ഈ പേക്കോലം കണ്ടിട്ടും പെൺകുട്ടികൾക്ക് എങ്ങിനെ പ്രേമിക്കാൻ തോന്നുന്നു എന്ന ചിന്തയിലായിരുന്നു സതീഷ്…

മഴയെത്തുമ്പോൾ…

രചന: സന്തോഷ് അപ്പുക്കുട്ടൻ

”ഏയ് അങ്ങിനെ ആത്മാർത്ഥമായ പ്രണയം ഒന്നുമില്ല ഹിമയോട് എനിക്ക് “

ബാറിൻ്റെ ഇരുണ്ട മൂലയിലിരുന്നു, മ ദ്യ ഗ്ലാസ്സ് ചുണ്ടോട് ചേർത്ത് രാജീവ്, തൻ്റെ മുതലാളിയായ സതീഷിനെ നോക്കി അർത്ഥഗർഭമായി ചിരിച്ചു.

” പിന്നെ ആദ്യമായി പ്രണയം തോന്നിയ പെൺക്കുട്ടിയുമല്ല. ഇത് പോലെ എത്രയെത്ര ഹിമമാർ ഈ കൈകളിലൂടെ “

ഒറ്റയടിക്ക് മ ദ്യം വലിച്ചു കുടിച്ചു കൊണ്ട് അവനൊന്നു ചുണ്ട് നനച്ചു.

ഒരു അത്ഭുതമനുഷ്യനെ നോക്കും പോലെ സതീഷ് രാജീവിനെ നോക്കി.

ഗ്ലാസ്സ് ടേബിളിലിരുന്ന മൊബൈൽ വട്ടം കറക്കുമ്പോൾ, സതീഷിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി.

ഈ പേക്കോലം കണ്ടിട്ടും പെൺകുട്ടികൾക്ക് എങ്ങിനെ പ്രേമിക്കാൻ തോന്നുന്നു എന്ന ചിന്തയിലായിരുന്നു സതീഷ്.

“എന്നെഎങ്ങിനെ പെൺക്കുട്ടികൾ പ്രേമിക്കുന്നതെന്നല്ലേ മുതലാളിയിപ്പോൾ ആലോചിച്ചത്?”

തൻ്റെ മനസ്സറിഞ്ഞതുപോലെയുള്ള രാജീവിൻ്റെ ചോദ്യം വന്നപ്പോൾ, സതീഷ് തല കുലുക്കി.

“ൻ്റെ മുതലാളി ഒരു പെൺക്കുട്ടിയെ വളയ്ക്കാൻ ഒരു ആണിന് ഭംഗിയോ, സിക്സ് പാക്കോ ഒന്നും വേണ്ട. ഇത് നന്നായി ഉപയോഗിച്ചാൽ മതി”

തൻ്റെ നാവ് പുറത്തേക്ക് നീട്ടി വിരൽ കൊണ്ടു തൊട്ടു കാണിച്ച് അവനൊന്നു ചിരിച്ചു.

അവൻ്റെ ആ ആംഗ്യം കണ്ട് സതിഷ് ഒരു ചിരിയോടെ അവനെ നോക്കി.

കറക്കിക്കൊണ്ടിരുന്ന മൊബൈലിൽ നിന്ന് പിടിവിട്ട് രാജീവിൻ്റെ കഥ കേൾക്കാൻ കാതോർത്തു സതീഷ്.

“നമ്മൾ ലക്ഷ്യം വെക്കുന്ന പെൺക്കുട്ടിയോട് സ്നേഹത്തിൽ നമ്മൾ സംസാരിക്കുമ്പോൾ, പുട്ടിന് പീരപോലെ ചേച്ചിയെന്നൊക്കെ ചേർക്കാം – അതാ ഇപ്പോഴത്തെ സ്റ്റൈൽ “

ഒന്നു നിർത്തി, ചുറ്റും നോക്കി മ ദ്യം വലിച്ചു കുടിച്ച് ഗ്ലാസ്സ് ടേബിളിൽ വെച്ച് രാജീവ് ഒരു സിഗററ്റ് എടുത്ത് കത്തിച്ചു.

”പിന്നെ അവരെ നമ്മൾ കെയർ ചെയ്യുന്നതു പോലെ ഫീൽ ഉണ്ടാക്കണം”

“അതെങ്ങിനെ?”

സതീഷ് ഒരു സിഗററ്റ് എടുത്ത് കത്തിച്ചു പുറത്തേക്ക് വിട്ട്, ആകാംക്ഷയോടെ രാജീവിനെ നോക്കി.

” അതായത് അവർ ടെക്സ്റ്റയിൽ നിന്ന് ഇറങ്ങി അരമണിക്കൂർ കഴിഞ്ഞ്, വീടെത്തിയോന്ന് മൊബൈലിൽ വിളിച്ചു ചോദിക്കുക – ഇടയ്ക്കിടയ്ക്ക് കുടുംബക്കാര്യം അന്വേഷിക്കുക – എങ്ങാനും അവരുടെ വീട്ടിലേക്ക് വല്ലപ്പോഴും പോകാൻ തരപ്പെട്ടാൽ, തൊഴുത്ത് പോലെയുള്ള വീടാണെങ്കിലും, എൻ്റെ സങ്കൽപ്പത്തിലെ വീട് ഇങ്ങിനെയാണ് എന്നും ഒരു വെടി പൊട്ടിക്കുക “

” അപ്പോൾ പെൺക്കുട്ടികൾ വീഴുമോ?”

ഉള്ളിൽ നിറഞ്ഞ ആകാംക്ഷയോടെ സതീഷ്, രാജീവിനെ ഉറ്റുനോക്കി.

” പടരാൻ നിൽക്കുന്ന എഴുപത് ശതമാനം മുല്ലവള്ളികളും അതിൽ വീഴും – ബാക്കി മസിൽ പിടിച്ചു നിൽക്കുന്ന മുപ്പത് ശതമാനത്തിനെ വളയ്ക്കാൻ വേണ്ടിയാണ് നമ്മൾ സെൻ്റിയും, ആത്മഹത്യ ഭീക്ഷണിയുമൊക്കെ ഉപയോഗിക്കുന്നത് “

” ഇങ്ങിനെ വാഗ്ദാനങ്ങൾ കൊടുത്ത് ചതിക്കുന്നത് പാപമല്ലേ രാജീവ്?”

രാജീവ് ചിരിയോടെ,ബീഫ് ഫ്രൈയിൽ നിന്ന് ഒരു പീസ് എടുത്ത് വായിലേക്കിട്ടു.

“എന്തോന്ന് പാപം മുതലാളീ – ഇന്നാ എന്നെ ചതിച്ചോളാൻ പറഞ്ഞു നിൽക്കുന്നവരെ നമ്മൾ ചതിച്ചില്ലെങ്കിൽ അതാണ് പാപം – ഏത്?

ഒരു വിടല ചിരിയോടെ രാജീവ് പറയുന്നതൊക്കെ കേട്ട് അന്തം വിട്ടിരിക്കുകയാണ് സതിഷ് .

കസ്റ്റമേഴ്സിനോടും സഹപ്രവർത്തകരോടും എത്ര ഡീസൻറായി പെരുമാറുന്നവൻ.

ചുണ്ടിൽ എപ്പോഴും പുഞ്ചിരിയുമായി, എല്ലാവരോടും സദാ സമയം കുശലമന്വേഷിക്കുന്നവൻ.

ഈ പറഞ്ഞതൊക്കെ, താൻ മറ്റുള്ളവരോട് പറഞ്ഞാൽ അവർ വിശ്വസിക്കില്ല.

അത്രയ്ക്കും ആഴത്തിലാണ് അവരുടെ മനസ്സിൽ രാജീവിൻ്റെ സ്ഥാനം!

തൻ്റെ ടെക്സ്റ്റയിൽസിൽ കസ്റ്റമേർസിനെ ആകർഷിക്കുന്നതും രാജീവിൻ്റെ സ്നേഹത്തോടെയുള്ള പെരുമാറ്റം തന്നെയാണ്.

സതീഷ്, രാജീവിനെ തന്നെ കണ്ണു ചിമ്മാതെ നോക്കിയിരുന്നു

മനസ്സിൽ ചതിയുടെ ചക്രവ്യൂഹങ്ങളൊരുക്കുമ്പോഴും, മുഖത്ത് കാരുണ്യത്തിൻ്റെ നിറനിലാവ് തെളിഞ്ഞു നിൽക്കുന്നു.

സതീഷിൻ്റെ അമ്പരപ്പ് കണ്ട് -രാജീവ് ഒന്നു ഊറി ചിരിച്ചു.

” ഇത് കേട്ട് മുതലാളി പേടിക്കണ്ടട്ടോ.മുതലാളിയുടെ കടയിൽ നിന്ന് ഞാൻ ആദ്യമായാണ് ഒന്നിനെ വളക്കുന്നത്- അതും മുതലാളിക്കു വേണ്ടി “

രാജീവിൻ്റെ പറച്ചിൽ കേട്ടപ്പോൾ സതീഷ് അമ്പരപ്പോടെ നോക്കി.

“എനിക്കു വേണ്ടിയോ ? നിനക്ക് എന്താ ഭ്രാന്തുണ്ടോ?”

സതീഷിൻ്റെ ചോദ്യം കേട്ടപ്പോൾ രാജീവ് പൊട്ടിച്ചിരിച്ചു.

“അഭിനയം എന്നോട് വേണ്ട മുതലാളീ – ഹിമയെ നോക്കിക്കൊണ്ട് അവൾടെ രക്തം ഊറ്റിക്കുടിക്കലാണ് മുതലാളിയുടെ ജോലിയെന്ന് അടക്കിപ്പിടിച്ച ഒരു സംസാരം നമ്മുടെ സ്റ്റാഫിൻ്റെ ഇടയിലുണ്ട്”

രാജീവ് പറഞ്ഞതു കേട്ട് അമ്പരപ്പോടെ സതീഷ്ചുറ്റും നോക്കി.

” ആരും കേൾക്കില്ല മുതലാളീ -ഇത് നമ്മൾ രണ്ടു പേരും മാത്രമേ അറിയുകയുള്ളൂ”

രാജീവ് കൈയെത്തിച്ച് സതീഷിൻ്റെ കൈയിൽ തൊട്ടു.

” ഇങ്ങിനെയൊരു പൂതി മനസ്സിലുണ്ടെങ്കിൽ എന്നോടു ആദ്യമേ പറയേണ്ടേ?

“ടാ ഞാൻ “

സതീഷ് വാക്കുകൾ കിട്ടാതെ പതറി.

” എനിക്ക് അറിയാം മുതലാളി – സ്വന്തം കടയിലെ സ്റ്റാഫിനെ വളയ്ക്കാനുള്ള നീതികേട് അല്ല ആ മുഖത്ത് നിറഞ്ഞു നിൽക്കുന്നത്. പകരം താൻ ഇപ്പോൾ ഫിസിക്കലി പെർഫക്റ്റ് അല്ല എന്ന കോംപ്ലക്സ് ആണ്.

രാജീവിൻ്റെ വാക്ക് കേട്ടതോടെ സതീഷ് ഗ്ലാസ്സിലുള്ള മദ്യം വെള്ളം ചേർക്കാതെ ഒറ്റയടിക്ക് അകത്താക്കി.

ചലനം നഷ്ടപ്പെട്ട് തൂങ്ങിയാടുന്ന വലം കൈയിലേക്ക് സതീഷ് ഒന്നു നോക്കി.

പേരറിയാത്ത വികാരങ്ങൾ ഉരുണ്ട്കൂടിയ മുഖത്തോടെ സതീഷ് രാജീവിനെ നോക്കി.

” ഒരു ബോട്ടിൽ കൂടി പറയ്”

അത് കേൾക്കാൻ കാത്തിരുന്നതു പോലെ, രാജീവ് ഓർഡർ ചെയ്തു.
കൂടെ കൂന്തൾഫ്രൈയും.

” ഒരു കാർഅപകടമാണ് എന്നെ ഈ നിലയ്ക്ക് എത്തിച്ചത് “

അമറൽ പോലെയായിരുന്നു സതീഷിൻ്റെ വാക്കുകൾ.

“കൂടെയുണ്ടായിരുന്ന രക്തബന്ധങ്ങൾ പലപ്പോഴായി പിരിഞ്ഞപ്പോൾ പകരം കയറി വന്നത് അപകർഷതാബോധമായിരുന്നു “

ഗ്ലാസ്സിലുണ്ടായിരുന്ന മദ്യം സതീഷ് വല്ലാത്തൊരു ദാഹത്തോടെ അകത്താക്കി.

” അതിൽ നിന്നു രക്ഷ നേടാൻ വേണ്ടിയിട്ടാണ് പലപ്പോഴുമുള്ള ഈ മദ്യപാനം “

രാജീവ് മനസ്സിൽ ഊറി ചിരിച്ചുകൊണ്ട്, സതീഷിൻ്റെ കൈയിൽ തൊട്ടു.

“എല്ലാം ശരിയാവും മുതലാളീ – അതിനല്ലേ ഞാൻ കഷ്ടപ്പെട്ട് ഹിമയെ വളച്ചത് – മദ്യപാനത്തിനോടൊപ്പം ഒരു ടച്ചിങ്ങ്സ് “

ചുവന്ന കണ്ണുകളോടെ സതീഷ് രാജീവിനെ തന്നെ നോക്കിയിരുന്നു.

” അവൾ വരില്ലെടാ ഇവിടേയ്ക്ക് – അവൾ അന്തസ്സുള്ള കുട്ടിയാണ്”

സതീഷിൻ്റെ വാക്കിനു പകരം രാജീവിൽ നിന്ന് ഒരു പൊട്ടിചിരിയാണ് ഉതിർന്നത്.

“എനിക്കിതുവരെ മുതലാളിയുടെ മനസ്സിൽ ഒരു അന്തസ്സ് ഉണ്ടായിരുന്നില്ലേ? ആ അന്തസ്സ് തന്നെയാണ് അവൾക്കും ഉള്ളത് ”

സംശയത്തോടെ സതീഷ്, രാജീവിനെ നോക്കിയപ്പോൾ അവൻ അതെയെന്ന് തലയാട്ടി.

“:ഇന്ന് അവൾ കടയിലേക്ക് വരാത്തതിനു കാരണം എന്താണെന്നറിയോ മുതലാളിക്ക്? ഇന്ന് ഞങ്ങളുടെ കല്യാണമാണ്.

സതീഷ് സംശയത്തോടെ രാജീവിനെ നോക്കി.

“എനിക്ക് ഭ്രാന്തൊന്നുമില്ല മുതലാളീ. ഇന്നാണ് നമ്മുടെ റജിസ്റ്റർ മാര്യേജ് എന്ന് അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്. അവൾ അതിനു വേണ്ടി കാത്തിരിക്കുന്നുണ്ടാവും”

പറഞ്ഞു തീർന്നതും ക്ഷമയില്ലാത്തവനെ പോലെ കുപ്പി വായിലേക്ക് കമഴ്ത്തി രാജീവ്.

ഉപ്പൻ്റെ കണ്ണുകൾ പോലെ അവൻ്റെ കണ്ണുകൾ ചുവന്നു.

” പക്ഷെ അവളുമായി പോകുന്നത് റജിസ്റ്റർ ഓഫീസിലേക്ക് അല്ല. ഇവിടെയ്ക്കാണ് – മുതലാളിയുള്ള ഈ റൂമിലേക്ക്

ഒന്നും പറയാതെ മ ദ്യം അകത്താക്കി കൊണ്ടിരുന്ന സതീഷിനെ അവൻ സൂക്ഷിച്ചു eനാക്കി.

“ഇവിടെ മുതലാളിക്ക് നല്ല ഹാൻഡ് അല്ലേ? അതു കൊണ്ട് ഇരുചെവിയറിയാതെ കാര്യം നടത്താം നമ്മൾക്ക് ” രാജീവ് കസേരയിൽ നിന്നെഴുന്നേറ്റു.

“പിന്നെ ഈ ഉപകാരത്തിന് ഒരു ലക്ഷം രൂപ വേണം എനിക്ക്?”

സതീഷ് അമ്പരപ്പോടെ രാജീവിനെ നോക്കി.

“ഇതൊരു നഷ്ടക്കച്ചവടം ആകില്ല മുതലാളിക്ക്. ഹിമയെ ഇന്നത്തേക്കു മാത്രമല്ലല്ലോ മുതലാളിക്ക് -ജീവിതക്കാലം മുഴുവനും വേണമെങ്കിൽ ഉപയോഗിക്കാമല്ലോ?”

ചിരിയോടെ രാജീവ് അത് പറഞ്ഞeപ്പാൾ സതീഷ് പറഞ്ഞത് ഇത്രമാത്രം:

“ആരും അറിയരുത്”

അതും പറഞ്ഞ് ടേബിളിൽ നിന്നും മൊബൈൽ എടുത്ത് പോക്കറ്റിലിട്ട് അവൻ ദീർഘമായൊന്നു ശ്വസിച്ചു.

തള്ളവിരലുയർത്തി കാണിച്ച് പുറത്തേക്ക് പോകുന്ന രാജീവിനെ ഒരു നിമിഷം നോക്കി നിന്ന സതീഷ് വീണ്ടും മദ്യത്തിലേക്ക് ഊളിയിട്ടു.

ഇടയ്ക്കിടെ സതീഷ് അക്ഷമയോടെ വാച്ചിൽ നോക്കി.

ആവശ്യങ്ങൾ ചോദിച്ചെത്തിയ റൂംബോയിയോട് ഇനി ഇപ്പോഴൊന്നും വരണ്ടായെന്നു പറഞ്ഞു.

പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ആരോടോ സംസാരിക്കുമ്പോൾ, അവൻ്റെ കണ്ണുകൾ ജാലകത്തിനപ്പുറത്തേക്ക് നീണ്ടു.

പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു. ആകാശത്തിൻ്റെ കണ്ണീർ പോലെ….

വീശിയടിക്കുന്ന ചെറിയ കാറ്റിൽ, ജാലകവാതിലൂടെ വന്ന മഴത്തുള്ളികൾ അയാളെ നനച്ചു കൊണ്ടിരുന്നു.

ആകാംക്ഷയുടെ പെരുമ്പറ പോലെ ആകാശത്ത് ഇടിമുഴങ്ങി തുടങ്ങി.

മ ദ്യ ഗ്ലാസ്സുകൾ ഓരോന്നും കാലിയാക്കുമ്പോഴും അവൻ്റെ നോട്ടം മുറിയുടെ വാതിലിൽ ആയിരുന്നു…

വാതിലിൽ മുട്ടും കാത്ത് അക്ഷമയോടെ ഇരുന്ന സതീഷ് കണ്ണടച്ചു കസേരയിൽ ചാരിയിരുന്നു!

മനസ്സിൽ ഹിമയുടെ രൂപം മഴവില്ല് പോലെ തെളിഞ്ഞു തുടങ്ങി.

മയക്കത്തിലാണ്ടുപോയ സതീഷിനെ, വാതിലിൽ തെരുതെരെയുണ്ടായ മുട്ടലിൻ്റെ ശബ്ദം ഉണർത്തി.

ആകാംക്ഷയോടെ അവൻ വാതിൽ തുറന്നപ്പോൾ മുന്നിൽ കണ്ട ഹിമയെ കണ്ട് ആശ്ചര്യം കൂറി.

മഴയിൽ നനഞ്ഞൊട്ടിയ ഒരു ചെമ്പനീർപൂ പോലെ!

ചിമ്മിയടയുന്ന മിഴികളിൽ നിന്ന് വെള്ളത്തുള്ളികൾ കവിളിൾ വീണു പിടയുന്ന കാഴ്ച്ച കണ്ട് സതീഷ് ഒരു നിമിഷം നോക്കി നിന്നു.

തൻ്റെ മുണ്ടിൻ്റെ കോന്തലയെടുത്ത് അവൻ ഹിമയുടെ തലതുവർത്തി.

പൊടുന്നനെ ഹിമ അവൻ്റെ നെഞ്ചിലേക്കു വീണു.

“കണ്ടോ മുതലാളീ ഇത്രയുള്ളൂ എല്ലാ പെണ്ണുങ്ങളുടെയും അന്തസ്സ് “

റൂമിൻ്റെ വാതിൽക്കൽ നിന്ന് രാജീവിൻ്റെ വാക്കുയർന്നപ്പോൾ ഹിമ സതീഷിൻ്റെ നെഞ്ചിൽ നിന്നു പിടഞ്ഞെണീറ്റു.

അവളുടെ കണ്ണുകളിൽ രക്തമിരച്ചു കയറി.

പതിയെ അവൾ രാജീവിൻ്റെ നേർക്ക് നടന്നു.

അവൻ്റെ മുഖത്തേക്ക് രണ്ടു നിമിഷം നോക്കി നിന്നതും, അവളുടെ കൈ അവൻ്റെ ഇരുകവിളിലും മാറി മാറി വീണു.

” എല്ലാ പെണ്ണുങ്ങളെയും പറ്റി പറയാൻ നീ ആരാടാ നാറീ? “

അടിയും, ചോദ്യവും എന്തിനാണെന്നറിയാതെ രാജീവ് കവിളും പൊത്തിപിടിച്ച്, സതീഷിനെ നോക്കി.

“നീ രജിസ്റ്റർ ഓഫീസിലേക്കാണെന്ന് പറഞ്ഞ് വിളിച്ചിട്ട്, ഈ റൂമിലേക്ക് എത്തുംവരെ ഞാൻ മിണ്ടാതിരുന്നത് ഞാൻ മണ്ടിയായിട്ടാണെന്നു വിചാരിച്ചോ നീ? “

അവൾ തൻ്റെ മൊബൈൽ എടുത്ത് അവനു നേരെ കാണിച്ചു.

“നീ പറഞ്ഞ എല്ലാ കാര്യങ്ങളും ഇതിലുണ്ട്.ഒരു ലക്ഷത്തിന് എൻ്റെ സ്നേഹം പോലും വിറ്റ കഥ ”

കിതച്ചുക്കൊണ്ട് തൻ്റെ കോളറിൽ പിടിച്ചുകുലുക്കുന്ന ഹിമയിൽ നിന്ന് രാജീവിൻ്റെ നോട്ടം,സതീഷിലേക്ക് ദയനീയമായി നീണ്ടു.

” ഞാൻ ഹിമയെ നോക്കിക്കൊണ്ടിരുന്നത് അവളോടുള്ള കാ മം കൊണ്ടായിരുന്നില്ല. പ്രണയം കൊണ്ടു തന്നെയായിരുന്നു.പക്ഷെ എൻ്റെ അവസ്ഥ എനിക്കറിയാമായിരുന്നതുകൊണ്ട് പലവട്ടം തൊണ്ടക്കുഴിയിലെത്തിയ ചോദ്യം അവിടെ തന്നെ പിടഞ്ഞു തീരുകയായിരുന്നു “

സതീഷ് രാജീവിൻ്റെ തോളിൽ കൈവെച്ചു.

“നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോഴും ഞാൻ സന്തോഷിച്ചതേയുള്ളൂ. അവൾക്കൊരു നല്ല ജീവിതം കിട്ടുമെന്ന് ഓർത്ത്”

പെട്ടെന്ന് സതീഷിൻ്റെ സംസാരത്തിന് ശബ്ദം കൂടി.

” പക്ഷെ ആത്മാർത്ഥമായി സ്നേഹിച്ച ഒരു പെൺക്കുട്ടിയെ നീ ചതിയിൽ വീഴ്ത്താൻ ശ്രമിക്കുകയാണെന്നറിഞ്ഞപ്പോൾ – എനിക്ക് സഹിച്ചില്ല. നീ പറയുന്നതൊക്കെ ഞാൻ ഇവളെ കേൾപ്പിച്ചു.നിൻ്റെ കുടിലത ഇവൾ അറിയാൻ വേണ്ടി “

സതീഷ് ഒരു നിമിഷം ഹിമയെ തന്നോട് ചേർത്തു പിടിച്ചു.

“സ്നേഹിക്കുന്ന പെണ്ണിനെ ഇങ്ങിനെ ചതിക്കാൻ എങ്ങിനെ തോന്നുന്നെടാ -നായിൻ്റെ മോനെ?”

പറഞ്ഞു തീർന്നതും സതീഷിൻ്റെ ഇടം കൈ രാജീവിൻ്റെ മുഖത്ത് ശക്തിയിൽ പതിച്ചു.

രാജീവിൻ്റെ മുടിയിഴകളിൽ നിന്നും വെളളത്തുള്ളികൾ ചുറ്റും തെറിച്ചു.

കണ്ണിൽ നിന്നും പൊന്നീച്ചകൾ കൂട്ടമായ് പറന്നതു പോലെ തോന്നി രാജീവിന്.

” ഇനി ഇവനെ ഞങ്ങൾ കൊണ്ടു പൊയ്ക്കോട്ടെ സതീഷ് ?”

പിന്നിൽ നിന്നുയർന്ന വാക്ക് കേട്ടപ്പോൾ ഞെട്ടിത്തെറിച്ചു നോക്കിയ രാജിവ്, എസ്.ഐയുടെ തോളിലേക്ക് ബോധമറ്റു വീണു.

ചത്ത പട്ടിയെ പോലെ വലിച്ചുകൊണ്ടു പോകുന്ന രാജീവിനെ നോക്കി അവരിവരും ഒരു നിമിഷം നിന്നു.

പിന്നെ തൻ്റെ വലം കൈ, സതീഷിൻ്റെ ബലമില്ലാത്ത കൈയിലേക്ക് ചേർത്ത് വെച്ച് ഹിമ -പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു !

മഴ പോലെ,അവളുടെ മിഴികളും കഥ പറഞ്ഞു തുടങ്ങിയിരുന്നപ്പോൾ!

ശുഭം