അച്ചു മെല്ലെ വാതിലിന്റെ മറവിൽ നിന്നും ഊണ് മുറിയിലെ നീണ്ട വരാന്തയിൽ തലയുയർത്തി നിൽക്കുന്ന തൂണുകൾക്ക് പിന്നിൽ കൂടി…

A story by സുധീ മുട്ടം

:::::::::::::::::::::::::::

വീടിന്റെ തലയറ്റം കണ്ടതും അർച്ചന വേഗത്തിൽ ഓടാൻ തുടങ്ങി. “ഒന്ന് പതിയെ പോ അച്ചു… ആളവിടെ തന്നെ കാണൂല്ലോ..” അഞ്ചൂന്റെ ശബ്ദത്തിൽ നല്ലോണം പരിഹാസമുണ്ട്. അതിലുപരി സന്തോഷവും..

അഹ് അവൾക്ക് അതൊക്കെ പറയാം മാസം കുറേയായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നതാണ്…ഇന്നിപ്പോ ദേ തൊട്ടടുത്ത് കാണാൻ പോകുമ്പോ കാലുകൾക്ക് വേഗത കൂടുതലായിരുന്നു. ദാവണി ചുറ്റിപിടിച്ചു കൊണ്ട് ഓടി അകത്തേക്ക് കയറുമ്പോൾ കണ്ണുകൾ നാലുപാടും മുന്നൂറ്റിയറുപത് ഡിഗ്രിയിൽ ചുറ്റിയിരുന്നു.

ഊണ് മുറിയിൽ ഒച്ചയും ബഹളവും കേട്ട് അങ്ങോട്ട് ഓടി വാതിലിന്റെ മറവ് പറ്റി നോക്കി. എല്ലാരും ഉണ്ട് എല്ലാരും…വിരുന്നുകാരെ തീറ്റിക്കുന്ന തിരക്കിലാണ്.

കണ്ണെന്തോ തേടി കണ്ടുപിടിച്ചത് പോലെ ഒന്നിൽ മാത്രം ഉറച്ചു നിന്നു..

“ട്ടോ..”

പിന്നിൽ നിന്നും അഞ്ചു ഒന്ന് പേടിപ്പിക്കാൻ നോക്കിയെങ്കിലും അവളുടെ വായ പൊത്തി “കുളമാക്കല്ലേ പൊന്നേ..” എന്നവൾ പതിയെ പറഞ്ഞു. അച്ചുവിന്റെ കൈ മാറ്റി..” ഇങ്ങനെ ഒളിച്ചു കളിക്കാനാ നീ അവിടുന്ന് ഇങ്ങോട്ട് ഓടിപിടച്ചു വന്നത്..”

അഞ്ചു പറഞ്ഞത് വകവെക്കാതെയവൾ വാതിലിന്റെ മറവിൽ നിന്നാ രൂപത്തെ ഒപ്പിവാങ്ങി..കൂട്ടുകുടുംബമാണ് അഞ്ചുവിന്റെയും അച്ചുവിന്റെയും ഇരട്ടകളാണ് രണ്ടും രണ്ടച്ചന്മാരുടെയും രണ്ടമ്മമാരുടെയും മക്കളായി ഒരേ ദിവസം ഒരേ സമയം ഭൂജാതർ ആയവർ.

ഒരേ മനസ്സും രണ്ടുടലുമാണ് അവർക്ക്. അഞ്ജലിയും അർച്ചനയും ആ വലിയ കുടുംബത്തിന്റെ വിളക്കുകളാണ്. അച്ഛച്ഛന്റെ ബെസ്റ്റ് എന്ന സ്ഥാനം ഇരുവർക്കും മാത്രമാണ്. വലിയമ്മാമയുടെ മകനും ഒരേയൊരു ചങ്ക് കൂട്ടുകാരനും അച്ഛച്ഛന്റെ സപ്തതിക്ക് വന്നതാണ്.

അവരെ കാണാൻ വേണ്ടിയാണ് അഞ്ജലി റോക്കറ്റ് പോലെ ഈ ദൂരം ഓടി വന്ന് വാതിലിൽ ഒളിച്ചു കളിക്കുന്നതും. അച്ഛനും ചെറിയച്ഛനും വല്യമ്മാമയും ഒക്കെയായി എല്ലാരും ഒരു വീട്ടിൽ തന്നെ ആയത് കൊണ്ട് അതിന്റേതായ പ്രൗഢി ആ വീടിനുമുണ്ട്.

അച്ചു മെല്ലെ വാതിലിന്റെ മറവിൽ നിന്നും ഊണ് മുറിയിലെ നീണ്ട വരാന്തയിൽ തലയുയർത്തി നിൽക്കുന്ന തൂണുകൾക്ക് പിന്നിൽ കൂടി പാത്തുകൊണ്ട് ഓടി ഓരോന്നിലും ഒളിച്ചു. ഇതെന്ത് പാടെന്ന് നോക്കി അഞ്ചുവിന് ചിരി പൊട്ടി. ആ ചിരി അവിടെയിരുന്ന എല്ലാരുടെയും ശ്രദ്ധ പിടിക്കാൻ പോന്നതായിരുന്നു.

“അഞ്ജലി മോളെത്തിയോ..അവളെവിടെ അർച്ചന !”..

അച്ഛച്ഛൻ നിവർന്നിരുന്നു ചോദിക്കുമ്പോൾ അവൾ അങ്ങോട്ട് നടന്നു കഴിഞ്ഞു. പിന്നിൽ തൂണിന്റെ മറവ് പറ്റി നിൽക്കുന്ന പെണ്ണിനെ നോക്കി കണ്ണുരുട്ടാൻ മറന്നതുമില്ല…

“അവളിങ് വരും അച്ഛച്ചാ..ക്രിസ്റ്റി ചേട്ടായി സുഖാണോ…വിധുവേട്ടന്റെ യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു. “

അവൾ സൗമ്യമായി അതിഥികൾക്ക് ഒപ്പം കൂടാൻ തുടങ്ങി. അടുത്തിരുന്ന കക്ഷിയെ ഇടം കണ്ണിട്ട് നോക്കുമ്പോ ഒന്നുമേ അറിയാത്ത പോലെ ഭക്ഷണം കഴിക്കുകയാണ് ചിരിയടക്കാൻ നന്നേ ബദ്ധപ്പാട് തോന്നി അവൾക്ക്…ചക്കിക്കൊത്ത ചങ്കരൻ…

അച്ചു ഒരുതരം ആത്മസംതൃപ്തിയോടെ മേശമേൽ ശാന്തനായി ഇരിക്കുന്ന ക്രിസ്റ്റിയെ നോക്കി.. മെല്ലെ മെല്ലെ ആരും കാണാതെ ഓരോ തൂണും മാറി ഒടുവിൽ പടികൾ കയറി മുകളിലേക്ക് ഓടി…

നിക്കാനും വയ്യ ഇരിക്കാനും വയ്യ..ആകെ ഒരു പരവേഷം. .ക്രിസ്റ്റി സ്കൂൾ കാലംമുതൽ വിധുവേട്ടന്റെ ഉറ്റചങ്ങാതിയാണ്. ആകെയുണ്ടായിരുന്ന പപ്പ ഒരു ആക്‌സിൻഡന്റിൽ മരിച്ചതിൽ പിന്നെ ഈ തറവാട്ടിലെ ദത്തുപുത്രനാണ്. അച്ഛച്ഛന്റെ അരുമപേരക്കുട്ടി. കിച്ചനെന് അവിടെ എല്ലാരും സ്നേഹത്തോടെ വിളിച്ചു. എല്ലാർക്കും ഇഷ്ടമാണ് ആ ശാന്തസ്വരൂപനെ..ഏത് സങ്കടത്തിലും കുഞ്ഞു പിണക്കത്തിലും എത്ര സന്തോഷത്തിലും ആ ഇരുനിരമുള്ള മുഖം പ്രസന്നമായിരിക്കും ഒരു കുഞ്ഞു ചിരിയോടെ… അതുകൊണ്ടാകും സ്വന്തം മക്കളേക്കാൾ പ്രാഥമ്യം അവന് കൊടുത്തത്.

ആദ്യമൊക്കെ വിധുവെട്ടനൊപ്പം വന്ന് കയറുന്ന എല്ലാരുടെയും ഇഷ്ടം വാങ്ങിയെടുത്തുകൊണ്ട് വീട്ടിൽ ഉള്ള ദിവസങ്ങളിൽ ഒക്കെയും ഞങ്ങളെക്കാൾ സ്നേഹം വാങ്ങി കൂട്ടുന്ന അയാളോട് ദേഷ്യമായിരുന്നു. അച്ഛച്ഛന് മുന്നിൽ ആ സ്നേഹം തങ്ങൾക്കുള്ളതാണെന്ന അവകാശം അയാൾക്ക് മുന്നിൽ സ്ഥാപിക്കാൻ വേണ്ടി മത്സരിച്ചിരുന്നു. വെറുപ്പോടെയല്ലാതെ ആ മുഖത്ത് നോക്കിയിരുന്നെ ഇല്ല.  മുന്നിൽപെട്ടാൽ കടിച്ചു കീറാൻ തോന്നും. എങ്ങനെയാ അതൊക്കെ മാറി അയാളിൽ പ്രണയം തോന്നി തുടങ്ങിയത്..

വെറുത്തു വെറുത്തു കുട്ടികൃഷ്ണനെ ഒരു തരി പോലും വെറുക്കാൻ ഇല്ലാൻഡ് ആയപ്പോ സ്നേഹിച്ചു തുടങ്ങിയത് പോലെ ഞാനും സ്നേഹിച്ചതാണോ…

അവൾ തലകുടഞ്ഞൊന്ന് ചിരിച്ചു.. വീണ്ടും ഇരിപ്പ് വരാതെ മുറിയിൽ നിന്ന് ഓടി ഗോവണിയിൽ നിന്ന് താഴത്തെ ശബ്ദങ്ങൾ ശ്രദ്ധിക്കും..

“ഓഹ് ആ ബുദ്ധൻ തിരുവായ വല്ലോം തുറന്ന് മൊഴിഞ്ഞാൽ അല്ലെ ഇവിടെ വല്ലതും കേൾക്കൂ…”

സ്വയം പരിതപിച്ചു കൊണ്ട് അച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എപ്പോഴോ തോന്നി തുടങ്ങിയ പ്രണയത്തിന് കഴിഞ്ഞ തവണയുള്ള വരവാണ് കൂടുതൽ ഉറപ്പ് നൽകിയത്. പ്രണയമാണെന്നു താൻ തിരിച്ചറിഞ്ഞത്…

ആദ്യമൊക്കെ വെറുപ്പോടെ അകന്ന് മാറിയിരുന്നു എങ്കിൽ പിന്നെ പിന്നെ അകന്നിരുന്നു താൻ അയാളെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരുപരിധി വരെ അഞ്ചു അതിന് കാരണമായി അവർക്കിടയിലെ അകൽച്ച മാറ്റണമെന്ന് മാത്രമാണ് അവൾ ഉദ്ദേശിച്ചതെങ്കിൽ അച്ചുവിൽ അതൊരു പ്രണയത്തിന്റെ തയ്യായി മുളക്കുകയായിരുന്നു.

എങ്ങാനും തനിക്ക് നേരെ വീഴുന്ന നോട്ടത്തെ അവഗണിക്കുമ്പോഴും താൻ അതിൽ ഉൾകുളിർ കൊണ്ടിരുന്നു. അതുവരെയും തനിക്ക് അയാൾക്ക് മുന്നിൽ നിന്നും ഒഴിഞ്ഞു നടക്കാനും തന്റെ ഇഷ്ടത്തെ മറച്ചു വെക്കാനും സാധിച്ചിരുന്നു എങ്കിൽ കഴിഞ്ഞ വരവോട് കൂടി തന്റെ കള്ളത്തരം അയാൾ കണ്ടു പിടിച്ചിരുന്നു.

ഇടത് കൈ തണ്ടയിൽ മുറിവുണങ്ങിയ പാടിൽ വിരലോടിച്ചു കൊണ്ട് അച്ചു അതോർത്തെടുത്തു. അമ്പലക്കുളത്തിൽ ഒറ്റയ്ക്ക് വിരിയുന്ന നീല താമരയ്ക്ക് തുട്ട് വച്ചു പ്രാർത്ഥിച്ചിരുന്നു അവൾ. അവളറിയാതെ അവനും. ആരുടെ പ്രാർത്ഥനയുടെ ഫലമോ പിറ്റേന്ന് പൂവ് വിടർന്നു.

ഓരോ പടിയും ഇറങ്ങി ശ്രദ്ധയോടെ നീലതാമര പറിച്ചെടുത്ത് മുകളിലേക്ക് ഓടി കയറുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന ക്രിസ്റ്റി..

ചെറുതായി വിറവൽ തോന്നിയെങ്കിലും അതൊന്നും മുഖത്ത് വരുത്താതെ അവനെ വകവെക്കാതെ കടന്ന് പോകാൻ തുണിഞ്ഞപ്പോഴാണ് കയ്യിലൊരു പിടി വീണത്.

“ഇതെന്റെയാ.. ” അവളെയും കയ്യിലെ പൂവിനെയും മാറി മാറി നോക്കി അവൻ പറഞ്ഞു.

“എഹ്ഹ്..” അവൾ ചിറി കോട്ടിയപ്പോൾ അവൻ കൂടുതൽ അടുത്തേക്ക് നീങ്ങി നിന്നു. അതിനനുസരിച്ച് അച്ചുവും പുറകിലേക്ക് നീങ്ങി.

“എന്റെയാ..” കണ്ണിലേക്ക് നോക്കി അവനത് പറയുമ്പോൾ അവളുടെ ആത്മാവും കടന്ന് പോയിരുന്നു ആ ശബ്ദം.

“എനിക്ക് പോണം… ” അവനൽപ്പം മാറി നിന്നു.

“പൊക്കോ ഈ പൂവെനിക്ക് വേണം. തന്നിട്ട് പൊക്കോ.”

അവന്റെ ആഴത്തിലെ നോട്ടം താങ്ങാനാകാതെ തലകുനിഞ്ഞു പോയിരുന്നു. ഓടി പോകാൻ തുനിഞ്ഞ തന്റെ ഇടത് കയ്യിലേക്ക് മുറുക്കെ പിടിച്ചതാണ് കുപ്പിവളകൾ പൊടിഞ്ഞു കയ്യിലേക്ക് തറച്ചു കയറിയപ്പോഴാണ് അവന് ബോധം വന്നത്…

നിറഞ്ഞു വരുന്ന കണ്ണുകളോടെ ഓടി മറയുമ്പോൾ ആ താമരയും കുപ്പിവള പൊട്ടുകളും അവൻ ഹൃദയത്തോട് ചേർത്ത് വച്ചിരുന്നു. തിരികെ പോകും വരെ മുന്നിൽ ചെന്ന് പെട്ടിട്ടില്ല. പക്ഷെ കാണുന്നുണ്ടായിരുന്നു. കാണാതെ അറിയുന്നുണ്ടായിരുന്നു. ആരാരും അറിയാതെ സുഖമുള്ള അനുഭൂതിയായി അവനത് ഉള്ളിൽ തന്നെ സൂക്ഷിച്ചു. ആരുടെയും സ്നേഹവും വിശ്വാസവും ഇതുകൊണ്ട് നഷ്ടപ്പെടുത്താൻ അവൻ തയാറായില്ല.

ഇന്നിപ്പോ മുന്നിൽ വന്ന് നിന്നാൽ പോലും നേരിൽ നോക്കാൻ കഴിയുന്നില്ല..അത്രമേൽ പ്രണയം അവളെ പരവേശപ്പെടുത്തിയിരുന്നു. ചിലപ്പോഴൊക്കെ ആ ബന്ധത്തെ അവൾ മനസ്സാൽ തടയാൻ ശ്രമിച്ചു. ഒരുപക്ഷേ ആരും ഈ ബന്ധത്തിന് അംഗീകരിച്ചില്ലെങ്കിൽ ഒരനാഥന്റെ ശരിക്കുമുള്ള അനാഥത്വത്തിന്റെ കാരണക്കാരി താൻ മാത്രമാകും. എന്തിനും തനിക്കൊപ്പം നിൽക്കുന്ന അച്ഛച്ഛന്റെ സന്തോഷം താൻ കാരണം നശിപ്പിക്കാൻ അവൾ ഒരുക്കമായിരുന്നില്ല..

അവളൊന്നു കൂടി ഗോവണിപ്പടിയിലേക്ക് എത്തി നോക്കി. ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം തോന്നിയെങ്കിലും ആ ശ്രമം ഉപേക്ഷിച്ച് മുറിയിലേക്ക് തന്നെ തിരഞ്ഞപ്പോ മുന്നിൽ മീശയും പിരിച്ചു കൊണ്ട് ക്രിസ്റ്റി നിൽപ്പുണ്ടായിരുന്നു.

അച്ചുവിന്റെ മുഖത്തെ വെപ്രാളം കണ്ടിട്ട് അവന് ചിരിപൊട്ടി.

“എന്താ ഒരു കള്ള ലക്ഷണം…”

പെട്ടെന്ന് അവനെ മുന്നിൽ പ്രതീക്ഷിച്ചിരുന്നില്ല അതിന്റെ ഞെട്ടലിൽ ഒന്നുമില്ലെന്ന് ചുമല്കോച്ചി കാട്ടി അവളോടി കളഞ്ഞു. കിച്ചു അർത്ഥഗർഭമായ ചിരിയോടെ അവനും മുറിയിലേക്ക് പോയി.

വൈകിട്ട് സപ്തതിക്ക് വേണ്ട ചർച്ചയായിരുന്നു എല്ലാരും കൂടി. അച്ചുവും അഞ്ജുവും അമ്മമാർക്ക് ഒപ്പം സോപാനത്തിൽ ഇരുന്നു. ഓരോരുത്തരും അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞും വിശേഷങ്ങൾ പങ്കുവെച്ചുമിരുന്നു.

“എല്ലാ മക്കളോടുമായി എനിക്കൊരു കാര്യം കൂടി പറയാനുണ്ട്. എന്റെ ആഗ്രഹം കൂടിയാണ്.”

ഏവരും അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു. അച്ചുവിനെയും അഞ്ജുവിനെയും കയ്യാട്ടി വിളിക്കേണ്ട സമയം അവരോടി അദ്ദേഹത്തിന്റെ ഇരുവശവുമായി നിന്നു. അച്ഛച്ഛന്റെ തോളോട് ചേർന്ന് നിക്കുമ്പോ അച്ചു ഒരു വിജയീ ഭാവത്തിൽ ഇടത് വശത്തായി വിധുവേട്ടനൊപ്പം ഇരിക്കുന്ന കിച്ചനെ നോക്കി ചിരിച്ചു. അവൻ മീശപിരിച്ചതും അവൾ മുഖം താഴ്ത്തിക്കളഞ്ഞു.

“എന്റെ മക്കളുടെ നിശ്ചയം കൂടി പിറന്നാളിന്റെ അന്ന് നടത്തണം…”

കൂടിയിരുന്ന ഓരോരുത്തർക്കും അതൊരു ഞെട്ടലായി. അച്ചു ദയനീയമായി അഞ്ജുവിനെ നോക്കി. അഞ്ജലിയുടെയും നീലൻ അങ്കിളിന്റെ മകൻ ഹരിയുമായി വിവാഹം കാലങ്ങൾ മുന്നേ ഉറപ്പിച്ചതാണ്. ഇനി തന്റെ കാര്യം. അവൾക്ക് ഒന്നും ചിന്തിക്കാൻ പോലുമായില്ല.

കിച്ചന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. അർഹിക്കാത്തതാണെങ്കിലും ആഗ്രഹിച്ചുപോയി ഒരുപാട് മോഹിച്ചു പോയിരുന്നു.

“അതിനച്ഛാ…അച്ചുവിന് നമ്മൾ പ്രൊപ്പോസൽ ഒന്നും നോക്കിയില്ലല്ലോ..” ഇളയ മകനും അച്ചുവിന്റെ അച്ഛനുമായ ദേവന്റെ ചോദ്യത്തിന് എല്ലാരും ഉത്തരം തേടി അച്ഛച്ഛനെ നോക്കുമ്പോ അദ്ദേഹം ചിരിച്ചു കൊണ്ട് ” അതൊക്കെ ഉറപ്പിച്ചു കഴിഞ്ഞു. “

അച്ചുവിന്റെ കയ്യിൽ തലോടി കൊണ്ടയാൾ അതും പറഞ്ഞു എഴുന്നേറ്റു. അച്ഛൻ പറഞ്ഞാൽ പിന്നെ മറുവാക്കില്ലെന്ന് കണ്ട് ഏവരും സഭ പിരിഞ്ഞു.

ആരായിരിക്കും ആ വരൻ എന്ന് ഉദ്വേഗത്തോടെ അറിയാൻ ആ വീട്ടിൽ ഏവരും കാത്തിരിപ്പായി. പക്ഷെ അച്ചുവിന്റെ മനസ്സ് മാത്രം പിടഞ്ഞു പോയി.

“നമുക്ക് അച്ഛച്ഛനോട് സംസരിച്ചാലോ അച്ചു..”  കിടക്കയിൽ അവൾക്ക് സമീപത്തായി ഇരുന്നുകൊണ്ട് അഞ്ചു ചോദിച്ചു.

“വേണ്ട…”

“എന്നാ ഞാൻ വിധുവേട്ടനോട് പറയാം..”

“എന്ത് പറയാൻ എന്ന്. എനിക്ക് കിച്ചനെ ഇഷ്ടമാണെന്നോ നിനക്ക് അറിയില്ലേ പിന്നെ എന്താ നടക്കുകയെന്ന്. വേണ്ട ഒന്നും വേണ്ട. ആ പാവത്തിന് ഈ വീടല്ലാതെ ഈ ലോകത്ത് വേറെ ആരുമില്ല സ്വന്തമായി. ഞാനായി അതില്ലാതെ ആക്കണ്ട. ഇച്ചിരി കാലം ഒന്ന് നോവും…ന്നാലും സാരല്ല. എനിക്ക് ഒന്നും വേണ്ട…”

എങ്ങനെയോ അത്രയും പറഞ്ഞ് എങ്ങിക്കരയുന്ന തന്റെ കൂടപ്പിറപ്പിനെ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു. തറവാട്ടിൽ സപ്തതിയുടെയും നിശ്ചയത്തിന്റെയും ഒരുക്കങ്ങൾ തുടങ്ങി. കുടുംബം മുഴുവൻ അവിടെ ഉള്ളത് കൊണ്ട് സംബന്ധ വീടുകളിൽ നിന്നും മാത്രമാണ് പുറത്ത് നിന്ന് ക്ഷണിച്ചുള്ളൂ. പിന്നെ അച്ഛച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനും. നീലന് ഒരു മകളും മകനുമാണ്. ലക്ഷ്മിയും ഹരിയും… ഹരിയെയാണ് അഞ്ജലിക്ക് വേണ്ടി ആലോചിച്ചു വച്ചിരുന്നത്.

ക്രിസ്റ്റിയെ എപ്പോഴത്തെയും പോലെ ഓരോ ആവശ്യങ്ങൾക്കായി തങ്ങളുടെ മക്കളെ പോലെ ഓരോന്ന് ഏല്പിച്ചു. ഏട്ടന്റെ സ്ഥാനത് നിന്ന് വിധുവിനൊപ്പം അവനും സന്തോഷവാനായി നിന്നു. അത് കാണുമ്പോ മാത്രം അർച്ചനയ്ക്ക് ഒന്നും ഉൾകൊള്ളാൻ ആയില്ല.

വളരെ സന്തോഷപൂർവ്വം സപ്തതിദിനം കടന്ന് വന്നപ്പോൾ ഉത്സവം പോലെ എല്ലാവരും ആഘോഷിച്ചു. നിശ്ചയത്തിന് വേണ്ടി ഇരുവരെയും ഒരുപോലെ സുന്ദരികളാക്കി ഒരുക്കിയിരുന്നു. ഒരേ നിറത്തിൽ സാരി ചുറ്റി ഒരേ രീതിയിലെ പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് നിന്നു. അഞ്ജു ഒത്തിരി സന്തോഷത്തിൽ ആണെന്ന് തോന്നി. ഇടക്കെപ്പോഴോ മുറിക്ക് മുന്നിലൂടെ പോയ ക്രിസ്റ്റി അച്ചുവിനെ ഒരു നിമിഷം നോക്കി നിന്നു.

തമ്മിൽ ഇടഞ്ഞ മിഴികൾ കൊണ്ട് അവർ പറയാതെ പറഞ്ഞു ഉള്ളിലെ നോവ്. ഒന്നുമേ അറിഞ്ഞില്ലെന്ന ഭാവത്തിൽ കിച്ചൻ തിരിഞ്ഞു നടന്നപ്പോൾ അച്ചുവിന് പൊട്ടി കരയാൻ തോന്നി. മുഹൂർത്തം ആയപ്പോൾ അഞ്ജലിയും ഹരിയും  പീഠത്തിൽ ഇരുന്നു. അച്ചുവിനെ അച്ഛച്ഛൻ തന്നെ കൊണ്ടിരുത്തി. അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം അവളെ ഒന്ന് കരയാൻ പോലും സമ്മതിച്ചില്ല.

മൂർധാവിൽ ഒന്ന് മുത്തി അദ്ദേഹം സദസ്സിനെ നോക്കിയപ്പോൾ ആരായിരിക്കും അച്ചുവിന്റെ വരൻ എന്നറിയാൻ ആകാംശരായി

മുന്നിലൂടെ നടന്ന് അകലെയായി ഒതുങ്ങി നിക്കുന്ന കിച്ചന്റെ കൈ പിടിച്ചു മുന്നോട്ട് നടത്തിക്കുമ്പോ ഞെട്ടൽ എല്ലാ മുഖത്തിലും പ്രകടമായിരുന്നു.

കണ്ണുകൾ ഒന്ന് ചിമ്മിയടച്ചു അവനെ സമാധാനിപ്പിക്കും പോലെ കൂടെ നടത്തിച്ചു. വിധുവും അഞ്ജുവും അച്ചുവിനെ തിരിഞ്ഞു നോക്കുമ്പോ എന്താ നടക്കുന്നതെന്ന് മനസ്സിലാകാതെ അമ്പരപ്പോടെ ഇരിക്കുകയാണ് കക്ഷി.

ചുറ്റുമുള്ളവരുടെ കണ്ണിൽ പതിയെ സന്തോഷത്തിന്റെ തിരയിളക്കം കണ്ടു. ആ വീട്ടിലെ ഓരോരുത്തരും ആഗ്രഹിക്കുന്ന കാര്യമാണ് കിച്ചനെ ഒരിക്കലും കൈവിടാതെ കൂടെ നിർത്തണം എന്നത്. അച്ഛന്റെ തീരുമാനം ശരിയാണ് എന്നത് പോലെ അച്ചുവിന്റെ അമ്മയും അച്ഛനും അദ്ദേഹത്തിന്റെ സമീപം കയറി നിന്നു. എല്ലാവരുടെ ചുണ്ടിലെയും ചിരി കിച്ചനെ കരയിക്കുകയാണ് ചെയ്തത്.

അവൻ അദ്ദേഹത്തിന്റെ കൈ പിടിച്ചു അതിൽ മുത്തി അദ്ദേഹം അവന്റെ ചുമലിൽ തട്ടി പുഞ്ചിരി തൂകി.

“ഞാനല്ലാതെ ആരാ നിങ്ങളെ മനസ്സിലാക്കുക…” അച്ഛച്ഛൻ അവനോട് സ്വകാര്യമായി പറഞ്ഞു.

ഹൃദയം നിറഞ്ഞ ആനന്ദത്തോടെ അവൾക്ക് ഒപ്പം പീഠത്തിൽ ഇരിക്കുമ്പോ അവൻ ഈ ഭൂമിയിലെ സ്വർഗത്തിൽ ആയിരുന്നു.

ആദ്യം വിവാഹ മോതിരം കൈമാറിയത് ഹരിയും അഞ്ജുവുമാണ്.

“ശൂ.. ശൂ… ” അച്ചു കുറുമ്പോടെ കിച്ചനെ വിളിച്ചു.

“ഞാനാ നീല താമര വിരിഞ്ഞാൽ തന്നെ കെട്ടുമെന്ന് തുട്ട് വച്ചു പ്രാർഥിച്ചത്…”

“ആര് പറഞ്ഞു ഞാനാ ആദ്യം പ്രാർഥിച്ചത്..”

“രണ്ടും കൂടി അടി കൂടേണ്ട. അച്ഛച്ഛനോട് ഞാനാ ഈ കള്ളതിരുമാലിയെ ഈ കള്ളി പെണ്ണിന് കെട്ടിച്ചു കൊടുക്കാൻ നിവേദനം കൊടുത്തത്…”

ഇരുവർക്കും ഇടയിൽ തലയിട്ട് സ്വകാര്യം പോലെ വിധു അത് പറയുമ്പോ രണ്ടുപേരും കൂടി അവന്റെ താടിയിൽ പിടിച്ചു വലിച്ചു…വിധു വേദനയോടെ നിവർന്ന് നിന്നപ്പോ ലക്ഷ്മി വായപൊത്തി ചിരിച്ചു.

അച്ഛച്ഛൻ കൈമാറി കൊടുത്ത വിവാഹമോതിരം മാറുമ്പോൾ ക്രിസ്റ്റി അവളെ പ്രണയത്തോടെ നോക്കി.

“I love you…”

നിറഞ്ഞ കണ്ണുകളോട് കൂടി അവൾ അവനെ നോക്കി.

(അവസാനിച്ചു)