ഞങ്ങൾ വൈകിട്ടത്തേക്കേ ചെല്ലു എന്നു പറഞ്ഞാലും വിരുന്നൊരുക്കി ഉച്ചമുതൽ വഴി കണ്ണൂമായി അമ്മ കാത്തിരിക്കും അതു കാണുമ്പോൾ…

കാത്തിരിപ്പ്

രചന : സ്നേഹ സ്നേഹ

നാളെ വിശേഷപ്പെട്ട ദിവസമായിട്ട് സ്‌നേഹ വീട്ടിൽ പോകുന്നില്ലേ? അടുത്ത വീട്ടിലെ രമ ചേച്ചിയുടെ ചോദ്യം കേട്ടപ്പോൾ നെഞ്ചൊന്ന് പിടഞ്ഞു.

പോകാൻ തോന്നുന്നില്ല ചേച്ചി….

അതെന്താ സ്നേഹ അമ്മ അല്ലേ പോയതുള്ളു;.. അപ്പച്ചൻ വീട്ടിൽ ഇല്ലേ.?

അപ്പച്ചനെ കാണാൻ പോകണമെന്നുണ്ട് ചേച്ചി പക്ഷേ അമ്മയില്ലാത്ത ആ വീട്ടിലേക്ക് കയറി ചെല്ലാൻ തോന്നുന്നില്ല….

അങ്ങനെ പറയല്ലേ സ്നേഹ… അപ്പച്ചനിത് കേട്ടാൽ എത്ര സങ്കടമാകും എന്നറിയോ? അപ്പച്ചൻ മാത്രമല്ല സഹോദരനും നാളെ സ്നേഹ ചെല്ലുന്നതും നോക്കിയിരിക്കില്ലേ.

പോകണം ചേച്ചി …അപ്പച്ചനും അവനും ഇനി ഞാനല്ലേയുള്ളു… കഴിഞ്ഞ വർഷം വരെ ക്രിസ്തുമസ്,ഈസ്റ്റർ ,ഓണം ഒക്കെ എന്തു രസമായിരുന്നു…. കൊച്ചുമക്കളേയും കൂട്ടി ഞങ്ങൾ ചെല്ലുന്നുണ്ടന്ന് അറിഞ്ഞാ പിന്നെ വീട്ടിലൊരു ഉത്സവം ആണ് …. മോളേയും മരുമകനേയും സത്കരിക്കാൻ വിഭവങ്ങൾ വാങ്ങാൻ ഓടുന്ന അപ്പച്ചൻ വാങ്ങി കൊണ്ടുവരുന്ന ഒന്നിലും തൃപ്തിയില്ലാതെ പിറുപിറുത്തുകൊണ്ട് വിരുന്നൊരുക്കുന്ന അമ്മ …..അളിയനും പെങ്ങളും ചെല്ലുന്നത് ആഘോഷമാക്കി മാറ്റാൻ കാത്തിരിക്കുന്ന സഹോദരൻ…. എനിക്ക് മാത്രമല്ല ഇച്ചായനും ഉത്സാഹമായിരുന്നു എൻ്റെ വീട്ടിൽ പോകാൻ.

ഞങ്ങൾ വൈകിട്ടത്തേക്കേ ചെല്ലു എന്നു പറഞ്ഞാലും വിരുന്നൊരുക്കി ഉച്ചമുതൽ വഴി കണ്ണൂമായി അമ്മ കാത്തിരിക്കും അതു കാണുമ്പോൾ അപ്പച്ചൻ ചോദിക്കും കുട്ടികൾ ഇങ്ങോട്ടല്ലേ വരുന്നത് പിന്നെ നീ എന്തിനാ ഇങ്ങനെ ധൃതി പിടിക്കുന്നതെന്ന്…………. ദൂരേന്ന് ഞങ്ങളെ കണ്ടാലോ ഓടി വരും ….കൊച്ചു മക്കളെ കോരിയെടുത്ത് തുരുതുരാന്ന് ഉമ്മ വെച്ചിട്ട് എൻ്റെ നേരെ ഒന്നു നോക്കും

എൻ്റെ മോളങ്ങു വല്ലാതെ ക്ഷീണിച്ചു പോയല്ലോ…. നിങ്ങൾടെ പിന്നാലെ ഓടി ഓടിയാ എൻ്റെ കൊച്ച് ക്ഷീണിച്ചു പോയതെന്ന് കൊച്ചു മക്കളെ നോക്കി ഒരു പരാതിയും …പിന്നെ മരുമോനെ നോക്കി പറയും കഴിഞ്ഞ തവണ കണ്ടതിലും എൻ്റെ മോനും ക്ഷീണിച്ച് പോയീന്ന്:…. ഇവള് കാലത്തും നേരത്തും ഒന്നും ഉണ്ടാക്കി തരുന്നില്ലേ മോനേ? എന്നൊരു ചോദ്യവും

ഇച്ചായൻ പുഞ്ചിരിച്ചു കൊണ്ട് പറയും ഞാൻ ക്ഷീണിച്ചിട്ടൊന്നും ഇല്ല അമ്മക്ക് വെറുതെ തോന്നുന്നതാന്ന്….. പിന്നെ അമ്മേടെ മോളു ക്ഷീണിച്ചു പോയീന്ന് പറഞ്ഞതു നേരാ….

ഏയ്യ് അത്ര വലിയ ക്ഷീണമൊന്നും ഇല്ല….. അമ്മ മരുമോനെ സമാധാനിപ്പിച്ചു കൊണ്ട് പറയും ……

വീട്ടിൽ കേറി കഴിഞ്ഞാലോ ഡ്രസ്സ് മാറാൻ പോലും സമ്മതിക്കാതെ ഊട്ടാൻ തുടങ്ങും അടുത്ത് നിന്ന് ഞങ്ങൾക്ക് വിളമ്പി തരും കൊച്ചു മക്കൾക്ക് വാരി കൊടുക്കുകയുംചെയ്യും….. അതിനിടയിൽ അപ്പച്ചനോട് പറയും ഞാൻ പറഞ്ഞതാ കുഞ്ഞുങ്ങൾക്ക് ചിക്കൻ ഇഷ്ടല്ല ഇത്തിരി പോത്തും കൂടി വാങ്ങാൻ എന്നിട്ട് അതിയാൻ അതും കേൾക്കാതെ ചിക്കനും വാങ്ങി കൊണ്ടുവന്നൂന്ന്

അപ്പോ അപ്പച്ചൻ പറയും എടീ പോത്തേ നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു ഇന്നവിടെ പോത്തിനെ വെട്ടിയില്ലന്ന് . …. എൻ്റെ മക്കൾക്ക് വെല്യപ്പച്ചൻ നാളെ പോത്തും വാങ്ങി തരൂലോന്ന്…..

ഊണ് കഴിഞ്ഞാലോ അമ്മ എന്നേയും വിളിച്ചോണ്ട് അടുക്കളയിലേക്ക് പോകും തിന്ന പാത്രം പോലും കിഴകിക്കില്ല പിന്നെ വിശേഷം പറച്ചിലാ അയൽപക്കത്തെ വിശേഷവും ആ നാട്ടിലെ വിശേഷങ്ങളും പറഞ്ഞോണ്ട് അടുക്കള പണി തീർക്കും ഞാൻ എന്തേലും ചെയ്യാന്നു വെച്ചാലോ…..സമ്മതിക്കില്ല…..

രണ്ടു ദിവസം നിൽക്കാൻ ചെന്ന ലോ ആ രണ്ടു ദിവസം രണ്ടു മണിക്കൂർ പോലെ അങ്ങു പോകും….. രാവിലെ നേരത്തെ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നാൽ ചോദിക്കും എന്തിനാ ഇപ്പോ എണീറ്റത് ഇത്തിരി കഴിഞ്ഞിട്ട് എണീറ്റാൽ പോരായിരുന്നോന്ന്….

രണ്ടു ദിവസം കഴിഞ്ഞ് പോരാൻ ഇറങ്ങിയാലോ അമ്മയുടെ മുഖം സങ്കടത്താൽ നിറയും. പിന്നെ വാരികെട്ടൽ ആണ് തേങ്ങ. ചക്ക .മാങ്ങ .ചൂല്. പച്ചക്കറി.വാഴക്കുല വാഴപ്പഴം ഉപ്പിലിട്ടത് അച്ചാർ അരിയുണ്ട എന്നു വേണ്ട എന്തൊക്കെ അവിടെ ഉണ്ടോ അതെല്ലാം വണ്ടിയിലാക്കും…. -…… എന്നിട്ടോ മക്കളെ എടുക്കുന്നു ഉമ്മ കൊടുക്കുന്നു.

ഇനി എന്നാ വെല്യമ്മച്ചിയെ കാണാൻ വരുന്നത്……… ഇനി എത്ര നാൾ കഴിഞ്ഞാലാ എൻ്റെ കുഞ്ഞുങ്ങളെ കാണാൻ പറ്റുന്നേ പിന്നെ പതം പറച്ചിലും സങ്കടം പറച്ചിലും ആണ്.

വണ്ടി കണ്ണിൽ നിന്ന് മറയും വരെ ഒരു നോക്കി നിൽപ്പുണ്ട് …..ഇനി ആ കാത്തിരിപ്പും നോക്കി നിൽപ്പും ഒന്നും ഇല്ലാലോ രമ ചേച്ചി ….

അയ്യേ സ്നേഹ കുട്ടി കരയുകയാണോ

ഇത്ര പെട്ടന്ന് ഞങ്ങളെ വിട്ടു പോകൂന്ന് സ്വപ്നത്തിൽ പോലും ഓർത്തില്ല….. വീടിനകത്തേക്ക് കയറുമ്പോൾ തന്നെ ചങ്കിലൊരു പിടപ്പാണ് അവിടെ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കുമ്പോൾ വെറുതെയെങ്കിലും ഓർക്കും അവിടെ നിന്നൊന്ന്റങ്ങി വന്ന് ഞങ്ങളെ കെട്ടി പിടിച്ചിരുന്നെങ്കിലെന്ന് …..

വേർപാട് അതൊരു വേദനയാ ചേച്ചി നമ്മളെ ജീവനെ പോലെ സ്നേഹിച്ചവർ അല്ലെങ്കൻ നമ്മൾ സ്നേഹിച്ചവർ ഈ ലോകത്തു ന്ന് പോയി കഴിഞ്ഞാൽ വർഷം എത്ര കഴിഞ്ഞാലും അതൊരു വേദനയായി തന്നെ നിൽക്കും…..

സ്നേഹയ്ക്ക് ഇന്ന് സ്നേഹിക്കാൻ ഭർത്താവുണ്ട് മക്കളുണ്ട് ഭർത്താവിൻ്റെ മാതാപിതാക്കളുണ്ട് എന്നാൽ അവർക്ക് നിങ്ങൾ മാത്രമേയുള്ളൂ. നിങ്ങൾ ചെല്ലുന്നതും നോക്കി അവർ കാത്തിരിക്കും…… ഒരു പക്ഷേ അന്ന് അമ്മ നിങ്ങളെ കാത്തിരുന്നതിനെക്കാൾ കൊതിയോടെ ഇന്ന് അപ്പച്ചൻ നിങ്ങളെ കാത്തിരിക്കുന്നുണ്ട്…. കാരണം .. ഈ കുഞ്ഞു മക്കളെയും നിങ്ങളേയും കാണുന്ന താ ഇന്ന് അപ്പച്ചൻ്റെ സന്തോഷം

അതറിയാം ചേച്ചി അമ്മ പോയി കഴിഞ്ഞപ്പോൾ മുതൽ അപ്പച്ചൻ വിളിക്കുമ്പോളെല്ലാം ചോദിക്കുന്നത് നിങ്ങളെന്നാ വരുന്നതെന്നാണ്

അമ്മയുടെ മരണത്തോടെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയത് അപ്പച്ചനാണ് സ്നേഹയ്ക്ക് ഒരു കുടുംബം ഉണ്ട് സഹോദരന് ജോലിയുണ്ട് കൂട്ടുകാരുണ്ട്…. പക്ഷേ അപ്പച്ചൻ ഒറ്റക്കായില്ലേ…..

ശരിയാ അവർ എപ്പോഴും എന്തേലും പറഞ്ഞ് പിണങ്ങുമായിരുന്നെങ്കിലും അവരുതമ്മിൽ ഭയങ്കര സ്നേഹമായിരുന്നു ഒരു ദിവസം ചോലും പിരിഞ്ഞിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല പരസ്പരം നിഴലായി രണ്ടു പേരും എപ്പോഴും ഉണ്ടായിരുന്നു…..അമ്മച്ചീടെ മരണത്തോടെ അപ്പച്ചൻ് സൈലൻ്റായി പോയി…. ആരോടും മിണ്ടാട്ടം ഇല്ല.പുറത്തിറങ്ങാറില്ല…. ഒറ്റക്ക് വെച്ചു വേവിച്ച് അവൻ ജോലി കഴിഞ്ഞ് വരുമ്പോളേക്കും ഇരിക്കും അവൻ വരുമ്പോളേക്കും അവന് കുളിക്കാനുള്ള വെള്ളം ചൂടാക്കി കൊടുക്കും ഭക്ഷണം വളമ്പി കൊടുക്കും അങ്ങനെ അമ്മ ചെയ്തോണ്ടിരുന്ന എല്ലാം ചെയ്തു കൊടുക്കും…

സ്നേഹമക്കളേയും കൂട്ടി പോയി കുറച്ചു ദിവസം അപ്പച്ചൻ്റെ അടുത്ത് നിൽക്കണം എന്തേലും വെന്തു വേവിച്ച് കൊടുക്കണം അപ്പച്ചനോട് സംസാരിക്കണം പുറത്തൊക്കെ കൊണ്ടു പോകണം … മാസത്തിൽ രണ്ടു ദിവസം പോയി അപ്പച്ചൻ്റെയൊപ്പം നിൽക്കണം .:…..

വിഷു ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ചേച്ചി. ……

ഒറ്റക്ക് എന്തു വിഷു സ്നേഹ….. എന്നത്തേയും പോലെ ഇന്നലേയും കഴിഞ്ഞു പോയി മക്കളും കൊച്ചുമക്കളും ആരും വരാനില്ല….. ചേട്ടനുണ്ടായിരുന്ന കാലത്തെ വിഷു ഓർമ്മകൾ ധാരാളം ഉണ്ട്….….

എന്നെ ആശ്വസിപ്പിച്ച ചേച്ചി ഇപ്പോ കരയുന്നോ?

ഏയ്യ് …ഇല്ല …ഞാൻ …..വെറുതെ

വെറുതെ അല്ലന്ന് എനിക്കറിയാം ചേച്ചി ചേട്ടനെ ഓർത്തു….

ഞാൻ മറന്നിട്ടില്ല സ്നേഹ എൻ്റെ ചേട്ടനെ പിന്നെ എന്തിനാ ഞാൻ ഓർക്കുന്നത്

പിന്നെ എന്തിനാ കണ്ണു നിറഞ്ഞത്….

വിശേഷ ദിവസങ്ങളിൽ അമ്മേ എന്നു വിളിച്ച് കയറി വരാൻ ആരും ഇല്ലല്ലോ എന്നോർത്തപ്പോ ഒരു സങ്കടം….

ചേച്ചി മക്കൾ ഉണ്ടായിട്ടു കാര്യം ഇല്ല ….. … വിശേഷ ദിവസം മാതാപിതാക്കളെ ഓർക്കാനും അവരെ ചെന്നു കാണാനും സമയവും മനസ്സും വേണം ……മക്കളില്ലാത്തവരേക്കാൾ വേദനയാണ് ഉണ്ടായിട്ടും ഇങ്ങനെയുള്ള ദിവസങ്ങളിൽ മാതാപിതാക്കളെ ഒരു നോക്ക് കാണാൻ പോലും വരാൻ സമയം ഇല്ലാത്ത മക്ക ൾ….

അതും ശരിയാണ് …..

വിശേഷ ദിവസങ്ങളിൽ മക്കളുടെ വരവും കാത്ത് വഴി കണ്ണുമായി ഒത്തിരി മാതാപിതാക്കൾ കാത്തിരിക്കുന്നുണ്ട് അവരെ മറക്കരുതേ… ഈ ലോകത്ത് അവർ ജീവിച്ചിരിക്കുന്നോൾ മാത്രമേ നമ്മൾ അവർക്കായി സമയം മാറ്റിവെയ്ക്കേണ്ടതുള്ളു……..

Scroll to Top