അത് എന്നെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല എന്ന് എനിക്ക് ബോധ്യമായത് ഡിവോഴ്സ് കിട്ടിയ ദിവസം അവർ…

Actress Preity Zinta speaks at the "Heaven On Earth" press conference during the 2008 Toronto International Film Festival held at the Sutton Place Hotel on September 6, 2008 in Toronto, Canada. (Photo by Leonard Adam/WireImage)

വേർപിരിയുമ്പോൾ…

രചന : അപ്പു

::::::::::::::::::::::::::::

” മോളെ… അമ്മയ്ക്ക് നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു. “

അച്ഛൻ അത് വന്നു പറയുമ്പോൾ അദ്ദേഹത്തെ നിർവികാരമായി നോക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ..

“അച്ഛന് എങ്ങനെയാണ് എന്നോട് ഈ ഒരു കാര്യം ആവശ്യപ്പെടാൻ കഴിയുന്നത്..? ഒട്ടും ദേഷ്യം തോന്നുന്നില്ലേ അച്ഛന്..? “

അവളുടെ തലയുയർത്തി നോക്കാൻ കഴിയാതെ അയാൾ മുഖം തിരിച്ചു.

“എനിക്ക് എന്തായാലും അവരെ പോയി കാണാൻ പറ്റില്ല.. എനിക്കിഷ്ടമല്ല അവരെ.. അല്ലെങ്കിൽ തന്നെ എന്ത് ബന്ധത്തിന്റെ പേരിലാണ് ഞാൻ അവരെ ഇഷ്ടപ്പെടേണ്ടത്..? 10 വയസ്സുള്ളപ്പോൾ എന്നെ ഉപേക്ഷിച്ചു പോയ അമ്മ എന്ന നിലയ്ക്ക് ആണോ..? “

അവൾ ദേഷ്യത്തോടെ ചോദിക്കുമ്പോൾ അയാൾ പതറിപ്പോയി.

” മോളെ.. നീ ഒരിക്കലും അങ്ങനെ പറയരുത്..നിന്നെ പ്രസവിച്ച സ്ത്രീയാണ് അവൾ..നിന്റെ അമ്മ അവളാണ് എന്നുള്ള സത്യത്തിൽ നിന്ന് നിനക്ക് ഒരിക്കലും ഓടി ഒളിക്കാൻ പറ്റില്ല.നീ എന്തായാലും അവളെ പോയി കണ്ടേ പറ്റൂ. അവളെ കാണാൻ നീ പോകുന്നില്ല എന്നാണെങ്കിൽ ഇനി ഒരിക്കലും എന്നെ തേടി നീ വരരുത്.. “

ശാസനയുടെ സ്വരത്തിൽ അച്ഛൻ പറയുമ്പോൾ അച്ഛനെ തീരെ മനസ്സിലാക്കാതെ നിൽക്കുകയായിരുന്നു ഞാൻ.

അച്ഛനും അമ്മയും ഞാനും അടങ്ങുന്ന സന്തുഷ്ടമായ കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന് കെഎസ്എഫ്ഇയിലാണ് ജോലി. അമ്മ ഒരു സാധാരണ വീട്ടമ്മ ആയിരുന്നു. അച്ഛനും അമ്മയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇരുവരും നല്ല സ്നേഹത്തിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. പക്ഷേ പെട്ടെന്നൊരു സുപ്രഭാതത്തിൽ എന്നെ അമ്പരപ്പിച്ചു കൊണ്ടാണ് ഇരുവരും തമ്മിൽ ഡിവോഴ്സ് ആവുന്നു എന്ന വാർത്ത പറഞ്ഞത്. എന്നെ കളിപ്പിക്കാൻ വേണ്ടി അവർ ഇരുവരും വെറുതെ പറയുന്നതായിരിക്കും എന്ന് മാത്രമേ ആ നിമിഷം ഞാൻ ചിന്തിച്ചുള്ളൂ.

അത് എന്നെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല എന്ന് എനിക്ക് ബോധ്യമായത് ഡിവോഴ്സ് കിട്ടിയ ദിവസം അവർ രണ്ടാളും എന്നോട് വന്ന് തങ്ങൾ വേർപിരിഞ്ഞു എന്ന് പറഞ്ഞപ്പോഴാണ്.അപ്പോഴും ഞാൻ ആർക്കൊപ്പം എന്നുള്ളത് ഒരു ചോദ്യചിഹ്നമായിരുന്നു. എനിക്ക് 10 വയസ്സേ അന്ന് പ്രായം ഉണ്ടായിരുന്നുള്ളൂ എങ്കിലും, സിനിമകളിലും സീരിയലുകളിലും ഒക്കെ കണ്ട അറിവ് വച്ച് ദമ്പതികൾ വേർപിരിഞ്ഞാൽ കുട്ടികളെ അവരിൽ ആരെങ്കിലും സ്വന്തമാക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഇനിയൊരിക്കലും അച്ഛനും അമ്മയും ഒരുമിച്ച് എന്നെ സ്നേഹിക്കില്ല എന്നത് എന്റെ ഉള്ളിൽ വലിയൊരു നെരിപ്പോടായി മാറി.

സ്വാഭാവികമായും ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെ അമ്മയ്ക്കൊപ്പം ആയിരിക്കും ഞാൻ എന്നാണ് ഞാൻ കരുതിയത്. കാരണം അന്നുവരെ എന്റെ എല്ലാ ആവശ്യങ്ങളും നടത്തി തന്നിരുന്നത് എന്റെ അമ്മയാണ്. പെൺകുട്ടികൾ അച്ഛന്റെ രാജകുമാരി ആയിരിക്കും എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെയും ആ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. അച്ഛന് ഞാൻ രാജകുമാരി തന്നെയായിരുന്നു. പക്ഷേ, അച്ഛൻ ഇന്നുവരെ എന്റെ ഒരു കാര്യങ്ങളും ചെയ്തു തരുന്നത് ഞാൻ ശ്രദ്ധിച്ചിട്ടില്ല. എനിക്ക് ആവശ്യമുള്ള എന്ത് സാധനവും അച്ഛൻ വാങ്ങിത്തരും. പക്ഷേ ഒരിക്കൽ പോലും എന്നെ ഒരുക്കി സ്കൂളിൽ വിടാൻ അച്ഛൻ വരാറില്ല. അതുകൊണ്ടുതന്നെ അച്ഛനൊപ്പം ഉള്ള എന്റെ ജീവിതം എങ്ങനെയായിരിക്കും എന്ന് ഒരു ഭയം ഉണ്ടായിരുന്നു. ആ ഭയത്തിൽ നിന്ന് കരകയറാൻ ഞാൻ കണ്ടുപിടിച്ച വഴിയാണ് അമ്മക്കൊപ്പമുള്ള ജീവിതം..!

പക്ഷേ അവിടെ എന്നെ നിരാശയാക്കിയത് എന്റെ അമ്മ തന്നെയായിരുന്നു.

” മോള് ഇനി മുതൽ അച്ഛന്റെ താമസിക്കുന്നത്.നിന്നെ കൂടി എനിക്ക് ഒപ്പം കൂട്ടാൻ എനിക്ക് കഴിയില്ല. മോളും അച്ഛനും സന്തോഷമായിരിക്കണം.”

അമ്മ അത് പറയുമ്പോൾ എനിക്ക് ആ സ്ത്രീയോട് വെറുപ്പാണ് തോന്നിയത്. പുതിയൊരു ജീവിതം തേടി പോകുമ്പോൾ ഞാൻ അവർക്ക് ഒരു ബാധ്യതയായി മാറി എന്ന് ഞാൻ ഊഹിച്ചു. അതുകൊണ്ടുതന്നെ പിറ്റേന്ന് അമ്മ പടി ഇറങ്ങി പോയപ്പോഴും അമ്മയെ ഒന്ന് നോക്കാൻ പോലും ഞാൻ ശ്രമിച്ചില്ല.

പിന്നീടുള്ള ദിവസങ്ങൾ അച്ഛൻ എന്നെ അമ്പരപ്പിക്കുകയായിരുന്നു. അമ്മ ആ വീട്ടിൽ ചെയ്തിരുന്ന ഓരോ കാര്യങ്ങളും അച്ഛൻ മനോഹരമായി ചെയ്യുന്നത് ഞാൻ കണ്ടു. എന്നെ ഒരു കാര്യത്തിലും ഒരു കുറവും വരുത്താതെ അച്ഛൻ എന്നെ നോക്കി. അച്ഛന് ഇങ്ങനെയൊക്കെ കഴിയുമോ എന്നായിരുന്നു എന്റെ ആശങ്ക..!

ഒരിക്കൽപോലും ഞാനത് അച്ഛനോട് ചോദിച്ചിട്ടില്ല.പക്ഷേ എന്റെ മനസ്സ് അറിഞ്ഞതുപോലെ അച്ഛൻ എല്ലാം ചെയ്തു തന്നിട്ടുണ്ട്.എന്തിനേറെ പറയുന്നു, എന്റെ ഉള്ളിൽ ഒരു പ്രണയം ഉണ്ടെന്ന് കണ്ടെത്തിയത് പോലും അച്ഛൻ ആയിരുന്നു..!

ഇപ്പോൾ എന്റെ പ്രണയം വിവാഹത്തിലേക്ക് അടുക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ അച്ഛൻ ഇങ്ങനെ ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇത്രയും വർഷങ്ങൾ തേടി വരാത്ത അമ്മ തേടി വരുന്നതിന് പിന്നിൽ എന്തോ കാരണമുണ്ട് എന്ന് തോന്നി. അച്ഛന്റെ ആഗ്രഹങ്ങൾക്ക് ഇന്നുവരെ തടസ്സം പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അമ്മയെ പോയി കാണാൻ തീരുമാനിച്ചു.

മുൻകൂട്ടി തീരുമാനിച്ചതു പോലെ ബീച്ചിലേക്ക് ആണ് പോയത്. ആളിനെ കണ്ടാൽ എനിക്ക് തിരിച്ചറിയാൻ കഴിയുമോ എന്ന് പോലും ഞാൻ ഭയന്നിരുന്നു. ആളൊഴിഞ്ഞ ഒരു കോണിൽ നിലത്തേക്ക് ഞാൻ ഇരുന്നു. അവിടെയിരുന്ന് എന്തൊക്കെയോ മനോരാജ്യം കാണുന്നതിനിടയിലാണ് ആരോ എന്റെ തോളിൽ തട്ടി വിളിച്ചത്. ഞെട്ടി തിരിഞ്ഞുനോക്കിയാൽ ഞാൻ അവിടെ നിൽക്കുന്ന രൂപത്തെ കണ്ടു അമ്പരന്നു.

“അമ്മ…”

ഞാൻ പറഞ്ഞത് കേട്ടു എന്ന് തോന്നി.കാരണം ആ ചെടികളിൽ മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അമ്മ മുൻപ് ഞാൻ കണ്ടിട്ടുള്ളതിൽ നിന്നും സുന്ദരി ആയതുപോലെയാണ് എനിക്ക് തോന്നിയത്.എങ്കിലും എന്നെ ഉപേക്ഷിച്ചു പോയതല്ലേ എന്തൊരു ചിന്ത എന്റെ മനസ്സിൽ ആ നിമിഷം തന്നെ കടന്നു വന്നു. അത് മനസ്സിലാക്കിയത് പോലെ അമ്മ ഒന്ന് പുഞ്ചിരിച്ചു.

” മോള് വന്നിട്ട് ഒരുപാട് നേരമായോ..? “

എന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് വാത്സല്യത്തോടെ ചോദിച്ചു.പണ്ടത്തെ വാശിക്കാരി എന്റെ ഉള്ളിൽ ഉണർന്നത് കൊണ്ടായിരിക്കാം ഞാൻ പിണക്കത്തോടെ മുഖം മാറ്റിയത്.അമ്മയ്ക്ക് അതുകൊണ്ട് വിഷമമായി എന്ന് തോന്നുന്നു.

“മോൾക്ക് അമ്മയോട് ദേഷ്യം ആയിരിക്കും എന്ന് അമ്മക്കറിയാം. പക്ഷേ മോൾക്ക് അറിയാത്ത കുറച്ച് അധികം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ട്. അത് ഇനിയെങ്കിലും മോൾ അറിഞ്ഞിരിക്കണം..”

അമ്മ പറഞ്ഞത് കേട്ടപ്പോൾ കൗതുകത്തോടെ നോക്കി.

” ഞാനും നിന്റെ അച്ഛനും തമ്മിൽ വേർപിരിഞ്ഞത് എന്തിനാണെന്ന് നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?”

അമ്മ ചോദിക്കുമ്പോഴാണ് സത്യം പറഞ്ഞാൽ ഞാൻ അതിനെക്കുറിച്ച് ആലോചിച്ചത്.

ഒരിക്കൽപോലും അച്ഛനും അമ്മയും തമ്മിൽ എന്തിനാണ് വേർപിരിഞ്ഞതെന്ന് ഞാൻ ചോദിച്ചിട്ടില്ല. അച്ഛൻ വിഷമിക്കരുത് എന്ന് മാത്രമാണ് അപ്പോഴൊക്കെ ഞാൻ ചിന്തിച്ചത്. അമ്മ പോയതിനു ശേഷം അച്ഛൻ എത്രത്തോളം പ്രതിസന്ധിയിലായിരുന്നു എന്ന് ഞാൻ കണ്ടിട്ടുള്ളതാണ്. അച്ഛൻ അമ്മയെ അത്രത്തോളം ഇഷ്ടമായിരുന്നു എന്ന് പോലും എനിക്ക് അപ്പോഴാണ് മനസ്സിലായത്.

“ഞങ്ങളുടെ ഇത് ഒരു അറേഞ്ച് മാര്യേജ് ആയിരുന്നു. പക്ഷേ കല്യാണത്തിന് മുൻപ് തന്നെ എനിക്ക് മറ്റൊരാളോട് ഇഷ്ടം ഉണ്ടായിരുന്നു. അത് പെണ്ണുകാണാൻ വന്നപ്പോൾ നിന്റെ അച്ഛനോട് ഞാൻ തുറന്നു പറഞ്ഞതുമാണ്. പക്ഷേ അദ്ദേഹത്തിന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. പിന്നെ വീട്ടുകാരുടെ നിർബന്ധം കൂടി ആയപ്പോഴേക്കും വിവാഹം നടന്നു. പക്ഷേ ഞങ്ങൾക്കിടയിൽ ഒരിക്കൽ പോലും പ്രണയം എന്നൊരു വികാരം ഉണ്ടായിരുന്നില്ല.അങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റില്ല.കാരണം അദ്ദേഹം എന്നെ ജീവനോളം പ്രണയിച്ചിരുന്നു. എനിക്കായിരുന്നു അദ്ദേഹത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നത്. ജീവിതത്തിന് എന്തെങ്കിലും ഒരു അർത്ഥം വേണമെന്ന് തോന്നിയപ്പോഴാണ് നീ ഞങ്ങൾക്ക് ഇടയിലേക്ക് വന്നത്. പിന്നീടുള്ള ഞങ്ങളുടെ ജീവിതം നിനക്ക് വേണ്ടിയായിരുന്നു. എന്റെ ലോകം തന്നെ നിന്നെ ചുറ്റിപ്പറ്റിയായിരുന്നു. പക്ഷേ എന്നെ ഇഷ്ടപ്പെടുത്താൻ അദ്ദേഹം ഒരുപാടൊക്കെ പരിശ്രമിച്ച എങ്കിലും അതിൽ അദ്ദേഹം തോറ്റു പോകുകയായിരുന്നു. ഞാൻ ശ്വാസംമുട്ടി അവിടെ കഴിയുന്നത് അദ്ദേഹം പലപ്പോഴും മനസ്സിലാക്കിയിരുന്നു. അങ്ങനെ കാര്യങ്ങൾ കടന്നു പോകുമ്പോഴാണ് ഞാൻ മുമ്പ് പ്രണയിച്ചിരുന്നയാൾ ഇപ്പോഴും വിവാഹിതനല്ല എന്ന വാർത്ത ഞാൻ അറിയുന്നത്. എന്നെ ഓർത്ത് ജീവിതം തള്ളി നിൽക്കുന്ന അയാളെ കൂടി കണ്ടപ്പോൾ എനിക്ക് ആകെ കുറ്റബോധം തോന്നി. ഞാൻ കാരണം രണ്ടു പുരുഷനോട് ജീവിതമാണ് നശിക്കുന്നത് എന്നൊരു തോന്നൽ. എന്റെ മനസ്സ് മനസ്സിലാക്കിയത് പോലെയാണ് നിന്റെ അച്ഛൻ എന്നോട് വേർപിരിയാം എന്ന് പറയുന്നത്. എനിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആ തീരുമാനം എനിക്ക് അനുഗ്രഹമായിരുന്നു.”

അമ്മ പറഞ്ഞതൊക്കെ ഒരു നാടോടി കഥ കേൾക്കുന്ന കൗതുകത്തോടെയാണ് ഞാൻ കേട്ടിരുന്നത്.

“ഇപ്പോൾ ഞാൻ സന്തോഷവതിയാണ്.എന്റെ പ്രണയത്തോടൊപ്പം ഞാൻ ഇപ്പോൾ ജീവിക്കുന്നു. ഞങ്ങൾക്ക് രണ്ടു മക്കളുണ്ട്. അപ്പോഴൊക്കെ എന്നെ വേദനിപ്പിച്ച ഒരേ ഒരാൾ നീയാണ്. നിന്നെ ഓർത്ത് ഞാൻ വേദനിക്കാത്ത ദിവസങ്ങൾ ഉണ്ടാകില്ല. നിന്നെ അച്ഛനോടൊപ്പം നിർത്തിപ്പോയതിൽ എനിക്ക് വ്യക്തമായ ഒരു കാര്യം ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ വേർപിരിയുമ്പോൾ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് അത് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ കുഞ്ഞിനെ എങ്കിലും അദ്ദേഹത്തിൽ നിന്ന് അകറ്റരുത് എന്ന്. എനിക്ക് വേണ്ടി ഇത്രയുമൊക്കെ ചെയ്തതെന്ന് ആ മനുഷ്യനെ വേദനിപ്പിക്കാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ട് മാത്രമാണ് നിന്നെ അദ്ദേഹത്തെ ഏൽപ്പിച്ച് ഞാൻ പോയത്. അല്ലാതെ നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല. ഇപ്പോൾ നിന്റെ വിവാഹമാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞിരുന്നു. ദാമ്പത്യത്തിലേക്ക് കടക്കുന്ന മകളെ കാണാൻ വരാൻ തോന്നി. അതുകൊണ്ടാണ് ഇപ്പോൾ നിന്നെ തേടി ഞാൻ വന്നത്. അത് നിനക്ക് ഇഷ്ടമായിട്ടില്ല എന്ന് എനിക്കറിയാം.”

അമ്മ അത് പറയുമ്പോഴേക്കും ഞാൻ കരഞ്ഞു പോയിരുന്നു.

” സത്യം പറഞ്ഞാൽ ഈ നിമിഷം കാര്യങ്ങളെല്ലാം ബോധ്യപ്പെടുന്നത് വരെ അമ്മയോട് എനിക്ക് ദേഷ്യം മാത്രമേ തോന്നിയിട്ടുള്ളൂ. പക്ഷേ ഇപ്പോൾ അതിൽ ഒരു കുറവ് വന്നിട്ടുണ്ട്. അമ്മയോട് ഇപ്പോൾ മുമ്പ് തോന്നിയിരുന്നതുപോലെ എനിക്ക് വെറുപ്പൊന്നും തോന്നുന്നില്ല. എന്നാൽ ഇഷ്ടമുണ്ടോ എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഒരു മറുപടി തരാൻ എനിക്ക് പറ്റില്ല. നിങ്ങൾക്കിടയിൽ പ്രണയം ഇല്ലാത്തതുകൊണ്ട് നിങ്ങൾ ഒന്നിച്ചു ജീവിക്കണം എന്നൊരു അഭിപ്രായം ഒന്നും എനിക്കില്ല.. പിന്നെ അമ്മ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ എനിക്ക് ഇത്തിരി സമയം വേണം. അത്രമാത്രം.. “

അവൾ അത് പറയുമ്പോൾ ആ അമ്മ അവളെ ചേർത്തു പിടിച്ചു. തിരികെ കിട്ടിയ മകളെ ഓർത്ത് അവർ സന്തോഷിക്കുമ്പോൾ, അവൾ ചിന്തിച്ചത് തന്റെ പ്രണയത്തെക്കുറിച്ച് ആയിരുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലും താങ്കൾക്കിടയിലെ പ്രണയം നഷ്ടമാകുമോ എന്ന് അവൾക്ക് ചെറിയ ഒരു ഭയം തോന്നി. പക്ഷേ ആ ഭയത്തിന് അവളുടെ ജീവിതത്തിൽ സ്ഥാനമില്ല എന്നു പറയുന്നതുപോലെ അവളുടെ ഉള്ളിൽ അപ്പോഴും ആ കണ്ണുകൾ ചിമ്മി തുറക്കുന്നുണ്ടായിരുന്നു…!