കുടുംബം
രചന: സന്തോഷ് അപ്പുക്കുട്ടൻ
” രാജീ നീ പിന്നെയും കരയുകയാണോ?”
ബാഹുബലി എന്ന് വിളിപ്പേരുള്ള സതീന്ദ്രൻ ടേബിളിൽ കിടന്നു മോങ്ങുന്ന രാജിയ്ക്ക് എതിരെയുള്ള സീറ്റിൽ വന്നിരുന്ന് ചോദിച്ചപ്പോൾ അവളുടെ ഏങ്ങലടിക്ക് സ്പീഡ് കൂടി .
” എങ്ങിനെ കരയാതിരിക്കും സതീന്ദ്രാ ?അയേൺ ചെയ്യുമ്പോൾ ഷർട്ട് ഒന്നു ഉരുകി പോയതിന്, ഭർത്താവായാലും ഇങ്ങിനെ ചീത്ത പറയാൻ പാടുണ്ടോ?
ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് പെൺപുലിശാരി അവരുടെ അടുത്ത് വന്നിരുന്നു.
” ഇങ്ങിനെ ചെയ്തത് എൻ്റെ ഭർത്താവാണേൽ ഞാൻ കാലേവാരി നിലത്തടിച്ചേനെ”
ശാരി ആവശത്തോടെ പറഞ്ഞപ്പോൾ സതീന്ദ്രൻ ഒന്നു മുറുമുറുത്തു കൊണ്ട് തലയാട്ടി
“പെണ്ണുങ്ങൾക്കു നേരെയുള്ള ഇങ്ങിനെത്തെ ആക്രമങ്ങൾ നോക്കി നിൽക്കാൻ കഴിയില്ല. പ്രതികരിക്കണം നമ്മൾ “
അതും പറഞ്ഞു കൊണ്ട് അവൻ, രാജിയുടെ കൈകളിൽ തൊട്ടു
” കുട്ടി പേടിക്കണ്ട. തളർന്നു പോകാതെ തൻ്റേടത്തോടെ നിൽക്കണം. ഒരു പോറൽ പോലും ഏൽക്കാതെ ഈ സതീന്ദ്രൻ നോക്കി കൊള്ളാം. അതിനു മുൻപ് ഇങ്ങിനെയുള്ള അതിക്രമം കാണിച്ചതിന് നമ്മൾക്ക് ഒരു പെറ്റീഷൻ കൊടുക്കാം “
“അവനെ കുടുക്കാനുള്ള എല്ലാ പോയൻ്റും വെച്ച് ഞാൻ പെറ്റീഷൻ എഴുതിയിട്ടുണ്ട്. “
അടുത്ത ടേബിളിൻ നിന്നും ഇതൊക്കെ കേട്ട്, എഴുതി തീർത്ത ഒരു കടലാസുമായി ആവേശത്തോടെ അവിടേയ്ക്ക് കുതിച്ചെത്തിയ വക്കിൽ എന്ന് വിളിപ്പേരുള്ള മേരി പറഞ്ഞു.
” ഗ്യാസ് സ്റ്റൗവ് ഓഫ് ചെയ്യാത്തതിനും, ഇടിമിന്നൽ ഉണ്ടായപ്പോൾ കറൻ്റ് ഓഫ് ചെയ്യാത്തതിനും വിളിച്ച ചീത്തകളൊക്കെ എഴുതി ചേർത്തിട്ടുണ്ട്. മോൾ ഒന്നു സൈൻ ചെയ്യ് “
മേരി കടലാസ് നീട്ടിയപ്പോൾ രാജേശ്വരി വിറച്ച് കൊണ്ട് അവരെ നോക്കി.
” ഇതറിഞ്ഞാൽ ദേവേട്ടൻ എന്നെ കൊല്ലും “
അതു കേട്ടതോടെ സതീന്ദ്രൻ ചാടിയെഴുന്നേറ്റു.
” ധൈര്യമായ് രാജേശ്വരി സൈൻ ചെയ്തോ. ഞങ്ങളുള്ളപ്പോൾ നിൻ്റെ ദേഹത്ത് അയാൾ തൊടുന്നതു കാണണം! “
കോപത്തോടെ അത് പറഞ്ഞ് കൊണ്ടു അയാൾ ശാരിയെയും, മേരിയെയും നോക്കി.
“നിനക്ക് വേണ്ടി ഞങ്ങൾ എന്തും ചെയ്യും.ജീവനാണ് കൊടുക്കേണ്ടതാണെങ്കിൽ അതും കൊടുക്കും ഞങ്ങൾ “
ബാഹുബലിയുടെ ഉറപ്പ് കിട്ടിയപ്പോൾ രാജേശ്വരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിമിന്നി.
“നിങ്ങൾ ഓരോരുത്തരും അവരവരുടെ സീറ്റിൽ പോയിരുന്നു ജോലി ചെയ്യൂ
തൊട്ടരികിൽ നിന്ന് മാനേജർ ഗീതയുടെ സ്വരം കേട്ടപ്പോൾ വക്കീലിൻ്റെ മുഖത്ത് ഒരു പുച്ഛഭാവം വിടർന്നു.
” ഞങ്ങളുടെ വേദനകളും, വിഷമങ്ങളും പങ്കിടാൻ ഒരു പത്ത് മിനിറ്റ് എടുത്തിട്ട് മതി, കസ്റ്റമേഴ്സിൻ്റെ കാര്യങ്ങൾ തിരക്കാൻ “
മേരിയുടെ അരിശത്തോടെയുള്ള വാക്ക് കേട്ടപ്പോൾ മാനേജർ ഗീത രാജേശ്വരിയുടെ മുഖത്തേക്ക് നോക്കി.
“ഭാര്യ ഭർത്താക്കൻമാർ ആകുമ്പോൾ ഇത്തിരി പിണക്കങ്ങളുണ്ടാകാം. അത് സ്വഭാവികമാണ്. അത് വീട്ടിൽ തന്നെ തീർക്കേണ്ടതാണ്. അല്ലാതെ ഇവിടെ ഇരുന്നു മോങ്ങിയാൽ അത് അണയുകയല്ല ചെയ്യുന്നത് ആളിക്കത്തുകയുള്ളൂ”
മാനേജർ ഗീത പറഞ്ഞപ്പോൾ അരിശത്തോടെ മേരി അവരെ നോക്കി മനസ്സിൽ മന്ത്രിച്ചു.
“നിങ്ങൾക്കുള്ളത് ഞാൻ തരുന്നുണ്ട് നാളെ ഒരു എഫ്.ബി പോസ്റ്റായിട്ട് “
അവളുടെ മനസ്സ് വായിച്ച മാനേജർ അവളെ നോക്കി പരിഹാസത്തോടെ ചിരിച്ചു.
പൊടുന്നനെയാണ് ദേവൻ വരുന്നെന്ന് വളരെശബ്ദത്തിൽ പറഞ്ഞ് മാനേജർ, കാബിനിലേക്ക് ഓടിയത്.
കാര്യമെന്തെന്നറിയാൻ തിരിഞ്ഞു നോക്കിയതും അവർ ഞെട്ടി.
കൈയിൽ സ്ഫടികജാറും പിടിച്ച് ഓടി വരുന്ന ദേവനെ കണ്ടതും, “ആസിഡ്” എന്നു അലറി വിളിച്ച് മൂന്നു പേരും മൂന്നു ദിക്കിലേക്ക് ഓടി.
പേടിച്ചരണ്ട് ഇരിക്കുന്ന രാജേശ്വരിയെ നോക്കി കൊണ്ട് ദേവൻ പുഞ്ചിരിയോടെ സ്ഥടികജാർ നീട്ടി.
” നല്ല തണുത്ത വെള്ളാ! ചൂട് കാലമല്ലേ? ഇടയ്ക്കിടെ വെള്ളം കുടിക്കണം”
ഒരു ആശ്വാസത്തോടെ അവൾ വെള്ളം വലിച്ചു കുടിക്കുമ്പോൾ അവൻ തുടർന്നു.
“ഇന്നു പിണങ്ങി പോരുമ്പോൾ രാജി കുടിക്കാനുള്ള വെള്ളം എടുക്കാൻ മറന്നല്ലേ?”
ദേവൻ്റെ ചോദ്യത്തിന് പുഞ്ചിരിയോടെ തലയാട്ടി.
“കുറച്ച് നേരം കഴിഞ്ഞാണ് ഞാൻ ഡൈനിങ്ങ് ടേബിളിലിരിക്കുന്ന വാട്ടർബോട്ടിൽ കണ്ടത്! എന്നാ പിന്നെ തണുത്ത വെള്ളം തന്നെ ആയിക്കോട്ടേന്ന് വിചാരിച്ചാ, ഈ സ്ഫടികപാത്രത്തിൽ കൊണ്ടുവന്നത് “
ദേവൻ പറയുമ്പോൾ രാജി തൻ്റെ സംരക്ഷകരെ നോക്കുകയായിരുന്നു…
ഞങ്ങളുടെ ജീവൻ കളഞ്ഞിട്ടായാൽ പോലും നിൻ്റെ ജീവൻ സംരക്ഷിക്കാമെന്ന് വാക്കു പറഞ്ഞവർ, ജീവനും കൊണ്ട് ഓടിയ ഓട്ടം ഓർത്ത് അവൾ ചിരിച്ചു.
“നീ എന്താ ചിരിക്കുന്നത്? ഇത്രയും ദൂരത്തേക്ക് ബൈക്കിൽ വെള്ളവുമായി വന്നതിനാണോ?”
ദേവൻ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൾ അല്ലെന്ന് കണ്ണടച്ച് ആംഗ്യം കാട്ടി.
പൊടുന്നനെയാണ് അവൾ മേശപ്പുറത്ത്, കാറ്റിലിളകുന്ന പരാതി പേപ്പർ കണ്ടത്!
ദേവൻ്റെ കണ്ണൊന്നു തെറ്റിയതും, അവൾ ആ പേപ്പർ എടുത്ത് കൈയിൽ ഇട്ടു ചുരുട്ടി മാനേജറുടെ കാബിനിലേക്ക് നടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അവൾ പുഞ്ചിരിയോടെ തിരിച്ചു വന്നു.
“മാഡത്തിനോടു പറഞ്ഞ് ഇന്ന് ലീവെടുത്ത് ദേവേട്ടാ! നമ്മൾക്കു പോകാം”
രാജേശ്വരിയുടെ വാക്ക് കേട്ട്, അവിശ്വസനീയതയോടെ നോക്കിയ,അവൻ്റെ കൈ പിടിച്ചുയർത്തി അവൾ മുന്നോട്ടു നടക്കുമ്പോൾ, അവളുടെ ഇടതു കൈയിൽ മുറുക്കി പിടിച്ചിരുന്ന പരാതി പേപ്പർ സൈഡിലിരിക്കുന്ന വേസ്റ്റ് ബക്കറ്റിലേക്ക് വലിച്ചെറിഞ്ഞു.
ദേവനെ ചുറ്റിപിടിച്ച് ബൈക്കിലിരിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
“നമ്മുടെ ഇണക്കങ്ങളും, പിണക്കങ്ങളും നമ്മുടെ മാത്രം സ്വകാര്യങ്ങളാണ് അല്ലേ ദേവേട്ടാ ?”
രാജേശ്വരിയുടെ പതിയെയുള്ള ചോദ്യത്തിന് ദേവൻ ചിരിയോടെ പിൻതിരിഞ്ഞു നോക്കി.
“ഇതെന്താ നിനക്ക് നേരത്തെ തോന്നാത്തത് രാജീ? “
ദേവൻ്റെ ചോദ്യം കേട്ടപ്പോൾ അവൻ്റെ വയറിലുള്ള പിടുത്തം മുറുക്കി അവൾ ചുണ്ട് അവൻ്റെ കാതോരം ചേർത്തു.
” എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദേവാ “
അവളുടെ ചുടുനിശ്വാസം കാതിൽ ഇക്കിളിയിട്ടപ്പോൾ, അവൻ്റെ കൈയിൽ നിന്ന് ബൈക്ക് ഒന്നു പാളിയെങ്കിലും, വീണ്ടും ശരിയായ ദിശയിലൂടെ ഓടികൊണ്ടിരുന്നു…..
അവർ ആഗ്രഹിച്ച ഇനിയുള്ള ജീവിതം പോലെ!