അവൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ പ്രജ്ഞ അറ്റതു പോലെ നിന്നുപോയി മറ്റുള്ളവരൊക്കെ…

എന്തിന് വേണ്ടി..?

രചന : അപ്പു

:::::::::::::::::::::::

“തൊട്ട് പോകരുത് അവനെ.. നിങ്ങളോട് അവൻ എന്ത് ദ്രോഹം ചെയ്തു ഇങ്ങനെ അവനെ ഉപദ്രവിക്കാൻ..?”

അലറിക്കൊണ്ട് ചോദിക്കുന്ന മകൾ നിമയെ കാണുമ്പോൾ അയാളുടെയും കൂട്ടാളികളുടെയും കണ്ണിൽ പുച്ഛം നിറഞ്ഞു.പക്ഷെ അവളുടെ സ്വരം കേട്ട നിമിഷം അടി കൊണ്ട് അവശനായി കിടന്നിരുന്നവന്റെ കണ്ണിൽ നക്ഷത്രം ഉദിച്ചു.

” എന്തിന്റെ പേരിലാണ് ഞാൻ ഇനിയും അവനെ ഇങ്ങനെ ദ്രോഹിക്കുന്നത്..? എന്നെ സ്നേഹിച്ചു എന്ന ഒരു തെറ്റ് മാത്രമാണ് അവൻ ചെയ്തത്.. അതിന്റെ പേരിൽ അവനെ ദ്രോഹിക്കുന്നതിന്റെ മാക്സിമം നിങ്ങളെല്ലാവരും കൂടി ചെയ്തു കഴിഞ്ഞില്ലേ..? അവന്റെ വീട്ടുകാരെ മുഴുവൻ.. നിങ്ങളെല്ലാവരും കൂടി ഇല്ലാതാക്കി. അവനെ തീർത്തും ഒരു അനാഥൻ ആക്കി മാറ്റി. എന്നിട്ടും തീരാത്ത എന്ത് പകയാണ് നിങ്ങൾക്ക് അവനോട് ഉള്ളത്..? “

ദേഷ്യത്തോടെയും സങ്കടത്തോടെയും അവൾ ചോദിക്കുമ്പോൾ അവരൊക്കെ അവളെ പരിഹസിച്ചു ചിരിക്കുകയായിരുന്നു.

” അവൻ തെറ്റൊന്നും ചെയ്തില്ല എന്നാണോ നീ പറഞ്ഞു വരുന്നത്..? അഷ്ടിക്കു വകയില്ലാത്ത കുടുംബത്തിലെ അവൻ, നിന്നെപ്പോലെ ഒരു പെൺകുട്ടിയെ ആഗ്രഹിച്ചത് തന്നെ തെറ്റാണ്.. “

അവളുടെ അച്ഛൻ ഗർവ്വോടെ പറഞ്ഞു.

“എന്നാൽ അച്ഛൻ മനസ്സിലാക്കാൻ വേണ്ടി ഒരു കാര്യം ഞാൻ പറയാം.. അവൻ അല്ല ഞാൻ ആണ് അവന്റെ പിന്നാലെ നടന്ന് അവന്റെ ഇഷ്ടം പിടിച്ചുവാങ്ങിയത്.. നിങ്ങൾ ഉപദ്രവിക്കുന്നുണ്ടെങ്കിൽ അത് എന്നോട് വേണം.. അവനെ പോലെ തന്നെ ഞാനും തെറ്റുകാരി ആണ്..”

അവൾ അവരുടെ കണ്ണിൽ നോക്കി പറഞ്ഞു.

” നീ കൂടുതൽ പ്രസംഗിക്കാതെ മാറി പോകാൻ നോക്ക്.. അല്ലെങ്കിൽ അവന് കൊടുത്തിട്ട് ബാക്കി നിനക്ക് തരും.. “

ഭീഷണിയുടെ സ്വരത്തിൽ ചേട്ടൻ പറയുമ്പോൾ അവൾ തളർന്നില്ല.

” എന്നും എല്ലാവരെയും ഇങ്ങനെ ഭീഷണിപ്പെടുത്തിയും അടിച്ചമർത്തിയും പേടിപ്പിക്കാം എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് വളരെ വലിയ തെറ്റാണ്. ഇവനെ ഇനിയും കൈവയ്ക്കാൻ ആണ് നിങ്ങളുടെ ഭാവമെങ്കിൽ സ്വന്തവും ബന്ധവും ഒക്കെ മറന്ന് നിങ്ങളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കും ഞാൻ..”

അവൾ അവർക്ക് നേരെ വിരൽ ചൂണ്ടി.

“നിനക്ക് ഇത്രയ്ക്കും അഹങ്കാരമോ..? അവളെ പിടിച്ച് ഏതെങ്കിലും മുറിയിൽ പൂട്ടിയിടണം.. ഇനി ഇവളുടെ കല്യാണത്തിന് ഇവൾ പുറംലോകം കണ്ടാൽ മതി..”

അച്ഛൻ കൽപിച്ചു. അവൾ പുച്ഛത്തോടെ ചിരിച്ചു.

” എന്നെ കെട്ടാൻ തയ്യാറായി വരുന്നവരോട് എന്റെ വയറ്റിലുള്ള കൊച്ചിനെ കൂടി ഏറ്റെടുക്കാൻ പറഞ്ഞേക്കണം.. “

മാറിൽ കൈപിണച്ച് കെട്ടി കൊണ്ട് അവൾ പറയുന്നത് കേട്ട് പകപ്പോടെ അവർ അവളെ നോക്കി.

“ഞാൻ സത്യമാണ് പറഞ്ഞത്.. എന്റെ വയറ്റിൽ ഞങ്ങളുടെ പ്രണയത്തിന്റെ അടയാളം വളർന്നു വരുന്നുണ്ട്..”

അവൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ പ്രജ്ഞ അറ്റതു പോലെ നിന്നുപോയി മറ്റുള്ളവരൊക്കെ..!

” ഇനിയെങ്കിലും ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ അച്ഛാ.. എന്റെ കുട്ടിക്ക് അച്ഛൻ ഇല്ലാതാക്കരുത്.. “

അവളുടെ സ്വരത്തിൽ ഇത്തവണ അപേക്ഷ കലർന്നിരുന്നു.

” നിന്നെ ഇന്ന് ഞാൻ.. “

അവൾക്ക് അടുത്തേക്ക് പാഞ്ഞടുക്കാൻ തുടങ്ങിയ ഏട്ടനെ അച്ഛൻ തടഞ്ഞു നിർത്തുന്നത് അവൾ കണ്ടു.

” ഈ നിമിഷം നീ ഈ വീട്ടിൽ നിന്ന് ഇറങ്ങണം. ഇനി ഒരു സ്വന്തവും ബന്ധവും പറഞ്ഞ് ഈ പടി ചവിട്ടരുത്.. “

അവളോടായി അത്രയും പറഞ്ഞു കൊണ്ട് അച്ഛൻ അകത്തേക്ക് നടന്നു. അവൾക്ക് ചെറിയൊരു ആശ്വാസം തോന്നാതിരുന്നില്ല.അവൾ പതിയെ നിലത്തു കിടന്നവനെ താങ്ങി എഴുന്നേൽപ്പിച്ചു. അവനെ യും ചേർത്തു പിടിച്ച് ആ വീട്ടുമുറ്റത്ത് നിന്ന് നടക്കുമ്പോൾ, മുൻപൊരിക്കൽ ഇതുപോലെ ഒരു സംഭവം അവിടെ ആവർത്തിച്ചിട്ടുണ്ട് എന്ന് അവൾ ഓർത്തു.

തന്നോട് ചേർന്ന് നടക്കുന്ന അവനെ ഓർക്കുമ്പോൾ അവൾക്ക് വിഷമം തോന്നി. ഓരോ അടി വയ്ക്കാനും അവൻ അത്രയും പ്രയാസപ്പെടുന്നുണ്ട്. ഊർജ്ജസ്വലനായി കോളേജിൽ ഓടി നടക്കുന്ന സഖാവിനെ അവൾ ഓർത്തു. അവനാണ് ഇന്ന് തനിക്ക് വേണ്ടി ഇത്രയും അനുഭവിച്ചത്. അതോർക്കവേ അവളുടെ അനുവാദം ചോദിക്കാതെ നീർത്തുള്ളികൾ ഒഴുകി ഇറങ്ങാൻ തുടങ്ങി.

അവനെയും കൊണ്ട് തങ്ങളുടെ വാടക വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ, മുന്നോട്ട് എന്ത് എന്നൊരു ചിന്ത മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ. എങ്ങനെയും മുന്നോട്ടു ജീവിക്കാൻ കൊതിയാവുന്നു. സ്നേഹിച്ചത് വഴിയിൽ വിട്ടുപിരിയാൻ അല്ലല്ലോ..!

” എന്തുപറ്റി…? എന്റെ ശ്രീമതിക്ക് വല്ലാത്ത ആലോചന ആണല്ലോ.. “

കുസൃതിയോടെ അവൻ ചോദിക്കുന്നത് കേട്ട് അവൾക്ക് വിഷമം തോന്നി.

“എന്നെ സ്നേഹിച്ചത് കൊണ്ടാണ് നീ ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് എന്ന് ആലോചിക്കുമ്പോൾ…”

അവൾ കുറ്റബോധത്തോടെ തലകുനിച്ചു.

“അങ്ങനെയൊന്നും ചിന്തിക്കേണ്ട. ഞാൻ ഇത്രയും തല്ലു വാങ്ങി കൂട്ടിയിട്ടും നീ എന്നോടൊപ്പം വന്നില്ലായിരുന്നെങ്കിൽ അത് ഒരുപക്ഷേ നീതികേട് ആയേനെ.. പക്ഷേ നീ ഇപ്പോൾ എന്നോടൊപ്പം ഉണ്ടല്ലോ. ഇനി ഉള്ള ജീവിതം നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാം. എന്നും എനിക്ക് താങ്ങും തണലുമായി നീ ഒപ്പം ഉണ്ടായാൽ മതി..”

അവളുടെ കൈപിടിച്ച് അവൻ ആർദ്രമായി പറഞ്ഞു. അത് കേൾക്കവേ അവൾക്ക് അത്ഭുതമാണ് തോന്നിയത്. അവന്റെ കുടുംബമൊന്നാകെ നശിപ്പിച്ചത് തന്റെ അച്ഛനാണ്. എന്നിട്ടും അതിനെ കുറിച്ച് ഒരു പരാതിയും പരിഭവവും അവൻ ഈ നിമിഷം വരെയും തന്നോട് പറഞ്ഞിട്ടില്ല. അവന്റെ ഏറ്റവും വലിയ നന്മ..

അവൾ ഓർത്തു.

അവളുടെ വീട്ടുകാർ അവരെ പലതരത്തിലും ശല്യം ചെയ്യുന്നുണ്ടെങ്കിലും, അതൊക്കെ അതിജീവിച്ച് അവർ മുന്നോട്ടു ജീവിക്കാൻ തുടങ്ങി. അവന്റെ ശരീരത്തിലെ ഓരോ ഭാഗവും അവളുടെ വീട്ടുകാർ ഇടിച്ചു നുറുക്കുമ്പോൾ പലപ്പോഴും പ്രതികരിക്കാൻ കഴിയാതെ നിന്നു പോകാറുണ്ട് അവൻ..!

എത്രയൊക്കെ ബുദ്ധിമുട്ട് അനുഭവിച്ചാലും അവർ പരസ്പരം താങ്ങും തണലും ആയിരുന്നു. നാളുകൾക്ക് അപ്പുറം അവരെ തേടി ഒരു സന്തോഷവാർത്ത എത്തി. അവർ അച്ഛൻ അമ്മ എന്നീ സ്ഥാനങ്ങളിലേക്ക് ചുവടു വെക്കാൻ തുടങ്ങുന്നു.

ഇരുവരും ആനന്ദത്തിന്റെ കൊടുമുടിയിൽ ആയിരുന്നു. അവൾക്ക് ആവശ്യമുള്ളതൊക്കെ എത്തിച്ചു കൊടുക്കാൻ അവന് വല്ലാത്ത ആഗ്രഹം ആയിരുന്നു. പലപ്പോഴും സാമ്പത്തികസ്ഥിതി അതിന് അനുവദിക്കാറില്ല എങ്കിലും, തങ്ങളുടെ കഴിവിനനുസരിച്ച് അവർ ജീവിച്ചു പോന്നു.

അവന്റെ സാഹചര്യങ്ങളെല്ലാം അറിയുന്നതു കൊണ്ട് തന്നെ അവൾ യാതൊരു തരത്തിലുള്ള അധിക ചെലവുകൾക്കും അവനെ പ്രേരിപ്പിച്ചില്ല. അത് അവനും ഒരു ആശ്വാസമായിരുന്നു.

പരസ്പരം ഒരുപാട് മനസ്സിലാക്കി അവർ മുന്നോട്ടു ജീവിക്കുന്നതിനു ഇടയിൽ, ഒരിക്കൽ ജോലി കഴിഞ്ഞ് പതിവ് സമയം കഴിഞ്ഞിട്ടും അവൻ മടങ്ങി വന്നില്ല. അവൾക്ക് വല്ലാത്ത ഭയം തോന്നുന്നുണ്ടായിരുന്നു.

നേരമേറെ കഴിഞ്ഞിട്ടും അവനെ കാണാതെ അവരുടെ സുഹൃത്തുക്കൾ വഴി അവൾ അന്വേഷണം ആരംഭിച്ചു. അന്ന് രാവേറെ മയങ്ങിയപ്പോൾ അവളെ തേടി ഒരു വാർത്തയെത്തി.

അവളുടെ പ്രാണൻ ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ല..!!

പിറ്റേന്ന് അവനെ ആ വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ, അവൾ പൂർണമായും നിർവികാരതയിൽ ആയിരുന്നു. ആരൊക്കെയോ പറയുന്നത് അനുസരിച്ച് ചലിക്കുന്ന വെറുമൊരു പാവം മാത്രം. അതിനിടെ ആരൊക്കെയോ പറഞ്ഞു കേൾക്കുന്നുണ്ടായിരുന്നു ദുരഭിമാനക്കൊല എന്ന്..!

ചിലപ്പോൾ ശരിയായിരിക്കാം.. ജാതിയിൽ തങ്ങളേക്കാൾ ഒരുപാട് താഴെയുള്ള ഒരുവൻ തങ്ങളുടെ കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പക..!പലപ്പോഴും അവസരം കിട്ടുമ്പോൾ അവർ അത്‌ പ്രകടിപ്പിച്ചിട്ടുണ്ട്.

അപ്പോഴും മകളുടെ ദുരവസ്ഥയിൽ ഖേദിക്കുന്നു എന്ന ഭാവേന അവളുടെ വീട്ടുകാർ അവിടെ ഉണ്ടായിരുന്നു. അവളെ ആശ്വസിപ്പിക്കാൻ അവളുടെ അച്ഛനും ഏട്ടന്മാരും മത്സരിക്കുമ്പോൾ, എല്ലാം ഒരു പുച്ഛത്തോടെ നോക്കി കാണുകയായിരുന്നു അവൾ.

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതു പോലെ അവൾ അവിടെ ഇരിക്കുമ്പോൾ അവളെ ഇനിയെങ്കിലും തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാം എന്ന ചിന്തയിലായിരുന്നു അവളുടെ അച്ഛനും ആങ്ങളമാരും..!

പക്ഷേ അവരെ ഒക്കെയും വിഡ്ഢികളാക്കി കൊണ്ട്, അവന്റെ ചിതയിലേക്ക് അവളും തന്റെ ജീവൻ ബലി കഴിക്കുമ്പോൾ, ഒന്നുമറിയാത്ത ഒരു പിഞ്ചു പൈതൽ കൂടി മരണത്തിലേക്ക് നടന്നു.

തങ്ങളുടെ മുന്നിൽ അരങ്ങേറിയ ദുരന്തത്തിൽ നിന്ന് പോലും അവർക്ക് കുറ്റബോധത്തിന്റെ ഒരു കണിക പോലും ഉടലെടുത്തില്ല..!!!