കനൽ കൂടുകൾ…
രചന: സാജുപി കോട്ടയം
:::::::::::::::::::::
മറ്റൊരാൾക്ക് പോലും തങ്ങളുടെ ജീവിതത്തിലേക്ക് നൂണ്ട് കയറാൻ ഒരു നൂൽ പഴുത് പോലും അവശേഷിക്കുന്നില്ലെന്നാണ് വില്യംസ് വിശ്വസിച്ചിരുന്നത്.
രണ്ടു മക്കളെയും ചേർത്തുപിടിച്ച് ജീവിതത്തിൽ തലയുയർത്തി തന്റെടത്തോടെ ജീവിക്കുന്ന ആനിയെയും അവളുടെ സ്നേഹത്തെയും ഹൃദയത്തിന്റെ ഒരു ചെപ്പിൽ അടച്ചാണ് സൂക്ഷിച്ചിരുന്നത്
പക്ഷേ ഭീകരമായ ഒരു സത്യം കണ്ണിൽ ഇരുണ്ടു വന്നപ്പോൾ തോന്നിയത് അത്ഭുതമാണ് മറ്റാരും പറയുന്നത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന മനസ്സിൽ അവനോടുള്ള അവളുടെ സ്നേഹത്തിന്റെ തെളിവുകൾ കണ്ടപ്പോൾ യാഥാർത്ഥ്യത്തിന്റെ മുള്ളുകൾ ഏറ്റു മുറിഞ്ഞു
ചോദ്യോത്തരങ്ങൾ കലഹം ആവാതിരിക്കാൻ ശ്രമിച്ചുവെങ്കിലും മക്കളെല്ലാം മനസ്സിലാക്കി കഴിഞ്ഞിരുന്നു.
അമ്മ അയാളെ അത്രയേറെ ഇഷ്ടപ്പെടുന്നു എങ്കിൽ അച്ഛൻ ദേഷ്യം ഭാവിച്ചാൽ ഇല്ലാതാവുമോ?
പ്രായപൂർത്തിയായി ഇല്ലെങ്കിലും അവൻ പറഞ്ഞതായിരുന്നു സത്യം. മക്കൾക്കും ഭാര്യക്കും വേണ്ടിമണൽക്കാടുകൾ കഷ്ടപ്പെടുമ്പോൾ തിരക്കിട്ട ജീവിതത്തിന്റെ ഇടയ്ക്ക് താൻ അവർ കൊടുത്ത സ്നേഹവും വാത്സല്യവും കുറഞ്ഞു പോയെങ്കിലും കൃത്യമായി അവരുടെ ആവശ്യങ്ങൾ എല്ലാം നടത്തിയിരുന്നു.
സത്യത്തിൽ അവളും ഈ ബന്ധത്തിൽ സന്തോഷവതിയല്ല എന്നാൽ തീർത്തും ഡാനിയെ തന്റെ ജീവിതത്തിൽ നിന്നും വലിച്ചെറിഞ്ഞു കളയാൻ ആവില്ലെന്ന വെപ്രാളത്തോടെ ഓരോ നിമിഷവും ഉരുകുകയാണ്…
ആരെങ്കിലും ഒരാൾ പിന്മാറിയില്ലെങ്കിൽ ആ മനസ്സിന്റെ വടംവലിയിൽ ഒരു പക്ഷേ തകർന്നു പോകുന്നത് തന്റെയും മക്കളുടെയും ജീവിതം തന്നെയാണ്
അവളോട് ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും അവൾ ഒഴിഞ്ഞു മാറുകയാണ്. ഇനിയും ചോദിച്ചാൽ ചിലപ്പോൾ ജീവൻ തന്നെ സ്വയം നഷ്ടപ്പെടുത്തിയേക്കാം.
അത് പ്രായപൂർത്തിയവാത്ത മക്കളെയും തന്നെയും ശൂന്യതയുടെ പടുകുഴിയിലേക്ക് വലിച്ചെറിയപ്പെടുമെന്ന് ബോധ്യംമായപ്പോഴാണ് ഡാനിയേ നേരിട്ടുകണ്ടു സംസാരിക്കാൻ തീരുമാനിച്ചത്.
തന്റെ ഭാര്യയെ വിട്ടുകിട്ടാൻ മറ്റൊരു പുരുഷന്റെ മുമ്പിൽ കൈനീട്ടി നിൽക്കുന്നതിന്റെ നിസ്സഹായതയും അപകർഷബോധവും മുഖത്ത് ഉണ്ടാവരുതെന്ന് എത്ര ശ്രമിച്ചിട്ടും വില്യംസ്ന്റെ മുഖത്ത് തെളിയാതിരുന്നില്ല.
അങ്ങേയറ്റം ശാന്തമായാണ് സംസാരിച്ചു തുടങ്ങിയത് തികച്ചും സൗഹൃദപരമായി തന്നെ.
ഡാനി….ഒരു കവിയാണ്. അയാളുടെ കവിതകൾ ആയിരിക്കും അവളെ അയാളിലേക്ക് ആകർഷിച്ചത് അയാളുടെ കവിതകളിൽ മുഴുവൻ അവൾ നിറഞ്ഞുനിന്നിരുന്നു. അവൾ ഇല്ലെങ്കിൽ കവിതയും നിലച്ചു പോകുമായിരുന്നുവെന്ന് തോന്നിയിരുന്നു.
അല്ലാതെ രൂപത്തിലോ ഭാവത്തിലോ ആരോഗ്യത്തിലോ തന്നെക്കാൾ ശ്രേഷ്ഠനല്ല ഡാനി…..മുഖത്തേക്ക് സൂക്ഷിച്ചുനോക്കുമ്പോൾ ഒരു തെറ്റുകാരനാണെന്ന ഇമചിമ്മൽ പോലുമില്ലാ…
എന്റെ പ്രായപൂർത്തിയാകാത്ത മക്കൾക്ക് ഞാനും അവളും മാത്രമേയുള്ളു…ഡാനി….നീ കാരണം ഇപ്പോൾ വേദനയിൽ ഉരുകുന്ന ഒരു കുടുംബമാണിത്. എന്നെയും മക്കളെയും അവൾക്കു ജീവനാണ്.
“എനിക്കറിയാം ” ആനി എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്
നിസ്സങ്കോചം അയാളുടെ മറുപടി കേട്ടപ്പോൾ വില്യംസ് അറിയാതെ പല്ലിറുമിങ്ങിപ്പോയി.
താനും ഒരു ഭർത്താവ് അല്ലേ തനിക്കുമില്ലേ ഭാര്യയും കുട്ടികളും…എന്നിട്ടും അവരെയും ചതിച്ചു മറ്റൊരാളുടെ കുടുംബം ഇങ്ങനെ തകർത്തു കളയാമോ??
അറിയാതെതന്നെ വില്യംസിന്റെ ചോദ്യത്തിന് ദാർഢ്യമേറി.
ഡാനി കണ്ണുകളുയർത്തി ഇമവെട്ടാതെ വില്യംസിനെ നോക്കി…
“എന്റെ ആനിയെ എന്റെ കുട്ടികളുടെ അമ്മയെ തിരികെ തരൂ” ….എന്നയാളുടെ കാൽക്കൽ വീണു യാചിച്ചാലോ????
“ആനിയെ ഞാൻ ആഗ്രഹിക്കുന്നില്ല..വില്യംസ്, അതെ സ്നേഹിക്കുന്നത് എന്തും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാൻ പറ്റില്ലല്ലോ,,? പിന്നെ വില്യംസ് ചോദിച്ചില്ലേ ഞാൻ എന്റെ ഭാര്യയെയും മക്കളെയും മറന്നൊന്ന്…..? ഓരോ പുരുഷനും മനസ്സിലും ഇടിച്ചുകയറി സത്യത്തെ വെളിപ്പെടുത്തിയാൽ ബന്ധങ്ങളുടെ പുകമറയിൽ സ്വന്തം മോഹങ്ങൾ ഒളിച്ചു കിടക്കുന്നത് കാണാം. എന്റെ കുടുംബത്തെ മറന്ന് എനിക്കോ,,,വില്യംസിനെയോ മക്കളെയോ മറന്നു ആനിയോന്നും ചെയ്യില്ല ഒരിക്കലും…പക്ഷേ
“സ്നേഹിക്കരുത് പറയാൻ ആർക്കാണ് അവകാശം, അരുതെന്ന് മറ്റൊരാൾ വിലക്കിയാൽ അറ്റു പോകുന്നതാണോ ആത്മബന്ധം….? ഞാൻ ആനിയെ കാണാറുണ്ട് സംസാരിക്കാറുണ്ട്. ഇന്ന് എന്റെ ജീവിതത്തിൽ ഒരു പ്രകാശം ഉണ്ട് എന്റെ ചിന്തകളിലും സ്വപ്നങ്ങളിലും അവളുണ്ട് എന്റെ കവിതകളിൽ അവളോടുള്ള സ്നേഹം ഉണ്ട് തിരിച്ചും ഇങ്ങനെയൊക്കെ ഉണ്ടെന്ന് ഞാനും പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ബന്ധത്തിൽ അതിർവരമ്പുകളുണ്ട് വില്യംസ്. ഒരു ടീനേജ് പ്രണയമല്ല പരസ്പരം ആസക്തിയോടു കൂടി അള്ളിപറിക്കുന്ന മനസ്സുകളുമല്ല….ആനി എന്തെങ്കിലും തെറ്റ് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല…വില്യംസ് അങ്ങനെ ചിന്തിക്കുന്നുവെങ്കിൽ അതു നിങ്ങളുടെ സ്വാർത്ഥതയും വിശ്വാസം ഇല്ലായ്മയാണ്.
നിർത്ത്..നിന്റെ വൃത്തികെട്ട കവിത നിറഞ്ഞ വാക്കുകൾ..അതെനിക്ക് കേൾക്കണമെന്നില്ല….
കോപമോ പ്രതിഷേധമോ നിസ്സഹായതയോ….വില്യംസിനെ അന്ധനാക്കി..അയാളുടെ ബലമേറിയ കൈകൾകൊണ്ടു ഡാനിയുടെ കഴുത്തിന് ചുറ്റിപ്പിടിച്ചു.
ആനി..പതിനാറു വർഷമായി എന്നോടൊപ്പം ജീവിച്ചവളാണ് എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ്…അവളെ ഞാൻ നിനക്ക് വിട്ടു തരില്ല…കൊ ല്ലേണ്ടി വന്നാലും നീ അനുഭവിക്കുകയില്ല..
ഡാനി…വില്യംസിന്റെ കൈവിടുവിക്കാനോ കുതറി മാറാനോ ശ്രമിച്ചില്ല. വളരെ നിസ്സാരമായി ഒന്നു ചിരിച്ചു.
“എനിക്ക് വേണ്ട വില്യംസ് ഞാനിത് നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ..?ആനി യെന്നും നിനക്ക് തന്നെ സ്വന്തം. പക്ഷേ ആ മനസ്സിൽ ഒരു ചെറിയ ഇടം അതെനിക്ക് ഉണ്ടെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഞാനും അവളെ അത്രയേറെ സ്നേഹിക്കുന്നു….നീ എത്ര ശ്രമിച്ചാലും എന്നെ തുടച്ചുമാറ്റാൻ ആനിക്ക് കഴിയില്ല ഒരിക്കലും
അയാളുടെ ആ ആത്മവിശ്വാസം വില്യംസിനെ ഞെട്ടിക്കുക തന്നെ ചെയ്തു….അയാൾ പറയുന്നത് സത്യമാണ് സ്നേഹിക്കരുത് എന്ന് പറയാൻ ആർക്കുണ്ട് അവകാശം.
ഡാനിടെ കഴുത്തിൽ ചുറ്റി പിടിച്ചിരുന്ന വില്യംസ് എന്റെ കൈ അയഞ്ഞു ഒരുതുള്ളി കണ്ണുനീർ ഹൃദയത്തിൽ നിന്നും പൊടിഞ്ഞു
ഡാനി വില്ല്യസിന്റെ തോളിൽ കൈവെച്ച്.
“ഞാൻ ഒരിക്കലും വില്യംസിന് ശത്രുവാകില്ല…ആനി സ്നേഹിക്കുന്നതെന്തും എനിക്കിഷ്ടമാണ് ഒന്നും പിടിച്ചെടുക്കാൻ ഈ ഡാനി വരില്ല…നിങ്ങൾക്കിടയിൽ ഞാൻ ഉണ്ടാവില്ല വില്യംസ്…സത്യം.
അയാൾ പറയുന്നത് ആത്മാർത്ഥമായി ആണെന്ന് അയാളുടെ കണ്ണുകൾ പറയുന്നു..അയാളുടെ കഴുത്ത് ചുവന്നു തുടുത്തിരിക്കുന്നു വേദനിച്ചിട്ട് ഉണ്ടാവും.
യാത്ര പോലും പറയാതെ അവിടുന്നുനടന്നു..കാലുകൾ കുഴയുന്നു….അതോ മനസ്സോ…?അയാൾക്ക് മുന്നിൽ താൻ വളരെ ചെറു തായോ??? തന്റെ മകളുടെ അമ്മയുടെ വിശാലമായ ചിന്തകളിലെ വെറുമൊരു നീഴൽ ചിത്രം മാത്രമായിരുന്നോ താൻ..?ഒരിക്കലും തന്റെ മനസ്സെതാത്തയിടത്തേക്ക് അവൾ നടന്നു പോയിരിക്കുന്നു…വില്യംസിന്റെ മനസ്സ് ഒരു കടൽ പോലെഇരമ്പി..ഉള്ളിൽ ഒരു യുദ്ധം നടക്കുന്നു…ഏതൊരു ഭർത്താവിന്റെയും മനസ്സിൽ നടന്നേക്കാവുന്ന പോർവിളി…ഒരു അന്യപുരുഷനോട് ഭാര്യക്കുള്ള സ്നേഹം തീർത്തുംമായിച്ചു കളയാൻ ഏതെങ്കിലും ഭർത്താവിന് കഴിയുമോ???
ഇല്ലെന്ന് അയാൾക്ക് മനസ്സിലാക്കാൻ ഏറെ താമസമുണ്ടായില്ല….യുദ്ധന്ത്യത്തിൽ ശവങ്ങൾ മരിച്ചുകിടക്കുന്ന സ്മശാനംമായി മനസ്സു മാറി തുടങ്ങിയത് അയാൾ പോലും അറിയാതെയാണ്..
**************
സാജുപി കോട്ടയം.
(ഒരാളുടെ ജീവിതത്തിൽ നിന്ന് അടിച്ചു മാറ്റിയ കഥയാണ്. ഇത്തരം ബന്ധങ്ങളെക്കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്…)