അക്കരെയാണെന്റെ മാനസം…
രചന: സജി മാനന്തവാടി
::::::::::::::
“അമ്മേ എനിക്ക് നഴ്സാ വണ്ട എനിക്ക് വേറെന്തെങ്കിലും ജോലി മതി. എന്നെ പോലെ സുന്ദരന്മാരായ ആണുങ്ങൾക്ക് പറ്റിയ ജോലിയല്ല നഴ്സിന്റെ ജോലി. വല്ലവന്റെയും അസുഖം മാറ്റാനൊന്നും എനിക്ക് വയ്യ.”
“ഓ പിന്നെ എന്നാ , മോനെ അലോഷി കലക്ടറുടെ ജോലി ഒഴിവുണ്ട് അതെടുക്കട്ടെ, നിന്റെ പുറകെ രണ്ട് പെൺകുട്ടികളാ അവരെ എങ്ങിനെയെങ്കിലും കര പറ്റികണം . “
“ഇതു പറയുന്നത് കേട്ടാ തോന്നും ഞാനാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് . “. അലോഷി ആരോടെന്നില്ലാതെ പറഞ്ഞു.
“നീയെന്തെങ്കിലും പറഞ്ഞോ ?”
“ഇല്ലേ ഇല്ല, കുടുംബത്തിലെ മൂത്ത സന്താനമായി പോയില്ലേ? ഞാനാണല്ലോ വണ്ടി കാളയെ പോലെ വലിക്കേണ്ടത്. വലിയെടാ വലി “
“നീ കൊട്ടപ്പടി മാർക്കും വാങ്ങിയല്ലേ വന്നേക്കുന്നത്. നല്ല മാർക്കുണ്ടായിരുന്നെങ്കി കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടിയേനെ. ഇനി കർണാടകത്തിലോ തമിഴ്നാട്ടിലോ പോയി പഠിക്കണ്ടി വരും. മിനിമം നാലഞ്ച് ലക്ഷം പോക്കാ . “
“ഇത്രയും വിവരമുള്ള അമ്മച്ചിയെന്താ നഴ്സാ വാത്തത്?”
“എടാ എനിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ സീറ്റുകിട്ടുമായിരുന്നു. അതു പിന്നെങ്ങാനാ അപ്പന് എന്നെ കെട്ടിച്ചാ മതിയല്ലോ. വല്ല പേർഷ്യായിലും പോയി ജോലിയെടുത്ത് നാല് പുത്തനുണ്ടാകണ്ട ഞാനിവിടെ പുകഞ്ഞ് തീരുകയല്ലിയോ?”
“ഇനി അതും പറഞ്ഞ് കരയണ്ട ഞാൻ ഏത് പാതാളത്തിലും വേണമെങ്കിലും പോയേക്കാം “
” പാതാളത്തിൽ പോകാനല്ല നിന്നെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നെ, നമ്മുക്കും മറ്റുള്ളവരുടെ മുന്നിൽ നിവർന്നുനിന്ന് ജീവിക്കാനാ . “
അവസാനം അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അലോഷ്യസ് BSc നഴ്സിംഗിന് ബൽഗാമിൽ ചേർന്നു. അഞ്ച് ലക്ഷം രൂപ ലോണെടുത്താണ് അവൻ പഠനമാരംഭിച്ചത്. നഴ്സിംഗ് പഠിച്ചിറങ്ങിയപ്പോൾ അവൻ വിചാരിച്ചതു പോലെ കൈ നിറയെ ശമ്പളം കിട്ടുന്ന ജോലിയല്ല കിട്ടിയത്. മുംബൈയിലെ ഒരു ആശുപത്രിയിൽ ജോലി കിട്ടി പക്ഷെ കിട്ടിയത് വെറും പതിനാറായിരം രൂപ. ഭക്ഷണവും താമസത്തിനുമായി പതിനായിരം പോയാൽ ബാക്കി വെറും ആറ്. അതുകൊണ്ട് ലോണടക്കാനും ഇളയ സഹോദരിമാരുടെ പഠിപ്പിനും പണം തികയില്ല.
“അച്ചായൻ കിട്ടുന്നത് മുഴുവൻ ധൂർത്തടിച്ച് കളയുവാന്നെ ” ഇളയവൾ ജെസിയുടെ അഭിപ്രായപ്രകടനം കേട്ടപ്പോൾ ദേഷ്യം നുരഞ്ഞ് വന്നതാണ് പക്ഷെ നിയന്ത്രിച്ചു.
“ഇവിടെ മനുഷ്യൻ ചെലവുചുരുക്കലിൽ പി എച്ച് ഡി ക്ക് പഠിക്കുമ്പോഴാണ് അവളുടെ ഒരു ഓഞ്ഞ കമന്റ്. “
പഠിക്കുമ്പോഴും ജോലി കിട്ടിയപ്പോഴും സുന്ദരികളായ പലരും പ്രണയവുമായി വന്നതാണ് പക്ഷെ വീട്ടുക്കാരെ കുറിച്ച് ചിന്തിക്കുമ്പോൾ അതെല്ലാം വേണ്ടെന്നു വച്ചു.
അങ്ങിനെയിരിക്കെയാണ് ചാച്ചന്റെ അകന്ന ബന്ധത്തിൽപ്പെട്ട ജോസിച്ചായൻ ഒരാലോചനയുമായി വന്നത്.
“പെണ്ണ് ലണ്ടനിലെ ഒരു ആശുപത്രിയിൽ നഴ്സായി വർക്കു ചെയ്യുന്നു. ജാക്വിലിൻ ഡേവിസ്, വയസ് 22 റോമൻ കത്തോലിക സുന്ദരി. പോക്കറ്റ് മണിയായി ഇരുപത് ലക്ഷം തരും പിന്നെ കല്യാണം കഴിഞ്ഞാൽ അലോഷ്യസിനെ ലണ്ടനിൽ കൊണ്ടുപോകും. ” ജോസിച്ചായൻ കത്തി കയറിയപ്പോൾ അമ്മച്ചി വീണു.
“അവൾ അടുത്ത മാസം വരും അപ്പോഴേക്കും അലോഷിയോട് വരാൻ പറയണം ” അമ്മച്ചിയുടെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ അവൻ വന്നു.
കാഞ്ഞിരപ്പള്ളി ജാക്വിലിൻ ജോസിച്ചായൻ പറഞ്ഞതിനേക്കാൾ സുന്ദരിയായിരുന്നു.
“അവൾ ഒരു നഴ്സോ അതോ മോഡലോ ?” അവൻ ചിന്തിച്ചു.
“ലുക്ക് മിസ്റ്റർ അലോഷ്യസ് എനിക്ക് നിങ്ങളെ വളരെയിഷ്ടമായി . യു ആർ വെരി ഹാൻസം.”
അവൾ മലയാളവും ഇംഗ്ലീഷും കലർന്ന രീതിയിൽ പറഞ്ഞു. അലോഷിക്കൊഴികെ മറ്റെല്ലാവർക്കും ജാക്വിലിനെ ഇഷ്ടമായി. അവന്റെ മനസ്സിലെ ജീവിത പങ്കാളിയുടെ രൂപം ശാലീനതയുള്ള ഒരു മലയാളി പെൺകുട്ടിയുടെതായിരുന്നു. അവന്റെ പള്ളിയിലെ ക്വെയറിൽ പാടുന്ന ജാനറ്റിനോടൊരു രഹസ്യപ്രണയം അവനുണ്ടായിരുന്നു.
വീട്ടുകാർ എല്ലാം തീരുമാനിച്ചു. അവൻ എല്ലാത്തിനും സമ്മതം മൂളി
അതുവരെ അലോഷിയുടെ നാട് മുൻപ് കാണാത്ത വിവാഹമായിരുന്നു അവരുടെത് . വധു പള്ളിയങ്കണത്തിൽ ഹെലികോപ്റ്ററിൽ എത്തിയപ്പോൾ ജനം ഇളകിമറിഞ്ഞു. വിവാഹത്തിനും ഭക്ഷണത്തിനും ശേഷം അവർ കൊച്ചിയിലെ ബോൾഗാട്ടി പാലസിലേക്ക് പറന്നു. അവിടെയെല്ലാം അലോഷി വെറും കാഴ്ച്ചക്കാരൻ മാത്രമായിരുന്നു. കുറച്ച് ദിവസത്തെ താമസത്തിന് ശേഷം അവർ ലണ്ടനിലേക്ക് പറന്നു.
ലണ്ടനിലെ ബിഗ് ബെന്നിന്റെ അഭിമുഖമായി നിൽക്കുന്ന അൻപത്തി നാല് നില കെട്ടിടത്തിന്റെ നാല്പത്തിനാലാം നിലയിലായിരുന്നു അവരുടെ അപാർട്ട്മെന്റ്. വളരെ മനോഹരമായ അപാർട്ട്മെന്റ്. കേരളത്തിലെ ഏതൊരു ബാറിനെയും വെല്ലുന്ന വിലയേറിയ മ ദ്യകുപ്പികൾ അവിടെ അടുക്കിവെച്ചിരുന്നു. ബക്കാർട്ടിയും സ്മിർണോവും ക്യാപ്റ്റൻ മോർഗനും ഷിവാസ് റീഗലും കബോഡുകളെയും ഫ്രിഡ്ജിനെയും അലങ്കരിച്ചു. മഞ്ഞുകാലത്ത് അവർ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ കയറി നോക്കുമ്പോൾ ലണ്ടൻ നഗരം പാൽക്കടലിൽ മുങ്ങി കിടക്കുന്നതുപോലെ തോന്നി.
“ശരിക്കും ജാക്വിലിൻ നഴ്സ് തന്നെയാണോ ? ആശുപത്രിയുമായി ബന്ധപ്പെട്ടതൊന്നും ഇവിടെ കാണുന്നില്ലല്ലോ? “
അലോഷി സ്വയം ചോദിച്ചു.
ജാക്വിലിൻ ആരെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. അവളുടെ ഉച്ചാരണം കടുകട്ടിയായതിനാൽ അവനൊന്നും മനസ്സിലായില്ല.
ഒരാഴ്ചത്തെ ഹാങ്ങ് ഔട്ടിന് ശേഷം ജാക്വലിൻ ജോലിക്ക് പോകാൻ തുടങ്ങി.
“ഞാൻ ജോലിക്ക് ട്രൈ ചെയ്യട്ടെ ? “
അവൻ ചോദിച്ചു.
“നോ ഹണി.ഡോന്റ് ഡു എനിതിംഗ് ഇൻ എ ഹറി. ഇംപേഷ്യന്റ് ആകാതെ അലോഷി. നൗ യു എൻജോയി യുവർ ലൈഫ്. “
“ഇവളുടെ ഉദ്ദേശ്യമെന്താ? ” അവൻ അമ്പരപ്പോടെ സ്വയം പറഞ്ഞു.
അവൻ അന്ന് ആദ്യമായി ഒറ്റക്ക് ഒരു കുപ്പി പൊട്ടിച്ച് രണ്ട് ലാ ർജ്ജും വീശി കിടന്നുറങ്ങി. ഉറക്കമുണർന്നപ്പോൾ തൊട്ടടുത്ത് ജാക്വീലിൻ ഒരു പോ ത്തിനെ പോലെ കൂർക്കംവലിച്ച് ഉറങ്ങുന്നു.
“ഇവൾ എപ്പോഴാണ് വന്നത് ? ങാ എപ്പോഴെങ്കിലുമാകട്ടെ “
ഉച്ചയ്ക്കാണ് അവൾ ഉറക്കമുണർന്നത്. അവൾ ഏത് ഹോസ്പിറ്റലിലാണ് പോകുന്നതെന്ന് ചോദിച്ചതിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയാണുണ്ടായത്. അന്നും അവൾ വൈകിട്ട് ഏഴ് മണിക്ക് അവളുടെ മേഴ്സിഡീസിൽ ജോലിക്ക് പോയി.
അലോഷി ഒരു പെ ഗ് വി സ്കിയും കഴിച്ച് ടി വി യിലെ മലയാള സിനിമ കണ്ടുകൊണ്ടിരിക്കമ്പോഴാണ് ഒരു ഫോൺ വന്നത്.
“ജാക്വിലിന്റെ കാർ ഒരു അപകടം പെട്ടു. അവരെ മയോ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചിരിക്കയാണ്. “
സത്യത്തിൽ ആരാണ് വിളിച്ചതെന്നോ, എവിടെ നിന്ന് വിളിച്ചതാണെന്നോ, എവിടെയാണ് മയോ ഹോസ്പിറ്റലെന്നോ അവനറിയില്ലായിരുന്നു. അവനാണെങ്കിൽ ലണ്ടനിൽ പരിചയക്കാരുമില്ലായിരുന്നു. അവസാനം അവൻ ഹോസ്പിറ്റൽ കണ്ടുപിടിച്ചു. കാറപകടത്തിൽ ജാക്വിലിന്റെ കാല് ഒടിഞ്ഞിരുന്നു.
കുറച്ച് ദിവസത്തെ ട്രീറ്റ്മെന്റിന് ശേഷം ജാക്വിലിൻ വീട്ടിലെത്തി. ഒരു കുഞ്ഞിനെ നോക്കുന്നതു പോലെയാണ് അവൻ അവളെ നോക്കിയത്.
നന്നായി നടക്കാൻ തുടങ്ങിയപ്പോൾ ജാക്വിലിൻ ആദ്യം ചെയ്തത് അലോഷിയെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. ആ ആശുപത്രിയിൽ അവന് നഴ്സിന്റെ ജോലിക്ക് അപേക്ഷിക്കാനാണ് അവൾ അവനെ കൊണ്ടുപോയതെന്നാണ് അവൻ വിചാരിച്ചത്. അവൾ അവിടെ എത്തിയപ്പോൾ പലരും “ഗുഡ് മോണിംഗ് മാം” എന്ന് പറയുന്നുണ്ടായിരുന്നു. അവൾ എം ഡിയുടെ മുറി തുറക്കുന്നത് കണ്ട് അവൻ വീണ്ടും സംശയിച്ചു. -അവൾ എം ഡി യുടെ സെക്രട്ടറിയാണെന്ന് . അവൾ എം ഡിയുടെ ചെയറിൽ ഇരുന്നപ്പോൾ അന്തിച്ചത് അലോഷിയാണ്.
ജാക്വിലിന്റെ സ്വന്തം സ്ഥാപനമാണ് ആ ആശുപത്രിയെന്നറിഞ്ഞപ്പോൾ അവൻ ആലീസ് അത്ഭുത ലോകത്തിലെത്തിയതു പോലായി.
“എന്താ ജാക്കി ഇതൊന്നും നീയെന്നോട് പറയാതിരുന്നത് ?”
” ഞാൻ ഇത്രയും പണക്കാരിയാണെന്നറിഞ്ഞാൽ അലോഷി ഈ ബന്ധത്തിന് സമ്മതിക്കുമായിരുന്നോ ?”
“അത് ശരിയാണ് ഞാൻ സമ്മതിക്കുമായിരുന്നില്ല. “
“പിന്നെ ഒരു പ്രധാന കാര്യം പറയാൻ പോകുകയാണ്. ഹോസ്പിറ്റലിനെ കുറിച്ച് നന്നായി പഠിക്കുക. അടുത്ത മാസം മുതൽ അലോഷിയായിരിക്കും ഈ സ്ഥാപനത്തിന്റെ CEO.”
“എനിക്ക് ചെയ്യാൻ പറ്റുന്ന പണി നഴ്സിന്റെ പണിയാണ്. ഇതിനു പുറമെ ഞാൻ നിന്റെ ഹസ്ബന്റാണെന്ന് ആരോടും പറയണ്ട. “
“നോ വേ. അതുപറ്റില്ല”
“നഴ്സിന്റെ പണിയെന്താ മോശമാണോ?. കഴിഞ്ഞ മാസത്തെ എന്റെ കെയറിംഗ് മോശമായിരുന്നോ ?”
” ഓ നെവർ “
“എല്ലാ പണിക്കും അതിന്റെ മഹത്വമുണ്ടെന്ന് പഠിപ്പിക്കുന്നവരല്ലേ സായ്പന്മാർ. നഴ്സിന്റെ ജോലി ഒട്ടും മോശമാണെന്ന് ഞാനും കരുതുന്നില്ല. “
“പിറ്റെ ദിവസം മുതൽ നഴ്സിന്റെ കോട്ടുമിട്ട് ചുറുചുറുക്കോടെ ജോലികൾ ചെയ്യുന്ന അലോഷിയോട് അവൾക്ക് സ്നേഹവും ബഹുമാനവും തോന്നി. അപ്പോഴേക്കും അവളുടെ ഉദരത്തിൽ ഒരു കുഞ്ഞു അലോഷി രൂപം കൊണ്ടിരുന്നു.