രചന : ദിവ്യ കശ്യപ്
::::::::::
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ അച്ചനൊരിക്കൽ നാട്ടിൽ പോയ സമയത്താണ് ഒരു രാത്രി അമ്മയോടൊപ്പം അയാളെ ഞാൻ മുറിയിൽ കണ്ടത്…
കൂടെ കിടന്നിരുന്ന അമ്മയെ ഉറക്കം ഞെട്ടി ഉണർന്നപ്പോൾ കാണാതായതിനെ തുടർന്ന് തിരക്കി ചെന്നതായിരുന്നൂ ഞാൻ..
അയാള് ഞങ്ങളുടെ കട്ടിലിൽ കിടക്കുന്നു..അമ്മ അടുത്ത് നിൽക്കുന്നു..അതാണ് ഞാൻ കണ്ടത്..
ചാരിയിട്ടിരുന്ന വാതിൽ തുറന്നപ്പോൾ പെട്ടെന്ന് അമ്മ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ഇപ്പുറത്ത് ഞങൾ കിടന്നിടത്ത് വന്നു കിടന്നു…
കുഞ്ഞ് മനസ്സിന് ഒന്നും മനസ്സിലായില്ലെങ്കിലും എന്തോ ഒരു സങ്കടം പോലെ തോന്നികണ്ണും അടച്ച് കിടക്കുമ്പോൾ അയാള് ഇറങ്ങി പോകുന്നത് ഞാനറിഞ്ഞു…
അയാള്…ജയരാജ്… അന്ന് അയാൾക്ക് ഒരു ഇരുപത്തഞ്ചു വയസ് പ്രായം..അമ്മയ്ക്ക് മുപ്പതിന് മേലും..
അച്ഛൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ ഒരിക്കൽ കുടുംബസമേതം ഞങൾ പോയപ്പോൾ അവിടെ വെച്ച് പരിചയപ്പെട്ടതാണ് അയാളെയും കൂട്ടുകാരൻ സുധീഷിനെ യും…
അന്ന് അച്ചനുൾപ്പടെ എല്ലാവർക്കും ഇരുവരെയും ഇഷ്ടമായി..പാട്ടും മിമിക്രി യും ഒക്കെയായി രണ്ടുപേരും നല്ല കളറാക്കി ആ ദിവസം…
അച്ഛൻ തന്നെയാണ് ഇരുവരോടും പറഞ്ഞത് ഇടയ്ക്ക് ഞങ്ങളുടെ വീട്ടിലേക്ക് ഇറങ്ങാൻ..
ഒരാഴ്ചക്ക് ശേഷം അന്നാദ്യമായി ഇരുവരും വീട്ടിൽ വന്നു..പിന്നെ അതൊരു പതിവായി..എല്ലാദിവസവും വരാൻ തുടങ്ങി..ഒരു ഏഴ് മണിയോക്കെ ആകുമ്പോൾ വന്നാൽ ഒൻപതര ഒക്കെ ആകുമ്പോൾ മടങ്ങും…
പതിയെ പതിയെ സുധീഷ് ആക്കൂട്ടത്തിൽ നിന്നും മാറി..ജയരാജ് എന്ന അയാള് മാത്രം വരാൻ തുടങ്ങി..
ഒന്നൊന്നര വർഷത്തോളം ആ വരവ് തുടർന്നു്…അതിനിടയിൽ ആണ് ഈ സംഭവം…
കണ്ട കാര്യം ആരോടും പറഞ്ഞില്ല എങ്കിലും എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു…ഇടയ്ക്ക് ഒറ്റക്കാകുന്ന നിമിഷങ്ങളിൽ ആണ് ഞാനത് ഓർക്കുക…അത് കഴിഞ്ഞപ്പോൾ മുതൽ എനിക്ക് അയാളോട് അടുപ്പം കുറയുന്നതും ഞാൻ മനസ്സിലാക്കി..
അന്നൊരു വിഷു സമയത്ത്..അച്ഛൻ വാങ്ങി കൊണ്ട് വന്ന പടക്കം പൊട്ടിക്കുകയാണ് ഞങൾ..ഇയാളും ഒപ്പം ഉണ്ട്..അച്ഛനും അമ്മയും ഉണ്ട്…
പെട്ടെന്നാണ് ഏതോ ഒരു പടക്കം അയാളുടെ കയ്യിൽ ഇരുന്നു പൊട്ടിയത്..എന്തോ ഒരു തരി കണ്ണിലും തെറിച്ച് വീണു എന്ന് തോന്നുന്നു…
അയാള് കയ്യും അമർത്തി പിടിച്ച്..ഇടക്ക് കണ്ണും പൊത്തി പടിയിലേക്ക് ഇരുന്നു.. അന്ന് അച്ഛൻ്റെ മുൻപിൽ ആയിരുന്നിട്ടും പോലും അമ്മയുടെ പ്രകടനം…അപാരമായിരുന്നു…അയാളുടെ കണ്ണ് തുറപ്പിക്കാൻ ശ്രമിക്കുന്നു..അയാളുടെ മുഖം പിടിച്ച് ഉയർത്തുന്നു..കൈ പിടിച്ച് നോക്കുന്നു..അങ്ങനെ അങ്ങനെ കുറെ പ്രകടനങ്ങൾ…
ഞാൻ അച്ഛൻ്റെ മുഖത്തേക്ക് നോക്കി.. “ഒന്നും പറ്റിയിട്ടുണ്ടാവില്ല”എന്ന ഒറ്റ വാക്ക് പറഞ്ഞു മാറി നിൽക്കുകയാണ് അച്ഛൻ..
പക്ഷേ അന്ന് മുതൽ എനിക്ക് മനസിലായി അച്ഛൻ്റെ മനസ്സിലും എന്തോ കയറി കൂടിയിട്ടുണ്ട് എന്ന്..പിന്നിട് ഒരിക്കലും അയാളോട് അച്ഛൻ പഴയത് പോലെ സന്തോഷത്തോടെ സംസാരിച്ച് ഞാൻ കണ്ടിട്ടില്ല…അയാള് അപ്പോഴും വീട്ടിൽ വന്നുകൊണ്ടിരുന്നു…ഒരുപക്ഷേ അയാൾക്ക് വരാതിരിക്കാൻ ആകുമായിരുന്നില്ലായിരിക്കാം…
അന്നൊരു ദിവസം അച്ഛൻ പുറത്ത് പോയ സമയം..അയാള് വന്നു ഹാളിൽ ഇരിപ്പുണ്ട്..ഒൻപത് മണി ആയിട്ടുണ്ട് ..ഞാനും അനിയത്തിയും കിടന്നു..ഞാൻ കിടക്കുന്ന മുറിയുടെ പടിയിൽ അമ്മ ഇരിപ്പുണ്ട്…എനിക്ക് കാണാം അമ്മ ഇരിക്കുന്നത്..ഒന്ന് കണ്ണ് ചിമ്മി തുറന്നപ്പോൾ അമ്മയെ കണ്ടില്ല..പക്ഷേ അയാള് ഇരിക്കുന്ന ഇടത്ത് നിന്നും അടക്കി പിടിച്ച സംസാരം കേൾക്കാം…
പുറത്തെ ജനലിൻ്റെ അടുത്ത് കൂടി ഒരു നിഴൽ മറയുന്നത് പെട്ടെന്ന് എനിക്ക് കാണാൻ പറ്റി..അവരും കണ്ടൂ എന്ന് തോന്നുന്നു..അമ്മ വന്നു പഴയത് പോലെ പടിയിൽ ഇരുന്നു..
കോളിംഗ് ബെൽ മുഴങ്ങി..അയാള് വാതിൽ തുറന്നു…അകത്തേക്ക് കയറിയ അച്ഛൻ അയാളുടെ കരണക്കുറ്റി നോക്കി അടിക്കുന്നതും..അമ്മയെ പിടിച്ച് തള്ളുന്നതും ഞാൻ കണ്ടൂ…
പിന്നെ അയാള് വീട്ടിൽ വന്നിട്ടില്ല..ഇടയ്ക്ക് ഒരിക്കൽ അമ്മയുടെ ജോലി സ്ഥലത്തെ അഡ്രസിൽ അയാള് എഴുതിയ ഒരു കത്ത് ഞാൻ വായിക്കാൻ ഇടയായി…അതിൽ അയാൾക്ക് ഞങ്ങളുടെ വീട്ടിൽ പഴയത് പോലെ വരാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണം എന്നായിരുന്നു എഴുതിയിരുന്നത്….ഏറ്റവും അവസാനം “എന്ന്..സ്വന്തം..കുട്ടൻ..”എന്ന് എഴുതിയിരിക്കുന്ന അക്ഷരങ്ങൾ എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു…
വർഷങ്ങൾക്ക് ശേഷം ഞാൻ എൻ്റെ ഒരു ബന്ധുവുമായി പ്രണയത്തിലായി..ഇടയ്ക്കൊക്കെ അവൻ ഞങ്ങളുടെ വീട്ടിൽ വന്നു നിൽക്കുമായിരുന്നു…
അങ്ങനെ ഒരു രാത്രി..എൻ്റെ ഇരുപത്തി മൂന്നാം വയസിൽ…അവൻ അവൻ്റെ മുറിയിലേക്ക് വിളിച്ചിട്ട്..അവനോപ്പം ഞാൻ പോയി കിടന്നു..വെറുതെ..വെറുതെ കെട്ടിപ്പിടിച്ച് കിടന്നു…എന്താണെന്ന് അറിയില്ല അന്ന് അമ്മയും അയാളും കൂടി ഒരു മുറിയിൽ നിന്നത് എനിക്കപ്പോൾ ഓർമ്മ വന്നു…കുറെ നേരം കഴിഞ്ഞ് ഞാൻ എൻ്റെ മുറിയിൽ തിരിച്ച് വന്നു കിടന്നു..
പക്ഷേ അമ്മ ഇടക്ക് എഴുന്നെറ്റതും എൻ്റെ മുറിയിൽ വന്ന് നോക്കുന്നതും ഞങൾ അറിയുന്നുണ്ടായിരുന്നു…അമ്മയ്ക്ക് വയറുവേദന തോന്നിയിട്ട് എൻ്റെ കയ്യിൽ ഗുളിക ഉണ്ടോന്നു ചോദിക്കാൻ വന്നതാണ്…
പിറ്റേന്ന് അമ്മയെ ഫെയിസ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല..പക്ഷേ അച്ഛൻ്റെ മുഖമോർത്ത് സങ്കടം വന്നു..ഞാൻ ഒരുപാടിരുന്ന് കരഞ്ഞു അന്ന്..അച്ഛനെ ഓർത്ത്..അച്ഛനെ ഓർത്ത് മാത്രം…
അമ്മയോട് എനിക്ക് പക വീട്ടിയ പ്രതീതി ആയിരുന്നു…ഉള്ളിൽ എന്തോ ഒരു ആശ്വാസം പോലെ…
പിന്നീെടെപ്പോഴോ ഒരു വഴക്കിന് ഇടയില് അമ്മ ഇത് വിളിച്ചു പറഞ്ഞു..ഒട്ടും പതറാതെ ഞാനും ചോദിച്ചു..”പണ്ട് ജയരാജുമായി എന്തായിരുന്നു എന്ന്..”
അന്ന് അമ്മ പതറുന്നത് ഞാൻ കണ്ടൂ..ക്രൂ രമായ ഒരു ആനന്ദം എന്നിൽ നിറയുന്നതും ഞാനറിഞ്ഞു…
**************
ഇതിലെ “ഞാൻ “ഞാനല്ല…ഈ കഥയും കഥയിലെ കഥാപാത്രങ്ങളും സാങ്കൽപ്പി കവുമല്ല..പ്രിയപ്പെട്ടോരാളൂടെ ഡയറി താളുകളിൽ നിന്ന്….
**ഇവിടെ തെറ്റ് ആരുടെ ഭാഗത്താണ്…നിങ്ങൾക്കും അഭിപ്രായം പറയാം….