രചന: ദിവ്യ കശ്യപ്
:::::::::::::::::::
കുറി കിട്ടിയ രണ്ടു ലക്ഷം രൂപ ഫിക്സഡ് ഇടാൻ വേണ്ടി ബാങ്കിൽ ചെന്നു അതിൻ്റെ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ കാത്തിരുന്നപ്പോഴാണ് തൊട്ടടുത്ത് വേവലാതിയോടെ ഇരിക്കുന്ന ഒരാളെ ശ്രദ്ധിച്ചത്…
ഇരുന്നിടത്ത് ഇരിപ്പ് ഉറക്കാതെ മാനേജരുടെ മുറിയിലേക്ക് എത്തി നോക്കിയും ബാങ്കിലെ ക്ലോക്കിലെക്ക് നോക്കിയും ആകെ അക്ഷമനായി ഒരാള്..
പെട്ടെന്ന് “വെയിറ്റ് ചെയ്യ് ഇപ്പൊൾ വരാം…”എന്ന് പറഞ്ഞു മാനേജരും ഡ്രൈവറും കൂടി പുറത്തേക്കിറങ്ങി…
അവിടെയിരുന്ന മനുഷ്യൻ നിരാശനായി എന്നെ നോക്കി ..
ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു…
“എന്തിന് വന്നതാ..”അയാള് തിരക്കി..
“ഡെപ്പോസിറ്റ് ചെയ്യാൻ…”ഞാൻ മറുപടി പറഞ്ഞു..
“എന്താ..എന്തെങ്കിലും പ്രശ്നമുണ്ടോ..”?അയാളുടെ മുഖത്തെ നിരാശയും ബുദ്ധിമുട്ടും കണ്ട് ഞാൻ ചോദിച്ചു..
“ഏയ്…”അയാൾക്ക് പറയാൻ ബുദ്ധിമുട്ടുള്ളത് പോലെ..
പിന്നെ ഞാനോന്നും ചോദിച്ചുമില്ല…
അപ്പോഴാണ്..”അളിയാ…”എന്നൊരു വിളി…നോക്കിയപ്പോൾ കൂട്ടുകാരൻ അജേഷ്…
“എന്താടാ ഇവിടെ..”ഞാൻ ചോദിച്ചു..
“അളിയാ..ഒരു കാർ എടൂക്കാൻ..ലോൺ കിട്ടുമോ എന്നറിയാൻ വന്നതാ..ഒന്നര ലക്ഷം കയ്യിലുണ്ട്..ബാക്കി ലോൺ ആയിട്ട് നോക്കാമല്ലോ എന്ന് കരുതി…”
“ശേ..നിനക്ക് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാരുന്നെങ്കിൽ നേരത്തെ പറയാൻ വയ്യാരുന്നോ..ഞാൻ കുറി കിട്ടിയ കാശ് ദേ ഡെപ്പോസിറ്റ് ചെയ്തു..”
“ഓ..അതവിടെ കിടക്കട്ടെ.നിനക്ക് പലിശ കിട്ടുമല്ലോ…”
“അല്ല ..വിനീതെ..നീ കഴിഞ്ഞ ദിവസം പോയി കണ്ട പെണ്ണിൻ്റെ വീട്ടുകാർ വിളിച്ചോ..എന്ത് പറഞ്ഞു അവർ..”?
“അത് പോയി…അവർക്ക് സർക്കാർ ജോലിക്കാരെ മതിയെന്ന്…”ഞാൻ ചിരിച്ചു…
അജേഷ് കുറച്ച് സമയം മൗനം പൂണ്ടിരുന്നൂ..
“ശരിയാടാ..നമ്മൾ കൂലിപണിക്കാരുടെ ഒരു ശാപമാ ഇത്..ദിവസം ആയിരത്തിഅഞ്ഞൂറ് രൂപക്ക് മേൽ രൂപ സമ്പാദിക്കുന്നുണ്ടേങ്കിലും കാറുണ്ടെങ്കിലും ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടെങ്കിലും കുടിയില്ലെങ്കിലും വലിയില്ലെങ്കിലും പെണ്ണ് പിടിയില്ലെങ്കിലും നമ്മൾ കൂലി പണിക്കാരായി പോയി എന്നുള്ള ഒറ്റക്കാരണം കൊണ്ട് ഒരുത്തനും പെണ്ണ് തരില്ല…”
ഞാനൊന്നും മിണ്ടിയില്ല…ശരിയാണ് അവൻ പറയുന്നത്…ദിവസോം പണിക്ക് പോകും… ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല..ഒരു പെണ്ണിനെ കൊണ്ട് വന്നാൽ പൊന്ന് പോലെ നോക്കാൻ പറ്റും എന്ന ചങ്കുറപ്പ് ഉണ്ട്…പക്ഷേ ഒരു പേര് വീണു പോയി..”കൂലിപ്പണിക്കാരൻ”….സാഹചര്യം കൊണ്ട്..കുടുംബം നോക്കാൻ വേണ്ടി കൂലി പണി ചെയ്തു തുടങ്ങിയതാണ്…എല്ലാർക്കും സർക്കാര് ജോലിക്കാരെ മതി..അതിപ്പോ കൂലിപ്പണിക്ക് പോകുന്ന അച്ഛന്മാർ പോലും മകൾക്ക് സർക്കാര് ഉദ്യോഗസ്ഥനേയെ നോക്കൂ…
ഞങ്ങളുടെ സംസാരം കേട്ട് കൊണ്ടിരുന്ന നേരത്തെ കണ്ടയാള് എൻ്റടുതേക്ക് നീങ്ങിയിരുന്നൂ..
“മക്കള് പറഞ്ഞത് നേരാ..അങ്ങനെ ഒരച്ഛനാ ഞാനും…മകളെ സർക്കാര് ജോലിക്കാരാണ് മാത്രേ കൊടുക്കൂ എന്ന് വിചാരിച്ചിരുന്നവൻ..നിങ്ങള് എൻ്റെ കണ്ണ് തുറപ്പിച്ചു…സർക്കാര് ജോലി നല്ലത് ഒക്കെ തന്നെ..എന്ന് വെച്ച് അതിനു പറ്റാത്തവർക്കും ജീവിക്കണ്ടേ..പെണ്ണ് കെട്ടണ്ടേ…കുടുംബം വേണ്ടെ…ഞാനിവിടെ കിടപ്പാടം പണയപ്പെടുത്തി കാശു മേടിക്കാൻ ഇരുന്നതാ..ഇനി അതിനു മുതിരുന്നില്ല..കൂട്ടിയാൽ കൂടുന്നത് മാത്രം കൂടിയാൽ മതി…”
“നമ്മൾ കൂലിപ്പണിക്കാർ ഇല്ലെങ്കിൽ ഈ പറഞ്ഞ സർക്കാര് ജോലിക്കാർക്ക് ഉൾപ്പടെ വല്ലവർക്കും വല്ല കാര്യവും നടക്കുമോ… എല്ലാ ജോലിക്കും അതിൻ്റേതായ മഹത്വം ഉണ്ട്…”
അങ്ങനെ പറഞ്ഞു കൊണ്ട് വിനീതിനും അജേഷിനും ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് അയാള് പുറത്തേക്കിറങ്ങി നടന്നു…