കാത്തിരിപ്പ്
രചന: നിഹാരിക നീനു
“ഇന്നും ഇല്ല്യാട്ടോ കുട്ട്യേ….!”
പോസ്റ്റ്മാൻ ശങ്കരേട്ടൻ സൈക്കിൾ ഒന്നു നിർത്തി അതും പറഞ്ഞ് പോകുമ്പോൾ അവൾ ഒന്നു ചിരിച്ചു കാണിച്ചു ..
ശങ്കരേട്ടനും അറിയാരുന്നു ആ മിഴികൾ ഇപ്പോ നിറഞ്ഞ് കാണും ന്ന്..
അതു കൊണ്ട് തന്നെയാണ് കാണാൻ നിൽക്കാതെ വേഗം സൈക്കളുമായി പോയതും….
വീട്ടിലെത്തിയിട്ടും അമ്മയുടെ മുന്നിലേക്ക് പോവാൻമടിയായി…ചോദ്യങ്ങൾക്ക് ഒന്നും ഉത്തരമില്ലാത്തതാണ് കാരണം…
മെല്ലെ ഉമ്മറത്തിണയിൽ എങ്ങോ മിഴിനട്ട് ഇരുന്നപ്പഴാ ഉള്ളിൽ നിന്ന് ഗ്ലാസ് നിലത്ത് വീണ ശബ്ദം കേട്ടത് മെല്ലെ എഴുന്നേറ്റ് അമ്മയുടെ അരികിൽ ചെന്നു നിന്നു…
” ഇന്നും വന്നില്യ ല്ലേ?”
ചങ്കു പൊട്ടിയുള്ള ചോദ്യത്തിന് തല കുനിച്ച് മിഴിവാർത്തവൾ മറുപടി പറഞ്ഞു..
” അന്ന് എല്ലാരും കള്ളനാന്ന് പറഞ്ഞപ്പോ ഞാനും ൻ്റെ കുട്ട്യേ….. “
ഗദ്ഗദങ്ങൾ അമ്മയുടെ ശബ്ദത്തെ മൂടി ….
ഒന്നും മിണ്ടാതെ അവൾ മുറിക്ക് പുറത്തിറങ്ങി…
ചുമരിൽ തൂക്കിയിട്ട ഫോട്ടോയിലേക്ക് ഒന്നു കൂടെ മിഴികൾ പായിച്ചു…
“ഏട്ടൻ ”
പണ്ടെന്നോ അടുത്തൊരു പേർഷ്യക്കാരൻ വന്നപ്പോൾ, അയാൾടെ പെട്ടി ചുമന്നതിനും അയാൾക്ക് മൂവാണ്ടൻ മാങ്ങക്കൊതി പറഞ്ഞപ്പോ പുളിയുറുമ്പിനെ പോലും വക്ക വക്കാതെ മനക്കലെ മാവിൽ വലിഞ്ഞു കേറി പൊട്ടിച്ച് കൊടുത്തതിനും അയാൾ കൊടുത്ത പ്രതിഫലമായിരുന്നു,
അയാൾടെ കാമറയിൽ ഏടുത്ത ഏട്ടൻ്റെ പടം..
വല്യ ഗമയായിരുന്നു അതും കൊണ്ട് വരുമ്പോൾ …
കാർഡ്ബോഡിൽ ഒട്ടിച്ച് ആണിയടിച്ച് ചുമരിൽ തൂക്കുമ്പോൾ ഞാനും അമ്മയും കാഴ്ചക്കാരായി ചുറ്റും കൂടിയിരുന്നു ..
പിന്നേം ഏട്ടൻ അയാളുടെ പുറകേ ആയിരുന്നു,
വേണ്ട എന്നമ്മ വിലക്കിയിട്ട് കൂടെ, ആ പതിനാലുകാരന് അത്ഭുതമായിരുന്ന പേർഷ്യക്കാരനെ വിട്ട് പോന്നില്ല…
ഒരിക്കൽ,പേർഷ്യക്കാരൻ്റെ പണം കാണാണ്ട് പോയി എന്നും പറഞ്ഞ് അയാളുടെ ആളുകൾ വിളിച്ചിറക്കി ഏട്ടനെ പൊതിരെ തല്ലുമ്പോൾ ഞാനും അമ്മയും വാവിട്ട് നിലവിളിച്ചു…അവർ വീട് മുഴുവൻ അരിച്ച് പെറുക്കി..
ഒന്നും കിട്ടാഞ്ഞ് ഉമ്മറത്തെ കിണ്ടിയും നിലവിളക്കും വരെ പെറുക്കി കൊണ്ട് പോയി..
അമ്മക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു അത്..
” അമ്മേ… ഞാൻ എടുത്തിട്ടില്ല ” എന്നും പറഞ്ഞ് വന്ന ഏട്ടനോട് അപ്പഴത്തെ ദേഷ്യത്തിനാ
“നീ തന്നെയാവും നിക്ക് കാണണ്ട നിന്നെ, എറങ്ങി പൊയ്ക്കോ”
എന്നു പറഞ്ഞ് ആട്ടിയിറക്കിയത്…
പോവാൻ നേരം എൻ്റെ കൈ പിടിച്ച് പറഞ്ഞിരുന്നു
” കുഞ്ഞിപ്പെണ്ണേ ഏട്ടൻ പൂവ്വാടി…ന്ന് “
“എങ്ങടാ ഏട്ടാ “
എന്നവൾ അവൻ്റെ കൈ പിടിച്ച് ചോദിച്ചപ്പോൾ പറഞ്ഞു,
“ഏട്ടൻ പോവാ… എങ്ങടാ ന്ന് അറിയില്ല കുഞ്ഞിപ്പെണ്ണേ… പക്ഷെ എവിടെ ചെന്ന് ചേർന്നാലും നിനക്ക് ഞാൻ കത്തയക്കാം,നിനക്ക് മാത്രം, അതിലെൻ്റെ വിലാസം കാണും നീ തിരിച്ചയച്ചേക്കണം…. “
ഒന്നും മനസിലാവാതെ തല കുലുക്കുമ്പോൾ കവിളിൽ ചൂടുള്ള ഒരു മുത്തം തന്നിരുന്നു ഏട്ടൻ….
പേർഷ്യക്കാരൻ്റെ കാശ് അയാൾടെ വീട്ടിൽ നിന്ന് തന്നെ കിട്ടി…
ഒരു ക്ഷമാപണത്തിൽ അയാളത് ഒതുക്കിയപ്പോൾ..
ഒരു നൊന്തു പെറ്റ അമ്മ ഉരുകിത്തീർന്നിരുന്നു,
ചെയ്ത് പോയതോർത്ത് നീറി നീറി തളർന്ന് വീണിരുന്നു ..
” കത്തയക്കും”
എന്ന എൻ്റെ ഉറപ്പിൻമേൽ അവർ ആശ്വാസം കണ്ടെത്തിയിരുന്നു ..
അന്നു മുതൽ തുടങ്ങിയതാണീ മടുക്കാത്ത കാത്ത് നിൽപ്പ്…
ഇന്നോളം ഒരു കത്തും കിട്ടിയില്ലെങ്കിലും മടുപ്പ് തോന്നാതെ ഒരമ്മയും മകളും, മകൻ്റെ വിലാസത്തിനായി യുള്ള കാത്തിരുപ്പ്…
💙💙💙
ഇന്നും സൈക്കിളിൻ്റെ മണിയടി കേട്ട് അമ്മ പറയുന്നുണ്ട്,
“പോസ്റ്റ്മാൻ പോണു… കത്ത് ണ്ടോ ചോയ്ച്ചോക്ക് കുഞ്ഞിയേ… “
ന്ന്…
അമ്മക്കായി എടുത്ത കഞ്ഞി അവിടെ തന്നെ വച്ച് വേഗം ഓടി…
ഇന്നെന്തോ ശങ്കരേട്ടൻ സൈക്കിൾ നിർത്താതെ ചവിട്ടി പോവാണല്ലോ..
” ശങ്കരേട്ടാ …. കത്ത്… “
എന്നു പറഞ്ഞ് പുറകേ ഓടി…
സൈക്കിൾ നിർത്തി, മുന്നിൽ ചെന്നതും ആകെ പകച്ച് പോയി,
ശങ്കരേട്ടന് പകരം സുമുഖനായ ഒരു ചെറുപ്പക്കാരൻ…
” ഉം…. ന്താ?”
കടുപ്പിച്ചുള്ള ചോദ്യത്തിൽ ഒന്നു പതറി..
” ചോദിച്ചത് കേട്ടില്ലേ?”
“ഞാൻ ശങ്കരേട്ടനാന്ന് കരുതിയാ… നിക്ക് കത്ത്… “
” തനിക്കെന്താ വീടും കൂടും ഒന്നും ഇല്ലേ?”
ദേഷ്യത്തോടെ ഉള്ള ചോദ്യത്തിന്
” ഉം “
എന്ന് തലയാട്ടി…
“ആ അപ്പോ കത്തുണ്ടെങ്കിലേ വീട്ടിലേക്ക് കൊണ്ടുത്തരും … അല്ലാണ്ട് ഇങ്ങനെ കിടന്ന് പൊറകേ ഓടണ്ട കാര്യം ഒന്നും ഇല്ല….”
തല അറിയാതെ കുനിഞ്ഞു അത് കേട്ട് മിഴിയും നിറഞ്ഞു ..
അയാൾ സൈക്കിൾ എടുത്ത് പോയിട്ടും അവിടെ തന്നെ നിന്നു…
” ഇനി കത്തെങ്ങാനും വന്നിട്ടുണ്ടാവോ..? ഇയാൾക്കറിയാഞ്ഞിട്ടാണോ … ശങ്കരേട്ടനാണെങ്കിൽ ഒരു സമാധാനായിരുന്നു …. “
അവിടെ നിന്ന് തന്നെ കുറേ വെറുതേ ചിന്തിച്ച് കൂട്ടി…
💙💙💙
പിറ്റേ ദിവസം നേരത്തെ പോയി നിന്നു വഴിയിൽ,
ശങ്കരേട്ടനെയും കാത്ത്…
ഇന്നലെ വന്നയാളെ പറ്റി പറയാൻ പരാതിയും മനസിൽ കരുതിയിരുന്നു …
ദൂരേന്നേ കണ്ടു സൈക്കിൾ,
ഇന്നും അയാളാ..
ഒന്നും ചോദിക്കാൻ തോന്നിയില്ല…
തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പഴാ
“ടോ “
എന്ന് വിളി കേട്ടത്….
“തൻ്റെ പേരെന്താ …? “
അയാളുടെ ചോദ്യം കേട്ട് അത്ഭുതത്തോടെ പറഞ്ഞു,
“സപ്ത”
എന്ന്….
” ന്നാലേ സപ്തക്ക് ഇന്ന് കത്തൊന്നും ഇല്യ ട്ടോ… ശങ്കരേട്ടൻ ട്രാൻസ്ഫർ ആയി പോയി… . സ്വന്തം നാട്ടിലേക്ക്, പകരം വന്നതാ ഞാൻ, ഹരികുമാർ ന്നാ പേര് .. ഇന്നലെ ശങ്കരേട്ടൻ വന്നിരുന്നു അപ്പഴാ തന്നെ പറ്റി…ഇനി ഞാൻ നോക്കിക്കോളാം ട്ടോ… “
ചിരിയോടെ തലയാട്ടുമ്പോൾ വല്ലാത്ത സമധാനം വന്ന് മൂടും പോലെ….
💙💙💙
ദിനങ്ങൾ കൊഴിയുംതോറും അയാൾക്ക് എന്തോ ഒരു പ്രത്യേകത തോന്നി…. ആരോ സ്വന്തം എന്ന പോലെ …
ആശ്വസിപ്പിക്കുമ്പോൾ,
സംസാരിക്കുമ്പോൾ, ഉള്ളിലെ എരിച്ചിലിന് ഇത്തിരി ശമനം കിട്ടും പോലെ,
എന്നത്തെയും കത്തില്ല എന്നു പറയുമ്പഴത്തെ എൻ്റെ സങ്കടം കണ്ടിട്ടാവണം, ഒരു ദിവസം,
“ഏട്ടൻ്റെ വല്ല ഫോട്ടോയുംണ്ടെങ്കിൽ തരൂ ഞാനൊന്നന്വേഷിക്കാം”
എന്നു പറഞ്ഞത് …
കയ്യിലുള്ള ഫോട്ടോ കൊടുത്തു..
പിന്നെ രണ്ട് ദിവസം ആളെ കണ്ടില്ല …
കാണാത്തപ്പോൾ ഉള്ളിലെ ഭാരം അറിയുന്നുണ്ടായിരുന്നു …
പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട പോലെ ..
അടുത്ത ദിവസം തോട്ടുവരമ്പിൽ അയാൾ ആദ്യമെത്തി കാത്തു നിൽക്കുന്നുണ്ടായിരുന്നു ….
കയ്യിലെ ഏട്ടൻ്റെ പടം തിരിച്ച് തരുമ്പോൾ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല …
” ഏട്ടനെ പറ്റി എന്തെങ്കിലും … “
” അത്…. “
ആൾടെ പറയാനെടുക്കുന്ന താമസം എൻ്റെ ഉള്ളിൽ മിന്നൽ പിണറുകൾ തീർത്തിരുന്നു..
“എന്താ … എന്താ സാറെ ?”
“ഞാൻ അന്വേഷിച്ചറിഞ്ഞ വ്യക്തിയാണ് കുട്ടീടെ ഏട്ടനെങ്കിൽ ഒരു വർഷം മുമ്പ് ഒരു ആക്സിഡൻ്റിൽ ……”
കേട്ടത് മനസിലാവാത്തത് പോലെ നിലത്തേക്ക് പടഞ്ഞിരുന്നപ്പോൾ അയാൾ അരികെ എത്തിയതറിഞ്ഞു …
” ഒരു ഹോട്ടലിൽ നിൽക്കാരുന്നുത്രേ സേലത്ത് … കഴിഞ്ഞ വർഷം ഏതോ വണ്ടി ജോലി കഴിഞ്ഞ് പോവുമ്പോ ….”
“ഞാൻ…. ഞാനെൻ്റെ അമ്മയോട് എന്താ സാറെ പറയാ?? അയക്കാം എന്ന് പറഞ്ഞ ഒരു കത്തും അതിനായുള്ള കാത്തിരിപ്പും ആയിരുന്നു ഇതുവരെ ഞങ്ങൾ രണ്ടാത്മാക്കളുടെ ജീവിതം തന്നെ … ഇനി…. ഇനി…”
പൊട്ടിക്കരയുന്നവളെ ആശ്വസിപ്പിക്കാനാവാതെ അയാൾ നിന്നു…
ഒടുവിൽ ഏട്ടൻ്റെ എന്ന് പറഞ്ഞ് അയാൾടെ കൂടെ ജോലി ചെയ്തിരുന്നയാൾ തന്ന ഒരു കവർ അവളെ ഏൽപ്പിച്ചു അയാൾ…
തുറന്നപ്പോൾ കണ്ടു,
എഴുതി പൂർത്തിയാക്കിയിട്ടും തനിക്കയ്ക്കാത്ത കുറേ എഴുത്തുകൾ …
ഒരെണ്ണം മാത്രം എടുത്തൊന്നു നിവർത്തി ,
“ഏട്ടൻ്റെ കുഞ്ഞിപ്പെണ്ണിന്, “
എന്നു മാത്രമേ വായിക്കാൻ ആയുള്ളൂ…
“ൻ്റെ അമ്മയോട് പറയും വരെ ഒന്ന് കൂടെ നിക്കാമോ സാറെ “
എന്നവൾ മിഴി തുടച്ച് ചോദിച്ചപ്പോൾ അയാൾ മെല്ലെ തലയാട്ടിയിരുന്നു …
വീടെത്തി കുഞ്ഞുമുറിയിൽ കിടക്കുന്ന അമ്മയെ പലതവണ വിളിച്ചപ്പഴാണ് അവളറിഞ്ഞത് അമ്മയും ഏട്ടനൊപ്പം പോയി എന്ന് …
” നന്നായി ല്ലേ.. സാറെ, അല്ലാണ്ടെങ്ങന്യാ ഞാൻ പറയാ ൻ്റെ ഏട്ടൻ…. ഇനി …..”
അവൾ കരഞ്ഞു പൊട്ടിപ്പൊട്ടി ഒരു ഭ്രാന്തിയെ പോലെ …
അയാൾ അതുവരെക്കും ആ അമ്മയുടെ കർമ്മങ്ങൾ കഴിയും വരെക്കും അവൾക്ക് കൂട്ടിരുന്നു….
ഒടുവിൽ,
“ഇറങ്ങാ “
എന്ന് യാത്ര പറഞ്ഞപ്പോൾ ചെറുതായൊന്ന് തലയനക്കി അവൾ ….
തടഞ്ഞ് നിർത്താൻ അവകാശമില്ലാത്തവൾ നിശബ്ദമായി കരഞ്ഞു…
പുറത്തേക്കിറങ്ങിയതും അയാൾക്കും എന്തൊക്കെയോ അവിടെ നഷ്ടമാകും പോലെ …
തിരികെ കയറി
അവളുടെ അരികെ എത്തി മൃദുവായ ആ കൈകൾ കെക്കുള്ളിൽ എടുത്ത് പറഞ്ഞു..
“നിക്കും ആരൂല്യ….. നിനക്ക് സമ്മതാച്ചാൽ പുല പോണേൻ്റന്ന് കാവിൽ വച്ച് ഈ കഴുത്തിൽ ഒരു താലി അണിയിക്കാം എന്ന്…..
അവസാനിച്ചു
കുറച്ച് പഴയ കാലഘട്ടത്തിലെ കഥയാട്ടോ….