അച്ഛന്റെ മകൾ
രചന: അപ്പു
:::::::::::::::
“അമ്മേ.. പ്ലീസ്.. ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്.. എനിക്ക് ഇനി ഇവിടെ പറ്റില്ല..”
കണ്ണീരോടെ മകൾ പറഞ്ഞത് കേട്ട് ആ അമ്മയ്ക്ക് വേദന തോന്നി. പക്ഷെ.. അവളുടെ കരച്ചിൽ ചീളുകൾ ചെവിയിൽ പതിയാതിരിക്കാൻ അവർ ഫോൺ അകലേക്ക് നീക്കി പിടിച്ചു.
” മോളെ.. “
അവളുടെ കരച്ചിൽ ഒന്ന് ഒതുങ്ങി എന്ന് തോന്നിയപ്പോൾ അമ്മ വിളിച്ചു.
“അമ്മേ.. അമ്മയുടെ സ്ഥിരം ഉപദേശം ആണെങ്കിൽ വേണമെന്നില്ല.”
അത്രയും പറഞ്ഞു ദേഷ്യത്തോടെ അവൾ ഫോൺ കട്ട് ചെയ്തു.
‘അവളെയും തെറ്റ് പറയാൻ പറ്റില്ല. ഇപ്പോൾ താൻ പറഞ്ഞാലും അവിടെ പിടിച്ചു നിൽക്കണം എന്ന് മാത്രമേ പറയൂ…’
ദീർഘ നിശ്വാസത്തിന്റെ അകമ്പടിയോടെ അതും ചിന്തിച്ചു കൊണ്ട് അമ്മ ഫോൺ എടുത്തു വച്ചിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ഉമ്മറത്തു ഇരിക്കുന്ന ഭർത്താവിനെ കണ്ട് അവർക്ക് വല്ലായ്മ തോന്നി.
‘എപ്പോഴാ വന്നത് എന്ന് അറിയില്ലല്ലോ..’
അവർ പിറുപിറുത്തു.
“എപ്പോഴാ എത്തിയത് മാധവേട്ടാ..”
അവർ ചുണ്ടിൽ ഒരു ചിരി വരുത്തി കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു.
“കുറച്ചു സമയം ആയെടോ.. ഈ വെയിലത്തു നടന്ന ക്ഷീണത്തിൽ വന്നു ഇരുന്നു എന്നേയുള്ളൂ..”
അയാൾ തളർച്ചയോടെ പറഞ്ഞു.
” ഇന്ന് മോള് വിളിച്ചിരുന്നോ..? “
അയാൾ പ്രതീക്ഷയോടെ അവരെ നോക്കി.
” ഉവ്വ്.. വിളിച്ചിരുന്നു…”
അവർ പറഞ്ഞത് കേട്ട് അയാളുടെ മുഖം തെളിഞ്ഞു.
” എന്നിട്ട് അവൾ എന്തു പറഞ്ഞു..? അടുത്തെങ്ങാനും ഇവിടേക്ക് വരുന്നുണ്ടോ..? “
അയാളുടെ കണ്ണുകളിലും പ്രതീക്ഷ മിന്നി.
” അവൾ അതൊന്നും പറഞ്ഞില്ല. അവൾക്ക് അവിടെ നിന്ന് ഇവിടേക്ക് വന്നു നിൽകാൻ ഇഷ്ടം അല്ലല്ലോ..?”
വിഷമം നടിച്ച് അമ്മ പറയുമ്പോൾ അയാളുടെ കണ്ണുകളിൽ വിഷമം ആയിരുന്നു. പിന്നീട് ആ വിഷയത്തെക്കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു.
പക്ഷേ അവരുടെ മനസ്സിൽ നിറയെ ആശങ്കയായിരുന്നു. ആകെയുള്ള ഒരു മകളുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് നാളുകൾ ഒന്നും ആയിട്ടില്ല. ഇത്രയും ചുരുങ്ങിയ മാസങ്ങൾക്കിടയിൽ അവളുടെ കണ്ണുനീർ കാണാത്ത ദിവസങ്ങൾ കുറവാണ്. ആ വിവരം അച്ഛനെ അറിയിക്കാതെ മറച്ചു വെക്കുന്ന പാട് തനിക്ക് അറിയൂ..
മറ്റൊന്നും കൊണ്ടല്ല. ആ വിവരം അദ്ദേഹം അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് പോലും പറയാൻ പറ്റില്ല. എടുത്തു ചാടി എന്തെങ്കിലും ചെയ്തിട്ട് നാളെ ഒരു സമയത്ത് എന്റെ ജീവിതം നശിപ്പിച്ചത് അച്ഛനാണ് എന്ന് മകളുടെ വായിൽ നിന്ന് തന്നെ കേൾക്കേണ്ടി വന്നാൽ അദ്ദേഹത്തിന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാൻ പോലും കഴിയില്ല.
അവർ ആലോചിച്ചത് അവരുടെ മകളെ കുറിച്ചായിരുന്നു. കാണാൻ സുന്ദരി ആയിരുന്നു മകൾ. അതുകൊണ്ട് തന്നെ ഏതോ ക്ഷേത്രത്തിൽ വച്ച് അവളെ കണ്ട് ഇഷ്ടപ്പെട്ടാണ് വിവാഹാലോചന അവളെ തേടിയെത്തുന്നത്. വലിയ കുടുംബക്കാർ ആയതു കൊണ്ട് തന്നെ ഈ ആലോചനയോട് അവളുടെ അച്ഛന് എതിർപ്പായിരുന്നു. മറ്റൊന്നും കൊണ്ടല്ല അവർ ചോദിക്കുന്ന സ്ത്രീധനം കൊടുക്കാൻ കഴിയില്ല എന്ന് തന്നെയായിരുന്നു കാരണം.
പക്ഷേ അവർ സ്നേഹത്തോടെ പറഞ്ഞു അവർക്ക് സ്ത്രീധനം ഒന്നും ആവശ്യമില്ലെന്ന്. ആ വാക്ക് വിശ്വസിച്ചാണ് വിവാഹം നടത്താൻ അവളുടെ അച്ഛൻ മുന്നിട്ടിറങ്ങിയത്. പക്ഷേ ഇപ്പോൾ..
” താൻ എന്ത് ആലോചിച്ച് നിൽക്കുകയാണ്..? എനിക്ക് ഒരു ഗ്ലാസ് വെള്ളം എടുത്തു തരാൻ പറഞ്ഞിട്ട് നേരം എത്രയായി..? “
അയാൾ അവരോട് ചെറുതായി ദേഷ്യപ്പെട്ടു. അവർ ചിന്തകളിൽ നിന്നുണർന്നു വേഗം അടുക്കളയിലേക്ക് പോയി. അപ്പോഴും അവരുടെ മനസ്സിൽ മകളുടെ ജീവിതത്തെ ഓർത്തുള്ള ആശങ്കയായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ഒരു സുപ്രഭാതത്തിൽ വീടിന്റെ ഉമ്മറവാതിൽ തുറന്ന അമ്മ കാണുന്നത് പെട്ടിയും തൂക്കി മുന്നിൽ നിൽക്കുന്ന മകളെയാണ്. അവർക്ക് ഒരേസമയം സന്തോഷവും സങ്കടവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.
” മോളെ.. നീ എന്താ വന്നിട്ട് അമ്മയെ വിളിക്കാതിരുന്നത്..? ഞാൻ ഇപ്പോൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നില്ലായിരുന്നെങ്കിൽ നിന്നെ കാണുക പോലും ഉണ്ടായിരുന്നില്ലല്ലോ.. അവൻ വന്നിട്ടുണ്ടോ നിന്റെ കൂടെ.? “
ചുറ്റും നോക്കിക്കൊണ്ട് അമ്മ ചോദിക്കുന്നത് കേട്ട് മകൾ അമ്മയെ നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു. പിന്നെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അകത്തേക്ക് കയറിപ്പോയി.
” ഡി.. നിന്നോടാണ് ഞാൻ ഇതൊക്കെ ചോദിക്കുന്നത്. ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി തരാതെ നീ എവിടേക്കാണ് ഈ ഓടി പോകുന്നത്..? “
ദേഷ്യത്തോടെ അമ്മ പിന്നിൽ നിന്ന് വിളിച്ചു.
” അമ്മയുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഞാൻ തരാം. ആദ്യം ഞാൻ പോയി ഈ ബാഗ് എന്റെ മുറിയിൽ വച്ചിട്ട് വരട്ടെ.. “
അത്രയും പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് കയറി പോയി. അവർ ആശങ്കയോടെ തന്റെ ഭർത്താവിനെ അടുത്തേക്ക് നടന്നു.
” ദേ… ഒന്ന് എഴുന്നേറ്റെ.. മോള് വന്നിട്ടുണ്ട്.. “
ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ അവർ ചെന്ന് വിളിച്ചുണർത്തി. മകൾ വന്നിട്ടുണ്ട് എന്ന വാർത്ത അദ്ദേഹത്തിൽ എത്രത്തോളം ആഹ്ലാദം നിറച്ചിട്ടുണ്ട് എന്ന് അദ്ദേഹം ചാടി എഴുന്നേറ്റു വരുന്നത് കണ്ടപ്പോൾ തന്നെ അവർക്ക് മനസ്സിലായി.
” ഞാൻ ഇപ്പോൾ വരാം.. “
അത്രയും പറഞ്ഞ് അദ്ദേഹം ബാത്റൂമിലേക്ക് കയറി പോയപ്പോൾ, അവർ മുറിക്ക് പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും മുറിയിൽ ബാഗ് വച്ച് ഒന്നും ഫ്രഷായി മകൾ താഴേക്ക് വന്നിരുന്നു.
” ഒരു ചായ തരുവോ അമ്മേ..? “
അവളുടെ ചോദ്യം കേട്ട് അവർ അവളെ തുറിച്ചു നോക്കി.
” ചായയും പാലും ഒക്കെ തരാം.. ആദ്യം ഞാൻ ചോദിച്ചതിനുള്ള മറുപടി പറയൂ.. നീ അവരോട് വഴക്കിട്ട് ഇറങ്ങിപ്പോന്നത് എങ്ങാനും ആണോ..?”
ഭർത്താവ് വരുന്നുണ്ടോ എന്ന് എത്തിനോക്കി ശബ്ദം താഴ്ത്തി അവർ ചോദിച്ചു.
” അങ്ങനെ ആണെങ്കിൽ എന്താ പ്രശ്നം..? “
അവൾ കൈകൾ പിണച്ചു കെട്ടി നിന്നുകൊണ്ട് അമ്മയോട് ചോദിച്ചു.
” മോളെ.. നമ്മൾ പെണ്ണുങ്ങൾ കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്യണം. ആണുങ്ങൾക്ക് ചിലപ്പോൾ പല സ്വഭാവങ്ങളും കാണും. അതിൽ ചിലതൊക്കെ മാറ്റിയെടുക്കാൻ പെണ്ണുങ്ങൾക്ക് കഴിയും. മോളും അങ്ങനെ ശ്രമിക്കണം. “
അമ്മ ഉപദേശരൂപേണ പറയുന്നത് കേട്ട് അവൾ പുച്ഛത്തോടെ ചിരിച്ചു.
” നിങ്ങളെപ്പോലുള്ള അമ്മമാരാണ് പെൺമക്കളുടെ ജീവിതം ഇല്ലാതാക്കുന്നത്.”
അവൾ പറഞ്ഞത് കേട്ട് അവർ തറഞ്ഞു നിന്നു.
” ഞാൻ നിന്നെ ജീവിതം ഇല്ലാതാക്കാൻ അല്ല.. മറിച്ച് നിന്റെ ജീവിതം നല്ല രീതിയിൽ പോകാനാണ് ഇങ്ങനെയുള്ള ഉപദേശങ്ങൾ തന്നത്.. “
അവർ ഗർവ്വോടെ പറഞ്ഞു.
” നീ കൊടുത്ത ഉപദേശം അനുസരിച്ച് നമ്മുടെ മകൾ അവിടെ നിന്നിരുന്നെങ്കിൽ അവളുടെ ശ വം പോലും നമുക്ക് കാണാൻ കിട്ടില്ലായിരുന്നു.. അവൾ ഒരു ഉപദേശക വന്നിരിക്കുന്നു..”
പിന്നിൽ നിന്ന് ഭർത്താവിന്റെ സ്വരം കേട്ടപ്പോൾ അവർ ഒന്നു വിറച്ചു. മകളുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് ഭർത്താവിനെ അവർ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം അത് എങ്ങനെ അറിഞ്ഞു എന്നോർത്ത് അവർക്ക് ചെറിയൊരു പരിഭ്രമം തോന്നി.
” ഞാൻ ഈ വിവരങ്ങളൊക്കെ എങ്ങനെ അറിഞ്ഞു എന്ന് ഓർത്ത് ആണെങ്കിൽ നീ ഇങ്ങനെ ടെൻഷൻ ആവണ്ട. രണ്ടുദിവസം മുമ്പ് മോള് വിളിച്ച് നിന്നോട് വിവരം പറയുമ്പോൾ നിന്റെ പിന്നിൽ ഞാൻ ഉണ്ടായിരുന്നു. പക്ഷേ ഞാൻ അറിയാതിരിക്കാൻ നീ പണി പെടുന്നുണ്ടായിരുന്നു. മോളുടെ വീട്ടിലെ വിശേഷം ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞത്..? അവിടെ സൗകര്യങ്ങൾ ഒരുപാട് ഉള്ളതുകൊണ്ട് അവൾക്ക് ഇവിടെ വന്നു നിൽക്കാൻ ബുദ്ധിമുട്ടാണ് എന്ന്. അല്ലാതെ മരുമകൻ അവളെ അവിടെ തടവിലാക്കിയതുകൊണ്ട് അല്ല അല്ലേ..? “
അയാൾ ചോദിച്ചത് കേട്ട് അവർ തലകുനിച്ചു.
“സ്ത്രീധനം വേണ്ട എന്ന് പറഞ്ഞാണ് ആലോചന വന്നതെങ്കിലും ഇത്രയും വല്യ വീട്ടിൽ നിന്ന് നമ്മളെ പോലുള്ള സാധാരണക്കാരുടെ വീട്ടിലേക്ക് ഇങ്ങനെ ഒരു ആലോചന കൊണ്ടുവരേണ്ട കാര്യം ഉണ്ടോ എന്ന് ഓർത്ത് അതുകൊണ്ടാണ് ഞാൻ ആദ്യം മുതൽക്കേ ഈ ബന്ധത്തെ എതിർത്തത്. പക്ഷേ അപ്പോഴൊക്കെ നമ്മുടെ മകൾക്ക് വന്ന ഭാഗ്യം എന്ന് പറഞ്ഞ് നീയായിരുന്നു ഈ ബന്ധത്തെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്. അവർക്ക് സ്ത്രീധനം വേണ്ട എന്ന് പറഞ്ഞത് അവരുടെ മകന്റെ സ്വഭാവവൈകല്യം മറച്ചുവയ്ക്കാൻ വേണ്ടിയായിരുന്നു. അത് മാത്രമല്ല നമ്മളെപ്പോലെ സാധാരണക്കാർ ആകുമ്പോൾ എല്ലാകാലത്തും അവരുടെ കാൽച്ചുവട്ടിൽ കിടക്കും എന്ന് അവർ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഈ ഒരു വിവാഹാലോചന നമ്മുടെ മകളെ തേടി വന്നത്. അത് മനസ്സിലാകാതെ ആഘോഷപൂർവ്വം അവളെ വിവാഹം കഴിച്ച് പറഞ്ഞയച്ചു. അതിനുശേഷം അവൾക്ക് അവിടെ എന്തു സംഭവിക്കുന്നു എന്ന് പോലും അന്വേഷിക്കാൻ ഉള്ള മനസ്സ് നിനക്ക് ഉണ്ടായില്ല. അതിന് തയ്യാറായ എന്നെ പലതും പറഞ്ഞു നീ തടസ്സം പിടിക്കുകയും ചെയ്തു. നിന്റെ മകൾക്ക് അവിടെ ദുരനുഭവങ്ങൾ ആണ് എന്ന് നിനക്ക് അറിയാം. എന്നിട്ടും ഞാൻ അവിടേക്ക് ചെന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞാണ് നീ തടസ്സം വന്നത്. നിന്നെയൊക്കെ അമ്മ എന്ന് വിളിക്കാൻ പറ്റുമോ..?”
ദേഷ്യത്തോടെ അതിലേറെ വേദനയോടെ അയാൾ ചോദിച്ചു.
” നിന്റെ ഫോൺ സംഭാഷണത്തിൽ നിന്ന് തന്നെ മകൾക്ക് അവിടെ എന്തോ പ്രശ്നം ഉണ്ട് എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് അവളെ ഞാൻ വിളിച്ച് സംസാരിച്ചത്. അവളുടെ പ്രശ്നങ്ങൾ അറിഞ്ഞ നിമിഷം അവരുടെ വീട്ടിലേക്ക് പോകാൻ ആണ് എനിക്ക് തോന്നിയത്. പക്ഷേ അതിനേക്കാൾ നല്ലത് നിയമപരമായി നേരിടുന്നതാണ് എന്ന് തോന്നി. അതുകൊണ്ടാണ് മകളെ അവർ തടവിലാക്കി വെച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് ഞാൻ പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ് കൊടുത്തത്. അതിനു ഫലം കാണുകയും ചെയ്തു. “
അയാൾ നെടുവീർപ്പോടെ പറഞ്ഞു.
” എന്തിനാ മാധവേട്ടൻ അങ്ങനെയൊക്കെ ചെയ്തത്..? ഇനി ഇവൾ എങ്ങനെ അവരുടെ വീട്ടിൽ പോയി താമസിക്കും..? “
ആശങ്കയോടെ അവർ ചോദിച്ചത് കേട്ട് അയാൾക്കും മക്കൾക്കും ഒരുപോലെ പുച്ഛം തോന്നി.
” ഇവൾ ആ വീട്ടിൽ അനുഭവിച്ചത് ഒക്കെ അറിഞ്ഞു വച്ചിട്ടും വീണ്ടും അവൾ അവിടേക്ക് തന്നെ പോകണം എന്ന് ചിന്തിക്കാൻ നിനക്ക് എങ്ങനെ തോന്നുന്നു..? നീ അങ്ങനെ ചിന്തിച്ചാലും എന്റെ മകളെ അങ്ങനെ വിട്ടു കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. എനിക്ക് ജീവനുള്ള കാലത്തോളം അവൾ ഈ വീട്ടിൽ ഉണ്ടാകും. അവൾക്ക് അനുയോജ്യമായ മറ്റ് ഏതെങ്കിലും ഒരു ബന്ധം വരികയാണെങ്കിൽ ആ വിവാഹം ഞാൻ നടത്തിക്കൊടുക്കും. ഈ വിവാഹ ബന്ധം ഇനി അവൾക്ക് വേണ്ട എന്ന് തന്നെയാണ് എന്റെയും അവളുടെയും തീരുമാനം. നിനക്ക് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അത് മനസ്സിൽ വച്ചിരുന്നാൽ മതി. ആരോ പറഞ്ഞതുപോലെ വിവാഹ ബന്ധം വേർപെടുത്തിയ മകളാണ് ആത്മഹത്യചെയ്ത മകളേക്കാൾ നല്ലത്..”
അത്രയും പറഞ്ഞ് മകളെ ചേർത്തുപിടിക്കുമ്പോൾ ആ മകളുടെ കണ്ണിൽ അഭിമാനം മാത്രമായിരുന്നു. ഇങ്ങനെ ഒരു അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞതിലുള്ള അഭിമാനം…!
✍️അപ്പു