എന്നും ഇതു തന്നെ ആവർത്തിക്കും. ഒരു നാൾ കാര്യം തിരക്കിയപ്പോൾ അവൻ ഒന്നും പറഞ്ഞില്ല. ചെറിയ ചിരി ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു അവൻ ക്ലാസിലേക്ക് കയറി….

_upscale

ചോറ്റു പാത്രം

രചന: അബ്ദുൾ റഹീം

:::::::::::::::::::::::::

ആ കാട്ടുമുക്കിൽ അദ്ധ്യാപകനായി എത്തുമ്പോൾ ഒരുപാട് നീരസം തോന്നി.. ചെറിയ ഗ്രാമം.. വളരെ പാവപ്പെട്ട കുട്ടികളാണ് അവിടെ പഠിക്കുന്നത്… അതിൽ ഒരാളാണ് അരുൺ…ചിരിച്ചുകൊണ്ടല്ലാതെ അവനെ കാണാൻ കഴിയില്ല….എന്നും വൈകിയെത്തുന്ന അരുണിനെ ഹെഡ്മാസ്റ്റർ ചൂരൽക്കഷായം നൽകി ക്ലാസിലേക്ക് പറഞ്ഞു വിടും .എന്നും ഇതു തന്നെ ആവർത്തിക്കും.ഒരു നാൾ കാര്യം തിരക്കിയപ്പോൾ അവൻ ഒന്നും പറഞ്ഞില്ല. ചെറിയ ചിരി ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു അവൻ ക്ലാസിലേക്ക് കയറി….

രജിസ്റ്ററിൽ നോക്കി അരുണിൻ്റെ മേൽവിലാസം എഴുതിയെടുത്ത് ഒരു അവധി ദിനത്തിൽ അവന്റെ വീട് ലക്ഷ്യമാക്കി നീങ്ങി .ദീർഘയാത്ര എത്തി നിന്നത് ഒരു കുന്നിൻ ചെരുവിലായിരുന്നു…. ടാർ പായ ഷീറ്റടിച്ച ഒരു കൂരയിലേക്ക് വലിയ കുടത്തിൽ കുടിവെള്ളവും ചുമന്ന് കയറിപ്പോകുന്ന അരുണിനെ അകലെ നിന്നു തന്നെ കണ്ടു…..

എന്നെ കണ്ട പാടെ……”മാഷേ “എന്നവൻ കൈ വീശി വിളിച്ചു…

“ആ ചരിവിലൂടെ കേറിയാൽ ഇവിടെയെത്താം മാഷേ “എന്നും പറഞ്ഞ് കുടം വെള്ളം വഴിയിൽ വച്ച് ശരവേഗത്തിൽ എന്റടുത്തെത്തി… .

“എന്താ മാഷേ ഈ വഴിയെ “”

കുടത്തിലെ വെള്ളം വീണ നനഞ്ഞ ഷർട്ടിൽ കൈ തുടച്ചു അവൻ ചോദിച്ചു…

“ഞാൻ നിന്നെ കാണാൻ വന്നതാ “

വീട്ടിലെത്താൻ ആ കുന്നു കയറുമ്പോൾ എന്നും അവൻ എങ്ങനെ സ്കുളിലെത്തുന്നു എന്ന ചോദ്യം എന്റെ മനസ്സിൽ തങ്ങി നിന്നു….അവന്റെ കൂടെ നടക്കുമ്പോൾ.. അല്ല..ആ മല കയറുമ്പോൾ ഞാൻ കിതച്ചു…… “മോൻ്റെ വീട്ടിൽ ആരൊക്കെയുണ്ട് “എന്ന ചോദ്യത്തിന്..

“അമ്മയും അനിയത്തിയുമുണ്ട് .അച്ഛൻ മാസങ്ങൾക്ക് മുമ്പ് മരിച്ചു പോയി… അമ്മയാണ് ഇപ്പോൾ എല്ലാം ….പക്ഷേ അമ്മ കുറച്ചായി ദീനം വന്ന് കിടപ്പിലാ.”…

അനിയത്തിക്ക് ഭക്ഷണമുണ്ടാക്കി കുന്നിന് താഴെയുള്ള സർക്കാർ സ്കൂളിലയച്ച് കുടിക്കാനും കുളിക്കാനും വെള്ളമെത്തിച്ചായിരുന്നു അവൻ സ്കൂളിലെത്തിയത്..അവന്റെ വാക്കുകളിലൂടെ ഞാനതു മനസ്സിലാക്കി….അതായിരുന്നു എന്നും അവൻ വൈകിയെത്താൻ കാരണവും .

അമ്മയെ സാന്ത്വനിപ്പിച്ച് സംസാരിക്കുമ്പോൾ അമ്മ പറഞ്ഞു…’ഉസ്കൂളിലെ ചോറ് നല്ല ഗുണാ…”

ഞാൻ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി…

എന്നും സ്കൂളിൽ നിന്നും വിളമ്പുന്ന ചോറ് വീണ്ടും തനിക്കാണെന്ന ഭാവേന വാങ്ങി ആ പഴകിയ അലൂമിനിയം ചോറ്റു പാത്രത്തിൽ ആരും കാണാതെ അമ്മയ്ക്കെത്തിച്ചു നൽകിയിരുന്നു…അമ്മയ്ക്കായി ക്ലാസ് ടീച്ചർ തരുന്നതാണെന്ന് പറഞ്ഞ് അവൻ വാരിക്കൊടുക്കുന്നത് സ്കൂളിൽ നിന്നും കിട്ടുന്ന കഞ്ഞിയാണെന്ന് അറിഞ്ഞപ്പോൾ…എന്റെ കണ്ണ് നിറഞ്ഞു…

യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ അവനെ ചേർത്തു പിടിക്കാൻ ഞാൻ മറന്നില്ല…

“മാഷേ… മാഷിന്റെ ഉടുപ്പ് നനയും.”. അവൻ എന്നെ പതിയെ തള്ളി നീക്കികൊണ്ട് പറഞ്ഞു…അതു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….എങ്കിലും ഞാൻ അവനെ ചേർത്തു തന്നെ നിർത്തി…

കുട്ടികളെ തിരിച്ചറിയാതെ… ഗൃഹാന്തരങ്ങളിലെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ..അച്ചടക്കത്തിൻ്റെ മസിൽ പിടിക്കുന്ന അധ്യാപകർക്ക് ഈ വരികൾ ഒരു തിരിച്ചറിവ് ഉണ്ടാക്കട്ടെ…

✍️റഹീം പുത്തൻചിറ….