലേഷിൻ്റെ ഫ്രണ്ട്സുകളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ അവൻ്റെ വീട്ടിലെത്തും മുൻപേ ദീപ്തി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത് അറിയുന്നത്..
പുകയുന്ന ഒരു അഗ്നിപർവതം പോലെ ഇരിക്കുന്ന ദീപ്തിയെ ആശ്വസിച്ചു കൊണ്ട്, ഒരിക്കലും നിയമത്തിന് മുന്നിൽ നിന്നെ വിട്ടു കൊടുക്കില്ലായെന്നും പറഞ്ഞ് ആദ്യം ചെയ്തത് പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് കിച്ചനിലേക്ക് എറിയുകയായിരുന്നു.
പിന്നെ,നിസംഗമായി ഇരിക്കുന്ന ദീപ്തിയെയും കാറിൽ കയറ്റി കൊണ്ട് ഒഴിഞ്ഞ ഒരിടത്തേക്ക് പോയി, അർദ്ധരാത്രി വരെ അവളെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു.
പോലീസുക്കാർ അന്വേഷിച്ചു വന്നാൽ പറയേണ്ട കാര്യങ്ങളും, പെരുമാറേണ്ട രീതിയും മനസ്സിലാക്കി കൊടുത്ത്, ദീപ്തിയുടെ വീടെത്തുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു.
ഡ്യൂപ്ളിക്കേറ്റ് ലോക്ക് ഇട്ട് വാതിൽ തുറന്ന് അവൾ വീടിൻ്റെ അകത്തേക്ക് കയറുമ്പോഴും, വൈകീട്ട് വന്ന് റൂമിലേക്ക് കയറിയ മകൾ, തിരിച്ചുപോയി ഒരു കൊലപാതകം ചെയ്ത കാര്യം അറിയാതെ ആ മാതാപിതാക്കൾ നല്ല ഉറക്കത്തിലായിരുന്നു.
“എന്താണ് ആലോചിക്കുന്നത് ജസ്റ്റിൻ? പഴയ കഥകളാണോ?”
ദീപ്തിയുടെ ചോദ്യം കേട്ടതും ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്ന ജസ്റ്റിൻ അവളെ കൺചിമ്മാതെ നോക്കി നിന്നു പതിയെ തലയാട്ടി.
” പഴയകഥകളൊക്കെ ഇനി മറവിയിലേക്ക് കുഴിച്ചുമൂടി പുതിയ കഥകൾ തേടി നമ്മൾക്കൊരുമിച്ച്
യാത്രയാകാം ജസ്റ്റിൻ”
പാതിയിൽ പറഞ്ഞു നിർത്തി, കൈയിൽ പിടിച്ചിരുന്ന കുടയെ കാറ്റിനു വിട്ടു കൊടുത്തു കൊണ്ട് ദീപ്തി അവൻ്റെ നെഞ്ചിലേക്കു ചേർന്നു നിന്നു.
” ആർക്കും പിരിയിക്കാനാവാത്ത വിധം, ഇങ്ങിനെ ചേർന്നു നിന്ന്, നിറഞ്ഞ പ്രണയത്തോടെ ഒരു ജീവിതയാത്ര”
ദീപ്തിയുടെ പ്രണയം നിറഞ്ഞ വാക്കുകൾ കേട്ടതും, ജസ്റ്റിൻ അവളെ ചേർത്തു പിടിച്ചു നെഞ്ചോട് അമർത്തുമ്പോൾ, അവരെ നനച്ചുകൊണ്ട് മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു.
ഭൂതകാലത്തിലെ പേടിപ്പെടുത്തുന്ന ചിത്രങ്ങളെ മനസ്സിൽ നിന്നും മായ്ക്കാനെന്നവണ്ണം !
ശുഭം