അയാൾ അത്ഭുതത്തോടെ അവളെയും തന്റെ ഭാര്യയെയും നോക്കി…അപ്പോഴൊന്നും ഭാര്യ അയാളെ നോക്കിയതേയില്ല…

_upscale

തിരശീലക്ക് പിന്നിൽ…

രചന: അപർണ മിഖിൽ

================

” നീ നന്നായി പഠിക്കണം മോളെ…നിന്റെ അമ്മയെ പോലെ മന്ദബുദ്ധി ആകരുത്… “

മകളുടെ ഒന്നാം ക്ലാസ്സിലെ പ്രോഗ്രസ് കാർഡ് നോക്കി തന്നെ പുച്ഛിക്കുന്ന അയാളെ അവൾ നിസ്സംഗമായി നോക്കിയിരുന്നു…

” അല്ലെങ്കിലും നീ എന്റെ മോളല്ലേ…എന്റെ കഴിവുകൾ നിനക്ക് കിട്ടാതിരിക്കില്ലല്ലോ… “

അയാൾ മകളിൽ അഭിമാനം കൊണ്ടു…ആ മകൾ ഇടയ്ക്കിടെ അമ്മയെ തിരിഞ്ഞു നോക്കി…ഇരുവരും കണ്ണുകൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു…

വർഷങ്ങൾ പലതു കഴിഞ്ഞു പോയി..മകൾ എല്ലായിടത്തും ഒന്നാം റാങ്കുകാരിയായി പഠിച്ചു..അപ്പോഴൊക്കെയും അയാൾ പഴയ വാചകം ആവർത്തിച്ചു…കൂട്ടത്തിൽ ഭാര്യക്ക് നേരെയുള്ള കളിയാക്കൽ കൂടി വരികയും ചെയ്തു..

സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിനിക്കുള്ള അവാർഡ് ആ മകൾ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയ ആ വേദിയിൽ അഭിമാനത്തോടെ അവളുടെ അച്ഛൻ തലയുയർത്തി നിന്നു..അപ്പോഴും ഒന്നിലും പെടാതെ അവളുടെ അമ്മ ഒരു ഓരത്ത് ഒതുങ്ങിനിന്നു…

“എല്ലാവർക്കും നമസ്കാരം… ഇന്ന് ഏറ്റവും മികച്ച വിദ്യാർത്ഥിനിക്കുള്ള അവാർഡ് ഏറ്റുവാങ്ങി നിൽക്കുന്ന ഈ വേദിയിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നുണ്ട്…എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എനിക്ക് താങ്ങും തണലുമായി നിന്നവർക്ക് ഒരുപാട് ഒരുപാട് നന്ദി…എന്റെ വിജയം എന്റെതു മാത്രമല്ല…എന്റെ വിജയത്തിനു പിന്നിൽ… തിരശ്ശീലയ്ക്കു പിന്നിൽ പ്രവർത്തിച്ച ഒരു ആളുണ്ട്… “

അവൾ പറഞ്ഞു കൊണ്ട് കാണികൾക്കിടയിൽ കണ്ണോടിച്ചു…അയാൾ കുറച്ചുകൂടി അഭിമാനത്തോടെ നിന്നു. തന്റെ മകൾ തന്റെ പേരായിരിക്കും പറയാൻ പോകുന്നത് എന്ന് പ്രതീക്ഷിച്ചു…

“അവിടെ മറഞ്ഞിരിക്കുന്ന ആ സ്ത്രീ രൂപത്തെ കണ്ടോ..? അത് എന്റെ അമ്മയാണ്… “

ആൾക്കൂട്ടത്തിനിടയിൽ പതുങ്ങിയിരിക്കുന്ന അവളുടെ അമ്മയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ പറഞ്ഞു…അയാളുടെ മുഖം മങ്ങി…

“അമ്മയാണ് എന്റെ വിജയത്തിന് പിന്നിൽ… “

അയാൾ അത്ഭുതത്തോടെ അവളെയും തന്റെ ഭാര്യയെയും നോക്കി…അപ്പോഴൊന്നും ഭാര്യ അയാളെ നോക്കിയതേയില്ല…

“വീട്ടിലെ എടുത്താൽ പൊങ്ങാത്ത ജോലിഭാരത്തിനിടയ്ക്ക് അക്ഷരം പഠിക്കാൻ തുടങ്ങിയതു മുതൽ എന്നെ ഓരോന്നും പഠിപ്പിച്ചത് എന്റെ അമ്മയാണ്…എന്റെ ആദ്യഗുരു എന്ന് തന്നെ പറയാം…ഒന്നാം ക്ലാസിൽ ഏറ്റവും നന്നായി പഠിച്ച് മാർക്ക് വാങ്ങി എന്റെ പ്രോഗ്രസ് കാർഡ് കണ്ടപ്പോൾ പോലും അമ്മയുടെ മുഖത്ത് ഒരു തരം നിസ്സംഗത ആയിരുന്നു…അന്ന് അത് എന്തിനാണെന്ന് മനസ്സിലാക്കാനുള്ള പ്രായം എനിക്കുണ്ടായിരുന്നില്ല..പക്ഷേ ഞാൻ വളർന്നു വന്നപ്പോൾ അതിനുള്ള കാരണം എനിക്ക് മനസ്സിലായി…എന്റെ ഓരോ വിജയത്തിലും അച്ഛൻ അത് അച്ഛന്റെ കഴിവ് ആണെന്ന് പറഞ്ഞു അഭിമാനിക്കാറുണ്ട്…പക്ഷേ രാത്രികളിൽ മുഴുവൻ ഉറക്കം കളഞ്ഞു എന്നെ പഠിപ്പിച്ചിരുന്ന എന്റെ അമ്മ ഒരിക്കൽ പോലും അത് എന്റെ വിജയമാണെന്ന് പറഞ്ഞ് ഞാൻ കേട്ടിട്ടില്ല…അച്ഛൻ അതിനുള്ള അവസരം കൊടുത്തിരുന്നില്ല എന്ന് പറയുന്നതാകും ശരി…പക്ഷേ ഇപ്പോൾ ഈ വേദിയിൽ ഞാൻ പറയും…എന്റെ വിജയം എന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതാണ്…അച്ഛന് അതിൽ പങ്കില്ല എന്നല്ല…മറിച്ച് ഒരു പടിമേലെ എന്റെ അമ്മ തന്നെയാണ്… “

മകളുടെ വാക്കുകൾ കേട്ട അമ്മയ്ക്ക് വല്ലാത്ത അഭിമാനം തോന്നി…അച്ഛനാകട്ടെ നിരാശയോടെ തലതാഴ്ത്തി…

“ഇത് ഒരിക്കലും ഞാൻ ആരെയും അപമാനിക്കാനോ കുറ്റപ്പെടുത്താനോ പറഞ്ഞതല്ല…ഓരോ കുടുംബത്തിലും ഉണ്ട് ഇതുപോലെ തിരശ്ശീലക്ക് പിന്നിൽ മറഞ്ഞു നിന്നുകൊണ്ട് മക്കളുടെ വിജയം നോക്കിക്കാണുന്ന കുറെ ജന്മങ്ങൾ…ഏതൊരു കാര്യവും ചെയ്തു പൂർത്തിയാക്കി അതിന്റെ ഫലം കിട്ടുമ്പോൾ അത് നല്ലതാണെങ്കിൽ അത് ഏറ്റെടുക്കാൻ ഒരുപാട് പേരുണ്ടാകും…എന്നാൽ അതിനു കിട്ടിയ ഫലം മോശമാണെങ്കിൽ അത് ഏറ്റെടുക്കാൻ നമ്മൾ ഒറ്റക്കെ ഉണ്ടാകൂ…എന്റെ വിജയങ്ങളിൽ ചേർത്തുപിടിച്ച് അഭിമാനിച്ച അച്ഛൻ ഒരിക്കൽ രണ്ടു മാർക്ക് കുറഞ്ഞു പോയതിന്റെ പേരിൽ എന്നെ തല്ലിയത് ഇന്നും എനിക്ക് ഓർമ്മയുണ്ട്…അന്നും എന്നെ ആശ്വസിപ്പിക്കാൻ അമ്മയെ ഉണ്ടായുള്ളൂ… “

മകൾ പറഞ്ഞതും അച്ഛന്റെ തല കുറ്റബോധത്താൽ താഴ്ന്നിരുന്നു..

ഓരോ വിജയങ്ങൾക്ക് പിന്നിലും തിരശീലക്ക് പിന്നിലുള്ള ഒരുപാട് പേരുണ്ടാകും…വിജയം അവർക്കു കൂടി അവകാശപ്പെട്ടത് ആണെന്ന് ഓർക്കുക…

സസ്നേഹം

അപർണ മിഖിൽ