സാർ എന്നോട് സംസാരിക്കരുത്. ഇനി മാഡം അതു കൂടി കേട്ടിട്ട് വന്നാൽ അതിന്റെ പേരിൽ ഉള്ള പഴി കൂടി ഞാൻ കേൾക്കേണ്ടി വരും…

_upscale

കട്ടെടുത്തത്…

രചന : അപ്പു

::::::::::::::::::::::::

“എനിക്ക് ഉറപ്പാണ് അച്ഛാ.. ഇവർ തന്നെയായിരിക്കും അത് മോഷ്ടിച്ചത്.. ഇവർ അല്ലാതെ മറ്റാരാണ് ഈ വീട്ടിലേക്ക് വന്നത്..? “

ദേഷ്യത്തോടെ മകൻ പറയുന്നത് കേട്ട് അയാളുടെ കണ്ണുകൾ ആ പെണ്ണിൽ തറഞ്ഞു നിന്നു. ദാരിദ്ര്യം എടുത്തു പറയുന്ന രീതിയിലുള്ള വസ്ത്രധാരണങ്ങൾ ആയിരുന്നു അവരുടേത്. കീറിത്തുടങ്ങിയ പഴയ തുണിയും, എല്ലും തോലുമായ രൂപവും അവരുടെ അവസ്ഥ എടുത്തു പറയുന്നുണ്ടായിരുന്നു.

” നീ വെറുതെ അനാവശ്യം പറയല്ലേ.. ഇവൾ അങ്ങനെ ഒന്നും ചെയ്യില്ല. എത്ര വർഷങ്ങളായി ഇവിടെ പണിക്ക് വരുന്നതാണ്.. ഇതുവരെ ഇവളുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു തെറ്റ് സംഭവിച്ചിട്ടില്ല.”

അയാൾ അവർക്ക് വേണ്ടി വാദിച്ചു.

” അല്ലെങ്കിലും നിന്റെ അച്ഛൻ അതേ പറയൂ എന്ന് എനിക്ക് ഉറപ്പായിരുന്നു. നിന്റെ അച്ഛന്റെ പഴയ കാമുകി ആണല്ലോ.. അപ്പോൾ പിന്നെ അവളുടെ ഭാഗത്ത് തെറ്റു വരാതെ നോക്കേണ്ടത് നിന്റെ അച്ഛന്റെ കടമയാണ്.. “

അയാളുടെ ഭാര്യ ദേഷ്യത്തോടെ പറഞ്ഞതുകേട്ട് അയാളുടെ തല കുനിഞ്ഞു. വേലക്കാരിയുടെ കണ്ണിലും ഒരു ഞെട്ടൽ അയാൾ കണ്ടു.

” നീ ഈ വീട്ടിലെ വെറും വേലക്കാരിയാണ്.. ഇവിടെ ആളു കളിക്കാൻ നിൽക്കരുത്.. എടുത്ത സാധനം എവിടെയാണെന്ന് വെച്ചാൽ പോയി എടുത്തു കൊണ്ട് വന്നു തിരിച്ചേല്പിക്കണം. അല്ലെങ്കിൽ നിനക്ക് എന്നെ ശരിക്കും അറിയാമല്ലോ..? പോലീസ് സ്റ്റേഷനിൽ കയറും അമ്മയും മക്കളും കൂടി..”

ആ സ്ത്രീ അവരോട് ആഘോഷിക്കുമ്പോൾ അവർ തലകുനിച്ച് കണ്ണീർ വാർത്തതേയുള്ളൂ..

” ഞാൻ ഇവിടെ നിന്ന് ഒരു രൂപ പോലും കണക്കില്ലാതെ എടുത്തിട്ടില്ല.. മാഡം പറഞ്ഞതു പോലെ ഞാൻ ഇവിടുത്തെ വെറും ജോലിക്കാരിയാണ്. അല്ലാതെ ആരോടും സ്വന്തവും ബന്ധവും ഒന്നും പുതുക്കാൻ ഞാൻ ഇതുവരെയും വന്നിട്ടില്ല.. മാഡം എന്നെ തെറ്റിദ്ധരിക്കുന്നതാണ്..”

അവർ ഉറപ്പോടെ പറഞ്ഞു. ആ വാക്കുകളിൽ ഉറപ്പുണ്ടായിരുന്നു എങ്കിലും അവരുടെ സ്വരം ഇടറിയിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അപമാനം സഹിക്കേണ്ടി വരുന്നത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്നത് ഇത് ആദ്യമായിട്ടാണ്. അത് അവരുടെ മനസ്സിനെ വല്ലാതെ തകർത്തു കളഞ്ഞിരുന്നു.

“അല്ലെങ്കിലും കുറ്റം ചെയ്തവർ അത് സമ്മതിച്ചു തരില്ല. എനിക്ക് നീ കൂടുതൽ വർത്തമാനം പറയുന്നത് ഒന്നും കേൾക്കണ്ട.. എന്റെ കൊച്ചു മകളുടെ ഒന്നര പവൻ മാല ആണ്.. അത് നീ വിറ്റോ പണയം വെച്ചോ എന്നൊന്നും എനിക്ക് അറിയണ്ട.. എന്ത് ചെയ്തതാണെങ്കിലും നാളെ നേരം വെളുക്കുമ്പോൾ ഈ വീട്ടിൽ എന്റെ കയ്യിൽ അത് കിട്ടിയിരിക്കണം.. ഇപ്പോൾ നീ പൊക്കോ..”

അത്രയും കടുപ്പിച്ച് പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് കയറിപ്പോയി. അമ്മയ്ക്ക് പിന്നാലെ മകനും അകത്തേക്ക് നടന്നപ്പോൾ അയാൾ അലിവോടെ അവരെ നോക്കി.

” ഗീത അവർ പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട.. നീ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.. “

അയാൾ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

” സാർ എന്നോട് സംസാരിക്കരുത്. ഇനി മാഡം അതു കൂടി കേട്ടിട്ട് വന്നാൽ അതിന്റെ പേരിൽ ഉള്ള പഴി കൂടി ഞാൻ കേൾക്കേണ്ടി വരും.”

അയാളുടെ കൈകൂപ്പി അത്രയും പറഞ്ഞു കൊണ്ട് അവർ തിരക്കിട്ട് വീട്ടിലേക്ക് നടന്നു. അത് കണ്ട് അയാൾക്ക് സങ്കടം തോന്നി.

അവൾ ദേവകി പറഞ്ഞത് സത്യമാണ്. തന്റെ പ്രണയമായിരുന്നു. ആരുമറിയാതെ മനസ്സിൽ സൂക്ഷിച്ച ഒരു ഇഷ്ടം. സത്യം പറഞ്ഞാൽ ഗീതയ്ക്ക് പോലും അതിനെക്കുറിച്ച് അറിയില്ല. എപ്പോഴും ഒരു സമയത്ത് ദേവിയോട് പറഞ്ഞു പോയതാണ് ഇതിനെക്കുറിച്ച്. പക്ഷേ അത് ഇങ്ങനെ ഒരു അവസരത്തിൽ അവൾ പ്രയോഗിക്കുന്ന ഒരു ആയുധം ആയിരിക്കും എന്ന് കരുതിയില്ല.

വൈകുന്നേരം പതിവു പോലെ അമ്മ കൊണ്ടു വരുന്ന പൊതിയും കാത്ത് മക്കൾ ഇരുന്നു. സാധാരണ എല്ലാ ദിവസവും അമ്മ ബിസ്കറ്റ് ആണ് വാങ്ങിക്കൊണ്ടു വരാറ്. പക്ഷേ അന്ന് പതിവിനു വിപരീതമായി ഗീത മക്കൾക്കുവേണ്ടി ബിരിയാണി വാങ്ങി. മാസാവസാനം കറണ്ട് ബില്ല് അടയ്ക്കാൻ മറ്റു ചിലവുകൾക്കും ഒക്കെയായി മാറ്റിവയ്ക്കുന്ന പൈസയാണ് കൈയിലുണ്ടായിരുന്നത്. ഓരോ രൂപയ്ക്കും ഒരുപാട് വിലകൽപ്പിക്കുന്ന അമ്മ എന്തുകൊണ്ട് ബിരിയാണി വാങ്ങി കൊണ്ടു വന്നു എന്ന് ചിന്തിക്കാൻ ആ സമയത്ത് മക്കൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.

വൈകുന്നേരം തന്നെ അത് കഴിക്കാൻ മുറവിളി കൂട്ടിയ കുട്ടികളെ അവൾ ആശ്വസിപ്പിച്ചു. രാത്രി അത്താഴത്തിനു സമയത്താണ് അത് കഴിക്കേണ്ടത് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. അപ്പോഴൊക്കെയും അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

ചെയ്യാത്ത തെറ്റിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്നത് എത്രത്തോളം വേദനാജനകം ആണെന്ന് അവർക്ക് അറിയാമായിരുന്നു.

അത്താഴത്തിന് സമയത്ത് ബിരിയാണി മൂന്നുപേരും പകുത്തു കഴിക്കുമ്പോൾ അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയത് ചിക്കൻ കറിയുടെ എരിവ് കാരണമാണെന്ന് പത്തും എട്ടും വയസ്സുള്ള മക്കൾ കളിയാക്കി. അവർക്ക് ഒരു വിളറിയ ചിരി സമ്മാനിക്കുമ്പോൾ ഇനിയുള്ള തങ്ങളുടെ സമയം വളരെ പ്രധാനപ്പെട്ടതാണ് എന്ന് അവർക്ക് അറിയാമായിരുന്നു.

ദേവകിയുടെ വീട്ടിൽ രാത്രിയിൽ ഉറങ്ങാൻ വേണ്ടി മരുമകൾ ബെഡ് തട്ടിക്കളഞ്ഞു ഇരിക്കുമ്പോഴാണ് ബെഡിൽ നിന്ന് എന്തോ ഒന്ന് നിലത്തേക്ക് വീണത് അവൾ ശ്രദ്ധിക്കുന്നത്. അത് എടുത്തു നോക്കിയ അവളുടെ കൈ വിറച്ചു.

കാണാതെ പോയി എന്ന് പറഞ്ഞ ഒന്നര പവൻ മാല..!

‘ ഈശ്വരാ ഇത് കാണാതെ പോയത് അല്ലേ രാവിലെ ഗീത ചേച്ചിയോട് ഇവിടെ എല്ലാവരും ദേഷ്യപെട്ടത്..? താൻ പോലും ഒരു നിമിഷം അവരെ സംശയിച്ചു പോയല്ലോ..’

മരുമകൾക്ക് കുറ്റബോധം തോന്നി. പിന്നീട് മാല കിട്ടിയ വിവരം എല്ലാവരെയും അറിയിക്കാനായി അവൾ ഹാളിലേക്ക് നടന്നു.

എല്ലാവരെയും വിളിച്ച് അടുത്തിരുത്തി മാല കിട്ടി എന്ന വിവരം പറയുമ്പോൾ എല്ലാവർക്കും സന്തോഷം ആയിരുന്നു.

” ഞാൻ അന്നേരം തന്നെ നിങ്ങളോടൊക്കെ പറഞ്ഞതല്ലേ ഈ വീട്ടിൽ തന്നെ എവിടെയെങ്കിലും ഉണ്ടാകും എന്ന്..? എന്നിട്ട് നിങ്ങളെല്ലാവരും കൂടി ആ പാവപ്പെട്ട സ്ത്രീയെ കുറ്റപ്പെടുത്തിയപ്പോൾ അവർക്ക് എത്രത്തോളം വേദനിചിരിക്കും എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടി വരുന്നത് അത്ര വലിയ സുഖമുള്ള പരിപാടി ഒന്നുമല്ല.. “

അയാൾ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് ദേവിയുടെ തല കുനിഞ്ഞു.

” നാളെ രാവിലെ തന്നെ അവളെ പോയി കണ്ടു ക്ഷമ പറഞ്ഞു വേണം ഈ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാൻ. അതിന് മടി വിചാരിക്കേണ്ട കാര്യമൊന്നുമില്ല. നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ പറയുന്നത് നമ്മുടെ ഏറ്റവും വലിയ ഗുണമാണ്. അതിന്റെ പേരിൽ ആരും ആരുടെയും മുന്നിൽ ചെറുതായി പോവുക ഒന്നുമില്ല.”

അയാൾ മകനോടും ഭാര്യയോടും ആയി രൂക്ഷമായി പറഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് കയറിപ്പോയി.

പുറത്തു പ്രകടിപ്പിച്ചെങ്കിലും ആ സമയത്ത് ദേവകിക്കും കുറ്റബോധം തോന്നി. വന്ന കാലം മുതൽ ആത്മാർത്ഥമായി മാത്രമേ അവർ പണിയെടുത്തിട്ട് ഉള്ളൂ. അങ്ങനെ ഒരാളെ കാര്യമില്ലാതെ സംശയിക്കേണ്ടി ഇരുന്നില്ല എന്ന് അവർക്ക് അപ്പോൾ തോന്നി. പക്ഷേ പണ്ട് തന്റെ ഭർത്താവിന്റെ പ്രണയിനി ആയിരുന്നു എന്ന ചിന്ത മനസ്സിൽ വന്നപ്പോൾ, ആ ദേഷ്യത്തിൽ പുറത്തേക്ക് വന്ന വാക്കുകളായിരുന്നു അവയൊക്കെ.

നാളെ എന്തായാലും അവളോട് ക്ഷമ പറയണം എന്ന് ദേവകിയും മകനും ഒരുപോലെ മനസ്സിലുറപ്പിച്ചു.

എല്ലാ ദിവസവും അവർ വരുന്ന സമയമായിട്ടും അവരെ വീട്ടിലേക്ക് കാണാത്തതുകൊണ്ട് അന്വേഷിച്ച് ഇറങ്ങിയതായിരുന്നു മകൻ. പക്ഷേ വഴിയിൽ നിന്നു കേട്ട വാർത്തയിൽ അവൻ മുഴുവനായും തളർന്നു പോയി. എങ്ങനെയൊക്കെ വീട്ടിലെത്തിയ അവൻ ആകെ പരവശപെട്ടിരുന്നു.

അവന്റെ പരിഭ്രമം കണ്ട കാര്യം അന്വേഷിച്ച് അവന്റെ അമ്മയോട് വിവരം പറയാൻ അവൻ ഒന്നു മടിച്ചു.

” അമ്മേ.. ഗീത ആന്റി.. അവർ… അവരും മക്കളും ഇന്നലെ രാത്രി ആ ത്മഹത്യ ചെയ്തു.. ആഹാരത്തിൽ വി ഷം ചേർത്ത് കഴിച്ചതാണ് എന്നാണ് നാട്ടുകാർ പറയുന്നത്.. “

തല കുനിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ കേട്ട വാർത്തയുടെ ആഘാതത്തിൽ ആയിരുന്നു ദേവകീ.

“ഇന്നലെ പതിവില്ലാതെ, ഒരു പൊതി ബിരിയാണിയും വാങ്ങിയാണ് അവർ മടങ്ങി പോയതെന്ന് അവിടെ അടുത്ത് ഹോട്ടൽ നടത്തുന്ന രാഘവൻ ചേട്ടൻ പറയുന്നുണ്ടായിരുന്നു.”

അവൻ കൂട്ടിച്ചേർത്തു.

” നിങ്ങൾ ഇന്നലെ ഇവിടെ നടത്തിയ പ്രകടനങ്ങൾ ഒക്കെ കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ വേണ്ടിയിരുന്നില്ല എന്ന്.. ഇപ്പോൾ ഒന്നുമറിയാത്ത 2 പിഞ്ചുകുഞ്ഞുങ്ങളെയും ഒരു സ്ത്രീയുടെയും മരണത്തിനു പിന്നിൽ നിങ്ങൾ അമ്മയും മകനും മാത്രമാണ്. ഒരു തെറ്റും ചെയ്യാത്ത ആ സ്ത്രീയുടെ മേൽ കുറ്റം ആരോപിക്കുമ്പോൾ, ആത്മാഭിമാനമുള്ള ഒരാൾ ഇങ്ങനെ പ്രതികരിക്കും എന്ന് ചിന്തിക്കണമായിരുന്നു. “

കുറ്റപ്പെടുത്തലോടെ ഭർത്താവ് കൂടി പറഞ്ഞതോടെ അവർ തകർന്നു പോയി.

‘ തെറ്റ് ചെയ്തു എന്ന് ഉറപ്പില്ലാത്ത പക്ഷം അവരെ ശിക്ഷിക്കാൻ പാടില്ലായിരുന്നു. അവരുടെ മേൽ കുറ്റം ചാർത്താൻ പാടില്ലായിരുന്നു. പാപം ആയിരുന്നു മഹാപാപം..’

ദേവകിയുടേയും മകന്റെയും മനസ്സ് ഒരുപോലെ മന്ത്രിച്ചു. പക്ഷേ ചെയ്തു പോയതൊന്നും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ.. ഇനിയുള്ള നാളുകൾ കുറ്റബോധത്തോടെ ജീവിക്കാം എന്നല്ലാതെ മറ്റൊന്നും തന്നെ അവർക്ക് ചെയ്യാനില്ല…

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് പറയുന്നത് സത്യമാണ്. യാതൊരു അടിസ്ഥാനവും ഇല്ലാതെ ആരുടെ മേലും കുറ്റം ചാർത്തരുത്..

✍️ അപ്പു