രചന: Abdul Raheem
പടച്ചോനെ ഇന്ന് നല്ല ഓട്ടം ഉണ്ടാകണേ…എന്ന പതിവ് പ്രാർത്ഥനകളോടെ ഓട്ടോയിൽ കയറി ഇരിക്കുമ്പോൾ ഉള്ളിൽ ഒരുപാട് പ്രതീക്ഷകളാണ്.
പൊന്നുമോൾ റിഫയേ ഈ വർഷം സ്കൂളിൽ ചേർത്തണം, അതിന്റെ ഡൊണേഷനും മറ്റുമായി ഇരുപതിനായിരം രൂപ കണ്ടെത്തണം. പോരാത്തതിന് ഭാര്യ ഫർസാന ഗർഭിണിയാണ്, ഇനി നാല് മാസം കൂടെ കഴിഞ്ഞാൽ അവളുടെ പ്രസവത്തിനും അതിനു ശേഷമുള്ള കാര്യങ്ങൾക്കൊക്കെയുള്ള പണം കണ്ടെത്തണം.
എല്ലാം ഒറ്റ ദിവസം കൊണ്ട് കണ്ടെത്തണം എന്നല്ല, മറിച്ച് ഓരോ ദിവസവും അന്നാന്നത്തെ വീട്ട് ചിലവ് കഴിഞ്ഞ് കുറച്ചെങ്കിലും കാശ് ഇതിനെല്ലാം മാറ്റിവെക്കാനായി മിച്ചം കിട്ടണം, ഇതൊക്കെയാണ് രാവിലെ തന്നെ ഓട്ടോയിലേക്ക് കയറുമ്പോഴുള്ള എന്റെ പ്രാർത്ഥന.
വണ്ടി സ്റ്റാർട്ട് ചെയ്തു പോകാനൊരുങ്ങുമ്പോൾ പതിവുപോലെ തന്നെ റിഫ മോളുടെ ചുംബനവും, സിറ്റൗട്ടിലിരുന്ന് ഭാര്യ ഫർസാനയുടെ ഒരു പുഞ്ചിരിയും. ഭാര്യ ഫർസാനയെ ദൈവം എനിക്ക് തന്ന നിധിയാണ്, ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാൻ എന്നെയും മകളെയും പഠിപ്പിച്ചവൾ.
ഏറെ പ്രതീക്ഷകളോടെ ഓട്ടോ സ്റ്റാന്റിൽ എത്തിയ എനിക്ക് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ഓട്ടം ഒന്നും കിട്ടിയില്ല. അങ്ങനെ നിരാശയോടെ ഇരിക്കയാണ് തോളിൽ ബാഗും തൂക്കി ഒരു മോഡേൺ ഡ്രസ്സണിഞ്ഞ ഒരു പെൺകുട്ടി എന്റടുത്തേക്ക് വന്നിട്ട് പറഞ്ഞു.
ചേട്ടാ അരീക്കോട്ടേക്ക് ഒന്ന് പോകാമോ…?പിന്നെന്താ…മോൾ കേറി ഇരിക്ക്. അത്യാവശ്യം കുഴപ്പം ഇല്ലാത്ത ഓട്ടം ആണ് കിട്ടിയത്, നാട്ടിൽ നിന്നും 160 രൂപയാണ് അരീക്കോട്ടേക്കുള്ള ചാർജ്ജ്, അങ്ങനെ അരീക്കോട്ടെത്തിയപ്പോൾ അവൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.
ചേട്ടാ… ഒന്ന് നിർത്തു, ഞാൻ ആ കടയിൽ നിന്നും ഒരു സാധനം വാങ്ങിയിട്ട് വരാം. മോളെ അധിക നേരം നിക്കരുത് ട്ടോ…എനിക്ക് ഇന്ന് വേറെ ഓട്ടം ഒന്നും കിട്ടിയിട്ടില്ല. പോയിട്ട് വേറെ ഓട്ടം ഓടിയാലേ ചിലവിനുള്ളത് കണ്ടെത്താൻ കഴിയൂ.
ഇത് അവൾ കേൾക്കേണ്ട താമസം പേഴ്സിൽ നിന്നും ഒരു 100 രൂപ എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു. ഇത് വെയ്റ്റിങ് ചാർജ്ജായി വെച്ചോളൂ…ഇതും പോരാ എന്നുണ്ടോ…ഇച്ചിരി പണം ഉള്ള കൂട്ടത്തിലാണെന്നു തോന്നുന്നു. ഇച്ചിരി അഹങ്കാരത്തോട് കൂടിയായിരുന്നു അവളുടെ സംസാരം.
ഞാൻ വെയ്റ്റിങ് ചാർജ്ജ് വേണ്ട എന്ന് പറഞ്ഞെങ്കിലും അവൾ അത് തിരിച്ചു സ്വീകരിച്ചില്ലെന്ന് മാത്രവുമല്ല, നിമിഷങ്ങൾക്കുള്ളിൽ അവൾ പർച്ചേഴ്‌സിങ് കഴിഞ്ഞു തിരിച്ചു വന്നു. ശേഷം വണ്ടിയിൽ കയറിയിട്ട് അവൾ പറഞ്ഞു.
ചേട്ടാ ഇനി എനിക്ക് നിലമ്പൂർ വരെ പോകണം. ഏകദേശം 400 രൂപയുടെ ഓട്ടം ഉണ്ട് അവിടെ നിന്നും നിലമ്പൂരിലേക്ക്. എന്നാൽ അവിടേക്ക് എത്തിപ്പെടാനുള്ള എണ്ണ വണ്ടിയിൽ ഇല്ല, എണ്ണയാടിക്കാനുള്ള പണവും കയ്യിൽ കരുതിയിരുന്നില്ല, ആദ്യ ഓട്ടത്തിൽ നിന്നും കിട്ടുന്ന പണംകൊണ്ട് എണ്ണ അടിക്കാം എന്നായിരുന്നു പ്ലാൻ.
എന്നാൽ ആദ്യം കിട്ടിയ ഓട്ടം തന്നെ ഇതായിരുന്നു. ഞാൻ ഇതെല്ലാം അവളോട് തുറന്നു പറഞ്ഞു. വല്ലാത്ത ഒരു കഥ തന്നെ…എന്നും പറഞ്ഞുകൊണ്ട് അവൾ ഒരു 2000 രൂപ നോട്ട് എനിക്ക് നേരെ നീട്ടി. എണ്ണ അടിച്ചതിന് ശേഷം ട്രാവലിംഗ് ചാർജ്‌ജിന്റെ കാശ് എടുത്തു ബാക്കിയുള്ള പണം കൃത്യമായി അവളെ ഏല്പിച്ചു.
അങ്ങനെ അവളെയുംകൊണ്ട് ഞങ്ങൾ നിലമ്പൂരിക്കുള്ള യാത്ര തുടർന്നു. എന്റെ ഓട്ടോയിൽ ദൈവമായി കൊണ്ടെത്തിച്ചതാണ് ഇവളെ എന്നൊക്കെ ചിന്തിച്ച് യാത്ര തുടരുമ്പോഴാണ് നിലമ്പൂരിലേക്കുള്ള യാത്ര വഴി മദ്ധ്യേ മമ്പാട് എത്തുന്നതിന് തൊട്ടുമുബ് ആളൊഴിഞ്ഞ ഒരു വളവിൽ നിന്നും റോഡ് ക്രോസ് ചെയ്ത ഒരു പെൺകുട്ടി എന്റെ വാഹനത്തിന്റെ മുന്നിൽ പെടുന്നത്.
നിർഭാഗ്യവശാൽ ബ്രെക്ക് കിട്ടിയില്ല, വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത ഞാൻ വണ്ടി നിർത്തി ചുറ്റും നോക്കി ആരും കണ്ടിട്ടില്ല, പക്ഷെ അവൾ രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്നത് കണ്ടപ്പോ അവിടെ ഉപേക്ഷിച്ചിട്ട് പോകാനും തോന്നിയില്ല.
അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി വാഹനത്തിൽ കയറ്റാൻ വണ്ടിയിലിരിക്കുന്ന പെൺകുട്ടിയോട് സഹായമഭ്യർത്ഥിച്ചപ്പോൾ അവൾ ഒന്ന് പിടിക്കാൻ കൂടെ തയ്യാറായില്ല.
എന്നാൽ എന്റെ കയ്യിൽ പണമില്ലെന്ന് മനസ്സിലാക്കിയാവണം അവളുടെ അഡ്രസ്സ് അടങ്ങുന്ന ഒരു കാർഡും 2000 രൂപ നോട്ടും തന്നിട്ട് അവൾ പറഞ്ഞു. പണം പിന്നീട് ഈ അഡ്രസ്സിൽ അയച്ചാൽ മതി. എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട് അതുകൊണ്ടു ഞാൻ വേറെ വണ്ടി നോക്കുവാ…
അങ്ങനെ റോഡിൽ കിടക്കുന്ന പെൺകുട്ടിയെ ഒരു വിധത്തിൽ താങ്ങിപ്പിടിച്ച് ഞാൻ വണ്ടിയിൽ കയറ്റി. അവൾ ഒന്നും സംസാരിക്കുന്നില്ല, ഒന്ന് കരയുക പോലും ചെയ്യുന്നില്ല, എന്നാൽ ശ്വസം വലിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ മരിച്ചിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു.
അവളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി, സംഭവം ആക്സിഡന്റ് ആണെന്ന് അറിഞ്ഞ ഹോസ്പിറ്റലിൽ അധികൃതർ പോലീസിനെ വിളിച്ചു വരുത്തി. എന്റെ അഡ്രസ്സും കാര്യങ്ങളും കുറിച്ച ശേഷം അവളുടെ ബന്ധപ്പെട്ടവർ ആരെങ്കിലും വരുന്നത് വരെ എങ്ങും പോവരുതെന്നും അവിടെ തന്നെ കാണണമെന്നും പോലീസ് എന്നോട് ആവശ്യപ്പെട്ടു.
ചികിത്സയുടെ ഫലമെന്നോണം അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ പതിയെ കണ്ണുകൾ തുറന്നു, പതിയെ സംസാരിക്കാൻ തുടങ്ങി. ഡോക്ടർമാർ അവളുടെ അഡ്രെസ്സ് ചോദിച്ചറിഞ്ഞ് ബന്ധുക്കളെ വിളിച്ചു വരുത്തി. അപ്പോഴേക്കും അവളുടെ ചികിത്സക്കായി എന്റെ കയ്യിലുണ്ടായിരുന്ന 2400 രൂപയും തീർന്നിരുന്നു.
അവർ വന്നാൽ എനിക്കെതിരെ കേസ് കൊടുക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തന്റെ മകളെ കണ്ട് icu വിൽ നിന്നും പുറത്തേക്കിറങ്ങിയ അവളുടെ ഉപ്പ എന്നെ അഭിനന്ദിക്കുകയാണ് ചെയ്തത്.
വളവിൽ നിന്നും ക്രോസ് ചെയ്തത് എന്റെ മോളുടെ തെറ്റാണെന്നും, കൃത്യ സമയത്ത് തന്നെ ചികിത്സ കൊടുത്തത് കൊണ്ട് തന്റെ മോളുടെ ജീവൻ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം മകളുടെ ജീവൻ രക്ഷിച്ചതിന് പാരിതോഷികം എന്നോണം കയ്യിൽ 50000 രൂപയുടെ ഒരു ചെക്ക് നൽകിയപ്പോൾ ഞാൻ സ്വീകരിക്കാൻ തയ്യാറായില്ല.
എന്റെ ഭാഗത്തു തെറ്റുണ്ടെന്നും, കേസിൽ പെടുത്താതെ എന്നെ രക്ഷിച്ചത് തന്നെ ധാരാളം എന്നും ഞാൻ അവരോട് പറഞ്ഞു. എന്നാൽ പണം സ്വീകരിക്കാൻ എന്നെ അവർ നിർബന്ധിച്ചപ്പോൾ എന്റെ ആവശ്യങ്ങൾ മുൻ നിർത്തി ഞാൻ എതിർത്തില്ല.
അവരോട് എല്ലാവരോടും യാത്ര പറഞ്ഞു തിരിച്ചു വീട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോഴാണ് ദേഹാസകലം മുറിവ് പറ്റി, രക്തത്തിൽ കുളിച്ച് രണ്ട് പേരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നത്. അതിലൊരാളുടെ മുഖം കണ്ട ഞാൻ ഞെട്ടി.
നാട്ടിൽ നിന്നും നിലമ്പൂരിലേക്ക് ഓട്ടം പിടിച്ചവൾ, ഞാൻ ഇവിടെ എത്തിപ്പെടാൻ കാരണക്കാരി ആയവൾ. അവളെ കൊണ്ട് വന്നവരിൽ നിന്നും ഞാൻ സംഭവം അന്വേഷിച്ചു. അവർ സഞ്ചരിച്ചിരുന്ന ഓട്ടോയും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ആക്സിഡന്റിൽ ആണ് അവർക്കിത് സംഭവിച്ചതെന്ന് മനസ്സിലായി.
അവൾ തന്നിരുന്ന കാർഡിലെ അഡ്രസ്സ് ഉപയോഗിച്ച് ഞാൻ അവളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി, കയ്യിലുണ്ടായിരുന്ന ചെക്ക് ഉപയോഗിച്ച് ഞാൻ അവൾക്കുള്ള ചികിത്സാ ചിലവും കണ്ടെത്തി.
പതിയെ അവളും ജീവിതത്തിലേക്ക് തിരിച്ചു വന്നു, പതിയെ സംസാരിക്കാൻ തുടങ്ങിയ അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ആ പെൺകുട്ടിക്ക് അപകടം നടന്ന സമയത്ത് ഞാൻ സഹായിച്ചിരുന്നുവെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു.
ആ സമയത്ത് ഞാൻ നിങ്ങൾക്ക് പണം തന്നില്ലായിരുന്നെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയുമായിരുന്നില്ല, എന്റെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കുമായിരുന്നില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് അവളത് പറഞ്ഞു തീർത്തപ്പോഴേക്കും അവളുടെ രക്ഷിതാക്കൾ അവിടേക്ക് കടന്നു വന്നിരുന്നു.
അവൾ ഓരോ കാര്യവും അവരുടെ മുന്നിൽ തുറന്നു പറഞ്ഞു. സത്യസന്ധത എവിടെയും പരാജയപ്പെടില്ല എന്നുള്ളത്കൊണ്ടായിരിക്കാം പിന്നീട് എന്റെ ഓരോ ആവശ്യങ്ങൾക്കും ഈ കുടുംബം എന്നെ സഹായിച്ചു.
എന്റെ റിഫ മോളെ സ്കൂളിൽ ചേർക്കാനുള്ള ഡൊണേഷൻ മുതൽ എന്റെ ഭാര്യയുടെ ഡെലിവറിയുടെ പണമടക്കം എല്ലാ കാര്യങ്ങളിലും അവരാണ് എന്നെ സഹായിച്ചത്.
സത്യം പറഞ്ഞാൽ അന്നേ ദിവസത്തെ എന്റെ ഓട്ടം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.