രചന: ഷാൻ കബീർ
::::::::::::::::::
“എന്നെ ഇവിടെ നിർത്തീട്ട് പോവല്ലേ അച്ഛാ…എനിക്ക് പേടിയാ…അയാളെന്നെ ഇനീം തല്ലും”
ഫോണിലൂടെ സനുഷ അച്ഛനോട് തേങ്ങി.
“ഇനിയൊരു പ്രശ്നവും ഉണ്ടാവില്ലന്ന് നമ്മുടേയും അവരുടേയും കുടുംബക്കാരുടെ മുന്നിൽ വെച്ച് അവൻ ഉറപ്പ് തന്നിട്ടല്ലേ മോളേ ഞങ്ങൾ നിന്നെ അവിടെ നിർത്തീട്ട് പോന്നത്”
“എനിക്ക് വയ്യച്ഛാ, ഒരു മനസാക്ഷിയും കാണിക്കാതേയാ അയാൾ എന്നെ തല്ലുന്നേ…വേദന സഹിക്കാൻ പറ്റണില്ല അച്ഛാ”
“പെൺകുട്ടികൾ ആവുമ്പോൾ ഇങ്ങനെയൊക്കെയാണ് മോളേ…ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലക്ക് തന്നെയല്ലേ…അതേപോലെയാണ് പെൺകുട്ടികളുടെ കാര്യം, ചിലർക്ക് നല്ലൊരു കുടുബ ജീവിതം കിട്ടും, ചിലർക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാകും…അതൊക്കെ സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോയാലേ നല്ലൊരു ജീവിതം ഉണ്ടാകൂ…മോൾ അവനെ മാറ്റിയെടുക്കണം, ഒരുപാട് ത്യാഗം സഹിച്ചാൽ മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകും”
സനുഷ എന്തുതന്നെ പറയാൻ ശ്രമിച്ചിട്ടും അച്ഛൻ അവളെ സമാധാനിപ്പിച്ചു. ആറാമത്തെ തവണയാണ് രണ്ടുപേരുടേയും വീട്ടുകാർ സംസാരിച്ച് ഒത്തുതീർപ്പാക്കുന്നത്. ഗവണ്മെന്റ് ജോലിക്കാരന്റെ കയ്യിൽ 201 പവൻ സ്വർണവും വിലകൂടിയ കാറും സമ്മാനിച്ച് മോളുടെ കൈ പിടിച്ച് ഏൽപ്പിച്ചപ്പോൾ ഒരു രാജ്യം പിടിച്ചടക്കിയ സന്തോഷമായിരുന്നു അച്ഛന്. പക്ഷേ, സ്ത്രീധനം മാത്രം മോഹിച്ച് വിവാഹം കഴിച്ച അയാൾക്ക് സനുഷയെ തല്ലാനും വേദനിപ്പിക്കാനും പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടായിരുന്നു.
കാറിന് മൈലേജ് കിട്ടുന്നില്ല, ഹോൺ അടിക്കുമ്പോൾ ശബ്ദം കേൾക്കുന്നു, അമ്മായിയപ്പൻ മേടിച്ച് കൊടുത്ത ഷെ ഡ്ഢി ക്ക് ഇലാസ്റ്റിക് ഇല്ല എന്നൊക്കെ പറഞ്ഞ് അവൻ സനുഷയെ നിരന്തരം മൃ ഗീ യമായി മർദിച്ചു.
ഒരു തവണ അ.ടിവ.യറ്റിൽ ചവിട്ടേറ്റ് ര ക്തം വാർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ വേദന കൊണ്ട് പിടഞ്ഞ് അവൾ അച്ഛനോടും അമ്മയോടും ചേട്ടനോടും ഇനിയും ഭർത്താവിനൊപ്പം ജീവിക്കാൻ സാധിക്കില്ല എന്ന് തീർത്ത് പറഞ്ഞതാണ്. പക്ഷേ, അവൾ കുറച്ച് ദിവസം വീട്ടിൽ നിന്നപ്പോൾ വീട്ടുകാർ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് ഒത്തുതീർപ്പാക്കി. പക്ഷേ, എന്ത് ഒത്തു തീർപ്പാക്കിയാലും അവൻ സനുഷയെ മൃ ഗീയമായി മ.ർദിച്ചുകൊണ്ടിരുന്നു.
ഭർത്താവിന്റെ മർദനം സഹിക്കാൻ വയ്യാതെ, താൻ പറയുന്നത് കേൾക്കാൻ പോലും ആരുമില്ലെന്ന് മനസ്സിലാക്കിയ സനുഷ ഒരുമുളം കയറിൽ തന്റെ ജീനനൊടുക്കി. അവളുടെ ആ ത്മഹത്യാ കുറിപ്പ് ഇങ്ങനെ ആയിരുന്നു.
“എന്റെ മരണത്തിന് ഉത്തരവാദി ആരാണെന്ന് ബന്ധുക്കളോടും വീട്ടുകാരോടും ചോദിച്ചാൽ അറിയാൻ പറ്റും. എന്റെ ഭർത്താവാണ് ഞാൻ മരിക്കാൻ കാരണം എന്ന് എല്ലാവർക്കും അറിയാം. ജീവിക്കാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്ന എന്നെ ഈ അവസ്ഥയിലാക്കിയ ഭർത്താവിനെ വെറുതേ വിടരുത്. അവനെ മാത്രമല്ല, സ്വന്തം മകളെ സംരക്ഷിക്കാൻ പോലും വയ്യാത്ത, പെൺകുട്ടികളെ കല്യാണം കഴിച്ച് പറഞ്ഞയച്ചാൽ പിന്നെ ആ വീട്ടിൽ എന്ത് നടന്നാലും എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കണം എന്ന് കരുതുന്ന എന്റെ ത ന്തയും ഇതിൽ പ്രതിയാണ്. ഡിവോഴ്സ് ആയാൽ പിന്നെ ആളുകളുടെ മുഖത്ത് നോക്കാൻ പറ്റില്ല എന്ന് പറഞ്ഞ് സങ്കടപ്പെട്ടിരുന്ന എന്റെ ഒന്നിനും കൊള്ളാത്ത ത ള്ളയും ഇതിൽ പ്രതിയാണ്. സ്വന്തം അനിയത്തിയെ പ.ട്ടിയെ പോലെ തല്ലിയിട്ടും നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ഒക്കെ ശരിയാവും എന്ന് പറഞ്ഞ് എനിക്ക് ധൈര്യം തന്നിരുന്ന നട്ടെല്ലിന്റെ ഭാഗത്ത് വാഴപ്പിണ്ടിയുള്ള എന്റെ ഏട്ടനും ഇതിൽ പ്രതിയാണ്. ഞാൻ ചത്ത് മലർന്ന് കിടക്കുമ്പോൾ മീഡിയയിൽ വന്ന് സനുഷക്ക് നീതി കിട്ടാൻ ഞങ്ങൾ ഏതറ്റം വരേം പോകും എന്ന് പറഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി ഈ മൂന്നുപേരെങ്ങാനും വന്നാൽ ഒരു ജന്മംകൂടി എടുത്ത് വന്ന് അച്ഛന്റേയും അമ്മയുടേയും ചേട്ടന്റെയും മുഖത്ത് കാർക്കിച്ച് തുപ്പി ചെരുപ്പൂരി കരണകുറ്റി അടിച്ച് തിരിക്കും ഞാൻ. എന്റെ ഭർത്താവിന് കിട്ടുന്ന അതേ ശിക്ഷ എന്റെ വീട്ടുകാർക്കും ലഭിക്കണം. കാരണം…ഭർത്താവ് എന്ന ക ശാ പ്പുകാരന്റെ മുന്നിലേക്ക് പോവാതെ ഒരുപാട് ഓടിയോളിച്ചും ഉച്ചത്തിൽ നിലവിളിച്ചും രക്ഷപ്പെടാൻ ശ്രമിച്ച എന്നെ പിടിച്ചുകെട്ടി കയ്യും കാലും കൂട്ടികെട്ടി കഴുത്ത് നീട്ടി വെച്ചുകൊടുത്തത് എന്റെ അച്ഛനും അമ്മയും ചേട്ടനുമാണ്”
മോളുടെ മരണകുറിപ്പ് വായിച്ച അച്ഛൻ പുറത്തുപോയി അവളുടെ ചെരിപ്പെടുത്ത് സ്വയം മുഖത്തടിച്ച് പൊട്ടിക്കരഞ്ഞു…