രചന : സ്നേഹ സ്നേഹ
:::::::::::::::::
അമ്മേ … എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്…..
അടുക്കളയിൽ കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന ജീന തൻ്റെ പ്ലസ് ടു വിന് പഠിക്കുന്ന മകൻ പറഞ്ഞതു കേട്ട് മകൻ്റെ മുഖത്തേക്കു നോക്കി…
എന്താ നീ പറഞ്ഞത് ഒരു പെൺകുട്ടിയെ ഇഷ്ടമാണന്നോ?
അതെ …. അമ്മക്ക് ചെവി കേട്ടുകൂടെ….?
ഏതാടാ ആ പാവം പിടിച്ച പെൺകുട്ടി….
അമ്മയറിയും ആ പെൺകുട്ടിയെ …. ഞാൻ പറയാം ….പക്ഷേ അമ്മയെന്നെ വഴക്കു പറയരുത്. ….
നീ ആദ്യം പറ എന്നിട്ടു തീരുമാനിക്കാം വഴക്ക് പറയണോ വേണ്ടയോ എന്ന്….
എന്നാൽ ഞാൻ പറയുന്നില്ല……
പറയടാ… ഞാനും കൂട്ടി അറിയട്ടെ എൻ്റെ ഭാവി മരുമോൾ ആരാണന്ന്…..
ഞാൻ പറഞ്ഞിട്ടു വേണം അമ്മക്ക് എന്നെ വഴക്ക് പറയാൻ……
ഇല്ലടാ ഞാൻ വഴക്കൊന്നും പറയില്ല അമ്മക്കറിയാം അമ്മേടെ മോൻ്റെ സെലക്ഷൻ ഉഗ്രൻ ആയിരിക്കുമെന്ന്…..
എന്നാൽ ഞാൻ പറയട്ടെ ….
പറയടാ……
അത് അമ്മേടെ കൂട്ടുകാരി സന്ധ്യ ചേച്ചീടെ മോളില്ലേ… ആ ദേവപ്രിയ എന്നു പറയുന്ന പെൺകുട്ടി….
ങേ…. എടാ കുരുത്തംകെട്ടവനേ…… നീ എന്തൊക്കെയാടാ ഈ പറയുന്നത്….
അമ്മയല്ലേ പറഞ്ഞിട്ടുള്ളത് ജാതിയോ മതമോ ഒന്നും അമ്മക്ക് പ്രശ്നമല്ലന്ന് …അതുകൊണ്ടാ.. ഞാൻ
എടാ അതിന് ജാതിയും മതവും പ്രശ്നം ആണന്ന് ആരാ പറഞ്ഞത്.. “…..
പിന്നെ എന്താ പ്രശ്നം….
എടാ ജെറി നിനക്കിപ്പോ എത്ര വയസ്സായി
പതിനെട്ട് കഴിയാൻ പോകുന്നു ….
ദേവപ്രിയയ്ക്കോ .?
എത്ര വയസായി എന്നൊന്നും എനിക്കറിയില്ല…. ഏഴാം ക്ലാസ്സിലാ പഠിക്കുന്നേ എന്ന് അറിയാം
അതെങ്കിലും അറിയാലോ അമ്മേടെ മോന്….. അതു നന്നായി…
അമ്മയെന്താ കളിയാക്കുകയാണോ?
അല്ലടാ …. അഭിനന്ദിച്ചതാ ഞാൻ എൻ്റെ പൊന്നുമോനെ…..
കളിയാക്കിയതാണല്ലേ…. ഞാനിനി ഒന്നും അമ്മയോട് പറയില്ല…..
പിണങ്ങിയോ അമ്മേടെ മോൻ?
ജെറിൻ പിണങ്ങി മാറി നിന്നു…..
അമ്മേടെ മോൻ അമ്മയോട് പിണങ്ങിയോ ?
എന്നോട് മിണ്ടണ്ട…..
അമ്മേടെ മോൻ വന്നേ … ജീന ജെറിയുടെ കൈ തണ്ടയിൽ പിടിച്ചു കൊണ്ട് ഡൈനിംഗ് റൂമിലേക്ക് നടന്നു….
മോനിവിടെ ഇരിക്ക് ഡൈനിംഗ് ടേബിളിനരികിൽ കിടന്ന കസേരയിൽ ജെറിയെ പിടിച്ചിരുത്തിയിട്ട് മറ്റൊരു കസേര വലിച്ച് ജെറിയുടെ കസേരയുടെ അടുത്തേക്ക് നീക്കിയിട്ട് ജീനയും ഇരുന്നു….
പറ നിനക്ക് ആ പെൺകുട്ടിയോട് എന്ത് ഇഷ്ടമാണ് തോന്നിയത്….. ജീന വാത്സല്യത്തോടെ ജെറിയുടെ കൈത്തണ്ടയിൽ തലോടികൊണ്ട് ചോദിച്ചു….
അത് ….അമ്മേ…. ജെറിൻ പരുങ്ങലോടെ വിക്കി…..
എന്താ പറയാൻ വാക്കുകൾ കിട്ടുന്നില്ലേ?
അമ്മേ ….. എനിക്ക് ദേവുനെ ഇഷ്ടമാണ് അത് എന്തിഷ്ടം ആണന്നറിയില്ല.
എന്നാൽ അമ്മ പറയാം. “പ്രണയം” ….. എൻ്റെ മോന് ദേവൂ നോട് പ്രണയം തോന്നുന്നു അല്ലേ. ഐ ലൗ യു എന്ന് പറയാൻ തോന്നുന്നു അല്ലേ.?
ഉം….. അതെയമ്മേ ദേവൂനെ കാണുമ്പോൾ എന്താണന്നറിയില്ല മനസ്സിലൊരു പിടച്ചിൽ….. ദേഹമെല്ലാം കുളിരു കോരുന്നു….. വേറെ ഒരു പെൺകുട്ടിയെ കാണുമ്പോളും ഇങ്ങനെ തോന്നാറില്ല….
എന്നിട്ട് മോൻ ദേവൂനോട് പറഞ്ഞോ “ഐ ലൗ യു “…….
ഇല്ലമ്മേ പറയാനുള്ള ധൈര്യം കിട്ടുന്നില്ല…… പറയാൻ പല പ്രാവശ്യം ശ്രമിച്ചതാ അതിനായി ദേവൂൻ്റെ അടുത്തു ചെന്നതുമാണ്. അവളെ കാണുമ്പോളെ എൻ്റെ തൊണ്ട വരണ്ട് നാവ് അനക്കാൻ പോലും പറ്റുന്നില്ല…… ദേഹം തളരുന്നതുപോലെ തോന്നും ഒന്നും മിണ്ടാതെ തിരിച്ചുപോരും……
അതു നന്നായി ….. പ്രണയത്തിൻ്റെ തുടക്കം ഇങ്ങനെയൊക്കെ തന്നെയാണ്. ഈ ലോകത്ത് ഏറ്റവും മനോഹരമായ ഒന്നാണ് പ്രണയം. എൻ്റെ മോനിപ്പോ ആ അവസ്ഥയിലാണ്…… അമ്മ ഒരു കാര്യം ചോദിക്കട്ടെ….. സത്യസന്ധമായിതന്നെ മോൻ മറുപടി പറയണം
ഉം….. ജെറി വെറുതെ മൂളി കൊണ്ട് അമ്മയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി…..
നി നിൻ്റെ ഇഷ്ടം ദേവൂനോട് തുറന്ന് പറഞ്ഞു എന്നിരിക്കട്ടെ തിരിച്ച് അവളുടെ പ്രതികരണം “നോ ” എന്നാണങ്കിൽ ?
അവൾ അങ്ങനെ പറയുമൊ ?അവൾ നോ പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ലമ്മേ ….. എനിക്ക് അത്രക്കും ഇഷ്ടമാണ് ദേവൂനെ….. ഞാൻ വെറുതെ പ്രണയിക്കാനൊന്നും അല്ല ദേവൂനെ ഇഷ്ടപ്പെടുന്നത് വിവാഹം കഴിക്കാനാണ്…..
ജെറി….. ഇനി അമ്മ പറയാൻ പോകുന്നത് മോൻ ശ്രദ്ധയോടെ കേൾക്കണം മോനിപ്പോ പ്രായം പതിനെട്ട് പൂർത്തി ആയിട്ടില്ല …. രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ മോൻ പ്ലസ് ടു കഴിയും…. പിന്നെ തുടർന്നുള്ള പഠനത്തിനായി നീ ചിലപ്പോൾ ഈ നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരും ….. അല്ലങ്കിൽ ഈ നാട്ടിലുള്ള കോളേജിലുള്ള കോളേജിൽ ചേരും…. എന്തു തന്നെ അയാലും നീ മറ്റൊരു ലോകത്തേക്ക് പറിച്ചു നടുകയാണ് ….അവിടെ നിനക്ക് പുതിയ കൂട്ടുകാരെ കിട്ടും…… അവിടെ നിനക്ക് ഇഷ്ടമായ മറ്റൊരു പെൺകുട്ടിയെ കണ്ടുമുട്ടിയാൽ നീ ഈ ദേവൂനെ മറക്കുകയില്ലേ…… ?
ഇല്ല ഒരിക്കലും ഇല്ല…..
ജെറി നിനക്കിപ്പോ ദേവൂനോട് തോന്നിയത് ശരിയായ പ്രണയം അല്ല…. ഈ പ്രായത്തിൽ എല്ലാം കുട്ടികൾക്കും തോന്നുന്ന ഒരു ആകർഷണം മാത്രം….. കുറച്ചു നാൾ കഴിയുമ്പോൾ നീ മാറി ചിന്തിക്കാൻ തുടങ്ങും അതു നിൻ്റെ കുഴപ്പം അല്ല നീ വളരുന്നതിൻ്റെ നിൻ്റെ ചിന്തകൾ മാറിയതിൻ്റെ നിൻ്റെ ഇഷ്ടങ്ങൾ മാറിയതിൻ്റെ കാരണങ്ങൾ ആയിരിക്കാം
അതുപോലെ ദേവൂൻ്റെ പക്ഷത്ത് നിന്ന് നീ ഒന്നു ചിന്തിച്ചു നോക്കിക്കേ അച്ഛനും അമ്മക്കും ഒരേ ഒരു മകൾ ആ മാതാപിതാക്കൾക്ക് അവരുടെ മകളെ കുറിച്ച് സ്വപ്നം ഉണ്ടാകില്ലേ.:. അതുപോലെ തന്നെ ദേവൂന് സ്വപ്നങ്ങൾ ഇല്ലേ…… ആരെ പ്രണയിക്കണം ആരേ മാരി ചെയ്യണം എന്നൊക്കെ ….. ഇപ്പോ ആ കുട്ടിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ് ആയിട്ടുണ്ടാകു …. നീ ഇപ്പോ അവളോട് ഐ ലൗവ്യു പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോ അവളും തിരിച്ചു പറയാം ….. അതൊരിക്കലും പക്വമായ മറുപടി ആയിരിക്കില്ല കാരണം പ്രായത്തിൻ്റേതായ എടുത്തു ചാട്ടം മാത്രമായിരിക്കും ‘………
ആദ്യം മോൻ നന്നായി പഠിക്ക് ദേവും പഠിക്കട്ടെ…… ദേവൂന് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ചിന്തിക്കാൻ പ്രായമാകട്ടെ അപ്പോ നിൻ്റെ മനസ്സിൽ അന്നും ഈ ഇഷ്ടം ഉണ്ടെങ്കിൽ അന്നു അവളോട് പറയാം ഐ ലൗ യു….. അന്ന് അവൾ ആലോചിച്ച് ഒരു മറുപടി പറയും അത് നോ എന്നാണങ്കിലും എസ് എന്നാണങ്കിലും സ്വീകരിക്കാനുള്ള പക്വത നിനക്കുണ്ടാകണം…….
നിന്നിലുള്ള ഇഷ്ടങ്ങളേയും താത്പര്യങ്ങളേയും അടിച്ചേൽപ്പിക്കനുള്ള ഒരാളായി നീ ദേവൂനെ കാണരുത്. ആ കുട്ടിക്കും ഇഷ്ടങ്ങളും താത്പര്യങ്ങളും സ്വപ്നങ്ങളും ഉണ്ട് അത് നേടിയെടുക്കാൻ നീയൊരു തടസ്സമാകും നീയിപ്പോൾ നീ ഐ ലൗവ് യു പറഞ്ഞോണ്ട് ചെന്നാൽ കാരണം ആ കുട്ടിയുടെ പ്രായം അതാണ്……. പ്രണയവും പoനവും ഒരുമിച്ചു കൊണ്ടുപോകാനുള്ള പക്വതയോ പ്രായമോ ആ കുട്ടിക്ക് ആയിട്ടില്ല…’ അമ്മയുടെ മോൻ കാരണം ആ കുട്ടിയുടെ ഭാവി നശിച്ചു എന്ന് സന്ധ്യായാൻ്റി അമ്മയോട് പറഞ്ഞാൽ അമ്മക്ക് സഹിക്കാൻ പറ്റുമോ?
ജെറി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ ജീനയുടെ നെഞ്ചിലൊരു പിടപ്പ് ഉണ്ടായി…..
മോനെ ദേഷ്യമായോ അമ്മയോട്..
ഇല്ല…. .
പിന്നെ എന്താ ചിന്തിക്കുന്നത്…..
ഒന്നും ഇല്ല…….
എന്തോ ഉണ്ട്….. അമ്മയോട് പറ അല്ലങ്കിൽ അമ്മക്ക് സങ്കടമാകും….
ഞാനിപ്പോൾ എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞില്ലങ്കിൽ അവൾക്ക് മറ്റ് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ എൻ്റെ കാത്തിരിപ്പ് വെറുതെ ആകില്ലേ…..
ഇപ്പോ നീ നിൻ്റെ ഇഷ്ടം തുറന്നു പറഞ്ഞു എന്നിരിക്കട്ടെ .. …. പ്രായത്തിൻ്റെ എടുത്തു ചാട്ടം കൊണ്ടോ പക്വത ഇല്ലായ്മ കൊണ്ടോ അവളും നിന്നോട് ഇഷ്ടം പറഞ്ഞേക്കാം ….. കുറെ നാൾ കഴിയുമ്പോൾ നിൻ്റെ ചില സ്വഭാവങ്ങളും ഇഷ്ടങ്ങളും രീതികളും ഇഷ്ടമായില്ലന്ന് വരാം ആ സമയം ആ കുട്ടി മാറി ചിന്തിക്കില്ലന്ന് പറയാൻ പറ്റുമോ? നിന്നോടുള്ള ഇഷ്ടം വേണ്ടന്ന് വെച്ച് മറ്റൊരാളേ ഇഷ്ടപ്പെട്ടു എന്നു വരാം……..
നമ്മുക്ക് ഒരാളെ ഇഷ്ടായതുപോലെ തിരിച്ച് അവരും നമ്മളെ ഇഷ്ടപെടണം എന്നു വാശിപിടിക്കരുത്. എല്ലാവർക്കും അവരുടേതായ വ്യക്തിസ്വാതന്ത്ര്യം ഉണ്ട്…….
അപ്പോ എനിക്കിപ്പോ തോന്നിയ ഇഷ്ടം വേണ്ടന്ന് വെയ്ക്കണം അല്ലേ..?
അങ്ങനെ അമ്മ പറഞ്ഞോ ക്ഷമയോടെ കാത്തിരിക്ക്…… ആ കുട്ടിക്കും പ്രായപൂർത്തിയാകട്ടേ….. നിൻ്റെ ഇഷ്ടം ആത്മാർത്ഥമാണെങ്കിൽ നീ കാത്തിരിക്കും…… അപ്പോൾ അവർ പ്രതികൂലിച്ചോ അനുകൂലിച്ചോ മറുപടി തന്നാൽ അത് എന്തായാലും നീ സ്വീകരിക്കണം.:…….
ഞാൻ കാത്തിരിക്കാം……. ജെറി വളരെ വിഷമത്തോടെ പറഞ്ഞു…
സങ്കടപ്പെടണ്ട… .. ഭാവിയിൽ ഒത്തിരി സങ്കടപ്പെടാതിരിക്കാനാണ് അമ്മ ഇപ്പോ ഇത് പറഞ്ഞു തന്നത്……. കുറച്ചു നാളുകൾക്കു മുൻപ് അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ മോൻ ഓർക്കുന്നുണ്ടോ?
ഉണ്ട്…
പെൺകുട്ടികളെ മാത്രം ഉപദേശിച്ചതുകൊണ്ട് കാര്യമില്ല മോനെ….. ഇന്ന് പെൺകുട്ടികൾ ഉള്ള മാതാപിതാക്കളെക്കാൾ ഭയപ്പെടേണ്ടത് ആൺ കുട്ടികൾ ഉള്ള മാതാപിതാക്കളാണ്.. ..
അതുകൊണ്ടാണല്ലോ അമ്മ അന്ന് അങ്ങനെയൊക്കെ പറഞ്ഞു തന്നത്……. പ്രണയിച്ചോ….! മതമോ ജാതിയോ ഒന്നും നോക്കണ്ട പക്ഷേ ആരുടേയും ഭാര്യമാരേയോ മക്കളുള്ള അമ്മമാരേയോ പ്രണയിക്കരുത് ….. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനായി കഴിയാതെ ഒരു പെണ്ണിനേയും വിളിച്ചു കൊണ്ട് ഈ വീടിൻ്റെ പടി കയറി വരരുത് എന്നും അമ്മ പറഞ്ഞിട്ടുണ്ടല്ലോ …….
മക്കളെ സ്നേഹിക്കുന്ന ഏതൊരമ്മയും പറഞ്ഞു കൊടുക്കുന്നതേ അമ്മയും പറഞ്ഞു തന്നിട്ടുള്ളു…… നമ്മുടെ ജീവിതം നമ്മുടെ കൈയിലാണ് അതെങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ് എങ്കിലും മതാപിതാക്കളുടെ വാക്കുകൾ ധിക്കരിക്കാതെയിരിക്കുന്നതും നല്ലതാണ്……
ഞാൻ കാത്തിരിക്കാമ്മേ .…… അമ്മ പറഞ്ഞതുപോലെ അന്നും എൻ്റെ മനസ്സിൽ ദേവു ഉണ്ടെങ്കിൽ ഞാൻ ദേവു നോട് എൻ്റെ ഇഷ്ടം തുറന്ന് പറയും …..
അതിന് ആദ്യം വേണ്ടത് ഒരു ജോലിയാണ് ….. ഇപ്പോ നന്നായി പഠിക്ക് അവളും പഠിക്കട്ടെ…..
ശരിയമ്മേ….. അമ്മയുടെ കവിളിൽ മുത്തം കൊടുത്ത് ജെറി എഴുന്നേറ്റു പോയി…..
പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴിക്കും തിരിച്ചു വരുമ്പോളും ദേവൂനെ കണ്ടെങ്കിലും പറയാനുള്ളത് പറയാതെ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
എന്താടാ നീ അവളോട് പറയുന്നി ല്ലേ….?
ഇല്ലടാ…. കൂട്ടുകാരുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ജെറി നടന്നു.
അവന് ധൈര്യം ഇല്ലന്നേ….. ആണാന്നും പറഞ്ഞ് നടന്നിട്ട് കാര്യം ഇല്ലടാ പോയി പറയടാ കൂട്ടുകാരൻ ജെറിനെ പിടിച്ചുതള്ളി…..
ഇപ്പോ പറയുന്നില്ല……
ധൈര്യം ഇല്ലാത്തവന് പറഞ്ഞിട്ടുള്ളതല്ല പ്രണയം നീ ഞങ്ങളെ കണ്ടു പഠിക്ക്….. നീ കണ്ടു നോക്ക് എങ്ങനാ പ്രണയിക്കുന്നതെന്ന് എൻ്റെ കിളി ഇപ്പോ വരും ഇതുവഴി
നിങ്ങളു പ്രണയിച്ചോ… ഞാൻ പോണു
അസൂയപ്പെട്ടിട്ടു കാര്യമില്ലടാ…..
ജെറി കൂട്ടുകാരുടെ കളിയാക്കലുകൾക്ക് ചെവികൊടുക്കാതെ നടന്നു
ദിവസങ്ങളും ആഴ്ചകളും കടന്നു പോയി ജെറിയുടെ പ്ലസ് ടു പരീക്ഷ കഴിഞ്ഞു……
കൂട്ടുകാരെല്ലാം പല വഴിക്ക് പിരിഞ്ഞു. അതുപോലെ തന്നെ അവരുടെ പ്രണയവും.
പ്ലസ് ടു പരീക്ഷയുടെ റിസൽട്ട് വന്നു…. നല്ല മാർക്കോടെ ജെറി പാസ്സായി….. കുക്കിംഗിനോടുള്ള താത്പര്യം കൊണ്ട് ജെറി ഹോട്ടൽ മനേജ്മെൻ്റിൻ്റെ ഡിഗ്രി കോഴ്സ് എടുത്തുപ്പിച്ചു…… നാലു വർഷത്തെ കോഴസും ഒരു വർഷത്തെ ടെയിനിംഗും കഴിഞ്ഞ് ജെറി നാളെ ദുബായ്ക്ക് പോവുകയാണ്.
മോനെ നീ സന്ധ്യയാൻ്റീടെ വീട്ടിൽ യാത്ര പറയാൻ പോകുന്നില്ലേ?
അതു വേണോ അമ്മേ….?
മോൻ നാളെ പോയി കഴിഞ്ഞാൽ ഇനി രണ്ടു വർഷം കഴിഞ്ഞല്ലേ വരു ….. അതു കൊണ്ട് നീ സന്ധ്യയാൻ്റിയുടെ വീട്ടിൽ പോയി എല്ലാവരോടും യാത്ര പറയണം…..പോയി പറഞ്ഞിട്ടുവാ….
എന്നാൽ അമ്മയും വാ….
ഒന്നു പോടാ ചെറുക്കാ എനിക്കിവിടെ നൂറ് കുട്ടം ജോലി ഉണ്ട് എൻ്റെ മോനിപ്പം തനിച്ച് പോയാ മതി…..
അമ്മയുടെ നിർബദ്ധത്തിന് വഴങ്ങി ജെറി സന്ധ്യയുടെ വീട്ടിലേക്ക് പോയി
സന്ധ്യയുടെ വീട്ടിൽ ചെല്ലുമ്പോൾ സന്ധ്യയാൻ്റിയും രമേശ് മാമനും ഉമ്മറത്തിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു …….
ജെറിയെ കണ്ടതും സന്ധ്യയുടേയും രമേശിൻ്റേയും മുഖത്ത് പുഞ്ചിരി വിടർന്നു….
ദേ മോൻ വന്നല്ലോ ഞാനിപ്പോഴും കൂടി പറഞ്ഞതേയുള്ളു മോൻ്റെ കാര്യം….
എൻ്റെ കാര്യമോ…. എൻ്റെ എന്തു കുറ്റമാ രണ്ടു പേരും കൂടി പറഞ്ഞത്
അതൊക്കെ പറയാം മോൻ കയറി വാ
ജെറിനെ വീടിനകത്തേക്ക് ക്ഷണിച്ചു
ഇരിക്ക് മോനെ….
ഇരിക്കാനൊന്നും സമയമില്ലാൻ്റി …. ഞാൻ നാളെ ദുബായ്ക്ക് പോകുവാ പോകും മുൻപ് ഇവിടെ വന്ന് യാത്ര പറയണമെന്ന് അമ്മക്ക് ഒരേ നിർബദ്ധം….
അതു തന്നെയാ ഞങ്ങളും പറഞ്ഞോണ്ടിരുന്നത് ….. ജെറി മോൻ പഠിച്ച് വലിയ ആളായപ്പോ ഞങ്ങളെയൊക്കെ മറന്നു കാണുമെന്ന് ….. യാത്ര പറയാൻ ഒന്നു വന്നില്ലാലോ എന്ന് ഞാൻ രമേശേട്ടനോട് പറയുകയായിരുന്നു…..
മറന്നിട്ടൊന്നും ഇല്ലാൻ്റിെ ഓരോ തിരക്കായിപ്പോയി…..
ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നതിശേഷം സന്ധ്യയോടും രമേശനോടും യാത്ര പറഞ്ഞ് ജെറി പോകാനായി എഴുന്നേറ്റു……
എന്നാൽ ഞാനിറങ്ങട്ടെ ആൻ്റി ഇനി വരുമ്പോൾ കാണാം …. ഇടക്ക് വിളിക്കാം…..
മോനെ ജെറി നീ ഞങ്ങളോട് മാത്രമേ യാത്ര പറയുന്നുള്ളു….? ഇവിടെ മറ്റൊരാൾ കൂടിയുണ്ടന്ന് നീ മറന്നതാണോ..?അതോ യാത്ര പറയണ്ട എന്നു വെച്ചിട്ടാണോ….?
ആൻ്റി…. അതു പിന്നെ….. എവിടെ ദേവൂ..?
അവളിവിടെയുണ്ട്….. അവളോട് യാത്ര പറയാതെ പോകാൻ നിനക്ക് പറ്റുമോ?
ആൻ്റി……
ഞാനിത് എങ്ങനെ അറിഞ്ഞു എന്നല്ലേ മോനിപ്പോ ചിന്തിക്കുന്നത്.. .
ജെറി സന്ധ്യയുടെ മുഖത്തേക്കു നോക്കി……
ജീന എല്ലാം എന്നോട് പറഞ്ഞിരുന്നു…..
ജെറി ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു…..
നീ ചെല്ല് നീ ചെന്ന് ദേവൂനോട് സംസാരിക്ക് … അവൾക്കിഷ്ടമാണെങ്കിൽ പിന്നെ ഞങ്ങൾക്കാണോ ഇഷ്ടപ്പെടാത്തത്
ജെറിയെ പോലെ ഒരാളെ എൻ്റെ മകൾക്ക് കിട്ടുന്നത് ഭാഗ്യമല്ലേ….. അതുപോലെ ജീനയെ പോലെ ഒരമ്മയെ കിട്ടുന്നത് എൻ്റെ മോൾടെ ഭാഗ്യവും …..
സന്ധ്യയാൻ്റി…… തൻ്റെ ശ്വാസം നിലച്ചുപോകുന്നതു പോലെ തോന്നി ജെറിക്ക്
അതെ മോനെ ഞങ്ങൾക്ക് രണ്ടു പേർക്കും ഞങ്ങളുടെ മകളെ നിനക്ക് തരാൻ സന്തോഷമേയുള്ളൂ….. നീ പോയി അവളോട് സംസാരിക്ക്……. ജെറിയെ വേണ്ടന്ന് അവളും പറയില്ല….. കാരണം എൻ്റെ മോൾടെ മനസ്സ് എന്താന്ന് എനിക്കറിയാം…..
ജെറിൻ്റെ കണ്ണുകൾ സന്തോഷത്തോടെ ദേവൂനെ തിരഞ്ഞു…..
എവിടെയാ ആൻ്റി ദേവു…..
ദേവൂട്ടി….. സന്ധ്യ നീട്ടി വിളിച്ചു.
ഹാളിലെ വാതിലിൻ്റെ മറവിൽ നിന്ന് ദേവു പുറത്തേക്കിറങ്ങി വന്നു……
ജെറി ദേവൂൻ്റെ മുഖത്തേക്കു നോക്കി നാണത്താൽ കൂമ്പിയടഞ്ഞ ആ കണ്ണുകളിൽ തന്നോടുള്ള പ്രണയത്തിൻ്റെ ആഴം എത്രയുണ്ടന്ന് അവൾ പറയാതെ തന്നെ ജെറിൻ അറിഞ്ഞു.::…
ദേവു പ്ലസ് ടു കഴിഞ്ഞല്ലോ നേഴ്സിംഗിന് പോകണം എന്നാണ് അവളുടെ ആഗ്രഹം നാലു വർഷം അതങ്ങ് പെട്ടന്ന് പോകും ഇതിനിടയിൽ മോൻ രണ്ടോ മൂന്നോ തവണ നാട്ടിൽ വന്നു പോകും. ….. പഠനം കഴിഞ്ഞാൽ ഉടൻ നിൻ്റെ ദേവൂനെ നിനക്ക് തന്നേക്കാം …… ഈ നാലു വർഷം നിങ്ങൾ പ്രണയിക്കുകയോ പ്രണയിക്കാതെയിരിക്കുകയോ നിങ്ങളുടെ ഇഷ്ടം……
ജെറി പ്രണയഭാവത്തോടെ ദേവൂനെ നോക്കി ….. നാണത്താൽ ചുവന്നു തുടുത്ത ആ മുഖം….. തൻ്റെ കൈകുമ്പിളിൽ വാരിയെടുത്ത് ഒരുമ്മ കൊടുക്കാൻ തോന്നി ജെറിക്ക്…….
ജെറി ദേവൂനെയും കൂട്ടി മുറ്റത്തേക്കിറങ്ങി അവിടെ നിന്ന് തൊടിയിലേക്കും…….
ജെറിക്കും ദേവൂനും പറയാൻ ഏറെ ഉണ്ടായിരുന്നു…….
കുറെ സമയം ദേവൂനൊപ്പം ചിലവഴിച്ചതിന് ശേഷമാണ്…. ജെറി അവിടെ നിന്നിറങ്ങിയത്.പരസ്പരം യാത്ര പറഞ്ഞപ്പോൾ രണ്ടു പേരുടേയും കണ്ണുകൾ കലങ്ങിയിരുന്നു……
പിറ്റേന്ന് ജെറി ദുബ്ബായിലേക്ക് പോയി…..
നാലു വർഷം അവർ പ്രണയിച്ചു …. കാണാതെ പരസ്പരം മിണ്ടാതെ…. ആഴ്ചയിൽ ഒരിക്കൽ മാത്രം കൈയിൽ കിട്ടുന്ന ഫോൺ അപ്പോൾ മാത്രമായിരുന്നു ദേവൂന് ജെറി യോട് സംസാരിക്കാനും പ്രണയിക്കാനും അവസരം കിട്ടിയത്. …
എല്ലാ വർഷവും ജെറി നാട്ടിൽ വന്നു പോയി ദേവൂ ൻ്റ അവധി നോക്കി ജെറി ലീവെടുത്ത് നാട്ടിൽ വരും….. അങ്ങനെ നാലു വർഷം പിന്നിട്ടു.
ഇന്ന് ദേവൂൻ്റെയും ജെറിയുടെയും വിവാഹമാണ് രണ്ടു വീട്ടുകാരുടെയും അനുഗ്രഹത്തോടെയും ആശിർവാദത്തോടും കൂടി രജിസ്റ്റർ വിവാഹം….
ജെറിയേയും ദേവുനേയും നിലവിളക്ക് നൽകി തൻ്റെ വീട്ടിലേക്ക് സ്വീകരിക്കുമ്പോൾ ജീനയുടെ ഹൃദയം സന്തോഷത്താൽ തുടിക്കുകയായിരുന്നു.
ജെറി….. നിനക്ക് സന്തോഷമായില്ലേ?
ഒത്തിരി ഒത്തിരി സന്തോഷം
അന്ന് നീ നിൻ്റെ പ്രണയം ദേവുനോട് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ അത് ഇന്ന് ഈ വിവാഹം വരെ എത്തില്ലായിരുന്നു.
അറിയാം ഞാനിത് ഇപ്പോ മനസ്സിലാക്കുന്നു.
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഇവളെ ഞാൻ പ്രണയത്തിൻ്റെ പേരും പറഞ്ഞ് കൂട്ടിലടച്ചിരുന്നെങ്കിൽ ഇവൾ പറന്നു പോയേനെ
പറന്നു പോകുമോ എന്നൊന്നും എനിക്ക് അറിയില്ല .പക്ഷേ അന്ന് ഇഷ്ടമാണന്നും പറഞ്ഞ് എൻ്റെ പിന്നാലെ വന്നിരുന്നെങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു….
പിന്നെ എന്തിനാടികാന്താരി ഇപ്പോ സമ്മതിച്ചത്.
എൻ്റെ അച്ചയും അമ്മയും പിന്നെ ഈ ജീനാമ്മയും ഫുൾ സപ്പോർട്ടുമായി കൂടെ ഉണ്ടന്ന് അറിഞ്ഞതുകൊണ്ട് ……
അപ്പോ നിനക്ക് എന്നെ ഇഷ്ടം ആയതു കൊണ്ടല്ല അല്ലേ?
ഇഷ്ടം അല്ലാന്ന് അരേലും പറഞ്ഞോ?ആ പ്രായത്തിൽ എനിക്ക് ഇഷ്ടം അല്ലായിരുന്നു. കാരണം എൻ്റെ അച്ചയും അമ്മയും എന്നെ സ്കൂളിൽ അയച്ചത് പ്രണയിക്കാൻ ആയിരുന്നില്ല…. ഇപ്പോ ഇഷ്ടമാണ് .എൻ്റെ ജീവനെ പോലെ ഇഷ്ടമാണ്. ദേവു ജെറിയുടെ തോളിലേക്ക് ചാഞ്ഞ് ആ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
ഐ ലൗവ് യു…….
ജെറി ദേവൂനെ തൻ്റെ മാറോട് ചേർത്ത് ഇറുകെ പുണർന്നു.
അവരെ സ്വതന്ത്രമായി പ്രണയിക്കാൻ വിട്ടിട്ട് ജീന അവിടെ നിന്നും പോയി
അവസാനിച്ചു…..