അതിനേക്കാളേറെ അവനെ വേദനിപ്പിച്ചത് എല്ലാവരുടെയും വാക്കു തർക്കത്തിനു മുന്നിൽ അമ്പരപ്പോടെ വിഷാദത്തോടെ നിൽക്കുന്ന അവന്റെ പാതിയെ കണ്ടായിരുന്നു…

ചെലവുകൾ

രചന : അപ്പു

:::::::::::::::::::::::::::

അമ്മയ്ക്കും അച്ഛനും പെങ്ങൾക്കും മുന്നിൽ കണ്ണീർ വാർത്തു നിൽക്കുന്ന പെണ്ണിനെ കണ്ടതോടെ അവനു വല്ലാത്ത വേദന തോന്നി.

” നീ ഒരാൾ കാരണം എന്റെ ജീവിതം കൂടിയാണ് നശിക്കുന്നത്.. “

പെങ്ങൾ അലറി പറഞ്ഞപ്പോൾ നിസ്സഹായതയോടെ അവൾ അവരെ നോക്കി.

” അങ്ങോട്ട് നോക്കണ്ട.. ഞാൻ പറഞ്ഞ അഭിപ്രായം തന്നെയാണ് എന്റെ അച്ഛനും അമ്മയ്ക്കും..നിന്നെ എന്ന് ഇങ്ങോട്ട് കെട്ടിയെടുത്തോ, അന്ന് തുടങ്ങിയതാണ് ഞങ്ങളുടെ ഒക്കെ കഷ്ടകാലം.. “

തലയിൽ കൈ വച്ചു കൊണ്ട് പെങ്ങൾ പറഞ്ഞത് കേട്ട് അവൻ ആകെ വല്ലാതായി.. അവൻ അവളെ ശ്രദ്ധിച്ചു.. ആരും പറയുന്നതിന് മറുപടി ഒന്നും ഇല്ല.. അല്ലെങ്കിലും പ്രതികരിക്കേണ്ടത് അവൾ അല്ലല്ലോ.. ഞാൻ അല്ലേ..? ഇങ്ങനെ ഒരു പ്രതിസന്ധിയിലേക്ക് അവളെ എത്തിച്ചത് ഞാൻ അല്ലേ..?

അവന്റെ ഉള്ളം ആർത്തു കരഞ്ഞു.

” മതി… കുറെ നേരമായല്ലോ എല്ലാം കൂടി അവളുടെ മെക്കിട്ട് കയറാൻ തുടങ്ങിയിട്ട്..അവൾ എന്ത് തെറ്റാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. നിങ്ങളെ സംബന്ധിച്ച് തെറ്റ് ചെയ്തത് ഞാനാണ്.. ഉത്തരവാദിത്വബോധം ഇല്ലാത്തതും എനിക്കാണ്… അതിന് എല്ലാവരും കൂടി അവളെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്..? “

ദേഷ്യത്തോടെ അവൻ അലറിയപ്പോൾ, എല്ലാവരുടെയും നോട്ടം അവനിലേക്ക് ആയി.. അമ്മയുടെയും അച്ഛന്റെയും ഒക്കെ മുഖത്ത് ഒരു പതർച്ച കാണാനായി.. പെങ്ങൾക്ക് പക്ഷേ ഭാവമാറ്റം ഒന്നുമില്ല.. താൻ പറഞ്ഞതിൽ കൂടുതൽ ഒന്നും തന്നെ പറയാനില്ല എന്നുള്ള ഭാവമായിരുന്നു അവൾക്ക്..

പുറത്തു പോയിരുന്ന അവൻ തിരികെ വന്നത് അവർ ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ടായിരുന്നു ആ പ്രകടനം ഒക്കെ..!

” നീ… നീ എപ്പോ വന്നു…? “

പതർച്ച മറച്ചു കൊണ്ട് അമ്മ ചോദിച്ചു.

“വന്നു.. അതുകൊണ്ട് ആണല്ലോ ഇവിടെ നടന്ന പ്രകടനങ്ങൾ ഒക്കെ കണ്ടത്..? അപ്പോൾ എല്ലാ ദിവസവും ഇവിടെ ഇതൊക്കെയാണ് നടക്കുന്നത്.. എന്നിട്ട് എല്ലാവരും കൂടി എന്റെ മുന്നിൽ എന്തൊരു അഭിനയം ആണ്.?”

അവൻ സ്വരം ഇടറിക്കൊണ്ട് ചോദിച്ചു.

“എല്ലാ ദിവസവും ഇങ്ങനെ ആണെന്ന് നിന്നോട് ആര് പറഞ്ഞു..? “

അച്ഛൻ അവനു നേരെ ചീറി..

” നിങ്ങൾ തന്നെ അല്ലേ നേരത്തെ അവളോട് പറഞ്ഞത് എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്ന്.. “

അവൻ ദേഷ്യത്തോടെ ചോദിക്കുമ്പോൾ അച്ഛൻ ഒന്നു പതറി.

“അത് എന്തെങ്കിലുമാകട്ടെ.. നിന്റെ ഭാര്യയെ ഞങ്ങൾ ആരെങ്കിലും കുറ്റം പറയുന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ഞങ്ങൾക്കറിയാം. എന്ന് കരുതി അവൾ തെറ്റ് ചെയ്താൽ അവളെ ഒന്നും പറയണ്ട എന്നാണോ..? “

അച്ഛൻ വീണ്ടും ചോദിക്കുമ്പോൾ അവളുടെ ഭാഗത്തെ തെറ്റ് എന്താണ് അവൻ ഒരു നിമിഷം ആലോചിച്ചു.

” അവൾ എന്ത് തെറ്റ് ചെയ്തു എന്നാണ് അച്ഛൻ പറയുന്നത്..? “

“ഈ കുടുംബത്തിൽ സാധാരണ നീ തന്നെയാണ് ചെലവ് നോക്കുന്നത്. നീ ജോലിക്ക് പോയി തുടങ്ങിയത് മുതൽ അങ്ങനെ ആണല്ലോ..”

അച്ഛൻ ഒരു ആമുഖം പോലെ പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു അവൻ.

” ഇപ്പോഴും ഞാൻ തന്നെയാണ് ഇവിടുത്തെ ചിലവുകളൊക്കെ നോക്കുന്നത്. അച്ഛൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. “

അവൻ വ്യക്തമായി പറഞ്ഞു.

” നീ ചിലവ് നോക്കുന്ന കാര്യമൊന്നും ഇവിടെ പറയേണ്ട. പണ്ടത്തെപ്പോലെ നീ ഇവിടെ എന്തെങ്കിലും കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടോ..? പണ്ടൊക്കെ നീ ജോലി കഴിഞ്ഞു വന്നാൽ കിട്ടുന്ന പണം എന്റെ കയ്യിൽ ഏല്പിക്കുമായിരുന്നു. പക്ഷേ നീ ഇവിടെയും കൊണ്ട് ഈ വീട്ടിലേക്ക് കയറി വന്നതിനുശേഷം ഒരു രൂപ പോലും എന്റെ കൈയിലേക്ക് തന്നിട്ടില്ല.”

അമ്മ കണ്ണീരിനെ അകമ്പടിയോടെ പറയുമ്പോൾ അവൻ പകപ്പോടെ അവരെ നോക്കി.

” ഞാൻ അമ്മയുടെ കയ്യിൽ തന്നില്ലെങ്കിലും ഈ വീട്ടിൽ എന്തെങ്കിലും കാര്യത്തിന് ഒരു കുറവ് വന്നിട്ടുണ്ടോ.? “

അവൻ അമ്പരപ്പോടെ ചോദിച്ചു.

” അവളുടെ കയ്യിൽ പണം കൊടുക്കാത്തത് ഒരു കുറവല്ലേ..?”

അച്ഛൻ അമ്മയ്ക്ക് സപ്പോർട്ട് വന്നു. അവരുടെയൊക്കെ ഭാവം എന്നാണെന്ന് മനസ്സിലാകാതെ ആകെ പകച്ചു നിൽക്കുകയായിരുന്നു അവൻ. അതിനേക്കാളേറെ അവനെ വേദനിപ്പിച്ചത് എല്ലാവരുടെയും വാക്കു തർക്കത്തിനു മുന്നിൽ അമ്പരപ്പോടെ വിഷാദത്തോടെ നിൽക്കുന്ന അവന്റെ പാതിയെ കണ്ടായിരുന്നു.

” ഇപ്പോൾ എനിക്ക് പോലും ഏട്ടൻ പോക്കറ്റ് മണിയായി ഒന്നും തരാറില്ലല്ലോ..? അത് മാത്രമല്ല എനിക്ക് നല്ലൊരു വിവാഹാലോചന വന്നിട്ട് അതു നടത്തുന്നതിനെക്കുറിച്ച് പോലും യാതൊരു ചിന്തയുമില്ല.. “

അനിയത്തിയും കിട്ടിയ അവസരത്തിൽ ഏട്ടനെ കുറ്റപ്പെടുത്തി.

” നിങ്ങളുടെ ഒക്കെ മനസ്സിലിരിപ്പ് ഇതാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു.. ആദ്യത്തെ കാര്യം അമ്മയുടെ കയ്യിൽ പണം തരുന്നില്ല എന്ന്. അന്ന് എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ എനിക്ക് ഒരു ഭാര്യയും ഉണ്ട്. വിവാഹം കഴിഞ്ഞ ശേഷം ചില കാര്യങ്ങളിലൊക്കെ ഭാര്യയെയും പരിഗണിക്കണം. എന്നു കരുതി എല്ലാ കാര്യങ്ങളിലും അമ്മയെ ഒഴിവാക്കി ഭാര്യയെ മാത്രം പരിഗണിക്കണം എന്നുള്ള ചിന്താഗതി ഒന്നുമല്ല. അമ്മയുടെ കയ്യിൽ പണം ഏൽപ്പിക്കാത്തതിന് കൃത്യമായ കാരണമുണ്ട്. “

അവൻ പറഞ്ഞതും അമ്മ പോര് കോഴിയെപ്പോലെ അവനെ നോക്കി.

“അമ്മ എന്നെ ഇങ്ങനെ നോക്കണ്ട. അമ്മയ്ക്ക് അനാവശ്യച്ചെലവുകൾ ഇത്തിരി കൂടുതലാണ്. അത് ഒന്ന് കൺട്രോൾ ചെയ്യുക എന്നു മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. വീട്ടിലേക്കുള്ള സാധനങ്ങൾ മാസാമാസം ഞങ്ങൾ പോയി വാങ്ങി വരുന്നുണ്ടല്ലോ. പിന്നെ മീൻ ആയാലും പച്ചക്കറി ആയാലും അത് കൃത്യമായി വാങ്ങുകയും ചെയ്യുന്നുണ്ട്. മുൻപത്തെ പോലെ തന്നെ മാസത്തിൽ രണ്ട് തവണ ചിക്കൻ വാങ്ങുന്നുണ്ട്. ഇവിടുത്തെ ഓരോ കാര്യങ്ങളിലും ഒരു കുറവും ഇന്നുവരെ വന്നിട്ടില്ല. പക്ഷേ ഇവിടുത്തെ മാസ ചെലവിൽ വളരെ വലിയൊരു കുറവ് സംഭവിച്ചിട്ടുണ്ട്. മാസത്തിലേക്ക് ഉള്ള സാധനങ്ങൾ സൂപ്പർ മാർക്കറ്റിൽ നിന്ന് ഒന്നിച്ച് വാങ്ങുന്നത് കൊണ്ട് അതിന്റെ പേരിൽ വലിയൊരു ലാഭം കിട്ടുന്നുണ്ട്. അത് എന്നെ പോലെ ഒരു കൂലിപണിക്കാരനെ സംബന്ധിച്ച് വളരെ വലുതാണ്.. “

അവൻ പറഞ്ഞു നിർത്തിയപ്പോൾ അമ്മ ദേഷ്യത്തോടെ അവനെ നോക്കി.

” അപ്പോൾ നീ എന്താ പറഞ്ഞു വരുന്നത്… എനിക്ക് വീട്ടുകാര്യം നോക്കാൻ അറിയില്ലെന്നോ…? ഇത്രയും കാലം ഞാൻ നോക്കിയിട്ടും വച്ചുണ്ടാക്കി തന്നിട്ടും ആണ് നീയൊക്കെ ഈ നിലയിൽ എത്തിയത്. എന്നിട്ട് ഇപ്പോൾ പുതിയൊരു ബന്ധം കിട്ടിയപ്പോൾ അമ്മയെ തള്ളിക്കളയുന്നു.”

അവളെയും അവനെയും ഒരുപോലെ തറപ്പിച്ചു നോക്കിക്കൊണ്ട് അമ്മ പറയുമ്പോൾ അമ്മയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അവർ.

” നേരത്തെ ഇവൾ പറഞ്ഞില്ലേ ഇവളുടെ വിവാഹാലോചനയുടെ കാര്യം..? ഇവളെ വെറുതെ വിവാഹം കഴിപ്പിച്ച് അയക്കാൻ ഒന്നും പറ്റില്ലല്ലോ.. അവർ ചോദിക്കുന്ന സ്ത്രീധനം കൊടുക്കാൻ കൂടി നമ്മുടെ കയ്യിൽ ഉണ്ടായിരിക്കണം. അതിന് ഇവിടെ എന്തെങ്കിലും കരുതി വച്ചിട്ടുണ്ടോ..?”

അച്ഛനെയും അമ്മയെയും മാറിമാറി നോക്കിക്കൊണ്ട് അവൻ ചോദിക്കുമ്പോൾ അവരുടെ മുഖത്ത് പുച്ഛഭാവം ആയിരുന്നു.

” നീയാണ് അവളുടെ ആങ്ങള. അവളുടെ വിവാഹം നടത്തേണ്ടത് നിന്റെ ചുമതലയാണ്. അവൾക്ക് എന്തെങ്കിലും കൊടുക്കണമെങ്കിൽ അത് നീ ഉണ്ടാക്കി വെക്കണം. അല്ലാതെ ഈ വയസ്സുകാലത്ത് അതിനു വേണ്ടി കഷ്ടപ്പെടാൻ ഒന്നും ഞങ്ങൾക്ക് പറ്റില്ല.”

അച്ഛൻ പറഞ്ഞത് കേട്ട് അവനു പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായില്ല.

അല്ലെങ്കിലും നിങ്ങളുടെയൊക്കെ രീതി ഇതായിരിക്കും എന്ന് നേരത്തെ തന്നെ എനിക്ക് മനസ്സിലായത്. ഇവളെ കെട്ടിച്ചയക്കാൻ വല്ലതും വേണമെങ്കിൽ ഞാൻ തന്നെ സംഭരിച്ചു വയ്ക്കണം എന്ന് എനിക്കറിയാം. അതിന്റെ പേരിൽ കൂടിയാണ് വീട്ടു ചെലവുകൾ വെട്ടിക്കുറച്ച് ഞാൻ പണം സ്വരൂപിക്കാൻ തുടങ്ങിയത്. അമ്മ പറഞ്ഞ ഒരു കാര്യം സത്യമാണ്. ഈ കാര്യങ്ങൾ ഒന്നും എനിക്ക് പറഞ്ഞു തരാൻ അമ്മയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതൊക്കെ പറഞ്ഞു തരാൻ എന്റെ ജീവിതത്തിലേക്ക് ഇവൾ കടന്നു വരേണ്ടി വന്നു. ഇത്രയും ദിവസം അവൾ വീട്ടു ചിലവുകൾ നോക്കിയത് കൊണ്ട് ഇവിടെ ആർക്കും ഒരു നഷ്ടവും വന്നിട്ടില്ല. മറിച്ച് ലാഭം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇത് ഇങ്ങനെ തന്നെ തുടർന്നു പോകാനാണ് എന്റെ തീരുമാനം.. ഞങ്ങൾക്കും ജീവിക്കണം.. ഇവരുടെ വിവാഹം കഴിച്ച് അയക്കുമ്പോഴേക്കും ഞാൻ വലിയ ഒരു ബാധ്യതയിൽ ആയിട്ടുണ്ടാകും എന്ന് എനിക്കറിയാം. അത് കഴിഞ്ഞ ശേഷവും ഞങ്ങൾക്ക് ജീവിക്കണമല്ലോ.. സ്വന്തമായി ഒരു വീടും കുടുംബവും ഒക്കെ എന്റെയും ആഗ്രഹം ആണ്.. അതൊക്കെ നടത്തി എടുക്കണമെങ്കിൽ ഇതുപോലെ സാമ്പത്തികകാര്യങ്ങളിൽ എന്തെങ്കിലുമൊക്കെ കുറവുകൾ വരുത്തിയാലെ പറ്റൂ.. അതിന്റെ പേരിൽ ആരൊക്കെ മുഖം കറുപ്പിച്ചാലും ഇത് ഇങ്ങനെ തന്നെ മുന്നോട്ടു പോകും..”

അവളെയും ചേർത്തുപിടിച്ചുകൊണ്ട് അവൻ തന്റെ മുറിയിലേക്ക് നടന്നു. അപ്പോഴും അവൻ പറഞ്ഞതൊന്നും അംഗീകരിക്കാൻ കഴിയാത്ത ഭാഗമായിരുന്നു അച്ഛനും അമ്മയ്ക്കും…!