പ്രണയിക്കുമ്പോൾ…
രചന : അപ്പു
::::::::::::::::::::::::::
“നിങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാം.. എനിക്ക് മാത്രം അത് പാടില്ല. ഇത് എവിടത്തെ നിയമം ആണ്..?”
നിസ്സഹായതയും സങ്കടവും ഒക്കെ നിറഞ്ഞു നിന്നിരുന്നു മായയുടെ സ്വരത്തിൽ..! ആദ്യമായിട്ടാവും അവളുടെ ശബ്ദം ആ വീട്ടിൽ ഉയർന്നു കേൾക്കുന്നത്. അതിന്റെ അമ്പരപ്പ് അവിടെ എല്ലാവർക്കും ഉണ്ട്.
” പ്രണയം ഒരു തെറ്റാണ് എന്നൊന്നും ഞാൻ പറയില്ല. പക്ഷേ ആളെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം. “
രാഹുൽ പറഞ്ഞത് കേട്ട് അവനെ തറപ്പിച്ചു നോക്കി. വല്യച്ഛന്റെ മകനാണ് രാഹുൽ. അടുത്തയാഴ്ച പ്രണയിച്ച പെൺകുട്ടിയെ താലി ചാർത്താൻ പോകുന്നവൻ..!!
” നിങ്ങളെയൊക്കെ പോലെ പണവും സ്വാധീനവും ഉള്ള ആളെ നോക്കി തെരഞ്ഞെടുക്കാൻ ഒന്നും എനിക്കറിയില്ല. പ്രണയം എന്നത് മനസ്സിൽ തോന്നുന്ന ഒരു വികാരം അല്ലേ..? അത് നമുക്കും ആരോടും തോന്നാവുന്ന ഒന്നാണ്. അതിൽ ജാ തിയും മതവും ഭാഷയും ദേശവും ഒക്കെ ചിന്തിക്കുന്നത് തന്നെ തെറ്റാണ്. “
മായ തന്റെ ഭാഗം ജയിക്കാനായി പറഞ്ഞു കൊണ്ടേയിരുന്നു.
“നീ എന്തൊക്കെ വാദങ്ങൾ നിരത്തിയാലും ഈയൊരു ബന്ധം അംഗീകരിച്ചു തരാൻ ഈ വീട്ടിൽ ആർക്കും താല്പര്യം ഇല്ല. അല്ലെങ്കിൽ തന്നെ എന്ത് കണ്ടിട്ടാണ് നീ അവനെ ഇഷ്ടപ്പെട്ടത്..? കാണാൻ സൗന്ദര്യം ഉണ്ടോ..? ജോലിയുണ്ടോ..? എന്ത് കണ്ടിട്ടാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്..”
മായയുടെ ചേട്ടൻ മഹേഷ് പറഞ്ഞു.
“ഞാൻ ചോദിക്കുന്നത് കൊണ്ട് ചേട്ടൻ തെറ്റിദ്ധരിക്കരുത്. ഏട്ടത്തിയെ ഏട്ടൻ കണ്ടുമുട്ടുന്ന സമയത്ത് ഏട്ടത്തി ഇത്രയും ഗ്ലാമർ ഉണ്ടായിരുന്നോ..? ആൾക്ക് അന്ന് ജോലിയുണ്ടായിരുന്നോ..?”
” അവളെപ്പോലെയാണോ നീ കണ്ടുപിടിച്ചു വച്ചിരിക്കുന്നവൻ..? “
അവളുടെ ചോദ്യത്തിൽ ആദ്യം ഒന്ന് പതറി പോയെങ്കിലും ചേട്ടൻ വിട്ടുകൊടുക്കാൻ ഭാവമില്ലാത്തതുപോലെ ചോദിച്ചു.
“എന്താ വ്യത്യാസം..?”
അവൾ ഗൗരവത്തിൽ ആയിരുന്നു.
” അവളെ സംബന്ധിച്ച് വിവാഹം കഴിച്ച് അവളെ ഞാൻ ഇങ്ങോട്ടാണ് കൊണ്ടുവരുന്നത്. എനിക്ക് നീ പറഞ്ഞ വിദ്യാഭ്യാസം ഉണ്ടല്ലോ. ജോലിയുണ്ട്. അവളെ സംരക്ഷിക്കാനുള്ള കഴിവ് എനിക്കുണ്ട് എന്ന് ഉറപ്പുള്ളതു കൊണ്ടാണ് അവളെ ഞാൻ വിവാഹം ചെയ്തു ഈ വീട്ടിലേക്ക് കൊണ്ടുവന്നത്. പക്ഷേ നിന്നെ സംബന്ധിച്ച് നിന്നെ വിവാഹം ചെയ്ത് അവന്റെ വീട്ടിലേക്കാണ് കൊണ്ടുപോകേണ്ടത്. അങ്ങനെയൊന്നു അവന് ഉള്ളതായി നിനക്ക് തോന്നുന്നുണ്ടോ..? നല്ലൊരു ജോലി പോലുമില്ലാതെ നിന്നെ അവൻ എങ്ങനെ സംരക്ഷിക്കും എന്നാണ് നീ കരുതിയിരിക്കുന്നത്..? “
ചേട്ടന്റെ ആ ചോദ്യത്തിന് പറയാൻ അവൾക്ക് മറുപടിയുണ്ടായിരുന്നില്ല.പക്ഷേ മറുപടിയില്ലാതെ താൻ നിൽക്കുന്ന ഓരോ നിമിഷവും തന്റെ പ്രണയം തന്നിൽ നിന്ന് അകന്നുപോകും എന്നുള്ള ചിന്ത അവൾക്കുണ്ടായിരുന്നു.
“ചേട്ടാ.. ചേട്ടൻ പറയുന്നതുപോലെ അവന് ഇപ്പോൾ മോശം സമയമാണ്. അവന് നല്ലൊരു ജോലി ഉണ്ടായിരുന്നത് അല്ലേ..? ഇപ്പോൾ സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടാണ്. അത് ഈ കൊറോണ വന്ന സമയത്ത് കുറെയേറെ സ്ഥാപനങ്ങളിൽ നിന്ന് തൊഴിലാളികളെ പറഞ്ഞു വിട്ടതല്ലേ..?അങ്ങനെ ഒരു ഗ്രൂപ്പിൽ അവനും പെട്ടുപോയി. അത് അവന്റെ തെറ്റല്ലല്ലോ.. വേറൊരു ജോലിക്ക് വേണ്ടി അവൻ ഒരുപാട് ശ്രമിക്കുന്നുണ്ട്. ഇപ്പോൾ കണ്ടീഷൻ എന്താണെന്ന് എല്ലാവർക്കും അറിയുന്നതല്ലേ..? വളരെ എളുപ്പം ഒന്നും ജോലി കിട്ടില്ല. കുറച്ചു കാത്തിരിക്കേണ്ടി വരും.അവന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. എന്നായാലും അവന് നല്ലൊരു ജോലി കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്.അതുകൊണ്ട് നിങ്ങൾ ഈ ബന്ധത്തെ എതിർക്കരുത്.അവനെ മറന്നു മറ്റൊരാളെ സ്വീകരിക്കാൻ എനിക്ക് കഴിയില്ല.”
സങ്കടത്തോടെയും ദയനീയതയോടെയും ആണ് അവൾ സംസാരിച്ചത്. അവരോട് വാദിച്ചു ജയിക്കാൻ ആവില്ല എന്ന് ഒരുപക്ഷേ അവൾക്ക് തോന്നുന്നുണ്ടാവാം. അവൾ പറയുന്നതൊക്കെ ശരിയാണെന്ന് അവർക്കൊക്കെയും ഉത്തമ ബോധ്യമുണ്ടെങ്കിലും, തങ്ങളുടെ മകളുടെ ജീവിതം വച്ച് കളിക്കാൻ അവർ തയ്യാറായിരുന്നില്ല.
” നീ എന്തൊക്കെ പറഞ്ഞാലും ഇത് അംഗീകരിച്ചു തരാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. നീ അവനുവേണ്ടി ഇനി കാത്തിരിക്കേണ്ട. അവൻ ഇനി ഒരിക്കലും നിന്നെ തേടി വരില്ല.”
ഗൗരവത്തോടെ അച്ഛൻ പറഞ്ഞത് കേട്ട് അവളുടെ ഉള്ളിൽ അപായമണി മുഴങ്ങി. അവൻ എന്തെങ്കിലും അപകടം സംഭവിച്ചിരിക്കുമോ എന്ന് ആ നിമിഷം അവൾ ചിന്തിച്ചു തുടങ്ങി.കഴിഞ്ഞ രണ്ടുദിവസമായി അവനെ ഫോണിൽ കോൺടാക്ട് ചെയ്യാൻ കഴിയുന്നില്ല എന്ന് ഭീതിയോടെ അവൾ ഓർത്തു.
” അച്ഛാ.. അച്ഛൻ അവനെ എന്താ ചെയ്തത്..? രണ്ടുദിവസമായി അവനെ ഫോണിൽ കിട്ടുന്നില്ല. അച്ഛൻ അവനെ എന്തോ ചെയ്തിട്ടുണ്ട്. ഈ നിമിഷം വരെ എനിക്ക് അങ്ങനെ ഒരു ഭയം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ ഞാൻ ഭയക്കുന്നു.”
അച്ഛന്റെ അടുത്തേക്ക് ചുവട് വച്ചുകൊണ്ട് ഒരു ഭ്രാ ന്തിയെ പോലെ അവൾ പറഞ്ഞു. അവളുടെ ഭാവമാറ്റം അവരൊക്കെയും ഒരു ഭയത്തോടെയാണ് നോക്കി കണ്ടത്.
“അവനെ ഈ നിമിഷം വരെ ഞാനൊന്നും ചെയ്തിട്ടില്ല.പക്ഷേ.. നീ അവനെ കാത്തിരിക്കുന്ന ഓരോ നിമിഷവും അവന്റെ മര ണത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ്. അത് നീ മറക്കരുത്..”
ഒരു ഭീഷണിയുടെ സ്വരത്തിൽ അത്രയും പറഞ്ഞുകൊണ്ട് അയാൾ അവളെ കടന്ന് മുന്നോട്ടു പോയി. അവർ പറഞ്ഞിട്ട് പോയ വാക്യത്തിന്റെ ആഘാതത്തിൽ ആയിരുന്നു അവൾ.
അവന്റെ ജീവിതം വെച്ച് റിസ്ക് എടുക്കാൻ അവൾക്ക് കഴിയില്ലായിരുന്നു. എങ്കിലും അവൾ അവളെ കൊണ്ട് കഴിയുന്ന രീതിയിൽ അവനെ അന്വേഷിച്ചു. അവനെക്കുറിച്ച് ഒരു വിവരവും അറിയില്ല എന്നാണ് അവന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പറഞ്ഞത്. അതോടെ തന്റെ വീട്ടുകാർ തന്നെയാണ് പ്രതികൾ എന്ന് അവൾ ഉറപ്പിച്ചു.
അവൾക്ക് അവരോടൊക്കെ വല്ലാത്ത വൈരാഗ്യം തോന്നുന്നുണ്ടായിരുന്നു. പക്ഷേ അത് പ്രകടിപ്പിക്കുന്ന നിമിഷം അവന്റെ മരണമായിരിക്കുമെന്ന് അവൾക്കറിയാം.
” എനിക്ക് സമ്മതമാണ്. നിങ്ങൾ ആരെ ആണെന്ന് വച്ചാൽ കണ്ടെത്തിക്കോളൂ.. എനിക്ക് എല്ലാത്തിലും വലുത് അവന്റെ ജീവൻ ആണ്.. നിങ്ങൾ ഒരു കാര്യം ഓർത്തു വച്ചോളൂ.. എന്നെ നിർബന്ധിപ്പിച്ചു വിവാഹം കഴിപ്പിക്കാൻ മാത്രേ കഴിയൂ.. ആ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്.. “
അവൾ വാശിയോടെ അവരോട് പറഞ്ഞത് കേട്ട് അവരൊക്കെയും ഉള്ളിൽ ചിരിക്കുകയായിരുന്നു.
” കാര്യങ്ങൾ ഇതുവരെ എത്തിക്കാൻ ഞങ്ങൾക്കറിയാമെങ്കിൽ, ഇതിനപ്പുറത്തേക്ക് എന്തുവേണമെന്ന് തീരുമാനിക്കാനും ഞങ്ങൾക്കറിയാം. “
അവളുടെ ചേട്ടൻ ഭീഷണി പോലെ തന്നെയാണ് സംസാരിച്ചത്. അവൾ പുച്ഛത്തോടെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
പിന്നീട് കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ ആയിരുന്നു.അവർ കണ്ടെത്തിയ വരന് മുന്നിൽ താലിക്കായി തലകുനിച്ചു കൊടുക്കുമ്പോൾ, തന്റെ സന്തോഷങ്ങളുടെ അവസാനം ആണ് അത് എന്ന് അവൾ ഉള്ളിൽ ഉറപ്പിക്കുകയായിരുന്നു.
അവളുടെ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം അവന്റെ ഫോൺകോൾ അവളെ തേടിയെത്തി. താൻ ഇത്രയും ദിവസം അനുഭവിച്ച യാതനകൾ അവൻ പറഞ്ഞത് കേട്ട് അവൾ പൊട്ടിക്കരഞ്ഞു. അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചുവെങ്കിലും, അവൾക്ക് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.
“മറ്റൊരാളുടെ താലി ഇന്ന് എന്റെ കഴുത്തിലുണ്ട്. അതിനോട് നീതികേട് കാണിക്കാൻ വയ്യ..”
അവൾ അത് മാത്രമേ പറഞ്ഞുള്ളൂ.. അവളുടെ മനസ്സ് അവനെക്കാൾ കൂടുതൽ മറ്റാർക്കറിയാം..!
അതിനുശേഷം അവന്റെ മരണവാർത്ത അറിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു.
അവൾക്കുവേണ്ടി അവർ കണ്ടെത്തിയ ഭർത്താവ് അവളെ നിരന്തരം ഉപ ദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഒടുവിൽ ഒരുനാൾ അവൾക്ക് തന്റെ ജീവൻ വെടിയേണ്ടി വന്നു.
അവൾ അവസാനമായി അവളുടെ വീട്ടുകാർക്ക് വേണ്ടി ഒരു കത്ത് എഴുതി വെച്ചിരുന്നു.
” എന്റെ പ്രാണനായിരുന്നു അവൻ. അവനില്ലാതെ ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും ആകില്ല. എനിക്ക് ഇങ്ങനെ ഒരു വിധി സമ്മാനിച്ചത് നിങ്ങളാണ്.
ഞങ്ങളെ തമ്മിൽ പിരിച്ചിട്ട് എനിക്ക് വേണ്ടി നിങ്ങൾ ഒരു ജീവിതം തന്നു. ഞാനില്ലാതെ ജീവിക്കാൻ ആവില്ല എന്ന പേരിൽ അവൻ മരണത്തിന് കീഴടങ്ങി. ഞാൻ യാന്ത്രികമായി എന്റെ ജീവിതത്തിലേക്ക് നടന്നു. പക്ഷേ പരീക്ഷണങ്ങൾ എല്ലായിപ്പോഴും എന്റെ പിന്നാലെ തന്നെയുണ്ട്. സ്ത്രീധനത്തിന്റെ കുറവ് എടുത്തു കാണിച്ചു കൊണ്ട് അയാൾ എന്നെ നിരന്തരമായി ഉപദ്രവിക്കുമ്പോൾ അത് എനിക്ക് ലഭിച്ച ശിക്ഷയായി മാത്രമേ ഞാൻ കണക്കാക്കുന്നുള്ളൂ. അതുകൊണ്ട് മാത്രമാണ് ഒരു വിവരങ്ങളും നിങ്ങളെ അറിയിക്കരുത് എന്ന് ഞാൻ വാശിപിടിച്ചത്. എനിക്കറിയാമായിരുന്നു ഒരു ദിവസം ഞാൻ മരണത്തിന് കീഴടങ്ങുമെന്ന്. അന്ന് നിങ്ങൾക്ക് വായിക്കാൻ വേണ്ടി ഞാൻ എഴുതി വയ്ക്കുന്നതാണ്.എന്റെ മരണത്തിന്റെ ഉത്തരവാദികൾ നിങ്ങൾ മാത്രമാണ്.
അവനോടൊപ്പം ആയിരുന്നെങ്കിൽ പട്ടിണി ആണെങ്കിലും ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചേനെ. അവരിൽ നിന്നും എന്നെ പിരിച്ചെടുത്തിട്ട് നിങ്ങൾക്ക് എന്ത് ലാഭം ഉണ്ടായി..?
പക്ഷേ ഞാൻ സന്തുഷ്ടയാണ്. എത്രയും വേഗം എനിക്ക് അവന് അടുത്ത് എത്താമല്ലോ…
മായ ” ആ കത്തും നെഞ്ചോട് ചേർത്തുപിടിച്ച് കണ്ണീർ ഒഴുക്കാൻ മാത്രമേ അവളുടെ അച്ഛനും സഹോദരങ്ങൾക്കും കഴിഞ്ഞുള്ളൂ..
✍️അപ്പു