രചന : സ്നേഹ സ്നേഹ
:::::::::::::::::::::::::
നിൻ്റെ മു ലപാലുകുടിച്ച് എൻ്റെ മകൻ്റെ കുഞ്ഞ് വളരണ്ട….
പാലൂട്ടി കൊണ്ടിരുന്ന ദിയുടെ മടിയിൽ നിന്ന് കുഞ്ഞിനെ ബലമായി എടുത്ത് തോളിൽ കിടത്തി തട്ടികൊണ്ട് ഗീത പറഞ്ഞു.
കുഞ്ഞിനെ ഇങ്ങ് താമ്മേ ഞാനവൾക്ക് പാലു കൊടുക്കട്ടെ…..
വേണ്ട ….നീ ഇനി മുതൽ എൻ്റെ കുഞ്ഞിന് പാലു കൊടുക്കണ്ട….നിൻ്റെ പാലുകുടിച്ച് വളർന്നാൽ ഈ കുഞ്ഞിനും നിൻ്റെ സ്വഭാവം കിട്ടും… ഇതെൻ്റെ മകൻ്റെ കുഞ്ഞാണ് ….ഇതിനെ ഞാൻ വളർത്തിക്കോളാം
മകൻ്റെ കുഞ്ഞ് മകൻ്റെ കുഞ്ഞ് എന്ന് അമ്മ ആവേശപൂർവ്വം പറയുന്നുണ്ടല്ലോ ഈ കുഞ്ഞ് ഭൂമിയിൽ തന്നെ പൊട്ടി മുളച്ചതാണോ?… ഇതെൻ്റേയും കൂടി ചോരയാ ….ഞാൻ പ്രസവിച്ച കുഞ്ഞാണ് ഇവളെങ്കിൽ ഞാനിവൾക്ക് മു ലപ്പാൽ കൊടുക്കും
നിർത്തടി അഹങ്കാരം ….എൻ്റെ മകന് പറ്റിയ ഒരു അബദ്ധമാണ് നീ അതിലൊരു കുഞ്ഞും പിറന്നു അതിൻ്റെ അവകാശവും പറഞ്ഞ് ഇവിടെ കടിച്ചു തൂങ്ങി കിടക്കാനാ പ്ലാനെങ്കിൽ നടക്കില്ല …
ഗീതയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങി
അമ്മേ കുഞ്ഞ് കരയുന്നു അവളെ .താ ഞാനവൾക്ക് പാലു കൊടുക്കട്ടെ….
വേണ്ടന്ന് പറഞ്ഞില്ലേ…. മോൾക്ക് പാലു കൊടുക്കുന്ന പേരും പറഞ്ഞ് മുറിക്കകത്ത് കയറി വാതിലടച്ച് കിടക്കാനല്ലേ? നടക്കില്ല. …..
എൻ്റെ ഗീതേ നിങ്ങൾ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്നത്തിലേക്ക് വെറുതെ ആ ഇത്തിരിയില്ലാത്ത കുഞ്ഞിനെ വലിച്ചിടല്ലേ….. ഗീതയുടെ ഭർത്താവ് സുരേഷ് ഗീതയോടായി പറഞ്ഞു.
നിങ്ങളവിടെ മിണ്ടാതിരിക്ക്…..അല്ലേലും നിങ്ങളെപ്പോഴും മരുമോളുടെ സൈഡ് ആണല്ലോ?
ഞാൻ ആരുടേയും സൈഡ് അല്ല … ആ കുഞ്ഞിനെ കരയിക്കാതെ മോൾടെ കൈയിലേക്ക് കൊടുക്ക്…. അല്ലങ്കിൽ കരഞ്ഞ് കരഞ്ഞ് കുഞ്ഞിന് വല്ല അസുഖവും വരും…..
കുഞ്ഞിൻ്റെ കരച്ചിൽ ഉച്ചത്തിലായി …ഗീത കുഞ്ഞിനെ തോളിൽ കിടത്തി കുഞ്ഞിൻ്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചെങ്കിലും കുഞ്ഞിൻ്റെ കരച്ചിലിന് ശക്തി കൂടിയതേയുള്ളു.
ദിയ ഗീതയുടെ അടുത്തെത്തി കുഞ്ഞിനെ പിടിച്ചു വാങ്ങി വേറെ നിവർത്തിയില്ലന്ന് കണ്ട് ഗീത കുഞ്ഞിനെ ദിയയുടെ കൈയിലേക്ക് കൊടുത്തു.
ദിയ കുഞ്ഞിനേയും കൊണ്ട് തൻ്റെ മുറിയിലേക്ക് പോയി കുഞ്ഞിനെ ബെഡിൽ കിടത്തി അരികിൽ കിടന്ന് കുഞ്ഞിനെ മു ലയൂട്ടാൻ തുടങ്ങി…. ആദ്യം കുറച്ച് വാശി കാണിച്ചെങ്കിലും കുഞ്ഞ് പാലു കുടിച്ചു തുടങ്ങി….. ദിയ കുഞ്ഞിൻ്റെ നെറ്റിയിൽ തൻ്റെ ചുണ്ടമർത്തി….ദിയയുടെ മനസ്സ് ആർത്തലച്ചു കണ്ണുനീരായി പുറത്തേക്കൊഴുകി.. ദിയക്ക് തൻ്റെ അമ്മയെ ഒരു നോക്ക് കാണാൻ ആഗ്രഹംതോന്നി…. വെറുതെ ആഗ്രഹിക്കാം എന്നല്ലാതെ മറ്റൊരു കാര്യവും ഇല്ലന്ന് മനസ്സിലായപ്പോൾ ദിയയിൽ നിന്ന് ഒരു തേങ്ങലുയർന്നു ……ദിയയുടെ മനസ്സ് വെറുതെ രണ്ടു വർഷം പിന്നിലേക്ക് പാഞ്ഞു….
പ്ലസ് ടുവിന് പഠിക്കുമ്പോളാണ് അരുണേട്ടനെ പരിചയപ്പെടുന്നത് …. സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൽ പ്ലംബിംഗ് വയറിംഗ് പണിക്ക് വന്നതാണ് അരുണേട്ടൻ അങ്ങനെ പരിചയപ്പെട്ടു ആ പരിചയം പ്രണയത്തിലേക്ക് വഴിമാറി പ്ലസ് ടു കഴിഞ്ഞ് നേഴ്സിംഗ് പഠിച്ചാൽ ഒരു തൊഴിൽ കിട്ടും എന്നും പറഞ്ഞ് അമ്മ നഴ്സിംഗിന് വിടാൻ തീരുമാനിച്ചു…. ഇതറിഞ്ഞ അരുണേട്ടൻ പറഞ്ഞു ….. നേഴ്സിംഗിന് പോയാൽ പിന്നെ കാണാനോ മിണ്ടാനോ ഒന്ന് ഫോൺ വിളിക്കാൻ പോലും പറ്റില്ലന്ന് പറഞ്ഞപ്പോൾ ഞാനാകെ തകർന്നു പോയി….. അരുണേട്ടനെ പിരിഞ്ഞ് ഒരു നിമിഷം പോലും പറ്റില്ല…. അരുണേട്ടനും അങ്ങനെ തന്നെ .. അങ്ങനെയാണ് അരുണേട്ടൻ അമ്മയെ വന്നു കണ്ടതും വിവാഹം അലോചിച്ചതും… അമ്മ വിവാഹത്തിന് സമ്മതിച്ചില്ല കാരണം പതിനെട്ട് വയസു തികഞ്ഞിട്ടില്ല അതുമല്ല ഇപ്പോ കെട്ടിച്ച് വിടാൻ അമ്മക്ക് താത്പര്യം ഇല്ല …പഠിച്ച് ജോലി കിട്ടിയിട്ട് മതി വിവാഹം എന്നും അമ്മ കുറെ ഉപദേശിച്ചു. അരുണേട്ടനോടുള്ള പ്രണയം തലക്ക് പിടിച്ചു കൊണ്ടതുകൊണ്ട് അമ്മയുടെ ഉപദേശത്തിന് ചെവികൊടുത്തില്ല…. അരുണേട്ടൻ അമ്മയ്ക്കും എനിക്കും വാക്ക് തന്നു. വിവാഹ ശേഷം തുടർന്നും പഠിപ്പിച്ചോളാമെന്ന് എന്നിട്ടും അമ്മ വിവാഹത്തിന് സമ്മതിച്ചില്ല….. നേഴ്സിംഗിന് അപേക്ഷ വെച്ച് കാത്തിരുന്നു. ബാംഗ്ലൂരാണ് അഡ്മിഷൻ കിട്ടിയത്. …..പോരുന്നതിൻ്റെ തലേന്നാൾ അരുണേട്ടനുമായി കണ്ടു മുട്ടി പിരിയാൻ കഴിയില്ലന്ന് മനസ്സിലായ ഞങ്ങളൊരു തീരുമാനമെടുത്തു …. പഠിക്കാൻ പോവുക ….. പതിനെട്ട് വയസു തികയുന്നതിൻ്റെ പിറ്റേന്ന് അരുണേട്ടൻ ബാംഗ്ലൂരിൽ എത്തി എന്നേയും കൂട്ടി പുതിയൊരു ജീവിതം ആരംഭിക്കുക….. അരുണേട്ടനെ കാണാതെ രണ്ടു മാസം രണ്ടു യുഗം പോലെയാണ് കടന്നു പോയത്… പതിനെട്ടാം പിറന്നാളിൻ്റെ പിറ്റേന്ന് അരുണേട്ടൻ വന്നു….. ബാംഗ്ലൂരിൽ നിന്ന് എന്നേയും കൂട്ടി നാട്ടിൽ എത്തി…. മകളെ കാണാനില്ലന്ന് ഹോസ്റ്റലിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്ന് അമ്മ പോലീസ്സ്റ്റേഷനിൽ പരാതി കൊടുത്തു…
പോലീസ് സ്റ്റേഷനിൽ വെച്ച് അരുണേട്ടനൊപ്പം പോകാനാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ അമ്മ എൻ്റെ നേരെ ഒന്നു നോക്കുക മാത്രം ചെയ്തു. അമ്മയുടെ ആ നോട്ടം…… തൻ്റെ ഹൃദയത്തെ കീറി മുറിച്ചു…… ഇന്നത് മനസ്സിലാകുന്നു…. ദിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…..
എന്താടി … മുറിയടച്ച് ഇതിൻ്റെ അകത്തിരിക്കാനാണോ ഇന്നത്തെ പ്ലാൻ……?
ഗീത മുറിയുടെ വാതിൽ തള്ളി തുറന്ന് അകത്ത് കയറി വന്ന് അലറി കൊണ്ട് ചോദിച്ചു……..
അമ്മേ ….. ഒന്നു പതുക്കെ മോളുറങ്ങി ….
ഓ എന്നിട്ടെന്താ കെട്ടിലമ്മ പുറത്തേക്കിറങ്ങി വരാത്തത്…. ഇവിടെ കിടന്നാൽ അടുക്കളയിലെ പണി ആരു ചെയ്യും…..
ദിയ പതുക്കെ എഴുന്നേറ്റ് പില്ലോ എടുത്ത് മോൾടെ അടുത്ത് ചേർത്ത് വെച്ച് പുതപ്പിച്ച് കിടത്തിയിട്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി അടുക്കളയിലേക്ക് നടന്നു. …സിങ്കിൽ നിറയെ പാത്രം കഴുകനായി കിടക്കുന്നു.…. ദിയ പാത്രങ്ങൾ കഴുകാനായി ആരംഭിച്ചു…… ഇന്ന് രാവിലെ തുടങ്ങിയ വഴക്കാണ് ….. എന്നും ഓരോ കാരണങ്ങളുണ്ടാകും അമ്മയ്ക്ക് ….. ഇന്ന് കറി കരിഞ്ഞു പോയി അതാണ് കാരണം രാവിലെ മോൾ ഭയങ്കര വഴക്കായിരുന്നു…. മോളെ പായയിൽ കിടത്തി അവളുടെ അടുത്തിരുന്ന് അച്ചിങ്ങ ഒരുക്കി … മോളെ അവിടെ തന്നെ കിടത്തിയിട്ട് അച്ചിങ്ങ ഗ്യാസിൽ വെച്ചു… മോൾടെ അടുത്തു നിന്ന് എഴുന്നേറ്റ് പോന്നതുകൊണ്ടായിരിക്കാം മോൾ ഭയങ്കര കരച്ചിൽ അമ്മ ഹാളിൽ ഇരുന്ന് ടി.വി കാണുന്നുണ്ട്….. മോളു കരയുന്നത് ശ്രദ്ധിക്കുന്നതു പോലും ഇല്ല… മോളുടെ കരച്ചിൽ ഉച്ചത്തിലായപ്പോൾ മോളേയും എടുത്ത് മുറ്റത്തേക്കിറങ്ങി….. ആറു മാസം മാത്രം ആയിട്ടുള്ളു കുഞ്ഞിന് അവളെ നേരാംവണ്ണം ഒന്ന് ശ്രദ്ധിക്കാൻ പോലും പറ്റുന്നില്ല.. “… മോളുടെ കരച്ചിലും മാറ്റി ഹാളിക്ക് വന്നപ്പോളെ അറിഞ്ഞു കറി കരിഞ്ഞ് മണക്കുന്നത് ……. അമ്മ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ഇരിക്കുകയാണ്. മോളെ പായയിൽ കിടത്തി വേഗം വന്നു നോക്കുമ്പോൾ കറി കരിഞ്ഞു പോയിരുന്നു. എനിക്ക് പിന്നാലെ അടുക്കളയിലേക്ക് വന്ന് അമ്മ അപ്പോ തുടങ്ങിയ വഴക്കാണ്……
പാത്രം കഴുകി തീർത്ത് ദിയ ചോറുണ്ണാൻ അല്പം ചോറെടുത്ത് പ്ലേറ്റിൽ ഇട്ടു കറി ഒന്നും ഇല്ല. അച്ചിങ്ങ കരിഞ്ഞു പോയതിൻ്റെ വാശിക്ക് വേറെ ഒരു കറിയും ഉണ്ടാക്കാൻ അമ്മ സമ്മതിച്ചില്ല. തലേന്നത്തെ മീൻ കറി കൂട്ടി അച്ഛനും അമ്മയും ഊണ് കഴിച്ചു .. … മീൻ ചട്ടിയിൽ വെള്ളം ഒഴിച്ചു വെച്ചു…ദിയ അല്പം മുളക് പൊടി എടുത്ത് ഉള്ളിയും ഒപ്പുംവെളിച്ചെണ്ണയും ചേർത്ത് കുഴച്ച് എടുത്ത് വെച്ച ചോറുണ്ടു…..
കഴുകാനുള്ള തുണിയും വാരി അലക്ക് കല്ലിൻ്റെ ചുവട്ടിലേക്ക് നടന്നു……എന്തിനെന്നറിയാതെ ദിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….. ഒന്നും വേണ്ടായിരുന്നു…. അമ്മ പറഞ്ഞതും കേട്ട് നേഴ്സിംഗ് പഠിച്ചിരുന്നെങ്കിൽ…? വിവാഹശേഷം പഠിക്കാൻ വിടാം എന്നുറപ്പ് പറഞ്ഞതാ അരുണേട്ടൻ….. ഡിഗ്രിക്ക് വിടാന്നും തീരുമാനിച്ചു. അപ്പോഴാണ് അമ്മ പറഞ്ഞത് അവളെ ഇനി പഠിക്കാൻ വിട്ടാൽ അവളരാടുയെങ്കിലും കൂടെ പോയിട്ട് പിന്നെ ചിന്തിച്ചിട്ട് കാര്യമില്ലാട്ടോ എന്ന്. അമ്മ പറഞ്ഞതും കേട്ട് അരുണേട്ടൻ ആ തീരുമാനത്തിൽ നിന്ന് പിൻമാറി…..
മൂന്ന് ആൺമക്കളിൽ രണ്ടാമത്തെ ആളാണ് അരുണേട്ടൻ …. മൂത്ത ചേട്ടൻ്റെ കല്യാണത്തിനു മുൻപ് അരുണേട്ടൻ എന്നേയും കൂട്ടി വന്നതും സ്ത്രീധനമായി ഒന്നും കിട്ടാത്തതിൻ്റേയും ദേഷ്യമാണ് അമ്മക്ക് എന്നാണ് അരുണേട്ടൻ പറഞ്ഞത്…… അരുണേട്ടനോടുള്ള ഇഷ്ടം കൊണ്ട് എല്ലാം സഹിക്കുകയാണ്…..
ദിയ തുണി അലക്കുകയാണോ അടുത്ത വീട്ടിലെ ബിന്ദു അലക്കു കല്ലിൻ്റെ അടുത്തേക്ക് വന്നു ചോദിച്ചു.
അതെ ചേച്ചി….കരഞ്ഞു കലങ്ങിയ കണ്ണുകൾ ബിന്ദു കാണാതിരിക്കാൻ ശ്രദ്ധിച്ച് ദിയ ബിന്ദുവിൻ്റെ നേരെ നോക്കാതെ പറഞ്ഞു.
ഗീത ചേച്ചി എന്തിയേ?
അകത്തുണ്ട് ചേച്ചി….
മോൾ എന്തിയേ
മോൾ ഉറങ്ങി …..
ബിന്ദു വീടിനകത്തേക്ക് കയറി ചെന്നു…..
ആരെയെങ്കിലും കണ്ടാൽ അമ്മക്ക് ഭയങ്കര സ്നേഹമാണ് …. ഈ നാട്ടിൽ ഇത്രയും നല്ല അമ്മായിയമ്മ വേറെ ഇല്ലന്ന് കാണുന്നവർക്ക് തോന്നും…… മോളെ ഭയങ്കര ഇഷ്ടമാണ് മൂന്ന് ആൺ മക്കൾക്ക് ശേഷം ഉണ്ടായ പേരക്കുട്ടി പെൺകുട്ടി ആയതിൽ അമ്മക്കായിരുന്നു ഏറ്റവും സന്തോഷം….. എന്നോട് വഴക്കിടുന്ന ദിവസം എൻ്റെ മുലപ്പാൽ കൊടുക്കാൻ സമ്മതിക്കില്ല പകരം കുറുക്ക് ഉണ്ടാക്കി കൊടുക്കും…… അങ്ങനെയാണ് എന്നോടുള്ള ദേഷ്യം തീർക്കുന്നത്. പാലുകെട്ടി ഞാൻ വേദനിക്കണം അതാണ് ആഗ്രഹം .: ഇന്ന് എന്താണോ മോൾ നിർത്തലില്ലാതെ കരഞ്ഞതുകൊണ്ടാകാം പാലു കൊടുക്കാൻ സമ്മതിച്ചത്…… അരുണേട്ടനോട് പരാതി പറഞ്ഞിട്ടും കാര്യമില്ല….. അമ്മ പറയുന്നതേ അരുണേട്ടൻ അനുസരിക്കു……
മോളെ ദിയ… ഗീതയുടെ സ്നേഹത്തോടെയുള്ള വിളി കേട്ടാണ് ദിയ ചിന്തയിൽ ഉണർന്നത്
മോളെ ദിയ….. കുഞ്ഞ് ഉണർന്നു കുഞ്ഞിന് പാല് കൊടുക്ക് ഗീത കുഞ്ഞിനേയും കൊണ്ട് മുറ്റത്തേക്കിറങ്ങി …. ദിയ കൈ രണ്ടും കഴുകി വന്ന് ഗീതയുടെ കൈയിൽ നിന്ന് മോളെ വാങ്ങി…..
മുറിയിൽ പോയി കുഞ്ഞിന് പാലു കൊടുക്ക് ബാക്കി തുണി അമ്മ കഴുകിയിട്ടോളാം…..
വേണ്ടമ്മേ മോൾക്ക് പാലു കൊടുത്ത് വന്നിട്ട് ഞാൻ കഴുകിയിട്ടോളാം
മോളിത്തിരി റെസ്റ്റ് എടുക്ക് അമ്മ കഴുകി ഇടാം എന്നും പറഞ്ഞ് അലുക്ക് കല്ലിനരികിൽ വന്ന് കഴുകാനുള്ള തുണി കഴുകാൻ തുടങ്ങി. ഇടയ്ക്ക് ബിന്ദുവിൻ്റെ കടുത്ത് ദിയയെ വനോളം പുകഴ്ത്താനും മറന്നില്ല…… കുഞ്ഞിന് പാലു കൊടുത്ത് ദിയ മോളേയും കൊണ്ട് പുറത്തേക്ക് വന്നു.
മോളെന്തിനാ വന്നത് കുഞ്ഞിൻ്റെ കൂടെ ഇത്തിരി നേരം കിടക്കാൻ പാടില്ലായിരുന്നോ….?
ദിയ ഒന്നു ചിരിക്കുക മാത്രം ചെയ്തു.
ദിയയുടെ ഭാഗ്യമാണ് ഗീത ചേച്ചിയെ അമ്മായിയമ്മയായി കിട്ടിയത്….
ദിയ ഗീതയെ നോക്കി പുഞ്ചിരി തൂകി
ഗീത തുണിയെല്ലാം കഴുകി വിരിച്ചിട്ടു ദിയ വീടിനകത്തേക്ക് വന്ന് അത്താഴത്തിനുള്ള പണികൾ നോക്കി…..
വൈകുന്നേരം മക്കൾ മൂന്നു പേരും പണി കഴിഞ്ഞ് വന്നപ്പോൾ ഗീത ഇന്നത്തെ വഴക്കിനെ കുറിച്ചും ദിയയെ കുറിച്ചും അരുണിനോട് പരാതി പറഞ്ഞു…..
നീ എന്താ ദിയ ഇങ്ങനെ? ഒന്നിലും ഒരു ശ്രദ്ധ ഇല്ലാതായാൽ എന്താ ചെയ്യുക.
എനിക്ക് എന്ത് ശ്രദ്ധ ഇല്ലന്നാ അരുണേട്ടൻ പറയുന്നത് …. കുഞ്ഞിൻ്റെ കാര്യങ്ങൾ ഒന്നും നോക്കാതെ നാളെ മുതൽ വീട്ടിലെ പണികൾ മാത്രം ചെയ്യാം ഞാൻ.
പണികളും ചെയ്യണം കുഞ്ഞിനേയും നോക്കണം ……
അതെ അങ്ങനെ വേണം പെണ്ണുങ്ങൾ ഞാൻ നിങ്ങളെ മൂന്നു പേരേയും നോക്കി വീട്ടിലെ എല്ലാം പണിയും ചെയ്താലും അമ്മായിയമ്മ എന്തേലും കുറ്റം കണ്ടു പിടിക്കുമായിരുന്നു.
അപ്പോ അമ്മക്കും കുറ്റങ്ങൾ ഉണ്ടായിരുന്നു അല്ലേ…….? അതുവരെ ഒന്നും മിണ്ടാതെ മൊബൈലും നോക്കിയിരുന്ന ഇളയ മകൻ അകാശ് ചോദിച്ചു.
ചെറിയ ചെറിയ കാര്യങ്ങൾ മതിയായിരുന്നു എൻ്റെ അമ്മായി അമ്മക്ക് വഴക്കുണ്ടാക്കാൻ
അമ്മക്ക് പിന്നെ വലിയ കാര്യങ്ങൾ വേണോ? ഇന്നലത്തെ വഴക്കിൻ്റെ കാര്യം എന്തായിരുന്നമ്മേ…? അമ്മ ഓർക്കുന്നുണ്ടോ? കറിക്ക് ഉപ്പു കൂടിപ്പോയി അതായിരുന്നു- അതിന് മുൻപത്തെ ദിവസം എന്തായിരുന്നു….?
നീ എന്താ എന്നെ ചോദ്യം ചെയ്യുകയാണോ
അല്ല ….. എൻ്റെ അമ്മ മരുമോൾ കാരണം ഒത്തിരി കഷ്ടപെടുന്നുണ്ടല്ലോ ?അതിൻ്റെ കാരണം അറിയണമല്ലോ അതു കൊണ്ട് ചോദിച്ചതാ….
ഞാൻ നിന്നോടല്ല പറഞ്ഞത് അരുണിനോടാണ് ധർമ്മ കല്ല്യാണം നടത്തി കൊണ്ട് വന്ന് വീട്ടിലെ രാജകുമാരിയായി വാഴിച്ചിരിക്കുകയല്ലേ ഒരുത്തിയെ…..
രാജകുമാരിയോ.? ദിയേട്ടത്തിയോ.? പാവം ഒരു വീട്ടുവേലക്കാരിയുടെ പരിഗണന ഏട്ടത്തിക്ക് അമ്മ കൊടുക്കുന്നുണ്ടോ ?
നിനക്ക് അങ്ങനെയൊക്കെ തോന്നും വീട്ടിലെ പണികൾ ചെയ്യേണ്ടത് അവളുടെ ഉത്തരവാദിത്വമാണ് അതെങ്ങനെ വേലക്കാരിയാകും
ആ ഉത്തരവാദിത്വം അമ്മയ്ക്കില്ലേ.? ഈ വീട്ടിലെ മറ്റ് അംഗങ്ങൾക്ക് ഇല്ലേ??ഏട്ടത്തിക്ക് മാത്രമേയുള്ളോ ഉത്തരവാദിത്വം?
എൻ്റെ മക്കൾ കഷ്ടപ്പെട്ടുണ്ടാക്കി കൊണ്ടുവരുന്നത് നശിപ്പിക്കുന്നത് ഞാൻ കണ്ടില്ലന്ന് നടിക്കണോ എന്നിട്ട് മിണ്ടാതെയിരിക്കണോ?
കുഞ്ഞ് കരയുന്നത് അമ്മ കേട്ടതല്ലേ എന്നിട്ടെന്താ അമ്മ കുഞ്ഞിനെ എടുക്കാതെയിരുന്നത്. ?ഏട്ടത്തി കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പോയത് അമ്മ കണ്ടതല്ലേ? അമ്മ എന്താ കറി നോക്കാതെ ഇരുന്നത്.? കറി കരിഞ്ഞു പോയതല്ല അമ്മേടെ പ്രശ്നം അത് ഏട്ടത്തീടെ തലയിൽ കെട്ടിവെയ്ക്കാനാണ് അമ്മ ശ്രമിക്കുന്നത്. …. എന്നിട്ട് വഴക്കുണ്ടാക്കി എല്ലാവരുടേയും സമാധാനം കളയണം ….. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നവർക്ക് സമാധാനം കൊടുക്കരുത് അതാണ് അമ്മേടെ ആഗ്രഹം….
ഞാനാണാടോ സമാധാനം തരാത്തത് എന്നാൽ ഞാനിറങ്ങി തന്നേക്കാം
ഇന്നത്തെ പ്രശ്നം ഏട്ടത്തി ഞങ്ങൾ വന്നു കയറിയ ഉടനെ പറഞ്ഞോ? അമ്മയല്ലേ അരുണിനോട് പറഞ്ഞത്
അതിന് കാരണം ഉണ്ട് …. ഞാൻ എല്ലാവരുടേയും മുന്നിൽ വെച്ചാ പറയുന്നത്…. ഞാനിങ്ങനെ പറയാതെ ഇരുന്നാൽ ഇവൾ കുറ്റമെല്ലാം എൻ്റെ നേരെയാക്കി തലയണമന്ത്രം ഓതി കൊടുത്ത് എൻ്റെ മോനെ എന്നിൽ നിന്ന് അകറ്റും അതാണ് ഞാൻ പറഞ്ഞത്
ഞാൻ അമ്മയെ കുറ്റം പറയില്ല ഇവന് നട്ടെല്ല് ഇല്ലാത്തതിൻ്റെ പ്രശ്നം ആണ്….കെട്ടിയ പെണ്ണിനെ അമ്മക്ക് അടിമയായി വിട്ടുകൊടുത്ത ഇവനെ പറഞ്ഞാ മതി…… അകാശ് അരുണിൻ്റെ നേരെ ചൂണ്ടി കൊണ്ട് പറഞ്ഞു…….
സ്വന്തം കുഞ്ഞിന് മു ലപ്പാൽ കൊടുക്കണമെങ്കിൽ അമ്മയുടെ അനുവാധം വേണം. ആ ഇത്തിരിയില്ലാത്ത കുഞ്ഞിനോട് പോലും പകയാണ് എന്നിട്ട് പറയുന്നു മകൻ്റെ കുഞ്ഞാണ് തേനാണ് പാലാണ് എന്നൊക്കെ…… നിങ്ങളൊരു ദു ഷ്ട സ്ത്രിയാണ്. നിങ്ങളെ പോലെ ഈ വീടിൻ്റെ പടി കയറി വന്നതല്ലേ ഏട്ടത്തിയും എന്നിട്ട് ഏട്ടത്തിക്കൊരു നീതി അമ്മക്ക് മറ്റൊരു നീതി ഇതെവിടുത്തെ ന്യായമാണ്?
ഞാൻ ഈ വീടിൻ്റെ പടി കയറി വന്നത് ഒന്നും ഇല്ലാതെയല്ല … ആവശ്യത്തിന് പൊന്നും പണവും തന്നാണ് എൻ്റെ അച്ഛൻ എന്നെ വിട്ടത്…..
അപ്പോ അമ്മയുടെ പ്രശ്നം സ്ത്രീധനമാണല്ലേ….. അമ്മ ഒന്നോർക്കണം അമ്മയുടെ മകനോടുള്ള സ്നേഹം കൊണ്ട് അമ്മയേയും കുടുംബത്തേയും വിട്ട് ഇറങ്ങി വന്നവളല്ലേ ഏട്ടത്തി ?അമ്മയുടെ മകൻ്റെ കൂടെ നല്ലൊരു ജീവിതം കൊതിച്ച് വന്നു കയറിയതല്ലേ….? അമ്മയുടെ മകനെ വിശ്വസിച്ച് നല്ലൊരു ജീവിതം സ്വപ്നം കണ്ട് വന്നവളല്ലേ ഏട്ടത്തി ?എന്നിട്ട് എന്താ ഏട്ടത്തിക്ക് നമ്മൾ കൊടുക്കുന്നത്…… കുറെ കുറ്റപ്പെടുത്തലുകളും വഴക്കും സമാധനക്കേടും എന്നിട്ടും പരാതിയോ പരിഭവമോ കൂടാതെ ഏട്ടത്തി ഇതെല്ലാം സഹിക്കുന്നത് ആ അമ്മയുടെ മുന്നിലേക്ക് വീണ്ടും കേറി ചെല്ലാനുള്ള മടി കൊണ്ടായിരിക്കില്ലേ.? അരുണിനോടുള്ള സ്നേഹം കൊണ്ടായിരിക്കില്ലേ.?
അകാശ് പറയുന്നതെല്ലാം കേട്ട് ഗീത ഒന്നും മിണ്ടാതെ നിന്നു.
ഞാനും ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട് ….. സ്ത്രിധനമായി ഒന്നും അവളും കൊണ്ടു വരില്ല..: അമ്മ അവളോടും ഇങ്ങനെ ആയിരിക്കുമല്ലോ പെരുമാറുന്നത്. അതുകൊണ്ട് ഞാനൊരിക്കലും അവളെ കെട്ടി കൊണ്ട് ഇവിടേക്ക് വരില്ല എന്നെ വിശ്വസിച്ച് എൻ്റെ കൂടെ ഒരു ജീവിതം കൊതിച്ച് വരുന്ന ആ പെൺകുട്ടിയെ ഇവിടെ കൊണ്ടു വന്നിട്ട് നരകിപ്പിക്കാൻ ഞാനിവനെ പോലെ നട്ടെല്ലില്ലാത്തവനല്ല….. അതുപോലെ എട്ടത്തിയെ പോലെ ഒന്നും മിണ്ടാതെ എല്ലാം സഹിക്കാൻ തയ്യാറുമല്ല എൻ്റെ പെണ്ണ്.
അകാശ് പറഞ്ഞതു കേട്ട് ഗീത നടുങ്ങി:…..
അമ്മ ഒന്നോർക്കണം ഏട്ടത്തി നല്ല തൻ്റേടമുള്ള പെണ്ണായിരുന്നെങ്കിൽ ഇന്ന് അമ്മേടെ മോൻ അരുൺ അമ്മയോടൊപ്പം ഈ വീട്ടിൽ ഉണ്ടാകുമായിരുന്നില്ല…. അവനേയും കൂട്ടി എന്നേ ഏട്ടത്തി ഈ പടി ഇറങ്ങുമായിരുന്നു.:….. ..? വന്നു കേറിയ പെൺകുട്ടികളെ സ്വന്തം മകളായി കാണണം എന്നൊന്നും ഞാൻ പറയില്ല… പക്ഷേ മകൻ്റെ ഭാര്യയായി കാണണം ………. അമ്മ മകനെ പ്രസവിച്ചതു പോലെ തന്നെ മറ്റൊരമ്മ പ്രസവിച്ചതാണ് അമ്മേടെ മരുമകളെ….. അമ്മ എങ്ങനെ കഷ്ടപ്പെട്ടാണോ മകനെ വളർത്തിയത് അതുപോലെ കഷ്ടപ്പെട്ട് വളർത്തിയതാണ് മകൻ്റെ ഭാര്യയായി വരുന്ന പെൺകുട്ടികളേയും. നമ്മുടെ വീട്ടിൽ കയറി വന്നതു കാരണം നശിക്കേണ്ടതല്ല അവളുടെ ജീവിതവും ജീവനും….. അമ്മയുടെ മകൻ്റെ ജീവനും ജീവിതത്തിനും എത്ര പ്രധാന്യം ഉണ്ടോ അത്ര തന്നെ പ്രധാന്യം ഉണ്ട് മരുമകളായി വന്നു കയറുന്ന പെൺകുട്ടികളുടെ ജീവനും ജീവിതത്തിനും….. അമ്മ ഒന്നുകൂടി ഓർക്കണം മരുമകൾക്ക് സമാധാനം കൊടുക്കാതിരിക്കുമ്പോൾ നഷ്ടപ്പെടുന്നത് മകൻ്റെ സമാധാനം കൂടിയാണ്
ആകാശിൻ്റെ വാക്കുകൾ ഗീതയുടെയും അരുണിൻ്റേയും ഹൃദയങ്ങളെ കീറി മുറിച്ച് കടന്നു പോയി…… ഗീത ദിയയുടെ അരികിലെത്തി ദിയയെ ചേർത്തു പിടിച്ചു. ഇവൾ എൻ്റെ മരുമകൾ അല്ല മകളാണ്. സോറി മോളെ അമ്മ മോളോട് ചെയ്തതിനും പറഞ്ഞതിനും എല്ലാം സോറി…..
ദിയ ഗീതയുടെ തോളിലേക്ക് പറ്റി ചേർന്നു കിടന്നു……
അമ്മയുടെ ഈ മാറ്റം ആത്മാർത്ഥമായിട്ടുള്ളതാണോ എന്നൊന്നും എനിക്കറിയില്ല…. അതു കൊണ്ട് ഏട്ടത്തി ഒരു കാര്യം ചെയ്യണം അമ്മ പറയുന്നതെല്ലാം കേട്ട് എല്ലാം സഹിച്ച് ഇവിടെ കഴിയേണ്ട കാര്യം ഇല്ല പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം ശബ്ദം ഉയർത്തേണ്ടിടത്ത് ശബ്ദം ഉയർത്തണം ….. ഏട്ടത്തി ഈ വീട്ടിലെ ഒരംഗം തന്നെയാണ് അല്ലാതെ വേലക്കാരിയല്ല…. സ്വന്തം കുഞ്ഞിന് മുലപ്പാൽ കൊടുക്കേണ്ടത് ഏട്ടത്തിയുടെ അവകാശമാണ്. അതിന് ആരുടെയും അനുവാധത്തിന് കാത്തുനിൽക്കേണ്ട ആവശ്യം ഇല്ല….. പിന്നെ എട്ടത്തി ഈ വീട്ടിലെ മുഴുവൻ പണിയും ഏട്ടത്തി തന്നെ ചെയ്യേണ്ട കാര്യം ഇല്ല…. അരുണിൻ്റേയും കുഞ്ഞിൻ്റേയും ഏട്ടത്തിയുടെയും കാര്യങ്ങൾ നോക്കിയതിന് ശേഷം മാത്രം സമയം ഉണ്ടെങ്കിൽ മറ്റുള്ള പണികൾ ചെയ്താ മതി. പിന്നെ കറി കരിഞ്ഞ് പോവുക കറിക്ക് ഉപ്പു എരിവ് കൂടി പോവുക സ്വാഭാവികം മാത്രമാണ്. എന്നും പറഞ്ഞ് അമ്മയുടെ വഴക്കും കേട്ട് പട്ടിണി കിടക്കേണ്ട കാര്യം ഇല്ല.
പിന്നെ അരുൺ ഒരു കാര്യം ഓർക്കുന്നത് നല്ലതാ ആ കുട്ടിയെ വിളിച്ചിറക്കി കൊണ്ടുവന്നത് നിൻ്റെ അമ്മക്ക് തട്ടിക്കളിക്കാൻ വേണ്ടിയല്ല. സന്തോഷത്തോടെ സമാധാനത്തോടെ നിനക്കൊപ്പം ജീവിക്കാൻ വന്ന ഏട്ടത്തിയുടെ കാര്യത്തിൽ നിൻ്റെ ശ്രദ്ധയും കരുതലും ഉണ്ടാകണം…. അമ്മ പറയുന്നതു മാത്രം കേട്ട് ഭാര്യയെ കുറ്റപ്പെടുത്തും മുൻപ് ഭാര്യക്ക് പറയാനുള്ളതു കൂടി കേൾക്കാൻ നീ മനസ്സു കാണിക്കണം…..
അമ്മ നന്നായാൽ അമ്മക്ക് നല്ലത് ഇല്ലങ്കിൽ അവസാന കാലത്ത് മക്കളുടെ കൈയിൽ നിന്ന് ഒരു തുള്ളി വെള്ളം കിട്ടില്ല
അമ്മേ …… അപ്പോ എങ്ങനെയാ ഞാൻ എൻ്റെ പെണ്ണിനെ കെട്ടി ഇങ്ങോട്ട് കൊണ്ടു വരണോ അതോ വാടക വീട് നോക്കണോ?
അകാശ് ചോദിച്ചതു കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു.
അവസാനിച്ചു.
അഭിപ്രായം പറയണേ