യാത്ര
രചന : അപ്പു
::::::::::::::::::::::::
” നിനക്ക് ഇപ്പോൾ ഇങ്ങനെ ഒരു യാത്ര വേണോ..? കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ട്… “
പറയാൻ തുടങ്ങിയത് പൂർത്തിയാക്കാതെ അയാൾ ഒരു നിമിഷം നിർത്തി. മറുപടിക്ക് വേണ്ടി ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവിടെ അയാൾ പറഞ്ഞത് ഇഷ്ടപ്പെടാത്ത ഭാവമായിരുന്നു.
” നിങ്ങൾ ഇപ്പോൾ ഇങ്ങനെ സംസാരിക്കേണ്ട കാര്യമുണ്ടോ..? എന്നെ സംബന്ധിച്ച് ഇനി ഇവിടെ യാതൊരുവിധ ഉത്തരവാദിത്വങ്ങളും ചെയ്തു തീർക്കാൻ ഇല്ല. നമ്മുടെ മക്കളൊക്കെ ഓരോ വഴിക്ക് സെറ്റിൽഡ് ആയി കഴിഞ്ഞു. നമ്മൾ രണ്ടാളും പെൻഷൻ ആവുകയും ചെയ്തു. ഇനി നമുക്ക് നമ്മുടെ ഇഷ്ടത്തിന് ജീവിക്കാൻ ഉള്ള സമയമാണ്. വാർദ്ധക്യം ഒരിക്കലും വീട്ടിൽ അടച്ചു ഇരിക്കാനുള്ള കാലമല്ല.. നമുക്ക് ഇനിയും പലതും നമ്മുടെ ജീവിതത്തിൽ ചെയ്തു തീർക്കാനുണ്ട്. അതുകൊണ്ട് എന്തായാലും ഞാൻ എന്റെ ആഗ്രഹം മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല.. “
ഉറപ്പോടെ അവർ പറഞ്ഞത് കേട്ട് അയാൾ പുച്ഛത്തോടെ ചിരിച്ചു. കൂടുതൽ വാഗ്വാദത്തിനു നിൽക്കാതെ അയാൾ മുറിവിട്ട് പുറത്തേക്ക് പോയി.
ഉമ്മറത്ത് ചാരുകസേരയിലേക്ക് ഇരിക്കുമ്പോൾ അയാളുടെ ഓർമ്മകൾ പഴയ കാലത്തിലേക്ക് ഒരു നിമിഷം പാറിപ്പറന്നു.
ചാരുലത എന്ന തന്റെ ഭാര്യ.. പത്തൊമ്പതാം വയസ്സിൽ തന്റെ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറിയതാണ്. തറവാട്ടിലെ മൂത്ത മകൻ താൻ ആയതു കൊണ്ട് തന്നെ ഒരു ഏട്ടത്തി അമ്മയുടെയും മരുമകളുടെയും ഒക്കെ കടമകൾ ചെയ്യാൻ അവൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. താനും അവളും തമ്മിൽ 10 വയസ്സോളം പ്രായ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ അവളോട് ആദ്യമായി തോന്നിയ വികാരം വാത്സല്യം ആയിരുന്നു.
വിവാഹം കഴിഞ്ഞെത്തിയ നാളുകളിൽ അവൾക്ക് തന്നെ ഭയമായിരുന്നു. അല്ലെങ്കിലും 19 വയസ്സുള്ള ഒരു പെൺകുട്ടിക്ക് അന്യ പുരുഷനോടൊപ്പം കഴിയുമ്പോൾ ഭയം എന്ന വികാരം അല്ലാതെ മറ്റെന്തു തോന്നാൻ ആണ്..? അവളുടെ ഉള്ളിൽ തന്നോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കാൻ താൻ ഒരുപാട് പാടുപെട്ടു.
അതിനിടയിൽ എപ്പോഴോ ആണ് അവൾ അവളുടെ ഒരു ആഗ്രഹം തന്നോട് പങ്കു വെക്കുന്നത്. അവൾക്ക് പഠിക്കാനും ജോലിക്ക് പോകാനും ഒക്കെ ആഗ്രഹമുണ്ട്. താൻ അവനെ എതിര് നിൽക്കരുത് എന്ന് അവൾ കരഞ്ഞു കൊണ്ട് അപേക്ഷിച്ചപ്പോൾ ആകെ വല്ലാതെ തോന്നി. ഒന്ന് ഉറപ്പു കൊടുത്തതാണ് അവളുടെ ഏത് ആഗ്രഹത്തിനും ഒപ്പമുണ്ടാകുമെന്ന്. ഇന്നുവരെ അത് പാലിച്ചിട്ടുണ്ട്.
അവളെ തുടർന്ന് പഠിപ്പിക്കാൻ വീട്ടിൽ എല്ലാവരും എതിരെ നിന്നപ്പോഴും അവളുടെ സന്തോഷം മാത്രം കണക്കിലെടുത്താണ് അവളെ തുടർപഠനത്തിന് അയച്ചത്. അവൾക്ക് ഉള്ളിലെ അടങ്ങാത്ത ആഗ്രഹം നിമിത്തം ആയിരിക്കണം അവൾ നല്ല രീതിയിൽ പഠിച്ചു വളരെ പെട്ടെന്ന് തന്നെ ഒരു ജോലി സമ്പാദിച്ചു. തനിക്ക് ഏറ്റവും അഭിമാനം തോന്നിയ ഒരു നിമിഷം ആയിരുന്നു അത്.
തനിക്ക് ഗവൺമെന്റ് സർവീസിൽ തന്നെയായിരുന്നു ആ സമയത്ത് ജോലി. രണ്ടുപേർക്കും ജോലി ആയതോടെ ജീവിതത്തിൽ ഒരു താളം കൈ വന്നതായി തോന്നി. ശരിക്കും പറഞ്ഞാൽ അതിനു ശേഷമാണ് ഞങ്ങൾ ഒന്നിച്ചു ജീവിച്ചു തുടങ്ങിയത് പോലും..!
മകന് രണ്ടു വയസ്സ് പ്രായമുള്ളപ്പോഴാണ് അവൾ ഒരു യാത്ര പോകണം എന്ന ആഗ്രഹം പറയുന്നത്. അന്ന് അവൻ തീരെ ചെറിയ കുഞ്ഞായിരുന്നതു കൊണ്ടും അവനു അവളെ പിരിഞ്ഞു നിൽക്കാൻ കഴിയില്ല എന്ന കാരണം കൊണ്ടും അവളെ പോകാൻ അനുവദിച്ചില്ല. പക്ഷേ അത് അവൾക്ക് വല്ലാതെ ദേഷ്യം വരുന്ന രീതിയിലുള്ള ഒരു സംഭവം ആയി മാറി.
മകന് മൂന്ന് വയസ്സ് ആയപ്പോഴേക്കും, അവൾ തന്റെ ആഗ്രഹം സാധിച്ചെടുത്തു. അവളുടെ സഹപ്രവർത്തകരോടൊപ്പം ആയിരുന്നു ആ യാത്ര. തന്നെയോ മകനെയോ അവൾ കൂടെ കൂട്ടിയില്ല. മകനു പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം ഉൾക്കൊള്ളാൻ പറ്റില്ല എന്നുള്ളതായിരുന്നു അവൾ പറഞ്ഞ കാരണം..
അവൾക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് എന്ന് പറഞ്ഞത് കൊണ്ട് തന്നെ, അവളുടെ ആ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളെ തടഞ്ഞു വയ്ക്കാൻ തനിക്ക് തോന്നിയില്ല. പിന്നീട് അവൾ പലപ്പോഴും ഇത്തരത്തിലുള്ള യാത്രകൾ പോയി. അത് കുടുംബത്തിൽ ഉള്ള സാഹചര്യവും കണക്കിലെടുക്കാതെ ആയിരുന്നു പലപ്പോഴും..!
ആദ്യമൊക്കെ ആഴ്ചകളോളം അവൾ വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്നത് തങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആയിരുന്നെങ്കിൽ, പിന്നീട് മക്കളും താനും അതിനോട് അഡ്ജസ്റ്റ് ആയി.. ആ സമയം കൊണ്ട് കുടുംബത്തിലെ മറ്റുള്ള അംഗങ്ങളൊക്കെ വേറെ മാറി താമസിക്കാൻ തുടങ്ങിയിരുന്നു.
രണ്ടുമാസം കൂടുമ്പോൾ അവളുടെ സുഹൃത്തുക്കൾ എല്ലാവരും ഒന്നിച്ച് യാത്ര പോകുന്നുണ്ട്. ഓരോ യാത്രയിലും അവളും പങ്കാളിയാണ്. മക്കൾ വലുതായതിനു ശേഷം തന്നെയും ഒപ്പം കൂട്ടാൻ അവൾ ശ്രമിക്കാറുണ്ട്. പക്ഷേ എന്തുകൊണ്ടാണെന്നറിയില്ല ആ കൂട്ടത്തിൽ കൂടുമ്പോൾ തനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നുന്നുണ്ട്. ഒരുപക്ഷേ വീട് വിട്ട് പുറത്തേക്ക് മാറി നിൽക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടായിരിക്കാം.അത് മനസ്സിലാക്കിയതുപോലെ അവളിപ്പോൾ നിർബന്ധിക്കാറില്ല.
മക്കൾ ഇരുവരും വളർന്നു വലുതായി രണ്ടുപേർക്കും കുടുംബങ്ങളായി.തങ്ങൾ ഇരുവരും പെൻഷൻ ആവുകയും ചെയ്തു. അപ്പോഴാണ് പെൻഷനായ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒരുമിച്ച് ഒരു യാത്ര സംഘടിപ്പിക്കുന്നു എന്ന് അവൾ പറയുന്നത്. അവൾക്കും അതിൽ പോകാൻ ആഗ്രഹമുണ്ട്.
പക്ഷേ എന്തുകൊണ്ടാണെന്നറിയില്ല ഇത്തവണ അവൾ യാത്ര പോകുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ മനസ്സിൽ ഒരു ആധിയാണ്. ആർക്കോ എന്തോ ആപത്തു വരാൻ പോകുന്നു എന്നൊരു ഭാവം. അതൊന്നും പറഞ്ഞാൽ അവൾക്ക് മനസ്സിലാവുകയുമില്ല..
നെടുവീർപ്പോടെ അയാൾ ചിന്തിച്ചു.
മുൻകൂട്ടി തീരുമാനിച്ച പോലെ ചാരുലത യാത്ര പോവുക തന്നെ ചെയ്തു. അവരെ പിന്തിരിപ്പിക്കാൻ അയാൾ ആവുന്നതും ശ്രമിച്ചെങ്കിലും അതിൽ അയാൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
“നിങ്ങൾക്ക് കഴിക്കാനുള്ള അത്യാവശ്യം ആഹാരങ്ങൾ ഒക്കെ ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്.ഞാൻ ഇവിടെ ഇല്ല എന്ന് കരുതി ഒന്നും കഴിക്കാതിരിക്കരുത്. മരുന്ന് മുടക്കരുത്..”
പോകാനിറങ്ങുമ്പോൾ അവർ ഉപദേശിച്ചു. നിസ്സംഗതയോടെ അയാൾ തലയാട്ടി. അവർ യാത്ര പറഞ്ഞു പോവുകയും ചെയ്തു.
പക്ഷേ അവർ പോയതിനു പിന്നാലെ അയാളെ വല്ലാത്ത ഏകാന്തത വേട്ടയാടാൻ തുടങ്ങി.വർഷങ്ങൾ ഇത്രയുമായിട്ടും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. മക്കൾ ഓരോരുത്തരും തങ്ങളുടെ തിരക്കുകളിൽ ആയതുകൊണ്ട് തന്നെ കൂടെ വന്ന് നിൽക്കാൻ ആവില്ല എന്നറിയാം..
എങ്കിലും രണ്ടും കൽപ്പിച്ച് അയാൾ മകളെ വിളിച്ചു.
” ഒരു രണ്ടു ദിവസത്തേക്ക് നിങ്ങൾക്ക് ഇവിടെ വന്നു നിൽക്കാമോ..?”
അയാൾ അപേക്ഷിക്കുന്നതു പോലെ ചോദിച്ചു.
“അയ്യോ അച്ഛാ അത് പറ്റില്ല.. മക്കൾക്ക് ട്യൂഷൻ ഒക്കെ ഉള്ളതല്ലേ..? പിന്നെ ചേട്ടന്റെ കാര്യം അറിയാമല്ലോ.. ജോലി തിരക്ക് കഴിഞ്ഞിട്ട് നേരമില്ല.. പിന്നെ എങ്ങനെയാണ് അവിടെ വന്നു നിൽക്കുന്നത്..?”
മകൾ പറഞ്ഞു ഒഴിഞ്ഞു. മകനെ വിളിച്ചപ്പോൾ അവിടെ നിന്നും കിട്ടിയ മറുപടി നല്ലതായിരുന്നില്ല. അയാൾക്ക് വല്ലാത്ത നിരാശ തോന്നി.
ജീവിതത്തിൽ ഏകാന്തത എന്താണെന്ന് താൻ അറിയുന്നത് ഇപ്പോഴാണ് എന്ന് അയാൾക്ക് തോന്നി. എന്തൊക്കെയോ തീരുമാനങ്ങൾ എടുത്ത് അയാൾ അന്ന് രാത്രി ഉറക്കത്തിലേക്ക് വഴുതി വീണു.
പക്ഷേ തന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ പിറ്റേന്നത്തെ പുലരി അയാൾ കണ്ടില്ല. ആരും അറിയാതെ, ആരുമില്ലാത്ത ഒരു ലോകത്തേക്ക് അയാൾ യാത്ര പോയി.
പക്ഷേ അയാളുടെ മരണവാർത്ത ആരും അറിഞ്ഞില്ല. തിരക്കിനിടയിൽ അയാളെ വിളിക്കാൻ എപ്പോഴോ മറന്നിരുന്ന മക്കൾ അത് തീരെ അറിഞ്ഞില്ല. യാത്രക്കിടയിൽ തടസ്സമാകും എന്നുകരുതി സ്വിച്ച് ഓഫ് ചെയ്തു വച്ചിരുന്ന ഫോൺ കാരണം അയാളുടെ ഭാര്യയും ഒന്നും അറിഞ്ഞില്ല.
കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പുറത്തു കാണുന്നില്ല എന്ന് ശ്രദ്ധിച്ച് അയൽവാസികളിൽ ആരോ ആണ് അദ്ദേഹത്തിന്റെ മരണ വാർത്ത ആദ്യം അറിഞ്ഞത്. അപ്പോഴേക്കും ദിവസങ്ങൾ കുറച്ചു കടന്നു പോയിരുന്നു. മക്കളെ വിവരമറിയിച്ചപ്പോൾ തങ്ങളെ എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ല എന്നുള്ളതായിരുന്നു അവരുടെ ചോദ്യം. നിങ്ങൾ എന്തുകൊണ്ട് അച്ഛനെ അന്വേഷിച്ചില്ല എന്നുള്ള മറു ചോദ്യത്തിൽ അവരുടെ ചോദ്യങ്ങളും ഉത്തരങ്ങളും നിഷ്പ്രഭമായി.
യാത്രകൾ ഒക്കെ അവസാനിപ്പിച്ച് അന്നായിരുന്നു അയാളുടെ ഭാര്യ മടങ്ങി വന്നത്. ചിതയിലേക്ക് എടുക്കാൻ തുടങ്ങുന്ന ഭർത്താവിന്റെ ശരീരം കണ്ട് അവർ അലമുറയിട്ട് കരഞ്ഞു.
“അമ്മ ഇപ്പോൾ കരയുന്നത് എന്തിനാ..? അച്ഛനെ സംരക്ഷിക്കാൻ അമ്മയ്ക്ക് കഴിയാത്തിടത്തോളം അമ്മയുടെ ഈ കരച്ചിൽ ഒക്കെ വെറും പ്രഹസനങ്ങൾ ആണ്. അമ്മയ്ക്ക് യാത്രപോകുമ്പോൾ അച്ഛനെ ഒപ്പം കൂട്ടാമായിരുന്നില്ലേ..?”
മക്കൾ ഇരുവരും കുറ്റപ്പെടുത്തുമ്പോൾ അവർക്ക് മറുപടി പറയാനാകാതെ, ചാരുലത കുഴഞ്ഞു വീണു. അച്ഛന് പിന്നാലെ അമ്മയും പോയതോടെ ഒറ്റപ്പെട്ടത് ആ മക്കളായിരുന്നു. പക്ഷേ അപ്പോഴും അതറിയാതെ അവർ തങ്ങളുടെ തിരക്കുകളിലേക്ക് ഉടനെ മടങ്ങി പോകണം എന്നുള്ള ചിന്തകളിലായിരുന്നു.
✍️അപ്പു