തീരെ നിയന്ത്രിക്കാൻ പറ്റാതെ വന്നപ്പോൾ വീണ്ടും കതകടച്ച് മുറിയിലിരുന്നു…

രചന: സൗമ്യ ദിലീപ്

കളിച്ചു ചിരിച്ച് എല്ലാവരേയുo സന്തോഷിപ്പിച്ചു നടക്കുന്നതിനിടയിൽ പെട്ടന്നൊരു വിഷമം. എന്താ കാര്യം? ആ അറിയില്ല.ആ , ഓർമ വന്നു. കറിയിൽ ഉപ്പ് കൂടിയതിന് കെട്ടിയോൻ വഴക്കു പറഞ്ഞു. സാധാരണ വഴക്കു പറഞ്ഞാൽ കൊഞ്ഞനം കുത്തി പോകാറുളളതാണ്. എന്തോ കരച്ചിൽ വന്നു.

അതൊരു തുടക്കം മാത്രമായിരുന്നു.

പിന്നെ പിന്നെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി. എന്താന്നു ചോദിച്ചാൽ അറിയില്ല. ഉള്ളിലൊരു കടലിരമ്പുന്നുണ്ട്. സങ്കടം കൊണ്ടെൻ്റ നെഞ്ച് വിങ്ങുന്നുണ്ട്. കാര്യം മാത്രം അറിയില്ല.

എന്തൊക്കെയോ വച്ചുണ്ടാക്കി എല്ലാർക്കുo കഴിക്കാൻ കൊടുത്ത്, റൂമിൽ ചെന്നിരുന്നു. ടെൻഷൻ മാറ്റാൻ മൊബൈലെടുത്തു. ഇഷ്ടം പോലെ notification വന്ന് കിടപ്പുണ്ട്, എന്തോ ഒരു മടുപ്പ്. മൊബൈൽ മാറ്റി വച്ച് കിടന്നു.

ഞാനറിയാതെ തന്നെ ചെന്നിയിലൂടെ കണ്ണീർ ഒഴുകുന്നു. സഹിക്കാനാവാത്ത തലവേദനയും. കുറെ കരഞ്ഞപ്പോൾ കുറച്ചൊരാശ്വാസം. പതിവുപോലെ പുഞ്ചിരിച്ച് ഉത്തമ ഭാര്യയും അമ്മയുമൊക്കെയായി വീണ്ടും ആടി തിമിർത്തു . പക്ഷേ എൻ്റെ കൈകൾക്കും കാലുകൾക്കും പഴയ വേഗമില്ല.

കൈയെത്തുന്നിടത്ത് മനസെത്താത്ത അവസ്ഥ. ഒന്നു പ്രാർത്ഥിക്കാൻ പോലും ഏകാഗ്രത കിട്ടുന്നില്ല. മനസിങ്ങനെ ചരടുപൊടിയ പട്ടം കണക്കേ പാറുകയാണ്. എന്താണ് ഓർക്കുന്നതെന്നു പോലും പിടികിട്ടാത്ത വിധം അത് പായുകയാണ്.

തീരെ നിയന്ത്രിക്കാൻ പറ്റാതെ വന്നപ്പോൾ വീണ്ടും കതകടച്ച് മുറിയിലിരുന്നു. വാതിലിൽ തുടരെ തുടരെയുള്ള മുട്ടുകൾ എന്നെ അലോസരപ്പെടുത്തി. ഒടുവിൽ ചെന്ന് വാതിൽ തുറന്നപ്പോൾ ചിരിച്ചു കൊണ്ട് നാല് കുഞ്ഞിക്കൈകളന്നെ കെട്ടിപ്പിടിച്ചു.

ആ കണ്ണുകളിൽ അപ്പോൾ ലോകം കാൽക്കീഴിലായ സന്തോഷം ആയിരുന്നു. എനിക്ക് മാത്രം ഒരു തരം മുഷിച്ചിലാണ് തോന്നിയത്. വാരിയെടുത്ത് ഉമ്മ കൊടുക്കേണ്ടതിനു പകരം മാറി നിൽക്കെന്ന് പറഞ്ഞ് ആട്ടിയകറ്റുകയാണ് ചെയ്തത്.

ആ കണ്ണുകൾ പെയ്യാൻ തുടങ്ങിയത് ‘കണ്ടിട്ടും ഞാൻ കണ്ടില്ലെന്നു നടിച്ചു. അമ്മ എടുക്കാനായി കൈ നീട്ടി കരയുന്ന മോൾക്ക് ഒരു അടിയും കൊടുത്ത് ഞാൻ തിരിഞ്ഞുകിടന്നു.

കുഞ്ഞെൻ്റ തൊട്ടടുത്ത് കിടന്ന് കരയുന്നുണ്ട്. മോളെ എടുത്താശ്വസിപ്പിക്കാൻ ഉള്ളിലിരുന്നാരോ പറയുന്നുണ്ട്. പക്ഷേ അനങ്ങാൻ പോലും പറ്റാത്ത വിധം ഞാൻ ദുർബലയായി.

വൈകുന്നേരം വരെ ഒരേ കിടപ്പു കിടന്നു. വിശപ്പും ദാഹവുമെല്ലാം കെട്ടിരിക്കുന്നു. എന്നെ ശല്യം ചെയ്യേണ്ടെന്നോർത്താവാം കുഞ്ഞുങ്ങൾ തനിയെ കളിക്കുന്നു. ഓടിച്ചെന്ന് രണ്ടു പേരേയും കെട്ടിപ്പിടിച്ചുമ്മ കൊടുത്തു. അതു മതിയായിരുന്നു അവർക്ക് .

മക്കൾക്ക് ഭക്ഷണം കൊടുത്തുറക്കി. കെട്ടിയോനുള്ള ഭക്ഷണവും വിളമ്പി വച്ച് നേരെ കുളിമുറിയിൽ കയറി. അത്രമേൽ സ്വകാര്യമായ വേറൊരിടം എവിടെ കിട്ടും ? എൻ്റെ ന ഗ്നമായ മനസും ശരീരവും തൊട്ടറിഞ്ഞ മറ്റൊരിടം ഇല്ല. വേദനകളും സന്തോഷങ്ങളും ഒരു പോലെ ഏറ്റു വാങ്ങി, ഞാൻ ഞാനായിരിക്കുന്ന ഒരേയൊരിടം കുളിമുറിയാണ്. ഷവറും പൈപ്പും തുറന്നിട്ട് കുറെ നേരം നിന്നു.തലയിൽ നിന്നും ആവി ഉയരുന്നുണ്ടോ? അറിയില്ല. ശരീരത്തിലെ ചൂടു മുഴുവൻ ആവിയായി പോകുന്ന പോലെ. കണ്ണുനീരും വെള്ളവും ഒരുമിച്ചൊഴുകുമ്പോൾ നിയന്ത്രണം വിട്ട് ആർത്തലച്ച് കരഞ്ഞു. എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല. മനസും ശരീരവും ഒരുപോലെ തണുത്താണ് ഞാൻ പുറത്തിറങ്ങിയത്.

റൂമിൽ മക്കളെ കെട്ടിപ്പിടിച്ച് കെട്ടിയോനും കിടക്കുന്നുണ്ടായിരുന്നു. ഓടിച്ചെന്ന് അവരുടെ ഇടയിലേക്ക് കിടക്കുമ്പോൾ നിയന്ത്രണം വിട്ടെൻ്റ മിഴികൾ വീണ്ടും നിറയുന്നുണ്ടായിരുന്നു.

എന്തിനെന്നറിയാതെ……………