നനഞ്ഞൊലിച്ചു ഷർട്ടും മുണ്ടും മാറ്റിയുടുക്കാൻ വേണ്ടി തോർത്തുമുണ്ട് എടുക്കാൻ പറഞ്ഞപ്പോൾ….

രാത്രി

രചന: രേഷ്ജ അഖിലേഷ്

“ഞാനും കൊച്ചുംഇവടെ ഒറ്റയ്ക്കാണെന്നു വല്ല ബോധം ഉണ്ടോ നിങ്ങൾക്ക് “

സമയം വൈകീട്ട് ആറുമണി ആകുന്നേയുള്ളു എങ്കിലും കോരിച്ചൊരിയുന്ന മഴ കാരണം ആകെ ഇരുണ്ടു നിൽക്കുകയാണ് പ്രകൃതി. തകര ഷീറ്റിൽ ചന്നം പിന്നം പെയ്യുന്ന മഴത്തുള്ളികൾ ഒപ്പം ഇടിയും മിന്നലും. അടുത്ത് വീടുകൾ ഉണ്ടെങ്കിലും മഴ കാരണം തന്നെ ആരെയും കാണുന്നില്ല പുറത്തേയ്ക്. വീടിനുള്ളിൽ തന്നെ അലക്കാനും പാത്രം കഴുകാനും എല്ലാം സൗകര്യങ്ങളുള്ള വീടുകളായിരുന്നു ചുറ്റും. ആർക്കും മഴയുടെ ആരവങ്ങൾക്കിടയിലേക്ക് എത്തി നോക്കേണ്ടതില്ല. പകുതി ഓടും പകുതി അലുമിനിയം ഷീറ്റും മേൽക്കൂരയായുള്ള ആ വീട് എപ്പോഴും ഒറ്റപ്പെട്ടു തന്നെയാണ്. കാലപ്പഴക്കം കൊണ്ട് നശിച്ചു തുടങ്ങിയ ആ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് മഹേഷും ഭാര്യ ദേവു എന്ന ദേവികയും ദച്ചു മോളും.

“ന്താ..?നീയാ തോർത്തിങ്ങെടുത്തെ…”

നനഞ്ഞൊലിച്ചു ഷർട്ടും മുണ്ടും മാറ്റിയുടുക്കാൻ വേണ്ടി തോർത്തുമുണ്ട് എടുക്കാൻ പറഞ്ഞപ്പോൾ ദേവികയ്ക്ക് സഹതാപത്തേക്കാൾ അരിശമാണ് വന്നത്.

“ആ… ഇപ്പോ കൊണ്ടരാം…”

“ഒരു റെയിൻ കോട്ട് വാങ്ങാൻ പറഞ്ഞാ കയ്യില് കാശില്ല… നനഞ്ഞ് ചീഞ്ഞു വന്നിരിക്ക… ആരോട് പറയാനാ…” ദേവിക ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് മഹേഷിന് തോർത്ത്‌മുണ്ടെടുത്തു കൊടുത്തു.

തലയും മേലും തുവർത്തി ബൈക്കിൽ നിന്നും രണ്ടു കവർ എടുത്തു തിണ്ണയിലേക്ക് വെച്ചു.

“പാപ്പു ” ദേവികയുടെ ഒക്കത്തിരുന്ന ഒന്നര വയസ്സുകാരി ദക്ഷ;അച്ഛയുടെ ദച്ചു മോള് കൊഞ്ചിപ്പറഞ്ഞു.

“നല്ല മഴയല്ലേടീ വാവേ… അച്ഛയ്‌ക്ക് പാപ്പു വാങ്ങാൻ പറ്റീലാട്ടോ… “

തിണ്ണയിൽ നിന്നും കവറെടുക്കാൻ തുനിഞ്ഞ ദേവികയോട് അയാൾ പറഞ്ഞു : “അത് അവിടെ ഇരുന്നോട്ടെ… മഴ കൊണ്ടതല്ലേ… രണ്ടു ജോഡി ചെരുപ്പാ… രാവിലെ പൊട്ടിതാ ചെരുപ്പ്… നാളെ പോവുമ്പോൾ അതില്ലാണ്ട് പറ്റൊ… പണിക്കു നിക്കുമ്പോ ഇടണ ചെരുപ്പും പൊട്ടീട്ട് കുറേ ആയി… സാധാരണ ഇടണ ചെരുപ്പും പൊട്ടി… ന്നാ പ്പിന്നെ വാങ്ങാന്ന് വെച്ചു.അതോണ്ടാ ദേവൂ വൈക്യെ അല്ലാണ്ട് നിങ്ങളെ ഓർക്കണ്ടല്ല “

അതും പറഞ്ഞു അയാൾ അകത്തേക്ക് കടന്നു.

“ദേവൂ… ചായ ഇണ്ടെങ്കിൽ ഇങ്ങട്ടെടുത്തെ…”

“ചായെം കാപ്പിയും ഒന്നുല്ല്യ… ഗ്യാസ് തീർന്നു. ഈ മഴക്കാലത്തു ഊതി കത്തിയ്ക്കാൻ മാത്രം വിറകൂല്ല്യ… നാളെ ചോറും കറീം വെയ്ക്കാൻ തന്നെ ഇണ്ടാവില്ല… ഗ്യാസ് കുറ്റി ഒന്ന് തീരണെനും മുന്നേ അടുത്തത് നെറച്ചു വെയ്ക്കണംന്ന് പറഞ്ഞാ കേൾക്കില്ലല്ലോ.”

“ഓ… ഗ്യാസില്ലാലെ… സാരല്ല്യ… ചായ വേണ്ട…”

“ഇനിയിപ്പോ വേണംന്ന് പറഞ്ഞാലും കിട്ടില്ല… “

“ചായ വേണ്ടേന്ന് പറഞ്ഞല്ലോ ദേവൂ… പിന്നെന്താ ചൂടാവണേ…”

“ചൂടാവല്ല വേണ്ടത് നിങ്ങളോട്… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… എന്നും പണിക്ക് പോവ്ണ്ട് ന്നിട്ട് കയ്യില് വല്ലതും ഉണ്ടോ…എന്റെ വിധി എന്ന് പറഞ്ഞാ മതീലോ… നിങ്ങളെ പോലെ ഒരുത്തനെ കെട്ടീത്… പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്ന് പറയുന്നത് നേര… അല്ലെങ്കിൽ നിങ്ങളെ ഞാൻ കെട്ടുമായിരുന്നോ…എന്നെപ്പോലെ ഒരു പെണ്ണിനെ കല്ല്യാണം കഴിക്കാൻ നിങ്ങൾക്ക് എന്തു യോഗ്യതയാ ഉള്ളേ…കാണാൻ ഭംഗിണ്ടോ… ന്റത്ര പഠിപ്പുണ്ടോ…കൂലിപ്പണിയല്ലേ… സ്വന്തായിട്ട് ഒരു തുണ്ട് ഭൂമിണ്ടോ… മറ്റുള്ളോര് കരഞ്ഞു കാണിച്ചാൽ മനസ്സലിയുന്ന മണ്ടത്തരം അല്ലാണ്ട് എന്താ കയ്യിൽ ഉള്ളേ…എത്ര നല്ല ആലോചനകൾ വന്നതാ… എന്റെ പൊട്ടത്തരം… എടുത്തു ചാടി നിങ്ങടെ കൂടെ പോന്നു… അതോണ്ടെന്തായി… വീട്ടുകാര് പോലും ഇല്ലാ ഇപ്പോ…”

“എന്താ മോളെ നീയിങ്ങനെ… പണിയെടുത്തു ക്ഷീണിച്ചു വന്നിരിക്കണ എന്നെ ഇങ്ങനെ സ്ഥിരമായിട്ട് കുത്തിനോവിക്കണം എന്ന് നിന്റെ വാശിയാണോ…”

“എനിക്ക് വാശിയൊന്നുല്ല്യ… പറഞ്ഞില്ലേ… വിധി… അതാർക്കും മാറ്റാൻ പറ്റില്ലാലോ…”

മഴയുടെ ശബ്ദ കോലാഹലങ്ങൾക്ക് മേലേ വീടിനുള്ളിലും ഒച്ച ഉയർന്നു.അമ്മയുടെ കോപം കണ്ട് അച്ഛന്റെ താടിയിലും മുടിയിലും വിരൽ കോർത്തു കളിക്കുന്ന കുഞ്ഞു ദച്ചുമോൾ സങ്കടപ്പെട്ടു കരഞ്ഞു.

*********************

മഴയൊന്നു കുറഞ്ഞപ്പോൾ ദേവിക ഇരുട്ടിലും മുറ്റത്തേക്കിറങ്ങിയത് കണ്ട് മഹേഷ്‌ ദേഷ്യപ്പെട്ടു.

“ന്താ ദേവൂ… മഴ ചാറുന്നത് കാണാൻ ഇല്ലാന്നുണ്ടോ… ഇങ്ങട്ട് കേറ്യേ…”

“പകല് മുഴുവൻ നല്ല മഴേർന്നില്ലേ… പെണ്ണ് ഉറങ്ങുമ്പോഴും നല്ല ഇടി വെട്ടി പെയ്യാർന്നു… അലക്കാനൊന്നും പറ്റീല… ഞാൻ ഇതെല്ലാം കൊണ്ടോയിട്ട് ഒന്ന് അലക്കീട്ട് പെട്ടന്ന് വരാം. അല്ലെങ്കിൽ ഒന്നും ഉണങ്ങില്ല… ഇടാൻ ഇണ്ടാവില്ല… ഇയ്ക്കും മോൾക്കും അത്യാവശ്യത്തിനു അലമാരെല് ഇണ്ട്… നിങ്ങൾക്ക് ഇതൊക്കെ കഴുകി ഉണങ്ങീട്ട് വേണ്ടേ…” കയ്യിലിരുന്ന ബക്കറ്റ് എടുത്തു കാണിച്ചു ദേവിക പറഞ്ഞു.

“നീയിങ്ങട്ട് കേറാൻ… ഞാൻ കുളിക്കാൻ ഇറങ്ങുമ്പോൾ കഴുകിക്കോളാം അതൊക്കെ…”

“അതെന്താ നിങ്ങൾക്ക് പനി പിടിക്കില്ലാന്നുണ്ടോ “

“തർക്കുത്തരം പറയാൻ നല്ലോണം അറിയാം…എനിക്ക് പനി പിടിയ്ക്കണ പോലെ ആണോ നിനക്ക് വന്നാൽ…മോൾക്കും വരും. നീയ് വയ്യാണ്ട് ഇരുന്നാൽ പണിക്കു പോവുമ്പോൾ എനിക്ക് സമാധാനം ഉണ്ടാവോ.ഇങ്ങട്ട് കേറാൻ പറഞ്ഞാ കേറണം…”

മഹേഷിന്റെ ശബ്ദം ഉയർന്നപ്പോൾ ദേഷ്യപ്പെട്ടു ദേവിക അകത്തേക്ക് പോയി.

********************

അത്താഴം കഴിക്കാൻ നേരവും ദേവിക പിണക്കത്തിൽ തന്നെ ആയിരുന്നു.
എന്തിനെന്നു പോലും അറിയാതെ.

“ഇതെന്താ നിന്റെ പ്ലേറ്റിൽ തീരെ ചോറില്ലല്ലോ… ചോറ് ഇല്ലേ ഇനി അടുക്കളേല്…”

“ഉണ്ട്‌. എനിക്ക് വേണ്ടാഞ്ഞിട്ട…”

“അതെന്താ…”

“വേണ്ട അത്ര തന്നെ…പണ്ട് എന്തായിരുന്നു സ്നേഹം… ചോറ് വാരി തരുന്നു… വെള്ളം കുടിപ്പിക്കുന്നു… ഹോ എന്തെല്ലാം അഭിനയം ആയിരുന്നു… ഇപ്പൊ അതൊന്നൂല്യ…നിങ്ങടെ അനിയന്മാരെ കണ്ട് പഠിക്ക്… ഭാര്യമോരോടെല്ലാം എന്താ സ്നേഹംന്ന് അറിയോ… നിങ്ങളെപ്പോലെ അല്ല… വില കൂടിയ സമ്മാനങ്ങൾ വാങ്ങി കൊടുക്കുന്നു…ഒന്നിച്ചു സ്നേഹം പങ്കിടുന്ന വീഡിയോ എടുക്കുന്നു… നാട്ടുകാർക് പോലും അവരെ കാണുമ്പോൾ അസൂയയാ…
ഭാര്യ അടുക്കളയിൽ പണിചെയ്ത് നിൽക്കുമ്പോൾ പുറകേന്ന് വന്നു കെട്ടിപിടിച്ചു ഉമ്മ വെയ്ക്കുന്നത് സിനിമയിൽ ഉണ്ട്‌. അതുപോലെ മുടിയിൽ എണ്ണ തേച്ചു തരുന്നതും പുറത്തു കറങ്ങാൻ കൊണ്ടുപോകുന്നതും… അത് മാത്രം ആണ് നിങ്ങളുടെ പ്രണയം…അതല്ലാതെ എന്തേലും നല്ല വിലയുള്ള സമ്മാനങ്ങൾ വാങ്ങി സ്നേഹം പ്രകടിപ്പിക്കാൻ നിങ്ങൾക്കറിയോ… കഷ്ടം “

ഭാര്യയുടെ വാക്കുകൾ കേട്ട് കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങാത്ത പോലെയായി മഹേഷിന്. കഴിച്ചു കൊണ്ടിരിക്കുമ്പോൾ പറയാൻ പാടില്ലായിരുന്നു എന്ന് ദേവികയ്ക്കു തോന്നി. പൊതുവെ ദേവിക അങ്ങനെയായിരുന്നു. എത്ര ഇഷ്ട്ടമുണ്ടോ അത്രയും വേദനിപ്പിക്കുന്ന പ്രകൃതം.മക്കൾ അമ്മമാരോട് വഴക്കിടുമ്പോൾ എത്രത്തോളം കാടുകയറി സംസാരിക്കുമോ അത്രയും തന്നെ ദേവിക മഹേഷിനോടും ദേഷ്യപ്പെടുമായിരുന്നു. കുറച്ചു കഴിഞ്ഞ് മാത്രമേ തെറ്റ് ആണ് എന്ന് ബോധ്യം വരികയുള്ളു.

*************************

അത്താഴം കഴിഞ്ഞ് കിടക്കുവാൻ പായ വിരിക്കും വരെയും അവർ സംസാരിച്ചതില്ല. മനസ്സിൽ പെയ്യാൻ നിൽക്കുന്ന സങ്കടങ്ങളുടെ കാർമേഘങ്ങൾ, നിത്യേന വെയിലേറ്റ് കരുവാളിച്ച മുഖത്തെ ഒന്ന് കൂടി ശ്യാമഭരിതമാക്കി.

കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം ഉമ്മറത്തെ വിളക്കണയ്ക്കുവാൻ വേണ്ടി ചെന്നപ്പോൾ മഹേഷ്‌ വെച്ച രണ്ടു കവറുകൾ അവൾ ശ്രദ്ധിച്ചു. ഗ്രിൽ ഒന്നും ഇടാത്ത ഉമ്മറത്തു രാത്രിയിൽ നായയും പൂച്ചയും കയറിയാൽ പിന്നെ അത് അവിടെ കാണില്ല എന്നോർത്ത് അവളതെടുത്തു അകത്തേയ്ക്ക് നടന്നു.

ഒന്നിൽ ഒരു സാദാ ചെരുപ്പായിരുന്നു. ഏറിയാൽ നൂറോ നൂറ്റമ്പതോ വരുന്നത്. രണ്ടാമത്തേത് തുറന്നപ്പോൾ അതിൽ സ്ത്രീകളുടെ ചെരുപ്പായിരുന്നു. മറ്റാർക്ക്! ദേവികയ്ക്ക് തന്നെ.കണ്ടാൽ അറിയാം നല്ല വിലയുള്ള പുതിയ മോഡൽ.

ദേവികയ്ക്ക് അപ്പോഴും ദേഷ്യം തന്നെയാണ് വന്നത്. തനിക്കു രണ്ടും മൂന്നും ജോഡി ചെരുപ്പുകൾ ഉള്ളപ്പോൾ അതും അടുത്തിടെ മഹേഷേട്ടൻ തന്നെ വാങ്ങിയത്.

“ഇതെന്തിനാ നിങ്ങൾ എനിക്കും കൂടെ ചെരുപ്പ് വാങ്യേത്… ഞാൻ അതിട്ടോണ്ട് ഈ കൊറോണ കാലത്ത് എങ്ങോട്ട് പോവാനാ?”

“കണ്ടപ്പോൾ ഇഷ്ട്ടായി… നിനക്ക് പിറന്നാളിന് വാങ്ങിയ ഡ്രസിന് ഈ മോഡൽ സൂപ്പർ ആയിരിക്കും “

“ഓ… ഇങ്ങനൊരു മനുഷ്യൻ… ഉള്ള കാശ് ഇങ്ങനെ തീർക്കും. സ്വന്തായിട്ട് ഒന്നും വാങ്ങേല്ല്യാ…” മഹേഷിന്റെ ഇത്തരം സ്വഭാവങ്ങൾ ആയിരുന്നു ദേവികയുടെ ദേഷ്യത്തിനു കാരണം. മറ്റുള്ളവരെ സഹായിക്കാൻ വലിയ താല്പര്യമാണ്. ആ സ്വഭാവം മുതലെടുക്കാൻ ബന്ധുക്കളും. അത് കൊണ്ട് തന്നെയാണ് ഒന്നും സമ്പാദിക്കാൻ മഹേഷിന് കഴിയാതെ പോകുന്നതും. മകളുടെയും ഭാര്യയുടെയും കാര്യത്തിൽ നല്ല കരുതലാണ്. സ്വന്തം കാര്യത്തിൽ അല്പം പോലുമില്ല താനും. സ്വാർത്ഥത ഇല്ലാത്തതാണ് മഹേഷിന്റെ ഏറ്റവും വലിയ കുറവായി ദേവികയ്ക്ക് തോന്നിയിട്ടുള്ളത്.

******************

രാത്രി ഏറെ വൈകി. മഴ ഇപ്പോഴും ചാറിക്കൊണ്ട് തന്നെ നിൽക്കുന്നു. മഹേഷിനോടുള്ള പിണക്കത്താൽ കിടന്നയുടനെ മോളെയും കെട്ടിപ്പിടിച്ചു മഹേഷിൽ നിന്നും നീങ്ങിക്കിടന്നു ഉറങ്ങിയ പോലെ നടിച്ചു അവൾ.

ഉറക്കം വരാതിരുന്നതിനാൽ ടീവിയും കണ്ട് കൊണ്ട് കിടന്നിരുന്ന മഹേഷ്‌ ലൈറ്റും ടീവിയും എല്ലാം അണച്ചു വന്നു കിടന്നു.

ദേവിക ഉറങ്ങിയെന്നു കരുതി പുതപ്പെടുത്തു നല്ല പോലെ പുതപ്പിച്ചു കൊടുത്ത് അവളെയും മോളെയും പുണർന്നു കിടന്നു. ഉറങ്ങാതെ ഓരോന്ന് ആലോചിച്ചു കിടന്ന മഹേഷിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ദേവികയുടെ മുഖത്തു നനവ് വീഴ്ത്തി.അവളുടെ ഉള്ളൊന്നു പിടഞ്ഞു.

“ദേഷ്യാണോ മഹ്യേട്ടാ…”

“എന്തിനു…”

“ഞാൻ നേരത്തേ വായിൽ തോന്ന്യേതൊക്കെ വിളിച്ചു പറഞ്ഞില്ലേ…അതല്ലേ മഹ്യേട്ടൻ കരയണേ…”

“എനിക്ക് ആരോടും ദേഷ്യം ഇല്ല ദേവൂ… എനിക്കറിയാം നിന്റെ വിഷമം കൊണ്ടാണെന്ന്…”

“എന്നോട് പണ്ടത്തെപ്പോലെ ഇഷ്ടണ്ടോ…”

“പിന്നെ ഞാനല്ലാതെ പിന്നെ വേറെയാരാടി പെണ്ണേ നിന്നെ ഇഷ്ടപ്പെടാൻ ” പറയുന്നതിനിടയിൽ മഹേഷ്‌ ദേവികയെ ചെറുതായൊന്നു നുള്ളി.

“ആ…പിന്നെന്താ പണ്ടത്തെപ്പോലെ അത് കാണിക്കാതെ…”

“പണ്ടത്തെ പോലെ ആണോ ഇപ്പൊ ദേവൂ… നീ മറ്റുള്ളവരെ നോക്കി എന്നെ താരതമ്യം ചെയ്യരുത്…പണ്ടത്തെ പോലെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വരാം പക്ഷേ അത് കുറഞ്ഞിട്ടൊന്നും ഇല്ലാ… കാലം മാറുമ്പോൾ സ്നേഹത്തിന്റെ ഭാവവും മാറിയേക്കാം… പുറത്ത് കാണിച്ചു കയ്യടി നേടാൻ ഇത്‌ റിയാലിറ്റി ഷോ അല്ലല്ലോ… ജീവിതം അല്ലെ… സ്‌നേഹം മാത്രല്ല, പിണക്കവും പരിഭവങ്ങളും കഷ്ടപ്പാടും ഉണ്ടാവില്ലേ… അതും നാട്ടുകാരെ കാണിച്ചാണോ എല്ലാരും…”

ശരിയാണോ എന്ന് അവൾക് സംശയം.സ്വന്തം ആവശ്യങ്ങൾ മറന്നാലും തനിക്കും മോൾക്കും ഒരു കുറവും വരുത്തിയിട്ടില്ല.

“ആണോ…”

“നിനക്ക് ഇനിയും സംശയം ആണോ “

“ഏയ്യ് “

“ന്നാലെ…എന്റെ ഭാര്യ മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്… നാളെ നേരത്തേ എഴുന്നേറ്റ് രണ്ടാൾക്കും കൂടെ അടുപ്പൂതി ചോറും കറീം വെയ്ക്കണ്ടേ…കുറുമ്പിപെണ്ണ് ഉറക്കം കഴിഞ്ഞ് എഴുന്നനേൽക്കുമ്പോഴേക്കും ഉറങ്ങാൻ നോക്ക് “

മഴ ഒന്ന് കൂടി കനത്തപ്പോൾ മഹേഷ്‌ ഇരുവരെയും ഒന്നുകൂടെ ഇറുക്കി പുണർന്നു. അവളുടെ നെറുകയിൽ സ്നേഹത്തോടെ മുത്തമിട്ടു.

സത്യത്തിൽ അവൾക്കുമറിയാം അവന്റെ ലോകം താനും മോളുമാണെന്ന്. പക്ഷേ ആരെയും വേദനിപ്പിക്കാൻ ശീലിച്ചിട്ടില്ലാത്തതുകൊണ്ട് ഒന്നുമാകാൻ കഴിയുന്നില്ലെന്നു മാത്രം.

സ്നേഹമാണ് അവന്റെ സൗന്ദര്യമെന്ന് കരുതലാണ് അവന്റ ധനമെന്ന്. ക്ഷമയാണ് അവന്റെ യോഗ്യതയെന്ന്.ഒത്തിരി കുത്തുവാക്കുകൾ പറയുമ്പോഴും തിരിച്ചു അതെ നാണയത്തിൽ മറുപടി പറഞ്ഞു വേദനിപ്പിക്കാത്തതാണ് അവന്റെ വിദ്യാഭ്യാസമെന്ന്.

ഈ മഴക്കാലം മാത്രമല്ല, ഋതു ഭേദങ്ങൾ എത്ര മാറിയാലും അവരുടെ രാത്രികൾ ഇങ്ങനെയെല്ലാം ആയിരിക്കും. ഒരുപാട് വഴക്കുകൂടി ഒരുപാട് പരിഭവങ്ങൾ പറഞ്ഞ്, സങ്കടങ്ങളിൽ കണ്ണു നനയിച്ച്, അവസാനം സ്നേഹത്തിൽ ചാലിച്ച ഒരു ചുംബനത്തിന്റെ ചൂടിൽ മയക്കത്തിലേക്കു വീഴുന്ന കുടുംബം.

(വായിച്ചിട്ടു ഇഷ്ട്ടമായാൽ അഭിപ്രായം പറയാൻ മറക്കരുതേ )