എന്നാലൊരു കാര്യം ചെയ്യ് നിങ്ങളു ലീവെടുത്ത് അമ്മയെ നോക്ക് എനിക്കു പറ്റില്ല നിങ്ങളുടെ അമ്മയുടെ…

രചന: സ്നേഹ സ്നേഹ

::::::::::::::::::::::

“ഞാൻ മരിക്കുന്നതു വരെ ഇവളെ ഞാൻ നോക്കിക്കോളാം ഇവളുടെ പേരും പറഞ്ഞ് നിങ്ങൾ വഴക്കു കൂട്ടണ്ട”

കിടപ്പിലായ തൊണ്ണൂറ് കഴിഞ്ഞ തൻ്റെ ഭാര്യയെ ചൊല്ലി മകനും ഭാര്യയും വഴക്കു തുടങ്ങിയിട്ട് കുറെ നേരമായി.

“അച്ഛൻ അവിടെ മിണ്ടാതിരി. അച്ഛന് പറ്റുമോ അമ്മയുടെ കാര്യങ്ങൾ നോക്കാൻ ഇല്ലാലോ…” തൻ്റെ നിസഹായാവസ്ഥയെ ചോദ്യം ചെയ്തു മരുമോള് തൻ്റെ വായടപ്പിച്ചു.

“ആഴ്ചയിൽ മൂന്നുദിവസം നിങ്ങളുനോക്കട്ടെ ബാക്കി ദിവസം നിങ്ങളുടെ ഏട്ടൻ നോക്കട്ടെ നിങ്ങൾക്കു മാത്രമല്ലല്ലോ അമ്മയെ നോക്കാനുള്ള ഉത്തരവാദിത്യം ഏട്ടൻ്റേയും കൂടി അമ്മയല്ലേ…”

“എടി നീ ഒരു കാര്യം മനസ്സിലാക്ക്. എനിക്കാണെങ്കിൽ ഒരു ജോലി ഉണ്ട് സ്ഥിരമായി ഒരു വരുമാനം നമുക്ക് ലഭിക്കുന്നുണ്ട്. അങ്ങനെയാണോ ഏട്ടൻ്റെ കാര്യം ആ ഓട്ടോ ഓടിക്കാൻ പോയില്ലങ്കിൽ ഏട്ടൻ്റെ കാര്യം കഷ്ടത്തിലാകും ഏട്ടത്തിയുടെ കാര്യം നിനക്ക് അറിയാലോ ആസ്മയുടെ ശല്യം ഉള്ളതുകൊണ്ട് ഏട്ടൻ തന്നെ നോക്കണം അമ്മയുടെ കാര്യങ്ങൾ..”

“എന്നാലൊരു കാര്യം ചെയ്യ് നിങ്ങളു ലീവെടുത്ത് അമ്മയെ നോക്ക് എനിക്കു പറ്റില്ല നിങ്ങളുടെ അമ്മയുടെ മ ലവും മൂ ത്രവും എടുക്കാൻ…”

“അപ്പോ കുടുംബത്തിലെ കാര്യങ്ങൾ ആരു നോക്കും വീട്ടു ചിലവ്വ്. മക്കളുടെ പഠനാവശ്യം ലോണ് ചിട്ടി, അങ്ങനെയുള്ള കാര്യങ്ങൾ നീ നോക്കുമോ…?”

“ഒരു കൂലിയും വേലയും ഇല്ലാതെ ഇരിക്കുന്ന ഞാനെങ്ങനെയാ ഇതൊക്കെ ചെയ്യുന്നത്.”

“രണ്ടും കൂടെ പറഞ്ഞാലെങ്ങനാ ശരിയാകുന്നേ…”

“അതൊന്നും എനിക്കറിയണ്ട…അറിയണ്ട…..അറിയണ്ട……ഏട്ടന് ഓട്ടോ ഓടിക്കണം ഏട്ടത്തിക്ക് ആസ്മ അവർക്കു പറയാൻ നൂറു കാരണം ഉണ്ട് , എല്ലാകൂടെ എൻ്റെ തലയിൽ കെട്ടിവെച്ച് നിങ്ങളും രക്ഷപെടുന്നു…”

ചെറുക്കന് സർക്കാർ ജോലി ആണന്നറിഞ്ഞപ്പോൾ അച്ഛൻ വേറെ ഒന്നും ഓർത്തില്ല ഇങ്ങനെ രണ്ടു മാരണങ്ങൾ ഉള്ളിടത്തേക്ക് മകളെ പറഞ്ഞയക്കാണ്ടാന്ന് അച്ഛനും ചിന്തിച്ചിട്ടുണ്ടാകില്ല എൻ്റെ വിധി.

മോളെ….അവളെ ഞാൻ നോക്കിക്കോളാം മോളു ഈ പറയുന്നതെല്ലാം അവളു കേട്ടോണ്ടാ കിടക്കുന്നത്. അവളുടെ ശരീരം മാത്രമേ അനക്കം ഇല്ലാതെ കിടക്കുന്നുള്ളു. നിങ്ങൾ പറയുന്നതെല്ലാം കേൾക്കാൻ പറ്റും അവൾക്ക്. ഇതെല്ലാം കേട്ട് അവളുടെ ചങ്കുപൊട്ടുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്.

ഇവിടെ കിടന്നാൽ ചിലപ്പോൾ ഇതല്ല ഇതിലപ്പുറവും കേൾക്കേണ്ടി വരും വല്ല അഗതിമന്ദിരത്തിലും കൊണ്ടുപോയി അക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല.

നിർത്ത് കുറെ നേരമായി നീ കിടന്നു ചെയ്യുന്നു ഇന്നു മുതൽ എൻ്റെ അമ്മയെ നീ നോക്കണ്ട ഞാൻ നോക്കിക്കോളാം

അപ്പോ ജോലിക്ക് പോകുന്നില്ലന്ന് വെച്ചോ. അപ്പോ പിന്നെ എങ്ങനെയാ മൂന്നു നേരവും ഉരുട്ടി വിഴുങ്ങാൻ ഇവറ്റകൾക്കു കൊടുക്കുന്നത്

അച്ഛനും അമ്മക്കും കൊടുക്കുന്നത് അവിടെ നിൽക്കട്ടെ എങ്ങനെ നീയും മക്കളും കഴിക്കും.

ഞാനും എൻ്റെ മക്കളും എൻ്റെ വീട്ടിലേക്കു പോവുകയാ നാളെ . അച്ഛനും അമ്മയും ചത്തു കഴിയുമ്പോൾ വിളിച്ചറിയിക്ക് ‘അപ്പോ വരാം ഞങ്ങൾ

എന്തിന്‌? നീ ഇവിടുന്ന് മക്കളേയും കൂട്ടി പോയാൽ പിന്നെ തിരിച്ച് ഈ പടി കയറാം എന്നു നീ സ്വപ്നം കാണണ്ട അതും പറഞ്ഞ് അജേഷ് അവിടെ നിന്നും പോയി.

അജേഷ് പോയതിനു പിന്നാലെ ശാലുവും ചവിട്ടിത്തുള്ളി അടുക്കളയിലേക്ക് പോയി.

അച്ഛൻ അമ്മ കിടക്കുന്ന കിട്ടലിന് അടുത്ത് ചെന്ന് കസേര വലിച്ചിട്ട് അതിൽ ഇരുന്നു.

ആ മുടിയിഴകളിൽ തലോടികൊണ്ട് നെറ്റിയിൽ തൻ്റെ ചുണ്ടമർത്തി.

നീ കരയുകയാണോ? എന്തിനാ കരയുന്നത് ഞാനില്ലേ നിൻ്റെ കൂടെ കവിളിൽ കൂടി ഒലിച്ചിറങ്ങുന്ന കണ്ണീർ കണങ്ങളെ തുടച്ചു മാറ്റി കൊണ്ട് ആ വൃദ്ധൻ ചോദിച്ചു.

അവരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ലടി വയസ്സായാൽ ഇതൊക്കെ അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്നു പോകാൻ പറ്റില്ല.

പതിനാറാം വയസിൽ തൻ്റെ കൂടെ ഒരു ഓല മേഞ്ഞ ഷെഡിലേക്ക് വന്നു കയറിയതാ ആ ഓല ഷെഡിൽ ഞങ്ങളെ കൂടാതെ തൻ്റെ സഹോദരങ്ങൾ ഏഴു പേരും അച്ഛനും അമ്മയും നിന്നു തിരിയാൻ ഇടമില്ലാത്ത ആ കുരയിൽ നിന്ന് ജീവിതം ആരംഭിച്ചതാ മാറി ഉടുക്കാനില്ല വയറുനിറച്ചു കഴിക്കാനില്ല. എന്നിട്ടും പരാതിയും പരിഭവും ഇല്ലാതെ തൻ്റെ രണ്ടു മക്കളേയും ചെറ്റു തൻ്റെ ഇളയ സഹോദരങ്ങളേയും സ്വന്തം മക്കളായി കണ്ടു സ്നേഹിച്ചു പരിപാലിച്ചു അവരുടെയെല്ലാം വിവാഹം നടത്താൻ നേരം തൻ്റെ നിഴലായി നിന്നു. അച്ഛനേയും അമ്മയേയും പൊന്നുപോലെ നോക്കി.

എല്ലാ ഉത്തരവാദിത്യവും തീർത്ത് ജീവിതം വീണ്ടും ഒരു ഓടുമേഞ്ഞ വീട്ടിൽ നിന്നാരംഭിച്ചു. മക്കളെ രണ്ടു പേരേയും നന്നായി പഠിപ്പിക്കണമെന്നത് ഇവളുടെ ആഗ്രഹം ആയിരുന്നു മൂത്തവൻ ഇടക്കു വെച്ചു പഠിപ്പു നിർത്തി ഇളയവൻ പഠിച്ചു സർക്കാർ ജോലി നേടി രണ്ടു മക്കളുടേയും കല്യാണവും നടത്തി മൂത്തവന്  രണ്ടു പെൺകുട്ടികളാണ് പഠിക്കുന്നു അവൻ്റെ ഭാര്യ ആണെങ്കിൽ ആസ്മ രോഗിയും

ഇളയവന് രണ്ടാൺ കുട്ടികൾ മുത്തച്ഛനും മുത്തശ്ശിക്കും കണി കാണാൻ കിട്ടുന്നില്ല ഇരുവരേയും ഏതു സമയം നോക്കിയാലും പഠിത്തം തന്നെ പഠിത്തം ഈ മുറിയിലേക്ക് വരാറു പോലും ഇല്ല അവരുടെ അമ്മ സമ്മതിക്കുകയും ഇല്ല.

ഭാര്യയുടെ മുടിയിൽ തലോടികൊണ്ടിരുന്ന് ഓരോന്ന് ചിന്തിച്ചിരുന്ന ആ ‘വൃദ്ധൻ്റ കണ്ണുകളും ഈറനണിഞ്ഞു

അച്ഛാ….മുറിയിലേക്ക് കടന്നു വന്ന മകൻ്റെ വിളി കേട്ടാണ് അച്ഛൻ ചിന്തയിൽ നിന്നും ഉണർന്നത്.

എന്താ മോനെ?

അമ്മക്ക് പൊടിയരി കഞ്ഞി കൊണ്ടു വന്നിട്ടുണ്ട് അമ്മയെ എഴുന്നേൽപ്പിച്ച് ഞാൻ കൊടുക്കാം അച്ഛൻ പോയി കഴിച്ചിട്ടു വാ

എനിക്കു വിശപ്പില്ല മോനെ ഞാൻ കൊടുക്കാം അവൾക്കു കഞ്ഞി

അതു പറഞ്ഞാൽ പറ്റില്ല അച്ഛൻ പോയി കഴിക്ക്.

ഇല്ല ഞാൻ പോകുന്നില്ല. ഇന്ന് എനിക്ക് കോരി കൊടുക്കണം അവൾക്കു ഭക്ഷണം അവൾ കഴിച്ചതിൻ്റെ ബാക്കി ഞാനും കഴിച്ചോളാം

അച്ഛൻ്റെ ഇഷ്ടം കഞ്ഞി പാത്രം അച്ഛൻ്റെ കൈയിൽ കൊടുത്തിട്ട് അജേഷ് പോയി.

വിറക്കുന്ന കൈ കൊണ്ട് അമ്മയെ താങ്ങി എഴുന്നേൽപ്പിച്ച് തലയിണയിൽ ചാരി ഇരുത്തി ഭാര്യക്ക് കഞ്ഞി കോരി കൊടുത്തു. മതി എന്ന് കണ്ണു കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ കഞ്ഞി പാത്രം മേശമേൽ വെച്ച് ഭാര്യയുടെ കൈയും വായും കഴുകിച്ച് നേരെ കിടത്തി.

അതിനു ശേഷം യൂറിൻ ബാഗിലെ മൂ.ത്രം എടുത്ത് കളഞ്ഞ് ഭാര്യയെ പുതപ്പിച്ചു കിടത്തി നെറ്റിയിൽ തൻ്റെ ചുണ്ടമർത്തി കവിളിൽ ഒന്നു തട്ടിയിട്ട് കൈ കഴുകി മേശമേൽ ബാക്കി ഇരുന്ന കഞ്ഞി കോരി കുടിച്ചു. കൈയും മുഖവും കഴുകി വന്ന് ഭാര്യയുടെ കട്ടിലിനോട് ചേർന്നു കിടന്ന കട്ടിലിൽ കിടന്ന് തൻ്റെ കൈ എത്തിച്ച് ഭാര്യയുടെ മുടിയിൽ തലോടികൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ മകൻ  അച്ഛനും അമ്മക്കും കാപ്പിയുമായി മുറിയിലേക്ക് കടന്നു വന്നു കാപ്പി കപ്പുകൾ മേശമേൽ വെച്ചിട്ട് അമ്മയെ തട്ടി വിളിച്ചു. അമ്മ വിളി കേട്ടില്ല എന്നു മാത്രമല്ല അമ്മയുടെ ദേഹത്തിലെ തണുപ്പ് മകൻ്റെ കൈയിലേക്കും അരിച്ചിറങ്ങി. ഒരു നടുക്കത്തോടെ അച്ഛൻ്റെ ബെഡിനരികിലെത്തി അച്ഛനെ കുലുക്കി വിളിച്ചെങ്കിലും അച്ഛൻ വിളി കേട്ടില്ല. അജേഷ് ആ സത്യം തിരിച്ചറിഞ്ഞു അച്ഛനും അമ്മയും ആർക്കുമൊരു ഭാരമാകാതെ മറ്റൊരു ലോകത്തേക്കു യാത്ര ആയി എന്ന്…

പൊട്ടിക്കരയാൻ പോലും ആകാതെ അജേഷ് കൈകൂപ്പി നിന്ന് അവരോട് മാപ്പു ചോദിച്ചു.

Scroll to Top