വി ർ ജി നി റ്റി
രചന : അപ്പു
:::::::::::::::::::::::::::::::::::
“മോളെ.. നീ ഇത് എന്തൊക്കെയാ പറയുന്നത്..? ഒന്നൂടി ആലോചിച്ചിട്ട്..”
അമ്മ അവളെ പിന്തിരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ്.
“ഇനി ആലോചിക്കാൻ ഒന്നുമില്ല.. എന്റെ തീരുമാനത്തിൽ മാറ്റവും ഇല്ല..”
അവൾ കടുപ്പിച്ചു പറഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി പോയി. തലക്ക് കൈ താങ്ങി അമ്മ സോഫയിലേക്ക് ഇരുന്നു.
അവരുടെ ഓർമ്മകൾ കുറച്ചു മണിക്കൂറുകൾ പിന്നിലേക്ക് പോയി.
ശാന്ത എന്ന അവരുടെ ഒരേയൊരു മകളാണ് ശാരിക. ഡിഗ്രി കഴിഞ്ഞു ഇപ്പോൾ പി എസ് സി ക്ലാസുകൾ അറ്റൻഡ് ചെയ്യുകയാണ്. അവളുടെ ക്വാളിഫിക്കേഷൻ അനുസരിച്ച് വരുന്ന എല്ലാ പരീക്ഷകളും അവൾ അറ്റൻഡ് ചെയ്യുന്നുണ്ട്. എത്രയും വേഗം നല്ലൊരു ജോലി നേടണം എന്നുള്ളതാണ് അവളുടെ ആഗ്രഹം.
കൂലിപ്പണിക്കാരനായ അവളുടെ അച്ഛൻ കുറച്ചു വർഷങ്ങൾക്കു മുന്നേ മരണപ്പെട്ടതാണ്. അത്യാവശ്യം ക ള്ളുകുടി ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അയാൾക്ക് കാര്യമായി ഒന്നും സമ്പാദിച്ചു വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. എന്നുമാത്രമല്ല കുറച്ചു കടങ്ങൾ ഉണ്ടാവുകയും ചെയ്തു. അവളുടെ അമ്മ കഷ്ടപ്പെട്ട് പണിയെടുത്ത് കുടുംബം നോക്കുന്നത് കണ്ടുവളർന്ന പെൺകുട്ടിയാണ് അവൾ. അതുകൊണ്ടുതന്നെ എത്രയും വേഗം നല്ലൊരു ജോലി കണ്ടെത്തി അമ്മയെ സംരക്ഷിക്കണമെന്നാണ് അവളുടെ ആഗ്രഹം.
അങ്ങനെയിരിക്കെ, അവൾ പിഎസ്‌സി ക്ലാസിൽ പോകുമ്പോൾ അവിടെവച്ച് കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് ഒരു വിവാഹാലോചന അവളെ തേടി വന്നു. കാണാൻ നല്ല ഒരു ചെറുപ്പക്കാരനായിരുന്നു ദീപക്. അവളെ കണ്ട മാത്രയിൽ തന്നെ ഇഷ്ടപ്പെട്ടെന്ന് സ്ത്രീധനമായി ഒന്നും കൊടുക്കേണ്ട എന്നും ഒക്കെ പറഞ്ഞാണ് ആലോചന വന്നത്. അതുകൊണ്ടുതന്നെ ആ ബന്ധത്തോട് അവർക്ക് താല്പര്യം ആയി.
ഇടഞ്ഞു നിന്നിരുന്ന മകളെ പറഞ്ഞു സമ്മതിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. വിവാഹനിശ്ചയം വരെ കാര്യങ്ങൾ എത്തി.
പക്ഷേ വളരെ അവിചാരിതമായാണ് ഈ അടുത്ത് ഒരു വാർത്ത അറിഞ്ഞത്. ജാനകി എന്ന സ്ത്രീയുടെ അടുത്ത് അവൻ വന്നു പോകാറുണ്ട് എന്ന് നാട്ടുകാരിൽ ആരോ മകളെ അറിയിച്ചു. ശരീരം വി റ്റ് ജീവിക്കുന്ന ഒരു സ്ത്രീയാണ് ജാനകി.
ജീവിതത്തിൽ എത്രയൊക്കെ കഷ്ടപ്പാട് വന്നാലും അവരുടെ അഭിമാനം കളഞ്ഞ് ജീവിക്കരുത് എന്നുള്ള നിലപാടുകാരിയാണ് മകൾ.അതുകൊണ്ടുതന്നെ അവൾക്ക് ജാനകിയോട് വെറുപ്പാണ്.
വിവരങ്ങൾ അറിഞ്ഞ ശാരിക ദീപക്കിനെ വിളിച്ച് അന്വേഷിച്ചു. ആദ്യം ഒന്നും അവൻ സത്യം തുറന്നു പറയാൻ തയ്യാറായില്ലെങ്കിലും അവളുടെ നിരന്തരമായ ചോദ്യം ചെയ്യലിൽ അവൻ സത്യം തുറന്നു പറഞ്ഞു.
” ജാനകി എന്ന സ്ത്രീയുടെ അടുത്ത് ഞാൻ പോയിട്ടില്ല എന്ന് ഞാൻ നിന്നോട് പറയില്ല. ഞാൻ അവരെ തേടി പോയിട്ടുണ്ട്. അവരോടൊപ്പം നീ ഉദ്ദേശിക്കുന്ന തരത്തിൽ ഒരു ബന്ധം ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ ഒരുപാട് നാൾ മുന്നേയാണ്. ഇപ്പോൾ ഞാൻ അവരെ തേടി പോകാറില്ല. നീ അല്ലാതെ മറ്റൊരു സ്ത്രീയും എന്റെ ജീവിതത്തിൽ ഇല്ല.ഇനി ഉണ്ടാവുകയുമില്ല.”
അവൻ അവളോട് പറഞ്ഞു.പക്ഷേ സത്യങ്ങൾ അറിഞ്ഞതോടെ അവൾക്ക് വല്ലാതെ അരിശം വന്നു. അതിന് പിന്നാലെയാണ് ഈ വിവാഹം നടക്കില്ല എന്ന് അവൾ പ്രഖ്യാപിച്ചത്.
ശാന്ത മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ അവിടെ കിടക്കുകയാണ്.അവൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അവളുടെ ഭാവങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.
“മോളെ.. ജീവിതത്തിൽ ഒരിക്കലെങ്കിലും തെറ്റു പറ്റാത്തതായി ആരുമില്ല. ഇത് നിങ്ങൾ തമ്മിൽ കാണുന്നതിലും ഒരുപാട് മുൻപ് ഉണ്ടായ ഒരു ബന്ധമാണ് എന്ന് അവൻ പറഞ്ഞു കഴിഞ്ഞല്ലോ. ഇനി ഒരിക്കലും അങ്ങനെയൊന്നും ഉണ്ടാവില്ല എന്നും അവൻ ഉറപ്പു തന്നു. ആ സ്ഥിതിക്ക് ഈ ബന്ധം നമ്മൾ വേണ്ടെന്നു വയ്ക്കണോ.? ഇതുപോലെ നല്ലൊരു ബന്ധം ഇനി ഒരിക്കലും നിനക്ക് കിട്ടിയില്ലെന്നു വരും.”
ശാന്ത അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ അവൾ അമ്മയെ ഒന്ന് നോക്കുക മാത്രം ചെയ്തു കൊണ്ട് വീണ്ടും കിടന്നു.
” വീട്ടിൽ കയറി വന്ന മഹാലക്ഷ്മിയെ പുറം കാലു കൊണ്ട് തട്ടിത്തെറിപ്പിക്കല്ലേ മോളെ.. നമ്മുടെ സ്ഥിതിയൊക്കെ മോൾക്ക് വ്യക്തമായി അറിയാമല്ലോ..? ആരെങ്കിലും ചോദിക്കുന്ന സ്ത്രീധനം കൊടുക്കാൻ ഒന്നും നമ്മുടെ കയ്യിൽ വഴിയില്ല..!”
ശാന്ത വീണ്ടും വീണ്ടും അവളെ ഉപദേശിക്കാൻ ശ്രമിച്ചു.അതോടെ അവൾക്ക് അരിശം വന്നു.
” അമ്മ ഇതെന്തറിഞ്ഞിട്ടാണ് അയാളെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്..? അമ്മ ഇപ്പോൾ പറഞ്ഞല്ലോ സ്ത്രീധനം കൊടുക്കാൻ വഴിയില്ല. ഇത് നല്ലൊരു ബന്ധമാണ് എന്നൊക്കെ. ഇത് നല്ല ബന്ധമാണെന്ന് അമ്മയ്ക്ക് ഇപ്പോഴും തോന്നുന്നുണ്ടോ..?മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയ പേരിലാണ് ഞാൻ അയാളുമായുള്ള ബന്ധം ഉപേക്ഷിച്ചത്. അത് വിവാഹത്തിനുമുണ്ടായിരുന്നതാണ് എന്ന് പറഞ്ഞ് ഒരുപക്ഷേ അയാൾ സ്വയം ന്യായീകരിക്കുമായിരിക്കും. പക്ഷേ അതൊരിക്കലും അയാൾ ചെയ്ത തെറ്റിനെ ഇല്ലാതാക്കുന്ന ന്യായീകരണമല്ല.”
ശാരിക അമ്മയുടെ മുഖത്ത് നോക്കി. അവൾ പറയുന്നതൊന്നും അംഗീകരിക്കാൻ ആവില്ല എന്നൊരു മുഖഭാവമാണ് അവരുടെത്.
“അമ്മയോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നെനിക്കറിയാം. എന്നും പുരുഷന്റെ കാലുചുവട്ടിൽ കിടക്കണം എന്ന് വിശ്വസിച്ച ഒരു തലമുറയിൽ ഉള്ളതാണ് അമ്മ. അതുകൊണ്ടുതന്നെ ഞാൻ പറയുന്നതൊന്നും അമ്മയ്ക്ക് മനസ്സിലാകില്ല.”
അവൾ പറഞ്ഞത് കേട്ട് ശാന്തയ്ക്ക് ദേഷ്യം വന്നു.
“അതെ.. നീ പറഞ്ഞത് ശരി തന്നെയാണ്. പുരുഷന്റെ മേൽക്കോയ്മ തന്നെയായിരുന്നു ഞങ്ങളുടെ തലമുറയിൽ. പുരുഷനെ അനുസരിച്ച് ജീവിക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ പഠിപ്പിച്ചത്. അതിൽ എനിക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ല.”
ദേഷ്യത്തോടെ അമ്മ പറഞ്ഞത് കേട്ട് അവൾ ഒന്ന് ചിരിച്ചു.
“നഷ്ടമുണ്ടായിട്ടില്ല എന്ന് അമ്മ പറയരുത്.പുരുഷനെ എതിർത്തു സംസാരിക്കരുത് എന്ന് പഠിപ്പിച്ചു വച്ച തലമുറ കാരണമാണ് അമ്മയുടെ ഭർത്താവിന് അവകാശിയായി മറ്റൊരാൾ വന്നത്. അത് ചോദ്യം ചെയ്യാനുള്ള കഴിവ് പോലും അമ്മയ്ക്ക് ഇല്ലാതായി. ഈ ജാനകിയെപ്പോലെ ഒരു സ്ത്രീയാണ് അച്ഛനിൽ അവകാശം പറഞ്ഞ് ഒരിക്കൽ ഈ വീട്ടിൽ കയറി വന്നത്. എന്റെ ജീവിതത്തിലും ഇതൊക്കെ ആവർത്തിക്കണം എന്നാണോ അമ്മ പറയുന്നത്..? അമ്മയ്ക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിലും എനിക്കില്ല. എന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്.”
അത്രയും പറഞ്ഞപ്പോഴേക്കും അവൾ കിതച്ചു പോയി. പിന്നീട് മകളോട് എതിർത്തൊന്നും പറയാതെ ആ അമ്മ മുറിവിട്ട് പുറത്തേക്ക് പോയി.
പിറ്റേന്ന് ക്ലാസിൽ പോകാൻ ഒരുങ്ങിയ മകളെ അവർ അത്ഭുത ജീവിയെ പോലെയാണ് നോക്കിയത്.നാണക്കേടും അപമാനവും ഭയന്ന് അവൾ കുറച്ചു ദിവസത്തേക്ക് എങ്കിലും ക്ലാസിൽ പോകില്ല എന്ന് അവർ കരുതിയിരുന്നു. പക്ഷേ അവരുടെ തോന്നലുകളെ കാറ്റിൽ പറത്തി കൊണ്ടാണ് അവൾ പിറ്റേന്ന് ക്ലാസിലേക്ക് പോയത്.
അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ വഴിയോരത്ത് ദീപക് അവളെ കാത്തു നിൽപ്പുണ്ടായിരുന്നു.
” നമ്മുടെ വിവാഹം വേണ്ടെന്ന് വയ്ക്കാൻ താൻ തീരുമാനിച്ചു അല്ലേ..? “
അവളെ കണ്ടതോടെ ആമുഖങ്ങൾ ഒന്നുമില്ലാതെ അവൻ അന്വേഷിച്ചു.
“അതെ… “
അവൾ തലയുയർത്തി തന്നെ മറുപടി കൊടുത്തു.
” എടോ ഞാൻ തന്നോട് പറഞ്ഞതല്ലേ എനിക്ക് പണ്ടെപ്പോഴോ ഒരു അബദ്ധം പറ്റിയതാണ്. ഇനി ഒരിക്കലും അതൊന്നും ആവർത്തിക്കില്ല എന്ന് തനിക്ക് ഞാൻ വാക്ക് തരാം. തന്നെ എനിക്ക് അത്രത്തോളം ഇഷ്ടപ്പെട്ടതു കൊണ്ടാണ് താൻ എന്റെ ജീവിതത്തിൽ ഉണ്ടാകണമെന്ന് ഞാൻ വാശിപിടിക്കുന്നത്. തനിക്ക് ഒന്നു മാറി ചിന്തിച്ചു കൂടെ..? “
അപേക്ഷയുടെ സ്വരത്തിൽ അവൻ പറയുമ്പോൾ, അവൾ അവനെ തറപ്പിച്ചു നോക്കി.
“ശരി ഞാൻ മാറി ചിന്തിക്കാം.പക്ഷേ ഞാൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് നിങ്ങൾ വ്യക്തമായ ഒരു മറുപടി തരണം.”
അവൾ ആദ്യം പറഞ്ഞ വാചകത്തിൽ അവന്റെ മുഖം തെളിഞ്ഞെങ്കിലും അവൾ ഇനി പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ അവനിൽ ഒരു ആകാംക്ഷയുണ്ടായി.
” ഇനി ഒരിക്കലും ഇതൊന്നും ആവർത്തിക്കില്ല എന്ന് നിങ്ങൾ എനിക്ക് വാക്ക് തന്നല്ലോ…? നാളെ എന്നിലുള്ള കൗതുകം അവസാനിക്കുമ്പോൾ നിങ്ങൾ മറ്റൊരാളെ തേടി പോകില്ല എന്ന് എനിക്ക് ഉറപ്പൊന്നുമില്ല. അതാണ് ഞാൻ ഈ വിവാഹത്തിൽ നിന്ന് മാറാൻ ഉള്ള ആദ്യത്തെ കാര്യം.”
അവൾ പറഞ്ഞത് കേട്ട് അവൻ ദയനീയമായി അവളെ നോക്കി.
” ഒരേയൊരു ചോദ്യം മാത്രമേ എനിക്ക് നിങ്ങളോട് ഉള്ളൂ. നിങ്ങൾക്ക് പകരം ഞാനായിരുന്നു ഇങ്ങനെ ഒരു തെറ്റ് ചെയ്തത് എന്ന് സങ്കൽപ്പിക്കുക. നമ്മുടെ വിവാഹത്തിനു മുൻപ് ഈ കാര്യം നിങ്ങൾ അറിഞ്ഞു എന്നും കരുതുക. ആ സമയം നിങ്ങളുടെ പ്രതികരണം എന്തായിരിക്കും..? വിവാഹം വേണ്ടെന്നു വയ്ക്കുമോ.. അതോ, എനിക്ക് പറ്റിയത് ഒരു തെറ്റാണ് എന്ന് കരുതി എന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടുമോ..? ആത്മാർത്ഥമായി മറുപടി പറയണം.. “
അവൾ ചോദിച്ചത് കേട്ട് അവൻ മറുപടിയില്ലാതെ തലതാഴ്ത്തി.
“നിങ്ങളുടെ ഈ ഭാവത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട് നിങ്ങളുടെ ഉത്തരം. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും വി ർ ജി നി റ്റി പെണ്ണിന്റെ മാത്രമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു കാര്യം ചിന്തിക്കാൻ പോലും നിങ്ങൾക്ക് കഴിയില്ല.. അതുകൊണ്ട് ഒരു മാറ്റം എന്നിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കണ്ട…”
അത്രയും പറഞ്ഞു അവൾ നടന്നകലുമ്പോൾ അവൾക്ക് കൊടുക്കാൻ മറുപടി ഇല്ലാതെ തല താഴ്ത്തി നിൽക്കുകയായിരുന്നു അവൻ.
✍️ അപ്പു