പടിയിറങ്ങുമ്പോൾ…
രചന: ഭാഗ്യലക്ഷ്മി. കെ. സി.
::::::::::::::::::::::
മകളുടെ വിവാഹമായിരുന്നു. പടിയിറങ്ങുമ്പോൾ വീഡിയോഗ്രാഫ൪ പറഞ്ഞതുകേട്ട് അവളോടിവന്ന് അച്ഛന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. അച്ഛൻ കരഞ്ഞു. മകൾ ചിരിച്ചു.
എല്ലാം കഴിഞ്ഞ് അവളങ്ങ് പോയപ്പോൾ ഭാര്യ ചോദിച്ചു:
നിങ്ങളെന്തിനാ കരഞ്ഞത്?
അവൾ മുതി൪ന്നതിനുശേഷം ആദ്യമായല്ലേ എനിക്കൊരു മുത്തം തരുന്നത്..അതോ൪ത്തപ്പോൾ എന്തോ കരച്ചിൽ വന്നു.
അതിനെന്താ? ചെറുപ്പത്തിൽ ഇഷ്ടംപോലെ കടി തന്നിട്ടില്ലേ കവിളിൽ..
വലുതായപ്പോ അവളുടെ കുറുമ്പും കൂടി. രണ്ടാഴ്ച മുന്നേ ജ്വല്ലറിയിൽ സ്വ൪ണ്ണമെടുക്കാൻ പോയപ്പോൾ എന്തായിരുന്നു ബഹളം..അമ്പത് പവൻ തികച്ചും വേണമെന്ന് പറഞ്ഞ്…
അതിന് നിങ്ങൾ നാൽപ്പത്തഞ്ച് പവൻ കൊടുത്തില്ലേ.
ആ പേരും പറഞ്ഞ് രണ്ടാഴ്ചയായി അവളെന്നോട് നേരാംവണ്ണം മിണ്ടാതെ നടക്കുന്നു..അറിയോ നീയ്യ്?
ഞാൻ പറയാറില്ലേ അധികം കൊഞ്ചിച്ച് വഷളാക്കരുതെന്ന്..
കൊഞ്ചിക്കലും തലയിലെടുത്തുവെക്കലും താനായിരുന്നില്ലേ ഇത്തിരി കൂടുതൽ?
ആകെയുള്ള മോളല്ലേ..അവളങ്ങ് പടിയിറങ്ങി ഒരുത്തന്റെ കൈയുംപിടിച്ച് പോയപ്പോൾ നെഞ്ചിലെന്തോ ഒരു കനംപോലെ..
അവൾ നാളെ സത്കാരത്തിന് ഇങ്ങോട്ട് വരുമല്ലോ..
പിന്നെയെന്തിനാ നിങ്ങൾ കണ്ണ് തുടക്കുന്നത്..?
സാരി വാങ്ങാൻ പോയപ്പോൾ അവളുദ്ദേശിച്ച സാരിക്ക് വിലകൂടുതലാണ്, അതെടുക്കണ്ട എന്ന് പറഞ്ഞതിനാണ് കണ്ണ് നിറച്ച് ഇറങ്ങിപ്പോന്നത്.
ഒടുക്കം നിങ്ങളതുതന്നെ വാങ്ങിക്കൊണ്ടുവന്നു കൊടുത്തല്ലോ..
പക്ഷേ അപ്പോൾപ്പോലും അവളൊന്ന് സന്തോഷിച്ചുകണ്ടില്ല.
ആ സമയത്ത് ബ്യൂട്ടീഷന്റെ കാര്യം തീരുമാനമാകാതെയിരിക്കുകയായിരുന്നു. അതിന്റെ പേരിലായിരുന്നു അടുത്ത വാശി..
നമ്മുടെ മോൾ അവിടെയും ഈ വാശിയൊക്കെ എടുത്താൽ അവൻ വിഷമിച്ചുപോകുമല്ലോ..
ദേ.. ഫോൺ റിങ് ചെയ്യുന്നു.മോളാ..
നീ സ്പീക്കറിലിട്…
ഹലോ..മോളേ..അവിടെ എത്തിയോ? കൂടെവന്നവരൊക്കെ മടങ്ങിയോ?
അച്ഛാ ഇത് ഞാനാ വരുൺ..അവരങ്ങ് ഇറങ്ങിയതും അവളൊരേ കരച്ചിൽ..അച്ഛനെ കാണണമെന്നും പറഞ്ഞ്…
അതിനെന്താ നാളെ ഇങ്ങോട്ട് വരുന്നുണ്ടല്ലോ..
അത് ഞാനും പറഞ്ഞു..അവൾ പറയുകയാ.. ഒരുപാട് വിഷമിപ്പിച്ചു അച്ഛനെ എന്ന്..
ഏയ്, അതൊന്നും സാരമില്ല..അവളുടെ ആഗ്രഹങ്ങളൊക്കെ നമ്മളോടല്ലാതെ വേറെ ആരോടാ അവൾ പറയുക..മോൾക്ക് കൊടുക്കൂ.. ഞാൻ സംസാരിക്കാം..
അവൾ കേൾക്കുന്നുണ്ട്..കരച്ചിൽ കാരണം ഒന്നും പറയാൻ പറ്റുന്നില്ല..നാളെ കാണാം..
ശരി മോനേ..
ഹാവൂ .. ആശ്വാസമായി..അവൾക്ക് നമ്മളോട് സ്നേഹമൊക്കെയുണ്ട് അല്ലേടീ..
ഇതേസമയം അവളുടെ ഫോൺ ഓഫാക്കി തിരിച്ചുകൊടുക്കാൻ വരുൺ അകത്തേക്ക് ചൊല്ലുമ്പോൾ ഇതൊന്നുമറിയാതെ എല്ലാവരോടും സന്തോഷമായി ചിരിച്ചുകൊണ്ട് വ൪ത്തമാനം പറയുകയായിരുന്നു അവൾ. ഭാര്യയെ നോക്കി അവൻ മനസ്സിൽ ചിന്തിച്ചു:
അച്ഛൻ ഹൃദയം വിങ്ങിക്കരയുമ്പോൾപ്പോലും ഒരുതരി കണ്ണീ൪ പൊടിയാത്ത ഇവൾ നാളെ തന്നോട് എങ്ങനെ ആയിരിക്കുമോ എന്തോ..