ഒരുദിവസം വാക്സിൻ ബുക്ക് ചെയ്യാൻ നോക്കി കിട്ടാതെ വന്നപ്പോൾ മടുത്തതാണ് അവന്റെ പ്രധാന കാരണം…

(ഇതെന്റെ 19-മത്തെ കുഞ്ഞു കഥയാണ് ..ശടേന്ന് പറയും മുന്നേ വായിക്കാം )

മനഃസാക്ഷി

രചന: RJ Sajin

“ഡാ …അപ്പുറത്തെ ആമിന താത്തയ്ക്ക് വാക്‌സിൻ രജിസ്ട്രേഷൻ ഒന്ന് ചെയ്ത് കൊടുക്കെടാ ….”

“ഞാൻ നോക്കി അമ്മേ …അത് ചെയ്യാനായി മൂന്നുമണിമുതൽ ഫോണിൽ കുത്തിയിരുന്നിട്ടും നടന്നില്ല ….”

ഒരു അയഞ്ഞ സ്വരത്തിൽ ഇരുപത്തത്തൊന്നുകാരനായ മിലൻ മറുപടി നൽകി .

“പാവം ഇന്ന് രാവിലെയും വന്ന് ചോദിച്ചു നീ ചെയ്ത് കൊടുക്കുമോന്ന് ..”

അടുക്കളയിലിരുന്ന് തേങ്ങ തിരുകിക്കൊണ്ട് അമ്മ വിഷമത്തോടെ അത് പറയുമ്പോൾ ഫോണിലെ ഗെയിമിൽ മുഴുകിയിരിക്കുന്ന അവന് ആ ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ ഒട്ടും താല്പര്യമുണ്ടായിടുന്നില്ല..

ഭർത്താവ് മരിച്ചുപോയ ആമിനത്താത്തയ്ക്ക് ഫോൺ നേരെ ഉപയോഗിക്കാൻ അറിയില്ല .

ഉള്ളത് ഒരു സാധാരണ ഫോൺ .

ഒരുദിവസം വാക്സിൻ ബുക്ക് ചെയ്യാൻ നോക്കി കിട്ടാതെ വന്നപ്പോൾ മടുത്തതാണ് അവന്റെ പ്രധാന കാരണം .

പിന്നെ സ്വന്തം മക്കളുണ്ടല്ലോ ..അവർക്ക് ചെയ്തുകൊടുത്തൂടെ എന്ന ചിന്തയും അവനുണ്ടായിരുന്നു .

അവരുടെ മക്കളുമായി അവൻ അത്ര രസത്തിലല്ല എന്നത് മറ്റൊരുകാര്യം …

ഇക്കാരണങ്ങളാൽ പിന്നീടങ്ങോട്ട് രജിസ്ട്രേഷൻ ചെയ്യാനും അവൻ താല്പര്യപ്പെട്ടിരുന്നില്ല .

അന്ന് വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞു ക്ലാസ് ഗ്രൂപ്പിൽ നോക്കിയപ്പോഴാണ് അവനൊരു ചിത്രം കണ്ടത് .

മങ്ങിയ ആ ചിത്രം ആരുടെയെന്നറിയാൻ തിടുക്കത്തോടെ അവൻ ഡൗൺലോഡ് ചെയ്തു .

തന്റെ ക്ലാസ്സിൽ പഠിച്ച സുഹൃത്തിന്റെ അമ്മയാണ് ആ ചിത്രത്തിൽ .

അതിലെ വാചകങ്ങൾ വായിച്ചപ്പോൾ അവന്റെ നാവിലെ ജലകണം വറ്റാൻ തുടങ്ങി .

തൊണ്ട വരണ്ടു ..

ആ അമ്മ കോവിഡ് മൂലം മരണപ്പെട്ടു .

വല്ലാത്തൊരു നെഞ്ചിടിപ്പോടെ അവനാ ചിത്രവും നോക്കിനിന്നു .

എത്രവട്ടം ആഹാരം വിളമ്പി തന്നതാ ഈ അമ്മ …

തുടർന്ന് ഗ്രൂപ്പിലെ ചർച്ചകളിൽ വാക്സിൻ എടുത്തിട്ടില്ലായിരുന്നു എന്നൊക്കെ കണ്ടിരുന്നു .

കോവിഡ് മരണം എത്രത്തോളം ഭീതി പരത്തുന്നുണ്ടെന്ന് അവനാ ചിത്രത്തിലൂടെ മനസ്സിലാക്കി .

ഉറ്റവർക്ക് സംഭവിക്കുമ്പോഴാണല്ലോ എന്തിനെക്കുറിച്ചും കൂടുതൽ അറിയുന്നത്…

വിശ്വസിക്കാനാകാത്ത വിധം മരവിപ്പോടെ ഫോണും പിടിച്ചു നിന്നപ്പോൾ വാക്സിനുവേണ്ടി പ്രതീക്ഷയോടെ തന്റെയടുത്ത് വന്ന ആമിനതാത്തയുടെ മുഖം മനസ്സിൽ തെളിഞ്ഞു .

അവർ സാമ്പത്തികമായി പിന്നോട്ടാണേലും വിശേഷ ദിവസങ്ങളിലും അവരുടെ വീട്ടിൽ ചെല്ലുമ്പോഴും വയറു നിറച്ചും കഴിക്കാൻ നൽകിയിരുന്നത് അവന്റെ മനസ്സിൽ സിനിമയിലെ ദൃശ്യങ്ങൾ പോലെ മിന്നിമറഞ്ഞു .

ഒരു കാലിന് സ്വാധീനക്കുറവുള്ളതിനാൽ ബുദ്ധിമുട്ടിയാണ് അവർ നടക്കുന്നത് .

എന്നാലും ഈ പ്രായത്തിലും കുഞ്ഞു കച്ചവടം ചെയ്ത് ജീവിച്ചു പോകുന്നു.

“അവരുടെ മക്കൾ ചെയ്തുകൊടുക്കുന്നില്ലന്ന് കരുതി ഞാൻ ചെയ്തുകൊടുക്കാതിരുന്നത് എന്ത് മോശമാണ് .”

അവൻ പിറുപിറുത്തു .

അപ്പോഴേക്കും അവന്റെയുള്ള് കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു .

നാളെ അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നൊരു സമാധാനം ജീവിതത്തിലുണ്ടാകുമോ …

നിസ്സാരമായിക്കണ്ട് നമ്മൾ ഒഴിയുന്ന പലതും മറ്റുള്ളവരിൽ ഒരുപാട് നഷ്ടമുണ്ടാക്കുമെന്ന ചിന്ത അവനിലൂടെ കടന്നുപോയി ..

നാളെത്തന്നെ വാക്സിൻ ബുക്ക് ചെയ്തു കൊടുക്കണം .

എപ്പോളും തട്ടിതലോടുന്ന തന്റെ ഫോണും മാറ്റിവെച്ച് എത്രയും വേഗം അടുത്ത പുലരി ആവാനുള്ള കാത്തിരിപ്പിലായിരുന്നു അവൻ ….

മനുഷ്യജീവൻ എത്ര വലുതാണെന്ന് അവന്റെ മനസാക്ഷി അവനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു .

ഉറക്കം പോലും ആ മനസാക്ഷിക്ക് മുന്നിൽ മാറിനിന്നു.

♥️

ആർ ജെ സജിൻ കാട്ടാക്കട