ഞാൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം മോഹന്റെ ശരീരത്തിനും മനസ്സിനും അവകാശി ഞാൻ മാത്രം ആയിരിക്കും എന്ന്…

ഒരു പുതിയ തുടക്കം….

രചന: അപർണ മിഖിൽ

:::::::::::::::::::::

“നിനക്ക് ഇപ്പോ എന്താ സൗമ്യ ഇവിടേക്ക് വരണം എന്ന് ആഗ്രഹം തോന്നാൻ…? “

ബീച്ച് സൈഡിലെ ആ റെസ്റ്റോറന്റിൽ തനിക്ക് അഭിമുഖം ആയി ഇരുന്ന് ഏറെ നേരമായി തന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്ന ഭാര്യയോട് മോഹൻ ചോദിച്ചു.

” വെറുതെ… ഒരു ആഗ്രഹം… “

” ഹ്മ്മ്… “

വിശ്വാസം ആയില്ല എന്നൊരു ധ്വനി ഉണ്ടായിരുന്നു ആ മൂളലിൽ..

“എല്ലാത്തിന്റെയും തുടക്കം ഇവിടെ നിന്ന് ആയിരുന്നില്ലേ… അപ്പോ അവസാനവും ഇവിടെ തന്നെ ആവട്ടെ… അതല്ലേ നല്ലത്…”

ഒട്ടൊരു നേരത്തെ നിശ്ശബ്‌ദതയെ ഭേദിച്ചു കൊണ്ട് സൗമ്യ ചോദിച്ചു. മോഹൻ സംശയത്താൽ നെറ്റി ചുളിച്ചു.

” നമ്മുടെ ആദ്യ കൂടിക്കാഴ്ച്ച മോഹൻ ഓർക്കുന്നുണ്ടോ… അന്നും ഇതേ ടേബിളിനു ഇരു വശത്തും ആയിരുന്നു നമ്മുടെ സ്ഥാനം.. ഇപ്പോ ഇവിടെ ഒരുപാട് മാറ്റം വന്നു.. ആളുകൾക്കും… അല്ലേ മോഹൻ… “

മോഹൻ യന്ത്രികമായി തലയാട്ടി.

” അന്ന് നമുക്ക് പരസ്പരം സംസാരിക്കാൻ വാക്കുകൾക്ക് ക്ഷാമം ആയിരുന്നു…വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രം പരസ്പരം കണ്ടതാണല്ലോ നമ്മൾ.. അന്നത്തെ കൂടി കാഴ്ച്ച ഒരു പരാജയം ആയിരുന്നു… പിന്നീട് എപ്പോഴോ നമ്മൾ പ്രണയിച്ചു.. ഒരിക്കൽ തല്ലിക്കളഞ്ഞ വിവാഹാലോചന വീണ്ടും പൊടി തട്ടിയെടുക്കുക ശ്രമകരമായിരുന്നു.. അവിടെയും നമ്മൾ ജയിച്ചു.. ഈ കടൽ തീരത്ത് കൂടി എത്രയോ തവണ കൈ കോർത്ത് പിടിച്ചു നടന്നിട്ടുണ്ട് നമ്മൾ… ഇവിടെ ഈ റെസ്റ്റോറന്റിൽ ഒന്നിച്ചു സമയം ചിലവഴിച്ചിരിക്കുന്നു… ഓർക്കുന്നുണ്ടോ മോഹൻ… “

മോഹന്റെ ഉള്ളിലും ആ നാളുകൾ തെളിമയോടെ വന്നു നിന്നു. എത്ര സുന്ദരം ആയിരുന്നു അന്ന്…

” ഓർക്കാതെ പിന്നെ… “

ഒരു ചിരിയോടെ മോഹൻ ചോദിച്ചു.

” അന്ന് ഇവിടെ വച്ചു മോഹൻ എനിക്കൊരു വാക്ക് തന്നിരുന്നു… അത്‌ ഓർമ്മയുണ്ടോ… “

മോഹന്റെ കണ്ണിലേക്കു നോക്കി സൗമ്യ ചോദിച്ചു. അതിലെ പതർച്ച അവൾ ശ്രദ്ധിച്ചു.

” മ്മ്… “

ആ മൂളലിന് തീരെ ശക്തി ഉണ്ടായിരുന്നില്ല..

” ഓർമ ഇല്ലെങ്കിൽ ഞാൻ ഓർമിപ്പിക്കാം… ഞാൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം മോഹന്റെ ശരീരത്തിനും മനസ്സിനും അവകാശി ഞാൻ മാത്രം ആയിരിക്കും എന്ന്… ശരിയല്ലേ… “

” അ.. അതേ.. “

” ആ വാക്ക് പാലിക്കാൻ മോഹന് കഴിഞ്ഞിട്ടുണ്ടോ…?? “

ആ ചോദ്യത്തിന് മുന്നിൽ മോഹൻ വെട്ടി വിയർത്തു. സൗമ്യ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട് എന്ന് അയാൾക്ക് ഉറപ്പായിരുന്നു. മറുപടി ഇല്ലാതെ അയാൾ തല കുനിച്ചു.

” നിങ്ങൾ തല കുനിക്കരുത് മോഹൻ… എന്നോട് പറഞ്ഞ വാക്ക് പാലിക്കാതെ തെറ്റ് ചെയ്തു.. അതും കുറെയേറെ നാളുകളായി തുടർന്നു പോരുന്നു… എന്റെ മുന്നിൽ നല്ല ഭർത്താവ് ആയി അഭിനയിക്കുമ്പോൾ നിങ്ങൾക്ക് തെല്ലും കുറ്റബോധം തോന്നിയില്ലേ… “

അവളുടെ വാക്കുകളും നോക്കും തീക്ഷ്‌ണത ഏറിയത് ആയിരുന്നു.

” സൗമ്യ… പ്ലീസ്… എനിക്കറിയാം… തെറ്റാണ്… പറ്റിപ്പോയി… ഈ ഒരു തവണ… ഒരേ ഒരു തവണ എന്നോട് ക്ഷമിച്ചൂടെ… “

” ഞാൻ നിങ്ങളോട് ഈ കാര്യം ചോദിക്കുന്നതിനു ഒരു നിമിഷം മുന്നേ എങ്കിലും നിങ്ങൾ ഇതു ഏറ്റു പറഞ്ഞെങ്കിൽ ഒരു പക്ഷെ ഞാൻ ക്ഷമിച്ചേനെ… പക്ഷെ… ഇതു… എനിക്ക് ക്ഷമിക്കാൻ കഴിയില്ല മോഹൻ… “

ആ വാക്കുകൾ ഉറച്ചതായിരുന്നു..

” സൗമ്യ… പ്ലീസ്… “

കേഴുകയായിരുന്നു അയാൾ…

” സ്വന്തം സുഖം തേടി മറ്റൊരുത്തിക്ക് അടുത്തേക്ക് നിങ്ങൾ പോയപ്പോൾ ഓർത്തില്ലേ നിങ്ങൾക്ക് ഒരു ഭാര്യ ഉണ്ടെന്ന്… മക്കൾ ഉണ്ടെന്ന്… ഒന്ന് ചോദിച്ചോട്ടെ.. എന്നിൽ ഇല്ലാത്ത എന്ത്‌ പ്രത്യേകത ആണ് മോഹൻ അവളിൽ കണ്ടത്… “

” സൗമ്യ… അങ്ങനെ ചിന്തിക്കുക പോലും ചെയ്യരുത്… ഒരു നിമിഷം മനസ്സ്‌ കൈ വിട്ടു പോയി.. മാപ്പ്… “

അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

” എല്ലാത്തിന്റെയും തുടക്കം ഇവിടെ നിന്ന് ആയിരുന്നില്ലേ… ഒടുക്കവും ഇവിടെ തന്നെ ആകട്ടെ… അതിനാണ് നിങ്ങളോട് എന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞത്.. നാളെ ഞാനും മക്കളും മടങ്ങുകയാണ്… നിങ്ങളുടെ ജീവിതത്തിൽ നിന്ന് എന്നേക്കുമായി… “

” സൗമ്യ… നോ… ഞാൻ… നീ എന്നെ വിട്ടു പോകരുത്… നമ്മുടെ മക്കളെ ഓർത്തെങ്കിലും… “

” ഇനി നിങ്ങൾക്ക് എന്റെ മക്കളെ ആവശ്യം ഉണ്ടാകില്ല…കോൺഗ്രാറ്സ്….നിങ്ങൾ വീണ്ടും ഒരു അച്ഛൻ ആകാൻ പോകുന്നു.. പക്ഷെ.. അമ്മ ഞാൻ അല്ല എന്ന് മാത്രം… “

അവന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി.. അവന്റെ കണ്ണ് നിറഞ്ഞു… ഒരിക്കലും സൗമ്യയെയും കുഞ്ഞുങ്ങളെയും ഒഴിവാക്കി ഒരു ജീവിതം ചിന്തിച്ചിട്ടില്ല.. ഒരു നിമിഷം വിചാരത്തെ വികാരം ഭരിച്ചപ്പോൾ സംഭവിച്ചു പോയതാണ്.. അത്‌ തന്റെ തലക്ക് മുകളിലെ വാൾ ആയി തൂങ്ങി നിൽക്കുന്നു… ചതി.. അത്‌ മാത്രം ആണ് സൗമ്യക് സഹിക്കാൻ കഴിയാത്തത്.. ഞാൻ അവളെ വഞ്ചിച്ചത് തന്നെ അല്ലേ.. ഹൃദയ വേദനയോടെ അയാൾ ഓർത്തു.

” ഇനി അങ്ങോട്ട് ഒന്നിച്ചു ഒരു യാത്ര ഇല്ല മോഹൻ… അതിന്റെ തുടക്കം ഇവിടെ നിന്ന് ആകട്ടെ… ബൈ… “

അവൾ പുറത്തേക്ക് നടന്നു. അവളിൽ നിന്ന് ഒരിറ്റ് കണ്ണുനീർ പോലും പൊഴിഞ്ഞില്ല.. അവളെ ഒന്ന് തിരികെ വിളിക്കാൻ പോലും കഴിയാതെ അയാളുടെ നാവുകൾക്ക് വിലങ്ങു വീണു പോയിരുന്നു…

അത്‌ അവസാനം ആയിരുന്നില്ല… ആ പെണ്ണിന്റെ ജീവിതത്തിലെ പുതിയ തുടക്കം ആയിരുന്നു.. അവൾ നേടാൻ ആഗ്രഹിച്ച പലതും നേടി എടുക്കാൻ ഉള്ള തുടക്കം…

NB : ഓരോ അവസാനവും മറ്റെന്തിന്റെ എങ്കിലും തുടക്കം ആയിരിക്കും… ഒരു വാതിൽ അടഞ്ഞാൽ ഒൻപത് വാതിൽ നിങ്ങൾക്കായി തുറക്കപ്പെടും…

സസ്നേഹം

അപർണ മിഖിൽ