രചന: സുധീ മുട്ടം
“ചേട്ടാ ഒമ്പതരക്കുളള ബസ്സ് പോയോ?”
“പോയില്ല.ഇപ്പോൾ വരും”
വളരെ അവിചാരിതമായിട്ടാണ് വെളുത്ത സുന്ദരി എന്നോട് ചോദിച്ചത്. അത് പതിവില്ലാത്തതാണ്…
എനിക്ക് പ്രത്യേകിച്ച് പണിയില്ലാത്തതിനാൽ യാത്രക്ക് പോകാനെന്ന ഭാവത്തിൽ ബസ്സ്റ്റോപ്പിൽ വന്ന് വായ്നോക്കി നിൽപ്പാണ്.ആദ്യമൊക്കെ പലരും കരുതിയത് ഞാൻ വല്ല ജോലിക്കും പോവുകയാണെന്ന്.സംഭവം സ്ഥിരം കലാപരിപാടിയായതിനാൽ കാണുന്നവർക്കൊക്കെ മടുപ്പാണ്. എനിക്കാണെങ്കിൽ ദിവസം തോറും പുതുമയയും. ഒരുപാട് വിദ്യാർത്ഥിനികളും പെണ്ണുങ്ങളും ബസ്സ്റ്റോപ്പിൽ പുതിയതായി എത്തുന്നുണ്ട്…
ഇന്നുവരെ പലവിധ അടവുകളും പയറ്റിയിട്ടും വെളുത്ത സുന്ദരിമാത്രം മൈൻഡ് ചെയ്തട്ടില്ല.എന്തിനേറെ പറയുന്നു ഒന്നു ചിരിച്ചു കൂടി കാണിച്ചിട്ടില്ല…
പതിവില്ലാതെ വെളുത്ത സുന്ദരി എന്നോടിന്ന് മിണ്ടി.മനോഹരമായൊരു പുഞ്ചിരിയും സമ്മാനിച്ചു..എന്നോട് വാ തോരാതെ സംസാരിക്കുകയും കുലുങ്ങിച്ചിരിക്കുകയും ചെയ്തു….
“ഇവളെന്റെ വലയിൽ വീണു…” ഞാൻ പലവിധ സ്വപ്നങ്ങളും കണ്ടു…
ഒമ്പതരക്കുള്ള ബസ്സിൽ കയറിയിട്ട് ഞാനിരുന്ന സീറ്റിൽ തന്നെയാണ് അവൾ വന്നിരുന്നതും.എനിക്കും കൂടിയുളള ടിക്കറ്റ് അവൾ എടുത്തു…
പ്രണയവും ഒളിച്ചോട്ടവും രജിസ്റ്റർ മാര്യേജും എല്ലാം ഞങ്ങൾക്കിടയിൽ ചർച്ചയായി.
“ചേട്ടാ പ്രണയിക്കുന്നവർ തമ്മിൽ ഒന്നിച്ചു ജീവിക്കുന്നതല്ലെ ശരി”
“അതെ..അങ്ങനെയുള്ളവരെ ഒന്നിപ്പിക്കാൻ നമ്മൾ പുതിയ തലമുറ മുൻ കയ്യെടുക്കണം..” ഞാൻ ആവേശത്തിലായി…
“അതെ ചേട്ടാ..എങ്കിൽ എനിക്കൊരു ഉപകാരം ചെയ്യണം.ഇന്ന് എന്റെ കൂട്ടുകാരിയുടെ രജിസ്റ്റർ മാര്യേജ് നടക്കുന്നുണ്ട്. സാക്ഷിയായി ഒപ്പിടാൻ രണ്ടു പേർ വേണം. എല്ലാവരും ശക്തമായ എതിർപ്പായതിനാൽ ആരും വരില്ല.ചേട്ടനു ബുദ്ധിമുട്ടില്ലെങ്കിൽ….”
അവൾ പറഞ്ഞു മുഴുവിക്കുന്നതിനുമുമ്പേ അവളുടെ കൈകകളിൽ എന്റെ കരങ്ങൾ ചേർത്തു സത്യം ചെയ്തു…
“ആരും വരണ്ട ഞാൻ വരാം ഒപ്പിടാൻ….”
രണ്ടു സാക്ഷികളിൽ ഒന്ന് ഞാനും വെളുത്ത സുന്ദരിയും….
“ഇനിയാരെങ്കിലും വേണോ…”
“ഇതുതന്നെ ധാരാളം.. ഒരുപാട് നന്ദി ചേട്ടാ…”
അവളുമായി മുട്ടിയിരുന്ന് ദിവാസ്വപ്നങ്ങളിൽ ലയിച്ചങ്ങനെയിരുന്നു.ബസ് നിർത്തിയതും അവൾ തന്നെ എന്നെ വിളിച്ചു രജിസ്റ്റർ ഓഫീസിൽ എത്തിച്ചു…
അവിടെ ആരെക്കയൊ നിൽപ്പുണ്ട്.ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല…
“എവിടാ സാറേ ഒപ്പിടണ്ടത്..” ഞാൻ ആഫീസറോട് തിരക്കി.അയാൾ എന്നെ തുറിച്ച് നോക്കി.വെളുത്ത സുന്ദരി അദ്ദേഹത്തോട് ചെവിയിലെന്തോ മന്ത്രിച്ചു…
അയാൾ എന്നെ വിളിച്ചു ഒപ്പീടിച്ചു.വായിക്കാനൊന്നും മിനക്കെട്ടില്ല അദ്ദേഹം ചൂണ്ടി കാണിച്ചിടത്ത് ഒപ്പിട്ടു.മറ്റൊരു പെൺകുട്ടി കൂടി ഒപ്പിടുന്നത് ഞാൻ കണ്ടു…
പെട്ടന്നാണു എന്നെ ഞെട്ടിച്ച് വെളുത്ത സുന്ദരിയും ഒമ്പതരക്കുള്ള ബസ്സിലെ കണ്ടക്ടറും തമ്മിൽ മാല ചാർത്തിയത്.കാര്യങ്ങൾ മനസ്സിലാക്കാൻ ഞാൻ കുറച്ചു താമസിച്ചു…
“ചേട്ടാ ക്ഷമിക്കണം. ഞങ്ങൾ തമ്മിൽ പിരിയാൻ വയ്യാത്ത അടുപ്പത്തിലാണ്.സാക്ഷിയായി ഒപ്പിടാൻ അറിയാവുന്നവരെ കൂട്ടിയാൽ മാര്യേജ് വിവരം ലീക്കാവും.അതുകൊണ്ട് ഇങ്ങനെയൊരു നാടകം നടത്തിയത്….”
അവരെനിക്ക് കുറച്ചു പണം തന്നു.ഇത്രയും പറ്റിക്കപ്പെട്ടതല്ലെ പൈസ ഇരിക്കട്ടെയെന്ന് കരുതി ഞാൻ വാങ്ങീത് എനിക്ക് തന്നെ പാരയായി…
ഇപ്പോൾ രജിസ്റ്റർ മാര്യേജിനു പലതരം സാക്ഷിക്കോളത്തിൽ ഒപ്പിടാൻ എന്നെക്കൂടി വിളിക്കും.പൈസയും കിട്ടും.ഇപ്പോൾ ഒപ്പീടലാണ് തൊഴിൽ…അപ്പോൾ ജോലിയുമായി ഒപ്പം വരുമാനവും
പലരുടേയും പ്രേമവിവാഹത്തിനു സാക്ഷിയായെങ്കിലും എന്റെ കല്യാണം മാത്രം നടന്നില്ല.ഇനി നടക്കുമെന്നും പ്രതീക്ഷയില്ല….
കാരണം മൂക്കിൽ പല്ലുവരാറായി അത്രതന്നെ…..
അവസാനിച്ചു