പ്രണയം
രചന: അപ്പു
:::::::::::::::::::::
“ടാ.. സോഡാ കുപ്പീ.. ഇവിടെ നോക്കെടാ…”
അവളുടെ കലപില ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. തന്റെ മുന്നിൽ നിൽക്കുന്ന ആ മെലിഞ്ഞു വെളുത്ത പെണ്ണിനോട് വല്ലാത്ത കൗതുകം തോന്നി.
” നീ ഏതാ ..? “
അവളോട് കൗതുകത്തോടെ ചോദിക്കുമ്പോൾ അവൾ അവനെ നോക്കി കണ്ണുരുട്ടി.
” ഞാൻ ഏതാ എന്നൊക്കെ പിന്നെ പറയാം. ആദ്യം താൻ എന്നോട് സോറി പറയു.. “
അവൾ പറഞ്ഞത് കേട്ട് അവൻ അവളെ നോക്കി കണ്ണുരുട്ടി.
” ഞാനെന്തിനാ തന്നോട് സോറി പറയുന്നത്..? “
അവൻ ദേഷ്യത്തോടെ ചോദിച്ചു.
” സാർ അതിനെക്കുറിച്ച് മറന്നു പോയി കാണും. പക്ഷേ അതിന്റെ പേരിൽ ചീത്ത കേട്ടത് മുഴുവൻ ഞാൻ ആയിരുന്നല്ലോ.. അതുകൊണ്ട് എനിക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല.. “
ഏതോ ഓർമ്മയിൽ നെടുവീർപ്പെട്ടു കൊണ്ട് അവൾ പറഞ്ഞു. അവൻ സംശയത്തോടെ അവളെ നോക്കി നെറ്റിചുളിച്ചു.
” ഇന്ന് രാവിലെ എക്സ്പ്രസ്സ് വിട്ടപോലെ ആ ഗേറ്റ് കഴിഞ്ഞു ഓടി വന്നത് ഓർമ്മയുണ്ടോ..? ആ വന്ന വരവിൽ എന്റെ കയ്യിൽ ഇടുന്ന അസൈമെന്റ് പേപ്പർ ആണ് തട്ടി ചെളി വെള്ളത്തിലേക്ക് ഇട്ടത്. അതാണെങ്കിൽ ഇന്നായിരുന്നു സബ്‌മിറ്റ് ചെയ്യേണ്ട അവസാന ദിവസം.. ആ ചാക്കോ മാഷിന്റെ വായിലിരുന്നത് മുഴുവൻ കേട്ടു. ഹോ.. “
ആ ഓർമയിൽ അവൾ തല കുടഞ്ഞു. അവനു ഒരേ നിമിഷം കുറ്റബോധം തോന്നുകയും ചിരി വരികയും ചെയ്തു.
“സോറി… ആ സമയത്ത് ഞാൻ ക്ലാസ്സിൽ എത്താൻ വൈകും എന്നുള്ള തോന്നലിൽ വേഗം ഓടിയതാണ്. അത് ഇത്രയും വലിയ ദുരന്തം ആകും എന്ന് കരുതിയില്ല.”
അവൻ കുറ്റബോധത്തോടെ ക്ഷമാപണം നടത്തി.
“താൻ ഇനി ക്ഷമ പറഞ്ഞിട്ടെന്താ കാര്യം.. എനിക്ക് കിട്ടാനുള്ളത് ഒക്കെ എന്തായാലും കിട്ടി.. എന്നാലും താൻ ക്ഷമ പറഞ്ഞ സ്ഥിതിക്ക് ഞാൻ അത് സ്വീകരിച്ചിരിക്കുന്നു..ഇനി ഇത് ആവർത്തിക്കരുത്..”
അവൾ ഗർവോടെ പറഞ്ഞു.അവൻ കൗതുകത്തോടെ അവളെ നോക്കി നിന്നു. അവളോട് വല്ലാത്തൊരു ഇഷ്ടം അവന് തോന്നുന്നുണ്ടായിരുന്നു.
അതായിരുന്നു അവർ തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. പിന്നീട് പലയിടത്തും വച്ചു അവർ കണ്ടുമുട്ടി. ആദ്യമൊക്കെ ഒരു പുഞ്ചിരി മാത്രം നൽകിയിരുന്ന അവർ,പിന്നെ പിന്നെ ഒന്നോ രണ്ടോ വാക്കുകളിൽ സംസാരിക്കാൻ തുടങ്ങി. അത് പിന്നീട് ദീർഘമായ സംഭാഷണങ്ങളിലേക്ക് കടന്നു.
പതിയെ പതിയെ അവർ പോലുമറിയാതെ അവർക്ക് ഉള്ളിൽ പരസ്പരം ഒരു ഇഷ്ടം ഉടലെടുക്കുന്നുണ്ടായിരുന്നു.എങ്കിലും ഏതേതോ കാരണങ്ങളാൽ അവർക്ക് തുറന്ന് പറയാനും കഴിയാതെ പോയ ഒരിഷ്ടം.
“ടീ.. നീ എന്തിനാ എന്നോട് ഇവിടെ വരാൻ പറഞ്ഞത്..?”
വാക മരച്ചുവട്ടിൽ ഇരുന്ന അവളുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് അവൻ ചോദിക്കുമ്പോൾ കരഞ്ഞു ചുവന്ന അവളുടെ കണ്ണുകൾ അവനിൽ നിന്ന് ഒളിപ്പിക്കാൻ അവൾ ഒരു പാഴ്ശ്രമം നടത്തി. അവന്റെ കണ്ണുകൾ അതിവിദഗ്ധമായി അത് കണ്ടെത്തുമ്പോഴും,അതിന്റെ കാരണം അവൾ പറഞ്ഞില്ല.
ആകുലതയോടെ ഉള്ള അവന്റെ നോട്ടങ്ങൾക്ക് മറുപടി ആയി ഒരു കല്യാണ കത്ത് മാത്രമാണ് അവൾ അവനു കൊടുത്തത്.
“എന്റെ കല്യാണം ആണ്.. “
ആ വാക്കുകൾ പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു. അതിനേക്കാൾ ഏറെ അവനു അത് വലിയൊരു ആഘാതം ആയിരുന്നു.
“ടീ.. പക്ഷെ.. എനിക്ക്…”
അവൻ എന്തോ പറയാൻ തുടങ്ങുകയാണെന്ന് അവൾ കണ്ടു. പക്ഷെ വേഗത്തിൽ അവൾ അവന്റെ കൈ തടഞ്ഞു.
“വേണ്ടാ.. ഒന്നും പറയണ്ട. നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്ക് അറിയാം.എനിക്ക് അത് കേൾക്കണ്ട. നീ എന്നും എന്റെ നല്ല സുഹൃത്ത് ആയിരിക്കും. അങ്ങനെ.. അങ്ങനെ മതി…”
സ്വരം ഇടറി പറയുന്നവളെ എതിർത്തു പറയാൻ ഉള്ള ശക്തി അവനും ഉണ്ടായിരുന്നില്ല.
“നീ.. എന്റെ കല്യാണത്തിന് വരണ്ട.. എനിക്ക് കാണണ്ട നിന്നെ..”
അത്രയും പറഞ്ഞു ഒരു പൊട്ടിക്കരച്ചിലോടെ തനിക്ക് അടുത്ത് നിന്ന് എഴുന്നേറ്റ് പോയവളെ അവൻ പകപ്പോടെ നോക്കി.
പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും അവൾ ക്ലാസ്സിലേക്ക് വന്നില്ല.അവളെ കാണാൻ അവൻ ഒരുപാട് ആഗ്രഹിച്ചെങ്കിലും അതിനുള്ള അവസരം ദൈവം അവർക്ക് നിഷേധിച്ചത് പോലെ ആയിരുന്നു. അവനും സാഹചര്യത്തോട് പൊരുത്തപ്പെടാൻ ശ്രമിച്ചു.
എന്നിട്ടും തന്റെ ഉള്ളിലെ വേദന അടക്കാൻ കഴിയാതെ ഒരു ദിവസം രാത്രിയിൽ അവൻ അവളെ ഫോണിൽ വിളിച്ചു.
” നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇനി എന്നെ വിളിക്കരുത് എന്ന്..”
വേദനയോടെ അവൾ ചോദിക്കുമ്പോൾ അവനും നിശബ്ദമായിരുന്നു.
” ഇത് ഒരുപക്ഷേ നമ്മുടെ അവസാനത്തെ ഫോൺകോൾ ആണെങ്കിലോ…?”
അവൻ മറു ചോദ്യം ചോദിച്ചു. അതോടെ അവൾ നിശബ്ദമായി.
“നമ്മൾ നല്ല സുഹൃത്തുക്കൾ അല്ലേ.. നിനക്ക് എന്നോട് അങ്ങനെ എങ്കിലും എന്തെങ്കിലും സംസാരിച്ചൂടെ..? “
അവൻ ചോദിക്കുമ്പോൾ, അവൾ ഒന്ന് എങ്ങി പോയി. ഒന്നും പറയാതെ അവൾ കാൾ കട്ട് ആക്കി പോകുമ്പോൾ അവളുടെ മറുപടി ആഗ്രഹിക്കാത്ത പോലെ അവനും ഫോൺ നെഞ്ചോരം ചേർത്ത് വച്ചു.
അവളുടെ കല്യാണ മേളം മുഴങ്ങുമ്പോൾ വേദനയോടെ രണ്ട് ഹൃദയങ്ങൾ ഉണ്ടായിരുന്നു.
അവളുടെ വിവാഹ ശേഷം അവൾ ആകെ മാറി. ആരോടും ഒരു അടുപ്പവും ഇല്ലാത്ത ഒരുവൾ.. അവളുടെ പഠനം പോലും അവസാനിച്ചു. അവനും ആകെ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.
അവൾ എന്നെ ലോകത്തിൽ നിന്ന് പുറത്തുവരാൻ അവനു ഒരുപാട് സമയം എടുത്തു. വർഷങ്ങൾ കടന്നു പോയി. അവന്റെ പഠനം അവസാനിച്ചു. അവൻ നല്ലൊരു കമ്പനിയിൽ ജോലിക്ക് കയറുകയും ചെയ്തു.
ഒന്ന് രണ്ട് വർഷം ജോലി ചെയ്തതോടെ അവനും വിവാഹപ്രായമെത്തി എന്ന് വീട്ടുകാർ പറഞ്ഞു തുടങ്ങി. പതിയെ പതിയെ വിവാഹ ആലോചനകളും ആരംഭിച്ചു. ഒന്നിനോടും പൊരുത്തപ്പെടാൻ കഴിയാത്ത ഒരേ ഒരാൾ അവനായിരുന്നു.
ഒരു ദിവസം രാവിലെ കോളേജ് ഗ്രൂപ്പിൽ വന്ന മെസ്സേജ് ആണ് അവനെ ആകെ തകർത്തു കളഞ്ഞത്. ആദരാഞ്ജലികൾ എന്ന ക്യാപ്ഷനോടെ പുഞ്ചിരിക്കുന്ന അവളുടെ മുഖം..!!
തീരെ പ്രതീക്ഷിക്കാത്ത ഒരു ആഘാതം ആയതുകൊണ്ട് തന്നെ കുറെയേറെ നേരം അവൻ ചലനമറ്റതുപോലെ ഇരുന്നു പോയി. അവർ തമ്മിലുള്ള അടുപ്പം അറിയാമായിരുന്നു സുഹൃത്തുക്കൾ ഒക്കെയും അവന്റെ അവസ്ഥയോർത്ത് പരിതപിച്ചു. ആരുടെയൊക്കെയോ സഹായത്തോടെ അവസാനമായി അവളെ ഒന്ന് കാണാൻ അവൻ എത്തി.
അവളുടെ ശരീരത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ. പിന്നീട് നോക്കാൻ കെൽപ്പില്ലാത്ത വണ്ണം അവൻ തകർന്നു പോയി.
” സ്ത്രീധന പീ ഡ നം ആയിരുന്നത്രെ.. ആ ചെറുക്കന് വേറെ ആരോടൊക്കെയോ അടുപ്പമുണ്ട് എന്ന് പറയുന്നത് കേട്ടു. ഈ കൊച്ചിനെ നിരന്തരം അവനും അവന്റെ വീട്ടുകാരും കൂടി ഉപദ്രവിക്കുമായിരുന്നെന്ന്.. അതിന്റെ സ്വന്തം വീട്ടിലേക്ക് പോലും വരാൻ അതിന് അനുവാദം കൊടുത്തിരുന്നില്ല.. പാവം.. എത്ര നല്ല കൊച്ച് ആയിരുന്നു…”
ആരൊക്കെയോ പിറുപിറുക്കുന്നത് അവൻ കേട്ടു. അവന്റെ ഹൃദയം പല കഷണങ്ങളായി നുറുങ്ങി തെറിച്ചു.
ഇതിനായിരുന്നോ.. ഇതിനു വേണ്ടിയായിരുന്നോ എന്റെ സ്നേഹം കണ്ടില്ല എന്ന് നടിച്ച് വീട്ടുകാർക്ക് വേണ്ടി ഈ ബന്ധത്തിലേക്ക് നീ ഇറങ്ങിപ്പോയത്..? അവർക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും നീ എന്ത് നേടി..? ഇന്ന് ആരും ഇല്ലാതെ ഒന്നുമില്ലാതെ നീ നിന്റെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു.. എന്തിനായിരുന്നു ഇതൊക്കെ ..? അന്ന് എന്റെ ഇഷ്ടം പറയാൻ നീ അനുവദിച്ചിരുന്നെങ്കിൽ… നീ എന്നെ ഇഷ്ടപ്പെട്ടിരുന്നു എങ്കിൽ.. നിന്നെ എനിക്കൊപ്പം കൂട്ടാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ…
ഒരായിരം ആഗ്രഹങ്ങൾ എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്. ഇനി ഒരിക്കലും സാധിക്കില്ല എന്ന് അറിയാമെങ്കിലും, ഉള്ളിലെപ്പോഴും നിന്നോടൊപ്പം ചെയ്തു കൂട്ടാൻ ഞാൻ ആഗ്രഹിച്ച കുറെയേറെ കാര്യങ്ങൾ..! അവയൊക്കെയും നിന്നോടൊപ്പം ഞാൻ ദഹിപ്പിക്കും…!!
കണ്ണീരോടെ അവൻ ചിന്തിക്കുമ്പോൾ അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഒരുവൾ അവനു സമീപം തന്നെ നിൽക്കുന്നുണ്ടായിരുന്നു. മറ്റാർക്കും കാണാനാകാത്ത വിധം.. അവനോട് അത്രമേൽ ചേർന്ന് ഒരുവൾ…!!
അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ തുള്ളികൾ ആകാം, ഒരു പേമാരി പോലെ അവിടെ ആർത്തലച്ചു പെയ്തത്… അവനെ ആശ്വസിപ്പിക്കാൻ വേണ്ടി അവൾ കണ്ടുപിടിച്ച ഒരേയൊരു മാർഗം അതായിരിക്കാം..!
അവളെ ഒരിക്കൽ കൂടി പിന്തിരിഞ്ഞു നോക്കാനാവാതെ അവൻ നടന്നു നീങ്ങുമ്പോൾ, വേദനയോടെ അവളുടെ ആത്മാവ് അവനെ നോക്കുന്നുണ്ടായിരുന്നു…!