രാജാവിന്റെ മകൻ – രചന: അരുൺ കാർത്തിക്
കളിക്കാനുള്ള ആവേശത്തിൽ കളിക്കളത്തിലേക്ക് ഞാൻ ഓടികിതച്ചു കൊണ്ട് ചെല്ലുമ്പോൾ കളിക്കാർ പറയുന്നത് കേട്ടു…
ദേ ഗതിയില്ലാത്ത അപ്പന്റെ മോൻ വരുന്നുണ്ടെന്ന്…
ടെന്നീസ് പന്തിന് പിരിവിടാൻ അഞ്ചു രൂപയ്ക്ക് കൂട്ടുകാർ കൈനീട്ടിയപ്പോൾ വിളറിയ ചിരിയുമായി തലതാഴ്ത്തി നിൽക്കുകയാണ് ഞാൻ ചെയ്തത്.
പിരിവില്ലാത്തവനൊന്നും എംആർഎഫ് ന്റെ പുതിയ ബാറ്റിൽ കളിക്കേണ്ടെന്നു കൂട്ടത്തിൽ നാലു പുത്തൻ ഉള്ളവൻ പറയുമ്പോൾ കയ്യാലപുറത്തെ ഓലമടലിന്റെ ബാറ്റ് സഹതാപത്തോടെ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
നിന്റെ വീടിന്റെ ഷീറ്റ് മഴകാറ്റടിച്ചു പറന്നു പോയെന്ന് ചങ്ക് വന്ന് പറഞ്ഞപ്പോ ഗതിയില്ലാത്ത അപ്പന് പിറന്നാൽ കടത്തിണ്ണയിലും കിടക്കേണ്ടി വരുമെന്ന് പറഞ്ഞു ചിലരെന്നെ നോക്കി ഊറിച്ചിരിച്ചു…
വഴിയിലെ വഴുക്കലിൽ കാലൊന്നു വഴുതിയെങ്കിലും തെന്നിവീഴാതെ ഞാൻ ഓടി ചെല്ലുമ്പോൾ വീണുകിടക്കുന്ന കീറിയ പാതി ഷീറ്റുകൾ തമ്മിൽ കെട്ടുകമ്പിയ്ക്ക് കൂട്ടി കെട്ടുന്ന അപ്പനെയാണ് കണ്ടത്.
ഷീറ്റിടാനായ് വരാന്തയിലെ പാതിയിളകിയ മുളംതൂണുകൾ കല്ലിട്ടിടിച്ചു കമ്പിപാരയ്ക്ക് കുത്തിയുറപ്പിക്കുമ്പോൾ ഗതിയില്ലാത്ത അപ്പന്റെ മോൻ എന്നവിളിയുടെ പരിഹാസം മുഴുവൻ ഞാനാ കമ്പി പാരയിൽ ഇടിച്ചു തീർത്തു.
മഴ കനക്കുമ്പോൾ കമ്പ് വീണുണ്ടായ ചെറുതുളകളിലൂടെ വെള്ളം വീടിനുള്ളിലേക്ക് പെയ്തിറങ്ങുമ്പോൾ പാത്രങ്ങളോരോന്നായി അടുപ്പിച്ചു വെക്കാൻ പാടുപെട്ട് നിർവികാരതയോടെ എന്നെ നോക്കി പുഞ്ചിരിക്കുന്ന ‘ഗതിയില്ലാത്ത’ അപ്പനെയാണ് കണ്ടത്.
യൂണിഫോം പാന്റ്സിന്റെ പൊട്ടിപ്പോയ കൊളുത്തു തെറുത്തു കേറ്റി വയ്ക്കുമ്പോഴും വാഴയില വെട്ടി മഴ നനയാതെ സ്കൂൾ വിട്ടോടുമ്പോഴും മാസമാസമുള്ള പഠനസഹായി മേടിക്കാൻ പണം ഇല്ലാതെ വന്നപ്പോഴും ഇല്ലായ്‌മയെ കുറിച്ച് ഓർത്ത് സങ്കടം വന്നിട്ടില്ല.
പക്ഷേ, മിഡ് ടെം പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കാനില്ലാത്തത് കൊണ്ട് സ്കൂൾ ഗ്രൗണ്ടിൽ പോയിരിക്കുമ്പോഴും ഊട്ടിയിലേക്കുള്ള ക്ലാസ്സ്‌ടൂർ സ്വപ്നമായി മാത്രം ബാക്കി നിൽക്കുമ്പോഴും ചങ്ങാതിമാർ കളിയാക്കി പറയാറുള്ള ആ വാക്ക് തലങ്ങും വിലങ്ങും മനസ്സിലങ്ങനെ അലയടിക്കുന്നുണ്ടായിരുന്നു…
ഗതിയില്ലാതെ അപ്പന്റെ മോൻ…
പി ടി എ മീറ്റിങ്ങിനു കൂടെപഠിച്ചവരുടെ അപ്പനും അമ്മയുമൊക്ക കാറിലും വെൽ ഡ്രെസ്സിലും വരുമ്പോൾ എന്റെ അപ്പൻ പഴയ പാതി കരിമ്പനടിച്ച വെള്ളമുണ്ടും പലതവണ തുന്നിച്ചേർത്ത ബട്ടന്സുള്ള ഷർട്ടും പാതി തേഞ്ഞ പാരഗൺ ചെരുപ്പുമായി നടന്നു വരുമ്പോൾ ഗതിയില്ലാത്ത അപ്പനോട് സങ്കടവും ദേഷ്യവും ഒരുമിച്ച് വരുന്നുണ്ടായിരുന്നു.
കിടപ്പിലായിപ്പോയ അമ്മയ്ക്ക് മരുന്നും രണ്ട് ചേച്ചിമാരുടെ പഠിപ്പും ചിലവും ഉന്തിതള്ളികൊണ്ട് പോകുന്ന അപ്പന്റെ പാഴ് കുടുംബത്തിൽ വന്ന് ജനിച്ചുപോയതോർത്തു മനസ്സിലെന്നെ തന്നെ ഞാൻ ശപിക്കുകയാണ് ചെയ്തത്.
പത്താംതരത്തിൽ എത്തിയപ്പോഴാണ് എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്ത മനസ്സിൽ പൊട്ടിമുളച്ചത്. പണമാണ് ജീവിതത്തിൽ ഏറ്റവും വലുതെന്നു തോന്നൽ അന്ന് മുതൽ എനിക്ക് തോന്നി തുടങ്ങിയിരുന്നുവെന്നതാണ് സത്യം.
പാസായെങ്കിലും പത്തിൽ നിർത്തിയ പഠനം പുനരാരംഭിക്കാൻ പറഞ്ഞ അപ്പനോട്…കീറപ്പായയിൽ അരപട്ടിണിയുമായി വിലയില്ലാതെ പഠിക്കുന്നതിലും നല്ലത് പത്തു പണം ഉണ്ടാക്കി ലോകത്തിനു മുന്നിൽ നിവർന്നു ജീവിക്കുന്നതാണെന്നു നിർദാക്ഷിണ്യം ആ മുഖത്തു നോക്കി പറയേണ്ടി വന്നു എനിക്ക്…
പിന്നീടങ്ങോട്ട് പണമുണ്ടാക്കാനായ് തരംതിരിവില്ലാതെ പല പണികളും ചെയ്യുമ്പോൾ, ലോട്ടറി കച്ചവടം മുതൽ തടിപണി വരെ എന്റെ സമ്പാദ്യത്തിലേക്കുള്ള വഴികളായിരുന്നു. പണികൾക്കിടയിലെപ്പോഴോ ബിസിനസ് ആണ് പണം ഇരട്ടിക്കാനെളുപ്പ വഴിയെന്ന് ഒരു വ്യാപാരി പറഞ്ഞു തന്നപ്പോൾ ഞാൻ തിരഞ്ഞെടുത്ത ആ വഴിയിൽ എന്റെ നല്ലദിശ തെളിയുകയായിരുന്നു.
ആദ്യം സമാഹരിച്ച പണം കൊണ്ട് വീടിന്റെ മേലെയുള്ള ആ പഴഞ്ചൻ ഷീറ്റ് ദൂരെ വലിച്ചെറിഞ്ഞു കളഞ്ഞ് വീടൊന്ന് പുതുക്കി പണിയുമ്പോൾ എന്നിൽതന്നെ ഞാൻ അഭിമാനം കൊണ്ട നിമിഷങ്ങൾ ആയിരുന്നു.
പിന്നീടങ്ങോട്ട് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടിന്റെ ഗന്ധം ആയിരുന്നു പലപ്പോഴും എന്റെ നിദ്രയ്ക്ക് കൂട്ടിരുന്നത്. അടുത്ത ഊഴമായി രണ്ടു ചേച്ചിമാരെയും പൊന്നിൽ കുളിപ്പിച്ച് ഞാൻ കെട്ടിച്ചയക്കുമ്പോൾ മൂകസാക്ഷിയായി അപ്പൻ ഒരറ്റത്ത് നില്പുണ്ടായിരുന്നു.
കച്ചവടത്തിലൂടെ പണം പെരുകും തോറും എന്റെ ആഗ്രഹങ്ങളും ദിനംതോറും വർധിച്ചു കൊണ്ടിരുന്നത് കണ്ടു, പണം അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഒന്നാണെന്ന അപ്പന്റെ വാക്കുകൾ ഞാൻ പാടെയങ് തള്ളിക്കളയുകയിരുന്നു.
പഴയ പാതികരിമ്പനടിച്ച മുണ്ടിനു പകരം പത്തു പുത്തൻ തൂവെള്ള മുണ്ട് നിറച്ച കൂട് അപ്പന് കൊടുത്തിട്ടും അപ്പൻ ഒന്നിൽ പോലും തൊട്ടു നോക്കാതെ ആ പഴയ ചണച്ചാക്കിൽ പോയിരിക്കുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നുണ്ടായിരുന്നു.
അപ്പന് വേണ്ടി മേടിച്ചതൊന്നും എന്താ തിരിഞ്ഞു നോക്കാത്തതെന്ന എന്റെ ചോദ്യത്തിന്, നഗ്നത മറയ്ക്കാൻ തുണിയുടുത്ത ശീലിച്ച എനിക്ക് ഇത്രെയുമൊക്കെ ഉടുത്താൽ ദഹിക്കില്ല എന്നായിരുന്നു അതിനു ഉത്തരം.
ടൗണിനടുത്തുള്ള എന്റെ സ്വപ്നമായ പുതിയ വീടിന്റെ പ്ലാൻ കണ്ടപ്പോ അപ്പൻ പറഞ്ഞു മോനെ താണ നിലത്തെ നീരൊഴുക്കു ഉണ്ടാവൂ ഇതൊന്നു നമുക്ക് ശരിയാവില്ലെന്നു…അതിനു മറുപടിയായി ഗതിയില്ലാത്ത അപ്പനെന്ന പേര് അപ്പനെപോലെ നാളെ എനിക്കുണ്ടാകുന്ന മകൻ കേൾക്കാൻ ഇട ഉണ്ടാവാൻ ഞാൻ ആഗ്രെഹിക്കുന്നില്ല…എന്നായിരുന്നു എന്റെ മറുപടി.
വലിയ വീട്ടിലെ പെണ്ണിനെ വധുവായി ആലോചിക്കുമ്പോഴും അപ്പൻ പറയുന്നുണ്ടായിരുന്നു നമ്മുടെ കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽ പോരെ മോനെന്നു…
കാലം നാലു പുത്തൻ ഉള്ളവന്റെ കൂടെയാണെന്ന് ഞാൻ അപ്പന് കാട്ടിത്തരാമെന്നു പറയുമ്പോഴും പണം ഇനിയും വെട്ടിപ്പിടിക്കാൻ പോകുന്നതിന്റെ അതിരറ്റ ആത്മവിശ്വാസത്തിലായിരുന്നു ഞാൻ.
കളിയാക്കി ചിരിച്ച പഴയ ചങ്ങാതിമാർ പണം വായ്പ ചോദിച്ചപ്പോൾ ചോര നീരാക്കിയ പണം വായ്പ കൊടുക്കാനുള്ളതല്ലെന്നു അഹങ്കാരത്തോടെ പറയുമ്പോൾ പണത്തിന്റെ പേരിൽ പിണക്കേണ്ടിയിരുന്നില്ല ന്ന് ഓർമിപ്പിച്ച അപ്പന്റെ വാക്കിനെ തള്ളിമാറ്റി ഉള്ളിലെ മധുരപ്രതികാരത്തിൽ ഉന്മാദത്തിൽ നീരാടുകയായിരുന്നു ഞാൻ…
കാലം എന്നും നമുക്കൊപ്പമുണ്ടാവില്ല, കരുതലില്ലാത്ത ജീവിതമോർത്തു നാളെ ദുഃഖിക്കരുത് എന്ന അപ്പന്റെ ഉരുവിടൽ കാതുകളിൽ അസഹനീയമായപ്പോൾ പലപ്പോഴും ലോഡ്ജ്മുറികളിലേക്ക് മാറ്റേണ്ടി വന്ന് എന്റെ കിടപ്പ്…
കച്ചവടം എന്നും ലാഭം മാത്രം ആയിരിക്കില്ല എന്ന തിരിച്ചറിവ് വിപണി കുത്തനെ താഴേക്കു വീണപ്പോഴാണ് എനിക്കു മനസ്സിലായത്. തൊട്ടുപിന്നാലെ ലാഭത്തിൽ നടത്തി കൊണ്ടിരുന്ന ചിട്ടി കമ്പനി പൊട്ടിയപ്പോൾ എന്റെ കണക്കുകൂട്ടലുകൾ പതിയെ തെറ്റുന്നുവെന്ന് എനിക്ക് തോന്നി.
കടം തീർക്കാൻ പണി പാതിയാക്കിയ ടൗണിലെ കെട്ടിടം മൂന്നിലൊന്നു വിലയ്ക്ക് വിറ്റുപോകുന്നത് ഞെട്ടലോടെ നോക്കി നിൽക്കേണ്ടി വന്നു എനിക്ക്…ഒടുവിൽ ഉറപ്പിച്ച കല്യാണത്തിൽ നിന്നും പെൺവീട്ടുകാർ പിന്മാറുമ്പോൾ ഞാനറിഞ്ഞു തുടങ്ങിയിരുന്നു കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു തീരാറായിരുന്നുവെന്ന്…
പണമുള്ള സമയത്തു കൈ നിറയെ വാരിക്കൊടുത്ത പെങ്ങള്മാരുടെ പടിക്കൽ സഹായത്തിനായി കൈ നീട്ടിയെങ്കിലും തകർന്നു നിൽക്കുന്നവനെ സഹായിക്കാൻ അവർക്കും മനസ്സ് വന്നില്ല.
പഴയ വീടിന്റെ ഉമ്മറവരാന്തയിൽ എല്ലാം നഷ്ടപ്പെട്ടു വന്നിരിക്കുമ്പോൾ ആശ്വസിക്കാൻ ആകെയുണ്ടായിരുന്നത് അപ്പന്റെ പേരിലുള്ള വീടും ചണച്ചാക്കിൽ നിന്ന് എന്നെ കരങ്ങളാൽ ചേർത്ത് പിടിച്ച അപ്പനും മാത്രം ആയിരുന്നു.
സഹായം ചോദിച്ചേ ചെന്ന പെങ്ങള്മാരും എന്നെ കൈവിട്ടിട്ടുണ്ടാവുമെന്നു ദീർഘ ദൃഷ്‌ടി അപ്പനുള്ളത് കൊണ്ടാവാം എന്നോട് അതേക്കുറിച്ചു ഒരക്ഷരം പോലും ഉരിയാടാതിരുന്നത്. എന്നെ വിളിച്ചിരുത്തി അപ്പൻ ചമ്മന്തിയും പപ്പടവും കൂട്ടി കുത്തരികഞ്ഞി വിളമ്പുമ്പോൾ ഫൈവ്സ്റ്റാർ ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിനൊന്നും ആ വീട്ടിലെ രുചി ഉണ്ടായിരുന്നില്ല എന്ന സത്യം വേദനയോടെ ഞാൻ മനസ്സിലാക്കുകയായിരുന്നു…
മുറുക്കാൻ ചെല്ലത്തിൽ പണിയെടുത്തു സ്വരൂക്കൂട്ടി വെച്ചിരുന്ന പതിനായിരം രൂപ എന്റെ കൈകളിൽ വച്ചേൽപ്പിക്കുമ്പോൾ അപ്പൻ പറഞ്ഞു ജീവിതമെന്നാൽ പണം എന്നല്ല…പക്ഷേ വീണിടത്തു നിന്നും പിടിച്ചു കേറാൻ നിനക്ക് ഇത് മതിയാവുമെന്ന്…
ആ സമയം കൈത്താങ്ങോ പിൻബലമോ ആതവിശ്വാസമോ അങ്ങനെ എന്തെല്ലാമോ ആയിരുന്നു അപ്പന്റെ ആ വാക്കുകൾ. അത് ഉരുവിട്ട ആ മുഖത്തേക്ക് നോക്കാൻ എനിക്ക് അപ്പോൾ ത്രാണിയുണ്ടായിരുന്നില്ല.
ഒരു നിമിഷം ഉണ്ണിന്ന് പറഞ്ഞു അകത്തേ കട്ടിലിനു സമീപത്തേക്ക് എന്നെ അമ്മ വിളിക്കുമ്പോൾ അമ്മയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.
ജനിച്ചു വീഴുന്ന ഉണ്ണിയെ രാജാവിനെ പോലെ വളർത്താൻ ആഗ്രഹിച്ചിരുന്ന ഒരു അച്ഛന്റെ കഥ…പിറക്കുമ്പോൾ മുതൽ കുഞ്ഞുടുപ്പ് തൊട്ട്, പഠിക്കേണ്ട കോളേജും അവന്റെ ഇഷ്ടങ്ങളോരോന്നും നടത്താൻ രാത്രിയിൽ ഉറക്കമില്ലാതെ സ്വപ്നം കണ്ടിരുന്ന ഒരു അച്ഛൻ…
ഉണ്ണിയുണ്ടായപ്പോൾ കിടപ്പിലായിപ്പോയ അമ്മയെ ചികിൽസിക്കാൻ മാസസാലറി കിട്ടിയിരുന്ന കമ്പനിയിൽ നിന്നും രാജി വെച്ച് കൂടുതൽ പണത്തിനായി തടിപ്പണിയ്ക്ക് ഇറങ്ങേണ്ടി വന്ന ഒരച്ഛന്റെ ഗതികേടിന്റെ കഥ…
ഉണ്ണിയ്ക്കായി ഒരു വീടും സ്ഥലവും മുൻകൂർ വാങ്ങിവെച്ചിട്ട് അതു കൂടി ചികിത്സയ്ക്കായ് വിൽക്കേണ്ടി വന്ന ഹതഭാഗ്യനായ ഒരച്ഛന്റെ കഥ…
മതംമാറി കെട്ടിയതിന്റെ പേരിൽ പൊന്നു പോലെ വളർത്തിയ കൂടപ്പിറപ്പുകൾ മേടിച്ചെടുക്കാവുന്നത് മുഴുവൻ നേടിയെടുത്തിട്ട് നീര് വറ്റി ചണ്ടിയാക്കി വലിച്ചെറിഞ്ഞ ഒരച്ഛന്റെ കഥ…
ജീവിതസാഹചര്യം കൊണ്ട് മാത്രം തഴയപ്പെട്ടു പോയെങ്കിലും നിന്റെ അച്ഛൻ ഇന്നും രാജാവ് തന്നെയാ ഉണ്ണീ…
നീ സൃഷ്ടിച്ചുവെന്ന് പറയുന്നതെല്ലാം ആ രാജാവ് ഉണ്ടാക്കിയതിന്റ മൂന്നിലൊന്നേ ആവുള്ളു എന്ന സത്യം നീ മനസ്സിലാക്കിയാലും…ഇനി നീ പൊയ്ക്കോളൂ പുതിയ ബിസിനസ് തുടങ്ങാനായെന്ന് അമ്മ പറഞ്ഞു നിർത്തുമ്പോൾ മനസ്സിൽ ഒരായിരം വട്ടം ഞാൻ എന്റെ അച്ഛനോട് മാപ്പ് പറഞ്ഞു കഴിഞ്ഞിരുന്നു.
നിറഞ്ഞ മിഴികളുമായി തിരിച്ചു ഇറങ്ങി അപ്പന്റെ കൈകളിലേക്ക് പണം ഏൽപ്പിക്കുമ്പോൾ ഞാൻ പറയുന്നുണ്ടായിരുന്നു…ഇനി എനിക്ക് ബിസിനസ് വേണ്ടെന്നു…എനിക്ക് എന്റെ രാജാവായ ഈ അപ്പൻ കൂടെ ഉണ്ടായാൽ മതിയെന്ന്…
പിറ്റേന്ന് അപ്പന്റെ സ്ഥിരം പണിയായ തടിപ്പണിക്ക് ഒപ്പം പോകുമ്പോ ആ മുഖത്തു ഒരു നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു. പോണ വഴിയിലൊക്കെയും ആ നരവീണ കവിളിലും ഒരു ചെറു പുഞ്ചിരി ഞാൻ കാണുന്നുണ്ടായിരുന്നു.
ഒമ്പതടിയുടെ ഒരു സെലെക്ഷൻ കഷ്ണം പിടിച്ചുയർത്തുമ്പോൾ അപ്പൻ എന്നോട് ചോദിച്ചു…നീ ഇത് താങ്ങുമോ…?
താങ്ങാതെ എവിടെ പോകാൻ…ഞാൻ ഈ അപ്പന്റെ അല്ലെ മോൻ.
അപ്പൊ തോൽക്കില്ല…അപ്പൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അട്ടിയടിക്കുന്ന ലോറിയുടെ ഫുഡ്‌പാത്തിലേക്ക് തടിയുമായി നടക്കുമ്പോൾ എനിക്ക് ഉറപ്പുണ്ടായിരുന്നു, ഞാൻ അമ്മ പറഞ്ഞ ആ രാജാവിന്റെ മകൻ തന്നെയാണെന്ന്…