രചന : ധന്യ ഷംജിത്ത്
::::::::::::::::::::
അച്ഛാ …. എവിടെ ഇന്നത്തെ പതിവ് ?
ജോലി കഴിഞ്ഞ് അകത്തേക്കു കയറിയപാടെ നരേന്ദ്രന്റെ കയ്യിൽ തൂങ്ങി പിങ്കിയും , പാച്ചുവും.
ഞാനൊന്ന് ഇരിക്കട്ടെടോ ന്നിട്ട് പോരെ ..
അവരെ ചുറ്റിപ്പിടിച്ച് അയാൾ സെറ്റിയിലേക്കമർന്നു.
ദാ ബാഗ് പതിവ് തെറ്റിക്കണ്ട.
ബാഗ് നീട്ടിയതും പിങ്കി അത് മടിയിലേക്ക് വച്ചു.സിബ് തുറന്ന് ഭക്ഷണ പാത്രവും ബേക്കറിയും കുറച്ച് നോട്ടുകളും പുറത്തേക്ക് എടുത്തു.
ഓ വന്ന വഴിക്കേ ബാഗ് പരതി തുടങ്ങിയോ? ആദ്യം അവനിത്തിരി വെള്ളം കൊടുക്കാൻ പറ നിന്റമ്മയോട് എന്നിട്ടാവട്ടെ പങ്കു വയ്ക്കല്. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതാന്ന വല്ല വിചാരോണ്ടോ ഇവടുള്ള ഒറ്റണ്ണത്തിനും .
തൊട്ടടുത്തിരുന്ന് ടി വി കാണുകയായിരുന്ന ദേവിയമ്മ ഒച്ചയെടുത്തു.
അപ്പോ അഛമ്മ ഈ വീട്ടിലെയല്ലേ , അച്ഛമ്മയ്ക്ക് എടുത്താലെന്താ ഇത്തിരി വെള്ളം .
പാച്ചു തിരിച്ചു ചോദിച്ചു.
പാച്ചു …. നീ മേടിക്കും. തർക്കുത്തുരം പറയരുത് ന്ന് എത്ര വട്ടം പറഞ്ഞാലും ചെക്കൻ കേക്കില്ല.
സീത കയ്യിലെ ചായ അയാൾക്ക് കൊടുത്തു.
അഛമ്മയ്ക്ക് മ്മടെ ഒച്ച കാരണം സീരിയല് കാണാൻ പറ്റൂലച്ഛാ അതാ …. പിങ്കി അയാളുടെ കാതിൽ രഹസ്യം പോലെ പറഞ്ഞു.
അഛമ്മ കേൾക്കണ്ട എന്നർത്ഥത്തിൽ അയാൾ ചിരിയോടെ വിരൽ ചുണ്ടിൽ വച്ചു.
പാച്ചു അപ്പോഴേക്കും നോട്ടുകളിൽ നിന്ന് 50 ന്റ രണ്ടെണ്ണം എടുത്തു ഒന്ന് പിങ്കിയ്ക്കും നീട്ടി. അതുമായി നരേന്ദ്രന് ഒരുമ്മയും നൽകി അകത്തേക്കോടി.
സാധാരണ ന്റ ചെറുപ്പത്തിലൊക്കെ അച്ഛനോ മറ്റോ വന്നാ മാറി നിക്കും. അടുത്തേക്ക് വിളിച്ച് കയ്യിലേക്ക് പലാരം വല്ലതും തന്നാ വാങ്ങി മിണ്ടാതെ അടുക്കളപ്പുറത്തോട്ടു പോവും. ഇപ്പത്തെ പിള്ളേർക്ക് തിന്നാനൊന്നും വേണ്ട വന്ന് കേറിയാ ആ ഫീസ്, ഈ ഫീസ്, ഫോണില് പൈസ . ഇതൊക്കെ മതി. അതുമല്ലേല് ഏത് നേരോം കോഴി ചെകയണ പോലെ ഫോണും തോണ്ടി ഇരുന്നോളും. നീയിങ്ങനെ എന്നും കാശ് കൊട്ത്ത് പഠിപ്പിച്ചോ പിള്ളേര് തന്നിഷ്ടം കാട്ടാൻ വേറൊന്നും വേണ്ട. ഇന്നാളും കൂടെ വാർത്ത കണ്ടതല്ലേ നീയും പിള്ളേര് ഗെയിമ് കളിക്കാൻ വീട്ടാരറിയാതെ ഫോണിലെ പൈസയൊക്കെതീർത്ത് കണ്ടുപിടിച്ചപ്പോ ആ ത്മഹത്യ ചെയ്തത്. ന്തൊക്കെ വാർത്തയാ ചുറ്റും ന്നിട്ടും ആർക്കും അത് കണ്ട ഭാവം പോലുമില്ലല്ലോ.
ദേവിയമ്മ ശുണ്ഠിയെടുത്തു.
അയാൾ സീതയെ ഒന്നു നോക്കി പിന്നെ പതിയെ അമ്മയ്ക്കരികിലേക്ക് നീങ്ങിയിരുന്നു.
ഇതേതാ സീരിയല് പുതിയതാണല്ലോ.
ആ ഇന്നാള് തൊടങ്ങിയതാ സാന്ത്വനം, വീടായ ഇങ്ങനെ വേണം. പാവം ആ ദേവിം ബാലനും ന്തൊക്കെ കഷ്ടപ്പാടാ. ആ ഹരീടെ അമ്മാനഛൻ ന്തൊക്കെ ദ്രോഹാ കാട്ടണേ . ഹരിയെ പറഞ്ഞാമതി വല്ല ആവശ്യോണ്ടാർന്നോ ആ പെണ്ണിനെ വിളിച്ചോണ്ടും വരാൻ . ബാലനും ദേവിം എങ്ങനെ വളർത്തിയ ചെക്കനാ ന്നിട്ടും കാട്ടിയ തോന്ന്യാസം . ദേവിയമ്മ കണ്ണട ഒന്ന് തുടച്ചു.
ആ അപ്പോ എത്ര നല്ലോണം വളർത്തിയാലും തോന്ന്യാസം കാട്ടേണ്ടവര് കാട്ടും ലേ അമ്മേ . അയാൾ ചോദിച്ചു.
ന്റമ്മേ, നമ്മള് എത്ര നന്നായി വളർത്തിയാലും കുട്ടികള് ഒരു പരുവം കഴിഞ്ഞാ അവരുടേതായ ഒരു ലോകം കണ്ടെത്തും. ചിലത് ശരിയായിരിക്കും ചിലത് തെറ്റും. നല്ലത് തെരഞ്ഞെടുക്കുന്നതിന് അവരെ സഹായിക്കേണ്ട ബാധ്യതയേ മാതാപിതാക്കൾക്കുള്ളൂ.
ചെറുപ്പത്തില് അഛൻ ഇല്ലാണ്ടായപ്പോ നേരം വെളുക്കും മുന്നേ ഞങ്ങക്കെന്തേലും വച്ചുണ്ടാക്കി പറമ്പിലും പാടത്തും അമ്മ പണിയെടുക്കുമ്പോ അടുക്കളേന്ന് തനിയെ വിളമ്പിത്തിന്നും, സ്വന്തം കാര്യങ്ങൾ തനിയെ ചെയ്തും, ഓരോ സാധനങ്ങൾ വാങ്ങാൻ കടയിലേക്കോടുമ്പോ കിട്ടുന്ന ബാക്കിയിൽ മിഠായിക്ക് കെഞ്ചുമ്പോ ഒരു നാണയം കയ്യിൽ തന്ന് ഇത് കൂട്ടി വച്ചാ അടുത്ത വിഷുന് പട്ടാസ് വാങ്ങാം എന്ന് പറഞ്ഞ് വളർത്തിയതും അമ്മ തന്നെയല്ലേ. ആ ശീലം ഞാൻ എന്റെ മക്കൾക്കും പകർന്നു കൊടുക്കുന്നതിലെന്താ തെറ്റ്.
എത്ര പൈസയുണ്ടെങ്കിലും അവർ അവർക്കാവശ്യമുള്ള ഞാൻ അനുവദിച്ച നോട്ടു മാത്രമേ എടുക്കുന്നുള്ളു.
കുട്ടികൾ എല്ലാം ശീലിക്കണം നല്ലതും ചീത്തയും എല്ലാം . പലപ്പോഴും അമ്മ ചോദിച്ചിട്ടില്ലേ അവർ ആഹാരം ചോദിക്കുമ്പോ തനിയെ എടുത്ത് കഴിച്ചോളാൻ സീത പറയുന്നത് അതവൾക്ക് സമയമില്ലാത്തതു കൊണ്ടോ കുട്ടികളെ ശ്രദ്ധയില്ലാത്തതു കൊണ്ടോ അല്ല. തനിയെ എടുത്ത് കഴിക്കുമ്പോഴേ അവർക്ക് പങ്കിട്ടു കൊടുക്കാനും കൂടെയുള്ളവർക്കും കൂടി വേണ്ടതാണ് എന്ന ബോധ്യവും ഉണ്ടാവൂ. എല്ലാത്തിലും നമ്മളുടെ ഒരു ശ്രദ്ധ ഉണ്ടാവണമെന്നുമാത്രം. അനുഭവങ്ങളല്ലേ അമ്മേ ഏതൊരാളുടേയും നല്ലതിനേയും ചീത്തയേയും തീരുമാനിക്കുന്നത്.
ചീത്ത പറഞ്ഞും തല്ലി പഴുപ്പിച്ചും നന്നാക്കേണ്ട കാലം കഴിഞ്ഞു, സ്നേഹത്തോടെ നമ്മളാൽ കഴിയുന്നത് മനസിലാക്കി കൂടെ നിന്നാൽ ആരും ഒരിക്കലും തെറ്റുകളിലേക്ക് പോവില്ല. അതുകൊണ്ട് മാത്രമല്ലേ അമ്മയുടെ ഈ മോൻ ഇങ്ങനെയായത്.
പുഞ്ചിരിയോടെഅയാൾ ദേവിയമ്മയുടെ തോളിൽ ചാഞ്ഞതും ഒരു നെടുവീർപ്പോടെ അവരയാളുടെ കൈയ്യിൽ മുറുകെ പിടിച്ചു.
യ്യോ സംസാരിച്ച് സമയം പോയി ദേ അമ്മേടെ ബാലൻ ഇപ്പം പോവും. അയാൾ ടി വി യിലേക്ക് നോക്കി.
ന്റ ബാലനും ദേവിം കുട്ട്യോളും ദേ എന്റെ കൂടെയുള്ളപ്പോ ഓര് എവടാച്ച പോട്ടേ ഞാനേ ചോറെടുത്തു വയ്ക്കാം ല്ലാരും വേം വന്നാട്ടെ . ടി വി ഓഫാക്കി ദേവിയമ്മ അടുക്കളയിലേക്ക് നടക്കുന്നതും നോക്കി അയാൾ സീതയെ നോക്കി കണ്ണിറുക്കി അതേ പുഞ്ചിരിയോടെ തിരികെ അവളും.