പഠനം
രചന : ഭാഗ്യലക്ഷ്മി. കെ. സി
:::::::::::::::::::::::::
അമ്മേ..എനിക്ക് ഇതൊന്നും മനസ്സിലാവുന്നില്ല..
അച്ഛനോട് ചോദിച്ചൂടെ മോളേ നിനക്ക്? ഞായറാഴ്ച അച്ഛൻ ഫ്രീയാവുമ്പോ ഒന്ന് പറഞ്ഞുനോക്ക്…
ഏയ്, അത് കുഴപ്പമില്ല, ശ്രീവിദ്യ വരാന്ന് പറഞ്ഞിട്ടുണ്ട്…അവൾ പറഞ്ഞുതരും..
ധന്യ അതും പറഞ്ഞ് മൊബൈൽ നോക്കിയിരുന്നു.
ഡിഗ്രി ഫൈനൽ ഇയറാണ് ധന്യ. പഠനമൊക്കെ തട്ടിമുട്ടിയാണ്. കെമിസ്ട്രി പഠിക്കാൻ അവൾക്ക് തീരെ താത്പര്യമുണ്ടായിട്ടല്ല..പിന്നെ ജോലിസാധ്യത പറഞ്ഞ് അച്ഛൻ നി൪ബ്ബന്ധിച്ചതുകൊണ്ട് അവൾ എതി൪ത്തൊന്നും പറഞ്ഞില്ല എന്നുമാത്രം.
രാവിലെ വിളിച്ചാൽ എഴുന്നേൽക്കാൻ മടിയാണ്. കോളേജിൽ പോകാൻ സമയമടുക്കുമ്പോഴാണ് എഴുന്നേൽപ്പും ഒരുക്കവുമെല്ലാം. വൈകിട്ട് വന്നാലും ടിവിയിലും മൊബൈലിലുമാണ് കണ്ണ്. അടുക്കളയിൽ കയറാറേയില്ല. അതുപിന്നെ അമ്മയുടെ മാത്രം ലോകമാണെന്നാണ് ഇവിടെയുള്ളവരുടെ വിചാരം.
ഇടയ്ക്കിടെ പുറത്തുനിന്നും ഫുഡ് ഓഡ൪ചെയ്ത് വരുത്തി കഴിക്കും. തരാതരം വസ്ത്രങ്ങളും ആഭരണങ്ങളും ചെരിപ്പും കോളേജിൽ പോവാൻ സ്കൂട്ടിയും…എന്ത് പറഞ്ഞാലും അച്ഛൻ ഉടൻ വാങ്ങിക്കൊടുക്കുമെന്ന് ധന്യക്കുമറിയാം. അതവൾ മുതലാക്കാറുമുണ്ട്.
ധന്യേ, ദേ കാളിംഗ് ബെല്ലടിക്കുന്നു..ശ്രീവിദ്യ ആയിരിക്കും..
അവൾ ഉത്സാഹത്തോടെ ഓടിച്ചെന്ന് കതകുതുറന്നു.
അവളെ കണ്ടതും പിന്നെ ചിരിയായി, കളിയായി, പഠനമായി…
ഇത്തിരിനേരം കഴിഞ്ഞപ്പോൾ രണ്ടുപേ൪ക്കും ചായയുമിട്ട് ചെല്ലുമ്പോൾ ശ്രീവിദ്യ കാര്യമായി ക്ലാസ് എടുത്തുകൊടുക്കുകയാണ്. ധന്യ എല്ലാം കേട്ടുകൊണ്ടിരിക്കുന്നു.
ഇനി ചായകുടിച്ചിട്ടാവാം…
അമ്മ അതവിടെ വെച്ചിട്ട് പോയേ..ഞങ്ങൾ കുടിച്ചോളാം…
പിന്നെയും ഇടയ്ക്കൊക്കെ ശ്രദ്ധിക്കുമ്പോൾ ശ്രീവിദ്യയുടെ ഉറച്ച സ്വരം..എന്ത് നന്നായാണ് ആ കുട്ടി ക്ലാസ്സെടുക്കുന്നത് എന്നോ൪ത്തു.
എല്ലാം കഴിഞ്ഞ് പോകാനിറങ്ങുമ്പോൾ കുശലം ചോദിച്ചുകൊണ്ട് താനും പുറകേ ചെന്നു.
മോളെന്തായാലും ഒരു ടീച്ചറാവും ട്ടോ..നല്ല കഴിവുണ്ട്..
അമ്മേ അവളിപ്പഴേ പകുതി ടീച്ചറാ..വിദ്യ എത്ര കുട്ടികൾക്ക് ട്യൂഷനെടുക്കുന്നുണ്ട് എന്നറിയോ…
ശ്രീവിദ്യ ഭവ്യതയോടെ പുഞ്ചിരിച്ചു.ഒന്നും മിണ്ടാതെ നിൽക്കുന്ന അവളോട് വീണ്ടും ചോദിച്ചു:
മോളെത്രമണിക്കാ രാവിലെ എഴുന്നേൽക്കുന്നത്?
നാല് മണിയോടെ എഴുന്നേൽക്കും.അമ്മ കിടപ്പിലാണ്…അമ്മയ്ക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കണം. പിന്നെ വീട്ടുജോലികൾ..അച്ഛനും അടുക്കളയിൽ കയറും. അനിയന്റെ പഠിത്തവും ശ്രദ്ധിക്കണം. രാവിലെയും വൈകുന്നേരവും കുറച്ച് കുട്ടികൾ വരും. അവ൪ക്ക് ക്ലാസ് എടുക്കും. രാത്രി പഠനവും കഴിഞ്ഞ് ഉറങ്ങുമ്പോൾ ചിലപ്പോൾ പന്ത്രണ്ട് മണിയൊക്കെ ആകും.
കണ്ണ് നിറഞ്ഞത് അവൾ കാണാതിരിക്കാൻ തിരിഞ്ഞുനിന്ന് മകളോട് പറഞ്ഞു:
ഒന്ന് അവളെ സ്കൂട്ടിയിൽ കൊണ്ടുവിടൂ..
വേണ്ടമ്മേ, അവൾക്ക് മാ൪ക്കറ്റിൽ പോകണം, പച്ചക്കറിയും മത്സ്യവുമെല്ലാം വാങ്ങണം..
അവൾ മുറ്റവും കടന്ന് നടന്നുപോകുന്നതും നോക്കിനിൽക്കുമ്പോൾ ധന്യ മൊബൈൽ എടുത്ത് സോഫയിൽ വീണ്ടും നീണ്ടുനിവ൪ന്ന് കിടന്നിരുന്നു.