അഗ്നി
രചന: സന്തോഷ് അപ്പുക്കുട്ടൻ
‘”വിവാഹത്തിന് എല്ലാവരെയും വിളിച്ചു കഴിഞ്ഞിട്ടും, ഉണ്ണിയേട്ടനെ ഇത്രയും നാൾ സ്നേഹിച്ച എനിക്കൊരു ക്ഷണക്കത്ത് തന്നില്ലല്ലോ?”
ഉണ്ണിയോടായിരുന്നു അഗ്നിയുടെ കണ്ണീരണിഞ്ഞ ചോദ്യമെങ്കിലും അവളുടെ മിഴികൾ കൈതക്കാട്ടിൽ നിന്ന് പാടത്തേക്ക് പറന്നിറങ്ങുന്ന തത്തക്കൂട്ടങ്ങളിലായിരുന്നു.
മറുപടി പറയാതെ ഉണ്ണി അവളെ തന്നെ നോക്കി നിന്നു.
മിഴിനീർ പോലെയുള്ള ചെറുതോട്ടിലെ വെള്ളത്തിലേക്ക് പാദങ്ങൾ ഇട്ട്, പാതി വാടിയ കൈതപ്പൂവും പിടിച്ചിരിക്കുന്ന അവളുടെ മിഴികൾ,ചോരുകയാണെന്ന് ഉണ്ണിയ്ക്ക് മനസ്സിലായി.
“കൊലുസു കറുത്തു പോയല്ലോ? ഇളംപച്ച നിറത്തിലുള്ള ദാവണിയാണെങ്കിൽ പിഞ്ഞി നിറം മങ്ങി “
അതും പറഞ്ഞ് അവൻ, അഗ്നിയുടെ അടുത്തിരുന്നപ്പോൾ അവൾ കുറച്ചകന്നിരുന്നു.
” സ്വപ്നം കരിഞ്ഞവൾക്ക് ഈ കറുപ്പ് നിറം പടർന്ന വെള്ളികൊലുസും പിഞ്ഞിയ ദാവണിയുമാണ് ചേർച്ച “
“എന്താടീ നിനക്ക് പറ്റിയത്?”
ഉണ്ണിയിൽ നിന്ന് അറിയാതെ ആ ചോദ്യമുയർന്നപ്പോൾ, അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി.
“എനിക്ക് പറ്റിയതൊന്നും ഉണ്ണിയേട്ടനറിയില്ലെങ്കിലും, ഈ കൈതക്കാടുകൾക്ക് അറിയാം”
അവൾ ദേഷ്യത്തോടെ കൈയിലിരുന്ന കൈതപ്പൂ തോട്ടിലേക്കെറിഞ്ഞു.
ഒഴുക്കിനനുസരിച്ച് ഒഴുകി പോകുന്ന കൈതപ്പൂവിലേക്ക് കൈ ചൂണ്ടി അവൾ സങ്കടമമർത്തി ഉണ്ണിയെ നോക്കി.
“വാടിക്കരിഞ്ഞ് സുഗന്ധം നഷ്ടപ്പെട്ട് ഒഴുകി പോകുന്ന ആ കൈതപ്പൂവിനു സമമാണ് ഞാനിപ്പോഴെന്ന് ഉണ്ണിയേട്ടനറിയാമല്ലോ?”
തീ വമിക്കുന്ന ആ ചോദ്യത്തിന് പകരം ഒന്നും പറയാൻ കഴിയാതെ ഉണ്ണി, അഗ്നിയുടെ നീരണിഞ്ഞ മിഴികളിലേക്ക് നോക്കി.
” ഒരു പാട് പറഞ്ഞതാ ഞാൻ ഒന്നും വേണ്ടാ വേണ്ടാന്ന്.എന്നിട്ടും ആശകൾ തന്നിട്ട്…”
പറഞ്ഞു തീർന്നതും അവൾ വിങ്ങിപ്പൊട്ടി.
“എല്ലാം എൻ്റെ തെറ്റാ – കെഞ്ചിക്കൊണ്ട് ഓരോന്നും പറഞ്ഞപ്പോൾ, അതൊക്കെ അനുസരിച്ചത് എൻ്റെ ഒന്നാമത്തെതെറ്റ്. കൂടെ കിടക്കുമ്പോൾ പോലും, വാഗ്ദാനങ്ങൾ കോരിത്തന്നവന് നട്ടെല്ല് ഉണ്ടോയെന്ന് ഞാൻ തൊട്ടു നോക്കാതിരുന്നത് രണ്ടാമത്തെ തെറ്റ് “
അവൾ പറയുന്നത് കേട്ട് ഒരു വരണ്ട ചിരിയോടെ ഉണ്ണി,അവൾക്കരികിലേക്ക് ഒന്നും കൂടി ചേർന്നിരുന്നു.
” ഉണ്ണിയേട്ടൻ മാറിയിരിക്ക് വിയർപ്പിന് ഇപ്പോൾ ആ പഴയ കൈതപ്പൂവിൻ്റെ സുഗന്ധമല്ല. മുഷിഞ്ഞതുണികളുടെ ഗന്ധമാ”
അവൾ തോട്ടിലേക്കിറങ്ങി കഴുകിയതുണികൾ നിറച്ചു വെച്ച ബക്കറ്റ് എടുത്തു കയറിയപ്പോൾ ഉണ്ണി അവളുടെ കൈ പിടിച്ചു.
” ഇവർ ഇങ്ങിനെ ഒരു വിവാഹം ആലോചിച്ചത് ഞാനറിയുന്നത് ഡേറ്റ് ഫിക്സ് ചെയ്ത് കല്യാണക്കുറിയും അടിച്ചതിനു ശേഷമാണ് അഗ്നീ “
അതു കേട്ടപ്പോൾ അഗ്നിയുടെ ചുണ്ടിൽ ഒരു പുച്ഛ ചിരിയുതിർന്നു.
“രണ്ടു ദിവസം മുൻപേ ഗൾഫിൽ നിന്നു വന്ന എനിക്ക് പിന്നെ എന്തു ചെയ്യാൻ കഴിയും? “
ആ ചോദ്യത്തോടൊപ്പം അവർക്കിടയിൽ മൗനം പുതഞ്ഞപ്പോൾ, അവൾ പതിയെ അവനരികിലിരുന്നു.
“എൻ്റെ പോലെത്ത അതേ അവസ്ഥയിൽ തന്നെയാണ് എനിക്കുറപ്പിച്ചിരിക്കുന്ന പെൺകുട്ടിയും “
ഉണ്ണി പറഞ്ഞത് മനസ്സില്ലാ വാതെ അഗ്നി അവൻ്റെ മുഖത്തേക്ക് നോക്കി.
” അവൾക്കും ഒരു അഫയറുണ്ട്. പക്ഷെ അവളുടെ ഡാഡി ആ ബന്ധത്തിന് സമ്മതിച്ചില്ല “
” അപ്പോൾ ഈ കാര്യം ഉണ്ണിയേട്ടൻ്റെ അച്ഛനോട് പറയാമായിരുന്നില്ലേ?”
” പറഞ്ഞിട്ടും കാര്യമില്ല അഗ്നീ. കൂട്ടു ബിസിസ്സുക്കാരും, കുട്ടിക്കാലം തൊട്ടേ കൂട്ടുക്കാരുമായിരുന്ന എൻ്റെ അച്ഛനും, അങ്കിളിനും അതൊന്നും പ്രശ്നമല്ല “
“അതെ ആർക്കും ഒരു പ്രശ്നവുമില്ല.പ്രശ്നമായത്. എനിക്കു മാത്രമാണല്ലോ?”
അവൾ അവനരികിൽ നിന്നെഴുന്നേറ്റു നിന്നു.
” നല്ല ഒരു തറവാട്ടിൽ തന്നെയാ ഞാൻ ജനിച്ചത് ഉണ്ണിയേട്ടാ – സമ്പത്തിന് മാത്രമേ കുറവുള്ളൂ”
അഗ്നിയുടെ മിഴികളിൽ നീർ പടർന്നു.
“ആ കുറവ് വലിയൊരു കുറവ് തനെയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്”
കണ്ണീർതുടച്ചു കൊണ്ട് അഗ്നി പറഞ്ഞപ്പോൾ, അവളുടെ കൈയിൽ പിടിച്ചു ഉണ്ണി .
“നമ്മൾ ഇവിടെ നിന്ന് സംസാരിക്കുന്നത് നല്ലതല്ല.നമ്മൾക്ക് അവിടെ ഇരുന്ന് സംസാരിക്കാം”
തൊട്ടടുത്ത കൈതക്കാടിൻ്റെ മറയിലേക്ക് കൈചൂണ്ടി അവനതു പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ നോക്കി.
“സംസാരമൊക്കെ നിർത്തി.ഉണ്ണിയേട്ടൻ, ഉണ്ണിയേട്ടൻ്റെ പാട് നോക്കി പോ”
അവൾ പതിയെ നടന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം തിരിഞ്ഞ് ഉണ്ണിയെ നോക്കി.
“ഈ നിമിഷം തൊട്ട് ഞാനും, ഉണ്ണിയേട്ടനും ഒരു ബന്ധവുമില്ല. ഇനി എന്നെ അന്വേഷിച്ച് വരരുത് – “
അവൾ കൈ ചൂണ്ടി പറഞ്ഞപ്പോൾ, ഉണ്ണിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
” ഉണ്ണിയേട്ടൻ പോയെന്ന് വെച്ച് ഞാൻ എൻ്റെ ജീവിതമൊന്നും അവസാനിപ്പിക്കാൻ പോണില്ല. എനിക്ക് പറ്റിയ തെറ്റുകൾ തുറന്ന് പറഞ്ഞിട്ടും, എന്നെ സ്വീകരിക്കാൻ ആരെങ്കിലും ഒരുങ്ങുകയാണെങ്കിൽ, ഒരു ക്ഷണക്കത്ത് ഉണ്ണിയേട്ടനും ഉണ്ടാകും “
“അഗ്നീ ഒരു നിമിഷം അവിടെ നിൽക്ക്”
ഉണ്ണി തോട്ടിൻകരയിൽ നിന്നെഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നപ്പോൾ, അഗ്നി കൈ കാണിച്ചു വിലക്കി.
” ഉണ്ണിയേട്ടൻ്റെ സൂക്കേട് എന്തിൻ്റെത് ആണെന്ന് എനിക്കറിയാം. അതിന് ഇനി എന്നെ നോക്കണ്ട “
അവളുടെ മിഴികൾ പൊടുന്നനെ ദൂരത്തേക്ക് നീണ്ടു.
” കുടുംബശ്രീക്കാർ വരുന്നുണ്ട്- ഞാൻ പോട്ടെ?”
പറഞ്ഞു തീർന്നതും, പെട്ടെന്ന് തിരിഞ്ഞ അവൾ വീഴാൻ പോയതും, ഇലക്ട്രിക്ക് പോസ്റ്റിൻ്റെ സ്റ്റേ വയറിലേക്ക് പിടുത്തമിട്ടതും, തൊട്ടടുത്തേക്ക് മലർന്നടിച്ചു വീണു.
ആ കാഴ്ച കണ്ട് ഞെട്ടിത്തെറിച്ച ഉണ്ണി അവൾക്കരികിലേക്ക് ഓടി.
മലർന്നടിച്ച് വീണ അവളുടെ മാറിൽ കൈ തൊട്ടു നോക്കിയതും, പൊടുന്നന്നെ അവളുടെ ഹൃദയഭാഗത്ത് ഇടിച്ചു തുടങ്ങി അവൻ’
കുലുക്കി വിളിച്ചിട്ടും കണ്ണ് തുറക്കാതെ വന്നപ്പോൾ, ഉണ്ണി അവൻ്റെ വായ്, അവളുടെ വായിലേക്ക് ചേർത്തു വെച്ചു ശ്വാസം കൊടുത്തു തുടങ്ങി.
അടുത്തെത്തിയ കുടുംബശ്രീ പെണ്ണുങ്ങൾ കാര്യമറിയാതെ അവർക്കു ചുറ്റും നിന്നു.
കുറച്ചു നിമിഷങ്ങൾക്കു ശേഷം ആയാസത്തോടെ കണ്ണ് തുറന്ന അഗ്നി, കുടുംബശ്രീ പെണ്ണുങ്ങൾ തങ്ങളെ,കൗതുകപൂർവ്വം നോക്കുന്നത്,കണ്ട് സ്ഥാനം തെറ്റി കിടന്നിരുന്ന ദാവണി നേരെയാക്കി.
“മനുഷ്യാ എഴുന്നേൽക്ക്, ആൾക്കാർ നോക്കി നിൽക്ക്ണ് “
അഗ്നി പതറിപറയുന്നു ഉണ്ടങ്കിലും, ആ വാക്കുകളൊന്നും പുറത്തേക്ക് വിടാതെ വിഴുങ്ങുകയായിരുന്നു ഉണ്ണി.
” മതിയെടാ മോനെ ഒന്നൂലെങ്കിലും നാളെ നിൻ്റെ കല്യാണമല്ലേ?”
പിറകിൽ നിന്നും ചോദ്യത്തോടൊപ്പം, പൊട്ടിച്ചിരികളും ഉയർന്നപ്പോൾ ഉണ്ണി ഞെട്ടിത്തിരിഞ്ഞു നോക്കി.
തങ്ങളെ നോക്കി അർത്ഥം വെച്ചു ചിരിക്കുന്ന പെണ്ണുങ്ങളെ കണ്ടപ്പോൾ അവനു കലികയറി.
” എന്തോന്ന് ഇത്ര ഇളിക്കാൻ. ഇവൾക്കു ഷോക്കേറ്റപ്പോൾ…..
പറഞ്ഞു തീരും മുൻപെ ഉണ്ണിയുടെ നോട്ടം, പെണ്ണുങ്ങൾക്ക് അപ്പുറത്തേക്ക് നീണ്ടു.
ഈ രംഗവും നോക്കി തെങ്ങിൽ ചാരി നിന്ന് സിഗററ്റ് വലിക്കുന്ന ആത്മാർത്ഥ സ്നേഹിതൻ ദേവൻ!
അഗ്നിയിൽ നിന്ന് വിമുക്തനായി, പരിഹാസം ചൊരിയുന്ന പെണ്ണുങ്ങൾക്കിടയിലൂടെ, ഒരു ചമ്മിയ ചിരിയോടെ തൻ്റെ അടുത്തേക്ക് നടന്നു വരുന്ന ഉണ്ണിയെ നോക്കി ദേവൻ പതിയെ തലയാട്ടി.
സിഗററ്റിൻ്റെ അവസാന പുക ആഞ്ഞു വലിച്ചതിനു ശേഷം കുറ്റി തോട്ടിലേക്ക് വലിച്ചെറിഞ്ഞ് ദേവൻ ഒരു ചിരിയോടെ ഉണ്ണിയുടെ നെറ്റിയിലും ,മുഖത്തും പടർന്ന കുങ്കുമം പതിയെ തുടച്ചു.
” ഞങ്ങൾ പുകവലിക്കാരുടെ ഭാഷയിൽ ഇതിനെ ലാസ്റ്റ് പഫ് എന്നു പറയും “
ഉണ്ണി എന്തോ പറയാൻ തുടങ്ങിയപ്പോഴെക്കും ദേവൻ തടഞ്ഞു.
“സംസാരമൊക്കെ പിന്നെ വീട്ടിൽ ചെന്ന്. അവിടെ നിന്നോടൊപ്പം ഗൾഫിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ വന്നിട്ടുണ്ട് “
ദേവൻ്റെ ഒപ്പം നടന്നു നീങ്ങുമ്പോൾ ഉണ്ണി പതിയെ തിരിഞ്ഞു നോക്കി.
തന്നെ നോക്കി നിൽക്കുന്ന,അഗ്നിയെ കണ്ടതും, അവൻപെട്ടെന്ന് മുഖം തിരിച്ചു.
വീട്ടിലേക്ക് നടക്കുമ്പോൾ, ഉണ്ണി പതിയെ തൻ്റെ ചുണ്ട് തടവി ചിരിച്ചുകൊണ്ടിരുന്നു.
അകലെ നിന്നു തന്നെ കണ്ടു കലവറയിൽ നിന്ന് ഉയരുന്ന പുകചുരുളുകൾ.
തന്നെ കണ്ടതും പാചകക്കാർ സൂക്ഷിച്ചു നോക്കി തലയാട്ടുന്നതു കണ്ടപ്പോൾ മനസ്സിൽ അപായസൂചന മുഴങ്ങി.
പന്തലിൽ ഇരുന്ന് ചീട്ട് കളിച്ചിരുന്നവർ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു.
തനിക്കെതിരെ വരുന്ന സ്ത്രീകൾ മുഖത്തേക്ക് ഒന്നു നോക്കുന്നതും, പൊടുന്നനെ തലകുനിച്ച് ചിരിക്കുന്നു.
വീട്ടിലേക്ക് കയറിയതും മുഖമടച്ച് ഒരടിയായിരുന്നു അച്ഛൻ വാസുദേവൻ്റെ കൈയ്യിൽ നിന്ന് ഉണ്ണിക്ക് ആദ്യം തന്നെ കിട്ടിയത്.
അടിയുടെ ശബ്ദം കേട്ട് ബന്ധുമിത്രാദികൾ അടുത്തുകൂടിയപ്പോൾ, കവിളും പൊത്തിപിടിച്ച് നിൽക്കുന്ന ഉണ്ണിയുടെ അടുത്തേക്ക് ചേർന്നു നിന്നു പല്ലു ഞെരിച്ചു,വാസുദേവൻ.
” ഇത് കിട്ടിയതെന്തിനാണെന്ന് അറിയാമല്ലോ നിനക്ക്? കല്യാണം കഴിയുന്നതുവരെ നീ ഇനി പുറത്തിറങ്ങരുത് “
അവൻ പൊടുന്നനെ അച്ഛൻ്റെ കൈയും പിടിച്ച് തൻ്റെ മുറിക്ക് അകത്തേക്ക് കയറി വാതിലടച്ചു.
നടന്ന സംഭവങ്ങളെല്ലാം വാസുദേവനോട് പറഞ്ഞപ്പോൾ അയാൾ ചിരിയോടെ ഉണ്ണിയുടെ തോളിൽ തട്ടി.
“എൻ്റെ മോന് എന്നെ പോലെ ഇത്തിരി കുസൃതികൾ ഉണ്ടെന്ന് എനിക്കറിയാം – ഇനി കുസൃതിക്ക് ഒന്നും നിൽക്കരുത് ട്ടാ”
അവൻ ചിരിയോടെ തലയാട്ടി, കട്ടിലിനടിയിൽ നിന്ന് മദ്യക്കുപ്പി എടുത്ത് രണ്ട് ഗ്ലാസിലേക്ക് വേഗം പകർത്തി.
ചിയേർസ് പറഞ്ഞ് മ ദ്യ ഗ്ലാസ് ഉയർത്തിയതും, വാസുദേവൻ്റെ പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ ചിലച്ചു.
മൊബൈൽ എടുത്ത് നോക്കി,നിൻ്റെ അമ്മായിയച്ചൻ ഗോപാൽ വിളിക്കുന്നെന്നുംപറഞ്ഞ്, വാസുദേവൻ സ്പീക്കറിലിട്ടു.
“ഈ കല്യാണം നടക്കില്ല വാസുദേവാ “
ആ സംസാരം കേട്ടതും, ഉണ്ണിയുടെ കൈയിൽ നിന്ന് മദ്യ ഗ്ലാസ് നിലത്തു വീണ് ചിതറി.
” ഈ അവസാന നിമിഷത്തിൽ ഇങ്ങിനെ പറഞ്ഞാൽ എങ്ങിനെയാണ് ഗോപാലാ?”
ചോദ്യമുന്നയിച്ചതും, ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് അകത്താക്കി വാസുദേവൻ.
“പാടവരമ്പത്ത് ടിക്കറ്റ് വെച്ച് ഷോ നടത്തിയ തൻ്റെ മോനെ ഇനി എൻ്റെ മോൾക്ക് ആവശ്യമില്ല – “
” ഇത്രയും ഒരുക്കങ്ങൾ നടത്തി ഈ അവസാന നിമിഷം ?”
കരയുന്നതു പോലെയായിരുന്നു വാസുദേവൻ്റെ ചോദ്യം!
” അതോർത്ത് താൻ വിഷമിക്കണ്ട. ഒന്നും പാഴാകാതെ എനിക്ക് നോക്കാനറിയാം – പക്ഷേ തൻ്റെ മകൻ്റെ സ്ഥാനത്ത് വേറെ ഒരാൾ ആയിരിക്കും എൻ്റെ മോളുടെ കഴുത്തിൽ താലികെട്ടുന്നതെന്നു മാത്രം!”
ശിരസ്സിൽ ഇരുമ്പുകൂടം കൊണ്ട് അടി കിട്ടിയതുപോലെ തരിച്ചിരുന്നു വാസുദേവൻ.
ഉണ്ണി പെട്ടെന്ന് മൊബൈൽ എടുത്ത് കാതോരം ചേർത്തു.
” അങ്കിൾ – ഞാൻ പറയുന്നത് ഒന്നു കേൾക്ക്
” നീ ഒന്നും പറയണ്ട. കന്നിമാസത്തിനു മുൻപ് നീ പെണ്ണ് കെട്ടാൻ നോക്ക്
മറുപടി പറയും മുൻപെ ഫോൺ ഡിസ്കണക്ട് ആയതറിഞ്ഞ ഉണ്ണി, വിഷമത്തോടെ അച്ഛനെ നോക്കി.
കലവറയിൽ ഓടി പിടിച്ച് പണിയെടുക്കുന്ന പാചകക്കാരെ കണ്ടതും അയാൾ പതിയെ,നെഞ്ച് തടവി.
അയാൾ ഓരോ ഗ്ലാസുകളായി മദ്യം വായിലേക്ക് കമഴ്ത്തുന്നത് കണ്ട്, ഉണ്ണി മദ്യക്കുപ്പി മാറ്റി വെച്ചു.
അയാൾ കുറേനേരം എന്തോ ആലോചിച്ചിരുന്ന തിനു ശേഷം ഉണ്ണിയെ നോക്കി.
“നീ ആ അഗ്നിയെ കെട്ടണം”
“അച്ഛനെന്താ ഭ്രാന്തുണ്ടോ? കുടിച്ച് സ്വബോധം പോയോ?”
പറഞ്ഞു തീർന്നതും അവൻ്റെ ചെകിട്ടിൽ വലിയൊരു ശബ്ദത്തോടെ കൈപ്പത്തി വീണു.
“എല്ലാം വരുത്തിവെച്ചിട്ട് അവൻ്റെ ഒരു കൊണവതിയാരം – നാളെ ഇവിടെ വരുന്നത് ഇവിടുത്തെ നാട്ടുക്കാർ മാത്രമല്ല. എൻ്റെ രാഷ്ടീയ പാർട്ടിയിലെ പ്രമുഖരുമാണ്.അവരുടെ മുന്നിൽ ഞാൻ നാറി നനഞ്ഞു നിൽക്കണോ?”
അയാൾ ആടിക്കൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റു അവൻ്റെ കൈ പിടിച്ചു.
“അഗ്നിയുടെ വീട്ടിലേക്ക് ഇപ്പോൾ തന്നെ പോകാം”
“വല്യച്ചൻമാരോടും അമ്മാവൻമാരോടും സംഭവങ്ങളൊക്കെ പറഞ്ഞ്, ഇതല്ലാതെ വേറെ സൊല്യൂഷൻ ഉണ്ടോന്ന് നോക്കാം നമ്മൾക്ക് “
അവൻ അവസാന അടവെന്ന നിലയിൽ അച്ഛനെ നോക്കി.
“ഇതിൽ ആരോടും ഒരു അഭിപ്രായം ചോദിക്കാനില്ല, നിൻ്റെ അമ്മയോടു പോലും “
അഴിഞ്ഞു പോകുന്ന മുണ്ട് വാരിപ്പിടിച്ചുക്കൊണ്ട് അയാൾ മകനെ നോക്കി.
” കാരണം ഈ സംഭവത്തിൽ നാണംകെട്ട് നാറാണക്കല്ലെടുക്കുന്നത് ഞാൻ മാത്രമാണ് “
മകൻ്റെയൊപ്പം,ആടിയാടി പോകുന്ന ഭർത്താവിനെ കണ്ടപ്പോൾ സുഭദ്ര ഓടിയെത്തിയതും അയാൾ ചുണ്ടിൽ വിരൽ വെച്ചു.
” ഇപ്പോൾ ഒന്നും ചോദിക്കണ്ട. എല്ലാം പിന്നെ പറയാം. ഇവിടുത്തെ പണികൾ നടക്കട്ടെ “
കുഴഞ്ഞ ശബ്ദത്തിൽ വാസുദേവൻ പറഞ്ഞപ്പോൾ, സുഭദ്ര മകനെ നോക്കി.
” eപടിക്കാനൊന്നുമില്ല അമ്മേ – ഞാനും അച്ഛനും ഇപ്പോൾ വരാം”
പറഞ്ഞു തീർന്നതും അവൻ ആടിയാടി പോകുന്ന അച്ഛനടുത്തേക്ക് ഓടി.
ബന്ധുമിത്രാദികളുടെ ചോദ്യം നിറഞ്ഞ നോട്ടം തൻ്റെ നേർക്ക് നീളുന്നതറിയാതെ സുഭദ്ര പടി കടക്കുന്ന ഭർത്താവിന്നെയും, മകനെയും കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു.
പടി കടന്ന അവർ കയറി പോകുന്നത് അഗ്നിയുടെ വീട്ടിലേക്കാണെന്ന് കണ്ട സുഭദ്ര വല്ലാത്തൊരു പേടിയോടെ നെഞ്ചിൽ കൈവെച്ചു.
” തോന്നുമ്പോൾ ഒഴിവാക്കാനും, പിന്നെ കൂടെ ചേർക്കാനും ഞാനൊരു മൃഗമല്ല. നാണവും,മാനവും, മജ്ജയും, മാംസവുമുള്ള ഒരു സാധാരണ പെൺക്കുട്ടിയാണ്”
വാസുദേവനെയും, ഉണ്ണിയെയും നോക്കി അഗ്നി വിതുമ്പിക്കൊണ്ട് പറഞ്ഞപ്പോൾ, അതുവരെ എല്ലാം കേട്ടുക്കൊണ്ടിരുന്ന ശ്രീധരൻ, എഴുന്നേറ്റ് വന്ന് വാസുദേവൻ്റെ കൈ പിടിച്ചു. ‘
“നിങ്ങൾക്ക് ഒരു തെറ്റ് പറ്റി. അത് ഞങ്ങൾ ക്ഷമിക്കുന്നു. കാരണം തെറ്റ് പറ്റുക മനുഷ്യസഹജമാണ് – നാളെ മണ്ഡപത്തിൽ ഉണ്ണിയുടെ താലി അണിയാൻ കഴുത്ത് കുനിച്ചു പിടിച്ച് ഇവൾ ഉണ്ടാവും”
“അച്ഛാ “
അഗ്നി ഉറക്കെ വിളിച്ചതും, ശ്രീധരൻ കൈകാണിച്ചു വിലക്കി.
” ശ്രീധരന് വാക്ക് ഒന്നേയുള്ളൂ. ഇപ്പോ നീ അകത്ത് പോ”
വാസുദേവനെയും, ഉണ്ണിയെയും രൂക്ഷമായി നോക്കിക്കൊണ്ട് അവൾ അകത്തേക്ക് പാഞ്ഞു പോകുമ്പോൾ, കാലിലെ കൊലുസിൻ്റെ ശബ്ദം വല്ലാതെ മുഴങ്ങി.
ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ജനങ്ങൾ….
വി ഐ പി കളുടെ നീണ്ട നിര …
താലം പിടിച്ച പെൺകുട്ടികളുടെ അകമ്പടിയോടെ, സർവാഭരണ വിഭൂഷിതയായി അഗ്നി മണ്ഡപത്തിലേക്ക് കയറി വന്നു.
നാദസ്വരം മുഴങ്ങിയതും, പുഷ്പങ്ങൾ തനിക്കു മുകളിൽ പെയ്തിറങ്ങിയതും, ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ കാണുമ്പോൾ, ഉണ്ണിയുടെ താലി അവളുടെ കഴുത്തിൽ വീണിരുന്നു.
സന്തോഷ കണ്ണീരിനിടയിലൂടെ അവൾ ഉണ്ണിയെ മിഴി നിറയെ നോക്കി നിന്നു.
” ഉണ്ണിയേട്ടൻ പെട്ടു പോയതു പോലെ തോന്നുന്നുണ്ടോ?”
മൊബൈലിൽ എന്തോ നോക്കിക്കൊണ്ടിരുന്ന അവൻ മൊബൈൽ ബെഡ്ഡിലേക്കിട്ടു അവളെ നോക്കി.
“താലിക്കെട്ടുന്ന സമയത്ത് ഒരു പുഞ്ചിരി തന്നു ഉണ്ണിയേട്ടൻ. അതിനു ശേഷം ഒരു വാക്കോ, ഒരു തലോടലോ, ദാ ഇപ്പോൾ നമ്മൾ കിടക്കാൻ പോകുന്ന സമയം വരെ തന്നിട്ടില്ല”
നീർനിറഞ്ഞ അവളുടെ മിഴികളിലേക്ക് നോക്കി അവൻ വെറുതെ തലയാട്ടി.
“എനിക്ക് ഒരു കാര്യം ഉണ്ണിയേട്ടനോട് പറയാനുണ്ട്.”
ഉണ്ണിയുടെ അരികിലിരുന്ന അവൾ, അവൻ്റെ കണ്ണിലേക്ക് നോക്കി ആ കാര്യം പറയാൻ പോകുമ്പോഴേക്കും, ബെഡ്ഡിൽ കിടന്നിരുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്തു.
ഒരു സുന്ദരിയായ പെൺക്കുട്ടിയെ ഡിസ്പ്ലേയിൽ കണ്ട അഗ്നി ഒരു ഞെട്ടലോടെ ഉണ്ണിയെ നോക്കിയതും അവൻ വേഗം ഫോൺ കാതോരം ചേർത്തു.
” എനിക്കല്ല താങ്ക്സ് പറയേണ്ടത് ഹിമാ.ഇത് എൻ്റെ ഐഡിയയല്ല… സ്റ്റേ വയറിൽ പിടിച്ച് ഷോക്കേറ്റതു പോലെ അഭിനയിച്ച അഗ്നിയാണ് താരം – ഞാൻ ഒന്നു സപ്പോർട്ട് ചെയ്തെന്നു മാത്രം “
അതും പറഞ്ഞ് അവൻ അന്തം വിട്ടിരിക്കുന്ന അഗ്നിയെ നോക്കി.
“ഇതല്ലേ അഗ്നി ഇപ്പോൾ എന്നോടു പറയാൻ പോകുന്നത്?”
ആ ചോദ്യം കേട്ടതും അവൻ്റെ നെഞ്ചത്തേക്ക് ചാടിവീണു അഗ്നി.
“കള്ളിക്ക് കഞ്ഞിവെച്ചവൻ “
അതും പറഞ്ഞ് അവൻ്റെ നെറ്റിയിലും, കവിളിലും, ചുണ്ടിലും ചുംബനങ്ങൾ കൊണ്ട് പൊതിയുമ്പോൾ, അവൻ ഇക്കിളി കൊണ്ട് കുതറുകയായിരുന്നു.
തെറിച്ചു പോയ മൊബൈൽ എടുത്ത് അവൻ വീണ്ടും കാതോരം ചേർത്തു.
” ആശംസകൾ ഹിമ – വരുണിനോടും പറയ്. ശുഭരാത്രി”
മൊബൈൽ ബെഡ്ഡിലേക്കിട്ട് അഗ്നിയെ വാരി പുണരുമ്പോൾ, അവൻ പതിയെ ചുണ്ട് അവളുടെ കാതിൽ തൊട്ടു.
” എന്തു ചെയ്യണമെന്നറിയാതെതോറ്റു പോകുമെന്ന് ഞാൻ തന്നെ കരുതിയ ഒരു ഗെയിം, ഒറ്റ നീക്കത്തിലൂടെ വിജയിപ്പിച്ച നീയാണ് ഇനി എന്നും എൻ്റെ താരം”
അഗ്നിയുടെ നനഞ്ഞ മിഴികളിലേക്ക് നോക്കി ഉണ്ണി അത് പറഞ്ഞപ്പോൾ ഒരു മൂളലോടെ അവനെ വാരിപ്പുണരുകയായിരുന്നു അവൾ…