റീതു താരയോടുള്ള നിന്റെ  അടുപ്പം  കുറച്ചു കൂടുന്നുണ്ട്. വെറുതെയെടുത്തു തലയിൽ വെയ്ക്കണ്ട…

നിന്നോട്….

രചന: നിവിയ റോയ്

::::::::::::::::::

എന്നോടൊന്ന് ക്ഷമിക്കാമായിരുന്നില്ലേ റീതു  നിനക്ക് ? അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ ടോം അവളോട്  ചോദിച്ചു.

എല്ലാം നഷ്ടമായത് എനിക്കല്ലേ ?

നമ്മുടെ മകളെയും കൊണ്ട് നീ വീട് വിട്ടിറങ്ങിയപ്പോൾ എന്റെ നേരെ കൈകൾ നീട്ടി കരയുന്ന എന്റെ മോളുടെ മുഖം ഓർക്കുമ്പോൾ തന്നെ ഹൃദയം നീറിപ്പുകയുകയാണ്.

അയാളുടെ കണ്ണുകൾ ചുവന്നു തുടങ്ങിയിരുന്നു

നിന്നെ ഞാൻ സ്നേഹിച്ചിട്ടില്ലേ റീതു ?

മ്മ്…ഉണ്ട് ഒത്തിരിയേറെ പതിഞ്ഞ സ്വരത്തിലാണ് അവളും മറുപടി പറഞ്ഞത്

എന്റെ മകളെ ഒന്ന് കൊതിതീരെ ഞാൻ കണ്ട് തീർന്നിരുന്നില്ലല്ലോ. നമ്മുടെ മകൾക്ക് ഞാൻ നല്ലൊരു അച്ഛനായിരുന്നില്ലേ ?

ഏറ്റവും നല്ലൊരച്ഛൻ…അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു

മനഃപൂർവ്വമല്ലാത്ത ഒരു തെറ്റ് എനിക്ക് സംഭവിച്ചു പോയി. ഞാൻ അത് എറ്റു പറഞ്ഞല്ലൊ. വീണ്ടും ഒരിക്കലും ആവർത്തിക്കരുതെന്ന് വിചാരിച്ചാണ് നിന്നോട് എല്ലാം തുറന്നു പറഞ്ഞത്. ഇപ്പോളെനിക്ക് തോന്നുന്നു വേണ്ടിയിരുന്നില്ലന്ന്…

നീ കരുതും പോലേ ഒരു കൊള്ളരുതാത്തവനായിരുന്നു  ഞാനെങ്കിൽ ,ജീവിതത്തിൽ എത്രയോ സാഹചര്യങ്ങൾ ഇതിനുമുൻപും എനിക്കുണ്ടായിട്ടുണ്ട് .ഒന്നും ഞാൻ മുതലെടുത്തിട്ടില്ല .സമ്മതത്തോടു കൂടി വന്നവരുണ്ട് പക്ഷേ ഞാൻ ഒഴിഞ്ഞുമാറിയിട്ടേയുള്ളു .ഇഷ്ട്ടം തോന്നാതിരുന്നതുകൊണ്ടല്ല മറിച്ച് നിന്നോടുള്ള ഇഷ്ടക്കൂടുതൽക്കൊണ്ടായിരുന്നു

ഒന്നും പറയാനാവാതെ അവൾ തലകുനിച്ചു നിന്നു

അന്ന് നീ പറഞ്ഞില്ലേ ? ജീവിതത്തിൽ എന്തു സാഹചര്യം  ഉണ്ടായാലും എന്റെ സ്ഥാനത്തു മറ്റൊരാൾ ഉണ്ടാകില്ലെന്ന് ?ഇപ്പോഴോ ? നീ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചില്ലേ ? അത് പറയാനല്ലെ നീയിപ്പോൾ ഇങ്ങോട്ട് വന്നത് ?

അവളൊന്നും പറഞ്ഞില്ല പുലർച്ചേ പെയ്യ്ത മഴയിൽ അവിടെയുള്ള കാറ്റാടി മരത്തിന്റെ ഇലകളിൽ തങ്ങിയ നീർമണികൾ പെയ്യാൻ വിതുമ്പി നിൽക്കുന്നതും നോക്കി അവൾ നിന്നു

ഒരു സാഹചര്യത്തിൽ  ഞാനുമറിയാതെ  വീണുപോയി. പലവട്ടം ഒഴിഞ്ഞു മാറിയതാണ്. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല .നിനക്കെങ്കിലും  ഒരു നല്ല ജീവിതം ഉണ്ടാവട്ടെ…

പിന്നെ അവൻ ഒന്നും മിണ്ടിയില്ല.

താൻ വീണ് പോകുമോ എന്ന് തോന്നിയപ്പോൾ വെട്ടി ഒതുക്കിയ ആ പുൽത്തകിടിക്കരികിലുള്ള നനവ് ഒട്ടിച്ചേർന്ന മരത്തിന്റെ ബെഞ്ചിൽ ചാരി അവളിരുന്നു.

പുല്ത്തകിടിയെ  ഒരു ഇളംകാറ്റ് തഴുകുന്നത് നോക്കിയിരിക്കെ ഓർമ്മകളും അവളെ തഴുകി തുടങ്ങി.

തന്റെ കഠിനഅധ്വാനവും കഴിവും കൊണ്ടാണ് നന്നേ ചെറുപ്പത്തിലേ തന്നെ ടോമിന് ‌വളരെ പ്രശസ്തമായ  ആ കമ്പനിയുടെ സി ഇ ഒ  ആകാൻ സാധിച്ചത്…എത്ര തിരക്കിലും തനിക്കും  മകൾക്കും  വേണ്ടി ടോം സമയം കണ്ടെത്തിയിരുന്നു. ഓഫീസിലെ വിശേഷങ്ങളൊക്കെ ടോം തന്നോട് പറയാറുണ്ടായിരുന്നു.

ഓഫീസിൽ പുതുതായി ജോയിൻ ചെയ്ത താരയെക്കുറിച്ചു ടോമിന് വളരെ നല്ല അഭിപ്രായമായിരുന്നു..ജോലിയോട് ഇത്രയധികം ആത്മാർത്ഥതയുള്ള ഒരു സ്റ്റാഫ് ഇതിനുമുൻപ് തന്റെ ടീമിൽ ഉണ്ടായിട്ടില്ലെന്ന് വളരെ മതിപ്പോടെയാണ് ടോം പറയാറുള്ളത്.

ഓഫീസ് അംഗങ്ങളുടെ ഒരു ഫാമിലി ഗെറ്റ്റ്റുഗതെറിൽ വെച്ചാണ്  താരയെ താൻ ആദ്യമായി കാണുന്നത്. അന്ന്  തങ്ങളുടെ മേശയിലാണ് അവൾ ഭക്ഷണത്തിനിരുന്നതും

വളരെ ചുറുചുറുക്കായിട്ടുള്ള സംസാരം. നല്ല പ്രസരിപ്പ്..ഭംഗിയുള്ള  മേക്കപ്പ് കൊണ്ട് മുഖം സുന്ദരമാക്കിയിരുന്നു. ആകർഷകമായ ശരീര വടിവിന്റെ രഹസ്യം നിശ്ചയദാർഢ്യമുള്ള  ഒരു മനസ്സ് ഉണ്ടെന്ന് അവളുടെ മുന്നിലേ പ്ലേറ്റിൽ നോക്കിയപ്പോൾ മനസ്സിലായി.

മൂന്ന് നാലു കഷ്ണം ഫ്രൂട്ട്സ് , ഗ്രീൻ സാലഡുകൾ ,ഒരു പീസ് ചിക്കൻ.

അവരുടെ ശരീര വടിവ് കൊതിക്കുന്നുണ്ടെങ്കിലും ഭക്ഷണം കാണുമ്പോൾ താൻ എല്ലാം മറന്നിരുന്നു. താരയോട് തനിക്കും ഒരു ആരാധനയൊക്കെ തോന്നിത്തുടങ്ങിയിരുന്നു. അവളുടെ ബോസ്സിന്റെ ഭാര്യയെന്ന നിലയിൽ വളരെ പെട്ടെന്ന് തന്നെ ഒരു സുഹൃത്ത് ബന്ധം അവളുമായി സ്ഥാപിച്ചെടുക്കുവാൻ കഴിഞ്ഞു. അവളുടെ ഹെയർ സ്റ്റൈലും  ഡ്രെസ്സിങ്ങുമൊക്കെ  താനും കോപ്പി  ചെയ്തു തുടങ്ങി. താരയോടൊപ്പം ബ്യൂട്ടി പാര്ലറിലും ഷോപ്പിംഗിനു പോകുന്നതുമൊക്കെ പതിവായി.

ഓഫീസ് സംബന്ധമായ പല യാത്രകളിലും ടോമിനോടൊപ്പമുള്ള ടീമിൽ അവളും ഉണ്ടായിരുന്നു.ഒരിക്കൽ അവൾ പറഞ്ഞിരുന്നു.

ചേച്ചി ഒരു ഭാഗ്യവതിയാണ് ,ഇത്രയും തിരക്കിനിടയിലും സർ ഭാര്യയെയും  മകളെയും ഓർക്കാറുണ്ട്..ഈ തിരക്കിനിടയിലും നിങ്ങൾക്കുള്ള ഗിഫ്റ്റുകളൊക്കെ മേടിക്കാൻ സർ സമയം എങ്ങനെ കണ്ടെത്തുന്നുവെന്ന് അറിയില്ല.

ഒരിക്കൽ താരയോടൊപ്പം ഒരു സിനിമയ്ക്ക് പോയിയുന്നു ആ സിനിമ കണ്ടിറങ്ങുമ്പോൾ അവൾ വളരെ ഇമോഷണൽ  ആയിട്ടാണ് സംസാരിച്ചത്

ഇതെന്റെ കഥയാണ് ചേച്ചി…അസന്തുഷ്ടമായ ദാമ്പത്യ ജീവിതത്തെക്കുറിച്ചു അവൾ തന്നോടന്നു പറഞ്ഞു

അവളോട് തോന്നിയ സഹതാപം വീട്ടിൽ ഒരു അനുജത്തിയുടെ എല്ലാ സ്വാതന്ത്ര്യവും അവൾക്ക് നല്കി.

ആ സ്വാതന്ത്ര്യം ഓഫ്‍സിലും അവൾ ടോമിനോട് കാണിച്ചു തുടങ്ങിയപ്പോൾ ടോം പറഞ്ഞിരുന്നു…

റീതു താരയോടുള്ള നിന്റെ  അടുപ്പം  കുറച്ചു കൂടുന്നുണ്ട്. വെറുതെയെടുത്തു   തലയിൽ വെയ്ക്കണ്ട. ഓരോരുത്തരുടെയും മനസ്സ് എന്താണെന്ന് അറിയില്ലല്ലോ.

ഒരിക്കൽ ടോം  പറഞ്ഞത് അവൾ ഓർത്തു…നിനക്കിപ്പോൾ എന്റേം മോളുടെയും കാര്യംപോലും നോക്കാൻ നേരമില്ലല്ലോ?

പറഞ്ഞത് കുറച്ചൊക്കെ ശരിയാണ്.ചില അവധി ദിവസങ്ങളിൽ മോളെ ടോമിനെ  ഏൽപ്പിച്ചിട്ടു അവളുടെ കൂടെ കറങ്ങാൻപോകാറുണ്ട്. മുൻപൊക്കെ ടോമും മോളുമില്ലാതെ എങ്ങും പോകാൻ തോന്നിയിട്ടില്ല

താര അതുകണ്ടെപ്പോഴും  പറയാറുണ്ടായിരുന്നു. ചേച്ചി നമ്മുക്കും വേണം കൂട്ടൊക്കെ കൂടി അടിച്ചുപൊളിക്കാൻ കുറച്ചു സമയം .

കൂട്ടൊക്കെകൂടി അടിച്ചുപൊളിച്ചു ജീചിച്ചിട്ടു മതി കല്യാണം.കല്യാണം കഴിഞ്ഞാൽ പിന്നെ ഭാര്യയും ഭർത്താവുമായിരിക്കണം നല്ല സുഹൃത്തുക്കൾ .താൻ പറയുന്നത് കേട്ട് അവളുടെ മുഖം ചെറുതായൊന്നു വാടി. അങ്ങനെ പറയേണ്ടായിരുന്നുവെന്ന് തോന്നി

ചേച്ചിക്ക് അങ്ങനെ നല്ലൊരു ഭർത്താവിനെ കിട്ടി. എനിക്ക് …

സാരമില്ല കുട്ടി ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ .

സത്യം പറയാലോ ചേച്ചി നിങ്ങളുടെ ജീവിതം കാണുമ്പോൾ കൊതി തോന്നുകയാണ് .ടോം  സർ എന്റെ മനസ്സിൽ വല്യ ഒരാളാണ് .പറയാതെ അവൾ എന്തൊക്കയോ പറഞ്ഞൊപ്പിച്ചു.

അന്ന് താൻ ടോമിനോടത് പറഞ്ഞു കളിയാക്കി. ടോം ശരിക്കും തന്നോട് ദേഷ്യപ്പെട്ടു…ഇങ്ങനെയുള്ള കാര്യങ്ങൾ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത് . ഞാൻ ഇതിനു മുമ്പും പലപ്പോഴും നിന്നോട്  പറഞ്ഞിട്ടുണ്ട്. അവൾക്ക് ഇത്രയും  സ്വാതന്ത്ര്യം  നമ്മുടെ വീട്ടിൽ നൽകേണ്ടെന്ന്

അവളൊരു പാവമാണ് ടോം. മനസ്സിലുള്ളത് ഒരു മറയും ഒളിവുമില്ലാതെ പറയും. മനസ്സിൽ ഒന്നുമില്ല

ഏതൊരാളെയും ആകർഷിക്കാൻ തക്ക കഴിവും വിദ്യാഭാസവുമുള്ള പെണ്ണാണവള്‍..സാഹചര്യങ്ങളാണ് പലപ്പോഴും  നമ്മളെ റൂൾ ചെയ്യുന്നത് റീതു

തന്നോട് പലപ്പോഴും ഓഫീസിൽ താര കാണിക്കാറുള്ള അതിരുകടന്നുള്ള അടുപ്പം മനസ്സിൽ കണ്ടുകൊണ്ടാണ് അയാളത് പറഞ്ഞത്

എനിക്കെന്റെ ടോമിനെ വിശ്വാസമാണ്  . പുറകിൽ നിന്നും ടോമിനെ ചേർത്തു കെട്ടിപ്പടിച്ചുകൊണ്ട് പറഞ്ഞത്  അവൾ ഓർത്തു

പിന്നീട് അങ്ങനെ ഒരു സംസാരം അവർക്കിടയിൽ വന്നിട്ടില്ല. അമ്മയ്ക്കു പെട്ടന്ന് സുഖമില്ലാതെ വന്നതുകൊണ്ട് രണ്ടാഴ്ച്ച ‌മോളെയും കൂട്ടി വീട്ടിപോയി നിൽക്കണ്ട ഒരു സാഹചര്യം വന്നു. താനത് താരയോടും പറഞ്ഞിരുന്നു

തിരിച്ചെത്തിയ ശേഷം  ടോം ഓഫീസിൽ പോയിട്ട് കുറച്ചു ദിവസങ്ങളായി എന്ന് മനസ്‌സിലായി. ആകെയൊരു അസ്വസ്ഥത പോലേ.

ഒരു രാത്രി തന്നെ ചേർത്തുപുടിച്ചു ടോം പറഞ്ഞു. ഞാൻ  ഈ ജോലി രാജി വെയ്ക്കാൻ പോകുകയാണ്

നമ്മുക്ക് കുറച്ചു നാൾ നാട്ടിലെ നമ്മുടെ വീട്ടിൽ പോയി നിന്നാലോ ?

ടോം എന്താ ഈ പറയുന്നത്?  എത്ര ആഗ്രഹിച്ചു കിട്ടിയ ഒരു ജോലിയാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും വലിയൊരു കമ്പനിയുടെ തലപ്പത്തെത്തുകയെന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ഇത്രയും വലിയൊരു നേട്ടമങ്ങനെ പെട്ടന്ന് വലിച്ചെറിയാൻ പറ്റുമോ ?

എല്ലാ നേട്ടങ്ങളെക്കാളും എനിക്ക്‌  വലുത് നീയാണ്.എന്റെ മോളാണ്

ടോമിന്റെ  മുഖത്തേക്ക് താൻ നോക്കി കണ്ണുകളിൽ നനവ് പോലേ

എന്താ ടോം ?

നീയെന്നോട് ക്ഷമിക്കണം റീതു…എനിക്കൊരു തെറ്റുപറ്റി….നീയില്ലാതിരുന്ന ഒന്നുരണ്ട് ദിവസങ്ങളിൽ  വൈകിട്ട് താര  വന്നിരുന്നു. ഭക്ഷണമൊക്കെ കഴിച്ചു പോകാറാണ് പതിവ് .ഒരു ദിവസം പോകാൻ നേരം എന്തോ വയ്യായ്ക പറഞ്ഞു. മനഃപ്പൂർവ്വം അവളൊരു സാഹചര്യം സൃഷ്ട്ടിച്ചെടുത്തപോലെ….ഞാനും അത് ആഗ്രഹിച്ചിരുന്നെന്ന് തോന്നുന്നു..അവളുടെ സമ്മതത്തോടെ അന്ന്….ആ രാത്രി….എന്റെ മനസമാധാനം എനിക്കു നഷ്ടപ്പെട്ടു. നീയെന്നോട് ക്ഷമിക്കണം .എനിക്ക് നിന്നോട് ഒന്നും മറയ്ക്കാനാവില്ല….അത്രയ്ക്ക് നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്

ടോംമിന്റെ ചേർത്തുപിടിച്ച കൈകൾക്കുള്ളിൽ അന്നാദ്യമായി ശ്വാസം കിട്ടാതെ ഉള്ള് പിടഞ്ഞു അന്ന് ഒരുപാട്  നീളമുള്ളൊരു രാത്രിയായി  തോന്നുകയും ചെയ്തു.

പിറ്റേന്ന് ടോം കഴിയുന്നതും തടയാൻ ശ്രമിച്ചിട്ടും താൻ മോളെയും കൂട്ടി വീട് വിട്ടിറങ്ങി.

അച്ഛനോടും അമ്മയോടും ഒന്നും തുറന്നു പറഞ്ഞില്ല. ഞങ്ങൾ തമ്മിലെന്തോ ചെറിയ സൗന്ദര്യ പിണക്കമെന്നേ അവർ കരുതിയുള്ളൂ

എല്ലാരും കൂടെയുണ്ടായിരുന്നിട്ടും ഒരു ഒററപ്പെടൽ തോന്നിതുടങ്ങി. ടോം ഒന്ന് വന്നിരുന്നെങ്കിൽ എന്നാശിച്ചു പടിവാതിലിലേക്ക്  മിഴി നീട്ടി  കാത്തുനിന്നിരുന്നു. വന്നു വിളിച്ചാൽ കൂടെപ്പോകാൻ മനസ്സ് കൊതിച്ചു

പക്ഷേ ടോം വന്നുകഴിഞ്ഞാൽ പിന്നെ തന്റെ ഭാവം മാറും. ഇനി അങ്ങനെ ഒരു തെറ്റ് തന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് എത്ര ആണയിട്ടു പറഞ്ഞാലും കേട്ട ഭാവം നടിക്കില്ല. ഓരോന്ന് പറഞ്ഞു  കുത്തി നോവിക്കും

ആള് ഒരു പരാജിതനെപ്പോലെ തലകുനിച്ചിറങ്ങിപ്പോകുമ്പോൾ ജയിച്ചൊരു സന്തോഷവും ഉള്ളിൽ തട്ടിയിടുന്നു. പിന്നീട് പഴയപോലെ കാത്തിരിപ്പ് തുടരും

പലവട്ടം വിളിക്കണമെന്ന് കരുതിയിട്ടുണ്ട്.എന്തൊ താൻ ചെറുതാകുംപോലെ ഒരു തോന്നൽ

ഇതിനിടയിൽ അഞ്ചാറ് വട്ടം ടോം വീട്ടിൽ വന്നിരുന്നു. ടോമിനെ കാണുമ്പോഴുള്ള മോളുടെ സന്തോഷം കാണുമ്പോൾ മനസ്സ് ചെറുതായി അയഞ്ഞു തുടങ്ങിയിരുന്നു. എങ്കിലും ഒരു ഉറച്ച തീരുമാനം എടുക്കാൻ സാധിക്കുന്നില്ല.

ലിജുവിനോട്  മാത്രമാണ് എല്ലാം തുറന്നു പറഞ്ഞത്. വല്യമ്മയുടെ മകനാണെങ്കിലും ഏട്ടനെക്കാളും അടുപ്പം തനിക്ക് ചെറുപ്പം മുതലേ ലിജുവിനോടായിരുന്നു. സമപ്രായക്കാരായതുകൊണ്ടു ഒരു സഹോദരി ബന്ധത്തിലുപരി നല്ലൊരുസുഹൃത് ബന്ധമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്.

ലിജുവാണ് തടസം പറഞ്ഞത്…

നീ എന്തിനു ക്ഷമിക്കണം ? നീയിനി അവന്റെ കൂടെ പോകണ്ട. സാഹചര്യങ്ങൾ ഇനിയും ഉണ്ടാവില്ലേ ?

നിനക്കറിയാല്ലോ ഞാനും  സജിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് എത്ര നാൾ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു ? കഷ്ടിച്ച് ഒന്നര മാസം….അവള് വീണ്ടും ജോലിക്കായി  വിദേശത്തേക്ക് പോയന്ന് കരുതി ഞാൻ ഒരു പെണ്ണിന്റെയും പുറകെ പോയിട്ടില്ല

മനസ്സ് പിന്നെയും തിരിഞ്ഞു മറിഞ്ഞു. ലിജു പറയുന്നതിലും കാര്യമുണ്ടെന്നു തോന്നി

പിന്നീട് ഒരിക്കൽ  ടോം വന്നിരുന്നു. കൂടെ വരണമെന്ന് ഒരുപാട് നിർബന്ധിച്ചു. അന്ന് ആളുടെ കോലം തന്നെ മാറിയിരുന്നു. ജോലിക്കൊന്നും പോകാറില്ലെന്ന് കേട്ടു

അച്ഛനും അമ്മയ്ക്കും കാര്യങ്ങളൊക്കെ പിടികിട്ടി തുടങ്ങിയിരുന്നു

ഒരിക്കൽ അമ്മ എങ്ങും തൊടാതെ പറഞ്ഞു. എല്ലാവരുടെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ താളപ്പിഴകൾ ഉണ്ടായെന്നു വരാം. ചിലര്  മാത്രം പിടിക്കപെടുമെന്നു  മാത്രം. അറിയാതെ ഒരു തെറ്റൊക്കെ ആർക്കും പറ്റാം. പക്ഷേ  തെറ്റ് തിരുത്താനാഗ്രഹിക്കുന്നവരെ വീണ്ടും തെറ്റിലേക്ക് തള്ളി വിടരുത്

അമ്മയുടെ ഉപദേശം ഒരു  പഴഞ്ചനായി തോന്നി. അപ്പോഴേക്കും പതിയെ കാര്യങ്ങൾ കൈവിട്ടു തുടങ്ങിയിരുന്നു. ലിജു പറഞ്ഞു ഏട്ടൻ വിവരങ്ങളൊക്കെ അറിഞ്ഞു

ഏട്ടൻ ജോലി സ്ഥലത്തു നിന്നു വിളിച്ചു. റീതു നമ്മുക്ക് ഇനി ഈ ബന്ധം വേണ്ട. എത്രയും പെട്ടന്ന് ഈ ബന്ധത്തിൽ നിന്ന് നമ്മുക്ക് ഒഴിയണം. അതിനുള്ള  കാര്യങ്ങളൊക്കെ നമ്മുക്ക് ഉടനെ തുടങ്ങണം. ഞാൻ ഇപ്പോൾ നാട്ടിൽ നിന്ന് ലീവ് തീർന്ന് ഇവിടെ വന്നതല്ലേയുള്ളൂ. അല്ലെങ്കിൽ ഇപ്പോൾ തന്നെ അങ്ങോട്ട് വന്നേനെ.

ഓഫീസിലുള്ള ഉറ്റ കൂട്ടുകാരി സരിതയും അതൊക്കെ തന്നെയാണ് പറഞ്ഞത്. നമ്മളങ്ങനെ  ക്ഷമിച്ചുകൊടുത്താൽ ശരിയാവില്ല. നമ്മളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ ഭര്ത്താക്കന്മാര് ക്ഷമിക്കുമോ ?

അമ്മ ഒഴിച്ച് എല്ലാരും ഞങ്ങൾക്കിടയിലെ അകലം കൂട്ടുന്ന  കണ്ണികളായി തീർന്നിരുന്നു. തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ.അങ്ങനെ എല്ലാവരുടെയും അഭിപ്രായത്തിനൊപ്പം താനും ചേർന്നു. ടോമിനെ വിവരം അറിയിച്ചു

അവസാനമായി  ടോം ഒരിക്കൽക്കൂടി  വന്നു. നന്നായിട്ട് മ ദ്യപിച്ചിട്ടുണ്ടായിരുന്നു .

തന്നെയും മോളെയും കാണാൻ ഇനി വരരുതെന്നും ഒരുമിച്ചു ഒരു ജീവിതം ബുദ്ധിമുട്ടാണെന്നും അറിയിച്ചു

മകളെ ചേർത്തു നിർത്തി തലയിലും കവിളിലും തടവി ടോം പറഞ്ഞു. വല്യ കുട്ടിയാകുമ്പോൾ മോള് പപ്പയെ  കാണാൻ വരണം. പപ്പ നോക്കിയിരിക്കും. അമ്മ പറയുന്നതൊക്കെ കേട്ട് മിടുക്കിയായിരിക്കണം

അത് കേട്ട് മോള് ചോദിച്ചു.

പപ്പാ എവിടെ പോകുവാണ് ? ഇനി പപ്പ മോളെ കാണാൻ വരില്ലേ ?

ടോം മറുപടി ഒന്നും പറഞ്ഞില്ല .പകരം അവളെ ചേർത്തുപിടിച്ചു നിറുകയിൽ ഉമ്മ വെച്ച് പടിയിറങ്ങുമ്പോൾ ടോമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .

അമ്മ സരിതാലപ്പൊകൊണ്ടു കണ്ണീർ ഒപ്പി. തന്റെ മനസ്സന്ന് കല്ലായിരുന്നു. പിന്നീട് ഒരിക്കലും ടോം വന്നില്ല…

പിറ്റേന്ന് പുലർച്ചേ  ലിജുവാണ് വീട്ടിൽ വന്ന് പറഞ്ഞത്

മ ദ്യപിച്ചു ലക്ക്കെട്ട്  അയാൾ വണ്ടി ഏതോ മരത്തിൽക്കൊണ്ടിടിച്ചു. സ്പോട്ടിൽ തന്നെ തീർന്നു .ഹോ ഏതായാലും കേസ്കോടതി ഒന്നും വേണ്ടി വന്നില്ല

എത്ര ലാഘവത്തോടെയാണ് ലിജു അന്നത് പറഞ്ഞത്. ദേഹത്തു ആരോ തീകോരിയിട്ടപോലെയാണ് തോന്നിയത്.പിന്നീട് ഒരു തരം മരവിപ്പ് ചിന്തകളെ ബാധിച്ചു . ഡിപ്രെഷന്റെ നാളുകൾ …

ഏട്ടൻ മിക്കവാറും എല്ലാ ദിവസവും വിളിച്ചു ആശ്വസിപ്പിക്കാറുണ്ടായിരുന്നു.ഏടത്തി ഇടപെടാൻ തുടങ്ങിയപ്പോൾ വിളികളുടെ എണ്ണവും കുറഞ്ഞു.

ലിജുവിന്റെ കാര്യവും മറിച്ചായിരുന്നില്ല. ആദ്യമൊക്കെ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടായിരുന്നു. ഹോസ്‌പിറ്റലിൽ  പോകാനും  മോളുടെ സ്കൂളിൽ പോകാനുമൊക്കെ ഒപ്പമുണ്ടായിരുന്നു.ആളുകളുടെ അർത്ഥം വെച്ചുള്ള  സംസാരവും  നോട്ടവും തുടങ്ങിയപ്പോൾ ലിജുവിന്റെയും വരവ് നിന്നു .

സരിതക്ക് നല്ല വിഷമമുണ്ട് .ഒന്ന് ക്ഷമികമായിരുന്നു അല്ലേ ?കുറ്റബോധത്തിൽ നിന്നും ഇടയ്ക്കൊക്കെ  ഒരു ആശ്വാസത്തിനായി പുറത്തേക്ക് ചാടുന്ന മറുപടി അർഹിക്കാത്ത ഒരു ചോദ്യം അവളിൽ നിന്നും പലപ്പോഴും  ഉയരാറുണ്ടായിരുന്നു .

ആരേയും പറഞ്ഞിട്ട് കാര്യമില്ല .തന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ  മറ്റുള്ളവർക്ക്  നൽകിയത് എന്തിനാണ് ?അഭിപ്രായം പറയാൻ എപ്പോഴും  മറ്റുള്ളവർ കൂടെയുണ്ടാവും.അനുഭവിക്കേണ്ടത് ഒറ്റയ്ക്കാവും എന്ന് ഓർക്കേണ്ടതായിരുന്നു.

പിന്നീട് ഒരിക്കൽ മോളുടെ സ്കൂളിലേക്ക് പോകുന്ന വഴിക്കു  ട്രാഫിക് സിഗ്നലിൽ വെച്ച് ലിജുവിനെ കണ്ടു ബൈക്കിൽ ഒരു  സ്ത്രീയുമായി.ഹെൽമെറ്റ് വെച്ചിരുന്നതുകൊണ്ട് ഒരു സംശയം. എന്തായാലും  അവനാണോ എന്നുറപ്പിക്കാൻ  നമ്പർ  പ്ലേറ്റ് നോക്കി,ലിജു തന്നെ…വീട്ടിൽ തിരിച്ചെത്തിയിട്ടും മനസ്സിൽ സംശയങ്ങൾ തന്നെയായിരുന്നു.ലിജുവിനെ ചുറ്റിപിടിച്ചുള്ള അവരുടെ ഇരിപ്പ് ഒരുപാട് സംശയങ്ങളിലേക്കു നീണ്ടു …

കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആയിരിക്കുമോ ? ഇനി പരിചയക്കാരോ ഫ്രണ്ടോ  ആയിരിക്കുമോ?എന്തായാലും വെറുതെയൊരു സംശയം മനസ്സിൽക്കൊണ്ട്  നടക്കണ്ട.അന്നുതന്നെ അവനെ വിളിച്ചു. അവൻ ഒന്നും നിഷേധിച്ചില്ല

എടി നീയിതു ജിജിയോട്  പറയരുത്.അവൾ അറിഞ്ഞാൽ എനിക്ക് ഓർക്കാൻ കൂടി വയ്യ .എന്റെ കുടുംബ ജീവിതം  തകരും നീയായിട്ട് അതിന് മുതിരരുത്

ജിജി എങ്ങനെയെങ്കിലും അറിഞ്ഞാലോ?

നീയെന്താ ഈ പറയുന്നത് അവൾ എങ്ങനെ അറിയാനാണ് വർഷത്തിൽ ഒരു മാസത്തെ ലീവ് .എല്ലായിടത്തും കറങ്ങി തിരിഞ്ഞു വരുമ്പോൾ അത് തീരും .അതിനിടയിൽ ഇതൊക്കെ ആരറിയാൻ. അറിഞ്ഞാലും അവള് വിശ്വസിക്കില്ല .അവള് നിന്നെപ്പോലെയല്ലാ. എന്നെ നല്ല വിശ്വാസമാണ്. ഒരു തമാശ പറഞ്ഞപോലെ അയാൾ പൊട്ടിച്ചിരിച്ചു.

ഞാൻ ജിജിയോട്  പറയില്ല പക്ഷേ  നീ ആ സ്ത്രീയുമായിട്ടുള്ള‌ ബന്ധം നിർത്തണം.

എനിക്കിപ്പോൾ അതിന് കഴിയില്ല റീതു. ഭർത്താവ് മരിച്ചുപോയ ഒരു സ്ത്രീയാണവര് .ഞാൻ ഇപ്പോൾ അവർക്ക് വലിയൊരു സഹായമാണ്. ഞാൻ ഈ സാഹചര്യത്തിൽ  അവളെ ഉപേഷിച്ചാൽ അത് അവർക്ക് സഹിക്കാൻ കഴിയില്ല

എന്നാലും എനിക്കു ജിജിയോടുള്ള  സ്നേഹത്തിനു ഒരു കുറവുമില്ല .പിന്നെ ഞാൻ ഇവരെ കല്യാണം കഴിക്കാനൊന്നും പോകുന്നില്ലല്ലോ. പരിഹാസം കലർന്ന ഒരു ചിരി അവന്റെ മുഖത്തുണ്ടായിരുന്നു

അപ്പോൾ നീ എന്റെ കാര്യത്തിൽ പറഞ്ഞതോ ?

എടി നീയെന്നോട് ക്ഷമിക്ക്  അങ്ങനെ ഒരു സാഹചര്യം എനിക്ക്  അന്ന് ഉണ്ടായിരുന്നെങ്കിൽ  ഞാൻ അളിയന്റെ ഭാഗം കൂടി ചിന്തിച്ചേനെ.എന്തു ചെയ്യാനാണ്. പാവം…ആയുസ്സ് അത്രേ ഉണ്ടായിരുന്നുള്ളു ,അല്ലാതെ എന്തു പറയാൻ

കൂടുതലൊന്നും പറയാനോ തർക്കിക്കാനോ അവൾ നിന്നില്ല

മറ്റുള്ളവരുടെ  കാര്യത്തിൽ തോന്നുന്ന എത്രയെത്ര അന്യയങ്ങളാണ് സ്വന്തം കാര്യങ്ങളിൽ ന്യായമായി  മാറുന്നത് .

താരയും മറ്റൊരു വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നുവെന്ന് കേട്ടു .

താൻ ഒഴിവാക്കിയപ്പോൾ ടോമിന് താരയുമൊത്തുള്ള ഒരു ജീവിതം തുടങ്ങാനായിരുന്നു. പക്ഷേ താനും മകളും ടോമിന് അത്ര പ്രിയപെട്ടവരായിരുന്നു

ജീവിതത്തെ കുറച്ചുകൂടി വിവേകത്തോടെ കാണാതെപോയ താൻ ഒരു പമ്പര വിഡ്ഢിയാണ് . നഷ്ടങ്ങൾ തനിക്കു മാത്രം.

സ്വന്തം ജീവിതത്തെ തീരുമാനമെടുക്കുവാൻ മറ്റൊരാളെ ആശ്രയിച്ചതു തന്നെ തെറ്റായിപ്പോയി.  അവരൊക്കെ ഇന്നെവിടെ ? കടുത്ത ഏകാന്ത മാത്രമേ തനിക്കു ടോമിന്റെ വേര്പാടിന് ശേഷം കൂട്ടുണ്ടായിരുന്നുള്ളു.

അവളുടെ ഓർമ്മകളെ തടസ്സപ്പെടുത്തി വീണ്ടും മഴ ചാറിത്തുടങ്ങിയിരുന്നു …അവൾ മെല്ലെ എഴുന്നേറ്റ് ടോമിന്റെ കല്ലറക്കരികിലേക്ക്  നടന്നു

ടോമിന്റെ പേരെഴുതിയ കറുത്ത മാർബിളിൽ പൊടിഞ്ഞു വീഴുന്ന മഴത്തുള്ളികൾക്കു മീതെ തന്റെ കൈയിലുള്ള ചുവന്ന റോസാപ്പൂക്കൾ വെച്ച്  അവൾ പറഞ്ഞു . നിന്നോട് ….ഞാൻ ക്ഷമിച്ചിരിക്കുന്നു. കണ്ണുകൾ തുടച്ചു അവൾ തിരിഞ്ഞു നടക്കുമ്പോൾ റോസാപ്പൂവിന്റെ ഗന്ധമുള്ള ഒരു ചെറുകാറ്റ് അവൾക്കൊപ്പം ഓടിയെത്തി

റോഡിനരുകിൽ കാറിൽ ചാരി തന്നെയും കാത്തു വിനു സിഗരറ്റ് വലിച്ചു എന്തോ ആലോചിച്ചു നില്കുകയാണ്

നമ്മുക്ക് പോയാലോ ? പുള്ളിക്കാരൻ   സമ്മതം തന്നോ ? പാതി വെന്ത സി ഗരറ്റുകുറ്റി  ഷൂസുകൊണ്ട് ചവിട്ടി കെടുത്തുന്നതിനിടയിൽ  വിനു  ചോദിച്ചു.

മറുപടിയെന്നവണ്ണം  അവൾ പുഞ്ചിരിച്ചുകൊണ്ട്  തന്റെ മുഖത്തെയും കൈയിലെയും ചാറ്റൽ മഴത്തുള്ളികൾ  സാരിത്തുമ്പുകൊണ്ടു തുടച്ചു നീക്കി .

വിനു വലിക്കുന്ന സി ഗററ്റിന്റെ  മണം കാറിൽ നിറഞ്ഞു നിന്നിരുന്നു..

ഇപ്പോൾ ആ മണം തനിക്കും ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു  .

ടോം ഓഫീസിൽ നല്ല സ്ട്രെസ്സ് ഉള്ള സമയങ്ങളിൽ  ഇടക്കൊക്കെ  സി ഗരറ്റ് വലിക്കുമായിരുന്നു ..അന്നൊക്ക താൻ വഴക്കിട്ടിട്ടുണ്ട് ഈ മണം ഇഷ്ടമല്ലെന്നു  പറഞ്ഞ്‌

തനിക്കു വേണ്ടി ടോം അതും ഉപേക്ഷിച്ചിരുന്നു.

വിനുവിന്റെ  അങ്ങനെയുള്ള ശീലത്തോട് താൻ ഇപ്പോൾ പ്രതികരിക്കാറില്ല . തനിക്കും കുറവുകൾ ഉണ്ടെന്നുള്ള ബോധ്യം ഉള്ളതുകൊണ്ടാവാം ഒന്നിനോടും ഇപ്പോൾ തർക്കിക്കാറില്ല.പകരം  ജീവിതത്തിൽ ഇഷ്ടക്കേടുകളോടും പൊരുത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു.

തിരിച്ചുള്ള യാത്രയിൽ  അവൾ അധികമൊന്നും സംസാരിച്ചില്ല

താനെന്താണ് ആലോചിച്ചിരുന്നത്  ?ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവളെ നോക്കി  വിനു ചോദിച്ചു

ടോമിന്റെ കല്ലറയിൽ പോയി വന്നതിലുള്ള ബുദ്ധിമുട്ടാണ് അവൾക്കെന്ന് അയാൾ മനസ്സിലാക്കി. പിന്നെ കുറച്ചു നേരത്തേക്ക് അയാൾ ഒന്നും സംസാരിച്ചില്ല.

നമ്മുക്കിന്ന് പുറത്തുനിന്നു ലഞ്ച് കഴിച്ചാലോ ? എന്റെ ഫ്രണ്ട് ഉദയന്റെ ഹോട്ടലിൽ നല്ല നാടൻ ഊണ് കിട്ടും.അവിടുത്തെ കുടംപുളി ഇട്ട് വറ്റിച്ച മീൻകറിയും .പച്ചകുരുമുളകരച്ച  ചിക്കൻ ഫ്രൈയുമൊക്കെ  ഫേമസ് ആണ്

എനിക്കു നല്ല സുഖം തോന്നുന്നില്ല വിനു.എന്നെ ഫ്ലാറ്റിൽ ഇറക്കിയേക്കൂ .

കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങും മുൻപ് അവൾ അയാളോട്  പറഞ്ഞു

വിനു എനിക്കൊരു കാര്യം പറയാനുണ്ട് .നമ്മുടെ വിവാഹത്തെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ എനിക്ക് രണ്ട് മനസ്സായിരുന്നു .ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു .ഇപ്പോൾ ഒരു ഉറച്ച തീരുമാനം എടുക്കാൻ എന്റെ മനസ്സ് പാകപ്പെട്ടു .

ഇപ്പോൾ വിനുവിന് എന്നോട് തോന്നുന്നത് സഹതാപം കൊണ്ടുള്ള ഒരു ഇഷ്ടമായിരിക്കും. നമ്മുടെ വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞു ചിലപ്പോൾ ഇങ്ങനെ ഒരു തീരുമാനം വേണ്ടിയിരുന്നില്ലെന്ന് തോന്നും. വേറെ പെണ്ണിനെ ഒന്നും നിനക്കു കിട്ടാഞ്ഞിട്ടാണോ ?എന്തിനാണ്‌ ഒരു രണ്ടാംകെട്ടുകാരിയെ വിവാഹം കഴിച്ചതെന്നുള്ള മറ്റുള്ളവരുടെ ചോദ്യങ്ങൾ ഒരിക്കൽ വിനുവിനും സ്വന്തമാകും .‌പിന്നെ ഞാനും മകളും ഒരു ബാധ്യതയായി മാറും.എനിക്കിനി ഒരിക്കൽ കൂടി ഒരു നഷ്ടം…വയ്യ വിനു.

വിനുവിന് ഏതായാലും നല്ലൊരു പെൺകുട്ടിയെ കിട്ടും. ഒന്നേ പറയാനുള്ളു. രണ്ട് വ്യത്യസ്തരായ വ്യക്തികൾ….വ്യത്യസ്തമായ ഇഷ്ടങ്ങൾ…ശീലങ്ങൾ….സ്വഭാവങ്ങൾ…ചുറ്റുപാടുകൾ…അതൊക്കെ മറികടക്കാൻ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കണം. മത്സരിക്കണം പരസ്പരം സ്നേഹിക്കാൻ വേണ്ടി മാത്രം.ചെറിയ തളപ്പിഴകളും പതർച്ചയും  ഉണ്ടാവാം….അക്ഷരപ്പിശകുകൾ സംഭവിക്കാം…തിരുത്തി മുന്നോട്ട് നീങ്ങണം. നിങ്ങളുടെ ജീവിതത്തിൽ തീരുമാനം എടുക്കേണ്ടത് നിങ്ങൾ മാത്രമായിരിക്കണം.

അമ്മ പറഞ്ഞതുപോലെ ഒന്ന് ക്ഷമിച്ചിരുനെങ്കിൽ….അന്ന് അതൊരു പഴഞ്ചൻ ഉപദേശം എന്ന് തോന്നി. അങ്ങനെയൊരു തീരുമാനം എടുത്തിരുനെങ്കിൽ ഇന്ന് സ്നേഹത്തിന്റെയും ക്ഷമയുടെയും കുടയ്ക്കുള്ളിൽ  പതിനാലു വർഷങ്ങൾ…ഞാനും ടോമും ഞങ്ങളുടെ മകളും…

കുറച്ചു നേരത്തെ മൗനത്തിനു ശേഷം പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

വീണ്ടും നമ്മുക്ക് കാണാം

കാറിൽ നിന്നുമിറങ്ങാൻ തുടങ്ങിയ റീതുവിന്റെ കൈ പിടിച്ചു കൊണ്ട് വിനു പറഞ്ഞു….ഒരിക്കലും നീയും മോളും എനിക്ക് ഒരു ബാധ്യതയാവില്ല. അത്രയ്ക്ക് നിന്നെ എനിക്ക് ഇഷ്ടമാണ്.

എട്ട് വർഷങ്ങൾ ഞാനും ടോമും ഒന്നായി ജീവിച്ചവരായിരുന്നു. ഒരു പത്തു മിനിറ്റ് നേരത്തെ സംസാരമേ വേണ്ടി വന്നുള്ളൂ രണ്ടു ദിക്കുകളിലേക്ക് അകലാൻ…അർത്ഥമില്ലാത്ത ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ തെളിഞ്ഞു.

റീതു..കഴിഞ്ഞതൊക്കെ കഴിഞ്ഞു.ഇനി ഒരു പുതിയ ജീവിതത്തെക്കുറിച്ചു നമ്മുക്ക് ചിന്തിക്കാം.

ചിന്തിച്ചു വിനു …ഒരുപാട് ചിന്തിച്ചു .നമ്മൾ അനുഭവിക്കുന്ന ഏകാന്തതയും ദുഖഃവും  ചിലപ്പോൾ മറ്റാർക്കും മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. അന്ന് ടോമിനോടുള്ള എന്റെ സ്നേഹം സ്വാർത്ഥമായിരുന്നു . അവനിലൂടെ ഞാൻ എന്നെത്തന്നെയാണ് സ്നേഹിച്ചത്. അതുകൊണ്ടാണ് എനിക്കു വേദനിച്ചപ്പോൾ അവനോട് ക്ഷമിക്കാൻ കഴിയാതെ പോയതും, അവന്റെ മനസ്സ് എനിക്കു കാണാൻ കഴിയാതെ പോയതും. അവന്റെ ശരീരം അത് മാത്രമായിരുന്നു അന്ന് എനിക്ക് സ്വന്തം അവന്റെ മനസ്സ് അത് ഞാൻ സ്വന്തമാക്കിയിരുന്നില്ല.ഇപ്പോൾ അവന്റെ മനസ്സ് എന്നോടൊപ്പമുണ്ട്.കൊതിതീരെ ഞാൻ ആ മനസ്സിനെ സ്നേഹിക്കും…..എന്റെ അവസാന ശ്വാസംവരെ…

വിനുവിന്റെ കൈ മെല്ലെ വീടുവിച്ചുകൊണ്ട് അവൾ കാറിൽ നിന്നുമിറങ്ങി. അപ്പോഴും പുറത്ത്  ചാറ്റൽ മഴ ചാറി നില്ക്കുന്നുണ്ടായിരുന്നു. അവളൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നാശിച്ച് , ചാറ്റൽ മഴതുള്ളികൾ  കാഴ്ചമറക്കുന്ന ചില്ലിലൂടെ, അയാൾ അവൾ നടന്നു നീങ്ങുന്നതും നോക്കിയിരുന്നു.