ഇപ്പോ അമ്മക്ക് ഒരു കാര്യം മനസ്സിലായി നിങ്ങളുടെ പിണക്കത്തിൻ്റെ കാരണം അമ്മ അറിയാൻ പാടില്ലാത്തതാണന്ന്…

രചന : സ്നേഹ സ്നേഹ

:::::::::::::::::::

എന്താടാ നിൻ്റെ പ്രശ്നം എന്തിനാ നീ ഇവളോട് മിണ്ടാതെ നടക്കുന്നത്

അടുക്കളയിലേക്ക് വന്ന അജയ് അമ്മ സുമിത്രയുടെ ചോദ്യം കേട്ട് ഞെട്ടി

ഈ അമ്മ എങ്ങനെ അറിഞ്ഞു ഞാനിവളോട് മിണ്ടാതെ വഴക്കിട്ട് നടക്കുകയാണന്ന് ഇനി ഇവളെങ്ങാനും പറഞ്ഞു കാണുമോ? അജയ് അശ്വതിയുടെ നേരെ നോക്കി അവളാണങ്കിൽ ഞാൻ അടുക്കളയിലേക്ക് വന്നതും അറിഞ്ഞില്ല അമ്മ എന്നോട് ചോദിച്ചതും കേട്ടില്ലന്ന മട്ടിൽ പാത്രം കഴുകി കൊണ്ടിരിക്കുന്നു…..

എന്താടാ ഞാൻ ചോദിച്ചതു കേട്ടില്ലേ ?അതോ എന്നോട് പറയാൻ കള്ളം കണ്ടു പിടിക്കുകയാണോ?

ഞാനെന്തു പറഞ്ഞിട്ടും കാര്യമില്ല ഈ അമ്മായിയമ്മ മരുമോൾടെ സൈഡേ നിൽക്കു…. അതിലും ഭേദം മിണ്ടാതെ സ്ഥലം കാലിയാക്കുന്നതാ…. അജയ് ഒന്നും മിണ്ടാതെ അടുക്കളയിൽ നിന്ന് പുറത്തേക്ക് പോകാൻ ഭാവിച്ചു…..

നിൽക്കടാ അവിടെ…… രണ്ടു മൂന്നു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു….. അവളു മുഖവും വീർപ്പിച്ച് നടക്കുന്നു…. നീയാണെങ്കിൽ……. താമസിച്ച് വീട്ടിൽ വന്നുകയറുന്നു….. മിണ്ടാട്ടം ഇല്ലാതെ അവളു വന്ന് വിളമ്പി തരുന്നു…..മിണ്ടാതെയിരുന്ന് നീ കഴിച്ചിട്ടു പോകുന്നു……. പഴയപ്പോലെ കളിയും ചിരിയും ഇല്ല …. മൂകത പിടിച്ചതു പോലെ…. എന്തു പറ്റി രണ്ടു പേർക്കും…..

ഒന്നും ഇല്ലമ്മേ….. അജയ് അമ്മയുടെ ചോദ്യത്തിന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു…..

നീ പറയുന്നില്ലങ്കിൽ വേണ്ട എൻ്റെ മോളു പറയും…. സുമിത്ര അശ്വതിയുടെ അടുത്തെത്തി എന്താ മോളെ പ്രശ്നം…. അമ്മയോട് പറയാൻ പറ്റുന്നതാണെങ്കിൽ പറ….

ഒന്നുമില്ലമ്മേ …..

ആ പറച്ചിലിൽ തന്നെയുണ്ടല്ലോ എന്തോ ഒരു സങ്കടം…….

അമ്മക്ക് തോന്നുന്നതാകും എനിക്ക് സങ്കടം ഒന്നും ഇല്ല…..

ഇപ്പോ അമ്മക്ക് ഒരു കാര്യം മനസ്സിലായി നിങ്ങളുടെ പിണക്കത്തിൻ്റെ കാരണം അമ്മ അറിയാൻ പാടില്ലാത്തതാണന്ന്. എനിക്കറിയണ്ട ……പക്ഷേ ഒരു കാര്യം അമ്മ പറയാം പിണക്കങ്ങളും ഇണക്കങ്ങളും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും ….. ഉണ്ടാകും എന്നല്ല ഉണ്ടാകണം …. ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലാത്ത ദാമ്പത്യത്തിൽ സ്നേഹം ഇല്ല …. അങ്ങനെയുള്ള ജീവിതം എഴുതി വെച്ച തിരക്കഥ പോലെ അഭിനയംമാത്രമാണ്…… ഒരു കാര്യം കൂടി അമ്മ പറയാം….. ഏതൊരു പിണക്കത്തിനും ഒരു രാത്രിയുടെ ആയുസേ ഉണ്ടാകാൻ പാടുള്ളു…. പറഞ്ഞ് പരിഹരിച്ച് മുന്നോട്ട് പോയാൽ ചെറിയ പിണക്കങ്ങൾ ഒരിക്കലും വലിയ പ്രശ്നങ്ങൾ ആയി മാറില്ല….. നിങ്ങൾക്ക് പരിഹരിക്കാൻ പറ്റാത്ത പ്രശ്നം ആണെങ്കിൽ മാത്രമേ മറ്റുള്ളവരുമായി പങ്കുവെയ്ക്കാവു

നീ പൊയ്ക്കോ…… സുമിത്ര അജയൻ്റെ നേരെ നോക്കി പറഞ്ഞിട്ട് സുമിത്ര തൻ്റെ ജോലി തുടർന്നു……

അജയ് പോകാതെ അവിടെ തന്നെ നിന്നു

അമ്മേ……

എന്താ മോളെ…. എന്തു പറ്റി എന്തിനാ എൻ്റെ കുട്ടീടെ കണ്ണു നിറഞ്ഞത്

അജയേട്ടന് ബുള്ളറ്റ് വാങ്ങണന്ന്…. അതിന് എൻ്റെ സ്വർണ്ണം പണയം വെയ്ക്കാൻ വേണന്ന്….. ഞാൻ അത് സമ്മതിച്ചില്ല…. അതിനാ അജയേട്ടൻ എന്നോട് പിണങ്ങി നടക്കുന്നത്…..

എന്താടാ ഞാനി കേൾക്കുന്നത് …… അവളുടെ സ്വർണ്ണം അവളുടെ അച്ഛൻ അവൾക്കായി കൊടുത്തതാണ് അതു വിറ്റ് നിനക്ക് ഇപ്പോ ബുള്ളറ്റ് വാങ്ങേണ്ട ആവശ്യം എന്താ…..

എൻ്റെ ഒരാഗ്രഹമാണ് പുതിയ മോഡൽ ബുള്ളറ്റ് വാങ്ങണം എന്നത്

അതിന് അവളുടെ സ്വർണ്ണം മാത്രമേ നീ കണ്ടുള്ളൂ…… നിനക്കിവിടെ അത്യാവശ്യത്തിന് കാറും ബൈക്കും ഉണ്ട് ….. ഇനി ബുള്ളറ്റ് വേണമെങ്കിൽ നീ സ്വന്തം അദ്ധ്വാനിച്ച് വാങ്ങണം അല്ലാതെ ഭാര്യയുടെ സ്വർണ്ണം വിറ്റല്ല വാങ്ങേണ്ടത്…… കേട്ടല്ലോ നീ

അജയ് അശ്വതിയുടെ നേരെ രൂക്ഷമായി നോക്കി….

നീ അവളെ നോക്കി പേടിപ്പിക്കണ്ട….

അമ്മക്കറിയോ? കഴിഞ്ഞ മാസം കമ്പനിയിലെ കൂട്ടുകാർക്കൊപ്പം ടൂർ പോകാനായി എൻ്റെയൊരു വള പണയം വെച്ചു… ഒരാഴ്ചക്കകം എടുത്ത് തരാന്നും പറഞ്ഞ് ഊരി വാങ്ങിയതാ ഇരുവരെ അത് എടുത്ത് തന്നിട്ടില്ല…… അശ്വതി പറഞ്ഞതു കേട്ട് സുമിത്രയുടെ മുഖം ദേഷ്യത്താൽ വിറച്ചു.

കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്നു തികഞ്ഞില്ല അതിന് മുന്നേ ആ കൊച്ചിൻ്റെ വള പണയം വെച്ചു പോരാഞ്ഞിട്ട് അവനിപ്പം സ്വർണ്ണം പണയം വെച്ചിട്ട് ബുള്ളറ്റ് വാങ്ങണംപോലും….

ഈ ബുള്ളറ്റ് ഇപ്പോ വാങ്ങുന്നത് എന്തിനാന്ന്റിയോ? കുട്ടുകാർക്കൊപ്പം ഹിമാലയം ചുറ്റാൻ പോകാനാണ്. ….. എൻ്റെ അച്ഛനും അമ്മയും എത്ര കഷ്ടപ്പെട്ടാന്നറിയോ ഈ സ്വർണ്ണം വാങ്ങി തന്ന് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതെന്ന് അറിയോ…ആവശ്യത്തിനോ അത്യാവശ്യത്തിനോ ആണങ്കിൽ സന്തോഷപൂർവ്വം ഞാനി സ്വർണ്ണം ഊരി തരും പക്ഷേ ഇത് ആഡംബരമല്ലേയമ്മേ?…. യാത്ര ചെയ്യാനായി ഇവിടെ കാറും ബൈക്കും ഉണ്ട്……

അതു ശരി ….. കൂട്ടുകാർക്കൊപ്പം ടൂർ അടിച്ചു നടക്കാൻ വേണ്ടിയാണോ എൻ്റെ മോൻ പെണ്ണുകെട്ടിയത്…… ഭാര്യയുടെ സ്വർണ്ണം വിറ്റ് ടൂർ പോകുന്ന ഈ ലോകത്തെ ഏക വ്യക്തി എൻ്റെ മോനായിരിക്കും..,,,

അതിന് കൊട്ട കണക്കിന് സ്വർണ്ണരുമായിട്ടല്ലേ ഭാര്യ വന്നിരിക്കുന്നത്.

അതു നിനക്കറിയാലോ എന്നിട്ടാണോ എൻ്റെ മോൻ ആ ഇത്തിരിയുള്ളത് ഊരി വാങ്ങിയത്…… എടാ നാണം വേണം … നിനക്ക് നാണം ഉണ്ടായിരുന്നെങ്കിൽ ആ വള പറഞ്ഞ സമയത്ത് എടുപ്പിച്ച് കൊടുത്തേനെ……

ഞാൻ എടുത്ത് കൊടുക്കും

എന്ന്.? എടാ നിൻ്റെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഒത്തിരി ആവശ്യങ്ങളും അത്യാവശ്യങ്ങളും ഉണ്ടായിട്ടുണ്ട് അപ്പോഴൊന്നും നിങ്ങളുടെ അച്ഛൻ എൻ്റെ സ്വർണ്ണമൊന്നും ഊരി വാങ്ങിയിട്ടില്ല…… ഞാൻ അറിഞ്ഞ് ഊരി കൊടുത്താലോ അത് എടുപ്പിക്കുന്നതു വരെ പരവേശം ആയിരിക്കും…. പിന്നെ അത് തിരിച്ച് എടുത്ത് കൊണ്ടു വന്നാലേ നിങ്ങളുടെ അച്ഛന് സമാധാനം ആകു…… എന്നിട്ട് പറയും ഇത് നിൻ്റെ അച്ഛൻ നിനക്ക് തന്നതാ അതു ഞാൻ മരിക്കുവോളം നീ അണിഞ്ഞ് കാണുന്ന താ എനിക്കിഷ്ടമെന്ന് …… ഇടറിയ ശബ്ദത്തോടെ സുമിത്ര പറഞ്ഞു കൊണ്ട് നിറഞ്ഞു വന്ന നീർകണങ്ങൾ ഇരു കൈയും കൊണ്ട് തുടച്ചു……

നിനക്ക് ഓർമയുണ്ടോ എന്നറിയില്ല. നിങ്ങളുടെ അച്ഛൻ്റെ പെട്ടന്നുള്ള വേർപാട് അതെന്നെ വല്ലാതെ തളർത്തി മുന്നോട്ട് എങ്ങനെ ജീവിക്കും എന്നറിയാതെ പകച്ചു നിന്ന നിമിഷം ….. ജോലിയും കൂലിയും ഇല്ലാത്ത ഞാൻ എങ്ങനെ നിങ്ങൾ രണ്ടു മക്കളെ വളർത്തും പഠിപ്പിക്കും….. രണ്ടു വർഷങ്ങൾ വലിയ കുഴപ്പങ്ങൾ ഇല്ലാതെ കഴിഞ്ഞു പോയി എൻ്റെ വീട്ടുകാരുടേയും നിങ്ങളുടെ അച്ഛൻ്റെ വീട്ടുകാരുടെയും സഹായം കൊണ്ട് പതുക്കെ പിടിച്ചു കയറി വന്നു…… നിങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അന്നു ഉപകരിച്ചത് ആ സ്വർണ്ണങ്ങളായിരുന്നു…… അന്ന് നിങ്ങളുടെ അച്ഛൻ അതു നശിപ്പിച്ചിരുന്നെങ്കിൽ …? ഞാനെന്തു ചെയ്തേനെ…..

അമ്മേ….. ഞാൻ…. ഒന്നും ചിന്തിച്ചിരുന്നില്ല. കൂട്ടുകാരൊക്കെ നിർബദ്ധിച്ചപ്പോൾ അന്ന് ടൂർ പോയി….. ആ യാത്രയിൽ ഒരു തീരുമാനമെടുത്തു ബുള്ളറ്റുകൊണ്ട് ഒരു യാത്ര ഹിമാലയത്തിലേക്ക് പോകാന്ന്….. അതാണ് ഇപ്പോ ബുള്ളറ്റ് വാങ്ങാൻ തീരുമാനിച്ചത്……

മോനെ നീ ഒരു കാര്യം ഓർക്കണം. പത്തു മാസം മുൻപ് വരെ നീ ഒറ്റക്കായിരുന്നു. ഇപ്പോ നീ ഒരു ഭർത്താവാണ് നാളെ നീയൊരു അച്ഛനാകും നിൻ്റെ ഉത്തരവാദിത്യങ്ങൾ കൂടും. അതുകൊണ്ട് നീ എല്ലാം ത്യജിക്കണമെന്നല്ല…… നിനക്ക് യാത്ര പോകാം കൂട്ടുകാരൊത്ത് ടൂർ പോകാം അടിച്ചു പൊളിക്കാം ആഘോഷിക്കാം പക്ഷേ നീ ഒന്നോർക്കണം നിനക്കൊരു കുടുംബം ഉണ്ട് ഭാര്യ ഉണ്ട് അവർക്ക് ബാധ്യത വരുത്തിവെച്ചു കൊണ്ടാകരുത് ഇതൊന്നും ചെയ്യേണ്ടത് സ്വന്തം അദ്ധ്വാനത്തിൽ നിന്ന് ഒരു പങ്ക് മാറ്റി വെച്ചിട്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക പിന്നെ ജീവിതം ആസ്വദിക്കണം പക്ഷേ ജീവിതം ആഡംബരം ആക്കരുത്…….
.
നിന്നെ പോലെ ഇവളും ഓരോന്ന് ആഗ്രഹിച്ചാലോ? ഇവളും ഓരോന്ന് വിറ്റ് നശിപ്പിച്ചാലോ…. ഭാവിയിലേക്ക് കരുതി വെയ്ക്കണം എന്നൊന്നും അമ്മ പറയില്ല….. നീ ഇവളുടെ സ്വർണ്ണവും പണയം വെച്ച് ബുള്ളറ്റും വാങ്ങി നീ അവിടെ കൂട്ടുകാർക്കൊപ്പം ആസ്വദിക്കുമ്പോൾ ഇവിടെ നിൻ്റെ ഭാര്യ സന്തോഷവതി ആണോ എന്നും കൂടി ചിന്തിക്കണം…….

ഞാനിതൊന്നും ചിന്തിച്ചില്ലമ്മേ അവൻമാർ നിർബദ്ധിച്ചപ്പോ വേറെ ഒന്നും ചിന്തിച്ചില്ല….

കൂട്ടുകാരും കൂട്ടും എല്ലാം നമുക്ക് വേണം എല്ലാറ്റിനും ഒരു പരിധി ഉണ്ട്…. ഇപ്പോ നിങ്ങൾ പിണങ്ങി ഈ പിണക്കം നീണ്ടു നിന്നാലോ ആർക്കാണ് നഷ്ടം നിനക്കോ അതോ കൂട്ടുകാർക്കോ?? നിനക്ക് മാത്രമായിരിക്കും. ഇവൾ പിണങ്ങി ഇവളുടെ വീട്ടിൽ പോയി നിൽക്കട്ടെ കുറച്ചു കാലം…. അപ്പോ കാണാം നിനക്കൊപ്പം ആഘോഷിക്കാനും ആസ്വദിക്കാനും കൂടിയ നിൻ്റെ കൂട്ടുകാരുടെ തനിനിറം അവരുതന്നെ പറയും അവനിതിൻ്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന്…..

നിനക്കിപ്പോ ചെറിയതാണങ്കിലും ഒരു ജോലിയുണ്ട്…… ആ ശമ്പളത്തിൽ ഒതുങ്ങി നിന്നു കൊണ്ടുള്ള യാത്രകൾ ഇപ്പോ നടത്തുക ആ യാത്രകളിൽ നിൻ്റെ ഭാര്യയെ കൂടെ കൂട്ടിയാൽ നിൻ്റെ ജീവിതം ഇതിലും മനോഹരമായിരിക്കും…… വരവ് അറിഞ്ഞ് ചിലവഴിച്ചാൽ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ജീവിച്ച് പോകാം

ഇനിയുള്ള യാത്ര ഇവളോടൊപ്പം ആയിരിക്കും.. അശ്വതിയെ ചേർത്തു പിടിച്ചു കൊണ്ട് അജയ് പറഞ്ഞു…..

ഒരു കാര്യം ചെയ്യ് എന്നാൽ ഒരു യാത്രയ്ക്കുള്ള തയ്യാറെടുപ്പ് നടത്തിക്കോ

എൻ്റെ കൈയിൽ നയാ പൈസ ഇല്ലമ്മേ….

നിനക്ക് കിട്ടുന്ന ശമ്പളമെല്ലാം എന്താടാ നീ ചെയ്യുന്നേ……

ഇതൊക്കെ തന്നെ കൂട്ടുകാർക്കൊപ്പം അടിച്ചു പൊളി ……

മതി മതി കൂട്ടുകാർക്കൊപ്പമുള്ള അടിച്ചു പൊളിയെല്ലാം നിർത്തി….. ഭാര്യയോടൊപ്പം അവളുടെ സന്തോഷങ്ങൾ കണ്ടറിഞ്ഞ് അടിച്ചു പൊളിച്ച് ജീവിക്ക്……

ഇനി അങ്ങനെയേയുള്ളു…….

എന്നാലിവിടെ നിൽക്ക് ഞാനിപ്പോ വരാം സുമിത്ര രണ്ടു പേരോടുമായി പറഞ്ഞിട്ട് തൻ്റെ മുറിയിലേക്ക് പോയി

തൻ്റെ അലമാര തുറന്ന് തൻ്റെ പേഴ്സും എടുത്തു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു……

ഇത് ഇത്തിരി പൈസ ഉണ്ട് രണ്ടു പേരും പോയി ഒരു സിനിമയും കണ്ട് പുറത്തൂന്ന് ഭക്ഷണവും കഴിച്ച് ബീച്ചിലൊക്കെ ഒന്നു കറങ്ങിയിട്ട് ഇങ്ങോട്ട് വരണ്ട നേരെ ഇവളുടെ വീട്ടിലേക്ക് പോയ്ക്കോ രണ്ടു ദിവസം കഴിഞ്ഞ് വന്നാ മതി ഉരുണ്ടു കൂടിയ കാർമേഘം ഇതോടെ ദിശമാറി പോകട്ടെ

അജയും അശ്വതിയും അമ്മയെ കെട്ടി പിടിച്ചു സുമിത്ര രണ്ടു മക്കളേയും ചേർത്തുപിടിച്ചു…….

പോയിട്ടു വാ……

എന്നാൽ അമ്മയും വാ

ഇല്ല മക്കളെ നിങ്ങൾ പോയിട്ടു വാ

രണ്ടു പേരും കൈകൾ കോർത്തു പിടിച്ചു കൊണ്ട് അവരുടെ മുറിയിലേക്ക് പോകുന്നത് സുമിത്ര സന്തോഷത്തോടെ നോക്കി നിന്നു.

Scroll to Top