രചന: മഹാ ദേവൻ
ബീഡിക്കറ പുരണ്ട അയാളുടെ ചിരിയ്ക്ക് വല്ലാത്തൊരു ഭംഗി ആയിരുന്നു. ” അയ്യേ, ചിരിക്കുമ്പോൾ മുഴോൻ പുഴുപ്പല്ല് കാണും, കൂടെ സഹിക്കാൻ പറ്റാത്ത ബീഡിനാറ്റോം. അയാളെ കാണുന്നതേ അറപ്പ് തോന്നും ” എന്ന് കൂട്ടുകാർ പറയുമ്പോൾ ഞാൻ മാത്രം മൗനമാകും.
അമ്മേം പറയുന്നത് കേട്ടിട്ടുണ്ട് ” അയാൾ ഒരു കിലോമീറ്റർ അപ്പുറം നിന്ന് ബീഡി വലിച്ചാൽ അതിന്റ കെട്ട മണം ഇവിടെ വരെ എത്തും ” എന്ന്.
പണ്ടൊക്കെ ഇടവഴികളിൽ എന്തൊക്കെയോ പുലമ്പി ഇരിക്കുന്ന അയാളെ കാണുമ്പോൾ പേടിയായിരുന്നു. കൂടെ അമ്മ ഉണ്ടെങ്കിൽ കൂടി.
അമ്മയെ കാണുമ്പോൾ മുഖം താഴ്ത്തുന്ന അയാൾ പേടിയോടെ തിരിഞ്ഞുനോക്കുന്ന എന്നെ നോക്കി പുഞ്ചിരിക്കും. ഇടയ്ക്ക് ഒന്ന് കണ്ണിറുക്കി കാണിക്കും. ” വഴിയിൽ കാണുന്ന ഭ്രാന്തൻമാരുടെ മുഖത്തു നോക്കി നടന്ന് വല്ല വേരിലും തട്ടി വീണാൽ ഞാൻ അവിടെ ഇട്ട് അടിക്കും, പറഞ്ഞില്ലെന്നു വേണ്ട ” എന്ന് പറയുന്ന അമ്മ ദേഷ്യത്തോടെ നോക്കിയത് അയാളുടെ മുഖത്തേക്ക് ആയിരുന്നു.
” അമ്മേ, ആ മാമൻ ശരിക്കും ഭ്രാന്തനാണോ, എന്നെ നോക്കി ചിരിച്ചല്ലോ ” എന്ന് ആകാംഷയോടെ ചോദിക്കുമ്പോൾ അമ്മ രൂക്ഷമായി ഒന്ന് നോക്കും.
” വല്ലവന്മാരുടേം വായ് നോക്കി നിൽക്കാതെ ഇങ്ങട് വരണുണ്ടോ പെണ്ണെ നീ. അവളുടെ കിന്നാരം പറച്ചിൽ. ” എന്നും പറഞ്ഞ് കൈ പിടിച്ചു വലിച്ചുകൊണ്ട് പോകും.
അന്നോരിസം കിടക്കുന്ന റൂമിന്റെ ജനൽ അടക്കാൻ തുടങ്ങുമ്പോൾ ഒരു നിഴൽ അനങ്ങുന്ന പോലെ. പേടിയോടെ അമ്മയെ വിളിക്കാൻ തുടങ്ങുമ്പോൾ വെളിച്ചത്തേക്ക് വന്ന ആൾക്ക് ആ ഭ്രാന്തന്റെ മുഖഛായ ആയിരുന്നു.
” ദേ, മോൾക്ക് ഉള്ളതാ ” എന്നും പറഞ്ഞ് കുറെ ചാമ്പയ്‌ക്ക എനിക്ക് നേരെ നീട്ടുമ്പോൾ ആ കയ്യും നീട്ടിവളർത്തിയ നഖവും അതിനുള്ളിൽ കട്ടപിടിച്ചുനിൽക്കുന്ന ചളിയുമെല്ലാം കണ്ടപ്പോൾ ഓക്കാനിക്കാനാണ് വന്നത്. വേണ്ടെന്ന അർത്ഥത്തിൽ ചാമ്പയ്ക്ക വാങ്ങാതെ ഞാൻ മുഖം തിരിക്കുമ്പോൾ അത് വരെ ചിരിച്ചുനിന്ന ആ മുഖം ഇരുട്ടിനൊപ്പം ഇരുണ്ടിരുന്നു.
പിന്നെയും ദയനീയമായ ആ നോട്ടത്തിനു മുന്നിൽ എന്തോ മുഖം തിരിക്കാനോ ജനൽ വലിച്ചടയ്ക്കണോ തോന്നിയില്ല. പിന്നെയും കൊഞ്ചലോടെ ആ ചാമ്പയ്ക്ക കൈകൾ എനിക്ക് നീണ്ടപ്പോൾ അല്പം ഭയത്തോടെ ആണെങ്കിലും ഞാൻ അത് വാങ്ങി.
ആ സമയം അയാളുടെ മുഖത്ത് തെളിഞ്ഞ സന്തോഷത്തിന് പൂർണ്ണചന്ദ്രനേക്കാൾ തിളക്കമുണ്ടായിരുന്നു.
അയാൾ ചിരിക്കുമ്പോൾ ഒപ്പം ആാാ കണ്ണുകൾ കരയുന്നുണ്ടായിരുന്നു. പതിയെ മിഴിതുടച്ചു തലയാട്ടി അയാൾ ഇരുട്ടിൽ ലയിക്കുമ്പോൾ എന്റെ കണ്ണുകൾ ആ തുടുത്ത ചാമ്പയ്ക്കയിൽ ആയിരുന്നു. എന്തോ അതിൽ വല്ലാത്തൊരു സ്നേഹം അടങ്ങിയിരിക്കുംപ്പോലെ !!
ബീഡി വലിച്ചു തലചൊറിഞ്ഞു ബസ്‌സ്റ്റോപ്പിലോ ഏതെങ്കിലും കടത്തിണ്ണകളിലോ ഇരിക്കുന്ന അയാൾ എന്നെ കണ്ടാൽ മാത്രം ആ ബീഡി ദൂരേക്കെറിയും. പിന്നെ മുഷിഞ്ഞുനാറിയ മുണ്ടിൽ ആ ചുണ്ടും മുഖവും തുടയ്ച്ച് കറപ്പല്ല് കാട്ടി ചിരിക്കും. തിരിച്ചു ഞാനും. !
ഒരീസം സ്കൂളിലേക്ക് പോകുന്ന വഴിക്കായിരുന്നു അയാൾ ആദ്യമായി കരയുന്നത് കണ്ടത്. ആരൊക്കെയോ ചേർന്ന് തല്ലുന്നു. ഓടിച്ചെന്ന് വേണ്ടെന്ന് പറയാൻ തോന്നി.
അയാൾ കൈ കൂപ്പുന്നുണ്ട്. പക്ഷേ, അതാരും ശ്രദ്ധിക്കുന്നുകൂടിയില്ല. എല്ലാവരും അയാളെ കൈ വെക്കാൻ വേണ്ടി തിരക്ക് കൂട്ടുമ്പോൾ ഒരു സ്ത്രീ മാത്രം ഇടയ്ക്ക് തടുത്തുകൊണ്ട് പറയുന്നുണ്ടായിരുന്നു ” ആ പാവത്തിനെ ങ്ങനെ തല്ലല്ലേ, ന്റെ മാല പൊട്ടിച്ചത് അയാൾ അല്ല” ന്ന്. പക്ഷേ, അതാര് കേൾക്കാൻ.
” ഇവൻ തന്നെ ആകും. ഇതുപോലെ ഉള്ളവന്മാരെ ഒക്കെ തല്ലിക്കൊല്ലണം. വെറും കഞ്ചാവ് ആണ്. കണ്ടില്ലേ ” എത്ര അടിച്ചിട്ടും ഏൽക്കുന്നില്ല “
തല്ലുന്നവർക്ക് ഒരു ഹരമായിരുന്നു. കുറ്റമൊന്നും ചെയ്തില്ലെങ്കിലും നാളെ ഇവനെ പോലെ ഉള്ളവർ ഇനി ചെയ്യരുത് എന്ന് പറഞ്ഞായിരുന്നു വേറെ ചിലർ കിട്ടിയ അവസരം വിനിയോഗിച്ചത്. അത് വരെ കൈകൂപ്പി കരഞ്ഞ അയാൾ പെട്ടന്ന് കരച്ചിൽ നിർത്തിയപ്പോൾ ആ കണ്ണുകൾ എന്റെ മുഖത്താണെന്ന് മനസ്സിലായി. ചോരയൊലിച്ച മുഖത്ത് നിർവികാരത നിറഞ്ഞ ഒരു നോട്ടമുണ്ടായിരുന്നു. ശരീരത്തെക്കാൾ കൂടുതൽ ആ മനസ്സ് നോവുന്നുണ്ടായിരിക്കണം. എനിക്കപ്പോൾ തോന്നിയത് അങ്ങനെ ആയിരുന്നു. അന്ന് രാത്രിയും അയാൾ വന്നു ജനലരികിൽ. കയ്യിൽ ഒരു പിടി മിട്ടായികളുമായി. മുഖം നീര് വന്ന് വികൃതമായിരുന്നു. ” മോളെ…. “
ആദ്യമായി അയാളുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് ഞാൻ കണ്ടു. ഇതുവരെ അയാൾ സംസാരിക്കുന്നത് കണ്ടിട്ടില്ല. ഊമയാണെന്ന് ആയിരുന്നു മനസ്സിൽ.
” മോളെ, ” എന്ന വിളിയിൽ വല്ലാത്തൊരു വാത്സല്യം തുടിക്കുന്നുണ്ടായിരുന്നു. ആ മിട്ടായിപ്പൊതികൾ എനിക്ക് നേരെ നീട്ടുമ്പോൾ അറിയാതെ എന്നവണ്ണം അയാൾ എന്റെ കയ്യിലൊന്ന് സ്പർശ്ശിച്ചു. നീര് വന്ന് വീർത്ത ചുണ്ടുകൾ സന്തോഷത്താൽ ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നത് ഞാൻ കണ്ടു.
ആ നിൽപ്പ് അവസാനിച്ച് അയാൾ പിൻവാങ്ങുമ്പോൾ അയാൾ അതിയായ ആഗ്രഹത്തോടെ ഒന്നു കൂടി ചോദിച്ചു.
” ഒരു ഉമ്മ തരോ….. ഈ കയ്യിലായാലും മതി. അല്ലേൽ വേണ്ട, കയ്യിലപ്പടി അഴുക്കാ… “
അതും പറഞ്ഞ് അയാൾ പിന്തിരിയുമ്പോൾ ൻഞാൻ ജനലഴികൾക്കിടയിലൂടെ അയാളുടെ കൈകളിൽ എന്റെ ചുണ്ടുകൾ ചേർത്തു. എന്തോ എനിക്കപ്പോൾ അയാളുടെ കൈകൾ കണ്ട് അറപ്പ് തോന്നുന്നില്ലായിരുന്നു. ആ കൈകൾക്ക് ഉളുമ്പുമണം ഇല്ലായിരുന്നു.
” ഒരിക്കലെങ്കിലും അയാൾക്ക് സന്തോഷിക്കാൻ കഴിയുമെങ്കിൽ….. “
അത് മാത്രമായിരുന്നു മനസ്സിലപ്പോൾ. !
പിന്നീടുള്ള രണ്ട് ദിവസം അയാളെ എവിടെയും കണ്ടില്ല.. സ്കൂളിൽ പോകുന്ന വഴികളിൽ, ബസ്റ്റോപ്പിൽ, വേലിക്കെട്ടുകൾ അതിരു തീർത്ത ഇടവഴികളിൽ…രാത്രി ജനലഴികളിൽ നിൽക്കും പ്രതീക്ഷയോടെ.
രണ്ട് ദിവസം കഴിഞ്ഞ് അമ്മാവൻ യാദൃശ്ചികമായി വീട്ടിലേക്ക് വന്നപ്പോൾ സന്തോഷമായിരുന്നു. എനിക്കായി കരുതിയ പൊതി കൈകളിൽ വെച്ച്തന്ന് മുടിയിലൂടെ ഒന്ന് തഴുകിക്കൊണ്ട് ” മോള് അകത്തുപ്പോയി കഴിച്ചോ” എന്ന് പറയുമ്പോൾ ഞാൻ മെല്ലെ അകത്തേക്ക് നടന്നു.
” എടി, അയാൾ മരിച്ചു, ഇന്നലെ ആയിരുന്നു. ഇനിയും വേണോ ഈ വാശി. പോയവർ പോയി. ഒന്നല്ലെങ്കിൽ നിന്റ മോള് എങ്കിലും അറിയണ്ടേ അയാൾ… “
അത് മുഴുവനാകും മുന്നേ അമ്മ മാമനെ തടഞ്ഞു. “എന്റെ മോൾക്ക് അച്ഛനില്ല. അവൾക്ക് അങ്ങനെ അറിയാവൂ… ഇനി അങ്ങോട്ടും അങ്ങനെ മതി. നാളെ ഒരു ഭ്രാന്തന്റെ മകളായി അവളെ ഈ സമൂഹം കാണണ്ട. ഒരിക്കൽ എല്ലാം വേണ്ടെന്ന് വെച്ചതും നഷ്ട്ടപ്പെടുത്തിയതും അയാൾ തന്നെ അല്ലെ. അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട് അയാൾക്ക് വേണ്ടി, എന്റെ മോൾക്കൊരു അച്ഛന് വേണ്ടി. അന്ന് കരഞ്ഞുതീർത്തതാണ്. ഒന്ന് മാത്രം, പെണ്ണായി പിറന്നവൾക്കും ഇവിടെ ഒറ്റയ്ക്ക് ജീവിക്കാം എന്ന് പഠിക്കാൻ, പൊരുതാൻ അയാൾ ഒരു നിമിത്തമായി. അതിലെനിക്ക് അയാളോട് നന്ദി ഉണ്ട്. പക്ഷേ, പുകഞ്ഞ കൊള്ളി പുറത്താണെന്ന് ഒരിക്കൽ അയാൾ പറഞ്ഞിട്ടുണ്ട്, മറ്റൊരു പെണ്ണിന്റെ ചൂട് കൊണ്ട് എന്റെ മോളെ വരെ തള്ളിക്കളയുമ്പോൾ.. അതെ എനിക്കും ഇപ്പോൾ നിന്നോട് പറയാനുള്ളൂ…. പുകഞ്ഞ ആ കൊള്ളി പുറത്ത്തന്നെ. ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത, ചത്തുകിടക്കുന്നവന്റ അച്ഛൻപദവി എന്റെ മോൾക്ക് വേണ്ട.കേട്ടലോ? “
മാമൻ ഒന്നും പറയാൻ കഴിയാതെ നിൽക്കുകയായിരുന്നു. പെങ്ങൾ അനുഭവിച്ച വേദനകൾക്ക് ഒന്നും ഇതൊന്നും ഒന്നുമല്ലെന്ന് അറിയാവുന്നത് കൊണ്ടാകും.
പക്ഷേ, ഉള്ളിൽ മാമൻ തന്ന പൊതിയുമായി ഇരിക്കുന്ന എന്റെ ഉള്ളൊന്ന് കിടുങ്ങി. ആ ഭ്രാന്തൻ മരിച്ചിരിക്കുന്നു. ഇനി എന്നെ നോക്കി ചിരിക്കാൻ അയാൾ ഇല്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം. ഇനി തന്റെ ജനലഴികൾ തുറന്നിടേണ്ട. മിട്ടായികളും ചാമ്പയ്ക്കയുമൊന്നും ആ ജനലഴി തേടി വരില്ല. അതായിരുന്നത്രെ എന്റെ അച്ഛൻ.. എന്നോ മരിച്ചുപോയെന്ന് അമ്മ പറഞ്ഞ അച്ഛൻ. മരിച്ചത് അമ്മയുടെ മനസ്സിൽ ആയിരുന്നു എന്ന് അറിഞ്ഞത് ആ നിമിഷം ആയിരുന്നു. അയാളുടെ ജീവൻ പൊലിഞ്ഞത് ഇന്നലെ ആയിരുന്നു എന്നും.
ഞാൻ പതിയെ മാമൻ തന്ന പൊതി ടേബിളിൽ വെച്ച് പതിയെ റൂമിലേക്ക് നടന്നു. അച്ഛൻ അവസാനമായി നീട്ടിയ ആ മിട്ടായികളുടെ മധുരം ഒന്നറിയാൻ.. അതിൽ ഒളിഞ്ഞിരുന്ന, കിട്ടാതെ പോയ സ്നേഹത്തിന്റെ മധുരം ഒന്ന് നുണയാൻ. പക്ഷേ, അതും എനിക്ക് നിഷേധിക്കുകയായിരുന്നു ഒരു കൂട്ടം ഉറുമ്പുകൾ.
ഒരിക്കൽ പോലും നീ അച്ഛന്റെ സ്നേഹം അറിയരുതെന്ന വാശിയോടെ..
ഇപ്പോൾ വർഷങ്ങൾ ഒരുപാട് ആയി…എങ്കിലും എന്നും ഒരു നീറ്റലോടെ ഞാൻ ഓർക്കാറുണ്ട് എനിക്ക് അച്ഛന്റെ സ്നേഹം നിഷേധിച്ചത് ആരെന്ന്.
” അച്ഛനോ, അമ്മയോ…. അതോ അവസാനത്തെ സ്നേഹവും രുചിക്കാൻ കഴിയാത്തവണ്ണം ആ സ്നേഹത്തെ പൊതിഞ്ഞുപിടിച്ച ഒരു കൂട്ടം ഉറുമ്പുകളോ !!”