ഈ ജോലി തിരഞ്ഞെടുത്തതു കൊണ്ട് ജീവിതത്തില്‍ ഉണ്ടായ എന്തെങ്കിലും ബുദ്ധിമുട്ട് ഒന്നു ഷെയര്‍ ചെയ്യാമോ മാഡം…

കാക്കി

രചന: ദിപി ഡിജു

‘സിവില്‍ സര്‍വ്വീസില്‍ ഇത്രയും നല്ല റാങ്ക് കിട്ടിയിട്ടും എന്തു കൊണ്ട് ഐ പി എസ്…??? പൊതുവെ പെണ്ണുങ്ങള്‍ ഐ എ എസ് അല്ലേ തിരഞ്ഞെടുക്കൂ…??? ഇതിപ്പോള്‍ കായികാധ്വാനവും റിസ്കും കൂടുതല്‍ അല്ലേ മാഡം… എന്നിട്ടും ആ ജോലി തികച്ചും ആത്മാര്‍ത്ഥമായി തന്നെ മുന്നോട്ടു കൊണ്ടു പോകുന്നത് കുടുംബത്തിന്‍റെ സപ്പോര്‍ട്ട് കൊണ്ടാകുമല്ലേ…???’

ഒരുപാടു കഷ്ടപ്പെട്ടാണ് മാധുരി ഐ പി എസിന്‍റെ അപ്പോയിന്‍റ്മെന്‍റ് തരപ്പെട്ടു കിട്ടിയത്. ഇന്‍റര്‍വ്യൂകളില്‍ ഒന്നും സാധാരണയായി കാണാത്ത ആ വ്യക്തിയുടെ ഇന്‍റര്‍വ്യൂ എടുക്കുക എന്നത് എന്നെ സംബന്ധിച്ചു വെല്ലുവിളി തന്നെ ആയിരുന്നു. തന്‍റെ പ്രൊഫെഷനോട് നൂറു ശതമാനം ആത്മാര്‍ത്ഥ പുലര്‍ത്തുന്ന അവര്‍ എന്‍റെയും ആരാധനാപാത്രം ആണ്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇന്‍സ്പിരേഷനല്‍ ലൈഫ് സ്റ്റോറീസിനു വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ ഇന്‍റര്‍വ്യൂവിന് സമ്മതം മൂളുമെന്ന് തീരെ വിചാരിച്ചില്ല.

‘എന്താ കുട്ടിയുടെ പേര്…???’

‘ശ്രീധന്യ എന്നാണ് മാഡം…’

‘കുട്ടിയുടെ ഈ ജോലി… അതായത് ജേര്‍ണലിസം… എന്തു കൊണ്ടാണ് കുട്ടി അത് തിരഞ്ഞെടുത്തത്…??? ഒത്തിരി റിസ്ക് ഉള്ള ജോലി അല്ലേ അത്…???’

‘അത് പിന്നെ മാഡം… ജേര്‍ണലിസം എന്‍റെ പാഷന്‍ ആയിരുന്നു… ഞാന്‍ അത് എന്‍ജോയ് ചെയ്യുന്നു…’

‘ദേര്‍ ലൈയ്സ് ദ പോയിന്‍റ്… ഈ കാക്കി എന്‍റെയും പാഷന്‍ ആയിരുന്നു… അതിലുള്ള റിസ്ക് ഞാന്‍ ആസ്വദിക്കുന്നു…’

‘ഈ ജോലി തിരഞ്ഞെടുത്തതു കൊണ്ട് ജീവിതത്തില്‍ ഉണ്ടായ എന്തെങ്കിലും ബുദ്ധിമുട്ട് ഒന്നു ഷെയര്‍ ചെയ്യാമോ മാഡം…???’

‘അങ്ങനെ ചോദിച്ചാല്‍…!!! ബുദ്ധിമുട്ട് ആണോ അല്ലയോ എന്നതു തീരുമാനിക്കുന്നത് ആ പ്രശ്നത്തില്‍ നമ്മള്‍ എടുക്കുന്ന നിലപാടിന് അനുസരിച്ചല്ലേ…???’

‘ഓക്കെ… ഈ ജോലി മാഡം സ്വീകരിച്ചപ്പോള്‍ എന്തേലും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നോ…???’

‘ഒത്തിരി… ഒത്തിരി എന്നു പറഞ്ഞാല്‍ ഒത്തിരി…’

‘പറയുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടോ മാഡം…???’

‘ഹേയ് എന്തു ബുദ്ധിമുട്ട്…??? ആദ്യം തന്നെ പറയട്ടെ… എത്രയൊക്കെ ഉയര്‍ന്ന ചിന്താഗതി ഉള്ളവരായി മാറി നമ്മുടെ മനുഷ്യര്‍ എന്നു പറഞ്ഞാലും ഒരു സ്ത്രീയെ അല്ലെങ്കില്‍ അവളുടെ സ്വപ്നങ്ങളെ, പ്രത്യേകിച്ച് വിവാഹിത ആണെങ്കില്‍ തീര്‍ന്നു… ഒരു 75% ആളുകള്‍ക്കും അത് അംഗീകരിക്കാന്‍ ഇച്ചിരി ബുദ്ധിമുട്ട് തന്നെയാണ്… അവര്‍ ഉന്നതസ്ഥാനങ്ങളില്‍ എത്താന്‍ പലരും, പലതും അവര്‍ക്ക് തടസ്സമാകും… എന്‍റെ ഹസ്ബന്‍റിന്‍റെ സ്റ്റ്രോങ്ങ് സപ്പോര്‍ട്ട് ആണ് എന്നെ ഈ ഒരു പൊസിഷനില്‍ എത്തിച്ചത്… ഒരു മിനിറ്റ്… ഒരു കോള്‍ വരുന്നുണ്ടേ… വീട്ടില്‍ നിന്നാണ്…’

‘ഓക്കെ മാഡം… കാരി ഓണ്‍…’

മാധുരി മാഡം ഒരു വശത്തേയ്ക്ക് നീങ്ങി നിന്നു ഫോണില്‍ സംസാരിക്കുന്നതു കണ്ടു. ആ കോളിനിടയില്‍ തന്നെ മറ്റൊരു ഫോണില്‍ കോള്‍ വരുന്നതും അവര്‍ അതും സംസാരിക്കുന്നതും ഞാന്‍ നോക്കി നിന്നു. അവരുടെ മുഖം വല്ലാതെ അസ്വസ്ഥം ആകുന്നതു ശ്രദ്ധിച്ചു.

‘സോറി…ശ്രീധന്യ… എനിക്ക് അത്യാവശ്യം ആയി പോകണം… ഇന്‍റര്‍വ്യൂ തുടരാന്‍ പറ്റില്ല…’

‘എന്തു പറ്റി മാഡം…??? വീട്ടില്‍ എന്തെങ്കിലും ഇഷ്യൂസ്…???’

‘ഉംംം… മകള്‍ ഒന്നു വീണു… ഹസ്ബന്‍റ് ഹോസ്റ്റലിലേക്ക് കൊണ്ടു പോയി…’

‘ഓ… അപ്പോള്‍ മാഡം ഹോസ്റ്റലിലേക്ക് ആണോ…???’

‘അല്ല ശ്രീധന്യ… ഹൈവേയില്‍ ഒരു അപകടം… ഒരു സ്കൂള്‍ വാന്‍ ലോറിയില്‍ ഇടിച്ചു… ആ കുട്ടികളെ ആശുപത്രിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യണം… ഞാന്‍ അങ്ങോട്ടു പോവുകയാണ്…’

‘അപ്പോള്‍ മാഡത്തിന്‍റെ മകള്‍…!!!’

അവര്‍ എന്‍റെ മുഖത്ത് നോക്കി മങ്ങിയ ഒരു ചിരി ചിരിച്ചു കൊണ്ട് തലയിലേയ്ക്ക് തൊപ്പി എടുത്തു വച്ചു വേഗത്തില്‍ നടന്നടുന്നു.

ഒരു നിമിഷം ഞാനൊന്നു തറഞ്ഞിരുന്നു പോയി. സ്വന്തം ആവശ്യങ്ങള്‍ വേണ്ടെന്ന് വച്ച് മറ്റുള്ളവരുടെ ആയുസ്സും ആരോഗ്യവും കാത്തുസൂക്ഷിക്കാന്‍ ഓടി നടക്കുന്ന അനേകം പോലീസുദ്ധ്യോഗസ്ഥരുടെ മുഖങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു. വെയിലോ മഴയോ ഗൗനിക്കാതെ നമ്മുടെ സംരക്ഷണത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന നമ്മുടെ സ്വന്തം കാവല്‍ പടയാളികളെ.

എത്രയൊക്കെ സേവിച്ചാലും പലപ്പോഴും മറ്റുള്ളവരുടെ കുറ്റപ്പെടുത്തല്‍ അല്ലെ അവര്‍ ഏറ്റു വാങ്ങുന്നത് പലപ്പോഴും എന്ന ചിന്ത മനസ്സിനെ പൊള്ളിച്ചു.

അറിയാതെ എന്‍റെ വലം കൈ നെട്ടിയോട് ചേര്‍ന്നു പോയി.

‘കാക്കിയുടുത്ത പടയാളികളെ, ഒരു ബിഗ് സല്ല്യൂട്ട് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും…’