രചന : ദേവി
::::::::::::::::
ചുവന്ന നാടയിൽ തുന്നിയ ആയിരം മണികളുള്ള ചിലങ്ക നെഞ്ചോട് ചേർത്ത് പിടിച്ചവൾ ആ ഇടവഴിയിൽ അവനായ് കാത്തുനിന്നു…..ഇടവഴിയിൽ തണൽവിരിച്ചുനിന്ന മുത്തശ്ശി മാവിന്റെ കൊമ്പിലെ മാണിക്യം തോൽക്കുന്ന മാമ്പഴങ്ങൾ കാറ്റിലാടി……കൈയ്യിലെ കുപ്പിവളകൾ പരിഭ്രമത്തോടെ ഒച്ചയുണ്ടാക്കി……
അവളുടെ മിഴികൾ അവനായ് ചുറ്റും പരതി…. ആ പൊടിമീശക്കാരന് വേണ്ടി…… അവനായ് ആ കൗമാരക്കാരി പ്രണയം നിറച്ച്, കരുതിവെച്ച ഒരു തുണ്ട് കടലാസ് ചിലങ്കൾക്കിടയിൽ കിടന്ന് വീർപ്പുമുട്ടി…
സന്ധ്യാംബരം ചുവന്നു തുടുത്തു… ആകാശത്തിന്റെ നെറ്റിത്തടത്തിൽ ചാർത്തിയ ചുവന്ന വട്ടപ്പൊട്ടു പോലെ സൂര്യൻ പ്രകാശിച്ചു…..
ആ പൊടിമീശക്കാരൻ ഇടവഴിയിൽ പ്രത്യക്ഷപ്പെട്ടു….. കൈയ്യിലെ കൊച്ചു പുസ്തകത്തിലെ താളുകളിൽ ഒളിപ്പിച്ചു വച്ച മയിൽപ്പീലി പുറത്തേക്കൽപ്പം കാണാനുണ്ടായിരുന്നു….നെറ്റിയിലെ ചന്ദനക്കുറിയും, കവിളിലേ നുണക്കുഴിയും അവന് കൂടുതൽ ഭംഗിയേകി…
ചിലങ്കയ്ക്കിടയിൽ വീർപ്പുമുട്ടി നിന്നിരുന്ന കടലാസ് തുണ്ടവൾ കൈക്കുള്ളിൽ എടുത്ത് പിടിച്ചു….ഹൃദയം വല്ലാതെ മിടിക്കുന്നു…ചുണ്ടുകൾ വിറയാർന്നു ….അവൻ അടുത്തുവരും തോറും നാണത്താൽ മേനിയിൽ ആയിരം പൂക്കൾ വിടരും പോലെ…..
“മേലേടത്ത് തറവാട്ടിലെ തമ്പുരാട്ടിക്കുട്ടിയെന്താ ഇടവഴിയിൽ തനിച്ചു നിൽക്കുന്നത്?? ഒറ്റയ്ക്ക് പോവാൻ പേടിയാണോ??”
കുസൃതി ചിരി ചുണ്ടിൽ ഒളിപ്പിച്ചവൻ അവളോട് ചോദിച്ചു….ആ പെണ്ണിന്റെ ഹൃദയത്തിൽ പനിനീർപ്പൂക്കൾ വസന്തം തീർത്തു…..കാതിൽ മുഴങ്ങിയ അവന്റെ ശബ്ദം ഹൃദയത്തിൽ ആഴ്ന്നിറങ്ങി….
“അത്… നിക്കി ……”
“അനിയേട്ടാ…… “
കൈയ്യിലെ കടലാസ് തുണ്ടവൾ അവന് നേരെ നീട്ടവേ പുറകിൽ നിന്നൊരു ശബ്ദം കേട്ട് രണ്ട് പേരും തിരിഞ്ഞു നോക്കി….
ആ കടലാസ് തുണ്ടവൾ വേഗം ചിലങ്കയ്ക്കിടയിൽ ഒളിപ്പിച്ചു…..
ഒരു പാട്ടുപാവാടകാരി അവർക്കിടയിലേക്ക് വന്നു…. ചുരുണ്ട മുടിയും, വെള്ളാരങ്കണ്ണുകളുമുള്ള ഒരു പെണ്ണ്….
“വാ അനിയേട്ടാ പോവാം…. ആരാത്??”
അവന്റെ കൈയും പിടിച്ച്, പോകാനൊരുങ്ങാവേ ചിലങ്കയുമായി നിൽക്കുന്നവളെ കണ്ടവൾ അവനോട് ചോദിച്ചു…..
“ഇത് മേലേടത് തറവാട്ടിലെ തമ്പുരാട്ടി കുട്ടിയാ…. ദ്രൗപതി……” ആ ചുരുണ്ട മുടിക്കാരി അവൾക്കൊരു ചിരി സമ്മാനിച്ചു…..പിന്നീടവന്റെ കൈയ്യും ചേർത്ത് പിടിച്ച്, ആ ഇടവഴിയിലൂടെ നടന്നു നീങ്ങി…..
ചിലങ്കയ്ക്കിടയിലെ കടലാസ് തുണ്ടവൾ കീറിയെറിഞ്ഞു…..കണ്ണിൽ നീർമുത്തുകൾ ഉരുണ്ടുകൂടി….കണ്ണീരിന്റെ നേർത്ത പാടയിലൂടെയവൾ കണ്ടു ആ ചുരുണ്ടമുടിക്കാരിയോടൊപ്പം കൈ കോർത്ത് നടന്നു പോവുന്ന അവനെ..ആ പൊടിമീശക്കാരനെ……
ഉറക്കത്തിൽ നിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റവൾ ചുറ്റും നോക്കി… ഓർമ്മകൾക്കിന്നും അവളുടെ മനസ്സിനുള്ളിൽ പത്തരമാറ്റാണ്……..നഷ്ട പ്രണയത്തിന്റെ കൂരമ്പുകൾ ആഴ്ന്നിറങ്ങിയ ഹൃദയത്തിലെ മുറിവിന്നും ഉണങ്ങിയിട്ടില്ല……
കണ്ണുകൾ തിരുമ്മിയവൾ ക്ലോക്കിലേക്ക് നോക്കി…..മൂന്ന് മണി……ഊണ് കഴിഞ്ഞുള്ള ഉച്ചമയക്കത്തിൽ ആയിരുന്നവൾ…..
വേഗം എഴുന്നേറ്റ് ഫ്രഷായി…., അരയ്ക്ക് കീഴെ വളർന്നിറങ്ങിയ മുടി എല്ലാം കൂടെ കൂട്ടി ഉച്ചിയിൽ കെട്ടി വച്ചു…ബാഗിൽ എല്ലാം എടുത്തുവച്ചിട്ടില്ലേ എന്ന് ഒന്നുടെ നോക്കി ഉറപ്പുവരുത്തിയിട്ടവൾ ബാഗുമായ് താഴോട്ടിറങ്ങി….
“കേശവാ… ഇന്ന് ദച്ചു മോളുടെ നൃത്തം സരോവരം ഹാളിൽ നടക്കുന്നുണ്ട്…. നീ മോളേ കൊണ്ടുപോണം ഒരു 6 o’ clock ഒക്കെ ആവുമ്പോൾ പ്രോഗ്രാം സ്റ്റാർട്ട് ചെയ്യും… So,You have to drop her there…”
ദേവരാജവർമ്മയുടെ വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ അദ്ദേഹം നിന്നു…
“അത്… Sir… ഒരു ഓപ്പറേഷൻ കഴിഞ്ഞ കാര്യം ഞാൻ സർനോട് പറഞ്ഞിരുന്നുവല്ലോ….. ഇനി വണ്ടി ഓടിക്കരുതെന്ന ഡോക്ടർ പറഞ്ഞത്…”
“ശെടാ അപ്പൊ എന്ത് ചെയ്യും കേശവാ…എനിക്കും കൃഷ്ണനും drop ചെയ്യാൻ പറ്റില്ല, അവളെ ഒറ്റയ്ക്ക് വിടാനും ധൈര്യം പോര.. ഡാൻസ് മാറ്റിവെക്കാന്നു വച്ചാൽ that’s impossible…”
“Sir വിഷമിക്കണ്ട.. ഞാൻ അനിയെ കൊണ്ടുവന്നിട്ടുണ്ട്… എനിക്ക് പകരം അവൻ കൊണ്ടുപോവും മോളേ.. “
“ആഹാ അനി വന്നിട്ടുണ്ടോ?? എവിടെ അവൻ??കണ്ടിട്ട് ഒരുപാടായല്ലോ…അവനിപ്പോ ന്താ ചെയ്യുന്നേ??”
“അനി ബാംഗ്ലൂരിൽ ആയിരുന്നു സാറെ..അവിടെ എഞ്ചിനീയറിംഗ് ന് പഠിക്കായിരുന്നു… അത് കഴിഞ്ഞ് നാട്ടിൽ എത്തീട്ടുണ്ട്…”
“ആഹാ എവിടെ അവൻ വിളിക്കൂ…..”
“അനീ….”
ഗേറ്റിന് മറവിൽ നിന്നൊരു ചെറുപ്പക്കാരൻ തറവാടിന്റെ മുറ്റത്തേക്ക് വന്നു…….നെറ്റിയിലേക്ക് വീണ് കിടന്ന മുടികൾക്കിടയിലെ ചന്ദനക്കുറി അല്പം വെളിയിലേക്ക് കാണാം… ചുണ്ടിൽ മായാത്ത വശ്യമായൊരു പുഞ്ചിരി ഒളിപ്പിച്ചവൻ….അനിരുദ്ധൻ…….
“എടോ കേശവാ ഇവൻ അങ്ങ് വളർന്നു പോയല്ലോ…..പ്രീ ഡിഗ്രി ചെയ്യുമ്പോ കണ്ടതല്ലേ… പിന്നെ ഇപ്പോഴല്ലേ കാണുന്നെ….” തറവാട്ടിലെ കാരണവർ ദേവരാജവർമ്മ തന്റെ അതിശയം മറച്ചുവച്ചില്ല…
“ജോലി വല്ലോം ആയോ അനീ??”
“ഇല്ല സാർ നോക്കുന്നുണ്ട്…”
“പിന്നെ കാര്യങ്ങൾ ഒക്കെ കേശവൻ പറഞ്ഞിട്ടുണ്ടാവുമല്ലോ… ദച്ചു മോളുടെ പൂർണ്ണ ഉത്തരവാദിത്തം നിനക്കാണ്….അവളെ സുരക്ഷിതമായി ഇവിടെ എത്തിക്കേണ്ടതും….”
അവൻ അതിനെല്ലാം തലയാട്ടി…അവന്റെ ചിന്തയിൽ മുഴുവൻ അവളായിരുന്നു… ആ ദാവണിക്കാരി…..കൗമാരത്തിൽ ഉള്ളിൽ തോന്നിയോരിഷ്ട്ടം… മേലേടത്ത് തറവാട്ടിലെ ദ്രൗപതി വർമ്മ…..അതും വെറും ഇഷ്ടമായിരുന്നില്ലെന്നവൻ പിന്നീട് തിരിച്ചറിഞ്ഞു…..നോക്കുന്നെടത്തെല്ലാം ആ ദാവണികാരിയുടെ ഭാവങ്ങൾ വിരിയുന്ന മുഖം, നുണക്കുഴി കാട്ടിയുള്ള ആ ചിരി, കാലിലെ ചിലങ്ക തൻ നാദം…..
“വല്യച്ചാ ഞാൻ റെഡി…കേശവൻ മാമ്മനോട് വരാൻ പറഞ്ഞോളൂ.. “
അവളുടെ ശബ്ദമാണവനെ ഉണർത്തിയത്….തിടുക്കപ്പെട്ടവൻ അകത്തേക്ക് നോക്കി…പടിയിറങ്ങി വരുന്ന തന്റെ ദാവണിക്കാരിയെ കാണാൻ….
കാലം അവളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയതവൻ കണ്ടു… ദവാണിയിൽ നിന്നും മാറി,കുർത്തയും ജീൻസുമാണ് വേഷം…….മുഖത്തു നിഷ്കളങ്കതയ്ക്ക് പകരം വേറെന്തോ ഭാവം……എന്നാലും ആ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിട്ടില്ല… ആരെയും ആകർഷിക്കുന്ന ആ നുണക്കുഴി കവിളുകൾ തുടുത്തുതന്നെയിരിക്കുന്നു… ചുണ്ടിൽ മായാത്ത മന്ദാഹാസം…….
കേശവൻ മാമ്മയ്ക്ക് പകരം മുറ്റത്ത് നിൽക്കുന്ന ചെറുപ്പക്കാരനെ അവളും ഒന്ന് ശ്രദ്ധിച്ചു….
അനീ….അനിരുദ്ധൻ……
വർഷങ്ങൾക്കു മുന്നേ തന്റെ ജീവിതത്തിൽ നിന്ന് കീറിമാറ്റിയൊരു ഏട്.. എന്നിട്ടും താനവനെ ഓർത്തിരുന്നില്ലേ…അവനായി തന്റെ കണ്ണിൽ നിന്നും കണ്ണീർ പൊഴിയാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ടോ… ഇല്ല…അത്ര പെട്ടന്നൊന്നും ഈ ദ്രൗപതിക്ക് പ്രാണനായ് കരളിൽ കൊണ്ടുനടന്നവനെ മറക്കാൻ കഴിയില്ല…..
ആ ചുരുണ്ട മുടിക്കാരിയുടെ രൂപം ഉള്ളിൽ തെളിഞ്ഞു വന്നതും ഹൃദയം വല്ലാതെ നീറുന്നത് പോലെ തോന്നിയവൾക്ക്…ഇല്ല ഇനിയും കോമാളിയാവാൻ വയ്യ ആ പെണ്ണിന്…
ബാഗ് ഡിക്കിയിൽ എടുത്ത് വച്ചവൾ പിന്നിലെ സീറ്റിൽ കയറിയിരുന്നു…..യാത്രയിൽ ഇടയ്ക്കിടെ അവളുടെ നേരെ നീണ്ടു വന്ന അവന്റെ നോട്ടങ്ങൾ അവൾ ഗൗനിച്ചില്ല….
മിററിലൂടെ, സീറ്റിൽ കണ്ണടച്ച് കിടന്ന്, കൈയിൽ മുദ്രകൾ വിരിയിക്കുന്നവളെ അവൻ ഏറെ പ്രേമത്തോടെ നോക്കി…അവളുടെ മുഖത്തു മിന്നിമറയുന്ന ഭാവങ്ങൾ ഏറെ കൗതുകത്തോടെ കണ്ണുകൊണ്ട് ഒപ്പിയെടുത്ത് ഹൃദയത്തിൽ സൂക്ഷിച്ചു….
“സരോവരം ഓഡിറ്റോറിയത്തിൽ അല്ലേ പ്രോഗ്രാം??” അവൻ തന്നെ മൗനത്തെ കീറി മുറിച്ചു കൊണ്ട് ചോദിച്ചു…
“മ്മ് ” ഒട്ടും താല്പര്യം ഇല്ലാതെ അവളൊന്ന് മൂളി…
“ഭരതനാട്യം ആണോ??”
“മ്മ് “
“എനിക്ക് താൻ കുച്ചി….”
“Could you please stop these kind of loose talks… Non sense “
അവന് നേരെ അലറിക്കൊണ്ടവൾ ദേശ്യത്തോടെ മുഖം തിരിച്ചു…
പിന്നെയവനൊന്നും മിണ്ടിയില്ല…ഓർമ്മകളിലേക്ക് സഞ്ചരിച്ചു…..മേലേടത് തറവാട്ടിലെ ഡ്രൈവറുടെ മകൻ എന്നതിലുപരി എല്ലാ സ്വാതന്ത്ര്യവും തനിക്കവിടെ ഉണ്ടായിരുന്നു…. ദ്രൗപതി എന്ന എല്ലാവരുടെയും ദച്ചു ഒരു കാലത്ത് തനിക്ക് അമ്മുവായിരുന്നു…..സ്കൂളിലേക്ക് കൊണ്ടുപോവുന്നതും കൂട്ടിക്കൊണ്ട് വരുന്നത് ഒക്കെ താനായിരുന്നു….താനായിരുന്നു അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ… തനിക്കും അങ്ങനെ തന്നെ… ബാല്യം വിട്ട് കൗമാരത്തിലേക്ക് ചേക്കേറിയതും, തറവാട്ടിലെ സ്ത്രീജനങ്ങൾ തന്നോട് അധികം കൂട്ടുകൂടുന്നതിൽ നിന്നും അവളെ വിലക്കി… എന്നിരുന്നാലും അവർ തമ്മിൽ കാണാറുണ്ടായിരുന്നു… സംസാരിക്കാറുണ്ടായിരുന്നു…
തനിക്കവളോടുള്ള സൗഹൃദം പ്രണയമായതെന്നാണെന്നറിയില്ല…വെറും ഡ്രൈവറുടെ മകന് പേരുകേട്ട തറവാട്ടിലെ പെണ്ണിനെ ആഗ്രഹിക്കാനുള്ള യോഗ്യത ഉണ്ടൊന്നും അറിയില്ല… പക്ഷെ ഇഷ്ടപ്പെട്ടു പോയി താൻ….. പറയാതെ ഉള്ളിൽ കൊണ്ടുനടന്നൊരു മൗനപ്രണയം….
എന്നാണ് അവൾക്ക് താൻ അന്യനായതെന്നറിയില്ല….. പതിയെ എന്നിൽ നിന്നും അകന്നു പോയവൾ……അവളുടെ അവഗണന സഹിക്കവയ്യാതെയാണ് ബാംഗ്ലൂർക്ക് പോയത്… ഇപ്പോഴിതാ ഒരിക്കലും അടുക്കാത്ത കാന്തത്തിന്റെ രണ്ട് ദ്രുവങ്ങൾ പോലെയായി…..
അവളുടെ ഓർമ്മകളും അവനെക്കുറിച്ചായിരുന്നു… ഒരു കാലത്ത് ഒരിക്കലും വേർപിരിയില്ലെന്ന് പറഞ്ഞു നടന്നവർ… എല്ലാവരും അസൂയയോടെ നോക്കിക്കണ്ട സൗഹൃദം…..
“സ്ഥലം എത്തി…”
അവന്റെ വാക്കുകൾ അവളെ ഉണർത്തി…
ബാഗും എടുത്തവൾ ഇറങ്ങി ഓഡിറ്ററിയത്തിലേക്ക് നടന്നു…
“താ-ഹ-ത ജം തരി താ ത-ത -ഹ-ജം തരി തെയ് ത-തി കിണതോം ത-ക -ത -തി -കിണതോം ത -ക തക ദികു ത -തി കിണതോം
മുല്ലൈയ് നടയ് മലരാൽ മുത്തു മൊഴിയുതിര്… മുല്ലൈയ് നടയ് മലരായ് മുത്തു മൊഴിയുതിര്….മെല്ലെയെന്നിൽ വരുവാൻ മോഹം പിറക്കുതേടി…മേല്ലേയെന്നിൽ വരുവാൻ മോഹം പിറക്കുതേടി… കണ്ണൻ വരെ….”
സ്റ്റേജിൽ നിറഞ്ഞാടുന്നവളെ അവൻ കൺ നിറയെ കണ്ടു…..സംഗീതത്തോടൊപ്പം ചലിക്കുന്ന പാദങ്ങൾ… പാദങ്ങൾക്കൊത്തു ചലിക്കുന്ന കരങ്ങൾ…. മുഖത്തു വിരിഞ്ഞ ഭാവങ്ങൾ ആ നൃത്തത്തിന് പ്രത്യേക ഭംഗി നൽകി…. തികഞ്ഞ നർത്തകി…
അവളുടെ നൃത്തം അവനെന്നും ഇഷ്ടമാണ്….. നീണ്ട വിരലുകളിൽ വിരിയുന്ന മുദ്രകൾ അവന്റെ ഹൃദയത്തിൽ മായിക വസന്തം തീർത്തു…
നൃത്തം അവസാനിച്ചതും മുഴങ്ങി കേട്ട കരഘോഷം അവളെ ആനന്ദത്തിൽ ആറാടിച്ചു… സ്വയം മറന്ന് നൃത്തം ചെയ്തതിന് അവസാനം ലഭിക്കുന്ന സദസ്സിന്റെ നിറഞ്ഞ കൈയ്യടികൾ അവൾക്കെന്നും ഒരു ല ഹരിയായിരുന്നു…..
അവനും കൈയ്യടിച്ചു തന്റെ പ്രിയതമയ്ക്ക് വേണ്ടി, നിറഞ്ഞ മനസ്സോടെ….
പിന്നീടുള്ള നൃത്തപരിപാടികളിലെല്ലാം അവൾക്ക് കൂട്ടായ് അവനുണ്ടായിരുന്നു… എത്ര തവണ കണ്ടതാണെങ്കിലും ഓരോ നൃത്തവും ഒരു മടുപ്പും കൂടാതെയവൻ വീണ്ടും വീണ്ടും കണ്ടു……
അവൾ അവനെ തീർത്തും അവഗണിച്ചു…അവൻ,ചുരുണ്ട മുടിക്കാരിയുടെ കൈയും പിടിച്ചു ഇടവഴിയിലൂടെ നടന്ന ആ രംഗം അവൾക്കിന്നും മറക്കാൻ സാധിക്കുന്നില്ല..
എത്ര അവഗണിച്ചിട്ടും അവൻ അവളെ പ്രണയിച്ചു കൊണ്ടിരുന്നു….
“ഒരു ബോട്ടിൽ വെള്ളം വേണം…” പതിവ് പോലെ നൃത്തവും കഴിഞ്ഞു മടങ്ങി വരുകയായിരുന്നു അവർ…വെള്ളം വാങ്ങാൻ അവൾ അവന് നേരെ നീട്ടിയ atm കാർഡ് അവൾക്ക് തന്നെ തിരിച്ചു നൽകി…
വണ്ടി ഒതുക്കിയിട്ടവൻ റോഡിന് മറുവശത്തുള്ള കടയിലേക്ക് നടന്നു….
“ആഹ്ഹ്ഹ് …….”
അവളുടെ അലർച്ചയവന്റെ കാതിൽ മുഴങ്ങി….തിരിഞ്ഞു നോക്കിയതും അവൻ കണ്ടത് റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന തന്റെ ദാവണികാരിയെയായിരുന്നു….നിയന്ത്രണം വിട്ട് വന്ന ലോറി നിർത്തിയിട്ട കാറിനെ ഇടിച്ചു തെറിപ്പിച്ചപ്പോൾ, റോഡിലേക്ക് തെറിച്ചു വീണ്, രക്തത്തിൽ മുങ്ങി കിടക്കുന്നയവളെ അവൻ നെഞ്ചോട് ചേർത്തു….
“അമ്മൂ……” അവളെ മടിയിൽ കിടത്തി അവൻ അലറികരഞ്ഞു….
കണ്ണിൽ ഇരുട്ട് വന്ന് മൂടുമ്പോഴും അവൾ കണ്ടിരുന്നു ആ പൊടിമീശക്കാരനെ, അവന്റെ അമ്മു എന്നുള്ള വിളി അവളുടെ കാതിൽ പതിഞ്ഞിരുന്നു അപ്പോൾ..
*********************
കൺപീലികൾ നന്നേ പാട് പെട്ടവൾ തുറന്നു….കണ്ണുകൾക്ക് വല്ലാത്ത കനം… തല പൊട്ടിയടരുന്ന വേദന…
കണ്ണ് തുറന്നതും തറവാട്ടിൽ ഉള്ളവർ എല്ലാരും ചുറ്റും കൂടി നിൽക്കുന്നു…..അമ്മ കണ്ണീരൊപ്പിക്കൊണ്ട് അച്ഛനെ ചാരി നിന്നു….അച്ഛൻ അമ്മയെ ചേർത്തു പിടിച്ചിട്ടുണ്ട്…
എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..
“മോളേ….”
“നിക്കൊന്നും ഇല്ല വല്യച്ചാ…പേടിക്കണ്ട….”
“അധികം സ്‌ട്രെയിൻ ചെയ്യരുത്….ബോധം വന്ന സ്ഥിതിക്ക് 24 hours ഒബ്സെർവഷനിൽ ഇട്ടിട്ട് റൂമിലേക്ക് മാറ്റും അപ്പോൾ സംസാരിക്കാം ഇപ്പൊ എല്ലാവരും പുറത്ത് പോണം…” നേഴ്സ് വന്ന് പറഞ്ഞതും എല്ലാവരും മനമില്ലാമനസ്സോടെ പുറത്തേക്കിറങ്ങി…
“വല്യച്ചാ…” പതിയെയവൾ വിളിച്ചു…
“എന്താ മോളേ…??”
“എനിക്ക് അനിയെ ഒന്ന് കാണണം…”
“മ്മ് “
അവർ പോയതും അവൻ അകത്തേക്ക് കയറി….ദേഹം മുഴുവൻ ര ക്തമാണ്…കരഞ്ഞു കലങ്ങിയ കണ്ണുകൾ.. തിടുക്കത്തിൽ വന്നവൻ അവളുടെ അടുത്ത് നിന്നു…
അവൾ അവന്റെ കണ്ണിലേക്ക് നോക്കി…അമ്മു എന്നുള്ള വിളി ഇപ്പോഴും ഹൃദയത്തിൽ കേൾക്കാം…..
“ന്തിനാ…..ന്തിനാ……ന്നെ രക്ഷിച്ചത്??ഞാൻ… ഞാൻ അവഗണിച്ചിട്ടല്ലേ ഉള്ളൂ ഇത്രേം നാളും….എന്നിട്ടും….”
വിക്കി വിക്കി പറയുന്നവളെ അവൻ അതിശയത്തോടെ നോക്കി… അവന്റെ ദാവണിക്കാരി പെണ്ണായിരുന്നു അപ്പോഴവൾ…
പതിയെ നടന്നുചെന്നവൻ അവളുടെ നെറ്റിയിൽ തലോടി… വേദന അലിഞ്ഞില്ലാതാവുന്നതവൾ അറിഞ്ഞു…. പിന്നെ പതിയെ ആ നെറ്റിയിൽ ചുണ്ട് ചേർത്തു ….. കണ്ണീർ അവളുടെ ചെന്നിയിലൂടെ അരിച്ചിറങ്ങി മുടി ചുരുളിൽ തട്ടി ഇല്ലാതായി…..
ഇടവഴിയിലൂടെ നടന്നു നീങ്ങുന്ന ആ പൊടിമീശക്കാരനും, ചുരുണ്ട മുടിക്കാരിയും മനസ്സിൽ നിന്ന് മാഞ്ഞു പോയി… പകരം കുളക്കടവിൽ ആരും കാണാതെ ഒന്നിച്ചിരുന്നു കഥ പറയുന്ന പൊടിമീശക്കാരനും ദവണിക്കാരിയും അവളുടെ ഉള്ളിൽ തെളിഞ്ഞു..
***************
“അമ്മു…..”
അനന്തതയിലേക്ക് മിഴിയയച്ചവൾ ജനാലയ്ക്കരികിൽ ഇരിക്കുകയായിരുന്നു…
അവന്റെ വിളി കേട്ടതും വീൽ ചെയറിന്റെ ചക്രം പതിയെ തിരിച്ചവൾ അവനഭിമുഖമായി നിന്നു…ആ അപകടത്തിൽ അരയ്ക്ക് താഴോട്ടു തളർന്നിരുന്നു അവളുടെ ശരീരം…മനസ്സാകെ മരവിച്ചിരുന്നു… അവളേറെ സ്നേഹിച്ച ചിലങ്കകൾ ഇനി അണിയാൻ സാധിക്കില്ല എന്ന കയ്പ്പുള്ള സത്യം അംഗീകരിച്ചു വരുന്നുണ്ടവൾ….
അവനായ് അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു… ഇപ്പോഴുള്ള ഏകാന്തതയിൽ അവനാണ് അവൾക്ക് കൂട്ട്….
അവൾക്കരികിലേക്ക് നടന്നു വന്നവൻ അവളെ വീൽ ചെയറിൽ നിന്ന് കോരിയെടുത്തു…..
“അനി… ന്താ ചെയ്യുന്നേ… താഴെ ഇറക്കെന്നെ…”
അവളുടെ എതിർപ്പുകൾ വകവെക്കാതെ അവൻ കോണിപ്പടികളിറങ്ങി…. പടിപ്പുര കടന്ന് ഇടവഴിയിലേക്ക് പ്രവേശിച്ചു…
അവൾ അതെല്ലാം ആസ്വദിച്ചു… ഏറെ നാളുകൾക്ക് ശേഷമാണവൾ ഇങ്ങനെ പുറത്തിറങ്ങുന്നത്…. അല്ലെങ്കിൽ എല്ലാടത്തും വീൽ ചെയറിന്റെ അകമ്പടിയോടെയാണ് യാത്ര…ഇപ്പോഴവൾ സ്വതന്ത്രയായത് പോലെ….
ഇളം കാറ്റ് അവളുടെ മുടിയിഴകളെ പാറിപ്പറത്തി…..
ഇടവഴിയിലെ മുത്തശ്ശി മാവിന്റെ തിണ്ണയിൽ അവൻ അവളെ കൊണ്ടിരുത്തി….ഓർമ്മകൾ അവളുടെ മനസ്സിലേക്കോടിയെത്തി…മുത്തശ്ശി മാവും, ഇടവഴിയും, എല്ലാം അവൾ കൺ നിറയെ കണ്ടു…
ചിലങ്കയുടെ മണിനാദം കേട്ടപ്പോഴാണവൾ കാഴ്ചകളിൽ നിന്ന് കണ്ണിനെ പറിച്ചെടുത്തത്….താഴെ കുനിഞ്ഞിരിക്കുന്ന അനിരുദ്ധനിൽ അവളുടെ കണ്ണുകൾ പതിഞ്ഞു… കൂടെ കാലിലെ ചിലങ്കയിലും…
അവളുടെ കണ്ണുകൾ നിറഞ്ഞു…. അല്ല ഹൃദയം നിറഞ്ഞു….. കണ്ണീർ കവിളിനെ ചുംബിച്ചു താഴ്ട്ടോഴുകി…..
മിഴിനീർ വാർക്കുന്നവളെ അവൻ നെഞ്ചോട് ചേർത്ത് പിടിച്ച്… കൈയ്യിൽ കരുതിയ കടലാസ് തുണ്ടുകൾ ആ പെണ്ണിന്റെ കൈയ്യിൽ വെച്ചു കൊടുത്തു….
മിഴികൾ വിടർന്നിരുന്നു ആ പെണ്ണിന്റെ..അവൾ അന്നവിടെ ഉപേക്ഷിച്ചു പോയ പ്രണയം… അവന് നൽകാനായി കാത്തുവച്ച പ്രേമലേഖനം…
അതിത്രയും കാലം അവൻ സൂക്ഷിച്ചു വച്ചിരുന്നുവോ…..അത്ഭുതം നിറഞ്ഞ മിഴികളുയർത്തി അവളവനെ നോക്കി…അവൻ ഒരു ചെറു പുഞ്ചിരിയോടെയും….
“ആ ചുരുണ്ട മുടിക്കാരി എന്റെ അനിയത്തി ആയിരുന്നുട്ടോ….”
കാതിൽ അവൻ ആർദ്രമായി മൊഴിഞ്ഞതും അവന്റെ നെഞ്ചിൽ ഒരു കുത്ത് വച്ച് കൊടുത്തവൾ..
“ദു ഷ്ടൻ….”
അവൾ ഒന്നുടെ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു……അവൻ അവളെ ഇറുകെ പുണർന്നു…..ഒരു ചിരിയോടെ….
അപ്പോഴും മുത്തശ്ശി മാവിലെ മാണിക്യ മാമ്പഴങ്ങൾ കാറ്റിലാടുന്നുണ്ടായിരുന്നു….. പ്രണയം കൊഴിഞ്ഞു പോയ അതേ ഇടവഴിയിൽ വച്ചു തന്നെ അവരുടെ പ്രണയം ആരംഭിക്കുന്നു… ഇനിയവരുടെ പ്രണയകാലമാണ്…….❤️
അവസാനിച്ചു….